حمٓ ﴿١﴾ تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴿٢﴾ مَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ ﴿٣﴾
ഹാമീം. ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത് ശരിയായ ഉദ്ദേശത്തോടു കൂടിയും നിര്‍ണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. സത്യനിഷേധികളാകട്ടെ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു. (ഖു൪ആന്‍:46/1-3)
കൽപനകളും വിരോധങ്ങളുമുൾക്കൊള്ളുന്ന തന്റെ ഗ്രന്ഥത്തെ ഇറക്കിയതിനെക്കുറിച്ച് വ്യക്തമാക്കിയപ്പോൾതന്നെ അല്ലാഹു ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും പരാമർശിച്ചു. അങ്ങനെ സൃഷ്ടിപ്പും ശാസനയും (കല്‍പനയും) അവൻ ഒരുമിച്ചു ചേർത്തു.
أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ
അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. (ഖു൪ആന്‍:7/54)
എല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. എല്ലാറ്റിലുമുള്ള ശാസനാധികാരവും അവനുമാത്രമാണെന്നും അവയിലൊന്നും ആര്‍ക്കും പങ്കില്ലെന്നും ചുരുക്കം.
അല്ലാഹു പറയുന്നു:
يُنَزِّلُ ٱلْمَلَٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ ﴿٢﴾ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَٰلَىٰ عَمَّا يُشْرِكُونَ ﴿٣﴾
തന്റെ ദാസന്മാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവരുടെമേൽ തന്റെ കൽപനപ്രകാരം(സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവൻ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാൽ നിങ്ങളെന്നെ സൂക്ഷിച്ചുകൊള്ളുവിൻ എന്ന് നിങ്ങൾ താക്കീത് നൽകുക (എന്നത്രെ ആ സന്ദേശം). ആകാശങ്ങളും ഭൂമിയും അവൻ യുക്തിപൂർവം സൃഷ്ടിച്ചിരിക്കുന്നു. (ഖുര്‍ആൻ:16/2-3)
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖുര്‍ആൻ:65/12)
وأنزل الأمر، وهو الشرائع والأحكام الدينية التي أوحاها إلى رسله لتذكير العباد ووعظهم، وكذلك الأوامر الكونية والقدرية التي يدبر بها الخلق،
കല്‍പന ഇറക്കി എന്നാല്‍ മതവിധികളും നിയമങ്ങളുമാണ്. ദിവ്യസന്ദേശത്തിലൂടെ തന്റെ ദൂതന്മാര്‍ക്ക് ഇറക്കിയ അടിമകൾക്കുള്ള ഓര്‍മപ്പെടുത്തലുകളും ഉപദേശങ്ങളുമാണത്. അപ്രകാരം തന്നെ സൃഷ്ടികളെ നിയന്ത്രിക്കുന്ന പ്രാപഞ്ചികവും വിധികളുമായി ബന്ധപ്പെട്ട കാര്യങ്ങളും. (തഫ്സീറുസ്സഅ്ദി)
അതെ, അല്ലാഹു സൃഷ്ടികര്‍ത്താവ് മാത്രമല്ല, അധിപതിയും വിധികര്‍ത്താവും കൂടിയാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ചശേഷം അതില്‍ ഭരണം നടത്താന്‍ മറ്റാരെയെങ്കിലും ഏല്‍പിക്കുകയോ അഥവാ, അവരില്‍ ഏതെങ്കിലും വിഭാഗത്തെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചുകൊള്ളാന്‍ വിടുകയോ അല്ല അവന്‍ ചെയ്തിട്ടുള്ളത്. പ്രത്യുത, പ്രപഞ്ചമഖിലത്തിന്റെ നിയന്ത്രണം അവന്റെ കൈകളിൽ തന്നെയാണ്.
മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർക്ക് താമസസംവിധാനങ്ങളൊരുക്കി. ആകാശഭൂമികളിലുള്ളതെല്ലാം അവർക്ക് അവൻ കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടർന്ന് പ്രവാചകന്മാരെ അവരിലേക്ക് നിയോഗിച്ച് വേദഗ്രന്ഥങ്ങളിറക്കി. വിധിവിലക്കുകൾ നിർദേശിച്ചു. ഈ ലോകം പ്രവർത്തനങ്ങളുടെതാണെന്നും പ്രവർത്തിക്കുന്നവർക്ക് കടന്നുപോകാനുള്ളതാണെന്നും പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇവിടെയുള്ളവർ യാത്രപോകാതെ ഇവിടെ സ്ഥിരം താമസിക്കുന്നവരല്ല. പിന്നീടവർ നിത്യതയുടെയും ശാശ്വതത്തിന്റെയും സ്ഥലത്തേക്കും സ്ഥിരതയുടെ വീട്ടിലേക്കും യാത്രയാകും. അവിടെ വെച്ച് അവർ ചെയ്ത പ്രവർത്തനങ്ങളുടെ പ്രതിഫലം പൂർണമായും അനുഭവിക്കും. ആ ലോകത്തെ സ്ഥാപിക്കുന്ന തെളിവുകൾ അല്ലാഹു നൽകി.
ഇവിടെവെച്ചുതന്നെ ശിക്ഷയുടെയും പ്രതിഫലത്തിന്റെയും മാതൃകകൾ അവർ അനുഭവിപ്പിച്ചു. അത് അവർ ആഗ്രഹിക്കുന്നത് അന്വേഷിക്കാനും ഭയപ്പെടുന്നതിൽനിന്ന് ഓടിയകലാനും ഏറ്റവും സഹായകമായി. അതാണ് അല്ലാഹു പറഞ്ഞത്: {ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സ്ഥാപിച്ചത് ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണ്} അലക്ഷ്യമായും വെറുതെയുമല്ല. മറിച്ച്, ജനങ്ങൾ തങ്ങളുടെ സ്രഷ്ടാവിനെ മനസ്സിലാക്കാൻവേണ്ടി. അവന്റെ പൂർണതയ്ക്ക് തെളിവായ ബൃഹത്തായ ആകാശ ഭൂമികളെ സൃഷ്ടിക്കുവാൻ കഴിവുള്ളവൻ, മരിച്ചവരെ തിരിച്ചുകൊണ്ടുവരാനും മരണശേഷം അവർക്ക് പ്രതിഫലം നൽകാനും കഴിവുള്ളവനാണെന്ന് അവർ മനസ്സിലാക്കും. അവയുടെ സൃഷ്ടിപ്പും ശേഷിപ്പും നിർണിതമായ ഒരു സമയം വരെ മാത്രമാണ് {നിർണിതമായ ഒരവധി വെച്ചുകൊണ്ടും}
ഇത്രയും പറഞ്ഞതിന് ശേഷം – സംസാരിക്കുന്നവരിൽ ഏറ്റവും സത്യസന്ധനാണ് അവൻ – തെളിവ് സ്ഥാപിക്കുകയും വഴി കാണിക്കുകയും ചെയ്തു. അതോടൊപ്പം അവൻ പറഞ്ഞത്, എന്നാൽ ജനങ്ങളിൽ ഒരു വിഭാഗം സത്യത്തെ അവഗണിക്കുകയും പ്രവാചകന്മാരുടെ പ്രബോധനങ്ങളെ നിരാകരിക്കുകയും മാത്രമാണ് ചെയ്തത് എന്നാണ്. {സത്യനിഷേധികളാവട്ടെ തങ്ങൾക്ക് താക്കീത് നൽകപ്പെട്ടത് ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു} എന്നാൽ സത്യവിശ്വാസികളാവട്ടെ, ശരിയായ അവസ്ഥ മനസ്സിലാക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ ഉപദേശങ്ങൾ സ്വീകരിക്കുകയും പൂർണമായും അംഗീകരിച്ച് സമർപ്പിക്കുകയും ബഹുമാനത്തോടും കീഴ്‌വണക്കത്തോടും ഉൾക്കൊള്ളുകയും ചെയ്യുന്നു. അങ്ങനെ സർവ നന്മകളോടുംകൂടി അവർ വിജയിക്കുന്നു. എല്ലാ ദോഷങ്ങളും അവരിൽനിന്നൊഴിവാകുകയും ചെയ്യുന്നു.
അവലംബം : തഫ്സീറുസ്സഅ്ദി
kanzululoom.com