അയ്യൂബ് നബി عليه السلام

ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായി അറിയപ്പെടുന്ന മഹാനായ പ്രവാചകനാണ് അയ്യൂബ്  عليه السلام ഇബ്‌റാഹീം നബി عليه السلام യുടെ സന്താന പരമ്പരയിലാണ് അയ്യൂബ് عليه السلام വരുന്നത്. ഇബ്‌റാഹീം നബി عليه السلام യുടെ മകന്‍ ഇസ്ഹാക്വ്യു عليه السلام ടെ മകന്‍ ഈസ്വ് എന്ന ആളുടെ മകനായാണ് അയ്യൂബ് عليه السلام ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇബ്‌റാഹീം നബി عليه السلام യുടെ സന്താന പരമ്പരയിലാണ് അയ്യൂബ് عليه السلام വരുന്നതെന്നതിന് താഴെ വരുന്ന സൂക്തം തെളിവാകുന്നു:

وَوَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. (ഖു൪ആന്‍ :6/84)

അയ്യൂബ് നബി عليه السلام യുടെ പേര് വിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നത് നമുക്ക് കാണാം. അയ്യൂബ് عليه السلام ഏത് ജനതയിലായിരുന്നുവെന്നോ, അദ്ദേഹം നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളെ പറ്റിയോ വിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ നബി വചനങ്ങളിലോ വന്നതായി കാണുന്നില്ല.

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതത്തില്‍ അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളില്‍ എങ്ങനെ സഹനം കൈകൊള്ളണം എന്നതിനുള്ള മഹനീയ ഉദാഹരണമാണ് അയ്യൂബ് عليه السلام യുടെ ചരിത്രത്തിലുള്ളത്. അദ്ധേഹത്തിന്റെ ചരിത്രത്തിൽ വേറെയും പാഠങ്ങളുണ്ട്.

കാലി സമ്പത്തടക്കമുള്ള വ്യത്യസ്ത രീതിയിലുള്ള വലിയ സമ്പത്തിന്റെ ഉടമയായിരുന്നു അയ്യൂബ് عليه السلام. ആരോഗ്യവും സൗന്ദര്യവുമുള്ള ധാരാളം മക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു; ധാരാളം ബന്ധുക്കളും കുടുംബങ്ങളും ഉണ്ടായിരുന്നു. അല്ലാഹു ഏറ്റവും കൂടുതല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരെ നന്നായി പരീക്ഷിക്കും. അയ്യൂബ് നബി عليه السلام യെ അല്ലാഹു നന്നായി പരീക്ഷിച്ചു. സമ്പത്ത് പതിയെ പതിയെ ഇല്ലാതെയായി. അങ്ങനെ സാമ്പത്തിക മേഖലയില്‍ കടുത്ത പരീക്ഷണത്തിന് അല്ലാഹു അദ്ദേഹത്തെ വിധേയനാക്കി. തുടര്‍ന്ന് പരമ ദരിദ്രനായി അദ്ദേഹം മാറി.

ചുറുചുറുക്കുള്ള, ആരോഗ്യമുള്ള മക്കള്‍ ഓരോന്നായി മരണപ്പെട്ട് പോയി. അങ്ങനെ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും മരണം മുഖേനയും അയ്യൂബ് عليه السلام പരീക്ഷിക്കപ്പെട്ടു. അതിലും അവസാനിച്ചില്ല. ആരോഗ്യമുള്ള അയ്യൂബ് عليه السلام തന്നെ രോഗങ്ങളുടെ പിടിയിലായി. കഠിനമായ രോഗം മുഖേനയും ദാരിദ്ര്യം മുഖേനയും വേണ്ടപ്പെട്ടവരുടെ മരണം മുഖേനയും അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയനായപ്പോഴും അല്ലാഹുവിനോട് അവിടുന്ന് ഒരു പരാതിയും ബോധിപ്പിച്ചില്ലെന്ന അതിശ്രേഷ്ഠമായ സ്വഭാവ ഗുണത്തെയാണ് ക്വുര്‍ആന്‍ മനുഷ്യരുടെ മുന്നില്‍ അനാവരണം ചെയ്യുന്നത്.

പരീക്ഷണം മനുഷ്യന്റെ കൂടെപിറപ്പാണല്ലോ. ഒരാളും പരീക്ഷണങ്ങളില്‍ നിന്ന് മുക്തരാവില്ല. എല്ലാവരെയും വിവിധങ്ങളായ രീതിയില്‍ പരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ യഥാര്‍ഥ അടിമ എന്ത് സമീപനമാണ് ആ പരീക്ഷണങ്ങളോട് സ്വീകരിക്കേണ്ടതെന്നെല്ലാം ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്:

وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ ‎﴿١٥٥﴾‏ ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ ‎﴿١٥٦﴾‏ أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُهْتَدُونَ ‎﴿١٥٧﴾

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികളായ ക്ഷമാശീലര്‍) പറയുന്നത്‌, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:2/155-157)

ആയത്തില്‍ പറഞ്ഞ പ്രകാരം എല്ലാ വിധത്തിലുള്ള പരീക്ഷത്തിനും അദ്ദേഹം വിധേയനായപ്പോഴും അദ്ദേഹം അല്ലാഹുവിനോട് നിരാശ ബോധിപ്പിച്ചില്ല. മറിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച്, ക്ഷമിച്ചും പ്രാര്‍ഥിച്ചും മുന്നോട്ടു പോയി. ക്വുര്‍ആന്‍ ആ കാര്യം പറയുന്നത് നോക്കൂ:

وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (ഖു൪ആന്‍:21/83)

أَنِّي مَسَّنِيَ الضُّرُّ (എനിക്കു കഷ്ടപ്പാടു ബാധിച്ചിരിക്കുന്നു) എന്ന വാചകത്തില്‍ അദ്ദേഹത്തിന്റെ എല്ലാ വിപത്തുകളുടെയും വര്‍ത്തമാനം അടങ്ങിയിരിക്കുന്നു. ‘നീ എന്നെ കഷ്ടപ്പെടുത്തിയല്ലോ’ എന്നോ മറ്റോ പറയാതെ ‘കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു’ എന്ന് എത്ര വിനയ മര്യാദയോടെയാണ് അയ്യൂബ്  عليه السلام  പറയുന്നുവെന്നു നോക്കുക! രോഗങ്ങളും ആപത്തുകളുമെല്ലാം അല്ലാഹുവിന്റെ അറിവോടും നിശ്ചയത്തോടുംകൂടി ഉണ്ടാകുന്നതു തന്നെ. എങ്കിലും, അവ മനുഷ്യന്റെ കാരണംകൊണ്ടുണ്ടാകുന്നതോ, കൂടുതല്‍ നന്മയിലേക്കു നയിക്കുന്നതോ ആയിരിക്കും. പക്ഷേ, യാഥാര്‍ത്ഥ്യവും അനന്തരഫലങ്ങളും മനുഷ്യനു അപ്പപ്പോള്‍ അറിയുക സാധ്യമല്ല. മനുഷ്യനെ വൃഥാ കഷ്ടപ്പെടുത്തണമെന്നോ, ഉപദ്രവിക്കണമെന്നോ ഒരിക്കലും അല്ലാഹു ഉദ്ദേശിക്കുകയില്ല.

وَمَا اللَّـهُ يُرِيدُ ظُلْمًا لِّلْعَالَمِينَ

അല്ലാഹു ലോകര്‍ക്കു യതൊരു അനീതിയും ചെയ്‌വാന്‍ ഉദ്ദേശിക്കുന്നില്ല. (ആലുഇംറാൻ:108)

إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ

നിശ്ചയമായും അല്ലാഹു ഒരു അണുത്തൂക്കവും അക്രമം ചെയ്യുന്നതല്ല. (അന്നിസാഅ്:40)

ഇതുകൊണ്ടാണ്  അയ്യൂബ് നബി عليه السلام യുടെ പ്രാര്‍ത്ഥനയിലെന്നപോലെ, തിന്മയോ ആപത്തോ ആയ ഒന്നിനെയും അല്ലാഹുവിനോടു ചേര്‍ത്തു പറഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങള്‍, മഹാന്‍മാരായ ആളുകളുടെ സംസാരങ്ങളില്‍ കാണപ്പെടാത്തത്. അക്ഷമയുടെ സൂചനപോലും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ അടങ്ങിയിട്ടില്ല. ഇതു നാമും മാതൃകയാക്കേണ്ടതാകുന്നു. (അമാനി തഫ്സീര്‍)

وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍ وَعَذَابٍ ‎

നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം. (ഖു൪ആന്‍:38/41)

{നീ ഓർമിക്കുക} ഈ ഗ്രന്ഥത്തിലൂടെ. {നമ്മുടെ ദാസനായ അയ്യൂബിനെ} കഠിന പ്രയാസങ്ങൾ വന്നപ്പോൾ അദ്ദേഹം ക്ഷമിച്ചു. തന്റെ രക്ഷിതാവിനോടല്ലാതെ പരാതിപ്പെട്ടില്ല. അവനിലല്ലാതെ അഭയം കണ്ടെത്തിയതുമില്ല. {തന്റെ രക്ഷിതാവിനെ വിളിച്ച സന്ദർഭം} അവനോടുമാത്രം തന്റെ വേലവാതികൾ പറയാൻ. (തഫ്സീറുസ്സഅ്ദി)

പരീക്ഷണങ്ങളുടെ ചങ്ങലകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടും അദ്ദേഹത്തെ പതര്‍ച്ചയോ നിരാശയോ പിടികൂടിയില്ല; അല്ലാഹുവിനോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തത്. പരീക്ഷണങ്ങളില്‍ അക്ഷമരായി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അയ്യൂബ് നബി عليه السلام യുടെ ജീവിതം വലിയ പാഠമാണ്.

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, {പിശാച് എനിക്ക് അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു} ക്ഷീണവും പ്രയാസവും വേദനയും അനുഭവിക്കുന്ന കാര്യം. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള ശക്തി പിശാചിന് ലഭിച്ചിരുന്നു. അവൻ അദ്ദേഹത്തിന്റെ ചർമത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നതുവരെ ഊതി. അത് പിന്നീട് പൊട്ടിയൊലിച്ചു. കാര്യങ്ങൾ കൂടുതൽ വഷളായി. അതുപോലെ തന്റെ കുടുംബവും അദ്ദേഹത്തിന് നഷ്ടമായി. (തഫ്സീറുസ്സഅ്ദി)

കുറെ കാലം പരീക്ഷിക്കപ്പെട്ട അയ്യൂബ് عليه السلام അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി അല്ലാഹു ഉത്തരം ചെയ്തു. അദ്ദേഹത്തെ ബാധിച്ച പ്രയാസം അല്ലാഹു നീക്കി. പകരം ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ ‎﴿٨٣﴾‏ فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَٰبِدِينَ ‎﴿٨٤﴾‏

അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്. (ഖു൪ആന്‍:21/83-84)

وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍ وَعَذَابٍ ‎﴿٤١﴾‏ ٱرْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلُۢ بَارِدٌ وَشَرَابٌ ‎﴿٤٢﴾‏وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ ‎﴿٤٣﴾‏ وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ ‎﴿٤٤﴾‏

നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം. (നാം നിര്‍ദേശിച്ചു:) നിന്റെ കാലുകൊണ്ട് നീ ചവിട്ടുക. ഇതാ, തണുത്ത സ്‌നാനജലവും കുടിനീരും! അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതുകൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.(ഖു൪ആന്‍:38/41-44)

അദ്ദേഹത്തോടു പറയപ്പെട്ടു: {നിന്റെ കാലുകൊണ്ട് നീ ചവിട്ടുക} അതായത്: നിന്റെ കാലുകൊണ്ട് നിലത്ത് ചവിട്ടുക. അതിൽനിന്ന് ഒരു നീരുറവ ഒഴുകും. അത് നിങ്ങൾക്ക് കുളിക്കാനും കുടിക്കാനും കഴിയും. അതുമൂലം വേദനയും പ്രയാസവും നീങ്ങും. അദ്ദേഹം അങ്ങനെ ചെയ്തു. ബുദ്ധിമുട്ടുകൾ നീങ്ങി. അല്ലാഹു രോഗം സുഖപ്പെടുത്തി. (തഫ്സീറുസ്സഅ്ദി)

മുമ്പ് മക്കളുടെയെല്ലാം മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തിന് വലിയ പരീക്ഷണം നല്‍കിയിരുന്നുവല്ലോ. രോഗം മാറിയതിന് ശേഷം അല്ലാഹു അതെല്ലാം തിരികെ നല്‍കി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

ഉപദ്രവമേറ്റാൽ ക്ഷമയോടുകൂടി പ്രതികരിക്കുന്നവന് അല്ലാഹു ഇഹത്തിലും പരത്തിലും പ്രതിഫലം നൽകുന്നെും അവ ൻ വിളിച്ചാൽ അവന്റെ പ്രാർഥനയ്ക്ക് അല്ലാഹു ഉത്തരം നൽകുമെന്നും മനസ്സിലാക്കാൻ കഴിയും. (തഫ്സീറുസ്സഅ്ദി)

വ്യാഖ്യാതാക്കൾ പറഞ്ഞു: അദ്ദേഹത്തിന് അസുഖം വന്നപ്പോൾ ഏതോ ചില കാര്യങ്ങളിൽ തന്റെ ഭാര്യയോട് ദേഷ്യപ്പെട്ടു. അല്ലാഹു തന്റെ രോഗം സുഖപ്പെടുത്തിയാൽ അവളെ നൂറ് അടി അടിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു. അങ്ങനെ അദ്ദേഹം സുഖം പ്രാപിച്ചു. അവളാകട്ടെ നല്ലവളും അദ്ദേഹത്തിന് ഏറെ ഉപകാരം ചെയ്തവളുമാണ്. അല്ലാഹു അവരെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. അതിനാൽ നൂറ് പുല്ലുകളുള്ള ഒരു കെട്ടുകൊണ്ട് അവളെ അടിക്കാൻ അല്ലാഹു നിർദേശിച്ചു. അങ്ങനെ അവരെ ഉപദ്രവിക്കാതെയും അവരോട് അനീതി കാണിക്കാതെയും തന്നെ പ്രതിജ്ഞ നിറവേറ്റാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. (തഫ്സീറുസ്സഅ്ദി)

{തീർച്ചയായും നാം അദ്ദേഹത്തെ കണ്ടു} അയ്യൂബ് നബിയെ. {ക്ഷമാശീലനായി} നാം അദ്ദേഹത്തെ വലിയ വിഷമം കൊണ്ട് പരീക്ഷിച്ചു. അദ്ദേഹം അത് ക്ഷമിച്ചു. {വളരെ നല്ല ദാസൻ} സന്തോഷത്തിലും ദുഃഖത്തിലും പ്രയാസത്തിലും എളുപ്പത്തിലുമെല്ലാം ദാസനെന്ന നിലക്കുള്ള തന്റെ പദവി അദ്ദേഹം പൂർത്തീകരിച്ചു. {അദ്ദേഹം ഏറെ ഖേദിച്ചു മടങ്ങുന്നവനാകുന്നു} അതായത് തന്റെ ലൗകികവും പാരത്രികവുമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ധാരാളമായി തന്റെ രക്ഷിതാവിലേക്ക് മടങ്ങുകയും തന്റെ നാഥനെ നിരന്തരമായി സ്മരിക്കുകയും അവനോട് പ്രാർഥിക്കുകയും അവനെ സ്‌നേഹിക്കുകയും അവനോട് ഭക്തി കാണിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *