ലൈലത്തുല്‍ മുബാറക ബറാഅത്ത് രാവോ?

വിശുദ്ധ ഖു൪ആനില്‍ സൂറ: ദുഖാനിലെ രണ്ടാമത്തെ വചനത്തില്‍ വിശുദ്ധ ഖു൪ആന്‍ ഒരു അനുഗൃഹീത രാത്രിയില്‍(ലൈലത്തുല്‍ മുബാറക) അവതരിപ്പിച്ചിരിക്കുന്നുവെന്ന് പരാമ൪ശിച്ചിട്ടുണ്ട്. ഈ അനുഗ്രഹീത രാത്രി കൊണ്ടുള്ള ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് (ബറാഅത്ത് രാവ്) നമ്മുടെ നടുകളില്‍ ചില൪ പ്രചരിപ്പിക്കാറുണ്ട്. ബറാഅത്ത് നോമ്പ് സുന്നത്താണെന്നും ബറാഅത്ത് രാവില്‍ പ്രത്യേകം ക൪മ്മങ്ങള്‍ നി൪വ്വഹിക്കണമെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവ൪ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഈ അനുഗ്രഹീത രാത്രി ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് (ബറാഅത്ത് രാവ്) പറയുന്നത്. അവ൪തന്നെ എഴുതിയത് കാണുക:

വിശുദ്ധ ക്വുര്‍ആനിലും ബറാഅത്ത്‌ രാവിനെക്കുറിച്ച്‌ (ശഅ്‌ബാന്‍ പകുതിയുടെ രാത്രി) പരാമര്‍ശമുണ്ട്‌. വ്യക്തമാക്കുന്ന ഈഗ്രന്ഥം തന്നെയാണ്‌ സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ നാം അതിനെ അവതരിപ്പിച്ചു. (വി.ക്വു. 44-2,3) ഈ സൂക്തത്തിലെ ലൈലത്തുല്‍ മുബാറക്‌ (അനുഗ്രഹീത രാവ്‌) എന്നത്‌ ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവാണെന്നാണ്‌ പണ്‌ഡിതാഭിപ്രായം (ചന്ദ്രിക 2005. സപ്‌തംബര്‍ 20. പി.പി.മുഹമ്മദ്‌ സ്വാലിഹ്‌ അന്‍വരി).

ബറകത്താക്കപ്പെട്ട രാത്രി നാം ക്വുര്‍ആനിനെ ഇറക്കി. ശഅ്‌ബാന്‍ പതിനഞ്ചാണ്‌ ഈ ബര്‍കത്താക്കപ്പെട്ട രാവ്‌. മനുഷ്യനെ അപഥ സഞ്ചാരത്തില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന്‌ തുടക്കം കുറിച്ചത്‌ ഈ ബറാഅത്ത്‌ രാവിലായിരുന്നു. അതുകൊണ്ട്‌ തന്നെ ഇതിന്‌ ധാരാളം പ്രത്യേകതകള്‍ ഉണ്ട്‌. (സന്തുഷ്‌ട കുടുംബം മാസിക 2003 ഒക്‌ടോബര്‍).

യഥാ൪ത്ഥത്തില്‍ വിശുദ്ധ ഖു൪ആനില്‍ സൂറ: ദുഖാനിലെ രണ്ടാമത്തെ വചനത്തില്‍ പരാമ൪ശിച്ചിട്ടുള്ള അനുഗൃഹീത രാത്രി(ലൈലത്തുല്‍ മുബാറക) ശഅബാന്‍ പതിനഞ്ചാം രാവ് (ബറാഅത്ത് രാവ്)ആണോ? വിശുദ്ധ ഖു൪ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ ഈ അനുഗൃഹീത രാത്രി (ലൈലത്തുല്‍ മുബാറക) കൊണ്ടുള്ള ഉദ്ദേശ്യം ലൈലത്തുല്‍ ഖദ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ശഅബാന്‍ പതിനഞ്ചിന്റെ മഹത്വം സ്ഥാപിക്കുന്നതിന് വേണ്ടി വിശുദ്ധ ഖു൪ആന്‍ അവതരിച്ചത് ബറാഅത്ത് രാവിലാണെന്ന് ദു൪വ്യാഖ്യാനിക്കുകയാണ് ഇവ൪ ചെയ്തിട്ടുള്ളത്. യഥാ൪ത്ഥത്തില്‍ ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. ആദ്യമായി വിശുദ്ധ ഖു൪ആനിലെ സൂറ: ദുഖാനിലെ പ്രസ്തുത വചനം കാണുക:

حمٓ – وَٱلْكِتَٰبِ ٱلْمُبِينِ – إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം. തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.(ഖു൪ആന്‍:44/2)

വിശുദ്ധ ഖു൪ആന്‍ ഒരു അനുഗൃഹീത രാത്രിയില്‍(ലൈലത്തുല്‍ മുബാറക) അവതരിപ്പിച്ചിരിക്കുന്നുവെന്ന് മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. ഈ അനുഗൃഹീത രാത്രി ഏതാണെന്ന് ഇവിടെ പരാമ൪ശിച്ചിട്ടില്ല. എന്നാല്‍ പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്റാണെന്ന് ഖുര്‍ആന്‍ തന്നെ മറ്റൊരു ഭാഗത്ത് വ്യക്തമാക്കുന്നുണ്ട് .

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

ഈ വചനത്തില്‍ ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി ﷺ അത് വ്യക്തമാക്കിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)

മാത്രമല്ല, ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമളാനിലാണെന്ന കാര്യം ഖുര്‍ആനില്‍ തന്നെ വന്നിട്ടുമുണ്ട്.

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

ഖു൪ആന്‍:44/3 ല്‍ പരാമ൪ശിച്ചിട്ടുള്ള രാവ് ശഅബാന്‍ പതിനഞ്ചിന്റെ രാവല്ലെന്നും അത് ലൈലത്തുല്‍ ഖദ്റാണെന്നും വ്യക്തം. ഈ വചനത്തിന്റെ വിശദീകരണത്തില്‍ മുഫസ്സിറുകളും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഇമാം ഇബ്നു ജരീ൪ അത്ത്വബ്‌രി

واختلف أهل التأويل في تلك الليلة, أيّ ليلة من ليالي السنة هي؟ فقال بعضهم: هي ليلة القدر.

(മേല്‍ പറഞ്ഞ) ആ (അനുഗ്രഹീത രാത്രി – ലൈലത്തുല്‍ മുബാറക) അത് വ൪ഷത്തിലെ ഏത് രാത്രിയാണ് എന്നതില്‍ മുഫസ്സിറുകള്‍ ഭിന്നിച്ചിരിക്കുന്നു. അവരില്‍ ചില൪ പറഞ്ഞു:അത് (റമളാനിലെ) ലൈലത്തുല്‍ ഖദ്‌റാകുന്നു.

തുട൪ന്ന് അദ്ദേഹം (ത്വബ്‌രി) ഈ അഭിപ്രായത്തിനാധാരമായ രിവായത്തുകള്‍ പൌരാണികരായ ഖതാദ(റ), ഇബ്നു സൈദ് എന്നിവരില്‍ നിന്നുള്ള അസറുകള്‍ എടുത്തു കൊടുത്തിട്ടുണ്ട്. ശേഷം എഴുതുന്നു.

وقال آخرون: بل هي ليلة النصف من شعبان. والصواب من القول في ذلك قول من قال: عنى بها ليلة القدر

മറ്റ് ചില൪ പറഞ്ഞു:അത് (ലൈലത്തുല്‍ മുബാറക) ശഅബാന്‍ പകുതിയിലാകുന്നു (പതിനഞ്ചാം രാവില്‍). എന്നാല്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് (റമളാനിലെ) ലൈലത്തുല്‍ ഖദ്‌റാണെന്ന അഭിപ്രായമാണ് ഇതില്‍ ശരിയായിട്ടുള്ളത്. തുട൪ന്ന് അതിനുള്ള ചില ന്യായങ്ങള്‍ അദ്ദേഹം എടുത്തു പറയുന്നുണ്ട്.

തഫ്‌സീര്‍ അല്‍ ഖു൪തുബി

الليلة المباركة ليلة القدر ……. وقال عكرمة : الليلة المباركة هاهنا ليلة النصف من شعبان . والأول أصح لقوله تعالى : إنا أنزلناه في ليلة القدر

(ഇവിടെ പറഞ്ഞ) ലൈലത്തുല്‍ മുബാറക (എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) ലൈലത്തുല്‍ ഖദ്റാകുന്നു. അത് ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് ഇക്’രിമ പറഞ്ഞിട്ടുണ്ട്. (എന്നാല്‍) ആദ്യം പറഞ്ഞതാണ് ലൈലത്തുല്‍ ഖദ്൪ എന്നതാണ് ഏറ്റവും പ്രബലമായിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു

തുട൪ന്ന് തൊട്ടടുത്ത വചനമായ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ എന്ന വചനം വിശദീകരിക്കവെ അദ്ദേഹം എഴുതി:

وقال القاضي أبو بكر بن العربي : وجمهور العلماء على أنها ليلة القدر . ومنهم من قال : إنها ليلة النصف من شعبان ، وهو باطل لأن الله تعالى قال في كتابه الصادق القاطع : شهر رمضان الذي أنزل فيه القرآن فنص على أن ميقات نزوله رمضان ، ثم عين من زمانه الليل هاهنا بقوله : في ليلة مباركة فمن زعم أنه في غيره فقد أعظم الفرية على الله ، وليس في ليلة النصف من شعبان حديث يعول عليه لا في فضلها ولا في نسخ الآجال فيها فلا تلتفتوا إليها .

ഖാളി അബൂബക്ക൪ ബ്നു അറഹി പറഞ്ഞു: ഭൂരിഭാഗം ഉലമാക്കളും അത് (ലൈലത്തുല്‍ മുബാറക എന്നത്) ലൈലത്തുല്‍ ഖദ്‌റാണ് എന്ന അഭിപ്രായക്കാരാണ്. അത് ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് പറഞ്ഞവരുമുണ്ട്. (എന്നാല്‍) അത് (ആ അഭിപ്രായം) ബാത്വില്‍(അസത്യം) ആകുന്നു. എന്തുകൊണ്ടെന്നാല്‍ അല്ലാഹു തആല സത്യസന്ധവും ഖണ്ഢിതവുമായ തന്റെ ഗ്രന്ഥത്തില്‍ ഖു൪ആന്‍‌ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍ എന്ന് സൂറത്തുല്‍ ബഖറയില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഖു൪ആനിന്റെ അവതരണമുണ്ടായ നിശ്ചിത സമയം റമദാനാകുന്നുവെന്ന് അവന്‍(അല്ലാഹു) ഖണ്ഢിതമായി പറഞ്ഞിരിക്കുകയാണ്. പിന്നീട് ഇവിടെ സൂറത്തുല്‍ ദുഖാനില്‍ അനുഗ്രഹീത രാത്രി എന്ന തന്റെ വാക്കുകൊണ്ട് അതിന്റെ അവതരണ സമയം രാത്രിയിലാണെന്നും നി൪ണ്ണയിച്ചു പറഞ്ഞിരിക്കുകയാണ്.

അതിനാല്‍, ആരെങ്കിലും അത് (ലൈലത്തുല്‍ മുബാറക ) (റമളാനിലെ ലൈലത്തുല്‍ ഖദ്൪ അല്ലാത്ത) മറ്റൊരു രാത്രിയിലാണെന്ന് ജല്‍പ്പിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ മേല്‍ ഗുരുതരമായ കള്ളം ആരോപിച്ചിരിക്കുന്നു. ശഅബാന്‍ പതിനഞ്ചിന്റെ ശ്രേഷ്ടതയെ കുറിച്ചോ അന്നേ ദിവസം ഓരോരുത്തരുടെയും അവധികള്‍ അല്ലാഹുവില്‍ നിന്നും മലക്കുകള്‍ പക൪ത്തിയെടുക്കും എന്നതിനെ കുറിച്ചോ അവലംബയോഗ്യമായ ഒറ്റ ഹദീസുമില്ല. അതിനാല്‍ അതിലേക്ക് (അത്തരം ദു൪ബലമായ റിപ്പോ൪ട്ടുകളിലേക്ക്) നിങ്ങള്‍ തിരിഞ്ഞു നോല്‍ക്കുക പോലും ചെയ്യരുത്. (തഫ്സീ൪ ഖു൪തുബി)

തഫ്സീറുല്‍ കബീ൪ (റാസി)

اختلفوا في هذه الليلة المباركة، فقال الأكثرون: إنها ليلة القدر، وقال عكرمة وطائفة آخرون: إنها ليلة البراءة، وهي ليلة النصف من شعبان

ഈ അനുഗ്രഹീതരാത്രി ഏതാണെന്ന കാര്യത്തില്‍ അവ൪ (മുഫസ്സിറുകള്‍) ഭിന്നാഭിപ്രായത്തിലായിട്ടുണ്ട്. ബഹുഭൂപക്ഷമാളുകളും അത് ലൈലത്തുല്‍ ഖദ്റാകുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്രിമയും മറ്റൊരു വിഭാഗവും പറഞ്ഞത് അത് ലൈലത്തുല്‍ ബറാഅ എന്ന ശഅബാന്‍ പതിനഞ്ച് രാവാകുന്നുവെന്നത്രെ.

പിന്നീട് അദ്ദേഹം ലൈലത്തുല്‍ ഖദ്റാണെന്ന് പറയുന്നവരുടെ അഞ്ച് തെളിവുകള്‍ വിവരിച്ച ശേഷം ഇപ്രകാരം എഴുതി.

وأما القائلون بأن المراد من الليلة المباركة المذكورة في هذه الآية هي ليلة النصف من شعبان ، فما رأيت لهم فيه دليلا يعول عليه ، وإنما قنعوا فيه بأن نقلوه عن بعض الناس ، فإن صح عن رسول الله – صلى الله عليه وسلم – فيه كلام فلا مزيد عليه ، وإلا فالحق هو الأول

എന്നാല്‍ ഈ ആയത്തില്‍ പറയപ്പെട്ട ലൈലത്തുല്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് പറയുന്നവ൪ക്ക് അവലംബയോഗ്യമായ ഒരു രേഖയും ഞാന്‍ കണ്ടിട്ടില്ല. ഈ വിഷയത്തില്‍ ചില ആളുകളില്‍ നിന്ന് അവ൪ ഉദ്ദരിച്ചിട്ടുള്ള ചില ഉദ്ദരണികള്‍ കൊണ്ട് അവ൪ തൃപ്തിയടയുക മാത്രമാണ് ചെയ്തിട്ടുള്ളത്. റസൂൽ ﷺ യിൽ നിന്നും ഈ വിഷയത്തില്‍ വല്ല വചനങ്ങളും സ്ഥിരപ്പെട്ടു വന്നിരുന്നുവെങ്കില്‍ അതിലുപരിയായി മറ്റൊന്നും വേണ്ടതില്ല. അതില്ലാത്ത സ്ഥിതിക്ക് ശരിയായിട്ടുള്ളത് ആദ്യം പറഞ്ഞത് – അഥവാ ലൈലത്തുല്‍ മുബാറക കൊണ്ടുദ്ദേശ്യം ലൈലത്തുല്‍ ഖദ്റാണ് എന്നത് -തന്നെയാണ്. (തഫ്സീറുല്‍ കബീ൪)

ഇബ്നുകസീര്‍

إنه أنزله في ليلة مباركة ، وهي ليلة القدر ، كما قال تعالى : ( إنا أنزلناه في ليلة القدر ) [ القدر : 1 ] وكان ذلك في شهر رمضان ، كما قال : تعالى : ( شهر رمضان الذي أنزل فيه القرآن ) [ البقرة : 185 ] وقد ذكرنا الأحاديث الواردة في ذلك في ” سورة البقرة ” بما أغنى عن إعادته .

തീർച്ചയായും, അല്ലാഹു അതിനെ അനുഗ്രഹീതമായ ഒരു രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആ രാത്രി ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയാകുന്നു. അല്ലാഹു പറഞ്ഞത് പോലെ: “തീര്‍ച്ചയായും ഖുര്‍ആനിനെ നാം നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.” (ഖദർ:1) അതാവട്ടെ റമദാൻ മാസത്തിലുമാകുന്നു. അല്ലാഹു പറഞ്ഞത് പോലെ: “വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.” (ബഖറ:185) ആ വിഷയത്തിൽ വന്ന ഹദീഥുകൾ ആ ആയതിന്റെ വിശദീകരണത്തിൽ സൂചിപ്പിച്ചിരുന്നു, ഇവിടെ ആവർത്തിക്കേണ്ടതില്ല.

അദ്ദേഹം തുടർന്നു പറയുന്നു:

ومن قال : إنها ليلة النصف من شعبان – كما روي عن عكرمة – فقد أبعد النجعة فإن نص القرآن أنها في رمضان

ആരെങ്കിലും പ്രസ്തുത അനുഗ്രഹീതരാവ് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് പറഞ്ഞാല്‍ അവന്‍ സത്യത്തില്‍ നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഡിതമായ അഭിപ്രായം) അത് റമളാന്‍ മാസത്തിലാണെന്ന് തന്നെയാണ്. (തഫ്സീര്‍ ഇബ്നുകസീര്‍ :4/13).

ഈ വിഷയത്തില്‍ ഇനിയും പല തഫ്സീറുകള്‍ ഉദ്ദരിക്കാന്‍ കഴിയും. പ്രധാനപ്പെട്ട ചില തഫ്സീറുകള്‍ ഉദ്ദരിച്ചുവെന്നുമാത്രം.

വിശുദ്ധ ഖു൪ആന്‍ അവതരിച്ചത് റമദാനാകുന്നുവെന്ന് അല്ലാഹു ഖണ്ഢിതമായി പറഞ്ഞിരുന്നത് ഇവിടെ സൂറത്തുല്‍ ദുഖാനില്‍ ‘അനുഗ്രഹീത രാത്രി’ എന്ന തന്റെ വാക്കുകൊണ്ട് അതിന്റെ അവതരണ സമയം രാത്രിയിലാണെന്നും നി൪ണ്ണയിച്ചു പറഞ്ഞിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍, ആരെങ്കിലും അത് (ലൈലത്തുല്‍ മുബാറക ) (റമളാനിലെ ലൈലത്തുല്‍ ഖദ്൪ അല്ലാത്ത) മറ്റൊരു രാത്രിയിലാണെന്ന് ജല്‍പ്പിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ മേല്‍ ഗുരുതരമായ കള്ളം ആരോപിച്ചിരിക്കുന്നു. അവന്‍ തെറ്റ് പറ്റിയവനും സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നവനുമാണ്.

ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِ

അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌?………..(ഖു൪ആന്‍:7/37)

عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : ‏ مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ

സലമയില്‍(റ)നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ. (ബുഖാരി: 109)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.