സ്ത്രീ പുരുഷ സംയോഗം, ശുക്ലസ്ഖലനം , ആർത്തവം, പ്രസവരക്തം എന്നിങ്ങനെ കുളി നിർബന്ധമാക്കുന്നതാണ് വലിയ അശുദ്ധി. വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് കുളി നിര്‍ബന്ധമാണ്. വലിയ അശുദ്ധിയുടെ കുളിയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകുന്നതിനായി കുളിക്കുന്നുവെന്ന് കരുതുക (നിയ്യത്ത് വെക്കുക).
عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى،
വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും …. (ബുഖാരി: 1 – മുസ്‌ലിം: 1907)
നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത്. ഒരാൾ വലിയ അശുദ്ധിക്കാരനായി. പിന്നീട് അയാൾ കുളിക്കുന്നു. എന്നാൽ വലിയ അശുദ്ധി നീക്കം ചെയ്യുന്നതിനാണ് കുളിക്കുന്നതെന്ന നിയ്യത്ത് അയാൾക്കില്ലെങ്കിൽ അയാളുടെ കുളി ശരിയാകുകയില്ല. കുളി ശരിയാകാത്തതിനാൽ ശേഷമുള്ള നമസ്കാരവും സ്വീകാര്യമാകുകയില്ല.
പതിവ് പ്രവൃത്തിയിൽ (ആദത്ത്) നിന്ന് ഇബാദത്തിനെ വേർതിരിക്കുന്നത് നിയ്യത്താണ്. ഒരാൾ പതിവായി കുളിക്കുന്നു. എന്നാൽ ഒരു ദിവസം അയാൾ ജനാബത്ത് കുളിക്കുന്നു, അതാകട്ടെ ഒരു ഇബാദത്താണ്. ഇവിടെ രണ്ട് കുളിയും ഒരേ പോലെയാണ്. എന്നാൽ പതിവ് കുളിയിൽ നിന്നും ജനാബത്ത് കുളിയെ വേർതിരിക്കുന്നത് നിയ്യത്താണ്. അതെ, ഒരു പതിവ് പ്രവൃത്തിയിൽ (ആദത്ത്) നിന്നും ഇബാദത്തിനെ വേർതിരിക്കുന്നത് നിയ്യത്താണ്.
രണ്ടാമതായി, ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകിയാൽ വലിയ അശുദ്ധി നീങ്ങുന്നതായിരിക്കും. അതിൽ വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ഉൾപ്പെടും. വലിയ അശുദ്ധിയുടെ കുളിയുടെ നിർബന്ധമായ രൂപം ഇതാണ്. അല്ലാഹു പറഞ്ഞു:
وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟
നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക. (ഖുർആൻ:5/6)
ഒരാൾ ജനാബത്ത് കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും, വായ വൃത്തിയാക്കുകയും ചെയ്തില്ലെങ്കിൽ അവന്റെ കുളി ശരിയാകുമോ?
قَالَ العلامة محمد ابن عُثيمين رحمهُ اللّٰه :لا يصح الغسل بدون المضمضة والإستنشاق. لأن قوله تعالى :{ وإن كنتم جنباً فاطّهّروا } يشمل البدن كله ، وداخل الفم وداخل الأنف من البدن الذي يجب تطهيره. ولهذا أمر النبي صلى الله عليه وسلم بالمضمضة والاستنشاق في الوضوء ، لدخولهما في قوله تعالى :{فاغسلوا وجوهكم}. فإذا كانا داخلين في غسل الوجه – والوجه ممّا يجب تطهيره وغسله في الطهارة الكبرى – كان واجباً علىٰ من اغتسل من الجنابة أن يتمضمض ويستنشق.
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: വായ വൃത്തിയാക്കുകയും, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും, ചെയ്യാതെ ജനാബത്ത് കുളി ശരിയാവുകയില്ല. കാരണം, അല്ലാഹു ﷻ പറയുന്നു: {നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ (കുളിച്ച്) ശുദ്ധിയാകുക. (ഖുർആൻ:5/6)} ഇവിടെ, കുളിച്ച് ശുദ്ധിയാകുക എന്ന് പറഞ്ഞതിൽ ശരീര ഭാഗങ്ങൾ മുഴുവനായും കഴുകൽ ഉൾപ്പെടുന്നതാണ്. അതിനാൽ, മൂക്കിന്റെയും വായയുടെയും ഉൾഭാഗം നിർബന്ധമായും ശുദ്ധിയാക്കേണ്ട ഭാഗങ്ങളാകുന്നു.
അതു കൊണ്ടാണ്, വുളൂഅ് എടുക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും, വായ വൃത്തിയാക്കുകയും ചെയ്യാൻ നബി ﷺ കൽപ്പിച്ചത്. കാരണം, {നിങ്ങളുടെ മുഖങ്ങൾ കഴുകുക} എന്ന് അല്ലാഹു പറഞ്ഞതിൽ അത് രണ്ടും ഉൾപ്പെടുന്നത് കൊണ്ടാണ്. അപ്പോൾ, അത് രണ്ടും മുഖം കഴുകലിൽ ഉൾപ്പെടുമെങ്കിൽ – മുഖമാകട്ടെ നിർബന്ധമായും വലിയ അശുദ്ധിയിൽ വൃത്തിയാക്കേണ്ടതുമാണ് – ജനാബത്ത് കുളിക്കുന്നവന് വായ വൃത്തിയാക്കലും, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റലും നിർബന്ധമാണ്. فتاوى أركان الإسلام【صـ ٢٤٨】
മൂന്നാമതായി, നബി ﷺ യുടെ സുന്നത്തിന്റെ അടിസ്ഥാനത്തിൽ കുളിക്കുന്നതാണ് വലിയ അശുദ്ധിയുടെ കുളിയുടെ പൂര്‍ണ്ണമായ രൂപം. നബി ﷺ ജനാബത്ത് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം മുൻകൈകൾ കഴുകും. പിന്നീട് ഗുഹ്യസ്ഥാനം കഴുകുകയും ജനാബത് കൊണ്ടുണ്ടായിട്ടുള്ളതെല്ലാം അവിടെ നിന്ന് ശുദ്ധിയാക്കുകയും ചെയ്യും. പിന്നീട് പൂർണമായ വുളൂഅ് എടുക്കും. ശേഷം മൂന്ന് തവണ തല കഴുകും. പിന്നീട് ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കഴുകും. അതിൽ വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ഉൾപ്പെടും. ഇതാണ് പൂർണമായ കുളിയുടെ രൂപം.
عَنْ عَائِشَةَ ضي الله عنها، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اغْتَسَلَ مِنَ الْجَنَابَةِ غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلاَةِ ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ، حَتَّى إِذَا ظَنَّ أَنْ قَدْ أَرْوَى بَشَرَتَهُ، أَفَاضَ عَلَيْهِ الْمَاءَ ثَلاَثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ.
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം : നബി ﷺ ജനാബത്തില്‍ നിന്നും കുളിക്കുമ്പോള്‍ ഇപ്രകാരമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ കൈകള്‍ കഴുകും. ശേഷം നമസ്കാരത്തിനെടുക്കുന്നതുപോലെ വുളൂഅ് ചെയ്യും. (തലയിലൂടെ വെള്ളമൊഴിച്ച്) കുളിക്കുകയും തന്‍റെ മുടിക്കിടയില്‍ നന്നായി വിരലുകള്‍ ചലിപ്പിക്കുകയും ചെയ്യും. തന്‍റെ തോലിയിലേക്ക് വെള്ളമെത്തി എന്ന് തോന്നിയാല്‍ മൂന്നു തവണ അതിനു മുകളില്‍ വെള്ളമൊഴിക്കും. ശേഷം തന്‍റെ ശരീരം മുഴുവനും കഴുകും. (ബുഖാരി: 273)
عن ميمونة رضي الله عنها قالت : أَدْنَيْتُ لِرَسُولِ اللَّهِ صلى الله عليه وسلم غُسْلَهُ مِنَ الْجَنَابَةِ فَغَسَلَ كَفَّيْهِ مَرَّتَيْنِ أَوْ ثَلاَثًا ثُمَّ أَدْخَلَ يَدَهُ فِي الإِنَاءِ ثُمَّ أَفْرَغَ بِهِ عَلَى فَرْجِهِ وَغَسَلَهُ بِشِمَالِهِ ثُمَّ ضَرَبَ بِشِمَالِهِ الأَرْضَ فَدَلَكَهَا دَلْكًا شَدِيدًا ثُمَّ تَوَضَّأَ وُضُوءَهُ لِلصَّلاَةِ ثُمَّ أَفْرَغَ عَلَى رَأْسِهِ ثَلاَثَ حَفَنَاتٍ مِلْءَ كَفِّهِ ثُمَّ غَسَلَ سَائِرَ جَسَدِهِ ثُمَّ تَنَحَّى عَنْ مَقَامِهِ ذَلِكَ فَغَسَلَ رِجْلَيْهِ ثُمَّ أَتَيْتُهُ بِالْمِنْدِيلِ فَرَدَّهُ .
മൈമൂന رضى الله عنها പറഞ്ഞു: ഞാന്‍ നബി ﷺ ക്ക് ജനാബത്തില്‍ നിന്നും കുളിക്കാനായുള്ള വെള്ളം കൊണ്ടുകൊടുത്തു. അദ്ദേഹം തന്‍റെ കൈകള്‍ രണ്ടോ മൂന്നോ തവണ കഴുകി. ശേഷം തന്‍റെ കൈ വെള്ളപാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തന്‍റെ ഗുഹ്യസ്ഥാനത്ത് വെള്ളമൊഴിച്ച് ഇടതുകൈകൊണ്ട് കഴുകി. ശേഷം ഇടതുകൈ നിലത്തടിച്ച് ശക്തിയായി ഉരച്ചു വൃത്തിയാക്കി. ശേഷം നമസ്കാരത്തിന് എടുക്കാറുള്ളതുപോലെ വുളൂഅ് ചെയ്തു. ശേഷം തന്‍റെ കൈക്കുമ്പിള്‍ നിറയും വിധം മൂന്ന് കോരി വെള്ളം തലക്ക് മുകളില്‍ ഒഴിച്ചു. ശേഷം തന്‍റെ ശരീരം മുഴുവനായും കഴുകി. പിന്നീട് കുളിച്ചിടത്തു നിന്നും അല്പം മാറി അദ്ദേഹം തന്‍റെ കാലുകള്‍ കഴുകി. (മുസ്‌ലിം: 317)
ജനാബത്തുകാരന്‍ ഉറങ്ങുന്നതിന് മുമ്പായി കുളിക്കേണ്ടതുണ്ടോ?
ജനാബത്തുകാരനായ (വലിയ അശുദ്ധി) ഒരാള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് കുളിക്കാന്‍ കഴിയുമെങ്കില്‍ കുളിക്കാവുന്നതാണ്. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് കുളി നി൪ബന്ധമില്ല. കുളിക്കുന്നതിന് മുമ്പായി ഉറങ്ങുകയാണെങ്കില്‍ വുളൂഅ് എടുത്തിരിക്കണം.
عَنْ عَبْدِ اللَّهِ بْنِ أَبِي قَيْسٍ، قَالَ سَأَلْتُ عَائِشَةَ كَيْفَ كَانَ نَوْمُ رَسُولِ اللَّهِ صلى الله عليه وسلم فِي الْجَنَابَةِ أَيَغْتَسِلُ قَبْلَ أَنْ يَنَامَ أَوْ يَنَامُ قَبْلَ أَنْ يَغْتَسِلَ قَالَتْ كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ
അബ്ദില്ലാഹിബ്നു ഖബ്സ് رَضِيَ اللَّهُ عَنْهُ പറയുന്നു: ആയിശാ رضى الله عنها യോട് ഞാൻ ചോദിച്ചു:വലിയ അശുദ്ധി ഉള്ളപ്പോള്‍ നബി ﷺ യുടെ ഉറക്കം എപ്രകാരമായിരുന്നു? ഉറങ്ങുന്നതിന് മുമ്പ് കുളിക്കുമായിരുന്നോ അതോ കുളിക്കുന്നതിന് മുമ്പ് ഉറങ്ങുമായിരുന്നോ? ആയിശാ رضى الله عنها പറഞ്ഞു:അതെല്ലാം നബി ﷺ ചെയ്തിരുന്നു.ചിലപ്പോള്‍ കുളിക്കും, പിന്നീട് ഉറങ്ങും. മറ്റ് ചിലപ്പോള്‍ വുളൂഅ് ചെയ്ത് ഉറങ്ങും.(നസാഇ:404 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عُمَرَ بْنَ الْخَطَّابِ، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَيَرْقُدُ أَحَدُنَا وَهْوَ جُنُبٌ قَالَ: نَعَمْ إِذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ وَهُوَ جُنُبٌ
ഉമ൪ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു:വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് ഉറങ്ങാമോ? നബി ﷺ പറഞ്ഞു:അതെ, അവന്‍ വുളൂഅ് എടുത്താല്‍ വലിയ അശുദ്ധി ഉള്ളവനായ അവസ്ഥയില്‍ ഉറങ്ങാം. (ബുഖാരി:287)
kanzululoom.com