അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം

മനുഷ്യന് ലഭിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സിദ്ധിവിശേഷമാണ് ഭാഷ. ലോകത്തിലുള്ള മനുഷ്യരൊക്കെ വ്യത്യസ്തങ്ങളായ ഭാഷ സംസാരിക്കുന്നവരാണ്. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണെന്നാണ് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുള്ളത്.

وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْعَٰلِمِينَ

ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍ :30/22)

ഏതൊരു പ്രാദേശിക ഭാഷയുടെയും മഹത്വവും ഭാഷകൾ പഠിക്കുന്നതിന്റെ പ്രാധാന്യവും ഇതിൽ നിന്നും വ്യക്തമാണ്. ജോലി ആവശ്യാർത്ഥവും മറ്റുമായി ആളുകൾ ഇന്ന് പല ഭാഷകളും പഠിക്കുന്നുണ്ട്.

അറബി ഭാഷയെ കുറിച്ച്

ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ച ആറ് ഭാഷകളിലൊന്നാണ് അറബി. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ് മറ്റു ഭാഷകള്‍. ഡിസംബര്‍ 18 ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും അറബി ഭാഷ ദിനമായി ആചരിക്കപ്പെടുന്നു. ലോകത്തെ 60 രാജ്യങ്ങളിലായി 242 മില്യണ്‍ ജനങ്ങൾ അറബി നിത്യേന അവരുടെ ഭാഷയായി ഉപയോഗിച്ചുവരുന്നു.

മുസ്ലിംകൾ അറബി ഭാഷ പഠിക്കുന്നതിന്റെ ആവശ്യകത

വിശുദ്ധ ഖുർആൻ അല്ലാഹു അറബി ഭാഷയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

إِنَّآ أَنزَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍ :12/2)

كِتَٰبٌ فُصِّلَتْ ءَايَٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ‎

വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.) (ഖു൪ആന്‍ :12/2)

വിശുദ്ധ ഖുർആൻ പഠിക്കുക, അതിന്റെ ആശയവും വിശദീകരണവും മനസ്സിലാക്കുക, അതിനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യുക എന്നിവ അതിനോടുള്ള ബാധ്യതകളിൽ പ്രധാനപ്പെട്ടതാണ്. വിശുദ്ധ ഖുർആനിന്റെ വിശദീകരണം നബി ﷺ  നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളതും അറബിയിലാണ്. വിശുദ്ധ ഖുർആനും അതിന്റെ വിശദീകരണമായ ഹദീസുകളും മനസ്സിലാക്കുന്നതിന് അറബി ഭാഷയെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്.

قال إبن القيم – رحمه الله : وانما يعرف فضل القرآن من عرف كلام العرب.

ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: തീർച്ചയായും ഖുർആനിന്റെ (യഥാർത്ഥ) മഹത്വം മനസ്സിലാകുന്നത്, അറബി ഭാഷ അറിയുന്നവനാണ്. (الفوائد المشوق الى علوم القرآن ص٧)

അറബി ഭാഷ അറിയാത്തവന് ഖുർആന്‍റെ ശബ്ദരസം ആസ്വദിക്കുവാനല്ലാതെ, മറ്റൊന്നിനും കഴിയുകയില്ലെന്ന് സ്പഷ്ടമാണ്.

قال شيخ الإسلام ابن تيمية – رحمه الله : فإن اللسان العربي شعار الإسلام وأهله، واللغات من أعظم شعائر الأمم التي بها يتميزون.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: അറബി ഭാഷ എന്നത് ഇസ്‌ലാമിന്റെയും അതിന്റെ ആളുകളുടെയും ചിഹ്നമാണ്. ഭാഷകൾ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തമാക്കുന്ന ഉമ്മത്തുകളുടെ മഹത്തായ അടയാളങ്ങളിൽ പെട്ടതാണ്. (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം:203)

എന്നാൽ ഈ വിഷയത്തിൽ മുസ്ലിംകളുടെ അവസ്ഥ വളരെ ദയനീയമാണ്. സാധാരണക്കാരായ ആളുകൾക്ക് അറബി ഭാഷയെ കുറിച്ച് അറിവില്ല. ആളുകൾ അവരുടെ ഐഹികമായ ആവശ്യങ്ങൾക്കായി പല ഭാഷകളും പഠിക്കുമ്പോൾ അവരുടെ ആദർശപരമായ ഔന്നിത്യത്തിന് സഹായകരമാകുന്ന അറബി ഭാഷയെ അവഗണിക്കുന്നു. മതപരമായ താല്പര്യമുളളവർപോലും അറബി ഭാഷ പഠിക്കുന്നതിന് വലിയ താൽപ്പര്യം കാണിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്.

മുഹമ്മദ് അമാനി മൗലവി (റഹി) എഴുതുന്നു: ……..  സന്ദര്‍ഭവശാല്‍ ഒരു വസ്തുത ഇവിടെ ഉണര്‍ത്തിക്കൊള്ളട്ടെ; ‘എഴുത്തും വായനയും’ എന്ന് പറയുമ്പോള്‍ ഇന്ന് മുസ്ലിംകളില്‍തന്നെ മിക്കവരുടെയും ഹൃദയത്തില്‍ ഖുര്‍ആനെക്കുറിച്ചോ അതിന്റെ ഭാഷയായ അറബിയെക്കുറിച്ചോ ഓര്‍മ്മ വരാറില്ല. പ്രാദേശിക ഭാഷകളോ, മാതൃഭാഷയോ, പൊതുരംഗത്ത് പ്രചാരത്തില്‍ ഇരിക്കുന്ന ചില ഭാഷകളും കൂടിയോ മാത്രമേ അവരുടെ ആലോചനക്ക് വിഷയമാകുന്നുള്ളൂ. ഇതേ ഖുര്‍ആന്‍ വാക്യങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ടുതന്നെ അങ്ങനെയുള്ളവര്‍ അക്ഷരജ്ഞാനത്തെക്കുറിച്ച് പ്രസംഗങ്ങളും മറ്റും നടത്തിയേക്കുകയും ചെയ്യും. വാസ്തവത്തില്‍ മാതൃഭാഷയിലും ജീവിതത്തില്‍ അതത് കാലത്ത് അത്യാവശ്യമായി തീരുന്ന ഇതരഭാഷകളിലും അക്ഷരജ്ഞാനം കരസ്ഥമാക്കുന്നതിന്റെ ആവശ്യകത വിസ്മരിച്ചുകൂടാ. അതെ സമയത്ത് മുസ്ലിംകളെന്ന നിലക്ക് മുസ്ലിംകള്‍ അതിനെക്കാളേറെ പരിഗണന നല്‍കേണ്ടത് ഖുര്‍ആനിനും അതിന്റെ ഭാഷക്കുമാണ്. ഖുര്‍ആനിന്റെ അക്ഷരങ്ങള്‍ നോക്കിവായിക്കുവാന്‍ മാത്രം പഠിച്ച് തൃപ്തി അടയുകയും, അതിന്റെ അര്‍ത്ഥത്തെയും ഭാഷയെയും സംബന്ധിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗം മുസ്ലിംകളും എന്നത് വളരെ ഖേദകരമത്രേ. അറബി ഭാഷയുടെ പ്രചാരകന്മാരായി ഇക്കാലത്ത് രംഗപ്രവേശനം ചെയ്തിട്ടുള്ളവരില്‍ പോലും അതൊരു ലോകഭാഷയെന്നോ, സാഹിത്യഭാഷയെന്നോ ഉള്ള നിലക്കല്ലാതെ, ഖുര്‍ആനിന്റെയും ഇസ്ലാമിന്റെയും ഭാഷയെന്ന നിലക്ക് അതര്‍ഹിക്കുന്ന സ്ഥാനം നല്‍കാത്തവരുണ്ടെന്നുള്ളതും ഇക്കാലത്ത് ദുഃഖകരമായ ഒരു പരമാര്‍ത്ഥമാകുന്നു. (അമാനി തഫ്സീർ: ഖുർആൻ 96/1ന്റെ വിശദീകരണത്തിൽ നിന്ന്)

ഇന്ന് നമ്മുടെ നാടുകളിൽ അറബി ഭാഷ പഠിപ്പിക്കുന്ന പണ്ഢിതൻമാരും കൂട്ടായ്മകളുമൊക്കെയുണ്ട്. ആളുകൾ ഇസ്ലാമിക പ്രമാണങ്ങളെ തനിമയോടെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് അവരൊക്കെ കഠിനാദ്ധ്വാനം ചെയ്യുന്നത്. അത്തരം സംരംഭങ്ങളിൽ പങ്കാളിയായി അറബി ഭാഷ പഠിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *