നിർബന്ധ കർമങ്ങൾ അതീവ താൽപര്യത്തോടുകൂടി നിർവഹിക്കുകയും ഐഛിക കർമങ്ങൾ അധികരിപ്പിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മുമ്പിൽ വിനയാന്വിതനാകാൻ സഹായകമാകുന്ന മാസമാണ് റമദാൻ. ഈ മാസം കടന്നുവരുമ്പോൾ അതിൽ സന്തോഷിക്കുന്നവരാണ് നോമ്പെടുക്കാൻ ശീലിച്ച വിശ്വാസികൾ.
ദുർബല വിശ്വാസികളിൽ ഈ മാസത്തിന്റെ ആഗമനം മനഃപ്രയാസമാണ് സൃഷ്ടിക്കുക. മറ്റു മാസങ്ങളെ പോലെയാണ് അവർ റമദാൻ മാസത്തെയും മാനസികമായി പരിഗണിക്കുന്നത്. ഇസ്ലാം പഠിപ്പിച്ച നന്മകൾ കൂടുതലായി സ്വീകരിക്കാൻ ഇത്തരം ആളുകൾക്ക് സാധിക്കാറില്ല. പൈശാചികതയിൽ ആഴ്ത്തപ്പെട്ട പരാക്രമിയായ മനുഷ്യന് എന്നിട്ടും നോമ്പിൻ്റെ പ്രയോജനം ഉണ്ടാകുന്നതിന് വേണ്ടി അല്ലാഹു അവസരങ്ങൾ നൽകുകയാണ്. മനുഷ്യനിലെ പൈശാചികത ചുരുങ്ങുകയും സൂക്ഷ്മതയോടെ അല്ലാഹുവിലേക്ക് അടുക്കുകയും ചെയ്യാനുള്ള സന്ദർഭാനുകൂല്യം റമദാൻ മാസത്തിൻ്റെ പ്രത്യേകതയാണ്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാൻ മാസമായാൽ സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയും ചെയ്യും. (ബുഖാരി)
അല്ലാഹുവിൻ്റെ മാർഗത്തിൽ നോമ്പനുഷ്ഠിക്കുന്ന സത്യവിശ്വാസികൾക്ക് പിശാചുക്കളിൽ നിന്നും ഏൽക്കാൻ സാധ്യതയുള്ള ഉപദ്രവങ്ങളും പ്രയാസങ്ങളും തടയുന്നത് അല്ലാഹു ഈ മാസത്തിന് നൽകിയ പ്രത്യേക ആദരവിൻ്റെ അടയാളമാണ്.
عن أبي هريرة قال : قال رسول الله – صلى الله عليه وسلم – : ” إذا كان أول ليلة من رمضان صفدت الشياطين مردة الجن ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘റമദാനിന്റെ ആദ്യരാവ് ആസന്നമായാൽ പിശാചുക്കളും ജിന്നുകളിലെ അപകടകാരികളും (മാരിദ്) ചങ്ങലകളിൽ ബന്ധിക്കപ്പെടും. (സ്വഹീഹ് ഇബ്നുഖുസൈമ)
മനുഷ്യന്റെയടുത്ത് സന്നിഹിതനാകാൻ കഴിയാതെ റമദാനിൽ പിശാചുക്കൾ മൊത്തത്തിൽ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയില്ലെന്ന് ഈ ഹദീഥുകൾ തെളിവാക്കികൊണ്ട് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. ജിന്നുവർഗത്തിൽ പെട്ട ഉപദ്രവകാരികളായ (മറദതുൽ ജിന്ന്) പിശാചുക്കൾ ചങ്ങലയിൽ ബന്ധിക്കപ്പെടുന്നതോടൊപ്പം അപ്രകാരം ബന്ധിക്കപ്പെടാത്ത വരും അവരുടെ കൂട്ടത്തിലുണ്ടെന്നാണ് അവർ പഠിപ്പിക്കുന്നത്. ഇമാം ഇബ്നു ഖുസൈമ رحمه الله ഇക്കാര്യം അറിയിക്കുന്ന ഹദീഥ് ഉൾപ്പെടുത്തിയ അധ്യായത്തിന്റെ പേര് ഇപ്രകാരമാണ് നൽകിയത്:
باب ذكر البيان أن النبي – صلى الله عليه وسلم – إنما أراد بقوله : ” وصفدت الشياطين ” مردة الجن منهم ، لا جميع الشياطين ” إذ اسم الشياطين قد يقع على بعضهم ،
‘ശൈത്വാൻ ചങ്ങലകളിൽ ബന്ധിക്കപ്പെടും എന്ന് നബി ﷺ പറഞ്ഞതിൻ്റെ താത്പര്യം ജിന്നുകളിൽ നിന്നുളള ഉപദ്രവകാരികളാണ്, മുഴുവനായുമുളള ശൈത്വാൻമാരല്ല, കാരണം ശൈത്വാൻ എന്ന നാമം അവരിൽ ചിലർക്കാണ് ബാധകമാകുന്നത് എന്ന കാര്യം വിവരിക്കുന്ന അധ്യായം’.
റമദാൻ മാസത്തിൽ പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുമെങ്കിൽ പിന്നെ എന്തുകൊണ്ട് പ്രസ്തുത മാസത്തിൽ തിന്മകൾ സംഭവിക്കുന്നു എന്ന് ചിലർ തർക്കിക്കാറുണ്ട്. ഈ വിഷയത്തിൽ ഇമാം ഖുർതുബി رحمه الله നൽകിയ മറുപടി പ്രസക്ത മാണ്: ‘അതിനുളള ഉത്തരമെന്തെന്നാൽ തിന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കുറയുന്നത് നോമ്പിൻ്റെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് സൂക്ഷ്മതയോടെ അത് നിർവഹിക്കുന്നവർക്കാണ്. അല്ലെങ്കിൽ പിശാചുക്കളിൽ ചിലതിനെയാണ് ചങ്ങലയിൽ ബന്ധിക്കുന്നത്. ചില റിപ്പോർട്ടുകളിൽ വന്നപോലെ അവരിലെ ഏറ്റവും അപകടകാരികൾ (മാരിദ്); അതല്ലാതെ പിശാചുക്കൾ മുഴുവനായിട്ടുമല്ല. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ തിന്മകൾ കുറയുന്നത് സാമാന്യമായിതന്നെ പ്രകടമായിട്ടുള്ള കാര്യമാണ്. ഇനി എല്ലാ പിശാചുക്കളെയും ചങ്ങലകളിൽ ബന്ധിപ്പിച്ചാൽ തന്നെയും അക്കാരണത്താൽ തിന്മ നിറഞ്ഞ പ്രവർത്തനങ്ങളും പാപങ്ങളും സംഭവിക്കുകയില്ല എന്ന് അതറിയിക്കുന്നില്ല. കാരണം, പിശാചുക്കൾക്ക് പുറമെ മനുഷ്യൻ്റെ ദേഹേച്ഛയും ദുശ്ശീലങ്ങളും മനുഷ്യ പിശാചുക്കളുമെല്ലാം തിന്മകൾക്കുളള ഹേതുവായി ഭവിക്കാറുള്ളതാണ്. (ഫത്ഹുൽ ബാരിയിൽ നിന്ന്)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله അഭിപ്രായപ്പെട്ടു: എങ്കിലും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട പിശാചുക്കളുടെ കൂട്ടത്തിൽ നിന്ന് ദോഷകരമായത് ഭവിച്ചേക്കാം. എന്നാൽ റമദാനല്ലാത്ത മാസങ്ങളിൽ സംഭവിക്കുന്നതിനെക്കാൾ കുറവും ദുർബലവുമായിരിക്കുമത്. ഇത് ഒരാളുടെ നോമ്പിൻ പൂർണതക്കും ന്യൂനതക്കുമനുസൃതമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ഒരാളുടെ സമ്പൂർണമായ നോമ്പ് പിശാചിൽ നിന്നുള്ള ഉപദ്രവം തടയുന്നതു പോലെയാകില്ല ന്യൂനതകളുള്ള ഒരാളുടെ നോമ്പ് പ്രസ്തുത ഉപദ്രവം തടയുന്നത്. (മജ്മൂഉൽ ഫതാവ 25/246)
പിശാചുക്കളുടെ ദുർബോധനങ്ങളിലെ ക്രിയാശീലത ഇതരമാസങ്ങളെ അപേക്ഷിച്ച് റമദാൻ മാസത്തിൽ നന്നേ കുറവായിരിക്കും എന്നത് വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള ബൃഹത്തായ അനുഗ്രഹമാണ്. റമദാൻ മാസത്തിലെ ഒരാളുടെ നോമ്പ് കുറ്റമറ്റതായിരിക്കാൻ ഈ അനുഗ്രഹമാണ് സത്യവിശ്വാസികളെ സഹായിക്കുന്നത്.
അൻവര് അബൂബക്കര്
www.kanzululoom.com