രക്തദാനം : ഇസ്ലാമിക വിധി

രക്തം ദാനം ചെയ്യുന്നതിന്റെ വിധി

രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നം ഉണ്ടാകാതിരിക്കുകയും, സ്വീകര്‍ത്താവിന് അനിവാര്യമായി വരുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഒരാളുടെ രക്തം മറ്റൊരാള്‍ക്ക് സാധാരണ ദാനം ചെയ്യാറുള്ളത്. അത് അനുവദനീയമാണ്.

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: അതിന് പ്രശ്നമൊന്നുമില്ല. അനിവാര്യഘട്ടങ്ങളിൽ രക്തദാനം ചെയ്യാവുന്നതാണ്. (https://bit.ly/380aTv6)

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: രക്തം ദാനം ചെയ്യുന്നതിന് വിരോധമൊന്നുമില്ല. എന്നാൽ, ആ രക്തദാനം ദാതാവിന് ഉപദ്രവം ഉണ്ടാക്കാതിരിക്കുകയും സ്വീകർത്താവിന് ഉപകാരപ്പെടുകയും ചെയ്യണമെന്ന നിബന്ധനയുണ്ട്. (https://youtu.be/3I572Pla5KI)

രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഘട്ടങ്ങളിലും , സ്വീകർത്താവിന് അനിവാര്യമല്ലാത്ത സാഹചര്യത്തിലും രക്തദാനം അനുവദനീയമല്ല.

രക്തദാനം ഒരു പുണ്യകർമ്മമാണോ?

അനിവാര്യഘട്ടങ്ങളിൽ രക്തം ദാനം ചെയ്യുന്നത് അനുവദനീയമാണെന്ന് മാത്രമല്ല, അത് വലിയ നന്മ കൂടിയാണ്.

ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: അതെ.രക്തം ദാനം ചെയ്യുന്നവന്റെ മനസ്സിൽ ‘അതൊരു സ്വദക്വയാണ്’ എന്ന നിയ്യത്തുണ്ടാകണം.

 قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : من استطاع أن ينفعَ أخاه فليفعَلْ

നബി ﷺ പറഞ്ഞു: ആർക്കെങ്കിലും തന്റെ സഹോദരന് വല്ല ഉപകാരവും ചെയ്യാൻ കഴിയുമെങ്കിൽ അവൻ അത് ചെയ്തുകൊള്ളട്ടെ. (അഹ്‌മദ്: 14231)

രക്തദാനത്തിലൂടെ നമുക്ക് ചിലപ്പോൾ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം. മുഴുവൻ സൃഷ്ടികൾക്കുമുള്ള ഒരു സ്വദക്വയായി അത് പരിഗണിക്കപ്പെട്ടേക്കാം. കാരണം, അല്ലാഹു പറയുന്നു:

وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا

വല്ലവനും ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. (ഖുർആൻ: 5/32)

അതുകൊണ്ടുതന്നെ, രക്തം ദാനം ചെയ്യുന്ന മുഴുവൻ സഹോദരീ സഹോദരന്മാർക്കും എനിക്ക് നൽകാനുള്ള ഉപദേശം ഇതാണ്:

രക്തം ദാനം ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ നിയ്യത്ത് നന്നാക്കുക. അത് സ്വദക്വയാണെന്നും, അതിലൂടെ അല്ലാഹു ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം എന്നുമുള്ള ബോധം നിങ്ങളുടെ മനസ്സിൽ ഉണ്ടാവണം. (https://youtu.be/Q8FEmTEyJkw)

രക്തദാനത്തിന് പകരമായി പണമോ പാരിതോഷികമോ സ്വീകരിക്കാൻ പാടുണ്ടോ?

قَالَ أَبِي جُحَيْفَةَ : إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ

അബൂ ജുഹൈഫ رضي الله عنه പറയുന്നു:നബി ﷺ രക്തം വിറ്റ് ലഭിക്കുന്ന തുക  നിരോധിച്ചു. (ബുഖാരി:5692)

സഊദി അറേബ്യയിലെ പണ്ഡിതസഭയായ ലജനത്തുദ്ദാഇമ പറയുന്നു:

أخذ العوض على بذل الدم محرم، سواء كان العوض عينا أو نقدا، لحديث أبي جحيفة في صحيح البخاري «أن النبي -صلى الله عليه وسلم- نهى عن ثمن الدم»، والإجماع منعقد على ذلك، ولو كان ذلك على سبيل الهدية؛ لأنها هدية في مقابل محرم.

രക്തദാനത്തിന് പകരമായി വല്ലതും സ്വീകരിക്കുന്നത് ഹറാമാണ്. അത് പണമായാലും വസ്തുക്കളായാലും ശരി. കാരണം ഇമാം ബുഖാരി ഉദ്ദരിച്ച അബൂ ജുഹൈഫ (റ) വില്‍ നിന്നുള്ള ഹദീസില്‍ ഇപ്രകാരം കാണാം:  നബി ﷺ രക്തത്തിന് പകരമായി കിട്ടുന്ന വിലയെ നിഷിദ്ധമാക്കിയിട്ടുണ്ട്. രക്തത്തിന് പകരമായി വില ഈടാക്കരുതെന്ന കാര്യത്തിൽ ഇജ്മാഅ് (പണ്ഡിതന്മാരുടെ ഏകാഭിപ്രായവും) ഉണ്ട്. ഇനി, പാരിതോഷികമെന്ന നിലക്കാണ് രക്തത്തിന് പകരമായി വല്ലതും സ്വീകരിക്കുന്നതെങ്കിൽ, അതും പാടില്ല. കാരണം, വിൽപന ഹറാമായ ഒരു വസ്തുവിന് പകരമായി കിട്ടുന്ന പാരിതോഷികമാണ് അത്. [اللجنة الدائمة للبحوث العلمية والإفتاء(25/68)]

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: അബൂ ജുഹൈഫ رَضِيَ اللَّه عَنْهُ വിൽ നിന്നും ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു: “നബി-ﷺ- രക്തത്തിന്റെ വില വിരോധിച്ചിരിക്കുന്നു”. അതുകൊണ്ട് തന്നെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഒരു മുസ്ലിമിന് രക്തം നൽകിയാൽ അതിന് പകരമായി പണം സ്വീകരിക്കാൻ പാടില്ല.
അങ്ങിനെ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത്രയും തുക ഏതെങ്കിലും സാധുക്കൾക്ക് ദാനമായി നൽകേണ്ടതാണ്. مجموع فتاوى ومقالات الشيخ ابن باز (19/ 47).

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *