‘‘ഇസ്‌ലാമില്‍ കര്‍മപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസകാര്യങ്ങള്‍ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കര്‍മപരമായ കാര്യങ്ങള്‍ നാലിലൊരു മദ്ഹബനുസരിച്ചാവലും അനിവാര്യമാണ്. വിശ്വാസവും കര്‍മവും ഇപ്പറഞ്ഞതിനെതിരായാല്‍ അത് ഇസ്‌ലാമല്ലാത്തതാണ്. ഇങ്ങനെയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായമായ തീരുമാനം” (ഇവരെ എന്തുകൊണ്ട് അകറ്റണം?, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചാലിയം, പേജ് 19).
കേരളത്തിലെ സമസ്തക്കാരുടെ ആദര്‍ശമാണിത്. അവര്‍ ഉത്തരം നൽകേണ്ട ശ്രദ്ധയമായ ഒരു ചോദ്യമുണ്ട്. അത് ഇതാണ്:
കർമശാസ്ത്ര വിഷയങ്ങളിൽ ഇമാം ശാഫിഇ رحمه الله യുടെ മദ്ഹബ് പിൻപറ്റുന്നു എന്ന് പറയുന്നവർക്ക് എന്തുകൊണ്ടാണ് ഇമാം ശാഫിഇയുടെ അഖീദ അസ്വീകാര്യമാകുന്നത് ?
ഇമാം ശാഫിഈ رحمه الله യുടെ മദ്ഹബായി കർമശാസ്ത്ര വിഷയങ്ങൾ മാത്രമല്ല; മറിച്ച്, അദ്ധേഹത്തിന്റെ വിശ്വാസ കാര്യങ്ങളിലെ നിലപാടുകളും ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം റബീഅ്ബ്നു സുലൈമാൻ, ഇമാം മുസനി തുടങ്ങിയ ഇമാം ശാഫിഇയുടെ പ്രഗൽഭ ശിഷ്യന്മാർ തന്നെ അദ്ദേഹത്തിന്റെ അഖീദ അദ്ദേഹത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സമസ്തക്കാര്‍ക്ക് ഇമാം ശാഫിഈ رحمه الله യുടെ അഖീദ വേണ്ടാത്തത് ?
ഇമാം ശാഫിഈ رحمه الله യുടെ അഖീദ പിഴവ് പറ്റിയതാണോ? എങ്കിൽ, പിഴച്ച അഖീദയുള്ള വ്യക്തിയിൽ നിന്നും കർമശാസ്ത്ര വിഷയങ്ങൾ എങ്ങനെ സ്വീകരിക്കും? ഇവിടെ തെറ്റുപറ്റിയത് ഇമാം ശാഫിഈ رحمه الله ക്കല്ല, സമസ്തക്കാര്‍ക്കാണ്. ഇമാം ശാഫിഈ رحمه الله യുടെ അഖീദ തന്നെയാണ് സലഫുസ്സ്വാലിഹുകളുടെ അഖീദ. അഹ്ലുസുന്നയുടെയും അഖീദ. പിൽകാലത്ത് ഉടലെടുത്തിട്ടുള്ള, അശ്അരിയ്യത്തിന്റെയും മാതുരിയ്യത്തിന്റെയും വിശ്വാസങ്ങൾക്കും എതിരാണ് ഇമാം ശാഫിഈ رحمه الله യുടെ അഖീദ എന്നതാണ് അത് ഒഴിവാക്കാനുള്ള കാരണം.
അശ്അരിയത്തിനോടുള്ള ആദ്യകാലക്കാരായ ശാഫിഈ പണ്ഡിതന്മാരുടെ സമീപനം എന്തായിരുന്നു?
قال الإمام أبو الحسن الكرجي الشافعي: ولم تزل الأئمة الشافعية يأنفون ويستنكفون أن ينتسبوا إلى الأشعري، ويتبرءون مما بنى مذهبه عليه، وينهون أصحابهم وأحبابهم من الحوم حواليه …
(ഹിജ്റ 532ൽ മരണപ്പെട്ട) ഇമാം അബുൽ ഹസൻ അൽകർജി رحمه الله പറയുന്നു: ശാഫിഈ ഇമാമീങ്ങൾ പണ്ടുമുതൽ തന്നെ അശ്അരിയിലേക്ക് ചേർത്തു പറയുന്നതിനെ വെറുക്കുകയും ഉപേക്ഷിക്കുകയും, അശ്അരിയ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോട് വിയോജിപ്പ് കാണിക്കുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് അടുക്കുന്നതിനെ തൊട്ട് അവരുടെ അനുയായികളെയും പ്രിയപ്പെട്ടവരെയും അവർ വിലക്കാറുമുണ്ട്. (الفصول في الأصول عن الأئمة الفحول)
അദ്ദേഹം പറയുന്നു:
من قال أنا شافعي الشرع، أشعري الاعتقاد، قلنا هذا من الأضداد، إذ لم يكن الشافعي أشعري الاعتقاد ..
കർമശാസ്ത്രപരമായി ഞാൻ ശാഫിഇയ്യും വിശ്വാസപരമായി ഞാൻ അശ്അരിയും ആണെന്ന് ആരെങ്കിലും പറഞ്ഞാൽ, നമ്മൾ പറയും ഇത് വൈരുദ്ധ്യമാണ്. കാരണം ഇമാം ശാഫിഈ അശ്അരീ വിശ്വാസക്കാരൻ ആയിരുന്നില്ല…..”
ഇൽമുൽ കലാമിനോടുള്ള ഇമാം ശാഫിഇ رحمه الله യുടെ ശക്തമായ നിലപാട് വിശദീകരിച്ചതിനു ശേഷം അബുൽ മുദ്വഫ്ഫർ അസ്സംആനി رحمه الله പറയുന്നു:
فلا ينبغي لأحد أن ينصر مذهبه في الفروع ثم يرغب عن طريقته في الأصول
അതുകൊണ്ട്, കർമശാസ്ത്ര വിഷയങ്ങളിൽ ഇമാം ശാഫിഇയുടെ മദ്ഹബിനെ പിന്താങ്ങുകയും എന്നിട്ട് വിശ്വാസകാര്യങ്ങളിൽ അദ്ദേഹത്തിന്റെ മാർഗത്തോട് വിമുഖത കാണിക്കുകയും ചെയ്യുക എന്നുള്ളത് ഒരാൾക്കും പാടുള്ളതല്ല. (الانتصار لأصحاب الحديث)
പിൽക്കാലത്ത് ശാഫിഇകൾ ഇമാം ശാഫിഇ رحمه الله യുടെ വിശ്വാസം ഒഴിവാക്കി അശ്അരീ വിശ്വാസം സ്വീകരിച്ചതാണ്.
ഇബ്നുൽ ജൗസി رحمه الله പറയുന്നു:
ثم تبع قومٌ من السلاطين مذهبه، فتعصبوا له، وكثر أتباعه حتى تركت الشافعية معتقد الشافعي -رضي الله عنه-، ودانوا بقول الأشعري
പിന്നീട് ഒരു കൂട്ടം ഭരണാധികാരികൾ അദ്ദേഹത്തിന്റെ (അബുൽ ഹസൻ അൽഅശ്അരിയുടെ) മദ്ഹബ് പിൻപറ്റുകയും, അതിനോട് കക്ഷിത്വം കാണിക്കുകയും, അദ്ദേഹത്തിന്റെ അനുയായികൾ വർദ്ധിക്കുകയും അങ്ങനെ ശാഫിഇകൾ ഇമാം ശാഫിഇ رحمه الله യുടെ വിശ്വാസം ഒഴിവാക്കുകയും അശ്അരിയുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. المنتظم【٢٩/١٣】
ഇവിടെ, അശ്അരി വിഭാഗത്തിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന, പലര്‍ക്കും അറിയാതെ പോയ ഒരു യാഥാര്‍ഥ്യമുണ്ട്. അതായത്, ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരി رحمه الله താന്‍ കൊണ്ടുനടന്ന മുഅ്തസലിയത്തിന്റെയും മുഅത്വിലയുടെയും മറ്റും ബിദ്ഈ ചിന്തകളില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും പ്രസ്തുത തൗബ തന്റെ ‘അല്‍ ഇബാന അന്‍ ഉസ്വൂലിദ്ദിയാ നഃ’ എന്ന ഗ്രന്ഥത്തില്‍ വിളംബരം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇമാം ഹാഫിദ് ഇബ്‌നുല്‍ അസാകിര്‍ തന്റെ ‘തബ്‌യീനു കദ്ബില്‍ മുഫ്തരീ…’ എന്ന ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്.
www.kanzululoom.com