വിശുദ്ധ ഖുർആനിലെ 98 ാ മത്തെ സൂറത്താണ് سورة البينة (സൂറ: ബയ്യിന). എട്ട് ആയത്തുകളാണ് മദീനയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. ഒന്നാമത്തേയും നാലാമത്തേയും വചനത്തിൽ അല്ലാഹുൽ നിന്നുള്ള വ്യക്തമായ തെളിവിനെ കുറിച്ച് പരാമര്‍ശമുള്ളതിനാലാണ് ഈ സൂറത്തിന് ബയ്യിന (വ്യക്തമായ തെളിവ്) എന്ന പേര് പേര് വന്നിട്ടുള്ളത്.
തൗറാത്തിന്റെയും മൂസാ നബി عليه السلام യുടെയും അനുയായികളാണ് യഹൂദികള്‍, അഥവാ ജൂതന്മാര്‍. മൂസാ നബി عليه السلام ക്കു ശേഷം അവരില്‍ കഴിഞ്ഞുപോയ ദീര്‍ഘമായ കാലഘട്ടത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടെയിരുന്ന ദുഷ്‌ചെയ്തികള്‍ മറ്റേതൊരു സമുദായത്തെക്കാളും അവരെ അധഃപതിപ്പിച്ചു കളഞ്ഞു.
കാലക്രമേണ ഈസാ നബി عليه السلام യുടെ അനുയായികളും സത്യമാര്‍ഗത്തിൽ നിന്നും വ്യതിചലിച്ചു. ഈസാ നബി عليه السلام ക്ക് അവര്‍ ദിവ്യത്വവും ദൈവത്വവും കല്‍പ്പിച്ചു. ഇതുവഴി, അല്ലാഹുവിന്റെ പരമപരിശുദ്ധവും, സൃഷ്ടികളുമായി തെല്ലും സാമ്യമില്ലാത്തതുമായ ഉല്‍കൃഷ്ട ഗുണങ്ങളെ കളങ്കപ്പെടുത്തുകയും, അല്ലാഹുവിനെ സൃഷ്ടിസമാനമാക്കുകയും ചെയ്തു. അവരാണ് ക്രിസ്ത്യാനികൾ.
മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നു. എന്നാല്‍ ശിര്‍ക്ക് (അല്ലാഹുവിൽ പങ്ക് ചേര്‍ക്കൽ) ആദര്‍ശമായി സ്വീകരിച്ചവരായിരുന്നു അവര്‍. അവര്‍ അല്ലാഹു അല്ലാത്ത പലതിനും ഇബാദത്തുകൾ ചെയ്യുന്നവരായിരുന്നു. കാരണം ആരാധനയിലുള്ള ഏകത്വത്തെ (توحيد الألوهية) അവര്‍ നിഷേധിച്ചവരായിരുന്നു. അഥവാ ഇബാദത്തുകൾ (ആരാധന) അല്ലാഹുന് മാത്രമേ സമര്‍പ്പിക്കാവൂ എന്നത് അവര്‍ അംഗീകരിച്ചിരുന്നില്ല.
യഹൂദ-ക്രൈസ്തവരിലും മുശ്രിക്കുകളിലും പെട്ട സത്യനിഷേധികൾ അവരുടെ ദുര്‍മാര്‍ഗ്ഗത്തില്‍ ഉറച്ച് നിന്ന് വരികയായിരുന്നു. അല്ലാഹുവിൽ നിന്നുള്ള റസൂലായ മുഹമ്മദ് നബി ﷺ വ്യക്തമായ തെളിവുകള്‍ സഹിതം വരികയും അല്ലാഹുവിൽ നിന്നുള്ള വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആൻ ഓതികേൾപ്പിക്കുകയും ചെയ്തപ്പോഴാണ് സത്യനിഷേധത്തിൽ നിന്ന് അവരിൽ ചിലര്‍ വേറിട്ട്പോന്ന് രക്ഷപ്പെടുവാന്‍ തുടങ്ങിയത്. മറ്റുള്ളവരാകട്ടെ, ഭിന്നിപ്പിലും നിഷേധത്തിലും മുഴുകുകയും ചെയ്തു.
لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ ﴿١﴾ رَسُولٌ مِّنَ ٱللَّهِ يَتْلُوا۟ صُحُفًا مُّطَهَّرَةً ﴿٢﴾ فِيهَا كُتُبٌ قَيِّمَةٌ ﴿٣﴾
വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്) വേറിട്ട് പോരുന്നവരായിട്ടില്ല. അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ) അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്. (ഖു൪ആന്‍:98/1-3)
മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം മുമ്പ് അവര്‍ക്ക് വേദഗ്രന്ഥങ്ങളെപ്പറ്റി പരിചയമില്ലാത്തവരായതുകൊണ്ട് അവര്‍ മുഹമ്മദ് നബി ﷺ യെയും ഖുര്‍ആനെയും നിഷേധിച്ചതില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ വേദക്കാരുടെ നില അതല്ല. അവര്‍ വേദഗ്രന്ഥങ്ങളുമായി പരിചയമുള്ളവരാണ്. അവയുടെ അദ്ധ്യാപനങ്ങളില്‍ നിന്ന് അവര്‍ പിഴച്ച് ദുര്‍മാര്‍ഗത്തില്‍ പതിച്ച് കൊണ്ടിരിക്കെയാണ് വ്യക്തമായ തെളിവുകളും കൊണ്ട് മുഹമ്മദ് നബി ﷺ യും ഖുര്‍ആനും അവര്‍ക്ക് വരുന്നത്.
വേദക്കാര്‍ മുഹമ്മദ് നബി ﷺ യിൽ വിശ്വസിക്കാതിരിക്കുകയും കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അവരുടെ ധിക്കാരത്തിന്റെയും വഴികേടിന്റെയും ആദ്യത്തേതല്ല. അവര്‍ ഭിന്നിക്കുകയും അഭിപ്രായ വ്യത്യാസത്തിലാവുകയും കക്ഷികളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചത് അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷമാണ്. ആ തെളിവുകളാവട്ടെ, അവരുടെ യോജിപ്പും ഒരുമയും അനിവാര്യമാക്കുന്നവയാണ്.
وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ ﴿
വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല. (ഖു൪ആന്‍:98/4)
അഥവാ തൗറാത്ത് നൽകപ്പെട്ട യഹൂദരും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളും ഭിന്നിച്ചത് അല്ലാഹു അവരിലേക്ക് ദൂതന്മാരെ നിയോഗിച്ചതിന് ശേഷം മാത്രമാണ്. അവരുടെ കൂട്ടത്തിൽ ചിലർ യഥാര്‍ത്ഥ വിശ്വാസികളായി. മറ്റു ചിലർ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ സത്യസന്ധത വ്യക്തമായി ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതാണ് അവരുടെ ചരിത്രം.
അറേബ്യയില്‍ വെളിപ്പെടുവാനിരിക്കുന്ന ഒരു റസൂലിന്‍റെ വരവ് അവര്‍ ചിരകാലമായി കാത്തുകൊണ്ടിരിക്കുകയുമാണ്. അവരുടെ കൈവശമുള്ള വേദഗ്രന്ഥവും ഇപ്പോള്‍ റസൂല്‍ കൊണ്ടുവന്ന വേദഗ്രന്ഥവും തമ്മില്‍ യാതൊരു പൊരുത്തക്കേടുമില്ല. അവരുടെ ഗ്രന്ഥങ്ങളിൽ – തൗറാത്തിലും ഇഞ്ചീലിലും – കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഖുർആനിലും കൽപ്പിക്കപ്പെട്ടിട്ടുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ബഹുദൈവാരാധന ഉപേക്ഷിക്കുക, നിസ്കാരം നിലനിർത്തുകയും സകാത് നൽകുകയും ചെയ്യുക; ഇതൊക്കെയാണ് ആ കൽപ്പനകൾ.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)
ഇബ്‌റാഹീം നബി عليه السلام യുടെ മാര്‍ഗം സ്വീകരിച്ചവര്‍ എന്നാണ് حُنَفَاءَ (ഹുനഫാഉ്) എന്ന വാക്കുകൊണ്ടു വിവക്ഷിക്കപ്പെടുന്നത്. അറേബ്യയിലെ മുശ്‌രിക്കുകള്‍, തങ്ങള്‍ ഇബ്‌റാഹീം നബി عليه السلام യുടെ മതക്കാരാണെന്നും, അദ്ദേഹത്തിന്‍റെ മാര്‍ഗത്തിലാണ് നിലകൊള്ളുന്നതെന്നും വാദിക്കുന്നവരായിരുന്നു. അവരും വേദക്കാരും, തങ്ങളെപ്പറ്റി ‘ഹുനഫാഅ്’ (ഋജുവായ മാര്‍ഗം സ്വീകരിച്ചവര്‍) എന്നു പറഞ്ഞിരുന്നു. എന്നാൽ, അസൂയയും പകയും വെച്ച് കൊണ്ട് തങ്ങളുടെ വേദഗ്രന്ഥത്തിന്‍റെ ശാസനകള്‍ക്കും, വര്‍ഗ പിതാവായ ഇബ്രാഹീം നബി عليه السلام യുടെ പാരമ്പര്യ നടപടികള്‍ക്കും വിരുദ്ധമായി ഇസ്‌ലാമിന്‍റെ ശത്രുക്കളായി ഭിന്നിക്കുകയാണ് വേദക്കാര്‍ ചെയ്തത്. ഇബ്‌റാഹീം നബി عليه السلام യുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആനിലും മുഹമ്മദ് നബി ﷺ യിലും വിശ്വസിക്കുവാന്‍ അവര്‍ തയ്യാറായില്ല.
വേദക്കാരിലും ബഹുദൈവാരാധകരിലും പെട്ട, ഇസ്ലാമിനെ നിഷേധിച്ചവർ അന്ത്യനാളിൽ നരകാഗ്നിയിൽ പ്രവേശിക്കുകയും, അതിൽ ശാശ്വതരായി വസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ നിഷേധിക്കുകയും, അവന്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ.
إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآ ۚ أُو۟لَٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. (ഖു൪ആന്‍:98/6)
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും ഉത്തമർ. അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍വഹിച്ചതിനാല്‍ അവന്‍ അവരെ തൃപ്തിപ്പെട്ടു. അവന്‍ അവര്‍ക്കു വേണ്ടി തയ്യാറാക്കിയ വിവിധങ്ങളായ ആദരവുകളിലും മഹത്തായ പ്രതിഫലത്തിലും അവരും തൃപ്തിപ്പെടും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ ﴿٧﴾جَزَآؤُهُمْ عِندَ رَبِّهِمْ جَنَّٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ ﴿٨﴾
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്. (ഖു൪ആന്‍:98/7-8)
ഈ സൂറത്ത് നൽകുന്ന ചില സന്ദേശങ്ങൾ കൂടി
ഒന്ന്: വേദക്കാരിലും മുശ്രിക്കുകളിലും പെട്ട സത്യനിഷേധികള്‍ എന്നാണ് ഖുര്‍ആൻ സൂചിപ്പിച്ചിട്ടുള്ളത്. വേദക്കാര്‍ എന്നതുകൊണ്ട് വിവക്ഷ, പൂര്‍വ പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളിലേതെങ്കിലുമൊന്ന് – ഭേദഗതികള്‍ നടത്തപ്പെട്ട രൂപത്തിലാണെങ്കിലും – കൈവശം വെക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ഏതെങ്കിലും പ്രവാചകനെ പിന്തുടരുകയോ വേദം അംഗീകരിക്കുകയോ ചെയ്യാത്തവരാണ് മുശ്രിക് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. വേദക്കാരിലും ശിര്‍ക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ഖുര്‍ആൻ അവരെ മുശ്രിക് എന്ന് സംബോധന ചെയ്തിട്ടില്ല. വേദക്കാര്‍ എന്നോ യഹൂദികളും നസാറാക്കളും എന്നോ ആണ് ഉപയോഗിച്ചത്. കാരണം, അവര്‍ അടിസ്ഥാനപരമായി അംഗീകരിച്ചിട്ടുള്ളത് ഏകദൈവത്വമതംതന്നെയാണ്. പിന്നീട് ശിര്‍ക്ക് ചെയ്യുകയായിരുന്നു. ഇതില്‍നിന്ന് ഭിന്നമായി, അഹ്‌ലുല്‍കിതാബ് അല്ലാത്തവരെ കുറിക്കാന്‍ മുശ്‌രിക് എന്ന സാങ്കേതിക നാമംതന്നെ ഉപയോഗിച്ചു. എന്തുകൊണ്ടെന്നാല്‍, യഥാര്‍ത്ഥമതം ശിര്‍ക്കുതന്നെയാണെന്ന് കരുതുകയും തൗഹീദിനെ നിസ്സങ്കോചം നിഷേധിക്കുകയും ചെയ്യുന്നവരാണവര്‍.
രണ്ട്: കുഫ്ര്‍ (സത്യനിഷേധം) പല തരത്തിലുണ്ട്. അല്ലാഹുവില്‍ വിശ്വസിക്കാത്തവര്‍ കാഫിറുകളാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്നുവെങ്കിലും അവനെ ഏക ആരാധ്യനായി അംഗീകരിക്കാത്തവര്‍, അല്ലാഹുന്റെ സത്തയിലോ നാമ-ഗുണ-വിശേഷണങ്ങളിലോ കഴിവുകളിലോ പങ്ക് ചേര്‍ക്കുന്നവര്‍, അല്ലാഹുവില്‍ വിശ്വസിക്കുന്നുവെങ്കിലും പ്രവാചകന്മാരെ അംഗീകരിക്കാത്തവര്‍, ഏതെങ്കിലും ചില പ്രവാചകന്മാരെ അംഗീകരിക്കുകയും മറ്റുള്ളവരെയെല്ലാം നിഷേധിക്കുകയും ചെയ്യുന്നവര്‍, പ്രവാചകന്മാര്‍ മുഖേന ആഗതമായ സന്മാര്‍ഗം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍, പരലോകം നിഷേധിക്കുന്നവര്‍ തുടങ്ങിയവരൊക്കെ കുഫ്റിൽ അകപ്പെട്ടവരാണ്.
മൂന്ന്: അല്ലാഹുവിനെ ആരാധിക്കേണ്ടത് ഇഖ്‌ലാസോടെയായിരിക്കണം.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്‌വണക്കം (ഇഖ്‌ലാസ്) അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖുര്‍ആൻ:98/5)
أَنَّ الْكُتُبَ كُلَّهَا جَاءَتْ بِأَصْلٍ وَاحِدٍ، وَدِينٍ وَاحِدٍ فَمَا أُمِرُوا فِي سَائِرِ الشَّرَائِعِ إِلَّا أَنْ يَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ أَيْ: قَاصِدِينَ بِجَمِيعِ عِبَادَاتِهِمِ الظَّاهِرَةِ وَالْبَاطِنَةِ وَجْهَ اللَّهِ، وَطَلَبَ الزُّلْفَى لَدَيْهِ،
എല്ലാ വേദഗ്രന്ഥങ്ങളുടെയും അടിസ്ഥാനവും ആശയവും ഒന്നാണ്. {കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് അവനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല} അതായത്: പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ ആരാധനകളും അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. (തഫ്സീറുസ്സഅ്ദി)
قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ
പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. (ഖുര്‍ആൻ:39/11)
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
നാല്: ബുദ്ധിയുടെയും ഇച്ഛാശക്തിയുടെയും ഉടമയായ മനുഷ്യൻ, സത്യത്തിന് പുറംതിരിഞ്ഞുകൊണ്ട് കുഫ്റും ശിര്‍ക്കും അവൻ പുൽകുമ്പോൾ അനവനാണ് സൃഷ്ടികളില്‍ മാശപ്പെട്ടവര്‍. അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിക്കാനും പാപം ചെയ്യാനുമുള്ള ഇച്ഛാസ്വാതന്ത്ര്യവും കഴിവും ഉണ്ടായിട്ടുകൂടി സത്യവിശ്വാസവും സൽകര്‍മ്മങ്ങളും സ്വീകരിച്ചവരാണ് സൃഷ്ടികളില്‍ ഉത്തമര്‍.
അഞ്ച്: ശിര്‍ക്കിന്റെയും കുഫ്റിന്റെയും അനുയായികൾ നരകത്തിലെ നിത്യവാസികളായിരിക്കും. സത്യവിശ്വാസത്തിന്റെയും സൽകര്‍മ്മങ്ങളുടെയും വക്താക്കൾ സ്വര്‍ഗത്തിലെ നിത്യവാസികളായിരിക്കും.
kanzululoom.com