സൂറഃ അദ്ദാരിയാത് 20-23 ആയത്തുകളിലൂടെ …..
ചിന്തിക്കാനും ഗുണപാഠമുള്‍ക്കൊള്ളാനും തന്റെ അടിമകളെ ക്ഷണിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
وَفِى ٱلْأَرْضِ ءَايَٰتٌ لِّلْمُوقِنِينَ
ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (ഖു൪ആന്‍:51/20)
ഭൂമിതന്നെയും അതിലുള്ളതും ഇതിലുള്‍പ്പെടും. പര്‍വതങ്ങളും നദികളും വൃക്ഷങ്ങളും ചെടികളുമെല്ലാം ചിന്തിക്കുന്നവനെയും ആശയം ഗ്രഹിക്കാന്‍ ശ്രമിക്കുന്നവനെയും സ്രഷ്ടാവിന്റെ മഹത്ത്വവും അവന്റെ അധികാരത്തിെന്റെ വിശാലതയും നന്മയുടെ വ്യാപ്തിയും പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അറിവും ബോധ്യപ്പെടുത്തും.
وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ
നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ? (ഖു൪ആന്‍:51/21)
അപ്രകാരംതന്നെ ഓരോ അടിമക്കും തന്നില്‍തന്നെയുണ്ട് ഗുണപാഠങ്ങളും യുക്തിജ്ഞാനവും കാരുണ്യവും. അതെല്ലാംതന്നെ അല്ലാഹു ഒരുവനും ഏകനും നിരാശ്രയനുമാണെന്ന് അറിയിക്കുന്നു; അവന്‍ പടപ്പുകളെ വെറുതെ സൃഷ്ടിച്ചതല്ലെന്നും.
وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ
ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്. (ഖു൪ആന്‍:51/22)
{ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനമുണ്ട്} നിങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കാനാവശ്യമായത് മഴയിലുണ്ട്. വ്യത്യസ്ത തീരുമാനങ്ങളും. ‘രിസ്‌ക്വ്’ രണ്ട് തരമുണ്ട്; മതപരം, ഭൗതികം.
{നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്} ഇഹലോകത്തും പരലോകത്തും ലഭിക്കാനുള്ള പ്രതിഫലങ്ങള്‍, അത് അല്ലാഹുവില്‍നിന്ന് ഇറങ്ങിവരുന്നതുതന്നെ; മറ്റു തീരുമാനങ്ങളെപ്പോലെ.
ദൃഷ്ടാന്തങ്ങളെ വിശദീകരിച്ചപ്പോള്‍ ബുദ്ധിയുള്ളവരെ തട്ടിയുണര്‍ത്തുന്ന ഉദ്‌ബോധനമാണ് നല്‍കിയത്. അല്ലാഹുവിന്റെ പ്രതിഫലവും വാഗ്ദാനവും സത്യമാണെന്ന് സത്യം ചെയ്ത് പറയുന്നു. ഏറ്റവും പ്രകടമായ ഒരു കാര്യത്തോടാണ് അതിനെ സാദൃശ്യപ്പെടുത്തിയത്. അത് സംസാരമാണ്.
فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ
എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു. (ഖു൪ആന്‍:51/23)
നിങ്ങളുടെ സംസാരത്തില്‍ നിങ്ങള്‍ സംശയിക്കാത്തതുപോലെ. അപ്രകാരം പ്രതിഫലത്തിലും ഉയിര്‍ത്തെഴുന്നേല്‍പിലും യാതൊരു സംശയവും നിങ്ങളെ പിടികൂടേണ്ടതില്ല.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com