പശുവിനെ അറുക്കാനുള്ള കൽപ്പനയും ചില പാഠങ്ങളും

മൂസാ നബി عليه السلام യുടെ അനുയായികളായ ബനൂഇസ്‌റാഈല്യരോട് ഒരു പശുവിനെ അറുക്കാന്‍ അല്ലാഹു കല്‍പിക്കുന്ന സന്ദര്‍ഭം വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നുണ്ട്. അതിൽ നിന്നും സത്യവിശ്വാസികൾക്ക് പല പാഠങ്ങളുമുണ്ട്. ആദ്യമായി, പശുവിനെ അറുക്കണമെന്ന് അവരോട് കല്‍പിക്കപ്പെടുവാന്‍ കാരണമായ സംഭവം കാണുക:

وَإِذْ قَتَلْتُمْ نَفْسًا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ ‎﴿٧٢﴾‏ فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَٰتِهِۦ لَعَلَّكُمْ تَعْقِلُونَ ‎﴿٧٣﴾

(ഇസ്രായീല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും.  അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു. (ഖു൪ആന്‍:2/72-73)

ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി. മൃതദേഹം ഒരു പെരുവഴിയിലോ മറ്റോകൊണ്ടു പോയി വെച്ചു. പിന്നീട് അതേ ഘാതകന്‍ തന്നെ കൊലക്കുറ്റം മറ്റുള്ളവരുടെമേല്‍ ആരോപിച്ചു. അങ്ങിനെ, തര്‍ക്കവും വഴക്കുമായി. കേസ്സ് മൂസാ  عليه السلام യുടെ അടുക്കലെത്തി. അപ്പോഴാണ് അദ്ദേഹം  ഒരു പശുവിനെ അറുക്കുവാന്‍ അവരോട് കല്‍പിച്ചത്. അറുത്ത ശേഷം ആ പശുവിന്റെ ഒരംശമെടുത്ത് അതുകൊണ്ട് മൃതദേഹത്തില്‍ അടിക്കപ്പെടുകയും, അപ്പോള്‍ അതിന് ജീവനുണ്ടാകുകയും, ഘാതകന്‍ ഇന്ന ആളാണെന്ന്പറയുകയും ചെയ്തു. മൃതദേഹം വീണ്ടും പഴയപടി നിര്‍ജ്ജീവമായിത്തീരുകയും ചെയ്തു.

പശുവിനെ അറുക്കാന്‍ അല്ലാഹു കല്‍പിക്കുന്നത് വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നത് കാണുക:

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةً ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ‎

അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു. (ഖു൪ആന്‍:2/67)

ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ ബനൂഇസ്‌റാഈല്യര്‍ക്ക് ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു. അന്നേരം അവര്‍ ഒരു പ്രവാചകനോട് സംസാരിക്കേണ്ട മര്യാദ പാലിക്കാതെ നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അതിന് മൂസാ عليه السلام നല്‍കിയ മറുപടി ‘ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു’ എന്നായിരുന്നു. അല്ലാഹുവിന്റെ കല്‍പനയെ പരിഹാസത്തോടെ നേരിടുന്നവര്‍ മൂഢന്മാരാണ് അഥവാ വിവരംകെട്ടവരാണ് എന്ന ധ്വനി അതിലുണ്ടായിരുന്നു. ഈ മറുപടിയില്‍ നിന്ന് മൂസാ عليه السلام അവരോട് പറഞ്ഞത് അവരെ പരിഹസിച്ചതല്ലെന്ന് അവര്‍ക്ക് വ്യക്തമാവുകയും ചെയ്തു. ആ കല്‍പന കളിയോ പരിഹാസമോ അല്ല – കാര്യം തന്നെയാണ് – എന്ന് തീര്‍ച്ചപ്പെട്ടപ്പോഴെങ്കിലും അവരത് അനുസരിക്കേണ്ടതായിരുന്നു. ഒരു പശുവിനെ അറുക്കണമെന്നല്ലാതെ മറ്റു ഉപാധികളൊന്നും പറയാത്ത സ്ഥിതിക്ക് ഏതെങ്കിലും ഒന്നിനെ അറുത്താല്‍ മതിയായിരുന്നു. എന്നാല്‍ എങ്ങിനെയെങ്കിലും കല്‍പന നിറവേറ്റുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ഒഴികഴിവുകള്‍ തേടുന്ന പാരമ്പര്യ ശീലമുണ്ടോ അവര്‍ ഉപേക്ഷിക്കുന്നു?! എന്ത് പശുവായിരിക്കണം? ഏത് തരത്തിലുള്ളതാവണം? അതിന്റെ നിറം എന്തായിരിക്കണം? എന്നിങ്ങനെ, ഒന്നിന് പിന്നാലെ ഓരോ ചോദ്യങ്ങള്‍ അവര്‍ നടത്തുകയുണ്ടായി.

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانُۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ ‎

(അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക. (ഖു൪ആന്‍:2/68)

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّٰظِرِينَ

അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌. (ഖു൪ആന്‍:2/69)

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ ‎﴿٧٠﴾‏ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٰٔنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ ‎﴿٧١﴾

അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കി തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം. ‎ (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്‌. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്‌. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല. (ഖു൪ആന്‍:2/70-71)

ഓരോ ചോദ്യവും വരുമ്പോള്‍ മൂസാ  عليه السلام  അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും. ഒന്നാമെത്ത പ്രാവശ്യം വളരെ പ്രായം ചെല്ലാത്തതും, നന്നേ പ്രായം കുറഞ്ഞതുമല്ലാത്ത മദ്ധ്യനിലയിലുള്ള ഒരു പശുവായാല്‍ മതിയെന്ന് മറുപടികിട്ടി. ഇങ്ങിനെയുള്ള പശു ഒട്ടും ദുര്‍ലഭമല്ലല്ലോ. വീണ്ടും ചോദ്യം ചെയ്യാതെ ആ കല്‍പന പാലിക്കുവാന്‍ അദ്ദേഹം അവരെ ഉപദേശിക്കുകയും ചെയ്തു. അവര്‍ വഴങ്ങിയില്ല. നിറം എന്തായിരിക്കണമെന്നായി. തനിമഞ്ഞ വര്‍ണമുള്ളതും കാഴ്ചക്ക് കൗതുകമുള്ളതുമാവണം എന്നായിരുന്നു മറുപടി. ഇങ്ങിനെയുള്ള പശുവിനെ കിട്ടുവാന്‍ കുറച്ചുകൂടി പ്രയാസമുണ്ടായിരിക്കുമല്ലൊ. എന്നാല്‍ ചോദ്യം അതോടെ അവസാനിച്ചില്ല. ഇത്തരത്തിലുള്ള പശുക്കള്‍ പലതുമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് കാര്യം വ്യക്തമായില്ല. ഒന്നൂകൂടി വ്യക്തമാക്കണമെന്നായി. അങ്ങനെ, നിലംഉഴുക, വെള്ളം തേവുക മുതലായ ജോലികളില്‍ ഉപയോഗിക്കപ്പെടാത്തതും ഇതര വര്‍ണങ്ങളുടെ കലര്‍പ്പും കലയുമില്ലാത്തതും അംഗഭംഗവും മുടന്തും പോലെയുള്ള പോരായ്മകള്‍ ഇല്ലാത്തതും കൂടിയായിരിക്കണമെന്നുള്ള അവസാനത്തെ ഉത്തരത്തോടുകൂടി അന്വേഷണത്തിന്റെ രംഗം അവസാനിച്ചു. പശുവിനെക്കുറിച്ച് വേണ്ടത്ര വിവരണം കിട്ടിക്കഴിഞ്ഞുവെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.

എനി, പ്രസ്തുത ഉപാധികളും ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പശുവിനെ കണ്ടുകിട്ടണമല്ലോ. തിരഞ്ഞുതിരഞ്ഞ് അവസാനം കണ്ടെത്തി. വമ്പിച്ച വിലകൊടുത്താണ് അങ്ങിനെയൊരെണ്ണം അവര്‍ക്ക് കരസ്ഥമാക്കുവാന്‍ കഴിഞ്ഞതെന്ന് പറയെപ്പടുന്നു. അത് സ്വാഭാവികവുമാണ്. പശുവിനെ കിട്ടുവാനുള്ള പ്രയാസം അവരുടെ മാനസിക നിലപാടുകള്‍ തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ആ കല്‍പന പാലിക്കുക അവരെ സംബന്ധിച്ചിടേത്താളം കുറേ വിദൂരം തന്നെയായിരുന്നു. എങ്കിലും ഒടുക്കം അവരത് പ്രവര്‍ത്തനത്തില്‍ വരുത്തുക തന്നെ ചെയ്തു.

ഈ സംഭവവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നു:

1.ഈ സൂറത്തിന് പശു എന്നര്‍ത്ഥമുള്ള അല്‍ബക്വറഃ (البَقَرة) എന്നു പേര്‍ പറയപ്പെടുവാന്‍ കാരണമായ പശുവിന്റെ സംഭവമാണിത്.

2.ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെട്ട് വന്നശേഷം തൗറാത്ത് വാങ്ങാനായി സീനായിലേക്ക് മൂസാ  عليه السلام പോയ അവസരത്തിൽ ‘സാമിരി’ യുടെ പ്രേരണയാൽ ഇസ്റാഈല്യര്‍ ഒരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുവാന്‍ തുടങ്ങി. അങ്ങനെ പശുവാരാധന അവരുടെ ഹൃദയങ്ങളില്‍ പ്രത്യേകം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇവിടെ ഒരു പശുവിനെതന്െ അറുക്കാന്‍ അല്ലാഹു കല്‍പിക്കുന്നത് ശ്രദ്ധേയമാണ്.

3.പശുവിനെ അറുക്കണമെന്ന് കല്‍പിക്കപ്പെടുവാന്‍ കാരണമായ സംഭവമായ വധമാണ് വിശുദ്ധ ഖുര്‍ആൻ ആദ്യം പറഞ്ഞിട്ടുള്ളത് (72-73). പിന്നീടാണ് പശുവിനെ അറുക്കുവാനുള്ള കല്‍പന ഉദ്ദരിക്കുന്നത് (67-71). സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആദ്യഭാഗം ആദ്യവും പിന്നീടുള്ളത് പിന്നീടുമായി ക്രമപ്രകാരം തന്നെ ഉദ്ധരിക്കുന്ന പതിവ് ക്വുര്‍ആനില്‍ പലപ്പോഴും ഉണ്ടാകാറില്ല. ചിലപ്പോള്‍ ഇടയില്‍ നിന്നും, ഒടുവില്‍ നിന്നും അതു കഥ ആരംഭിച്ചെന്നുവരും. ഇങ്ങിനെ വിവരിക്കുന്നതില്‍ ചില യുക്തി രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ട് താനും.

4.പശുവിനെ അറുക്കുവാനുള്ള കല്‍പനയും, അതിനെതുടര്‍ന്ന് ഇസ്‌റാഈല്യര്‍ പല ചോദ്യങ്ങള്‍ നടത്തിയതും അതിന്റെ അനന്തരഫലവും അടങ്ങുന്നഭാഗം ഒരു സ്വതന്ത്ര സംഭവമായി വിവരിച്ചത് അവരുടെ വിശ്വാസദൗര്‍ബ്ബല്യം, അച്ചടക്കമില്ലായ്മ, നിയമപാലനത്തില്‍ നിന്ന് ഒഴിഞ്ഞു മാറുവാനുള്ള അവരുടെ വാഞ്ഛ, പരിഹാസം, മുട്ടുചോദ്യം ആദിയായ സ്വഭാവങ്ങൾക്ക് തെളിവാണ്. വധവും അതിനെത്തുടര്‍ന്നുള്ള കാര്യങ്ങളും വേറൊരു സ്വതന്ത്ര സംഭവമെന്നോണം പിന്നീട് വിവരിച്ചത് അല്ലാഹുവിന്റെ മഹത്തായ കഴിവ്, മരണാനന്തര ജീവിതം, മൂസാ നബി  عليه السلام യുടെ സത്യത എന്നിവക്കും തെളിവാണ്.

5.പ്രവാചകന്മാരോട് ധിക്കാരം കാണിച്ച്, അമിതമായ ചോദ്യങ്ങളുന്നയിച്ച് ദൈവികനിയമങ്ങളെ മറികടക്കാന്‍ ശ്രമിച്ചവരാണ് ബനൂഇസ്‌റാഈല്യര്‍.

6.അവരുടെ വിശ്വാസത്തിന്റെ ദൗര്‍ബ്ബല്യവും അച്ചടക്ക രാഹിത്യവും അവഗണനാ മനഃസ്ഥിതിയും ആ വാക്കുകളിലൂടെ പ്രകടമായി കാണാം. മുഹമ്മദ് നബി ﷺ യുടെ സ്വഹാബികള്‍ നബി ﷺ യെ സംബോധന ചെയ്തിരുന്നതുപോലെ, നബിയേ എന്നോ റസൂലേ എന്നോ ഒന്നുമല്ല, – മൂസാ എന്നാണ് – അവര്‍ തങ്ങളുടെ പ്രവാചകനെ വിളിക്കാറുള്ളത്. താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് ആവര്‍ത്തിച്ചു കൊണ്ടുള്ള അവരുടെആവശ്യം. അല്ലാഹുവിനോട് – നമ്മുടെ റബ്ബിനോട് – പോലെയുള്ള പ്രയോഗം അവരുടെനാവില്‍ കാണുന്നില്ല.

7.പല ദൃഷ്ടാന്തങ്ങള്‍ കണ്ടറിഞ്ഞിട്ട് പിന്നെയും ഹൃദയം കടുത്തു ദുര്‍മാര്‍ഗത്തിന്റെ പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന നിലവിലുള്ള ഇസ്‌റാഈല്യരെ താക്കീത് ചെയ്യലും, അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കലുമാണ് അവരെ അഭിമുഖീകരിച്ചുകൊണ്ട് മുമ്പ് കഴിഞ്ഞ ആ സംഭവം വിശുദ്ധ ഖുര്‍ആൻ വിവരിച്ചതിന്റെ ലക്ഷ്യം.

8.ചോദ്യം ചെയ്യല്‍ അധികരിക്കുംതോറും സ്വയം പ്രയാസം പേറുകയും അനുസരണക്കുറവ് പ്രകടിപ്പിക്കുകയുമാണ് അത് മൂലം സംഭവിക്കുന്നത്. അത്‌ കൊണ്ടാണ് ഇത്തരം ചോദ്യങ്ങളെ ക്വുര്‍ആന്‍ വിരോധിച്ചിരിക്കുന്നതും. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ

സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്‌) അല്ലാഹു (നിങ്ങള്‍ക്ക്‌) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:5/101)

ചോദ്യം അധികരിപ്പിക്കുന്നതിനെ നബി വെറുത്തിരുന്നതായി ഹദീഥിലും വന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ دَعُونِي مَا تَرَكْتُكُمْ، إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِسُؤَالِهِمْ وَاخْتِلاَفِهِمْ عَلَى أَنْبِيَائِهِمْ، فَإِذَا نَهَيْتُكُمْ عَنْ شَىْءٍ فَاجْتَنِبُوهُ، وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍ . പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത്‌ അവരുടെ നബിമാര്‍ക്ക്‌ അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്‌. ഞാന്‍ നിങ്ങളോട്‌ എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍ . എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക്‌ സാധിക്കും പ്രകാരം അത്‌ അനുഷ്ഠിക്കുവീന്‍ . (ബുഖാരി:7288)

عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا ‏”‏ ‏.‏ فَقَالَ رَجُلٌ أَكُلَّ عَامٍ يَا رَسُولَ اللَّهِ فَسَكَتَ حَتَّى قَالَهَا ثَلاَثًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لَوْ قُلْتُ نَعَمْ لَوَجَبَتْ وَلَمَا اسْتَطَعْتُمْ – ثُمَّ قَالَ – ذَرُونِي مَا تَرَكْتُكُمْ فَإِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِكَثْرَةِ سُؤَالِهِمْ وَاخْتِلاَفِهِمْ عَلَى أَنْبِيَائِهِمْ فَإِذَا أَمَرْتُكُمْ بِشَىْءٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ وَإِذَا نَهَيْتُكُمْ عَنْ شَىْءٍ فَدَعُوهُ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ ഹജ്ജ് ചെയ്യുക. അപ്പോൾ ഒരാൾ ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ, എല്ലാ കൊല്ലവും (നിര്‍ബന്ധമാണോ?’) . നബി ‎ﷺ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യകര്‍ത്താവ് ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നബി ‎ﷺ അപ്പോഴൊക്കെ മിണ്ടാതിരിക്കുകയാണ് ചെയ്തത്. മൂന്നാമത്തെ പ്രാവശ്യത്തില്‍ നബി ‎ﷺ പറഞ്ഞു: ‘അതെ’ എന്നു ഞാന്‍ പറഞ്ഞാല്‍ അത് നിര്‍ബന്ധമാകുക തന്നെ ചെയ്യും. നിര്‍ബന്ധമായാല്‍ നിങ്ങള്‍ക്കതിന് സാധ്യമാകാതെയും വരും. ഞാന്‍ നിങ്ങളെ ഒഴിവാക്കി വിടുമ്പോള്‍ നിങ്ങള്‍ എന്നെ (ചോദ്യം ചെയ്യാതെ) വിട്ടേക്കണം. നിങ്ങളുടെ മുമ്പുള്ളവര്‍ നാശമടഞ്ഞത് അവരുടെ ചോദ്യത്തിന്റെ ആധിക്യവും, അവരുടെ നബിമാരോട് അവര്‍ വിയോജിപ്പ് കാണിച്ചതും നിമിത്തം തന്നെയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍, അതില്‍ നിന്നും കഴിയുന്നത്ര നിങ്ങള്‍ചെയ്തുകൊള്ളുക. ഞാന്‍ നിങ്ങളോട് വല്ലതും വിരോധിച്ചാല്‍ അത് നിങ്ങള്‍ (പാടെ) വിട്ടേക്കുകയും ചെയ്തു കൊള്ളുക.(മുസ്ലിം:1337)

عَنْ سَعْدِ بْنِ أَبِي وَقَّاصٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ إِنَّ أَعْظَمَ الْمُسْلِمِينَ جُرْمًا مَنْ سَأَلَ عَنْ شَىْءٍ لَمْ يُحَرَّمْ، فَحُرِّمَ مِنْ أَجْلِ مَسْأَلَتِهِ ‏”‏‏.‏

സഅ്ദ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിഷിദ്ധം’ അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ്‌ മുസ്ലിംകളില്‍ ഏറ്റവും വലിയ പാപി. (ബുഖാരി:7289)

ഒരു കാര്യം ഇന്നിന്ന പ്രകാരമായിരിക്കണമെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ ഹിതവും സൗകര്യവും അനുസരിച്ച് അത് കൈകാര്യംചെയ്‌വാന്‍ വിഷമമുണ്ടായിരിക്കയില്ല. വിശദാംശങ്ങളെപ്പറ്റി ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദീകരണം അത് ഇന്നിന്ന പ്രകാരമായിരിക്കണമെന്നുള്ള ഒരു സുനിശ്ചിതത്വം ഉളവാക്കുന്നു. അതോടെ അതില്‍ മുമ്പുണ്ടായിരുന്ന വിശാലതയും സൗകര്യവും നീങ്ങിപ്പോകുകയും, അതില്‍ കൃത്യതയും കണിശതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിന് ഇടവരുത്താതിരിക്കുകയാണ് നല്ലത് എന്നത്രെ ഈ നിരോധത്തിലടങ്ങിയ തത്വം.

‏ أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ

മുമ്പ് മൂസായോട് ചോദിക്കപ്പെട്ടത് പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:2/108)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *