ഇസ്‌ലാമിന്റെ ദൈവികതയെയും പ്രായോഗികതയെയും വിളിച്ചോതുന്നതും ചെറുപ്പം മുതലേ മുസ്‌ലിംകള്‍ കേട്ടു പരിചയിക്കുന്നതുമായ ഒരു നബിവചനമാണ് വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്നത്. 1400 വര്‍ഷങ്ങള്‍ക്കുമപ്പുറം നിരക്ഷരരും സംസ്‌കാര ശൂന്യരുമായ ഒരു ജനതയിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി ﷺ യിലൂടെ അവതീര്‍ണമായ ക്വുര്‍ആനിന്റെയും തിരുചര്യയുടെയും അധ്യാപനങ്ങളിലൂടെ – സയന്‍സിലും ടെക്‌നോളജിയിലും ‘ബിഗ് ബാംഗുകള്‍’ നടക്കുന്ന ഇക്കാലത്തും – പ്രകൃതിമതമായ ഇസ്‌ലാമിന്റെ ദൈവികതയും അതിന്റെ പ്രായോഗികതയും പ്രോജ്വലമായി നിലകൊള്ളുന്നതായി നമ്മള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. അതിനുള്ള ഒരു ഉദാഹരണമാണ് വൃത്തിയെക്കുറിച്ചുള്ള ഇസ്‌ലാമികാധ്യാപനം.
ക്വുര്‍ആന്‍ ഒരു ശാസ്ത്ര/വൈദ്യശാസ്ത്രഗ്രന്ഥമോ മുഹമ്മദ് നബി ﷺ ഒരു ശാസ്ത്രജ്ഞനോ അല്ല. എന്നാല്‍ മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതിനാല്‍ വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിക്കുമ്പോള്‍ ശാസ്ത്ര/വൈദ്യശാത്ര പാഠങ്ങളും നമുക്കതില്‍ ദര്‍ശിക്കാന്‍ കഴിയും.
ഒരു മുസ്‌ലിം നിര്‍ബന്ധമായും ചെയ്യാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടതും ക്വബ്‌റില്‍ വെച്ച് പ്രാരംഭമായി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുള്ളതും, ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതുമായ നമസ്‌കാരത്തിനു മുന്നോടിയായി അവന്‍ ഉറപ്പാക്കേണ്ട സംഗതിയാണ് പ്രത്യക്ഷ മാലിന്യങ്ങളില്‍ നിന്നുള്ള ശാരീരിക ശുദ്ധി.
മനുഷ്യരെല്ലാം വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇസ്‌ലാം അതിനെ ഒരു നിര്‍ബന്ധ കര്‍മമായി അവതരിപ്പിക്കുന്നു. വ്യക്തിശുചിത്വം എല്ലാ അവസരങ്ങളിലും അഭികാമ്യമാണ്, എങ്കില്‍കൂടി ചില സന്ദര്‍ഭങ്ങളില്‍ അത് നിര്‍ബന്ധമായും ഉറപ്പാക്കേണ്ടതാണ്. പണ്ഡിതന്മാര്‍ പ്രധാനമായും മൂന്നു തരത്തിലാണ് വ്യക്തിശുചിത്വത്തെ വ്യവഛേദിച്ചു കാണുന്നത്. (1)അനുഷ്ഠാനപരമായ കുളി, വുദൂഅ് എന്നിവയും (2)വസ്ത്രവും പരിസരവും നജസുകളില്‍ നിന്നും വൃത്തിയായി സൂക്ഷിക്കുക എന്നതും, (3)ശരീരത്തിലെ ചില അവയവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതും ചില പ്രത്യേക ഇടവേളകളില്‍ ആവര്‍ത്തിക്കേണ്ടതും (അല്ലാത്തതും) ആയ വൃത്തിപാഠങ്ങളുമാണ് (ഫിത്വ്‌റ) അവ.
ഏകനായ ദൈവത്തിന്റെ മുമ്പിലുള്ള വിശ്വാസിയുടെ കീഴ്‌വണക്കമായ നമസ്‌കാരത്തിന് വൃത്തി കൂടിയേതീരൂ എന്നത് സ്രഷ്ടാവിന്റെ ഉദ്‌ബോധനമാണ്:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക… (ഖു൪ആന്‍:5/6)
എന്ന വചനത്തിലൂടെ അല്ലാഹു നമസ്‌കാരത്തിനു മുമ്പായി വുദൂഅ് ചെയ്യണമെന്ന് പഠിപ്പിക്കുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تُقْبَلُ صَلاَةُ أَحَدِكُمْ إِذَا أَحْدَثَ حَتَّى يَتَوَضَّأَ
നബി ﷺ പറഞ്ഞു: ചെറിയ അശുദ്ധിയായിക്കഴിഞ്ഞാല്‍ ശുദ്ധിയാകാതെ – വുദൂഅ് ചെയ്യാതെ – ആരുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല. (മുസ്‌ലിം)
വുദൂഅ് എന്ന കര്‍മത്തിന്റെ പവിത്രതയും അതിന്റെ കണിശതയും ഉള്‍ക്കൊണ്ടുകൊണ്ട് അത് ചെയ്യുന്ന വിശ്വാസിയുടെ കൈകാലുകള്‍, മുഖം മുതലായ അവയവങ്ങള്‍ എപ്പോഴും വൃത്തിയായിരിക്കും. അതോടൊപ്പം വിചാരണനാളില്‍ അവന്‍ ഈ അവയവങ്ങള്‍ തിളങ്ങുന്ന രൂപത്തില്‍ ഹാജറാകുമെന്നും പ്രവാചകന്‍ ﷺ അരുളിയിരിക്കുന്നു. വുദൂഅ് ചെയ്യുന്ന അവയവങ്ങളില്‍ വെള്ളം ചേരാന്‍ തടസ്സമായ രീതിയില്‍ വല്ല വസ്തുക്കളുമുണ്ടെങ്കില്‍ അത് ആദ്യം നീക്കിക്കളയണം. അവയവങ്ങളില്‍ വെള്ളം ശരിയായി എത്തേണ്ടതുണ്ട്. താടി തിക്കകറ്റി കഴുകുകയും വിരലുകള്‍ വിടര്‍ത്തി ഇടകള്‍ കഴുകുകയും വേണം. നാസികാ ദ്വാരങ്ങളും വൃത്തിയാക്കണം. നനയേണ്ടതായ അല്‍പഭാഗം പോലും നനയാതിരുന്നാല്‍ പറ്റില്ല.
സ്ത്രീപുരുഷ ലൈംഗികബന്ധം, സ്ഖലനം, ആര്‍ത്തവം, പ്രസവരക്തം എന്നീ കാര്യങ്ങള്‍ മൂലം വലിയ അശുദ്ധി ഉണ്ടാകുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ കുളി നിര്‍ബന്ധമാകുന്ന കാര്യങ്ങളാകുന്നു.
وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ
…. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണെങ്കില്‍ ശുദ്ധിയായിക്കൊള്ളുക … (ഖു൪ആന്‍:5/6)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ
സത്യവിശ്വാസികളേ, നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ഗ്രഹിക്കുന്ന അവസ്ഥയിലല്ലാതെ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്. ജനാബത്തുള്ള വരാകുമ്പോള്‍-വഴിയിലൂടെ കടന്നുപോകുന്നവരായിക്കൊണ്ടല്ലാതെ-കുളിക്കുന്നത്‌വരെയും നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്. (ഖു൪ആന്‍:4/43)
നിര്‍ബന്ധമല്ലാത്ത രൂപത്തിലും നബിചര്യയിലൂടെ സ്ഥിരപ്പെട്ട പല അവസരങ്ങളിലും വുദൂഅ്, കുളി തുടങ്ങിയ കര്‍മങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതായി കാണാന്‍ കഴിയും.
നിര്‍ബന്ധമായ കുളിക്കു മുമ്പ്, ബാങ്കിനു മുമ്പ്, സഅ്‌യിനുവേണ്ടി, വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍… തുടങ്ങിയ അവസരങ്ങളില്‍ ഒരു വിശ്വാസി വുദൂഅ് ഉള്ളവനാകല്‍ നല്ലതാണ്. ജുമുഅയുടെ കുളി, അമുസ്‌ലിം മുസ്‌ലിമായാല്‍, മയ്യിത്ത് കുളിപ്പിച്ചാല്‍, ഹജ്ജിനു ഇഹ്‌റാം ചെയ്യുമ്പോള്‍, മക്കയില്‍ പ്രവേശിക്കുമ്പോള്‍, രണ്ടു പെരുന്നാളുകള്‍ എന്നീ അവസരങ്ങളിലാണ് ഐഛികമായ കുളി പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളത്. കുളിയും അവയവ ശുദ്ധിയും ഇത്രയേറെ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റെന്തിലും പോലെ വെള്ളത്തിന്റെ ഉപയോഗത്തിലും മിതത്വം പാലിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നത് നാം വിസ്മരിച്ചു കൂടാ.
വെള്ളത്തിന് വലിയ ക്ഷാമമൊന്നുമില്ലാത്ത കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് കുളി എന്നത് ദിനചര്യയുടെ ഭാഗമാണ്. വര്‍ഷത്തില്‍ വല്ലപ്പഴും മാത്രം മഴലഭിക്കുന്ന അറേബ്യന്‍ മണലാരുണ്യത്തില്‍ ജീവിക്കുന്ന സമൂഹത്തോട് നിര്‍ബന്ധമായ കുളി മതത്തിന്റെ ഭാഗമാണെന്ന് അനുശാസിച്ച (അതും 6ാം നൂറ്റാണ്ടില്‍)ഇസ്‌ലാമിന്റെ ശുദ്ധിബോധനം എത്ര പ്രസക്തമാണെന്ന് നാം ചിന്തിക്കണം.
‘നജസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമാന്യമായി നാം മ്ലേഛമെന്ന് ഗണിക്കുന്നതും നിര്‍ബന്ധമായി കഴുകിക്കളയാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുമായ ചില പ്രത്യേക മാലിന്യങ്ങളാണ്. കാഷ്ഠം, മൂത്രം, രക്തം, ചലം, ഛര്‍ദിച്ചത്… പോലുള്ളവ ഉദാഹരണം. ദ്രാവക രൂപത്തിലള്ള ലഹരിവസ്തുക്കള്‍, പന്നി, നായ മുതലായവയും നജസില്‍ പെടുന്നു. എല്ലാതരം നജസുകളില്‍ നിന്നും ശുദ്ധമായ വെള്ളം കൊണ്ട് ശുദ്ധീകരണം നടത്തല്‍ മുസ്‌ലിമിന്റെ ബാധ്യതയാണ്. തന്റെ ശരീരം, വസ്ത്രം, വീട്, ആരാധനാ സ്ഥലങ്ങള്‍ എന്നിവ എല്ലായ്‌പ്പോഴും നജസുകളില്‍ നിന്നും മുക്തമായിരിക്കണം.
വ്യക്തിശുചിത്വത്തില്‍ ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയ ഒന്നാണ് ‘ദന്തശുദ്ധീകരണം.’ ദന്തശുദ്ധി ഉറപ്പുവരുത്തുക എന്നതിനുള്ള ആരോഗ്യ പരമായുള്ള പ്രാധാന്യം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു. ദന്തശുദ്ധീകരണം നിര്‍ബന്ധമായും അഭികാമ്യമായും വിശദീകരിച്ച സന്ദര്‍ഭങ്ങള്‍ ദ്യോതിപ്പിക്കുന്നത് സ്വശരീരത്തിനുള്ള കരുതല്‍ എന്നതിനൊപ്പം മനുഷ്യനെന്ന സാമൂഹ്യജീവിയുടെ മറ്റുള്ളവരോടുള്ള ശീതളമായ ബന്ധത്തിന്റെ നിലനില്‍പു കൂടിയാണ്. നബി ﷺ പറഞ്ഞു:
لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ
എന്റെ സമുദായത്തിന് പ്രയാസകരമാവില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിന്റെയും (വുദൂഇന് മുമ്പായി) പല്ലുതേക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു.
ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ‘മിസ്‌വാക്’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ‘അറാക്ക്’ എന്ന അറബിയില്‍ അറിയപ്പെടുന്ന ”സല്‍വഡൊറ പേര്‍സികാ” എന്ന വൃക്ഷത്തിന്റെ ചെറിയ കമ്പുകളാണ്. അണുനാശക സ്വഭാവമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ പ്രകൃതിദത്തമായ ഈ വസ്തു അറേബ്യന്‍ നാടുകളില്‍ ഇപ്പോഴും ടൂത്ത് ബ്രഷിനു പകരമായി ഉപയോഗിക്കുന്നു. ഓരോ നമസ്‌കാരത്തിനും വുദൂഇനും മുമ്പും, ഭക്ഷണത്തിനു മുമ്പും ശേഷവും വീട്ടില്‍ പ്രവേശിക്കുമ്പോഴും, ഉറങ്ങാന്‍ കിടക്കുമ്പോഴും, രാത്രി നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റാലും, ഉറക്കമുണര്‍ന്നാലും എല്ലാം തന്നെ ദന്തശുദ്ധി വരുത്തണമെന്ന് വളരെ പ്രാധാന്യത്തോടെ ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നു.
വീട്ടില്‍ പ്രവേശിച്ചാല്‍ നബി ﷺ ആദ്യമായി എന്തായിരുന്നു ചെയ്യാറുണ്ടായിരുന്നതെന്ന് ആഇശ رضي الله عنها യോട് ചോദിക്കപ്പെട്ടപ്പോള്‍ മഹതി പറഞ്ഞത് ‘നബി ﷺ ആദ്യമായി ദന്തശുദ്ധിവരുത്തും’ എന്നാണ്. (മുസ്‌ലിം)
عَنْ حُذَيْفَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ .
ഹുദൈഫ رضي الله عنه പറഞ്ഞു:നബി ﷺ രാത്രി നമസ്‌കാരത്തിനു വേണ്ടി എഴുന്നേറ്റാല്‍ ആദ്യം പല്ലുകള്‍ വൃത്തിയാക്കുമായിരുന്നു. (മുസ്‌ലിം)
രാത്രിയുടെ അന്ത്യയാമങ്ങളില്‍ തന്റെ നാഥനോടുള്ള പ്രാര്‍ഥനക്കുവേണ്ടി ഒരുങ്ങുന്ന വിശ്വാസി വായ ദുര്‍ഗന്ധരഹിതമാക്കേണ്ടതുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
വ്യക്തിശുചിത്വത്തില്‍ മൂന്നാമത്തെ ഇനമാണ് ശുദ്ധപ്രകൃതിയുടെ ഭാഗമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍. അബൂഹുറൈറ رضي الله عنها നിവേദനം ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം:
الْفِطْرَةُ خَمْسٌ ـ أَوْ خَمْسٌ مِنَ الْفِطْرَةِ ـ الْخِتَانُ، وَالاِسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ .
5 കാര്യങ്ങള്‍ ശുദ്ധപ്രകൃതിയില്‍ പെട്ടതാണ്. 1 ചേലാകര്‍മം ചെയ്യല്‍, 2-ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യല്‍,, 3-കക്ഷം പറിക്കല്‍, 4-നഖം വെട്ടല്‍, 5-മീശവെട്ടി ചെറുതാക്കല്‍ എന്നിവയാണവ. (ബുഖാരി:5889)
ഇസ്‌ലാമില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായ ഒരു കര്‍മമാണ് ചേലാകര്‍മമെന്നത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ചേലാകര്‍മം ചെയ്യല്‍ ഇബ്‌റാഹീം നബി عليه السلام യുടെ മില്ലത്തില്‍ പെട്ടതാണെന്ന് അബൂഹുറൈറ رضي الله عنها നിവേദനം ചെയ്ത ഹദീഥില്‍ കാണാവുന്നതാണ്. ലിംഗത്തിന്റെ ഘടനാപരമായ പ്രത്യേകത – അഗ്രഭാഗത്തുള്ള അയഞ്ഞചര്‍മം – ചേലാകര്‍മത്തിന്റെ ആവശ്യകതയെ സാധൂകരിക്കുന്നതാണ്. ചേലാകര്‍മം ചെയ്യുക വഴി ലിംഗാഗ്രത്തില്‍ മൂത്രവിസര്‍ജനത്തിനു ശേഷം ചെറുതായെങ്കിലും മൂത്രം അവശേഷിക്കുന്നതില്‍ നിന്നും തടയുന്നു. അതുപോലെ മറ്റു അഴുക്കുകള്‍ അടിഞ്ഞുകൂടുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നു. മുസ്‌ലിംകള്‍ മതപരമായ കര്‍മം എന്ന രീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കുമ്പോള്‍ വൈദ്യശാസ്ത്രം ഫിമോസിസ്, ബാലനോപോസ്‌തൈറ്റിസ്, ദീര്‍ഘകാലനുബന്ധിയായ മൂത്രാണുബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയായും പ്രതിരോധ കര്‍മമായും ഇതിനെ പ്രാവര്‍ത്തികമാക്കുന്നു. ലിംഗഭാഗത്തുള്ള കാന്‍സര്‍ ബാധക്കും ഒരുപരിധിവരെ ചേലാകര്‍മം പ്രതിരോധമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
സബ്‌സഹാറന്‍, ആഫ്രിക്ക തുടങ്ങിയ H.I.V ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ WHOയുടെ നിര്‍ദേശപ്രകാരം H.I.V സംക്രമണം കുറക്കുന്നതിനു വേണ്ടി പുരുഷചേലാകര്‍മം പ്രോത്സാഹിപ്പിക്കുന്നുണ്ട്. The Royal Dutch Medical Association പോലുള്ള സംഘടനകള്‍, രക്ഷിതാക്കളുടെ താല്‍പര്യം മാത്രം കണക്കിലെടുത്തും കുഞ്ഞുങ്ങളുടെ താല്‍പര്യം കണക്കിലെടുക്കാതെയും കുറ്റമറ്റ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സേവനം ഉറപ്പാക്കാതെയുമുള്ള നിര്‍ബന്ധിത ചേലാകര്‍മത്തിനെതിരെ നിയമ പരിരക്ഷക്കുവേണ്ടി രംഗത്തുള്ളത് നാമെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവും. ഇവിടെ കുട്ടിക്ക് അപകടകരമായ ഒന്നും സംഭവിക്കില്ലെന്നും പ്രായോഗിക പരിശീലനമുള്ള അംഗീകരിക്കപ്പെട്ട പ്രൊഫഷണലാണ് ചെയ്യുന്നതെന്നും നമ്മള്‍ വിശ്വാസികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. മറ്റുപല അനാചാരങ്ങളെയും പോലെ ഇതിനെ ചുറ്റിപ്പറ്റിയുള്ള അനാവശ്യ ചടങ്ങുകളും എതിര്‍ക്കപ്പെടേണ്ടതുണ്ട്.
അനുഷ്ഠാനങ്ങള്‍ക്കു വേണ്ടി ശുചിത്വം നിര്‍ബന്ധമായതിനാല്‍, ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യല്‍ ശരീരശുചിത്വത്തിലേക്ക് സഹായകരമാകുന്നു. മലദ്വാരം, മൂത്രദ്വാരം, യോനി എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഗുഹ്യഭാഗത്തുള്ള രോമവളര്‍ച്ച കൃത്യമായ ഇടവേളകളില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അണുബാധക്കു കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പ്രദേശങ്ങളിലെ രോമങ്ങള്‍ നീക്കം ചൊയ്യാന്‍ നാല്‍പതു ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇടവേള ഉണ്ടാവരുതെന്ന് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മീശവെട്ടലും താടി നീട്ടലുമാണ് നബിചര്യ, മീശ വളര്‍ന്ന് ചുണ്ടിലേക്കും വായിലേക്കും കടന്നുവരുന്നത് വൃത്തിക്ക് അഭികാമ്യമല്ലെന്നത് പറയേണ്ടതില്ലല്ലോ.
കക്ഷങ്ങളിലുള്ള രോമങ്ങള്‍ നീക്കം ചെയ്യലും ശുദ്ധപ്രകൃതിയുടെ ഭാഗമാണ്. വിയര്‍പ്പു ഗ്രന്ഥികള്‍ കൂടുതലുള്ള സ്ഥലമാണെന്നതിനാല്‍ ഇവിടെയും രോമങ്ങള്‍ നീക്കം ചെയ്യാതെ ഉപേക്ഷിച്ചുകൂടാത്തതാണ്.
നഖങ്ങള്‍ മുറിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യന്താപേക്ഷിതം തന്നെ. നീണ്ടതും അഴുക്കുകള്‍ ഇരിക്കാന്‍ സാധ്യതയുള്ളതുമായ നഖം വിശ്വാസിക്ക് യോജിച്ചതല്ല.
മലമൂത്ര വിസര്‍ജനത്തിനു ശേഷം ബന്ധപ്പെട്ട അവയവങ്ങള്‍ സസൂക്ഷ്മം വൃത്തിയാക്കുക എന്നത് ഇസ്‌ലാം മതം കണിശമായി ആവശ്യപ്പെടുന്നു. മൂത്രമൊഴിച്ച ശേഷം നന്നായി വൃത്തിയാക്കാത്തതിന്റെ പേരില്‍ ക്വബ്‌റില്‍ ശിക്ഷിക്കപ്പെടുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ടെങ്കില്‍ അത് വൃത്തിക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നു. വിസര്‍ജ്യസ്ഥലത്തേക്കു പ്രവേശിക്കുമ്പോള്‍ ചെരിപ്പ് ധരിക്കലും അഭികാമ്യമാണ്. ഇതെല്ലാം അവഗണിക്കല്‍ രോഗങ്ങള്‍ വരുത്തിവെക്കാനുള്ള ചെയ്തി എന്നതിലപ്പുറം സുന്നത്തിനോടുള്ള നിന്ദ കൂടിയാണ്.
വൃക്തി ശുചിത്വത്തിനൊപ്പം തന്നെ നമ്മുടെ പരിസരവും നമ്മള്‍ ശുഷ്‌കാന്തിയോടു കൂടിത്തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകള്‍ക്കും അതുവഴി സാമൂഹികാന്തരീക്ഷത്തിനും ഹാനികരമാകുന്ന ദുര്‍വൃത്തികളെ നബി ﷺ വിലക്കിയിട്ടുണ്ട്.
പൊതു ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് നീചമായ പ്രവൃത്തിയാണ്. ജലാശയങ്ങളിലും (പ്രത്യേകിച്ച് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍) ജനങ്ങള്‍ വിശ്രമിക്കുന്ന തണല്‍ പ്രദേശങ്ങളിലും വഴിയോരങ്ങളിലും മലമൂത്രവിസര്‍ജനം ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു. പള്ളികളിലെയും പൊതുസ്ഥലങ്ങളിലെയുമൊക്കെ ശൗചാലയങ്ങള്‍ വൃത്തിയായി കൈകാര്യം ചെയ്യാന്‍ നാം ശീലിക്കേണ്ടതുണ്ട്.
പൊതുസ്ഥലങ്ങളില്‍ അറവുമാലിന്യങ്ങളും മറ്റു ഗാര്‍ഹിക, കച്ചവട മാലിന്യങ്ങളും നിക്ഷേപിക്കുന്നവര്‍ ചെയ്യുന്നത് ക്രൂരമായ സാമൂഹ്യദ്രോഹമാണ്. ഇത്തരക്കാര്‍ക്ക് ഇസ്‌ലാം ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. തനിക്കും തന്റെ ചുറ്റുപാടിനും ദോഷകരമായ ഒരു പ്രവൃത്തിയും മുസ്‌ലിമിന്റെ ഭാഗത്തുനിന്നുണ്ടായിക്കൂടാ. അഴുക്കുകളും മാലിന്യങ്ങളും നമ്മില്‍ നിന്നും നീങ്ങിയാല്‍ മാത്രം പോരാ; അയല്‍ക്കാരനും സമൂഹത്തിനും അത് ദോഷകരമാകാതിരിക്കുകയും വേണം. ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നതും രോഗസംക്രമത്തിനു കാരണമാകുന്നതുമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഒരു സമൂഹത്തിന്റെ സംസ്‌കാരശൂന്യതയെയാണ് പ്രതിഫലിപ്പിക്കുന്നത്. വഴിയിലെ ഒരു തടസ്സം മാറ്റുന്നത് പോലും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം.
പ്രബോധന പ്രവര്‍ത്തനത്തിനിറങ്ങുന്ന പ്രവാചകനോട് അല്ലാഹുവിന്റെ നിര്‍ദേശം وَثِيَابَكَ فَطَهِّرْ {നിന്റെ വസ്ത്രങ്ങള്‍ നീ ശുദ്ധമാക്കുക} (ക്വുര്‍ആന്‍ 74:4) എന്നതായിരുന്നു.
ജനങ്ങള്‍ കൂടുന്നിടത്ത് വൃത്തിയോടെ പെരുമാറുക എന്നതും നമ്മുടെ ബാധ്യതയാണ്. ”ഉള്ളിയോ വെളുത്തുള്ളിയോ തിന്നവര്‍ പള്ളിയില്‍ നിന്നും വിട്ടു നില്‍ക്കണം, അവര്‍ വീട്ടിലിരിക്കട്ടെ” എന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ കാണാവുന്നതാണ്. അതിന്റെ പച്ചമണം മറ്റുള്ളവര്‍ക്ക് അസഹനീമായിരിക്കും എന്നതിനാലാണ് ഈ വിലക്ക്.
ഇസ്‌ലാം പഠിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിലെ മര്യാദകളിലും വൃത്തിപാഠങ്ങള്‍ നമുക്ക് കാണാം. വലതുകൈകൊണ്ട് മാത്രമാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുസൂക്ഷിക്കണമെന്നും ഇസ്‌ലാം അറിയിക്കുന്നുണ്ട്. എലി മുതലായ ജീവികള്‍ പാത്രങ്ങളും ഭക്ഷണങ്ങളും വഴി രോഗം പരത്തുന്നത് നാം ശ്രദ്ധിക്കേണതുണ്ട്.
عَنْ أَبِي قَتَادَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا شَرِبَ أَحَدُكُمْ فَلاَ يَتَنَفَّسْ فِي الإِنَاءِ، وَإِذَا أَتَى الْخَلاَءَ فَلاَ يَمَسَّ ذَكَرَهُ بِيَمِينِهِ، وَلاَ يَتَمَسَّحْ بِيَمِينِهِ
അബൂഖതാദ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുകയുണ്ടായി: നിങ്ങള്‍ വെള്ളംകുടിക്കുമ്പോള്‍ പാത്രത്തില്‍ ഊതരുത്, വിസര്‍ജന സ്ഥലത്ത് എത്തിയാല്‍ വലതുകൈകൊണ്ട് ലിംഗം തൊടരുത്. വലതു കൈകൊണ്ട് ശൗചം ചെയ്യുകയുമരുത്. (ബുഖാരി, മുസ്‌ലിം)
മനുഷ്യരുടെ ഇഹലോക ജീവിതത്തിന്റെ സകലമാന കോണുകളിലേക്കും മാര്‍ഗനിര്‍ദേശം നല്‍കുകയും പ്രവര്‍ത്തനഫലങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗനരകങ്ങളില്‍ ശാശ്വത ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്ത ഇസ്‌ലാം വൃത്തിക്കു നല്‍കിയ പദവി ഉന്നതം തന്നെ!
ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟﺘَّﻮَّٰﺑِﻴﻦَ ﻭَﻳُﺤِﺐُّ ٱﻟْﻤُﺘَﻄَﻬِّﺮِﻳﻦَ
തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.(ഖു൪ആന്‍:2/222)
ഡോ.ജസ്‌റതുന്നിസ
www.kanzululoom.com