ഏതാനും ശത്രുക്കള്‍ വിശ്വാസികളായി ചമഞ്ഞ് നബി ﷺ യുടെ അടുക്കൽ ഹാജരായിട്ട് ”നബിയേ, ഞങ്ങളുടെ നാട്ടിലേക്ക് നല്ല കുറച്ച് പണ്ഡിതന്മാരെ അയച്ചുതരണം. അവരുടെ പ്രബോധനം നിമിത്തം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ സാധ്യത ഞങ്ങള്‍ കാണുന്നുണ്ട്” എന്നുപറയുകയും അങ്ങനെ ഏതാനും അനുചരന്മാരെ നബിﷺ അവരോടൊപ്പം അയക്കുകയും അവരെ വഴിയില്‍വെച്ച് ശത്രുക്കള്‍ കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ്. بِئْرِ مَعُونَةَ ‘ബിഅ്‌റു മഊന’ എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ നിന്നും സത്യവിശ്വാസികൾക്ക് ചില പാഠങ്ങളുണ്ട്. ആദ്യമായി പ്രസ്തതുത സംഭവം വിവരിക്കുന്ന ഹദീസ് കാണുക:
عَنْ أَنَسِ بْنِ مَالِكٍ، قَالَ جَاءَ نَاسٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالُوا أَنِ ابْعَثْ مَعَنَا رِجَالاً يُعَلِّمُونَا الْقُرْآنَ وَالسُّنَّةَ . فَبَعَثَ إِلَيْهِمْ سَبْعِينَ رَجُلاً مِنَ الأَنْصَارِ يُقَالُ لَهُمُ الْقُرَّاءُ فِيهِمْ خَالِي حَرَامٌ يَقْرَءُونَ الْقُرْآنَ وَيَتَدَارَسُونَ بِاللَّيْلِ يَتَعَلَّمُونَ وَكَانُوا بِالنَّهَارِ يَجِيئُونَ بِالْمَاءِ فَيَضَعُونَهُ فِي الْمَسْجِدِ وَيَحْتَطِبُونَ فَيَبِيعُونَهُ وَيَشْتَرُونَ بِهِ الطَّعَامَ لأَهْلِ الصُّفَّةِ وَلِلْفُقَرَاءِ فَبَعَثَهُمُ النَّبِيُّ صلى الله عليه وسلم إِلَيْهِمْ فَعَرَضُوا لَهُمْ فَقَتَلُوهُمْ قَبْلَ أَنْ يَبْلُغُوا الْمَكَانَ . فَقَالُوا اللَّهُمَّ بَلِّغْ عَنَّا نَبِيَّنَا أَنَّا قَدْ لَقِينَاكَ فَرَضِينَا عَنْكَ وَرَضِيتَ عَنَّا – قَالَ – وَأَتَى رَجُلٌ حَرَامًا خَالَ أَنَسٍ مِنْ خَلْفِهِ فَطَعَنَهُ بِرُمْحٍ حَتَّى أَنْفَذَهُ . فَقَالَ حَرَامٌ فُزْتُ وَرَبِّ الْكَعْبَةِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِهِ “ إِنَّ إِخْوَانَكُمْ قَدْ قُتِلُوا وَإِنَّهُمْ قَالُوا اللَّهُمَّ بَلِّغْ عَنَّا نَبِيَّنَا أَنَّا قَدْ لَقِينَاكَ فَرَضِينَا عَنْكَ وَرَضِيتَ عَنَّا ” .
അനസ് رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”കുറച്ചുപേര്‍ നബിﷺ യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു: ‘ഞങ്ങളെ ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതിനായി ഞങ്ങളുടെ കൂടെ കുറച്ചുപേരെ അയച്ചുതന്നാലും.’ അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട എഴുപത് പേരെ അവരിലേക്ക് നബിﷺ നിയോഗിച്ചു. അവര്‍ക്ക് ‘ക്വുര്‍റാഅ്’ എന്ന് വിളിക്കപ്പെടാറുണ്ടായിരുന്നു. അവരില്‍ എന്റെ അമ്മാവന്‍ ഹറാം ഉണ്ട്. അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരും രാത്രിയില്‍ അത് പഠിക്കുകയും പഠിപ്പിക്കുകയും പകലില്‍ വെള്ളം കൊണ്ടുവരികയും എന്നിട്ട് പള്ളിയില്‍ വെക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ വിറക് വെട്ടുകയും അത് വില്‍ക്കുകയും ചെയ്യും. അതുകൊണ്ട് അഹ്‌ലുസ്സ്വുഫ്ഫക്കും മറ്റു ദരിദ്രര്‍ക്കും ഭക്ഷണം വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ നബി ﷺ അവരെ (ആ സ്വഹാബിമാരെ) അവരിലേക്ക് നിയോഗിച്ചു. അങ്ങനെ അവര്‍ (അവരെ) അവര്‍ക്ക് (ശത്രുക്കള്‍ക്ക്) കാണിച്ചുകൊടുത്തു. അവരെ (അവരുടെ) സ്ഥലത്തേക്ക് എത്തിക്കുന്നതിന് മുമ്പായി അവര്‍ വധിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ (വിവരം) എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു എന്നും ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു (എന്നും നീ വിവരമറിയിക്കേണമേ).’ നിവേദകന്‍ പറയുന്നു: ”ഒരാള്‍ അനസിന്റെ അമ്മാവന്‍ ഹറാമിനെ പിന്നിലൂടെ സമീപിച്ചു. എന്നിട്ട് അദ്ദേഹത്തെ അവന്‍ കുന്തം കൊണ്ട് കുത്തി. അത് അദ്ദേഹത്തില്‍ തുളച്ചുകയറുംവരെ (കുത്തിയിറക്കി). അപ്പോള്‍ ഹറാം പറഞ്ഞു: ‘കഅ്ബയുടെ രക്ഷിതാവ് തന്നെയാണ സത്യം, ഞാന്‍ വിജയിച്ചിരിക്കുന്നു.’ അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അനുയായികളോട് പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങളുടെ സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പറഞ്ഞിട്ടുണ്ട്; അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ (വിവരം) എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു, ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു, നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു” (മുസ്‌ലിം:677)
നബി ﷺ ഏറെ സന്തോഷത്തോടെ പറഞ്ഞയച്ച ഈ മഹാന്മാരെ ശത്രുക്കള്‍ വഴിയില്‍വെച്ച് വളഞ്ഞു കൊലപ്പെടുത്തി. ഹിജ്‌റ നാലാം വര്‍ഷം സ്വഫര്‍ മാസത്തിലാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്. ഈ സംഭവത്തിൽ നിന്നും സത്യവിശ്വാസികൾക്കുള്ള ചില പാഠങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഒന്നാമതായി, ഇസ്ലാമിക പ്രബോധനത്തോടുള്ള നബി ﷺ യുടെയും സ്വഹാബത്തിന്റെ അതിയായ താൽപ്പര്യം ഈ സംഭവം വിളിച്ചറിയിക്കുന്നു. കൊടിയ ചതിയും വഞ്ചനയും നബി ﷺ ക്കും അനുചരന്മാര്‍ക്കും എതിരില്‍ വിവിധ രൂപത്തില്‍ പലരാലും നടന്നപ്പോഴും അവരാരും ഇസ്‌ലാമിക പ്രബോധന വീഥിയില്‍നിന്നും മാറിനിന്നിട്ടില്ല എന്നത് നാം പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമാണ്. എഴുപത് പേരടങ്ങുന്നവരില്‍ ഹറാം(റ) വധിക്കപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ തങ്ങളുടെ അവസ്ഥയും ഇതായിരിക്കും എന്ന് ചിന്തിച്ച് പ്രബോധന രംഗത്തുനിന്നും മാറി നില്‍ക്കാന്‍ തയ്യാറായിട്ടില്ല. ഈ മുന്‍ഗാമികളുടെ ചരിത്രത്തില്‍ ഇന്നത്തെ മുസ്‌ലിംകള്‍ക്ക് വലിയ പാഠമില്ലേ?
രണ്ടാമതായി, അല്ലാഹു അറിയിച്ചാലല്ലാതെ അദൃശ്യ കാര്യങ്ങൾ നബിക്ക് അറിയാൻ കഴിയുകയില്ലെന്ന് ഈ സംഭവം അറിയിക്കുന്നു.
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ …..
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. (ഖുർആൻ:72/26-27)
ഇന്ന് ചിലർ പറയുന്നതുപോലെ നബി ﷺ ഖബ്റിൽ കിടന്നുകൊണ്ട് എല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം സ്വഹാബികൾക്ക് തീരെയില്ലായിരുന്നു. ഈ വിവരം നബിക്ക് എത്തിക്കേണമേയെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയായിരുന്നു അവർ ചെയ്തത്. ഏതാനും ദൂരം അകലത്ത് നിൽക്കുന്ന നബി ﷺ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം അവർക്കുണ്ടായിരുന്നുവെങ്കിൽ അവർ ഇങ്ങനെ പ്രാർത്ഥിക്കുകയില്ലല്ലോ.
മൂന്നാമതായി, ഇസ്ലാമിന്റെ മാർഗത്തിൽ പ്രവർത്തിക്കുന്നവർക്ക് വരാനിരിക്കുന്നത് വലിയ വിജയമാണ്. ഹറാം (റ) മരണസമയത്ത് ‘ഞാന്‍ വിജയിച്ചു’ എന്ന് പറഞ്ഞത് ഇതിനെ കുറിച്ചാണ്.
നാലാമതായി, മുസ്ലിം ഉമ്മത്തിനെ ആകമാനം ബാധിക്കുന്ന ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാം എന്നതിന് ഈ സംഭവമാണ് തെളിവ് നൽകുന്നത്. അഞ്ച് നേരത്തെ നമസ്‌കാരങ്ങളിലുമാണ് അത് നിർവ്വഹിക്കേണ്ടത്.
عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَنَتَ شَهْرًا يَلْعَنُ رِعْلاً وَذَكْوَانَ وَعُصَيَّةَ عَصَوُا اللَّهَ وَرَسُولَهُ
അനസ് ബിന്‍ മാലിക് رضى الله عنه വിൽ നിന്ന് നിവേദനം: “അല്ലാഹുവെയും അവന്‍റെ പ്രവാചകനെയും ധിക്കരിച്ച റിഅ്ല്‍, ദക്’വാന്‍, ഉസ്വയ്യ എന്നീ ഗോത്രങ്ങളെ ശപിച്ചുകൊണ്ട് നബി ﷺ ഒരു മാസക്കാലത്തോളം ഖുനൂത്ത് ചൊല്ലി. (മുസ്ലിം:677)
عَنِ ابْنِ عَبَّاسٍ، قَالَ قَنَتَ رَسُولُ اللَّهِ صلى الله عليه وسلم شَهْرًا مُتَتَابِعًا فِي الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ وَصَلاَةِ الصُّبْحِ فِي دُبُرِ كُلِّ صَلاَةٍ إِذَا قَالَ “ سَمِعَ اللَّهُ لِمَنْ حَمِدَهُ ” . مِنَ الرَّكْعَةِ الآخِرَةِ يَدْعُو عَلَى أَحْيَاءٍ مِنْ بَنِي سُلَيْمٍ عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَيُؤَمِّنُ مَنْ خَلْفَهُ .
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ ﷺ ദുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ്, സ്വുബ്ഹ് മുതലായ എല്ലാ നമസ്‌കാരത്തിന്റെയും അവസാനത്തില്‍ ഒരു മാസം തുടര്‍ച്ചയായി ക്വുനൂത്ത് നടത്തി. അവസാനത്തെ റക്അതില്‍നിന്ന് ‘സമിഅല്ലാഹു ലിമന്‍ ഹമിദഹു’ എന്ന് പറഞ്ഞാല്‍ ബനൂ സുലയ്മില്‍ പെട്ട ചില ഗോത്രക്കാര്‍ക്കെതിരിലും, രിഅ്‌ല്, ദക്‌വാന്‍, ഉസ്വയ്യ തുടങ്ങിയ ഗോത്രങ്ങള്‍ക്കെതിരിലും പ്രാര്‍ഥിക്കുമായിരുന്നു. നബിﷺ യുടെ പുറകിലുള്ളവര്‍ ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. (അബൂദാവൂദ്: 1443)
ബിഅ്‌റു മഊന സംഭവത്തിലുള്ള ദുഃഖം കാരണത്താൽ ബിഅ്‌റു മഊനയിൽ സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്ത അറബി ഗോത്രങ്ങൾക്കെതിരെ ഒരുമാസത്തോളം നബിﷺ നമസ്കാരത്തിൽ പ്രാർത്ഥിച്ചു. കാരണം നബി ﷺ ക്ക് അങ്ങേയറ്റം വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്.
عَنْ عَاصِمٍ، قَالَ سَمِعْتُ أَنَسًا، يَقُولُ مَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَجَدَ عَلَى سَرِيَّةٍ مَا وَجَدَ عَلَى السَّبْعِينَ الَّذِينَ أُصِيبُوا يَوْمَ بِئْرِ مَعُونَةَ كَانُوا يُدْعَوْنَ الْقُرَّاءَ فَمَكَثَ شَهْرًا يَدْعُو عَلَى قَتَلَتِهِمْ .
ആസിം رضى الله عنه പറയുന്നു: അനസ് رضى الله عنه പറയുന്നതായി ഞാൻ കേട്ടു: ബിഅ്‌റു മഊന ദിനത്തില്‍ “പാരായണം ചെയ്യുന്നവർ” എന്ന് വിളിക്കപ്പെട്ട (കൊല്ലപ്പെട്ട) ആ എഴുപത് പേരുടെ മേല്‍ ഉണ്ടായ ദുഃഖത്തെക്കാള്‍ ഒരു സംഘത്തിന്റെ മേലും ദുഃഖിച്ചതായി അല്ലാഹുവിന്റെ റസൂലിﷺ നെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ അവരുടെ കൊലയാളികൾക്കെതിരിൽ പ്രാർത്ഥിച്ചുകൊണ്ട് അവിടുന്ന് ഒരു മാസം ചെലവഴിച്ചു. (മുസ്ലിം:677)
ശേഷം ഈ വിഷയത്തിൽ ഖുർആനിലെ ആയത്ത് ഇറങ്ങി. പിന്നീട് ആയത്ത് നസ്ഖ് ചെയ്യപ്പെടുകയാണ് ഉണ്ടായത്.
قَالَ أَنَسٌ : فَقَرَأْنَا فِيهِمْ قُرْآنًا ثُمَّ إِنَّ ذَلِكَ رُفِعَ { بَلِّغُوا عَنَّا قَوْمَنَا أَنَّا لَقِينَا رَبَّنَا فَرَضِيَ عَنَّا وَأَرْضَانَا}
അനസ് ബിന്‍ മാലിക് رضى الله عنه പറയുന്നു: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുകയും, അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും ത്രിപ്തിപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങളുടെ ആളുകളെ നീ അറിയിക്കുക.” എന്ന ഖുര്‍ആനിക വചനം ആ കൊല്ലപ്പെട്ട സ്വഹാബത്തിന്‍റെ വിഷയത്തില്‍ ഞങ്ങള്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. പിന്നീട് ആ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു. (ബുഖാരി:4090)
kanzululoom.com