മനുഷ്യന്‍ നാളെയെക്കുറിച്ച് അറിയുവാന്‍ വളരെ താല്‍പര്യമുള്ളവനാണ്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളിലൂടെയാണല്ലോ ഓരോരുത്തരും ജീവിതം തള്ളിനീക്കുന്നത്. ജോലി, വിവാഹം, സാമ്പത്തികാഭിവൃദ്ധി, മരണം… എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ എന്താകും, എങ്ങനെയാകും, എപ്പോഴാകും എന്നെല്ലാം അറിയാനുള്ള ജിജ്ഞാസയില്‍ ജീവിക്കുന്നവരെ ഭാവി പ്രവചിക്കുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ സ്വാധീനിക്കുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
ഗ്രഹങ്ങളുടെ ഭ്രമണവും സ്ഥാനവും ഗണിച്ച് നോക്കി ഭൂമിയിലെ സംഭവങ്ങള്‍ വിലയിരുത്തുന്നതിനെയാണ് ജ്യോതിഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഗ്രഹങ്ങൾക്ക് മനുഷ്യന്റെ ഭാവി, ഭൂത വർത്തമാനങ്ങളുമായി ഒരു ബന്ധവുമില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബിﷺയുടെ ഇബ്‌റാഹീം എന്ന മകൻ മരണപ്പെട്ട ദിവസം സൂര്യഗ്രഹണമുണ്ടായി. അപ്പോൾ ‘ഇബ്‌റാഹീം മരണപ്പെട്ടതുകൊണ്ടാണ് സൂര്യന് ഗ്രഹണം ബാധിച്ചിരിക്കുന്നത്’ എന്ന് ജനങ്ങൾ പറയുകയുണ്ടായി. ഉടനെത്തന്നെ നബിﷺ ആ വിശ്വാസം തിരുത്തിക്കൊണ്ട് പറഞ്ഞു:
إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ،
സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപെട്ട രണ്ടു ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെ മരണംമൂലമോ ജനനംമൂലമോ അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)
ജ്യോതിഷം ഇപയോഗിച്ച് ഭാവി പ്രവചനം നടത്തുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് മാത്രമല്ല, അത് സിഹ്റുമായി ബന്ധപ്പെട്ട കാര്യവുമാണ്.
عَنِ ابْن ِعَبَّاسٍ- رضى الله عنه - قَال: َقَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنِ اقْتَبَسَ عِلْمًا مِنَ النُّجُومِ اقْتَبَسَ شُعْبَةً مِنَ السِّحْرِ زَادَ مَا زَادَ.
ഇബ്നു അബ്ബാസ് رضى الله عنه വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ജ്യോതിഷത്തിൽ നിന്ന് ഒരു വിജ്ഞാനം നേടിയെടുത്താൽ അവൻ സിഹ്‌റിന്റെ ഒരു ശാഖയാണ് നേടിയിട്ടുള്ളത്. (ജ്യോതിഷത്തിൽ നിന്ന്) എത്രമാത്രം വർദ്ധിപ്പിക്കുന്നുവോ, അത്രമാത്രം (സിഹ്‌റിൽ നിന്ന്) അവൻ വർദ്ധിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ്: 3905, ഇബ്നുമാജ: 3726)
അദൃശ്യജ്ഞാനവുമായി (ഗൈബിയായ കാര്യങ്ങളുമായി) ബന്ധപ്പെട്ട് സംസാരിക്കുന്നതും, കളങ്ങളോ കരുക്കളോ പോലുള്ള കാര്യങ്ങൾ ഉപയോഗിച്ച് പ്രശ്‌നങ്ങൾ നോക്കുന്നതും, അത്തരം സാഹിറുകളെ സമീപിക്കുകയും അവർ പറയുന്നതിൽ വിശ്വാസം വെക്കുകയും ചെയ്യുന്നത് ഇസ്‌ലാമിൽ അത്യന്തം വലിയ തിന്മകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
മുഹമ്മദ് അമാനി മൗലവി(റഹി) എഴുതി: മറഞ്ഞ കാര്യത്തെ (ഗൈബ്)പ്പറ്റി അത് ഭൂതമോ ഭാവിയോ വർത്തമാനമോ ആകട്ടെ, സംസാരിക്കുകയും, എന്തെങ്കിലു കളങ്ങളോ കരുക്കളോ മറ്റോ ഉപയോഗിച്ച് പ്രശ്‌നം നോക്കുകയും ചെയ്യുന്ന എല്ലാവരും ഈ ഹദീസിൽ ഉപയോഗിച്ചിട്ടുളളതും ‘ജ്യോത്സ്യൻ’ എന്ന് പരിഭാഷപ്പെടുത്തിയിട്ടുളളതുമായ ‘അർറാഫ്’ എന്ന പദത്തിന്റെ അർഥപരിധിയിൽ ഉൾപ്പെടുന്നു. അവരുടെ സൂത്രത്തിന് കണക്കുനോക്കൽ, മഷിനോട്ടം, ഇസ്മിന്റെ പണി, മന്ത്രവാദം എന്നിങ്ങനെ എന്തു പേരു പറഞ്ഞാലും ശരി. (ഇസ്‌ലാമിക ജീവിതം, പേജ് 428).
അതുകൊണ്ട് തന്നെ ഇത്തരം ആളുകളുടെ അടുത്തേക്ക് പോകാനുള്ള എല്ലാ സാധ്യതകളേയും ഇസ്ലാം കൊട്ടി അടച്ചിട്ടുണ്ട്.
عَن ْبَعْضِ أَزْوَاجِ النَّبِيِّ عَن ِالنَّبِيِّ صلى الله عليه وسلم قَالَ: مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً.
നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും, അവനോട് എന്തെങ്കിലും ചോദിക്കുകയും ചെയ്താൽ നാൽപ്പത് രാത്രികളിലെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.’ (മുസ്ലിം : 2230)
ഇസ്‌ലാമിൽ ഒരാളുടെ ആന്തരിക വിശ്വാസവും അതിന്റെ പ്രകാശനമായ ബാഹ്യപ്രവൃത്തികളും തമ്മിലുള്ള സമന്വയം അത്യന്തം പ്രധാനപ്പെട്ടതാണ്. ഒരു വിശ്വാസി, ജ്യോത്സ്യവിദ്യയെ ആശ്രയിച്ചുകൊണ്ട് അത് ചോദിച്ചറിയാൻ മാത്രമായിട്ടാണെങ്കിലും അതിൽ ശ്രദ്ധ സ്ഥാപിക്കുന്നത്, അല്ലാഹുവിലുള്ള അവന്റെ വിശ്വാസത്തെ നേരിട്ട് തകർക്കുന്നതിലേക്ക് എത്തിക്കുന്നതാണ്. ഈ ചെയ്ത വലിയ തെറ്റിന്റെ ഫലമായി, നമസ്‌കാരമെന്ന സുപ്രധാനമായ ആരാധന അവനിൽനിന്നും അല്ലാഹു സ്വീകരിക്കാതിരിക്കുമെന്നാണ് നബിﷺ മുന്നറിയിപ്പ് നൽകുന്നത്. ഇങ്ങനെ, വ്യക്തിയുടെ അടിസ്ഥാന വിശ്വാസത്തെയും ആരാധനകളുടെ ഫലത്തെയും തകർത്ത് കളയുന്ന പ്രവൃത്തികളാണ് ജ്യോത്സ്യവിദ്യയിലേക്കുള്ള എത്തിനോട്ടത്തിന്റെ പരിണതഫലം. അതുകൊണ്ടുതന്നെ ഒരു വിശ്വാസി അതിന്റെ സമീപത്തേക്കു പോലും പോകരുതെന്നാണ് പ്രവാചക അധ്യാപനം സൂചിപ്പിക്കുന്നത്.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَايَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ.
അബൂഹുറൈറ رضى الله عنه വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ജ്യോതിഷിയെയോ കണക്ക് നോക്കുന്നവനെയോ സമീപിക്കുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബി ﷺ യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു. (ഹാകിം:1/8, ബയ്ഹഖി-അസ്സുനനുൽ കുബ്‌റ:8/135)
عَنْ عِمْرَان بْنِ حُصَيْنٍ – رضي الله عنه – قَالَ: قَال َرَسُولُ اللهِ صلى الله عليه وسلم : لَيْسَ مِنَّا مَن ْتَطَيَّرَ، أَوْ تُطِيَّرَلَهُ أَوْ تَكَهَّنَ، أَوْ تُكِهِّنَ لَهُ أَوْ سَحَرَ، أَوْ سُحِرَ لَهُ.
ഇംറാൻ ഇബ്നു ഹുസൈൻ رضى الله عنه വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘ശകുനം നോക്കുന്നവനും, ശകുനം നോക്കിപ്പിക്കുന്നവനും, ഭാവി പ്രവചിക്കുന്നവനും, (തനിക്ക് വേണ്ടി) ഭാവി പ്രവചിപ്പിക്കുന്നവനും, സിഹ്റ് ചെയ്യുന്നവനും തനിക്ക് വേണ്ടി സിഹ്റ് ചെയ്യിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല’.(മുഅജമുൽ കബീർ:1/73, സിൽസിലത്തുസ്സ്വഹീഹ:2195)
കാഹിന്‍ (الكَاهِنُ), അര്‍റാഫ് (العَرَّافِ), മുനജ്ജിം (المُنَجِّمُ), റമ്മാല്‍ (الرَّمَّالُ) എന്നിവയെല്ലാം ഭാവി-ഭൂത-വര്‍ത്തമാന വിവരങ്ങള്‍ പറയുന്നവര്‍ക്കുള്ള പേരുകളാണ്. (تيسير العزيز الحميد)
എന്നാല്‍ ഭാവികാര്യം സൃഷ്ടാവായ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഭാവി പ്രവചിക്കുന്നവരെ സമീപിച്ച്, ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട അവസ്ഥ വരികയില്ല.
ജോത്സ്യന്മാരും സാഹിറന്മാരും പറയുന്ന ചില വാക്കുകള്‍ ചിലപ്പോള്‍ സത്യമായി വരാറുണ്ട്.അത് എങ്ങനെയാണ് സത്യമായിത്തീരുന്നത് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا سَمِعَتْ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْمَلاَئِكَةَ تَنْزِلُ فِي الْعَنَانِ ـ وَهْوَ السَّحَابُ ـ فَتَذْكُرُ الأَمْرَ قُضِيَ فِي السَّمَاءِ، فَتَسْتَرِقُ الشَّيَاطِينُ السَّمْعَ، فَتَسْمَعُهُ فَتُوحِيهِ إِلَى الْكُهَّانِ، فَيَكْذِبُونَ مَعَهَا مِائَةَ كَذْبَةٍ مِنْ عِنْدِ أَنْفُسِهِمْ
ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തു വെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുക്കള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍ (ജ്യോത്സ്യന്മാര്‍) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി:3210)
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ﴿٢٢١﴾ تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ ﴿٢٢٢﴾ يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ ﴿٢٢٣﴾
നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു. (ഖുര്‍ആൻ:26/221-223)
അമാനി മൗലവി رحمه الله മേൽസൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇപ്രകാരം എഴുതി: “പിശാച് ഏതു തരത്തിലുള്ള ആളുകളുമായിട്ടാണ് ബന്ധപ്പെടുക, അവന്റെ വരവും ഉപദേശവും ഉണ്ടാകുക ആർക്കാണ് എന്നത്രെ ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. കള്ളവും നുണയും പതിവാക്കിയ മഹാ വ്യാജകൻമാർ, പാപങ്ങളും ദുഷ്പ്രവൃത്തികളും പതിവാക്കിയ ദുഷ്ടൻമാർ ഇവരാണ് – പിശാചിന്റെ ബന്ധുക്കൾ. അവരിലാണ് പിശാചിന്റെ സാന്നിധ്യവും ഉപദേശവും ഉണ്ടാവുക. മനുഷ്യർക്ക് അറിയാൻ കഴിവില്ലാത്ത ചില കാര്യങ്ങൾ പിശാചുക്കൾക്ക് അറിയാൻ സാധിച്ചേക്കും. അവർ ഒരുതരം അദൃശ്യസൃഷ്ടികളാണല്ലോ…. പിശാചിന്റെ വൈതാളികരായ ചില പ്രശ്‌നക്കാരിൽനിന്നും ഗണിതക്കാരിൽനിന്നും; അവർ പല പേരുകളിലും അറിയപ്പെടാറുണ്ടെങ്കിലും ശരി കേൾക്കാറുള്ള ചുരുക്കം ചില വാർത്തകൾ ശരിയായി അനുഭവപ്പെട്ടുകാണുന്നതിനാൽ ഇന്നും എത്രയോ ആളുകൾ വഞ്ചിതരായിക്കൊണ്ടിരിക്കുന്നു. അത്തരക്കാരെ സമീപിക്കുന്ന പാമരൻമാർക്കോ പ്രസ്തുത വൈതാളികന്മാർക്കോ കണ്ടറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത ഏതെങ്കിലും വാർത്തകൾ പിശാച് കണ്ടറിയുകയും പല വ്യാജമന്ത്രങ്ങളുടെ കൂട്ടത്തിൽ ആ വാർത്തയും അവൻ അവർക്ക് ദുർബോധനം ചെയ്യുകയും ചെയ്‌തേക്കുന്നതാണ്. അതുകൊണ്ടാണ് ഹദീസിൽ സൂചിപ്പിച്ചപ്രകാരം ഏതോ ചില കാര്യങ്ങൾ പ്രശ്‌നക്കാർ പറയുന്നത് ഒത്തുവരുന്നത്. ഈ വാസ്തവം അവർ മനസ്സിലാക്കുന്നില്ല. (അമാനി തഫ്‌സീർ, അശ്ശുഅറാഅ് 221-223 ആയത്തുകളുടെ വ്യാഖ്യാനം)
പിശാച് മനുഷ്യരെ സഹായിക്കുമെങ്കിൽ അത് സ്വീകരിക്കുന്നതിലുളള അപകടവും ഗ്വൈബ് അറിയുന്നത് അല്ലാഹു മാത്രമായിരിക്കെ അല്ലാഹുവിന്റെ സൃഷ്ടികളെ പിശാച് സഹായിക്കുന്നു എന്ന വിശ്വാസവും എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന കാര്യം വളരെ മനോഹരമായി മുഹമ്മദ് അമാനി മൗലവി رحمه الله വിശദീകരിച്ചുണ്ട്. അദ്ദേഹം എഴുതി: “ഭാവിയെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും ചില കാര്യങ്ങളെ അടിസ്ഥാനമാക്കി, ലോക സമ്പ്രദായമനുസരിച്ച് ചില അനുമാനങ്ങൾ സ്വരൂപിക്കാനേ സൃഷ്ടികൾക്ക് കഴിയൂ. നാളെ ഇത്രമണിക്ക് മഴ പെയ്യുമെന്നോ മറ്റന്നാൾ ഇന്നയാൾ വെള്ളത്തിൽ മുങ്ങിമരിക്കുമെന്നോ ആർക്കും കൃത്യമായും ഉറപ്പായും പറയുക സാധ്യമല്ലതന്നെ. ഇതുപോലെതന്നെ, വർത്തമാന-ഭൂതങ്ങളിൽ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുളള കാര്യത്തിലും ഊഹാനുമാനങ്ങൾ നടത്തുന്നതിൽ എല്ലാവരും ഒരുപോലെയല്ലെന്നു പറയാം. ഓരോരുത്തന്റെയും ബുദ്ധിക്കും ചിന്തക്കും അറിവിന്നും പുറമെ, ഓരോരുത്തർക്കുമുപയോഗപ്പെടുത്താൻ കഴിയുന്ന മാർഗങ്ങളുടെ ഏറ്റക്കുറവിനനുസരിച്ച് അനുമാനങ്ങൾ ശരിയായും തെറ്റായും പുലർന്നെന്നുവരാം. ഉദാഹരണമായി, ഒരാളുടെ ജ്വരം രണ്ടു ദിവസം കൊണ്ട് സുഖപ്പെടുമോ ഇല്ലയോ എന്നതിൽ ഡോക്ടർമാരുടെ നിഗമനമായിരിക്കും ഒത്തുവരിക. പല ഡോക്ടർമാരുടെയും അഭിപ്രായങ്ങൾക്കെതിരായി ചിലപ്പോൾ ഒരു വിഡ്ഢി പറഞ്ഞതനുസരിച്ചും സംഭവിച്ചുകൂടായ്കയില്ല. എന്തുതന്നെയായാലും സംഭവിച്ചപ്പോൾ തങ്ങളുടെ അഭിപ്രായം ശരിയായെന്നല്ലാതെ, ഒരു വിധത്തിലും മാറ്റം വരുവാൻ പാടില്ലാത്ത ഒരു അറിവ് അവർക്കാർക്കും അതെപ്പറ്റി ഉണ്ടായിരുന്നില്ല.
ജിന്ന്, അഥവാ ഭൂതവർഗമാകട്ടെ, മനുഷ്യരെക്കാൾ രൂക്ഷവും ഗതാഗത വേഗതയുളളതുമാണ്. അങ്ങനെ സാധാരണ മനുഷ്യർക്ക് കഴിയാത്ത പലതും അതിനു കഴിയുന്നു. ‘നിങ്ങൾ അങ്ങോട്ടു കാണാത്ത വിധത്തിൽ അവർ നിങ്ങളെ കാണുന്നു’വെന്ന് ക്വുർആൻ (സൂറഃ അഅ്‌റാഫിൽ) പറയുന്നുണ്ട്. രക്തസഞ്ചാരമുള്ളേടത്തെല്ലാം പിശാച് സഞ്ചരിക്കുമെന്ന് ഒരു നബിവാക്യത്തിൽ നാം കണ്ടുകഴിഞ്ഞല്ലോ. മനുഷ്യനെ വഴിപിഴപ്പിക്കാൻ നാനാവിധത്തിൽ പിശാച് ശ്രമിക്കുമെന്നും ക്വുർആൻ പറഞ്ഞിട്ടുളളതാണ്. ആകയാൽ, ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കിൽ കൂടി, മറഞ്ഞകാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തിൽ പൈശാചിക സഹായം കിട്ടും. തൻമൂലം മറ്റുളളവർക്കറിയാൻ പ്രയാസമുളള പല അറിവും ഇത്തരം ജോലിയിലേർപ്പെട്ടവർക്കു ലഭിക്കുകയും ചെയ്യും. ഇതിൽ യാതൊരസാംഗത്യവും ഇല്ലതന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കർമങ്ങളും നടത്തി സേവിക്കുന്നവർക്ക് അവന്റെ സേവ ലഭിക്കുന്നതിലും അസാംഗത്യമില്ല. എന്നാൽ ഇത്തരക്കാർ പറയുന്നത് തെറ്റോ ശരിയോ എന്നതല്ല പ്രശ്‌നം. അവരുടെയടുക്കൽ പോകാമോ, അവർ പറയുന്നത് വിശ്വസിക്കാമോ, അവരെക്കൊണ്ട് വല്ലതും ചെയ്യിക്കാമോ എന്നതാണ്. ഇതെല്ലാം ഇസ്‌ലാം കർശനമായി വിരോധിച്ചിരിക്കുന്നു; നിഷിദ്ധമായ വസ്തുക്കളുപയോഗിച്ച് ചികിത്സിക്കുന്നത് വിരോധിച്ചപോലെത്തന്നെ, അതുകൊണ്ട് സുഖം കിട്ടുന്നുണ്ടോ ഇല്ലേ എന്നല്ല നോക്കേണ്ടത്. ഇസ്‌ലാമിക ശരീഅത്ത് അത് വിരോധിച്ചിട്ടുണ്ടോ അതോ അനുവദിച്ചിട്ടുണ്ടോ എന്നാണ്.
മറഞ്ഞകാര്യം അല്ലാഹുവിന് മാത്രമെ അറിയൂ എന്ന വിശ്വാസത്തോട്, പിശാച് മുഖേന അവന്റെ സേവകർക്ക് ലഭിക്കുന്ന അറിവിനെക്കുറിച്ചുളള ഈ ധാരണ എതിരാകുന്നില്ല. പിശാചിനെത്തന്നെ നിഷേധിക്കുന്ന ചിലർ അങ്ങനെയും വാദിച്ചേക്കാം. മറഞ്ഞകാര്യം അല്ലാഹുവിനേ അറിയൂ എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം, ഏതു കാര്യവും കാല-ദേശമോ ഏതു തരത്തിലുമുളള വകഭേദമോ ഇല്ലാതെ ശരിക്കും കൃത്യമായും അണുഅളവ് പിഴക്കാതെയും ദൃഢമായി അറിയുക അല്ലാഹു മാത്രമാണ് എന്നാണ്. വല്ലതും അവൻ അറിയിച്ചുകൊടുത്താൽ അത് സൃഷ്ടികൾക്കും അറിയും. മാത്രമല്ല, പൈശാചികമായി ലഭിക്കുന്ന അനുമാനങ്ങളിൽ പലതും നുണയായിരിക്കും. പലതും ആളുകൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കാൻ വേണ്ടി കൽപിച്ചുണ്ടാക്കിയതായിരിക്കുകയും ചെയ്യും. ചിലതൊക്കെ ശരിയുമാകും’’ (ഇസ്‌ലാമിക ജീവിതം, പേജ് 428-430)
ഭാവിയെ അറിയാമെന്ന അവകാശവാദങ്ങളും ഗണിതം, പ്രശ്‌നം നോക്കൽ, ജ്യോതിഷം എന്നിവയിലേക്കുള്ള ചാഞ്ചാട്ടങ്ങളും ക്വുർആനും സുന്നത്തും വ്യക്തമാക്കിയ അപകടം നിറഞ്ഞ വഴികളാണ്. പിശാച് മുഖേന ലഭിക്കുന്ന പല സഹായങ്ങളും മനുഷ്യർക്കിടയിൽ വിദ്വേഷം പടർത്താനും സമാധാനം തകർക്കാനുമുള്ളതായിരിക്കും. അതിനുവേണ്ടി പിശാചുക്കൾക്ക് സേവയും പൂജയും നൽകേണ്ടി വരുന്ന അവസ്ഥ ശിർക്കും കുഫ്‌റുമാണെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ് ഇസ്‌ലാം, പൈശാചിക സഹായങ്ങൾ സ്വീകരിക്കാനോ അതിൽ ആശ്രയം വെക്കാനോ ഒരിക്കലും അനുവാദം നൽകാത്തത്. ഒരു സത്യവിശ്വാസിയായ മുസ്‌ലിം ഇത്തരം പ്രവൃത്തികളോടും അതിന്റെ മൗലിക ആശയങ്ങളോടും അത്യന്തം കഠിനമായ വെറുപ്പോടെയും അകലംപാലിക്കുന്ന മനോഭാവത്തോടെയും നിലകൊള്ളേണ്ടത് അനിവാര്യം തന്നെ.
ജ്യോതിഷവും ജ്യോതിശാസ്ത്രവും
ജ്യോതിഷവും (Astrology) ജ്യോതിശാസ്ത്രവും (Astronomy) രണ്ടാണ്. നക്ഷത്രങ്ങളുടെയും മറ്റു ഗോളങ്ങളുടെയും സ്ഥാനം, ഉദയാസ്തമയങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി മനുഷ്യജീവിതത്തിലെ ഗുണദോഷങ്ങൾ എന്തൊക്കെയെന്ന് പ്രവചിക്കുകയാണ് ജ്യോതിഷം ചെയ്യുന്നത്. എന്നാൽ ജ്യോതിശാസ്ത്രമാകട്ടെ അങ്ങനെയൊരു പ്രവചനം നടത്തുന്നില്ല. ഗോളങ്ങളുടെ ചലനങ്ങളെക്കുറിച്ച് പഠിക്കുക, ചലനങ്ങളെ സ്വാധീനിക്കുന്ന സമവാക്യങ്ങൾ നിർധാരണം ചെയ്‌തെടുക്കുക വഴി ഓരോ ഗോളവും എപ്പോൾ ഉദിക്കും, എപ്പോൾ അസ്തമിക്കും, നിശ്ചിത സമയത്ത് ഓരോന്നിന്റെയും സ്ഥാനം എവിടെയായിരിക്കും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ആസ്‌ട്രോണമി ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ ഗുണദോഷങ്ങളുമായി അവയുടെ സ്ഥാനങ്ങൾക്ക് യാതൊരു ബന്ധവും ആസ്ട്രോണമി കൽപിക്കുന്നില്ല.
www.kanzululoom.com