ദാനധര്‍മങ്ങൾ ചെയ്യുന്നവന്റെ ഉപമ

ഇമാം അഹ്മദ് رحمه الله, തിര്‍മിദി رحمه الله മുതലായവര്‍ അബുമൂസല്‍ അശ്അരി رضي الله عنه വിന്റെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു:

عن النبي صلى الله عليه و سلم أنه قال [ إن الله سبحانه وتعالى أمر يحي بن زكريا صلى الله عليه و سلم بخمس كلمات أن يعمل بها ويأمر بني إسرائيل أن يعلموا بها وأنه كاد أن يبطيء بها فقال له عيسى عليه السلام : إن الله تعالى أمرك بخمس كلمات لتعمل بها وتأمر بني إسرائيل أن يعملوا بها فإما أن تأمرهم وإما أن آمرهم فقال يحي : أخشى إن سبقتني بها أن يخسف بي وأعذب فجمع يحي الناس في بيت المقدس فامتلأ المسجد وقعد على الشرف فقال : إن الله تبارك وتعالى أمرني بخمس كلمات أن أعملهن وآمركم أن تعملوا بهن : أولهن أن تعبدوا الله ولا تشركوا به شيئا وإن من أشرك بالله كمثل رجل اشترى عبدا من خالص ماله بذهب أو ورق فقال : هذه داري وهذا عملي فاعمل وأد إلي فكان يعمل ويؤدي إلى غير سيده فأيكم يرضى أن يكون عبده كذلك ؟ وإن الله أمركم بالصلاة فإذا صليتم فلا تلتفتوا فإن الله ينصب وجهه لوجه عبده في صلاته ما لم يكن يلتفت وأمركم بالصيام فإن مثل ذلك كمثل رجل في عصابة معه صرة فيها مسك كلهم يعجب أو يعجبه ريحه وأن ريح الصائم أطيب عند الله تعالى من ريح المسك وأمركم بالصدقة فإن مثل ذلك مثل رجل أسره العدو فأوثقوا يديه إلى عنقه وقدموه ليضربوا عنقه فقال : أنا أفتدي منكم بالقليل والكثير ففدى نفسه منهم وأمركم أن تذكروا الله تعالى فإن مثل ذلك كمثل رجل خرج العدو في أثره سراعا حتى إذا أتى على حصن حصين فأحرز نفسه منهم كذلك العبد لا يحرز نفسه من الشيطان إلا بذكر الله تعالى

”നിശ്ചയം, അല്ലാഹു യഹ്‌യ നബി عليه السلام യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി عليه السلام അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്‌യ عليه السلام പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്‌യ عليه السلام ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?

നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.

അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.

അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.

അവന്‍ നിങ്ങളോടു ‘ദിക്ര്‍’ ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ (ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല. (അഹ്മദ്,തിര്‍മിദി)

ഈ വാക്കുകളുടെയും വസ്തുത അറിയിക്കുന്ന തെളിവുകളും ന്യായങ്ങളുമായിട്ടുള്ള പല സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. തീര്‍ച്ചയായും വിവിധതരം പരീക്ഷണങ്ങളെ തടുക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്ക് അത്ഭുതാവഹമായ സ്വാധീനമുണ്ട്. ആ ദാനം ചെയ്തത് ആക്രമിയോ തെമ്മാടിയോ, അല്ല; സത്യനിഷേധി ആയിരുന്നാല്‍ പോലും. നിശ്ചയം അല്ലാഹു ആ ദാനം നിമിത്തമായി അയാളില്‍നിന്ന് വിവിധ പ്രയാസങ്ങളെ തടുക്കുന്നതാണ്. ഈ കാര്യവും പണ്ഡിത, പാമര വ്യത്യാസമന്യെ മനുഷ്യര്‍ക്കിടയില്‍ സുപരിചിതമാണ്. ഭൂവാസികളെല്ലാം തന്നെ ഇത് അഗീകരിക്കും. കാരണം അത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

وقد روى الترمذي في جامعه من حديث أنس بن مالك أن النبي صلى الله عليه و سلم قال [ إن الصدقة تطفئ غضب الرب وتدفع ميتة السوء ] وكما أنها تطفئ غضب الرب تبارك وتعالى فهي تطفئ الذنوب والخطايا كما تطفئ الماء النار وفي الترمذي عن معاذ بن جبل قال : [ كنت مع رسول الله صلى الله عليه و سلم في سفر فأصبحت يوما قريبا منه ونحن نسير فقال ألا أدلك على أبواب الخير ؟ الصوم جنة والصدقة تطفئ الخطيئة كما يطفئ الماء النار وصلاة الرجل في جوف الليل شعار الصالحين ثم تلا { تتجافى جنوبهم

ഇമാം തിര്‍മിദി അനസ്ബ്‌നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ‘നിശ്ചയം! ദാന ധര്‍മങ്ങള്‍ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കുകയും മോശമായ മരണത്തെ തടുക്കുകയും ചെയ്യും’ (തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഭഗവി മുതലായവര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദി പറയുന്നു: ‘ഈ രൂപത്തിലൂടെ ഹസനും ഗരീബും ആയിട്ടാണ് വന്നിട്ടുള്ളത്. ഇതിന്റെ പരമ്പരയില്‍ അബുദുല്ലാഹിബ്‌നു ഈസാ അല്‍ഗസ്സാസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിലൂടെ മാത്രമായിട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇബ്‌നുഅദിയ്യ് ‘അല്‍ കാമില്‍’ എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ വിവരണം പറയുന്നിടത്ത് ഈ ഹദീഥ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഹദീഥിന്റെ ആശയത്തെ പിന്തുണക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഉദാഹരണത്തിന് ‘അത്തര്‍ഗീബ് വത്തര്‍ഹീബ്’ 1/679 നോക്കുക).

ദാനധര്‍മങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും എന്നതുപോലെത്തന്നെ തെറ്റുകുറ്റങ്ങളെയും അത് ഇല്ലാതാക്കിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ.

عن معاذ بن جبل قال : [ كنت مع رسول الله صلى الله عليه و سلم في سفر فأصبحت يوما قريبا منه ونحن نسير فقال ألا أدلك على أبواب الخير ؟ الصوم جنة والصدقة تطفئ الخطيئة كما يطفئ الماء النار وصلاة الرجل في جوف الليل شعار الصالحين ثم تلا { تتجافى جنوبهم عن المضاجع يدعون ربهم خوفا وطمعا ومما رزقناهم ينفقون }

മുആദുബ്‌നു ജബല്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ വളരെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നന്മയുടെ കവാടങ്ങളെക്കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ചുതരട്ടയോ? നോമ്പ് ഒരു പരിചയാണ്. ദാനധര്‍മങ്ങള്‍ തെറ്റുകളെ കെടുത്തിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ. അതുപോലെ രാത്രിയുടെ മധ്യത്തിലുള്ള നമസ്‌കാരവും.’ എന്നിട്ട് അവിടുന്ന് ഈ ആയത്ത് ഓതി: ‘ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും’ (32:16) (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

ചില അഥറുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്:

باكروا بالصدقة فإن البلاء لا يتخطى الصدقة

‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. നിശ്ചയം, പ്രയാസങ്ങള്‍ ദാനധര്‍മങ്ങളെ മുന്‍കടക്കുകയില്ല.’

ശത്രുക്കള്‍ ബന്ധനസ്ഥനാക്കി കഴുത്തുവെട്ടുവാന്‍ കൊണ്ടുവരപ്പെട്ട ഒരു വ്യക്തി തന്റെ ധനം മോചനദ്രവ്യമായി നല്‍കി രക്ഷപ്പെട്ട ഒരു ഉപമ നബി ﷺ വിവരിച്ചതില്‍നിന്നും മറ്റൊരു വിശദീകരണത്തിനും ആവശ്യമില്ലാത്തവിധം കാര്യം വളരെ വ്യക്തമാണ്.

‘നിശ്ചയം, ദാനധര്‍മങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുവാന്‍ പര്യാപ്തമാണ്. അയാളുടെ തെറ്റുകുറ്റങ്ങള്‍ അയാളെ നശിപ്പിക്കാന്‍ പോന്നതാണെങ്കിലും. അയാളുടെ ദാനധര്‍മങ്ങള്‍ ശിക്ഷയില്‍നിന്നുള്ള പ്രായച്ഛിത്തമായി വരികയും അതില്‍നിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.’

അതിനാലാണ് സ്വഹീഹായ ഹദീഥില്‍ വന്നതുപോലെ നബി ﷺ പെരുന്നാള്‍ ദിവസം സ്ത്രീകളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞത്:

يا معاشر النساء تصدقن ولو من حليكن فإني رأيتكن أكثر أهل النار

‘സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നാണെങ്കിലും ദാനം ചെയ്യുക. കാരണം നരകക്കാരില്‍ കൂടുതലും ഞാന്‍ നിങ്ങളെയാണ് കണ്ടത്’ (ബുഖാരി, മുസ്‌ലിം).

(‘നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും’ എന്ന ഭാഗം മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നതാണ്). അതായത് നബി ﷺ സ്ത്രീകള്‍ക്ക് നരകശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടുവാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുകയും പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

عن عدي بن حاتم قال : قال رسول الله صلى الله عليه و سلم [ ما منكم من أحد إلا سيكلمه ربه ليس بينه وبينه ترجمان فينظر أيمن منه فلا يرى إلا ما قدم وينظر أشأم منه فلا يرى إلا ما قدم وينظر بين يديه فلا يرى إلا النار تلقاء وجه فاتقوا النار ولو بشق تمر

അദിയ്യിബ്‌നു ഹാതിം رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഓരോരുത്തരോടും ഒരു ദ്വിഭാഷിയില്ലാതെ തന്നെ തന്റെ രക്ഷിതാവ് നേരിട്ട് സംസാരിക്കുന്നതാണ്. അപ്പോള്‍ അയാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. അവിടെ താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതല്ലാതെ അയാള്‍ക്ക് കാണാനാവില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും തന്റെ കര്‍മങ്ങളല്ലാതെ അയാള്‍ക്ക് കാണാന്‍ കഴിയില്ല. തന്റെ മുന്നിലേക്ക് നോക്കുമ്പോള്‍ നരകത്തെയായിരിക്കും നേര്‍മുന്നില്‍ കാണുക! അതിനാല്‍ ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുത്തുകൊള്ളുക” (ബുഖാരി, മുസ്‌ലിം).

وفي حديث أبي ذر أنه قال : سألت رسول الله صلى الله عليه و سلم ماذا ينجي العبد من النار ؟ قال الإيمان بالله قلت : يا نبي الله مع الإيمان عمل ؟ قال أن ترضخ مما خولك الله أو : ترضخ مما رزق الله قلت : يا نبي الله فإن كان فقيرا لا يجد ما يرضخ ؟ قال يأمر بالمعروف وينهى عن المنكر قلت : إن كان لا يستطيع أن يأمر بالمعروف وينهى عن المنكر ؟ قال فليعن الأخرق قلت : يا رسول الله أرأيت إن كان لا يحسن أن يصنع ؟ قال فليعن مظلوما قلت : يا رسول الله أرأيت إن كان ضعيفا لا يستطيع أن يعين مظلوما ؟ قال ما تريد أن تترك في صاحبك من خير ؟ ليمسك أذاه عن الناس قلت : يا رسول الله أرأيت إن فعل هذا يدخل الجنة ؟ قال ما من مؤمن يصيب خصلة من هذه الخصال إلا أخذت بيده حتى أدخلته الجنة

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: ‘ഒരാളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് എന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലുള്ള വിശ്വാസം.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഈമാനിന്റെ കൂടെയുള്ള വല്ല കര്‍മങ്ങളും?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹു നിനക്ക് നല്‍കിയതില്‍നിന്ന് ചെറുതാണെങ്കിലും നീ ചെലവഴിക്കുന്നത്.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ചെലവഴിക്കാനൊന്നുമില്ലാത്ത ദരിദ്രനാണ് അയാളെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം.’ ഞാന്‍ ചോദിച്ചു: ‘നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സംസാരിക്കുവാനും അയാള്‍ക്ക് സാധിക്കുന്നില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘ജോലി ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെടുന്നവനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒന്നും ശരിയാവണ്ണം ചെയ്യാന്‍ കഴിയാത്തയാളാണെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘മര്‍ദിതനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒരു മര്‍ദിതനെ സഹായിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സ്‌നേഹിതനില്‍ ഏതൊരു നന്മയാണ് ശേഷിക്കുന്നതായി നീ കാണുന്നത്? ജനങ്ങളില്‍നിന്ന് തന്റെ ഉപദ്രവത്തെ അയാള്‍ തടഞ്ഞുവെക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘ഇത് അയാള്‍ ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘ഏതൊരു സത്യവിശ്വാസിയും ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അത് അയാളുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കടത്തുന്നതായിരിക്കും’ (ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണിത്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്തത്).

قال عمر بن الخطاب : ذكر لي أن الأعمال تتباهى فتقول الصدقة : أنا أفضلكم وفي الصحيحين

ഉമറുബ്‌നുല്‍ ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘എന്നോട് പറയപ്പെട്ടു; നിശ്ചയം, കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയുമെന്ന്. അപ്പോള്‍ സ്വദക്വ പറയുമത്രെ; ഞാനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്ന്’ (ബൈഹക്വി ശുഅബുല്‍ ഈമാനിലും, ഇബ്‌നു ഖുസൈമ, ഹാകിം മുതലായവരും ഉദ്ധരിച്ചത്).

عن أبي هريرة قال : ضرب رسول الله صلى الله عليه و سلم مثل البخيل والمتصدق كمثل رجلين عليهما جبتان من حديد أو جنتان من حديد قد اضطرت أيديهما إلى ثدييهما وتراقيهما فجعل المتصدق كلما تصدق بصدقة أنبسطت عنه حتى تغشى أنامله وتعفو أثره وجعل البخيل كلما هم بصدقة قلصت وأخذت كل حلقة مكانها قال أبو هريرة : فأنا رأيت رسول الله صلى الله عليه و سلم يقول بإصبعه هكذا في جبته

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ”പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: ‘ഇരുമ്പിനാലുള്ള രണ്ട് ജുബ്ബകള്‍ അഥവാ പടയങ്കി ധരിച്ച രണ്ട് ആളുകള്‍; അവരുടെ കൈകള്‍ നെഞ്ചിലേക്കും തൊണ്ടയിലേക്കും ഞെരുങ്ങിയിരിക്കുന്നു. എന്നാല്‍ ദാനം ചെയ്യുന്ന വ്യക്തി ഓരോ തവണ ദാനം ചെയ്യുമ്പോഴും അത് അയാള്‍ക്ക് അയഞ്ഞ് അയഞ്ഞ് വിശാലമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയത് അയാള്‍ക്ക് പൂര്‍ണമായ കവചവും സുരക്ഷയുമായി മാറി. എന്നാല്‍ പിശുക്കനാകട്ടെ, തന്റെ കൈകള്‍ കഴുത്തിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതിനാല്‍ പടച്ചട്ട ശരിയായ രൂപത്തില്‍ ധരിക്കാനാവാതെ അസ്വസ്ഥനാകുന്നു. അത് അയാള്‍ക്ക് കവചമോ സുരക്ഷയോ ആകുന്നില്ല, മറിച്ച് ഭാരമാവുകയും ചെയ്യുന്നു.’ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ അത് എങ്ങനെയെന്ന് ചെയ്ത് കാണിക്കുന്നത് ഞാന്‍ കണ്ടു” (ബുഖാരി, മുസ്‌ലിം).

عن أبي بردة عن أبيه عن النبي صلى الله عليه وسلم قال: على كل مسلم صدقة. فقالوا: يا نبي الله فمن لم يجد ؟ قال : ” يعمل بيده ، فينفع نفسه ويتصدق ؟ قالوا : فإن لم يجد؟ قال : يُعين ذا الحاجة الملهوف ، قالوا: فإن لم يجد؟ قال : فليعمل بالمعروف ، وليمسك عن الشر، فإنها له صدقة.

അബൂബുര്‍ദ رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിന്റെമേലും ദാനം ബാധ്യതയാണ്.’ സ്വഹാബത്ത് ചോദിച്ചു: ‘നബിയേ, ദാനം ചെയ്യാന്‍ സമ്പത്തില്ലാത്തയാളോ?’ നബി ﷺ പറഞ്ഞു: ‘തന്റെ കൈകൊണ്ട് അധ്വാനിക്കണം, എന്നിട്ട് സ്വന്തത്തിന് ഉപയോഗിക്കുകയും ദാനം ചെയ്യുകയും വേണം.’ അവര്‍ ചോദിച്ചു: ‘അതിനു കഴിഞ്ഞില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘പ്രയാസപ്പെടുന്ന ആവശ്യക്കാരനെ (കഴിയുംവിധം) സഹായിക്കണം.’ സ്വഹാബികള്‍ ചോദിച്ചു: ‘അതിന് അയാള്‍ക്ക് സാധിച്ചില്ലെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അയാള്‍ നന്മ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ! അത് അയാള്‍ക്ക് ഒരു ദാനമാണ്’. (ബുഖാരി, മുസ്‌ലിം).

പിശുക്കന്‍ നന്മയെ തടഞ്ഞുവെക്കുന്നവനും പുണ്യം ചെയ്യുവാന്‍ വിസമ്മതിക്കുന്നവനുമായതിനാല്‍ അയാള്‍ക്കുള്ള പ്രതിഫലം അതേപോലെയുള്ളത് തന്നെയായിരിക്കും. അയാളുടെ മനസ്സ് കുടുസ്സായതും വിശാലതയില്ലാത്തതുമായിരിക്കും. നന്മകുറഞ്ഞവനും സന്തോഷമില്ലാത്തവനും സങ്കടങ്ങളും ദുഃഖങ്ങളും വിഷമങ്ങളും അധികരിച്ചവനുമായിരിക്കും. അയാളുടെ ഒരാവശ്യവും നിറവേറുകയോ ഒരു കാര്യത്തിലും പടച്ചവന്റെ സഹായം ലഭിക്കുകയോ ചെയ്യുന്നുണ്ടാവില്ല.

അയാള്‍ ശരിക്കും ഇരുമ്പിനാലുള്ള ജുബ്ബ ധരിക്കുകയും കൈകള്‍ രണ്ടും പിരടിയില്‍ ബന്ധിക്കപ്പെടുകയും ചെയ്തവനെ പോലെയാണ്. കൈ നേരെയാക്കാനോ പടയങ്കി ശരിയായരൂപത്തില്‍ ധരിക്കാനോ കൈ ചലിപ്പിക്കാനോ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. പടയങ്കി ഒന്ന് വിശാലമാക്കാനോ കൈ ഒന്ന് പുറത്തെടുക്കാനോ അയാള്‍ ശ്രമിക്കുമ്പോഴൊക്കെയും അതിന്റെ കണ്ണികള്‍ ഓരോന്നും മുറുകുകയാണ് ചെയ്യുന്നത്.

ഇതേപോലെയാണ് ലുബ്ധന്റെ സ്ഥിതിയും. അയാള്‍ വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളുടെ ലുബ്ധത അയാളെ തടയും. അങ്ങനെ അയാളുടെ ഹൃദയം അയാളെ പോലെത്തന്നെ അയാളുടെ തടവറയില്‍ കഴിയും. എന്നാല്‍ ദാനശീലനാകട്ടെ ഓരോതവണ ദാനം ചെയ്യുമ്പോഴും അയാളുടെ ഹൃദയം വിശാലമാവുകയും വിശാലമനസ്‌കതയുള്ള സഹൃദയനാവുകയും ചെയ്യും. അപ്പോള്‍ അയാള്‍ വിശാലതയുള്ള പടയങ്കി ധരിച്ചവനെപ്പോലെയായിരിക്കും. ഓരോതവണ ദാനം ചെയ്യുമ്പോഴും ഹൃദയവിശാലതയും മഹാമനസ്‌കതയും സന്തോഷവും ആഹ്ലാദവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും. ദാനധര്‍മങ്ങള്‍ക്ക് ഈ ഗുണമല്ലാത്ത മറ്റൊരു നേട്ടവുമില്ല എന്ന് വന്നാല്‍പോലും ദാനം അധികരിപ്പിക്കുകയും അതിനായി ഉത്സാഹം കാണിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)

كان عبد الرحمن بن عوف ـ أو سعد بن أبي وقاص ـ يطوف بالبيت وليس له دأب إلا هذه الدعوة : رب قني شح نفسي رب قني شح نفسي فقيل له : أما تدعو بغير هذه الدعوة فقال : إذا وقيت شح نفسي فقد أفلحت

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് رَضِيَ اللَّهُ عَنْهُ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഈയൊരു പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍ (ശുഹ്ഹ്) നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ… എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ.’ അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഇതല്ലാത്ത മറ്റൊന്നും താങ്കള്‍ പ്രാര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്റെ മനസ്സിന്റെ ലുബ്ധതയില്‍നിന്നും സംരക്ഷിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ വിജയിച്ചു’ (ത്വബ്‌രി തന്റെ തഫ്‌സീറിലും ഇബ്‌നു അസാകിര്‍ ‘താരീഖു ദിമശ്ഖി’ലും ഉദ്ധരിച്ചത്).

‘ശുഹ്ഹും’ ‘ബുഖ്‌ലും’ തമ്മില്‍ വ്യത്യാസമുണ്ട്. ‘ശുഹ്ഹ്’ എന്നത് ഒരു വസ്തുവിനോടുള്ള അടങ്ങാത്ത ആഗ്രഹവും അത് കൈവശപ്പെടുത്താനുള്ള അങ്ങേയറ്റത്തെ തീവ്രപരിശ്രമവും അതിന്റെ പേരിലുള്ള അസ്വസ്ഥതകളുമൊക്കെയാണ്. എന്നാല്‍ ‘ബുഖ്ല്‍’ എന്നത് അത് കിട്ടിയതിനു ശേഷം ചെലവഴിക്കാന്‍ മടിച്ചുകൊണ്ട് പിടിച്ചുവെക്കലാണ്. അപ്പോള്‍ ഒരു സംഗതി അധീനതയില്‍ വരുന്നതിനു മുമ്പുള്ള ആര്‍ത്തിയോടുള്ള പിശുക്കാണ് ‘ശുഹ്ഹ്’ എന്നത്. എന്നാല്‍ അത് കൈയില്‍ വന്നതിനു ശേഷമുള്ള ലുബ്ധതയാണ് ‘ബുഖ്ല്‍.’

അതായത് ‘ശുഹ്ഹി’ന്റെ അനന്തരഫലമാണ് ‘ബുഖ്ല്‍.’ അഥവാ ‘ശുഹ്ഹ്’ ‘ബുഖ്‌ലി’ലേക്ക് ക്ഷണിക്കും. അത് മനസ്സില്‍ ഒളിച്ചിരിക്കുന്ന ഒന്നാണ്. ഒരാള്‍ ‘ബുഖ്ല്‍’ (പിശുക്ക്) കാണിച്ചാല്‍ അയാള്‍ തന്റെ ‘ശുഹ്ഹ്’ന് വഴിപ്പെട്ടു. എന്നാല്‍ ലുബ്ധത കാണിക്കാതിരുന്നാല്‍ അയാള്‍ തന്റെ ‘ശുഹ്ഹി’നോട് ഏതിരുപ്രവര്‍ത്തിക്കുകയും അതിന്റെ കെടുതികളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് സാരം. അത്തരക്കാരാണ് വിജയം വരിക്കുന്നവര്‍:

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അവരുടെ (മുഹാജിറുകളുടെ) വരവിന് മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്കും). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

ഔദാര്യവാന്‍ അല്ലാഹുവിലേക്കും അവന്റെ സൃഷ്ടികളിലേക്കും തന്റെ കുടുംബക്കാരിലേക്കുമൊക്കെ ഏറെ അടുത്തവനായിരിക്കും. സ്വര്‍ഗത്തിലേക്കു സാമീപ്യം സിദ്ധിച്ചവനും നരകത്തില്‍നിന്ന് അകന്നവനുമായിരിക്കും. എന്നാല്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന്‍ അല്ലാഹുവില്‍നിന്നും അവന്റെ സൃഷ്ടികളില്‍നിന്നും വിദൂരത്തായിരിക്കും. സ്വര്‍ഗത്തില്‍നിന്ന് അകന്നും നരകത്തോട് അടുത്തുമായിരിക്കും അയാളുണ്ടാവുക. ഒരാളുടെ ഉദാരമനസ്‌കത അയാളുടെ എതിരാളികളില്‍പോലും അയാളെക്കുറിച്ച് മതിപ്പുണ്ടാക്കും. എന്നാല്‍ ഒരാളുടെ ലുബ്ധത അയാളുടെ മക്കളില്‍ പോലും അയാളോട് വെറുപ്പായിരിക്കും ഉണ്ടാക്കുക.

ഒരു കവി പറഞ്ഞതുപോലെ:

‘ഒരാളുടെ ന്യൂനത ആളുകള്‍ക്കിടയില്‍ വെളിപ്പെടുത്താന്‍ പര്യാപ്തമാണ് അയാളുടെ ലുബ്ധത. എന്നാല്‍ അയാളുടെ ഉദാരതയാകട്ടെ അവരില്‍നിന്ന് എല്ലാ കുറവുകളും മറയ്ക്കുന്നതുമാണ്.’

‘ഉദാരതയുടെ വസ്ത്രംകൊണ്ട് നീ ന്യൂനതകള്‍ മറയ്ക്കുക; കാരണം ഏതൊരു കുറവും മറയ്ക്കാവുന്ന ആവരണമാണ് ഔദാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’

‘നീ കൂട്ടുകൂടുകയാണെങ്കില്‍ നല്ലവരുമായിമാത്രം നീ കൂട്ടുകൂടുക. ഒരാള്‍ ആദരിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും അവന്റെ കൂട്ടുകാരെ പരിഗണിച്ചായിരിക്കും.’

‘നിനക്ക് സാധിക്കുന്നത്ര നീ സംസാരം കുറയ്ക്കുക; എന്തുകൊണ്ടെന്നാല്‍ ഒരാളുടെ സംസാരം കുറഞ്ഞാല്‍ അയാളുടെ അബദ്ധങ്ങളും കുറവായിരിക്കും.’

‘ഒരാളുടെ സമ്പത്ത് കുറഞ്ഞാല്‍ അയാളുടെ കൂട്ടുകാരും കുറയുന്നതാണ്. അയാളുടെ ആകാശവും ഭൂമിയും അയാള്‍ക്ക് കുടുസ്സാവുകയും ചെയ്യും.’

‘അങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ട സന്ദര്‍ഭത്തില്‍ ഒന്നുമറിയാത്തവനെപോലെ അവന് പകച്ചുനില്‍ക്കേണ്ടി വരും.’

‘അതിനാല്‍ തന്റെ കൂട്ടുകാരനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാത്തവരോട് ഇതായിരിക്കും ഇതിന്റെ പരിണിതിയെന്ന് നീ വിളിച്ചുപറഞ്ഞേക്കുക.’

ഉദാരത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആവശ്യമായത് നല്‍കുക എന്നതാണ്. അത് അതിന്റെ അവകാശികള്‍ക്ക് എത്തിക്കാനായി പരമാവധി പരിശ്രമിക്കുക എന്നതുമാണ്. അല്ലാതെ വിവരം കുറഞ്ഞ ചിലയാളുകള്‍ പറയുന്നതുപോലെ കൈയിലുള്ളതൊക്കെ ചെലവഴിക്കലല്ല ഉദാരത. അവര്‍ പറഞ്ഞതായിരുന്നു സത്യമെങ്കില്‍ ധൂര്‍ത്തും ധാരാളിത്തവുമൊക്കെ ആ പേരുകള്‍ പോലും പറയേണ്ടതില്ലാത്തവിധം അപ്രസക്തമാകുമായിരുന്നു. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അതിനെ അധിക്ഷേപിച്ചും വിലക്കിയും എത്രയോ വചനങ്ങള്‍ വന്നിട്ടുണ്ട്!

ഉദാരത പ്രശംസനീയവും അത് നിര്‍വഹിക്കുന്നയാള്‍ പരിധിവിടാതിരിക്കുകയും ചെയ്താല്‍ അയാള്‍ ഉദാരന്‍ എന്ന് വിളിക്കപ്പെടുകയും അയാള്‍ പ്രശംസക്കര്‍ഹനായിത്തീരുകയും ചെയ്യും. എന്നാല്‍ ആരെങ്കിലും ഉദാരതയില്‍ വീഴ്ചവരുത്തുകയും പിശുക്ക് കാണിക്കുകയും ചെയ്താല്‍ അയാള്‍ ലുബ്ധനും ആക്ഷേപാര്‍ഹനുമായിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: ‘നിശ്ചയം! പിശുക്കന് തന്റെ സാമീപ്യം നല്‍കുകയില്ലെന്ന് അല്ലാഹു അവന്റെ പ്രതാപം കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു’ (ത്വബ്‌റാനി ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നും ഇബ്‌നു അബിദുന്‍യാ അനസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നും മര്‍ഫൂആയ നിലയില്‍ (നബിവചനമെന്ന നിലയില്‍) ഉദ്ധരിച്ചതാണ് ഈ റിപ്പോര്‍ട്ടെങ്കിലും അത് ദുര്‍ബലമാണ്. വിശദ വിവരത്തിന് ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുദ്ദഈഫയിലെ 1284,1285 നമ്പര്‍ ഹദീഥുകള്‍ കാണുക).

ഉദാരത രണ്ടുവിധത്തിലുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠവും ഒന്നാമതുമായത്, മറ്റുള്ളവരുടെ കൈയിലുള്ളവയെ സംബന്ധിച്ച് നാം കാണിക്കുന്ന ഉദാരതയാണ്. അഥവാ അന്യരുടെ കൈകളിലുള്ളത് നാം മോഹിക്കാതിരിക്കുക എന്നതാണ്. രണ്ടാമത്തെത് നിന്റെ കൈയിലുള്ളത് ചെലവഴിച്ചുകൊണ്ട് നീ കാണിക്കുന്ന ഉദാരതയാണ്.

ചിലപ്പോള്‍ ഒരാള്‍ ആര്‍ക്കും ഒന്നും നല്‍കുന്നില്ലെങ്കില്‍ പോലും അയാള്‍ ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാന്‍ ആയിരിക്കും. കാരണം ആളുകളുടെ കൈയിലുള്ളതിനോട് അയാള്‍ ഒരു മോഹവും വെച്ചു നടക്കുന്നില്ല. അതാണ് ചില മഹത്തുക്കള്‍ പറഞ്ഞതിന്റെ സാരം:

‘ഉദാരത എന്നത് നിന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനംനല്‍കുന്നതും മറ്റുള്ളവരുടെ സ്വത്ത് സ്വികരിക്കാതെ നീ മാന്യതകാണിക്കലുമാണ്.’

ഗുരുനാഥന്‍ ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ رحمه الله ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:

أوحى الله إلى إبراهيم صلى الله عليه و سلم أتدري لم اتخذتك خليلا ؟ قال : لا قال لأني رأيت العطاء أحب إليك من الأخذ

‘അല്ലാഹു ഇബ്‌റാഹിം നബി(അ)യോട് ഇപ്രകാരം ചോദിച്ചുവത്രെ: ‘എന്തുകൊണ്ടാണ് ഞാന്‍ നിന്നെ ‘ഖലീല്‍’ (ആത്മമിത്രം) ആക്കിയതെന്ന് നിനക്കറിയുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിനക്ക് മറ്റുള്ളവരില്‍നിന്ന് വല്ലതും വാങ്ങുന്നതിനെക്കാള്‍ പ്രിയങ്കരം അവര്‍ക്ക് എന്തെങ്കിലും നല്‍കുന്നതാണെന്ന് കണ്ടതിനാലാണ്.’ (സലഫുകളില്‍ പെട്ട ചിലരില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്. ‘താരീഖു ദിമശ്ഖ്,’ ‘ഹില്‍യത്തുല്‍ ഔലിയാഅ്, ‘അദ്ദുര്‍റുല്‍ മന്‍ഥൂര്‍ മുതലായ ഗ്രന്ഥങ്ങള്‍ കാണുക).

ഇത് അത്യുന്നതനായ പടച്ചറബ്ബിന്റെ വിശേഷണങ്ങളില്‍പെട്ട ഒരു വിശേഷണമാണ്. അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു; അവന്‍ മറ്റുള്ളവരില്‍നിന്ന് യാതൊന്നും എടുക്കുന്നില്ല. അവന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നു; അവനാകട്ടെ ആരും ഭക്ഷണം നല്‍കേണ്ടതില്ല. അവന്‍ ഔദാര്യവാന്മാരില്‍വെച്ച് ഏറ്റവും വലിയ അത്യുദാരനാകുന്നു. സൃഷ്ടികളില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവന്റെ ഗുണവിശേഷണങ്ങള്‍ തങ്ങളുടെ സ്വഭാവമായി സ്വികരിച്ചവരാണ്. അവന്‍ അത്യുദാരനാണ്. അവന്റെ അടിമകളിലെ ഔദാര്യവാന്മാരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്; അറിവുള്ളവരെ അവന്‍ സ്‌നേഹിക്കുന്നു. അവന്‍ കഴിവുറ്റവനാണ്. ധീരന്മാരെ അവന് ഇഷ്ടമാണ്. അവന്‍ ഭംഗിയുള്ളവനാണ്; ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്.

ഇമാം തിര്‍മിദി സഈദുബ്‌നുല്‍ മുസ്വയ്യിബ് رحمه الله പറയുന്നതായി ഇപ്രകാരം ഉദ്ധരിക്കുന്നു:

إن الله طيب يحب الطيب نظيف يحب النظافة كريم يحب الكرم جواد يحب الجود فنظفوا أخبيتكم ولا تشبهوا باليهود

‘നിശ്ചയം, അല്ലാഹു വിശുദ്ധനാണ്; അവന്‍ വിശുദ്ധമായതിനെ ഇഷ്ടപ്പെടുന്നു. അവന്‍ വൃത്തിയുള്ളവനാണ്; വൃത്തിയെ അവന്‍ ഇഷ്ടപ്പെടുന്നു. ഔദാര്യവാനാണ്; ഉദാരതയെ അവന്‍ ഇഷ്ടപ്പെടുന്നു. മാന്യനാണ്; മാന്യതയെ അവന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുക. നിങ്ങള്‍ ജൂതന്മാരെ പോലെയാകരുത്.’ (ഇതിന്റെ പരമ്പരയിലുള്ള ഖാലിദ്ബ്‌നു ഇല്‍യാസ് പണ്ഡിതന്‍മാര്‍ ദുര്‍ബലനാണെന്ന് വിധിപറഞ്ഞ വ്യക്തിയാണ്).

(തിര്‍മിദി, ബസ്സാര്‍, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്. ഇമാം തിര്‍മിദി തന്നെ അതിന്റെ ന്യുനത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ജൗസി رحمه الله തന്റെ ‘അല്‍ ഇലലുല്‍ മുതനാഹിയ’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്).

തിര്‍മിദി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു:

السخي قريب من الله قريب من الجنة قريب من الناس بعيد من النار والبخيل بعيد من الله بعيد من الجنة بعيد من الناس قريب من النار ولجاهل سخي أحب إلى الله تعالى من عابد بخيل

‘ധര്‍മിഷ്ഠന്‍ അല്ലാഹുവിനോട് അടുത്തവനാണ്. സ്വര്‍ഗത്തോടും ജനങ്ങളോടും അയാള്‍ സമീപസ്ഥനുമാണ്. നരകത്തില്‍നിന്നാകട്ടെ അകന്നവനുമാണ്. എന്നാല്‍ പിശുക്കന്‍ അല്ലാഹുവില്‍നിന്ന് അകന്നവനാണ്. സ്വര്‍ഗത്തില്‍നിന്നും ആളുകളില്‍നിന്നും അയാള്‍ വിദൂരത്തായിരിക്കും. നരകത്തോട് സമീപസ്ഥനുമായിരിക്കും. അറിവില്ലാത്ത ഔദാര്യവാനാണ് പിശുക്കനായ ഭക്തനെക്കാള്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവന്‍’

(തിര്‍മിദിക്കു പുറമെ ഇബ്‌നു അദിയ്യ് തന്റെ ‘അല്‍കാമിലി’ലും ‘ഉകൈ്വലി’ തന്റെ ‘അദ്ദുഅഫാഇ’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം തിര്‍മിദിതന്നെ അതിന്റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ക്വയ്യിം رحمه الله തന്നെ തന്റെ ‘അല്‍മനാറുല്‍ മുനീഫ്’ എന്ന ഗ്രന്ഥത്തില്‍ അടിസ്ഥാനരഹിതമായ ഹദീഥുകളുടെ കൂട്ടത്തില്‍ ഇതിനെ എണ്ണിയിട്ടുണ്ട്).

സ്വഹിഹായ ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്:

إن الله تعالى يحب الوتر

‘നിശ്ചയം, അല്ലാഹു ഏകനാണ്. ഒറ്റയാക്കുന്നതിനെ (വിത്‌റിനെ) അവന്‍ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിം).

അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു കാരുണ്യവാനാണ്. കരുണ ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അവന്റെ ദാസന്മാരിലെ കരുണയുള്ളവരോടാണ് അവനും കരുണ കാണിക്കുക. അവന്‍ ന്യൂനതകള്‍ മറച്ചുവെക്കുന്നവനാണ്. അവന്റെ ദാസന്മാരുടെ ന്യുനതകള്‍ മറച്ചുവെക്കുന്നവരെ അവന് ഇഷ്ടമാണ്. അവന്‍ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വീഴ്ചകള്‍ പൊറുക്കുന്നവനാണ്. ആളുകളുടെ വീഴ്ചകള്‍ പൊറുത്ത് കൊടുക്കുന്നവരോട് അവന് ഇഷ്ടമാണ്. അവന്‍ അനുകമ്പ കാട്ടുന്നവനാണ്. അവന്റെ ദാസന്മാരിലെ അനുകമ്പശീലരോട് അവന് ഇഷ്ടമാണ്. കഠിനഹൃദയരും പരുഷസ്വഭാവികളും അഹങ്കാരികളും അമിതഭോജികളുമായവരെ അവന് വെറുപ്പാണ്. അവന്‍ സൗമ്യതയുള്ളവനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വിവേകശാലിയാണ്; വിവേകത്തെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ നന്മ ചെയ്യുന്നവനാണ്; നന്മയെയും അതിന്റെ വക്താക്കളെയും അവന് ഇഷ്ടമാണ്. അവന്‍ നീതിമാനാണ്; നീതിപാലിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവനാണ്. തന്റെ ദാസന്മാരുടെ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവരെ അവന് ഇഷ്ടമാണ്. ഇത്തരം ഗുണവിശേഷണങ്ങള്‍ക്കനുസരിച്ച് അവന്‍ തന്റെ ദാസന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അവര്‍ക്ക് അവനും വിട്ടുവീഴ്ച ചെയ്യും. ആരെങ്കിലും പൊറുത്ത് കൊടുത്താല്‍ അവര്‍ക്ക് അവനും പൊറുത്ത് കൊടുക്കും. ആരെങ്കിലും മറ്റുള്ളവരുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചാല്‍ അവന്‍ അയാള്‍ക്കും മാപ്പാക്കുന്നതാണ്. ആരെങ്കിലും മറ്റുള്ളവര്‍ക്ക് ഇളവുചെയ്താല്‍ അവന്‍ അയാള്‍ക്കും ഇളവുചെയ്യും. ആരെങ്കിലും അല്ലാഹുവിന്റെ അടിയാറുകളോട് സൗമ്യത കാണിച്ചാല്‍ അല്ലാഹു അയാളോടും സൗമ്യത കാണിക്കും. ആരെങ്കിലും സൃഷ്ടിജാലങ്ങളോട് കരുണകാണിച്ചാല്‍ അല്ലാഹു അയാളോടും കരുണകാണിക്കും. ജനങ്ങളോട് ആരെങ്കിലും നന്മ ചെയ്താല്‍ അല്ലാഹു അയാള്‍ക്കും നന്മ ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനതകളെ വിട്ടുകളഞ്ഞ് മാപ്പാക്കിയാല്‍ അല്ലാഹു അയാളുടെ കുറവുകളെയും വിട്ടുകളയും. ആരെങ്കിലും മറ്റുള്ളവരോട് ഔദാര്യം കാണിച്ചാല്‍ അല്ലാഹു അയാള്‍ക്കും ഔദാര്യം ചെയ്യും. വല്ലവനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്താല്‍ അല്ലാഹു അയാള്‍ക്കും ഉപകാരം ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെതും മറച്ചുവെക്കും. വല്ലവനും മറ്റുള്ളവരുടെ കുറവുകള്‍ ചിക്കിച്ചികയാന്‍ ഒരുങ്ങിയാല്‍ അല്ലാഹു അയാളുടെ കുറവുകളും കൊണ്ടുവരും. ആരെങ്കിലും മറ്റുള്ളവരെ അവഹേളിച്ചാല്‍ അവന്‍ അവരെയും അവഹേളിക്കും. ആരെങ്കിലും തന്റെ നന്മ മറ്റുള്ളവര്‍ക്ക് നിഷേധിച്ചാല്‍ അല്ലാഹു അയാള്‍ക്കും നന്മ തടയും. ആരെങ്കിലും അല്ലാഹുവിനോട് എതിരായാല്‍ അല്ലാഹു അയാളോടും എതിരാകും. ആരെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍ അല്ലാഹു അയാളോടും തന്ത്രം പ്രയോഗിക്കും. ആരെങ്കിലും ചതിയും വഞ്ചനയും കാണിച്ചാല്‍ അല്ലാഹു അയാളോടും അതുപോലെ കാണിക്കും. ഒരാള്‍ അല്ലാഹുവിന്റെ അടിമകളോട് പെരുമാറുന്നത് ഏത് തരത്തിലാണോ അല്ലാഹു ഇരുലോകത്തു വെച്ച് അയാളോടും അതേരൂപത്തിലായിരിക്കും പെരുമാറുക. അതായത് ഒരാള്‍ മറ്റൊരാളോട് ഏത് രൂപത്തിലാണോ പെരുമാറുന്നത് അതനുസരിച്ചായിരിക്കും അല്ലാഹു അയാളോടും പെരുമാറുക എന്ന് സാരം.

അതുകൊണ്ട് നബി ﷺ യുടെ ഹദീഥുകളില്‍ ഇപ്രകാരം കാണാം:

من ستر مسلما ستره الله تعالى في الدنيا والآخرة ومن نفس عن مؤمن كربة من كرب الدنيا نفس الله تعالى عنه كربة من كرب يوم القيامة ومن يسر على معسر يسر الله تعالى حسابه

‘ആരെങ്കിലും ഒരു സത്യവിശ്വസിയുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെ ന്യുനതകളും ഈ ലോകത്തും പരലോകത്തും മറച്ചുവെക്കുന്നതാണ്. ആരെങ്കിലും ഒരു സത്യാവിശ്വാസിയുടെ ഈ ലോകത്തെ ദുരിതംനീക്കി ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളില്‍നിന്ന് പരലോകത്തെ പ്രയാസങ്ങള്‍ നീക്കി ആശ്വാസം നല്‍കുന്നതാണ്. (സാമ്പത്തികമായി) പ്രയാസപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളുടെ വിചാരണ എളുപ്പമാക്കും’ (മുസ്‌ലിം).

ومن أقال نادما أقال الله تعالى عثرته

‘ഒരു ഇടപാട് ഒഴിവാക്കിക്കൊടുക്കാനായി ഖേദപ്രകടനത്തോടെ ഒരാള്‍ വരികയും ആ അഭ്യര്‍ഥന പരിഗണിച്ച് പ്രസ്തുത ഇടപാട് ഒഴിവാക്കിക്കൊടുക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ വീഴ്ചകളും (പ്രതിക്രിയ കൂടാതെ) ഒഴിവാക്കിക്കൊടുക്കും’ (അബൂദാവൂദ്, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാന്‍).

ومن أنظر معسرا أو وضع عنه أظله الله تعالى في ظل عرشه

‘ആരെങ്കിലും കടംകൊണ്ട് പ്രയാസപ്പെടുന്നയാള്‍ക്ക് അവധി നീട്ടിക്കൊടുക്കുകയോ കടം വിട്ടുവീഴ്ച ചെയ്യുകയോ ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് അര്‍ശിന്റെ തണല്‍ നല്‍കുന്നതാണ.’ (മുസ്‌ലിം).

എന്തുകൊണ്ടെന്നാല്‍ ഈ വ്യക്തി അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കലിന്റെയും സഹനത്തിന്റെയും തണല്‍നല്‍കി സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന അയാളെ ബുദ്ധിമുട്ടിച്ചു പണം തിരിച്ചു വാങ്ങിക്കുന്ന കഷ്ടതയുടെ ചൂടില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് അന്ത്യനാളില്‍ സൂര്യന്റെ ചൂടില്‍നിന്നും അര്‍ശിന്റെ തണല്‍ നല്‍കി അല്ലാഹു അയാളെ സംരക്ഷിക്കും.

തിര്‍മിദിയും മറ്റും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം:

يا معشر من آمن بلسانه ولم يدخل الإيمان إلى قلبه لا تؤذوا المسلمين ولا تتبعوا عوراتهم فإنه من تتبع عورة أخيه يتبع الله عورته ومن يتبع الله عورته يفضحه ولو في جوف بيته

‘ഒരിക്കല്‍ നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഹൃദയത്തിലേക്ക് ഈമാന്‍ (സത്യവിശ്വാസം) കടന്നുചെന്നിട്ടില്ലാത്ത, കേവലം നാവുകൊണ്ട് മാത്രം വിശ്വാസം പ്രഖ്യാപിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളെ ഉപദ്രവിക്കരുതേ, അവരുടെ കുറവുകള്‍ നിങ്ങള്‍ ചിക്കിച്ചികയുകയും ചെയ്യരുതേ. എന്തുകൊണ്ടെന്നാല്‍ തന്റെ സഹോദരന്റെ കുറവുകള്‍ ചികഞ്ഞാല്‍ അല്ലാഹു അയാളുടെയും കുറവുകള്‍ ചികയും. അല്ലാഹു ആരുടെയെങ്കിലും കുറവുകള്‍ ചികഞ്ഞാല്‍ അത് അയാളെ അവഹേളിച്ച് വഷളാക്കിക്കളയും, അയാള്‍ തന്റെ വീടിന്റെ ഉള്ളറയിലായിരുന്നാല്‍ പോലും.’

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും.

കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചുവെച്ചുകൊണ്ട് പുറമെ ഇസ്‌ലാം നടിച്ചവരാണല്ലോ. അതിനാല്‍ അന്ത്യനാളില്‍ ‘സ്വിറാത്തിന്‍മേല്‍’ ആയി അവര്‍ക്ക് പ്രകാശം കാണിച്ചുകൊടുക്കും. അവര്‍ക്ക് തോന്നും ആ പ്രകാശംകൊണ്ട് സ്വിറാത്ത് പാലം മുറിച്ചുകടന്ന് മുന്നോട്ടു പോകാമെന്ന്. എന്നാല്‍ അവര്‍ അതിനടുത്തെത്തിയാല്‍ പ്രസ്തുത പ്രകാശം അവന്‍ കെടുത്തിക്കളയുകയും അത് മുറിച്ചുകടന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യും. അതായത് അവര്‍ പ്രവര്‍ത്തിച്ച രൂപത്തില്‍തന്നെയുള്ള പ്രതിഫലമെന്ന നിലയില്‍ അങ്ങനെയാണ് അവിടെ നല്‍കപ്പെടുക.

അപ്രകാരം തന്നെ അല്ലാഹുവിന് അറിയാവുന്നതിന് വിരുദ്ധമായ, അഥവാ തങ്ങളുടെ രഹസ്യസത്യങ്ങള്‍ക്ക് വിപരീതമായി മറ്റുള്ളവരോട് വേറൊന്ന് പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുന്നവര്‍, ഇഹപര വിജയത്തിന്റെയും രക്ഷയുടെയും മാര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് മുന്നില്‍ വെളിവാക്കിക്കൊടുക്കും. പക്ഷേ, അതിന്റെ വിപരീതമായതായിരിക്കും അവരെ കാത്തിരിക്കുന്നത്.

من راءى راءى الله به ومن سمع سمع الله به

നബി ﷺ പറയുന്നു: ”ആരെങ്കിലും ജനങ്ങളെ കാണിക്കുവാനോ കേള്‍പ്പിക്കുവാനോ വേണ്ടി വല്ലതും ചെയ്താല്‍ അവരുടെ ഉദ്ദേശമനുസരിച്ച് അല്ലാഹു ആക്കിത്തീര്‍ക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും മാന്യനും ഉദാരമതിയുമായ ഒരു ധര്‍മിഷ്ഠന്, ചെലവഴിക്കാതെ പിടിച്ചുവെക്കുന്ന പിശുക്കന് നല്‍കാത്ത പലതും അല്ലാഹു നല്‍കുന്നതാണ്. അയാള്‍ക്ക് മാനസികമായും സ്വഭാവപരമായും ഉപജീവനത്തിലും ജീവനോപാധികളിലും മറ്റുമൊക്കെ അഭിവൃദ്ധിയും വിശാലതയും അല്ലാഹു നല്‍കുന്നതാണ്. അഥവാ അയാളുടെ പ്രവര്‍ത്തനത്തിന്റെതായ രീതിയില്‍തന്നെയുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടും.

 

ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *