“മരുഭൂമിയിലെ കപ്പൽ” എന്നറിയപ്പെടുന്ന ഒരു സസ്തനിയാണ് ഒട്ടകം. റോഡിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ അതിനാവശ്യമായ രീതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ടവയായിരിക്കണം. അല്ലാത്തപക്ഷം അവ ഉപയോഗയോഗ്യമാവുകയില്ല. ഗതാഗത പാതക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ ഓപ്ഷനുകളോടുകൂടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു വാഹനം ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല എന്ന നിഗമനത്തിലെത്തുന്ന മനുഷ്യന്‍റെ സാമാന്യബുദ്ധിയെ തൊട്ടുണര്‍ത്തുന്ന ഒരു സൃഷ്ടിയാണ് ഒട്ടകം. ‘ഒട്ടകം മരുഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാവിധ പ്രീമിയം ഓപ്ഷനുകളോടുംകൂടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു അത്യപൂര്‍വ സൃഷ്ടിയാണെന്ന് അതിനെക്കുറിച്ച് പഠിക്കുമ്പോള്‍ മനസ്സിലാകും.
ഓരോ ഭൂപ്രദേശത്തിനും കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് അതത് സ്ഥലങ്ങളില്‍ ജീവിക്കുന്ന ജീവികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശുദ്ധജലത്തിലും ഉപ്പുജലത്തിലും ജീവിക്കുന്ന മല്‍സ്യങ്ങളിലും ധ്രുവപ്രദേശങ്ങളിലെ അതിശൈത്യത്തില്‍ ജീവിക്കുന്ന മൃഗങ്ങളിലും അന്തരീക്ഷത്തില്‍ പറക്കുന്ന പക്ഷികളിലും ഈ അനുകൂല സംവിധാനങ്ങള്‍ കാണാന്‍ സാധിക്കും. അഥവാ അവയൊക്കെ ആ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ടവയാണ്. ഇതുപോലെ അതിശക്തമായ ചൂടും മണലും വരള്‍ച്ചയും ഉള്ള സ്ഥലത്ത് ജീവിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഒട്ടകവും.
ഒട്ടകത്തിന്‍റെ കണ്ണുകള്‍ക്ക് ഒന്നിനു മുകളില്‍ ഒന്നായി രണ്ടുനിര കണ്‍പീലികള്‍ ഉണ്ട്. ഇവ കണ്ണില്‍ വന്ന് പതിക്കാനിടയുള്ള മണല്‍ത്തരികളെയും മറ്റും തടഞ്ഞുനിര്‍ത്തുന്നു. മുകളിലും താഴെയുമുള്ള കണ്‍പോളകള്‍ കൂടാതെ മൂന്നാമതൊരു കണ്‍പോളകൂടി ഒട്ടകത്തിനുണ്ട്. അതാകട്ടെ നേര്‍ത്തതും സുതാര്യവുമാണ്. മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തില്‍ ഒട്ടകം ഈ നേര്‍ത്ത പോളകൊണ്ട് കണ്ണു മൂടുന്നു. എന്നാല്‍ അത് സുതാര്യമായതുകൊണ്ട് അതിലൂടെ പുറമേക്ക് കാണാവുന്നതുമാണ്! അതായത് മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തിലും അവയ്ക്ക് മണല്‍ത്തരികള്‍ കണ്ണില്‍ വീഴാതെയും കാഴ്ചയ്ക്ക് തടസ്സം വരാതെയും മുന്നോട്ടുനീങ്ങാം.
ഒട്ടകത്തിന്‍റെ മൂക്കിന്‍റെ ദ്വാരങ്ങള്‍ ഉദ്ദേശിക്കുമ്പോള്‍ അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തില്‍ ആവശ്യാനുസരണം മൂക്കിന്‍റെ ദ്വാരങ്ങള്‍ അടച്ചു പിടിച്ച് മൂക്കിലേക്ക് മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിക്കും.
ഒട്ടകത്തിന്‍റെ മുകള്‍-താഴ് ചുണ്ടുകൾ വലതും ഇടതും കഷ്ണങ്ങളായി (മുറിച്ചുണ്ടുകള്‍) വേര്‍പ്പെട്ടു നില്‍ക്കുന്നു. ഈ കഷ്ണങ്ങള്‍ ഓരോന്നും വേറെ വേറെ തുറക്കാനും അടക്കാനും സാധിക്കും. മാത്രവുമല്ല ഈ ചുണ്ടുകളും വായക്കകത്തെ തൊലിയും നാവും കട്ടിയുള്ളതാണ്. ഒട്ടകത്തിന്‍റെ പ്രധാന ഭക്ഷണം മരുഭൂമിയില്‍ അങ്ങിങ്ങായി കാണുന്ന മുള്‍ച്ചെടികളായതുകൊണ്ട് വായില്‍ മുറിവേല്‍ക്കാതെ അവ തിന്നാന്‍ വായയിലെയും ചുണ്ടുകളിലെയും ഈ കട്ടിയുള്ള തൊലി സഹായിക്കുന്നു.
ഒട്ടകത്തിന്‍റെ ചെവികള്‍ രോമനിബിഢമാണ്. അത് ചെവിക്കകത്തേക്ക് ഏതെങ്കിലും വിധത്തില്‍ മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് തടയുന്നു.
ഒട്ടകത്തിന്‍റെ കാലുകള്‍ നീളമുള്ളതാണ്. ശക്തമായ ചൂടുള്ള മണല്‍പ്രതലത്തില്‍നിന്ന് ശരീരഭാഗം ഉയര്‍ന്നുനില്‍ക്കാനും അതുവഴി ചൂട് ശരീരത്തിലേക്ക് പ്രസരിക്കുന്നത് തടയാനും നീളമേറിയ കാലുകള്‍ സഹായിക്കുന്നു.ചവിട്ടുമ്പോള്‍ വശങ്ങളിലേക്ക് പരക്കുന്ന രീതിയിലാണ് ഒട്ടകത്തിന്‍റെ കാല്‍പാദങ്ങള്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത്. അതുവഴി മണലിലേക്ക് കാലുകള്‍ ആഴ്ന്നുപോകുന്നത് തടയുന്നു. അവയുടെ കാല്‍വിരലുകള്‍ക്കിടയിലുള്ള വിടവുകള്‍ ഒരു ആവരണംകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഇത് വിരലുകള്‍ക്കിടയിലൂടെ മണല്‍ കയറുന്നതും അതുമൂലം കാല്‍ മണലിലേക്ക് ആഴ്ന്നു പോകുന്നതും തടയുന്നു. മാത്രമല്ല, അവയ്ക്ക് മരുഭൂമിയിലൂടെ വേഗത്തില്‍ ദീര്‍ഘദൂരം ഭാരം വഹിച്ച് നടക്കാനും ഓടാനും സാധിക്കും.
വെള്ളം ലഭിക്കുന്ന സമയത്ത് ധാരാളം കുടിച്ച് മിച്ചംവന്നത് സൂക്ഷിച്ചുവെക്കാനും ഒട്ടകത്തിനു സംവിധാനമുണ്ട്.അധികമുള്ള വെള്ളവും ഭക്ഷണവും കൊഴുപ്പുരൂപത്തിലേക്ക് മാറ്റി മുതുകിലെ പൂഞ്ഞയില്‍ സൂക്ഷിക്കപ്പെടുന്നു. പിന്നീട് ആവശ്യാനുസരണം ഈ കൊഴുപ്പിനെ ശരീരം വെള്ളമാക്കി മാറ്റി ഉപയോഗിക്കുന്നു.
ഒട്ടകത്തെ സസൂക്ഷ്മം പഠിക്കുന്നവര്‍ക്ക് അതിന്‍റെ സൂക്ഷ്മജ്ഞാനിയായ സ്രഷ്ടാവിനെ ഒരിക്കലും നിഷേധിക്കാന്‍ സാധ്യമല്ല എന്നതാണു വാസ്തവം. അല്ലാഹു പറയുന്നത് കാണുക:
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ
ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. (ഖുർആൻ:88/17)
മുഹമ്മദ് അമാനി മൗലവി رَحِمَهُ اللهُ എഴുതുന്നു: ഒട്ടകത്തെപ്പറ്റി ചിന്തിക്കുവാനുള്ള ക്ഷണം അറബികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും അര്‍ത്ഥവത്താകുന്നു. ഒട്ടകം അറബികളുടെ അമൂല്യ സമ്പത്താണ്. ഈ അടുത്തകാലത്തായി പരിഷ്കൃതവാഹനങ്ങളും, പുതിയ ജീവിതമാര്‍ഗങ്ങളും നിലവില്‍ വന്നതോടുകൂടി ഒട്ടകത്തിന്റെ പ്രാധാന്യം അറേബ്യയില്‍ കുറെയെല്ലാം കുറഞ്ഞിട്ടുണ്ടെന്നതു വാസ്തവമാണ്. എന്നാലും, മരുപ്രദേശങ്ങളില്‍ ഒട്ടകം ഇന്നും അപ്രധാനമല്ലതന്നെ. മുന്‍കാലത്തെ സ്ഥിതി പറയേണ്ടതുമില്ല. അതിന്റെ പാലും മാംസവും അവരുടെ ആഹാരം. രോമം അവരുടെ വസ്ത്രം. തോലാകട്ടെ, പലതരം പാത്രങ്ങളും താമസിക്കുവാനുള്ള തമ്പുകളും നിര്‍മ്മിക്കുവാനും ഉപയോഗിക്കും. യാത്രകളില്‍ സവാരിക്കും, കൃഷിക്കും വെള്ളം തേവാനും, ഭാരങ്ങള്‍ വഹിക്കുവാനും ഒട്ടകം തന്നെ. ‘മരുക്കപ്പല്‍ سفينة الصحراء’ എന്ന പേരുകൊണ്ടുതന്നെ ഒട്ടകത്തിന്റെ പ്രയോജനത്തെപ്പറ്റി നമുക്ക് ഊഹിക്കാം. വെള്ളവും തണലുമില്ലാത്ത – മരുപ്പച്ച കാണാത്ത – കണ്ണെത്തുവാന്‍ കഴിയാത്ത – സമുദ്രസമാനമായ മണലാരണ്യങ്ങളില്‍ കൂടി ദീര്‍ഘയാത്രകള്‍ നടത്തുവാന്‍ തക്കവണ്ണം അല്ലാഹു ഒട്ടകത്തിനുകൊടുത്തിട്ടുള്ള കെല്‍പ്പും സവിശേഷശക്തിയും ആലോചിച്ചുനോക്കുക! കിട്ടിയ ഭക്ഷണം കൊണ്ടതു തൃപ്തിപ്പെടും. മാസത്തോളം വെള്ളം കുടിക്കാതെ കഴിഞ്ഞുകൊള്ളും. യജമാനന്റെ ഹിതമറിഞ്ഞു സവിനയം അത് പെരുമാറും. വന്‍മരുഭൂമികളില്‍ സഞ്ചാരം പതിവാക്കുന്ന ഒട്ടകത്തിന് മറ്റു മൃഗങ്ങളെപ്പോലെ ദിനംപ്രതി ഭക്ഷണവും വെള്ളവും കിട്ടുവാന്‍ മാര്‍ഗമില്ലെന്ന് അതിനെ സൃഷ്ടിച്ചു രൂപം നല്‍കിയ സൃഷ്ടാവിനറിയാമല്ലോ. അതുകൊണ്ട് വെള്ളം സുലഭമായി കിട്ടുന്ന അവസരത്തില്‍ കുറെയധികം വെള്ളം അകത്താക്കി സൂക്ഷിച്ചുവെക്കുവാനുള്ള ചില ഉള്ളറകള്‍ അല്ലാഹു അതിനു നല്‍കിയിരിക്കുന്നു. അതുപോലെത്തന്നെ, സൗകര്യപ്പെടുമ്പോള്‍ കിട്ടുന്ന ഭക്ഷണത്തിന്റെ സത്തുക്കള്‍ ശേഖരിച്ചു വെക്കുവാനുള്ള ഒരു പത്തായവും നല്‍കിയിരിക്കുന്നു. അതത്രെ ഒട്ടകത്തിന്റെ പൂഞ്ഞ. മണല്‍പൂഴിയില്‍ ആണ്ടുപോകാതിരിക്കുവാന്‍ വേണ്ടി കാലുകള്‍ പൊക്കുമ്പോള്‍ ഇറുകിക്കൂടുകയും നിലത്തുവെക്കുമ്പോള്‍ വികസിച്ചു പരക്കുകയും ചെയ്യുമാറുള്ള കാലടികളും അവക്കു നല്‍കിയിരിക്കുന്നു. ഒട്ടകത്തിന്റെ ക്ഷമയും സഹനവും നിസ്സീമമാണ്. കാലുകെട്ടി നിലത്തുവീഴ്ത്താതെ – നിന്നനിലയില്‍ തന്നെ – അതിനെ അറുത്തുവീഴ്ത്തുവാന്‍ അത് കഴുത്തുനീട്ടികൊടുക്കും.
ഇതെല്ലാം ഏതെങ്കിലും ഒരു അറബി വിദഗ്ധന്റെയോ, ആഗോള ശാസ്ത്രജ്ഞന്‍മാരുടെയോ കണ്ടുപിടിത്തമോ ആസൂത്രണമോ അല്ല. അല്ലെങ്കില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു പ്രകൃതിയുടെ വികൃതിയും അല്ല. എല്ലാം സൃഷ്ടിച്ചു വ്യവസ്ഥപ്പെടുത്തി അതതിനു വേണ്ടുന്ന മാര്‍ഗദര്‍ശനം നല്‍കിയ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനം! (അമാനി തഫ്സീ൪ – ഖു൪ആന്‍ : 88/17 ന്റെ വിശദീകരണം)
സകല സൃഷ്ടികള്‍ക്കും അവയുടെ ജീവിത സാഹചര്യങ്ങളും ആവശ്യങ്ങളുമറിഞ്ഞ് അവയ്ക്കാവശ്യമായ രൂപവും പ്രകൃതവും അവയവങ്ങളും നല്‍കിയവനാണ് അല്ലാഹു.
قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ﴿٤٩﴾ قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ ﴿٥٠﴾
അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്? അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്. (ഖുർആൻ:20/49-50)
ഓരോ ജീവിക്കും വേണ്ടുന്ന സഹജബോധം, ആന്തരികശക്തി, അവയവങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയതെല്ലാം ഏറ്റകുറവുകൂടാതെ പ്രദാനം ചെയ്ത സ്രഷ്ടാവ്. ഓരോന്നിന്റെയും അവയവങ്ങള്‍കൊണ്ടുള്ള ആവശ്യങ്ങള്‍, ശരീരത്തില്‍ അവ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതി, ഓരോന്നും മറ്റേതുമായുള്ള ബന്ധം, ആദിയായ കാര്യങ്ങള്‍ ചിന്തിച്ചു നോക്കുമ്പോള്‍, നാം ആശ്ച്ചര്യപ്പെടാതിരിക്കുകയില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 20/50 ന്റെ വിശദീകരണം)
മനുഷ്യർക്ക് ഭക്ഷിക്കാൻ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മൃഗങ്ങളിൽ ഒന്നാണ് ഒട്ടകം. ബലിമൃഗങ്ങളിൽ പെട്ടതുമാണ് ഒട്ടകം. വുളൂഅ് ഉള്ളയാൾ ഒട്ടക മാംസം കഴിക്കുകയാണെങ്കില്‍ അയാളുടെ വുളൂഅ് നഷ്ടപ്പെടും. അയാൾ വീണ്ടും വുളൂഅ് എടുക്കേണ്ടതുണ്ട്.
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْوُضُوءِ مِنْ لُحُومِ الإِبِلِ فَقَالَ ” تَوَضَّئُوا مِنْهَا ” . وَسُئِلَ عَنِ الْوُضُوءِ مِنْ لُحُومِ الْغَنَمِ فَقَالَ ” لاَ تَتَوَضَّئُوا مِنْهَا ”
ബറാഇബ്നു ആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഒട്ടക മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു: അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യുക. ആട് മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു: അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യേണ്ടതില്ല. (തി൪മിദി:81 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവും അവന്റെ റസൂൽ ﷺ യും ധാരാളം കാര്യങ്ങളിൽ ഒട്ടകത്തെ ഉദാഹരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:
إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്. (ഖുർആൻ:7/40)
ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടക്കുന്നതുവരെ’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഒരു കാലത്തും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല എന്നത്രെ. അസംഭവ്യമെന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള ഒരു ഉപമ വാക്കാണത്. (അമാനി തഫ്സീ൪)
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ﴿٢٩﴾ ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ ﴿٣٠﴾ لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ ﴿٣١﴾ إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ ﴿٣٢﴾ كَأَنَّهُۥ جِمَٰلَتٌ صُفْرٌ ﴿٣٣﴾
(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക. മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല. തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെ ആയിരിക്കും. (ഖുർആൻ:77/29-33)
നരകമാകട്ടെ, വന്‍കെട്ടിടങ്ങള്‍ പോലെയുള്ള വമ്പിച്ച തീപ്പൊരികള്‍ പറപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവയുടെ ആധിക്യവും, വലുപ്പവും വര്‍ണ്ണവും നോക്കുമ്പോള്‍ മഞ്ഞ വര്‍ണ്ണത്തിലുള്ള ഒട്ടകക്കൂട്ടങ്ങള്‍ ചിന്നിച്ചിതറുകയാണെന്നു തോന്നും. അത്രയും വന്‍തോതിലായിരിക്കും ആ തീപ്പൊരികള്‍ എന്നു സാരം. (അമാനി തഫ്സീ൪)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّمَا مَثَلُ صَاحِبِ الْقُرْآنِ كَمَثَلِ الإِبِلِ الْمُعَقَّلَةِ إِنْ عَاهَدَ عَلَيْهَا أَمْسَكَهَا وَإِنْ أَطْلَقَهَا ذَهَبَتْ
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആനിന്റെ ആളുടെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. അതിനെ നല്ലപോലെ പരിശോധിക്കുന്നു വെങ്കിൽ പിടിച്ചു നിർത്താൻ കഴിയും. അല്ലാതെ അതിനെ പാട്ടിനുവിട്ടാൽ അത് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (മുസ്ലിം:789)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : تَعَاهَدُوا الْقُرْآنَ فَوَالَّذِي نَفْسِي بِيَدِهِ لَهُوَ أَشَدُّ تَفَصِّيًا مِنَ الإِبِلِ فِي عُقُلِهَا ”.
അബൂ മൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈ ഖുർആനുമായി നിങ്ങൾ നിരന്തരബന്ധം പുലർത്തുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; അത് കെട്ടിയിട്ട ഒട്ടകത്തെക്കാൾ വേഗം വിട്ടുപോകുന്ന ഒന്നാണ്. (ബുഖാരി:5033)
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (رحمه الله) പറഞ്ഞു: ഓടിപ്പോകുമെന്ന് ഭയപ്പെടുന്ന ഒട്ടകത്തെ കെട്ടിയിടുന്നതിനോടാണ് നബി ﷺ ഖുർആൻ പഠിക്കുന്നതിനെയും അതിന്റെ പാരായണം നിലനിർത്തുന്നതിനെയും ഉപമിച്ചത്. ഖുർആനുമായുള്ള നിരന്തരബന്ധം നിലനിൽക്കുന്നിടത്തോളം ഹിഫ്ദും നിലനിൽക്കും. ഒട്ടകത്തെ കെട്ടിയിട്ട കാലത്തോളം അത് അവിടെത്തന്നെ ഉണ്ടാകും എന്നതുപോലെ. നബി ﷺ ഒട്ടകത്തെ തന്നെ ഉദാഹരണമായി എടുത്തുപറയാനുള്ള കാരണം, വളർത്തുമൃഗങ്ങളിൽ വിട്ടുപൊയ്ക്കളയുന്ന സ്വഭാവം ഏറ്റവുമധികമുള്ളത് ഒട്ടകത്തിനാണ് എന്നതുകൊണ്ടാണ്. ഒട്ടകം ഓടിപ്പോയാൽ അതിനെ തിരിച്ചുപിടിക്കാൻ പ്രയാസവുമാണ്. (ഫത്ഹുൽബാരി)
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ تَشْرَبُوا وَاحِدًا كَشُرْبِ الْبَعِيرِ وَلَكِنِ اشْرَبُوا مَثْنَى وَثُلاَثَ وَسَمُّوا إِذَا أَنْتُمْ شَرِبْتُمْ وَاحْمَدُوا إِذَا أَنْتُمْ رَفَعْتُمْ ” .
ഇബനു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒട്ടകം പാനം ചെയ്യുന്ന പോലെ ഒറ്റ പ്രാവശ്യമായി നിങ്ങൾ പാനം ചെയ്യരുത്. രണ്ടോ മൂന്നോ പ്രാവശ്യമായി പാനം ചെയ്യുക. പാനം ചെയ്യുമ്പോൾ ബിസ്മി ചൊല്ലുകയും പാനം ചെയ്തു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. (തിർമുദി: 1886)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃത വേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128).
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَتَى الْمَقْبُرَةَ فَقَالَ ” السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا ” . قَالُوا أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ قَالَ ” أَنْتُمْ أَصْحَابِي وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ ” . فَقَالُوا كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ فَقَالَ ” أَرَأَيْتَ لَوْ أَنَّ رَجُلاً لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَىْ خَيْلٍ دُهْمٍ بُهْمٍ أَلاَ يَعْرِفُ خَيْلَهُ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنَ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ أُنَادِيهِمْ أَلاَ هَلُمَّ . فَيُقَالُ إِنَّهُمْ قَدْ بَدَّلُوا بَعْدَكَ . فَأَقُولُ سُحْقًا سُحْقًا ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഖബ്൪സ്ഥാന്‍ സന്ദ൪ശിച്ച് പറഞ്ഞു: ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുഅ്മിനുകളെ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്.നമ്മുടെ സഹോദരങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അങ്ങയുടെ സഹോദരങ്ങളല്ലേ? നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ സ്വഹാബികളാണ്, ഇതുവരെയയും വന്നിട്ടില്ലാത്തവരാണ് നമ്മുടെ സഹോദരങ്ങള്‍ (കൊണ്ട് ഉദ്ദേശിച്ചത്) സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഉമ്മത്തില്‍ നിന്ന് ഇതുവരെയും വന്നിട്ടില്ലാത്ത അവരെ (പരലോകത്ത് വെച്ച്) എങ്ങനെ തിരിച്ചറിയും? നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, മുഖത്തും കാലിലും വെള്ള നിറമുള്ള ഒരു കുതിരയുണ്ട്. കറുത്ത കുതിരകള്‍ക്കിടയില്‍ നില‍്‍ക്കുന്ന അതിനെ അയാള്‍ തിരിച്ചറിയില്ലെയോ? അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അതെ (തിരിച്ചറിയും) നബി ﷺ പറഞ്ഞു: വുളൂവിന്റെ അടയാളങ്ങളുമായിട്ടാണ് അവ൪ വരുന്നത്. ഹൗളിന്റെ അടുത്ത് അവരെ ഞാന്‍ കാത്തിരിക്കും. എന്നാല്‍ ചിലയാളുകളെ ഹൗളിന്റ അടുത്ത് നിന്ന് ആട്ടിയോടിക്കപ്പെടും, കൂട്ടംതെറ്റി (മറ്റുള്ളതിന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ വരുന്ന) ഒട്ടകത്തെ ആട്ടിയോടിക്കുന്നതുപോലെ. വരൂ, വരൂ എന്ന് അവരെ ഞാന്‍ വിളിച്ചു കൊണ്ടിരിക്കും. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) മാറ്റം വരുത്തിയവരാണ്. അപ്പോള്‍ ഞാന്‍ പറയും:ദൂരെപ്പോകൂ! ദൂരെപ്പോകൂ! (മുസ്ലിം: 249)
عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ . أَخْطَأَ مِنْ شِدَّةِ الْفَرَحِ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു. (മുസ്ലിം:2747)
kanzululoom.com