അര്‍ശിന്റെ വാഹകരായ മലക്കുകളുടെ പ്രാര്‍ത്ഥന

അല്ലാഹുവിന്റെ അര്‍ശിന്റെ വാഹകരായ മലക്കുകളെ കുറിച്ചും അവര്‍ സത്യവിശ്വാസികളായ മനുഷ്യര്‍ക്ക് വേണ്ടി നിര്‍വ്വഹിക്കുന്ന പ്രാര്‍ത്ഥനയെ കുറിച്ചും

ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ ‎﴿٧﴾ ‏رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ‎﴿٨﴾‏ وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ‎﴿٩﴾

സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം. (ഖുര്‍ആൻ:40/7-9)

സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ കനിവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സൗഭാഗ്യത്തിന് അവരുടെ കഴിവിനപ്പുറത്ത് അവൻ നിശ്ചയിച്ച നിമിത്തങ്ങളും ഇവിടെ പരാമർശിക്കുന്നു. അതിൽപെട്ടതാണ് അവന്റെ സാമീപ്യം സിദ്ധിച്ച മലക്കുകളുടെ പാപമോചന തേട്ടവും പ്രാർഥനയും; അവരുടെ ഇഹപര നന്മയ്ക്കുവേണ്ടി. അതിൽ പെട്ടതുതന്നെയാണ് തന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെക്കുറിച്ചും അതിന് ചുറ്റിലുള്ളവരെക്കുറിച്ചുമുള്ള പരാമർശവും. അവർക്ക് തങ്ങളുടെ രക്ഷിതാവുമായുള്ള അടുപ്പവും അവരുടെ ആരാധനകളുടെ ആധിക്യവും അല്ലാഹുവിന്റെ ദാസന്മാരോടും അല്ലാഹുവിന് അവരെ ഇഷ്ടമാണെന്നറിയുന്നതുകൊണ്ടുള്ള ഗുണകാംക്ഷയുമെല്ലാം ഇതിലുണ്ട്.

അല്ലാഹു പറയുന്നു: {സിംഹാസനം വഹിക്കുന്നവർ} സർവ സൃഷ്ടികളുടെയും മുകളിലുള്ള പരമകാരുണികന്റെ സിംഹാസനം. ഏറ്റവും മഹത്തായതും വിശാലമായും ഭംഗിയുള്ളതുമായ, അല്ലാഹുവിലേക്ക് ഏറ്റവും അടുത്തതു കൂടിയാണത്. കുർസിയ്യിലും ആകാശ ഭൂമികളിലും വിശാലമാണത്. ഈ മലക്കുകളെ അല്ലാഹു അർശ് വഹിക്കാൻ ഏൽപിച്ചു. മലക്കുകളിൽ ഏറ്റവും വലിയവരും മഹത്ത്വമുള്ളവരും ഏറ്റവും ശക്തിയുള്ളവരുമായിരിക്കും അവരെന്നതിൽ സംശയമില്ല.

അർശ് വഹിക്കാൻ അല്ലാഹു അവരെയാണ് തെരഞ്ഞെടുത്തത് എന്നതും അവരെ ആദ്യം പരാമർശിച്ചു എന്നതും അവനിലേക്കുള്ള അവരുടെ അടുപ്പവും മലക്ക് വർഗത്തിൽ ഏറ്റവും ശ്രേഷ്ഠർ അവരാണെന്നതിനെക്കുറിക്കുന്നു. അല്ലാഹു പറയുന്നു:

وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ

നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌. (ഖു൪ആന്‍:69/17)

{അതിന്റെ ചുറ്റുള്ളവരും} മഹത്ത്വത്തിലും സ്ഥാനത്തിലും സാമീപ്യം സിദ്ധിച്ച മലക്കുകൾ. {തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുകയും} അവർ ധാരാളം ആരാധന ചെയ്യുന്നതിനാൽ ഇത് അവർക്കുള്ള പ്രശംസയാണ്. പ്രത്യേകിച്ച് സ്തുതിക്കലും കീർത്തിക്കലും മറ്റാരാധനകളും. എല്ലാം അവനെ പരിശുദ്ധപ്പെടുത്തലാണ്; മറ്റുള്ളവർക്ക് ആരാധന നൽകാതിരിക്കുന്നതിലൂടെ. അവനെ സ്തുതിക്കുക എന്നതും അവനുള്ള ആരാധനതന്നെ. ഒരടിമ ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ എന്ന് പറയുമ്പോൾ (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു) ആരാധന എന്ന പൊതുപ്രയോഗത്തിൽ ഇതെല്ലാം ഉൾപ്പെടും. {അവനിൽ വിശ്വസിക്കുകയും വിശ്വാസികൾക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു} ഇത് വിശ്വാസത്തിന്റെ പ്രയോജനമാണ്. അതിന് ധാരാളം മഹത്ത്വങ്ങളുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുന്നവരായ, പാപം ചെയ്യാത്ത മലക്കുകൾ വിശ്വാസികൾക്കുവേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കുന്നു. അപ്പോൾ ഒരു വിശ്വാസി തന്റെ വിശ്വാസംകൊണ്ട് ഈ മഹത്തായ അനുഗ്രഹത്തിന് നിമിത്തമാകുന്നു.

പാപമോചനം ലഭിക്കാൻ ചില നിർബന്ധ കാര്യങ്ങളുണ്ട്. അതുണ്ടായെങ്കിലേ അത് പൂർത്തിയാകുകയുള്ളൂ. അധികമാളുകളും മനസ്സിലാക്കിയത് പാപം പൊറുക്കാൻ അത് ചോദിച്ചാൽ മാത്രം മതിയെന്നാണ്. മലക്കുകളുടെ പാപമോചന പ്രാർഥനയുടെ രൂപം അല്ലാഹു ഇവിടെ പറയുന്നു. അതിന് ആവശ്യമായത് ഇവിടെ പരാമർശിക്കുന്നു. അല്ലാഹു പറയുന്നു: {ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു}നിന്റെ അറിവ് എല്ലാറ്റിനെയും ചൂഴ്ന്നു നിൽക്കുന്നു. ഒരു രഹസ്യവും നിന്റെമേൽ രഹസ്യമാവുകയില്ല. നിന്റെ അറിവിൽനിന്നും ആകാശത്തിലോ ഭൂമിയിലോ ഒരു അണുത്തൂക്കംപോലും വിട്ടുപോവുകയില്ല; ചെറുതും വലുതുമായ ഒന്നുംതന്നെ. നിന്റെ കാരുണ്യം എല്ലാറ്റിലും വിശാലമായിരിക്കുന്നു. പ്രപഞ്ചം ഉപരിയും അല്ലാത്തതും ഉണ്ട്. അവ അവന്റെ കാരുണ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു. അത് അവരിൽ വിശാലമാണ്. അവൻ സൃഷ്ടിച്ചതിലേക്കെല്ലാം അതെത്തുന്നു.

{പശ്ചാത്തപിക്കുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ!} തെറ്റിൽനിന്നും ശിർക്കിൽനിന്നും. {നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക്}നിന്റെ ദൂതന്മാരെയും ഏകത്വത്തെയും നിനക്കുള്ള അനുസരണയെയും പിൻപറ്റുന്നതിലൂടെ. {നീ അവരെ നരകശിക്ഷയിൽനിന്ന് കാക്കുകയും ചെയ്യേണമേ} നരകത്തിലേക്കെത്തിക്കുന്ന കാരണങ്ങളിൽനിന്നും നരകത്തിൽനിന്നുതന്നെയും.

{ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ നീ അവരെ പ്രവേശിപ്പിക്കണം} നിന്റെ പ്രവാചകന്മാരുടെ നാവിലൂടെ നീ വാഗ്ദാനം ചെയ്ത. {സദ്‌വൃത്തരായിട്ടുള്ളവരെയും} വിശ്വാസംകൊണ്ടും സൽപ്രവർത്തനംകൊണ്ടും നല്ലവരായ. {അവരുടെ മാതാപിതാക്കൾ, ഭാര്യമാർ} ഭാര്യാഭർത്താക്കന്മാർ, അവരുടെ സുഹൃത്തുക്കളും കൂട്ടുകാരും. {നീ തന്നെയായിരുന്നു പ്രതാപി} എല്ലാറ്റിനെയും കീഴ്‌പ്പെടുത്തുന്നവൻ. നിന്റെ പ്രതാപത്താൽ നീ അവരുടെ പാപം പൊറുക്കുന്നു. അവരുടെ ഭയം നീക്കിക്കൊടുക്കുന്നു. എല്ലാ നന്മകളിലേക്കും അവരെ ക്ഷണിക്കുന്നു. {യുക്തിമാനും} ഓരോ വസ്തുവിനെയും അതാതിന്റെ സ്ഥാനത്ത് നിശ്ചയിക്കുന്നവൻ. നിന്റെ യുക്തി താൽപര്യപ്പെടാത്തത് ഞങ്ങൾ നിന്നോട് ചോദിക്കില്ല. മറിച്ച് നിന്റെ യുക്തിയിൽ പെട്ടതാണത്. നിന്റെ ദൂതന്മാരുടെ നാവിലൂടെ നീ അറിയിച്ചത്, നിന്റെ ഔദാര്യം തേടുന്നത് സത്യവിശ്വാസികൾക്കുള്ള പാപമോചനം.

{അവരെ നീ തിന്മകളിൽനിന്ന് കാക്കുക യും ചെയ്യണം} ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അതിന്റെ പ്രതിഫലത്തിൽനിന്നും അവരെ നീ മാറ്റിനിർത്തണം. കാരണം, അത് തിന്മ ചെയ്തവന് ദോഷകരമാവും. {അന്നേദിവസം നീ ഏതൊരാളെ തിന്മയിൽനിന്നും കാക്കുന്നുവോ} ഉയിർത്തെഴുന്നേൽപ് നാളിൽ {അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു} നിന്റെ കാരുണ്യം ദാസന്മാരിൽ നിരന്തരം തുടർന്നുകൊണ്ടേയിരിക്കും. ദാസന്മാരുടെ തിന്മകളും പാപങ്ങളും മാത്രമാണ് അതിന് തടസ്സം. തിന്മകളെ സൂക്ഷിക്കുന്നതുകൊണ്ട് ഭയപ്പെടുന്ന കാര്യം ഒഴിവാകുകയും ആഗ്രഹിക്കുന്നത് ലഭിക്കുകയും ചെയ്യും, കരുണ ലഭിക്കുന്നതിന്റെ ഭാഗമായി. {അത് തന്നെയാകുന്നു മഹാഭാഗ്യം} അതുപോലെ മറ്റൊരു വിജയമില്ല. അതിനെക്കാളും നല്ല ഒന്നിനുവേണ്ടി മത്സരിക്കുന്നവർ മത്സരിക്കുന്നില്ല.

തീർച്ചയായും മലക്കുകളുടെ ഈ പ്രാർഥനയുടെ ഉള്ളടക്കത്തിൽനിന്ന് മനസ്സിലാകുന്നതാണ്, മലക്കുകൾക്ക് തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് പൂർണമായ അറിവുണ്ടെന്നത്. തന്റെ ദാസന്മാരിൽനിന്നും അല്ലാഹു ഇഷ്ടപ്പെടുന്ന അതിവിശിഷ്ടമായ അവന്റെ നാമങ്ങൾകൊണ്ട് അവനിലേക്ക് അടുക്കുവാനുള്ള മാർഗം തേടാമെന്നതും. അവർ അല്ലാഹുവോട് പ്രാർഥിച്ച പ്രാർഥനയോട് യോജിക്കുന്ന പ്രാർഥനകൾ പ്രാർഥിക്കാമെന്നതും. അവരുടെ പ്രാർഥനയിൽ ഉണ്ടായിരുന്നത് അനുഗ്രഹം ലഭിക്കാനും അല്ലാഹുവിനറിയുന്ന മനുഷ്യന്റെ മനസ്സിന്റെ പ്രകൃതിയനുസരിച്ച് ഉണ്ടാകാവുന്ന കാര്യങ്ങളെ അതായത് തെറ്റുകളെ കുറിച്ചുമാണ്. അല്ലാഹുവിന് അറിയാവുന്ന, അതുപോലുള്ള കാരണങ്ങൾ. ഇതിലെല്ലാം കരുണാനിധിയും സർവജ്ഞനുമായ അല്ലാഹുവോട് അടുക്കുവാനുള്ള മാർഗം തേടുകയാണവർ.

അല്ലാഹുവിന്റെ സൃഷ്ടികർതൃത്വത്തെ അംഗീകരിച്ചുകൊണ്ട് പറയുന്നത് അല്ലാഹുവോട് അവർ കാണിക്കുന്ന മര്യാദയുടെ ഭാഗമാണ്; അവർക്ക് കൈകാര്യകർതൃത്വത്തിൽ യാതൊന്നുമില്ലെന്നതും. അവർ അവരുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാ നിലയ്ക്കുമുള്ള അവരുടെ ആവശ്യമാണെന്നതിൽ നിന്നുണ്ടാകുന്നതാണ് അത്. ഒരു സന്ദർഭത്തിലും അത് തങ്ങളുടെ രക്ഷിതാവിനോട് ചെയ്യുന്ന ദാക്ഷിണ്യമായി അവർ കാണുകയില്ല. മറിച്ച അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും ആയി മാത്രമെ അവർ ഗണിക്കൂ.

തങ്ങളുടെ രക്ഷിതാവ് ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളോട് അവർ പൂർണമായും യോജിപ്പ് പുലർത്തുന്നു എന്ന ആശയവും ഇതിലുണ്ട്. അവർ നിർവഹിക്കുന്ന ആരാധനകൾ ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്. തന്റെ പടപ്പുകളിൽ അല്ലാഹു ഇഷ്ടപ്പെടുന്ന സത്യവിശ്വാസികളായ സൽകർമികൾക്ക് വേണ്ടി അവർ പരിശ്രമിക്കുകയും ചെയ്യുന്നു. മതപരമായ ബാധ്യതകൾ നിർവഹിക്കുന്ന മറ്റുള്ളവർക്ക് വേണ്ടിയും. സത്യവിശ്വാസികളല്ലാത്തവരോട് അല്ലാഹു കോപിക്കുന്നു. മലക്കുകൾക്ക് അവരോടുള്ള ഇഷ്ടത്തിന്റെ ഭാഗമാണ് അവർക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിക്കുന്നതും അവരുടെ ചുറ്റുപാടുകൾ നന്നാവാൻ വേണ്ടി പരിശ്രമിക്കുന്നതും. കാരണം ഒരാൾ മറ്റൊരാൾക്കുവേണ്ടി പ്രാർഥിക്കുന്നത് അയാളെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്.

ഇതിലുള്ള മറ്റൊരു കാര്യം, മലക്കുകളുടെ പ്രാർഥനയെപ്പറ്റി അല്ലാഹു വ്യക്തമാക്കുകയും വിശദീകരിക്കുകയും ചെയ്തശേഷം അല്ലാഹു പറയുന്നു: {വിശ്വസിച്ചവർക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു} ഇതിൽ അവന്റെ ഗ്രന്ഥം എങ്ങനെ ചിന്തിച്ചുപഠിക്കണം എന്നതിനെക്കുറിച്ച് ലളിതമായി ഉദ്‌ബോധിപ്പിക്കുന്നു. ചിന്തയും പഠനവും പദത്തിന്റെ അർഥത്തിൽ മാത്രം ഒതുക്കി നിർത്തരുത്. ശരിയായ അർഥത്തിൽ പദത്തിന്റെ അർഥം മനസ്സിലാക്കിക്കഴിഞ്ഞാൽ ആ കാര്യത്തെക്കുറിച്ച് ബുദ്ധികൊടുത്ത് ചിന്തിക്കണം; അതിലേക്കെത്താവുന്ന അനിവാര്യ വഴികളിലൂടെയെല്ലാം. അതിൽനിന്ന് നിർബന്ധമായും ലഭിക്കുന്ന കാര്യങ്ങൾ, അത് ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നതെല്ലാം ചിന്തിക്കണം. പദത്തിൽനിന്ന് ലഭിക്കുന്ന ആശയം പോലെത്തന്നെ ചില പ്രത്യേകമായ ആശയങ്ങൾ അല്ലാഹു ഉദ്ദേശിച്ചു എന്നുറപ്പാണ്.

ഇവിടെ ഖണ്ഡിതമായത് അല്ലാഹു രണ്ട് കാര്യങ്ങളെയാണ് ഉദ്ദേശിച്ചത് എന്നതാണ്. അതിലൊന്ന് അവനെ മനസ്സിലാക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അത് അനുബന്ധ ആശയവും ചർച്ചകൾക്ക് അവസരമില്ലാത്തതുമാണ്. രണ്ടാമത്തേത് അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ് എന്നതാണ്. തന്റെ ദാസൻ തന്റെ ഗ്രന്ഥത്തിൽ ചിന്തിക്കുകയും പഠനം നടത്തുകയും ചെയ്യണമെന്ന് അല്ലാഹു നിർദേശിക്കുകയും ചെയ്യുന്നു.

ആ ആശയങ്ങളിലൂടെ ചില സുപ്രധാന കാര്യങ്ങൾ അല്ലാഹു പഠിപ്പിക്കുന്നു. അവന്റെ ഗ്രന്ഥം സന്മാർഗവും വെളിച്ചവും എല്ലാറ്റിനുമുള്ള വിശദീകരണവുമാണ്. ഏറ്റവും സാഹിത്യ പൂർണമായ വചനം, വളരെയധികം സുവ്യക്തമായത്. അതിനാൽതന്നെ ഒരു ദാസന് അതിൽനിന്ന് മഹത്തായ അറിവും ധാരാളം നന്മകളും ലഭിക്കുന്നു. അല്ലാഹു നൽകുന്ന സഹായമനുസരിച്ച്, അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ ഈ തഫ്‌സീറിലും ധാരാളം നന്മകളുണ്ട്.

ചിന്തിക്കാത്ത ചില കാര്യങ്ങൾ ചില ആയത്തുകളിൽ ഒളിഞ്ഞിരിക്കുന്നുമുണ്ടായിരിക്കും. ശരിയായ ചിന്തകൾ അല്ലാഹുവിന്റെ അറിവാകുന്ന കാരുണ്യത്തിന്റെ ഖജനാവുകൾ നമുക്ക് തുറന്നുതരാൻ അവനോട് ചോദിക്കുന്നു. അതിലൂടെയാണ് മുസ്‌ലിംകളുടെയും പൊതുവെയും ഉള്ള അവസ്ഥകൾ നന്നായിത്തീരുന്നത്. എല്ലാ സമയങ്ങളിലും നാം അവന്റെ അനുഗ്രഹങ്ങളിലായി കഴിച്ചുകൂട്ടുന്നു; ഓരോ നിമിഷത്തിലും. പ്രയാസവും തടസ്സവുമുണ്ടാക്കുന്ന നമ്മുടെ മനസ്സിന്റെ തിന്മകളിൽനിന്നും അവൻ നമ്മെ രക്ഷിക്കട്ടെ. അവന്റെ അനുഗ്രഹം നൽകിക്കൊണ്ട് അവൻ വളരെയധികം ഔദാര്യം ചെയ്യുന്നവനും അത്യധികമായി നൽകുന്നവനുമാകുന്നു. കാര്യകാരണങ്ങളിലൂടെ കരസ്ഥമാകുന്ന അനുഗ്രഹങ്ങൾ.

അതിൽനിന്ന് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഒരു ബന്ധുവിന് തന്റെ ഇണയോ സന്താനമോ കൂട്ടുകാരനോ ആയ മറ്റൊരു ബന്ധുവിനെക്കൊണ്ട് സൗഭാഗ്യം വരാം എന്നാണ്. തന്റെ പ്രവർത്തനങ്ങൾക്ക് പുറമെ തന്റെ പ്രവർത്തനം നിമിത്തം അവനുമായുള്ള ബന്ധം നന്മ കിട്ടാൻ കാരണമാകാം. മലക്കുകൾ സത്യവിശ്വാസികൾക്കും സദ്‌വൃത്തരായിട്ടുള്ള മാതാപിതാക്കൾക്കും ഇണകൾക്കും മക്കൾക്കും വേണ്ടിയും പ്രാർഥിക്കുന്നു. പറയപ്പെടുന്നവർ നല്ലവരായിരിക്കണം എന്നത് നിർബന്ധമാണ്. {സദ്‌വൃത്തരായ} അങ്ങനെയാകുമ്പോൾ അതും അവരുടെ പ്രവർത്തനഫലമാണ്.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

 

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.