ബിദ്അത്ത് : ചില പൊതുവായ കാര്യങ്ങൾ

ബിദ്അത്തുകൾ പല തരത്തിൽ

ബിദ്അത്തുകൾ പല ഇനങ്ങളുണ്ട്. വിശ്വാസ സംബന്ധമായതും വാക്കുകളിലുള്ളതും പ്രവൃത്തികളിൽ വരുന്നതുമുണ്ട്. പ്രവൃത്തികളിൽ തന്നെ സമയവും സ്ഥലവുമായി ബന്ധപ്പെട്ടതുമുണ്ട്.

വിശ്വാസ സംബന്ധമായ ബിദ്അത്തുകൾ

ഒന്നാമതായി വിശ്വാസ സംബന്ധമായ ബിദ്അത്തുകളെ (അൽബിദഉൽ ഇഅ്തിക്വാദിയ) സംബന്ധിച്ച് പറയാം: ഖവാരിജുകൾ, റാഫിദികൾ, മുഅ്തസിലികൾ പോലുള്ള, ‘ഇൽമുൽ കലാമി’നെ (വചനശാസ്ത്രത്തെ) ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്തവർ ഇതിന് ഉദാഹരണങ്ങളാണ്. അവരുടെ കൂട്ടത്തിൽ വചനശാസ്ത്രത്തോടൊപ്പം വ്യാജറിപ്പോർട്ടുകളെയും ആശ്രയിക്കുന്നവരുണ്ട്.

ഇബ്‌നു അബ്ദിൽ ബർറ് رَحِمـهُ الله ‘ജാമിഉ ബയാനിൽ ഇൽമി വ ഫദ്‌ലിഹി’ എന്ന ഗ്രന്ഥത്തിൽ (2/95) പറയുന്നു: എല്ലാ നാടുകളിലും പെട്ട കർമശാസ്ത്രത്തിന്റെയും ഹദീസിന്റെയും പണ്ഡിതന്മാർ ഐകകണ്‌ഠ്യേന പറഞ്ഞിട്ടുള്ളതാണ് ‘ഇൽമുൽ കലാമിന്റെ’ (വചനശാസ്ത്രത്തിന്റെ) ആളുകൾ വഴിപിഴവിന്റെയും പുത്തനാശയങ്ങളുടെയും വക്താക്കളാണെന്ന കാര്യം. പണ്ഡിതന്മാരുടെ ശ്രേണിയിൽ അവരെ ഒരാളും പരിഗണിക്കാറില്ല. പണ്ഡിതന്മാരെന്നത് ‘ഹദീസി’ന്റെയും ‘ഫിക്വ‌്ഹി’ന്റെയും ആളുകളാണ്. സൂക്ഷ്മതയുടെയും കണിശതയുടെയും കാര്യത്തിലും ശരിതെറ്റുകളെ വ്യവഛേദിക്കുന്ന വിഷയത്തിലും അവരാണ് ശ്രേഷ്ഠർ.

വാക്കുകളിലെ ബിദ്അത്തുകൾ

നമസ്‌കരിക്കാൻ നിൽക്കുന്ന ഒരു വ്യക്തി ‘നവെയ്തു അൻ ഉസ്വല്ലിയ’ (ഞാൻ ഇന്നാലിന്ന നമസ്‌കാരം നിർവഹിക്കാൻ ഉദ്ദേശിക്കുന്നു) എന്ന് പറയുന്നതും നോമ്പ് അനുഷ്ഠിക്കാനുദ്ദേശിക്കുന്ന വ്യക്തി ‘നവൈതു അൻ അസ്വൂമ കദാ…’ (ഞാൻ ഇന്നാലിന്ന നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നു) എന്ന് പറയുന്നതും വാക്കുകളിലെ ബിദ്അത്തുകളിൽ വരുന്നതാണ്. ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങൾ മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നത്. അതിനാൽ ഉംറ നിർവഹിക്കാൻ ഉദ്ദേശിച്ചയാൾക്ക് ‘ലബ്ബൈക ഉംറത്തൻ (അല്ലാഹുവിനു വേണ്ടി ഉംറ ചെയ്യാൻ ഞാനിതാ എത്തിയിരിക്കുന്നു) എന്ന് പറയാവുന്നതാണ്. ഹജ്ജ് മാത്രമായി നിർവഹിക്കാൻ വന്നയാൾക്ക് (മുഫ്‌രിദിന്) ‘ലബ്ബൈക ഹജ്ജൻ’ (ഞാനിതാ ഹജ്ജ് നിർവഹിക്കാനായി നിനക്കുത്തരം ചെയ്ത് വന്നിരിക്കുന്നു) എന്നും ഹജ്ജും ഉംറയും ഒരുമിച്ചു നിർവഹിക്കാനായി (ക്വിറാൻ) വന്നയാൾക്ക് ‘ലബ്ബൈക ഉംറത്തൻ വഹജ്ജൻ’ (ഉംറയും ഹജ്ജും നിർവഹിക്കാനായി ഞാനിതാ എത്തിയിരിക്കുന്നു) എന്നും പറയാം. കാരണം, അപ്രകാരം നബിﷺ യുടെ സുന്നത്തിൽ വന്നിട്ടുണ്ട്.

വാക്കുകളിൽ സംഭവിക്കുന്ന ബിദ്അത്തുകൾക്ക് മറ്റൊരു ഉദാഹരണമാണ് ഏതെങ്കിലും വ്യക്തികളുടെ ഹഖ്, ജാഹുകൾ കൊണ്ട് അല്ലാഹുവിനോട് തേടൽ. ഇത്തരം കാര്യങ്ങളെ സാധൂകരിക്കാവുന്ന യാതൊന്നും നബിﷺയിൽനിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല. വാക്കിലൂടെ വരുന്ന ബിദ്അത്തുകളിൽ ചിലത് ദീനിൽനിന്ന് പുറത്ത് പോകുന്ന ‘കുഫ്‌റിൽ’ പെടുന്നവയാണ്. മരണപ്പെട്ടുപോയ ക്വബ്‌റാളികളോടു വിളിച്ചു പ്രാർഥിക്കുന്നതും അവരോട് സഹായം തേടുന്നതും ആവശ്യങ്ങൾ നിർവഹിച്ചുകിട്ടുന്നതിനും ആഗ്രഹസഫലീകരണത്തിനും ആപത്തുകൾ ദുരീകരിക്കുന്നതിനുമൊക്കെ അവരോട് തേടുന്നതും തനിച്ച കുഫ്‌റാണ്. ഇത്തരം തേട്ടങ്ങൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും പാടില്ല.

وَأَنَّ ٱلْمَسَٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. (ഖു൪ആന്‍:72/18)

أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ

അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന്ന് ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:27/62)

എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്ത ഒരാളെ കുഫ്‌റുകൊണ്ട് വിധിക്കൽ (കാഫിറാണെന്ന് പറയൽ) തെളിവുകൾ വ്യക്തമാക്കി കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമായിരിക്കണം. അതാണ് പണ്ഡിതന്മാരിൽ നല്ലൊരു വിഭാഗത്തിന്റെ അഭിപ്രായം. അവരിൽ പ്രമുഖരായ ഏഴുപേരുടെ വാക്കുകൾ ‘തത്വ‌്ഹീറുൽ ഇഅ്തിക്വാദ്’ (വിശ്വാസ വിശുദ്ധി) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ കൊടുത്തിട്ടുണ്ട്. അവരിൽ ഒന്നാമാത്തെയാൾ ഇമാം മുഹമ്മദ് ഇബ്‌നു ഇദ്‌രീസുശ്ശാഫിഈ رَحِمـهُ الله ആണ്. അവസാനത്തെ യാൾ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് رَحِمـهُ الله യുമാണ്.

പ്രവൃത്തികളിൽ സംഭവിക്കുന്ന ബിദ്അത്തുകൾ

പ്രവൃത്തികളിൽ സംഭവിക്കുന്ന ബിദ്അത്തുകളിൽ സ്ഥലവുമായി ബന്ധപ്പെട്ടതും സമയവുമായി ബന്ധപ്പെട്ടതുമുണ്ട്.

സ്ഥലവുമായി ബന്ധപ്പെട്ട ബിദ്അത്തുകൾക്കുദാഹരണമാണ് പുണ്യം പ്രതീക്ഷിച്ച് ക്വബ്‌റുകൾ തൊടുന്നതും ചുംബിക്കുന്നതുമൊക്കെ.

ഇമാം നവവി رَحِمـهُ الله ശർഹുൽ മുഹദ്ദബിൽ (8/206) നബിﷺയുടെ ക്വബ്‌റിന് ചുറ്റുമുള്ള മതിലിൽ തടവുന്നതും ചുംബിക്കുന്നതുമൊക്കെ സംബന്ധിച്ച് പറയുന്നത് കാണുക: പാമരന്മാരായ സാധാരണക്കാരിൽ പലരും അത്തരം മതവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നത് കണ്ടുകൊണ്ട് ആരും വഞ്ചനയിൽ പെട്ടുപോകരുത്. തീർച്ചയായും ദീനിൽ മാതൃകയാക്കേണ്ടതും പ്രവർത്തിക്കേണ്ടതും നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടുവന്ന ഹദീസുകൾക്കും അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതന്മാരുടെ വാക്കുകളെയും അനുസരിച്ചായിരിക്കണം. സാധാരണക്കാരും മറ്റും ഉണ്ടാക്കിയ പുതുനിർമിതികളെയും അവരുടെ അജ്ഞതകളെയും പരിഗണിക്കേണ്ടതില്ല. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും ആഇശ رضى الله عنها നിവേദനം ചെയ്ത സ്ഥിരപ്പെട്ടുവന്ന ഒരു ഹദീസിൽ നബിﷺ പറയുന്നു:

من أحدث في أمرنا هذا ما ليس منه، فهو ردٌّ

നമ്മുടെ ഈ മത കാര്യങ്ങളിൽ അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്.

മുസ്‌ലിമിന്റെ റിപ്പോർട്ടിൽ ഇങ്ങനെയാണ്:

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നമ്മുടെ നിർദേശമില്ലാത്ത വല്ല കാര്യവും ആരെങ്കിലും മതമായി അനുഷ്ഠിച്ചാൽ അത് തള്ളപ്പെടുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حيثُما كُنْتُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ക്വബ്‌റിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്. നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെയായാലും എനിക്കുവേണ്ടി നിങ്ങൾ നടത്തുന്ന പ്രാർഥന എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്)

ഫുദൈൽ ഇബ്‌നു ഇയാദ് رَحِمـهُ الله പറഞ്ഞതിന്റെ ആശയം ഇതാണ്:

اتبع طرق الهدى ولا يضرك قلة السالكين وإياك وطرق الضلالة ولا تغتر بكثرة الهالكين

നീ സന്മാർഗത്തിന്റെ വഴികൾ പിൻപറ്റുക. അതിൽ പ്രവേശിച്ചവരുടെ എണ്ണം കുറഞ്ഞുപോയി എന്നത് നിനക്ക് യാതൊരു ദോഷവും വരുത്തുകയില്ല. ദുർമാർഗത്തിന്റെ വഴികൾ നീ സൂക്ഷിക്കണം. അതിൽ സഞ്ചരിച്ചു നാശമടയുന്നവരുടെ ആധിക്യം കണ്ട് നീ വഞ്ചിതനായിപ്പോകരുത്.

കൈകൊണ്ടോ മറ്റോ (നബിﷺയുടെ ക്വബ്ർ) സ്പർശിക്കുന്നതാണ് ബറകത്തെടുക്കാൻ ഏറ്റവും നല്ലവഴി എന്ന് ആരുടെയെങ്കിലും മനസ്സിൽ തോന്നിയിട്ടുണ്ടെങ്കിൽ അത് അയാളുടെ അജ്ഞതയും അശ്രദ്ധയുമാണ്. കാരണം ബറകത്ത് കിട്ടുന്നത് ദീനനുസരിച്ച് കർമങ്ങൾ ചെയ്യുന്നതിലൂടെ മാത്രമാണ്, എന്നിരിക്കെ സത്യത്തിനെതിര് പ്രവർത്തിച്ചുകൊണ്ട് റബ്ബിന്റെ ഔദാര്യം എങ്ങനെ പ്രതീക്ഷിക്കാനാകും? (ശർഹുൽ മുഹദ്ദബ്)

സമയവുമായി ബന്ധപ്പെട്ട ബിദ്അത്തുകൾ

സമയവുമായി ബന്ധപ്പെട്ട ബിദ്അത്തുകൾക്ക് ഉദാഹരണമാണ് ജന്മദിനാഘോഷങ്ങൾ; നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നതുപോലെ. ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ഉദയം ചെയ്ത ഒരു പുത്തനാചാരമാണത്. നബിﷺയിൽനിന്നോ അവിടുത്തെ സ്വഹാബത്തിൽനിന്നോ സച്ചരിതരായ ഖലീഫമാരിൽ നിന്നോ ഒരു മാതൃകയും ആ വിഷയത്തിൽ കാണുക സാധ്യമല്ല. അവർക്കുശേഷം വന്ന താബിഉകളിൽ നിന്നോ അവരുടെ അനുചരന്മാരിൽനിന്നോ അത്തരത്തിലൊന്നും സ്ഥിരപ്പെട്ടുവന്നിട്ടില്ല. ഈ ബിദ്അത്ത് ഉണ്ടാകുന്നതിനു മുമ്പ് ഇസ്‌ലാമിക ചരിത്രത്തിൽ 300 വർഷം കഴിഞ്ഞുപോയി. ആ കാലഘട്ടങ്ങളിൽ വിരചിതമായ ഒരു ഇസ്‌ലാമിക ഗ്രന്ഥത്തിലും മൗലിദാഘോഷവുമായി ബന്ധപ്പെട്ട യാതൊരു പരാമർശവും ഇല്ല. പിന്നീട് ഹിജ്‌റ നാലാം നൂറ്റാണ്ടിലാണ് ഈ ബിദ്അത്ത് ജനിക്കുന്നത്. അതുണ്ടാക്കിയതാകട്ടെ അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ശിയാക്കളിൽപെട്ട ഉബൈദിയാക്കളാണ്. ഇമാം തഖിയുദ്ദീൻ അഹ്‌മദ് ഇബ്‌നു അലി അൽമഖ്‌രീസി رَحِمـهُ الله തന്റെ ഗ്രന്ഥമായ ‘അൽമവാഇലു ബിദിക്‌രിൽ ഖുത്ത്വതി വൽ ആസാറി’ ൽ (1/490) ഇക്കാര്യം പറയുന്നുണ്ട്.

ശിയാക്കളിൽപെട്ട ഫാത്വിമികൾക്ക് വർഷം മുഴുവനും പലതരം ആഘോഷങ്ങളും പരിപാടികളുമുണ്ടായിരുന്നു. അത് വളരെയധികമുണ്ടായിരുന്നുവെന്ന് ഇമാം മഖ്‌രീസി رَحِمـهُ الله പറയുന്നു. നബിﷺയുടെ ജന്മദിനാഘോഷവും അലി, ഫാത്വിമ, ഹസൻ, ഹുസൈൻ رَضِيَ اللَّهُ عَنْهُم എന്നിവരുടെ മൗലിദാഘോഷങ്ങളും അക്കാലത്തെ ഖലീഫയുടെ മൗലിദും അതിൽ ചിലത് മാത്രമാണ്.

ഇബ്‌നു കസീർ رَحِمـهُ الله തന്റെ ‘അൽബിദായ വന്നിഹായ’ എന്ന ഗ്രന്ഥത്തിൽ ഹിജ്‌റ 567ൽ നടന്ന സംഭവവികാസങ്ങൾ വിവരിക്കുന്നുണ്ട്. അവരിലെ അവസാനത്തെ ഭരണാധികാരി ‘ആദിദ്’ മരണപ്പെട്ട തോടുകൂടി അവരുടെ ഭരണത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്ത വർഷമാണ് ഹിജ്‌റ 567. ഇബ്‌നു കസീർ رَحِمـهُ الله പറയുന്നു:

ظهرت في دولتهم البدع والمنكرات وكثر أهل الفساد وقل عندهم الصالحون من العلماء والعباد

അവരുടെ ഭരണകാലത്ത് ധാരാളം ബിദ്അത്തുകളും തിന്മകളും വ്യാപകമായിരുന്നു. പണ്ഡിതന്മാരും ആബിദീങ്ങളും സജ്ജനങ്ങളുമായവരുടെ എണ്ണം കുറവും കുഴപ്പക്കാരുടെ എണ്ണം കൂടുതലുമായിരുന്നു.

ഈ ഗ്രന്ഥത്തിൽ തന്നെ, ശിയാക്കൾ ബാങ്കിൽ കടത്തിക്കൂട്ടിയ ‘ഹയ്യ അലാ ഖൈരിൽ അമൽ’ എന്ന ഭാഗം ഈജിപ്തിൽ മുഴുവനായും സുൽത്വാൻ സ്വലാഹുദ്ദീൻ നീക്കം ചെയ്തതായി ഇബ്‌നു കസീർ رَحِمـهُ الله പറയുന്നുണ്ട്.

ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതിൽ ഏറ്റവും നല്ലൊരു ഗ്രന്ഥമാണ് ശൈഖ് ഇസ്മാഈൽ ഇബ്‌നു മുഹമ്മദിൽ അൻസ്വാരി رَحِمـهُ الله യുടെ ‘അൽക്വൗലുൽ ഫസ്വ‌്ൽ ഫീ ഹുക്മിൽ ഇഹ്തിഫാലി ബിമൗലിദി ഖൈരിർറസൂൽ’ (പ്രവാചക ജന്മദിനം ആഘോഷിക്കുന്ന വിഷയത്തിലെ അവസാന വാക്ക്) എന്ന ഗ്രന്ഥം.

ഓരോ സത്യവിശ്വാസിയുടെയും ഹൃദയത്തിൽ നബിﷺയോടുള്ള ശക്തമായ സ്‌നേഹം നിർബന്ധമായും ഉണ്ടാകണമെന്ന കാര്യത്തിൽ സംശയമേയില്ല. അത് തന്റെ മാതാപിതാക്കളോടും മക്കളോടും മറ്റാരോടും ഉള്ളതിനെക്കാൾ കൂടുതലായിരിക്കുകയും വേണം. നബിﷺ പറയുന്നു:

لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ

സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു സർവരെക്കാളും ഞാൻ നിങ്ങൾക്ക് പ്രിയങ്കരനാകുന്നതുവരേക്കും നിങ്ങളിലൊരാളും പരിപൂർണ വിശ്വാസിയാവുകയില്ല. (ബുഖാരി, മുസ്‌ലിം)

നബിﷺയോടുള്ള സ്‌നേഹം അവിടുന്നു പഠിപ്പിച്ച കാര്യങ്ങൾ അനുസരിച്ചും അവിടുത്തെ മാതൃകകൾ പിൻപറ്റിയുമായിരിക്കണം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ മതത്തിൽ പുതിയ ആചാരങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ല. അല്ലാഹു പറയുന്നു:

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)

ബിദ്അത്തുകളെല്ലാം വഴികെടാകുന്നു; അതിൽ നല്ലതില്ല

ബിദ്അത്തുകളെല്ലാം വഴികേടാണ്. ജാബിർ رضى الله عنه, ഇർബാദ് رضى الله عنه എന്നിവർ ഉദ്ധരിക്കുന്ന നബിﷺയുടെ വാക്കുകളിൽനിന്ന് അത് ഗ്രഹിക്കാവുന്നതാണ്. وكل بدعةٍ ضلالة {എല്ലാ ബിദ്അത്തുകളും വഴികേടാണ്} എന്ന നബി വചനത്തിൽനിന്നുതന്നെ ‘ഇസ്‌ലാമിൽ നല്ല ബിദ്അത്തുകളുണ്ട്’ എന്ന വാദത്തിന്റെ നിരർഥകത മനസ്സിലാക്കാം.

ഇബ്‌നു ഉമര്‍ رضى الله عنه വിന്റെ വാക്കിലും ഇത് കാണാം:

كُلُّ بِدْعَةٍ ضَلَالَةٌ ، وَإِنْ رَآهَا النَّاسُ حَسَنَةً

എല്ലാ ബിദ്അത്തുകളും വഴികേടാണ്; ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെയും അതിനുശേഷം അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെയും പ്രതിഫലമുണ്ടായിരിക്കും; അവരുടെ പ്രതിഫലത്തിൽ ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത സമ്പ്രദായം തുടങ്ങിവെച്ചാൽ അയാൾക്ക് അതിന്റെയും അതിനുശേഷം അത് പ്രവർത്തിച്ചവരുടെയും പാപഭാരമുണ്ടായിരിക്കും; അവരുടെ പാപഭാരത്തിൽ ഒട്ടും കുറയാതെ തന്നെ. (മുസ്‌ലിം)

ഈ ഹദീസിനെ തെളിവാക്കിക്കൊണ്ട് ഇസ്‌ലാമിൽ നല്ല ബിദ്അത്തുണ്ട് എന്ന് ചിലർ പറയാറുണ്ട്. അതൊരിക്കലും ശരിയല്ല. കാരണം, മേൽപറഞ്ഞ ഹദീസിന്റെ ഉദ്ദേശ്യം ഇസ്‌ലാം അംഗീകരിച്ച ഒരു സൽകർമത്തിലെക്ക് മുന്നിട്ടുചെല്ലലും അതിനെ മറ്റുള്ളവർ മാതൃകയാക്കലുമാണ്. പ്രസ്തുത ഹദീസിന്റെ പശ്ചാത്തലം അത് വ്യക്തമാക്കുന്നുണ്ട്.

മുള്ർ ഗോത്രത്തിൽപെട്ട ഒരു സംഘമാളുകൾ മദീനയിൽ വന്നു. അവരുടെ ദാരിദ്ര്യവും അവശതയും അവരിൽ പ്രകടമായിരുന്നു. അപ്പോൾ നബിﷺ ദാനധർമങ്ങൾക്കായി (സ്വദക്വ) ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ അൻസ്വാറുകളിൽപെട്ട ഒരു സ്വഹാബി ഒരു ചാക്ക് നിറയെ സാധനങ്ങളുമായി വന്നു. അയാൾക്ക് സ്വന്തമായി കയ്യിൽ പിടിച്ചു കൊണ്ടുവരാൻ സാധിക്കാത്തയത്രയുണ്ടായിരുന്നു അത്. അങ്ങനെ അയാളുടെ പിന്നാലെ ആളുകൾ ഓരോരുത്തരായി ദാനധർമങ്ങൾ ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് ‘ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ…’ എന്ന വചനം നബിﷺ പറഞ്ഞത്.

(ഏതെങ്കിലും ഒരു പ്രദേശത്ത്) നബിﷺയുടെ സ്ഥിരപ്പെട്ട ഒരു സുന്നത്ത് പ്രകടമായി കാണാതിരിക്കുകയും അങ്ങനെ ആരെങ്കിലും പ്രസ്തുത സുന്നത്തിനെ അവർക്കിടയിൽ പ്രയോഗവൽക്കരിക്കുകയും അതുവഴി അതിനെ ജീവിപ്പിക്കുകയും ചെയ്താൽ അയാൾക്ക് ആ പ്രതിഫലമുണ്ടായിരിക്കുമെന്നാണ് ഹദീസിന്റെ താൽപര്യം. അല്ലാതെ മതത്തിൽ പുതിയതായ ആചാര-അനുഷ്ഠാനങ്ങൾ ഉണ്ടാക്കുന്നതിന് അതൊരിക്കലും തെളിവാകുകയില്ല. കാരണം, നബിﷺതന്നെ പറഞ്ഞിട്ടുണ്ട്; ‘ആരെങ്കിലും നമ്മുടെ ഈ മതകാര്യങ്ങളിൽ അതിലില്ലാത്തത് പുതുതായി കടത്തിക്കൂട്ടിയാൽ അത് തള്ളപ്പെടേണ്ടതാണ്’ എന്ന്.

ഇസ്‌ലാമിക ശരീഅത്ത് സമ്പൂർണമാണ്. ഇനി അതിലേക്ക് ഒന്നും കൂട്ടിച്ചേർക്കേണ്ടതില്ല. മതത്തിൽ പുതിയതായി ബിദ്അത്തുകൾ ഉണ്ടാക്കുന്നതിലൂടെ അതിന്റെ സമ്പൂർണതയെ നിരാകരിക്കുകയും അതിന്റെ പൂർണതയിൽ സംശയം പ്രകടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്, ജനങ്ങൾ അവയെ നല്ലതായി കണ്ടാലും’ എന്ന, ഇബ്‌നു ഉമര്‍ رضى الله عنه വിന്റെ വാചകം നേരത്തെ ഉദ്ധരിച്ചത് ഓർക്കുക.

അപ്രകാരം തന്നെ ഇമാം മാലിക് رَحِمـهُ الله പറയുന്നു:

من ابتدع في الإسلام بدعة يراها حسنة فقد زعم أن محمدا خان الرسالة.لأن الله يقول : {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} فما لم يكن يومئذ دينا فلا يكون اليوم دينا

ആരെങ്കിലും ഇസ്‌ലാമിൽ നല്ലതായി കണ്ടുകൊണ്ട് വല്ല ബിദ്അത്തും ഉണ്ടാക്കിയാൽ മുഹമ്മദ് നബിﷺ തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നാണ് അയാൾ അതിലൂടെ ജൽപിക്കുന്നത്. കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ഇന്നേദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു.’ അതിനാൽ അന്ന് ദീനല്ലാത്തത് ഇന്ന് ദീനാകുകയില്ല.

എന്നാൽ ഉമർ رَضِيَ اللَّهُ عَنْهُ തറാവീഹ് നമസ്‌കാരത്തിൽ ആളുകളെ ഒരു ഇമാമിന്റെ കീഴിലാക്കിയത് ദീനിൽ പുതിയതായി ബിദ്അത്തുണ്ടാക്കിയതല്ല. മറിച്ച് ദീനിൽ സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ ജീവിപ്പിക്കുകയും പ്രകടമാക്കുകയും മാത്രമാണ് അദ്ദേഹം ചെയ്തത്. കാരണം, നബിﷺ ഏതാനും രാത്രികളിൽ ആളുകളെയും കൂട്ടി റമദാനിൽ രാത്രി നമസ്‌കാരം (ക്വിയാമുല്ലൈൽ) നിർവഹിച്ചിട്ടുണ്ട്. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയത്തിലാണ് തുടരാതിരുന്നത്. അക്കാര്യം ഇമാം ബുഖാരി (ഹദീസ് നമ്പർ 1129ൽ) ഉദ്ധരിച്ചിട്ടുണ്ട്. നബിﷺ വഫാത്താകുകയും വഹ്‌യ് നിലച്ചതിലൂടെ ഇനി അത് നിർബന്ധമാക്കപ്പെടുമെന്ന ആശങ്ക നീങ്ങുകയും തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കൽ ഒരു സുന്നത്തായി നിലനിൽക്കുകയും ചെയ്തപ്പോഴാണ് ഉമർ رَضِيَ اللَّهُ عَنْهُ അപ്രകാരം ചെയ്തത്.

എന്നാൽ ഉമർ رَضِيَ اللَّهُ عَنْهُ പ്രസ്തുത തറാവീഹ് നമസ്‌കാരത്തെ കുറിച്ച് ‘ഇത് എത്ര നല്ല ബിദ്അത്ത് (നിഅ്മൽ ബിദ്അത്തു ഹാദിഹി) എന്നു പറഞ്ഞത് മതത്തിലെ പുതുനിർമിതിയായ ബിദ്അത്ത് എന്ന അർഥത്തിലല്ല, മറിച്ച് ഭാഷാർഥത്തിലുള്ള ‘ബിദ്അത്ത്’ അഥവാ ആളുകൾക്കിടയിൽ പരിചയമില്ലാതിരുന്ന ഒരു സുന്നത്ത് പുതുക്കി ജീവിപ്പിച്ചു കാണിച്ചു എന്ന അർഥത്തിലാണ്.

ഭാഷയിലും മതത്തിലുമുള്ള ബിദ്അത്തുകൾ തമ്മിലുള്ള വ്യത്യാസം

ഭാഷാപരമായ അർഥം പൊതുവിൽ മതത്തിൽ ഉദ്ദേശിക്കപ്പെടുന്ന അർഥത്തെക്കാൾ വിശാലമായിരിക്കും. ഭാഷാപരമായ ആ വിശാല അർഥത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും മതപരമായ വിവക്ഷയിൽ ഉണ്ടാവുക. ‘തക്വ്‌വ’ (സൂക്ഷ്മത പാലിക്കൽ, തടുക്കൽ), സ്വിയാം (നോമ്പ്, തടഞ്ഞുവെക്കൽ), ഹജ്ജ് (ഉദ്ദേശിക്കൽ), ഉംറ (സന്ദർശനം), ബിദ്അത്ത് (പുതുനിർമിതി) മുതലായവ ഇതിനുദാഹരണമാണ്.

‘തക്വ്‌വ’ എന്നതുകൊണ്ട് ഭാഷയിൽ അർഥമാക്കുന്നത് മനുഷ്യൻ ഭയപ്പെടുന്ന ഏതൊരു കാര്യത്തിൽനിന്നും സുരക്ഷയും പ്രതിരോധവും സ്വീകരിക്കുക എന്നതാണ്; ചൂടിൽനിന്നും കൊടും തണുപ്പിൽനിന്നുമുള്ള രക്ഷയ്ക്കുവേണ്ടി വീടുകളും ടെന്റുകളും ഉണ്ടാക്കുന്നതുപോലെ, ഭൂമിയിലൂടെ നടന്നുപോകുമ്പോൾ കാലിന് ഉപദ്രവകരമായ ഒന്നും ഏൽക്കാതിരിക്കാൻ പാദരക്ഷകൾ ധരിക്കുന്നതുപോലെ.

എന്നാൽ മതപരമായ അർഥത്തിൽ ‘തക്വ്‌വ’ എന്നു പറയുന്നത് ഒരാൾ തന്റെയും അല്ലാഹുവിന്റെ കോപത്തിനുമിടയിൽ തന്നെ രക്ഷപ്പെടുത്തുന്ന കാര്യങ്ങൾ സ്വീകരിക്കലാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനകളെ ജീവിതത്തിൽ പ്രയോഗവത്ക്കരിച്ചുകൊണ്ടും വിലക്കിയ കാര്യങ്ങളിൽനിന്നും വിട്ടകന്നുകൊണ്ടുമാണ് അത് സാധിക്കുക.

‘സ്വിയാം’ (നോമ്പ്) എന്ന പദം ഏതുതരം തടഞ്ഞുവെക്കലിനും ഭാഷയിൽ പ്രയോഗിക്കും. എന്നാൽ മതപരമായ അതിന്റെ അർഥം നോക്കുമ്പോൾ അത് ഒരു പ്രത്യേകതരം തടഞ്ഞുവെക്കലാണ് എന്ന് കാണാവുന്നതാണ്. അഥവാ, അന്നപാനീയങ്ങളിൽനിന്നും നോമ്പിനെ അസാധുവാക്കുന്ന മറ്റു കാര്യങ്ങളിൽനിന്നും പ്രഭാതം മുതൽ പ്രദോഷംവരെ ശരീരത്തെ തടുത്തുനിർത്തലും അകലം പാലിക്കലുമാണ്.

‘ഹജ്ജ്’ എന്നാൽ ഭാഷയിൽ ‘ഉദ്ദേശിക്കൽ’ എന്നാണ് അർഥം. ഏതുതരം ഉദ്ദേശിക്കലും അതിൽപെടും. എന്നാൽ മതപരമായി നോക്കുമ്പോൾ അതിന്റെ അർഥം മതപരമായ ചില പ്രത്യേക കർമങ്ങൾ നിർവഹിക്കാനായി മക്കയെ ലക്ഷ്യമാക്കി പോകലാണ്.

‘ഉംറ’ എന്ന പദത്തിന് സന്ദർശനം എന്നാണ് ഭാഷാർഥം. അഥവാ ഏതുതരം സന്ദർശനത്തിനും ഭാഷയിൽ ‘ഉംറ’ എന്നു പറയാം. എന്നാൽ മതപരമായി പറയുമ്പോൾ കഅ്ബയെ ത്വവാഫ് ചെയ്യുന്നതിനും സ്വഫാമർവക്കിടയിൽ സഅ്‌യ് നടത്തുന്നതിനും മുടി കളയുന്നതിനും വെട്ടുന്നതിനുമൊക്കെയായി മക്ക സന്ദർശിക്കലാണത്. ഭാഷാപരമായി ബിദ്അത്ത് എന്നത്

മുൻമാതൃകയില്ലാത്ത എല്ലാ പുതുനിർമിതികളാണ്. മതപരമായി അത് മതത്തിൽ അടിസ്ഥാനമില്ലാത്ത പുതുനിർമിതികളുമാണ്. അതാകട്ടെ സുന്നത്തിന് എതിരുമായിരിക്കും.

ബിദ്അത്തും മസ്വാലിഹുൽ മുർസലയും

മതപരമായി ചെയ്യണമെന്നോ ചെയ്യരുതെന്നോ പ്രത്യേക നിർദേശം വന്നിട്ടില്ലാത്തതും ചില ഗുണങ്ങളുള്ളതുമായ കാര്യങ്ങൾക്കാണ് ‘മസ്വാലിഹുൽ മുർസല’ എന്ന് പറയുന്നത്. സത്യത്തിൽ മതം അംഗീകരിച്ച ചില നന്മകൾ സ്വായത്തമാക്കാനുള്ള മാർഗമാണത്. അബൂബക്‌ര്‍ رَضِيَ اللَّهُ عَنْهُ വിന്റെയും ഉസ്മാൻ ഇബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെയും ഭരണകാലത്ത് നടന്ന ക്വുർആൻ ക്രോഡീകരണവും, കണക്കുകളും രേഖകളും ശേഖരിക്കലും ആനുകൂല്യങ്ങൾക്കർഹരായവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തലുമൊക്കെ അതിനുദാഹരണങ്ങളാണ്. മതപരമായ പ്രത്യേക തെളിവുകൾ അഥവാ, ക്വുർആൻ വചനങ്ങളോ നബിﷺയുടെ ഹദീസുകളോ ഇത് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞുകൊണ്ട് വന്നിട്ടില്ല.

ക്വുർആൻ ക്രോഡീകരണം ക്വുർആനിൽനിന്ന് യാതൊന്നും നഷ്ടപ്പെട്ടുപോകാതെ അത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. അതാകട്ടെ അല്ലാഹു പറഞ്ഞ ഈ വചനത്തിന്റെ തേട്ടവും സാക്ഷാൽക്കാരവുമാണ്:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)

ക്വുർആൻ ക്രോഡീകരണത്തെ കുറിച്ച് ഉമർ رَضِيَ اللَّهُ عَنْهُ അബൂബകര്‍ رَضِيَ اللَّهُ عَنْهُ വിനോട് സൂചിപ്പിച്ചപ്പോൾ ആദ്യഘട്ടത്തിൽ അദ്ദേഹം അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു:

كَيْفَ أَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ عُمَرُ هُوَ وَاللَّهِ خَيْرٌ‏.‏ فَلَمْ يَزَلْ عُمَرُ يُرَاجِعُنِي فِيهِ حَتَّى شَرَحَ اللَّهُ لِذَلِكَ صَدْرِي، وَرَأَيْتُ الَّذِي رَأَى عُمَرُ‏.

“നബിﷺ ചെയ്യാതിരുന്ന ഒരു കാര്യം ഞാനെങ്ങനെ ചെയ്യാനാണ്?” അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അല്ലാഹുവാണെ, അത് നന്മ(ഖൈർ)യാണ്.’’ അങ്ങനെ ഉമർ رَضِيَ اللَّهُ عَنْهُ ആവർത്തിച്ചാവർത്തിച്ച് ഉണർത്തിക്കൊണ്ടിരുന്നപ്പോഴാണ് അല്ലാഹു തന്റെ ഹൃദയത്തിന് വിശാലത നൽകിയതും അത് ഉൾക്കൊള്ളാനായതും എന്ന് അബൂബക്ർ رَضِيَ اللَّهُ عَنْهُ പറയുന്നു: “അങ്ങനെ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അഭിപ്രായപ്പെട്ടതിനോട് ഞാനും യോജിച്ചു.” (ബുഖാരി: 4679)

അബൂബകര്‍ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തെ ക്വുർആൻ ക്രോഡീകരണം എഴുതി സൂക്ഷിച്ചതും മനഃപാഠവും ഒത്തുനോക്കിക്കൊണ്ടുള്ള ഒരു ക്രോഡീകരണമായിരുന്നുവെങ്കിൽ അതിനെ ആധാരമാക്കി ഗ്രന്ഥരൂപത്തിലുള്ള ക്രോഡീകരണമാണ് ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്ത് നടന്നത്.

എന്നാൽ പേരുകളും രേഖകളും ക്രോഡീകരിക്കൽ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലത്താണ് നടന്നത്. അതായത്, പല പ്രദേശങ്ങളും ഇസ്‌ലാമിന്റെ കീഴിലേക്ക് വരികയും യുദ്ധസ്വത്തുക്കൾ അധികരിക്കുകയും ചെയ്തപ്പോൾ സൈന്യത്തിൽപെട്ടവരും അല്ലാത്തവരുമായ, സഹായങ്ങൾക്കർഹരായവരുടെ പേരുവിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടായി. അങ്ങനെ ഒരു സമ്പ്രദായം ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്തിന് മുമ്പ് ഉണ്ടായിരുന്നില്ല. അതിലൂടെ ഉദ്ദേശിക്കുന്നത് അർഹരായ ആളുകളിലേക്ക് അവർക്കവകാശപ്പെട്ട സഹായങ്ങൾ എത്തണമെന്നും അർഹതപ്പെട്ട ഒരാളും അതിൽനിന്ന് വിട്ടുപോകരുത് എന്നതുമാണ്.

ഇത്തരത്തിലുള്ള ‘മസ്വാലിഹുൽ മൂർസല’ എന്ന ഗണത്തിൽ വരുന്ന സംഭവങ്ങളെ ആധാരമാക്കി ‘ബിദ്അത്തുകളെ എല്ലാറ്റിനെയും എതിർക്കാൻ പാടില്ല, അതിൽ ചിലത് നല്ല ബിദ്അത്തുകളാണ്’ എന്ന ന്യായം പറച്ചിൽ ഒരിക്കലും ശരിയല്ല. കാരണം ഇത്തരം സംഗതികളിൽ അഥവാ മസ്വാലിഹുൽ മുർസലകളിൽ മതം അംഗീകരിച്ച ഒരു നന്മ നേടിയെടുക്കലും സാക്ഷാൽക്കരിക്കലുമാണ് നടക്കുന്നത്. അല്ലാതെ ദീനിൽ പുതിയതായി വല്ലതും ഉണ്ടാക്കലല്ല. എന്നാൽ ബിദ്അത്തുകൾ അങ്ങനെയല്ല. അതിൽ ദീനിന്റെ പൂർണതയിൽ സംശയിക്കുന്ന വിധത്തിലുള്ള കൂട്ടിച്ചേർക്കലാണ് നടക്കുന്നത്. ഇമാം മാലിക് رَحِمـهُ الله യുടെയും മറ്റും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അക്കാര്യം നമ്മൾ വിശദീകരിച്ചിരുന്നല്ലോ.

നല്ല ഉദ്ദേശ്യവും സുന്നത്തും

ബിദ്അത്തുകൾ ചെയ്യുന്നവർ അല്ലാഹുവിലേക്കടുക്കുവാനും പുണ്യം നേടുവാനുമൊക്കെയുള്ള നല്ല ഉദ്ദേശ്യത്തിലാണല്ലോ അവ ചെയ്യുന്നത്. അതിനാൽ ഈയൊരു തലത്തിൽ ചിന്തിക്കുമ്പോൾ അത്തരം പ്രവൃത്തികളെ എതിർക്കേണ്ടതുണ്ടോ, സ്തുത്യർഹമായ നല്ല പ്രവർത്തനങ്ങളായിട്ടല്ലേ അവയെ കാണേണ്ടത് എന്നൊക്കെ ബിദ്അത്തിന്റെ ഗൗരവം കുറച്ചുകാണുന്നവർ ചിലപ്പോൾ ചോദിച്ചേക്കാം.

അതിനുള്ള മറുപടി: നല്ല ഉദ്ദേശ്യത്തോടൊപ്പം ഇതൊരു കർമവും സുന്നത്തിനോട് യോജിക്കലും അനിവാര്യമായ സംഗതിയുമാണ്. സൽകർമങ്ങൾ റബ്ബിന്റെയടുക്കൽ സ്വീകരിക്കപ്പെടണമെങ്കിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട രണ്ട് നിബന്ധനകളിലോന്നാണത്. അതായത്;

1) പ്രസ്തുത കർമം അല്ലാഹുവിന് മാത്രമായി ‘നിഷ്‌കളങ്കത’(ഇഖ്‌ലാസ്)യോടെ സമർപ്പിച്ചതായി രിക്കണം.

2) നബിﷺയെ പിൻപറ്റിക്കൊണ്ടായിരിക്കണം പ്രസ്തുത കർമം നിർവഹിക്കേണ്ടത്. അഥവാ, ഇത്തിബാഉർറസൂൽ ഉണ്ടായിരിക്കണം.

മതത്തിൽ പുതുതായുണ്ടാക്കപ്പെടുന്ന ബിദ്അത്തുകൾ റബ്ബ് സ്വീകരിക്കാതെ അതിന്റെയാളുകളിലേക്ക് തന്നെ തള്ളപ്പെടുമെന്ന് അറിയിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞിരുന്നുവല്ലോ. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും رَحِمـهُم الله ഉദ്ധരിച്ച നബിﷺയുടെ വചനം:

من أحدث في أمرنا هذا ما ليس منه، فهو ردٌّ

ആരെങ്കിലും നമ്മുടെ ഈ ദീനികാര്യങ്ങളിൽ പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്.

ഇമാം മുസ്‌ലിമിന്റെ ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നമ്മുടെ കൽപനയില്ലാത്ത ഒരു കാര്യം ആരെങ്കിലും (മതമായി) ആചരിച്ചാൽ അത് തള്ളപ്പെടുന്നതാണ്.

ഒരു കർമം ചെയ്യുമ്പോൾ നല്ല ഉദ്ദേശ്യത്തോടൊപ്പം പ്രസ്തുതകർമം സുന്നത്തിനോട് യോജിക്കൽ നിർബന്ധമാണെന്ന് അറിയിക്കുന്ന മറ്റൊരു സംഭവമാണ് പെരുന്നാൾ നമസ്‌കാരത്തിനു മുമ്പേ ബലിയറുത്ത സ്വഹാബിയുടെ വിഷയത്തിൽ നബിﷺ പറഞ്ഞത്. നബിﷺ അദ്ദേഹത്തോട് പറഞ്ഞു:

شاتك شاة لحم

നീ അറുത്ത ആട് സാധാരണഗതിയിൽ മാംസത്തിനുവേണ്ടി അറുത്ത ആട് മാത്രമാണ്. (ബുഖാരി, മുസ്‌ലിം).

അത് ഉദുഹിയ്യത്തിന്റെ ബലികർമമായി പരിഗണിക്കപ്പെടുകയില്ല എന്ന് സാരം.

ഇബ്‌നു ഹജർ رَحِمـهُ الله  ഈ ഹദീസിന്റെ വിവരണത്തിൽ പറയുന്നു:

وفيه أن العمل وإن وافق نية حسنة لم يصح إلا إذا وقع على وفق الشرع

നിശ്ചയമായും ഒരു കർമം നല്ല ഉദ്ദേശ്യത്തോടെ ചെയ്തതാണെങ്കിലും മതത്തിന്റെ നിയമനിർദേശങ്ങളോട് യോജിച്ചാലല്ലാതെ അത് സാധുവാകുകയില്ല. (ഫത്ഹുൽ ബാരി: 10/17).

അപ്രകാരം തന്നെ സുനനുദ്ദാരിമിയിൽ സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവവും ഇക്കാര്യം അറിയിക്കുന്നുണ്ട്. അതായത്, പള്ളിയിൽ വട്ടംകൂടിയിരിക്കുന്ന ഒരുപറ്റം ആളുകളുടെ അടുക്കലേക്ക് അബ്ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ചെല്ലുന്നു. ആ ആളുകളുടെ കൈകളിൽ ചരൽക്കല്ലുകളുണ്ട്. അവരിൽ ഒരാൾ വിളിച്ചു പറയും: ‘നിങ്ങൾ നൂറ് തക്ബീർ’ (അല്ലാഹുഅക്ബർ) പറയുക.’ അപ്പോൾ അവർ നൂറുപ്രാവശ്യം തക്ബീർ ചൊല്ലും. അവരുടെ കൈകളിലുള്ള ചരൽക്കല്ലുകൾകൊണ്ട് അവർ അതിനു എണ്ണം പിടിക്കുകയും ചെയ്യും. പിന്നെ അവരോട് നൂറ് പ്രാവശ്യം ‘തഹ്‌ലീൽ’ (ലാ ഇലാഹ ഇല്ലല്ലാഹ്) ചൊല്ലാൻ പറയും. പിന്നെ നൂറ് പ്രാവശ്യം ‘തസ്ബീഹ്’ (സുബ്ഹാനല്ലാഹ്) ചൊല്ലാൻ പറയും. അവർ കൈകളിലുള്ള ചരൽക്കല്ലുകൾകൊണ്ട് എണ്ണംപിടിച്ചു പ്രസ്തുത ദിക്‌റുകൾ ചൊല്ലും. ഇത് കണ്ടുകൊണ്ട് അവരുടെ അടുക്കൽ ചെന്ന് ഇബ്‌നുമസ്ഊദ് رَضِيَ اللَّهُ عَنْهُ ചോദിച്ചു:

مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ؟ ” قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حصًا نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ ، قَالَ: ” فَعُدُّوا سَيِّئَاتِكُمْ ، فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ ، وَيْحَكُمْ يَا أُمَّةَ مُحَمَّدٍ ، مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صَلَّى اللهُ عَلَيْهِ وَسَلَّمَ مُتَوَافِرُونَ ، وَهَذِهِ ثِيَابُهُ لَمْ تَبْلَ ، وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي بِيَدِهِ، إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ أوْ مُفْتَتِحُو بَابِ ضَلَالَةٍ ” ، قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَّا الْخَيْرَ. قَالَ: ” وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ ،

“നിങ്ങളെന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്?’’ അവർ പറഞ്ഞു: “അല്ലയോ അബൂഅബ്ദിറഹ്‌മാൻ, ഞങ്ങൾ കുറച്ച് ചരൽക്കല്ലുകൾ എടുത്തുകൊണ്ട് തക്ബീറും തഹ്‌ലീലും തസ്ബീഹുമൊക്കെ ചൊല്ലുകയാണ്.’’അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ തെറ്റുകൾ എണ്ണിനോക്കുന്നതായിരിക്കും നിങ്ങൾക്ക് ഇതിനെക്കാൾ ഉത്തമം. എങ്കിൽ നിങ്ങളുടെ നന്മകളൊന്നും നഷ്ടപ്പെടുകയില്ല എന്ന് ഞാൻ ഉറപ്പുനൽകാം. മുഹമ്മദ് നബിﷺയുടെ സമുദായമേ, നിങ്ങൾക്ക് നാശം! എത്രപെട്ടെന്നാണ് നിങ്ങൾ നശിക്കുന്നത്! ഇതാ നിങ്ങളുടെ പ്രവാചകന്റെ അനുചരന്മാർ ഇവിടെ വേണ്ടുവോളമുണ്ട്. നബിﷺയുടെ വസ്ത്രങ്ങളിതാ, അവ നുരുമ്പിപ്പോയിട്ടില്ല, അവിടുന്ന് ഉപയോഗിച്ച പാത്രങ്ങൾ പോലും ഉടഞ്ഞുപോയിട്ടില്ല. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ(അല്ലാഹു) തന്നെയാണേ സത്യം! മുഹമ്മദ് നബിﷺയുടെ മാർഗത്തെക്കാൾ ഉത്തമമായ വല്ല മാർഗത്തിലുമാണോ നിങ്ങളുള്ളത്?’’ അവർ പറഞ്ഞു: “അല്ലയോ അബൂ അബ്ദിറഹ്‌മാൻ! അല്ലാഹുവാണേ, നല്ലതല്ലാതെ യാതൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.’’ അപ്പോൾ അദ്ദേഹം പറഞ്ഞു: “എതയെത്ര ആളുകൾ നല്ലത് ഉദ്ദേശിക്കുന്നു. പക്ഷേ, അവർക്കത് നേടുവാനാകുന്നതേയല്ല…’’ (ശൈഖ് അൽബാനി رَحِمـهُ الله യുടെ അസ്സിൽസിലതുസ്സ്വഹീഹ, ഹദീസ് നമ്പർ 2005)

ബിദ്അത്തിന്റെ അപകടങ്ങൾ

ബിദ്അത്തുകളുടെ അപകടങ്ങൾ അതീവ ഗുരുതരവും വമ്പിച്ചതുമാണ്. അതിലൂടെ ബാധിക്കുന്ന ആപത്തുകളും വലുതാണ്. മറ്റു തെറ്റുകുറ്റങ്ങളെക്കാൾ ഗുരുതരമാണത്. കാരണം, ഏതെങ്കിലും തെറ്റു കുറ്റങ്ങളിൽ പെട്ടുപോയ ഏതൊരാൾക്കും പൊതുവിൽ താനൊരു നിഷിദ്ധമായ (ഹറാമായ) കാര്യത്തിലാണ് പെട്ടിരിക്കുന്നതെന്നും അതിൽനിന്ന് രക്ഷപ്പെട്ട് റബ്ബിലേക്ക് പാശ്ചാത്തപിച്ച് മടങ്ങണമെന്നുമുള്ള ചിന്ത സ്വാഭാവികമാണ്. എന്നാൽ ബിദ്അത്തിന്റെ ആളാവട്ടെ താനൊരു നന്മയിൽ ആണെന്നായിരിക്കും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ മരണംവരെയും അയാളത് ഒഴിവാക്കാതെ ഒരു പുണ്യം പോലെ തുടർന്നുകൊണ്ടിരിക്കും. സത്യത്തിൽ അയാൾ ദേഹേച്ഛയെ പിൻപറ്റുകയും നേരായ മാർഗത്തിൽനിന്നും (സ്വിറാതുൽ മുസ്തക്വീം) തെറ്റി സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَصْنَعُونَ

എന്നാൽ തന്റെ ദുഷ്പ്രവൃത്തികൾ അലംകൃതമായി തോന്നിക്കപ്പെടുകയും അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാൽ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്റെ പ്രാണൻ പോകാതിരിക്കട്ടെ. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ഖു൪ആന്‍:35/8)

أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم

തന്റെ രക്ഷിതാവിങ്കൽനിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാൾ സ്വന്തം ദുഷ്പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ? (ഖു൪ആന്‍:47/14)

يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدُۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌. (ഖു൪ആന്‍:38/26)

فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

ഇനി നിനക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്നു നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല; തീർച്ച. (ഖു൪ആന്‍:28/50)

عَنْ أَنَسِ  ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: إنَّ اللهَ حجب التوبةَ عن كلِّ صاحبِ بدعةٍ حتى يدَعَ بدعتَه

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു എല്ലാ ബിദ്അത്തുകാർക്കിടയിലും അവർ തങ്ങളുടെ ബിദ്അത്ത് കൈയൊഴിക്കുന്നതുവരേക്കും തൗബക്ക് മറയിട്ടിരിക്കുന്നു. (മുൻദിരി തന്റെ കിതാബുത്തർഗീബ് വത്തർഹീബിൽ, ‘സുന്നത്തുപേക്ഷിച്ച് ബിദ്അത്തും ദേഹേച്ഛകളും പേറുന്നതിനെ താക്കീത് ചെയ്യുന്ന’ അധ്യായത്തിൽ ഉദ്ധരിച്ചത്) മുൻദിരി رَحِمـهُ الله പറയുന്നു: “ഹസനായ പരമ്പരയോടെ ത്വബ്‌റാനി ഇത് ഉദ്ധരിച്ചിട്ടുണ്ട്.’’(വിശദാംശങ്ങൾക്ക് അസ്സിൽസിലതുസ്സ്വഹീഹ 1620-ാം നമ്പർ ഹദീസ് നോക്കുക)

 

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് حَفِظَهُ اللَّهُ യുടെ الحث على اتباع السنة والتحذير من البدع وبيان خطرها എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *