ബുദ്ധിയും പ്രമാണവും

മനുഷ്യൻറെ ബുദ്ധിയെ ഏറെ പരിഗണിച്ച മതമാണ് ഇസ്ലാം. ഇസ്ലാമിലെ വിശ്വാസ-കർമ്മ കാര്യങ്ങൾ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും ഇത് ബോധ്യപ്പെടുന്നതാണ്. ഒരു സൃഷ്ടിയെയും ആരാധിക്കരുത്, സകല സൃഷ്ടികളെയും സൃഷ്ടിച്ച സൃഷ്ടാവിനെ ആരാധിക്കണമെന്നാണ് ഇസ്ലാം മനുഷ്യരോട് കല്പിച്ചിട്ടുള്ളത്. ഏത് ബുദ്ധിക്കും ഉൾക്കൊള്ളാൻ പറ്റാവുന്ന ഒരു കാര്യമാണിത്.

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. (ഖുർആൻ:2/21)

ഇസ്ലാമിലെ ഏതൊരു കർമ്മം പരിശോധിച്ചാലും അത് ബുദ്ധിപരമാണെന്ന് ബോധ്യപ്പെടുന്നതാണ്.

വിശുദ്ധ ഖുര്‍ആൻ ധാരാളം സ്ഥലങ്ങളിൽ ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ?,’ ‘ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്! എന്നിങ്ങനെ ബുദ്ധിയെ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നത് കാണാം. ഉദാഹരണം:-

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ ‎

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ബുദ്ധികൊടുത്ത് (ഗ്രഹിക്കുന്ന) ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച. (ഖുർആൻ:2/164)

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ ‎﴿١٩٠﴾‏ ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ‎﴿١٩١﴾‏ رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ‎﴿١٩٢﴾

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.  ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും. (ഖുർആൻ:3/190-192)

അദൃശ്യകാര്യങ്ങളില്‍ (ഗൈബ്) വിശ്വസിക്കുക എന്നതും, നബി ﷺ ഒരു കാര്യം കല്‍പിച്ചിട്ടുണ്ട് എന്ന് ബോധ്യമായാല്‍ പിന്നീട് മറ്റൊന്നും ചിന്തിക്കാതെ അത് അപ്പടി അംഗീകരിക്കുക എന്നതും വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പെട്ടതാണ്. നബി ﷺ യുടെ നടപടികള്‍ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകൂ എന്നതിനാല്‍ അത് അംഗീകരിക്കാന്‍ പരിമിതമായ ജ്ഞാനം മാത്രമുള്ള മനുഷ്യന്‍ ബാധ്യസ്ഥനാണ്.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

أنه لا يؤمن أحد حتى يحكم الرسول صلى الله عليه وسلم في جميع الأمور ، فما حكم به فهو الحق الذي يجب الانقياد له باطنا وظاهرا

നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല; മുഴുവന്‍ കാര്യങ്ങളിലും റസൂല്‍ ﷺ യെ വിധികര്‍ത്താവായി സ്വീകരിക്കുന്നത് വരെ. അവിടുന്ന് വിധിച്ചിട്ടുള്ളതെന്തും സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ്. (ഇബ്‌നു കസീര്‍)

قال الشاطبي – رحمه الله : الواجب تقديم ما حقه التقديم وهو الشرع، وتأخير ما حقه التأخير وهو نظر العقل، فلا يصح تقديم الناقص المفتقر حاكماً على الكامل المستغني، فهذا خلاف المعقول والمنقول.

ഇമാം ശാത്വിബി رحمه الله പറയുന്നു: മുന്തിക്കാൻ അർഹമായതിനെ – പ്രമാണത്തെ – മുന്തിക്കലും, പിന്തിക്കൽ അർഹമായതിനെ – ബുദ്ധിയെ – പിന്തിക്കലും നിർബന്ധമായ കാര്യമാണ്. ന്യൂനനും, ആശ്രിതനുമായ ഒരുവനെ പൂർണനും , ധന്യനുമായവന്നുമേൽ അധികാരിയാക്കുന്നത് ശരിയാവുകയില്ല. കാരണം അത് ബുദ്ധിക്കും പ്രമാണങ്ങൾക്ക് യോജിക്കാത്തതാണ്. (منهج السلف في الدفاع عن العقيدة – المجلد 1 – الصفحة 31 )

മത നിയമങ്ങളെ ബുദ്ധിപരമായി സമീപിക്കണമെന്ന് പറയുമ്പോൾ, പ്രമാണങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കലാണ് ബുദ്ധി എന്ന അര്‍ഥത്തിലാണ്. അഥവാ അന്ധമായ അനുകരണങ്ങളും പ്രമാണങ്ങളെ പിന്‍പറ്റാത്ത സമീപനങ്ങളും ഒഴിവാക്കണം. ആ അര്‍ഥത്തിലാണ് പ്രമാണങ്ങളുടെ കാര്യത്തിൽ ഇസ്‌ലാമില്‍ ബുദ്ധിക്ക് പ്രാധാന്യമുള്ളത്.

എന്നാല്‍, ഇസ്‌ലാമില്‍ ബുദ്ധിയുടെ സ്ഥാനം ഈ നിലയ്ക്ക് ഗ്രഹിക്കാതെ മതനിയമങ്ങളെ തങ്ങളുടെ പരിമിതമായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന പ്രവണത എക്കാലത്തും ഉണ്ടായിരുന്നു. കേവല ബുദ്ധിയെ ആധാരമാക്കുന്ന ഈ പ്രവണത ഗ്രീക്ക് ഫിലോസഫിയില്‍നിന്നു ഉദ്ഭവിച്ച് കാലഘട്ടങ്ങളിലൂടെ ഇസ്‌ലാമിക ശരീഅത്തിനെ മനസ്സിലാക്കുന്നതിലേക്കുവരെ കയറിക്കൂടിയിട്ടുണ്ട്. ഇസ്‌ലാം ബുദ്ധിയുടെ മതമാണെന്ന വസ്തുതയെ മറയാക്കി പ്രമാണങ്ങളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും നിഷേധിക്കുകയും തള്ളുകയും ചെയ്യുന്നത് ഇന്ന് കണ്ടുവരുന്നു.

ഇസ്‌ലാം ഒരു കാര്യം നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ യുക്തിയും ന്യായവും മനുഷ്യന്റെ പരിമിത യുക്തിക്ക് അളക്കാന്‍ കഴിയണമെന്നില്ല. കല്‍പനകളുടെ കാര്യവും അതുതന്നെ. ആ ന്യായവും യുക്തിയും കണ്ടെത്തി ഇസ്‌ലാമിക നിയമങ്ങളുടെ ദൈവികത സ്ഥാപിക്കാനാണ് ബുദ്ധി ഉപയോഗിക്കേണ്ടത്. മുഅ്ജിസത്തുകള്‍ (നബിമാരുടെ അമാനുഷികത) ദുര്‍വ്യാഖ്യാനിക്കുന്നതും സ്വഹീഹായ ഹദീഥുകള്‍ നിഷേധിക്കുന്നതും ബുദ്ധിയല്ല; അജ്ഞതയും ദൗര്‍ബല്യവുമാണ്. മതത്തില്‍ സ്ഥിരപ്പെട്ട ഒരു വസ്തുത ബുദ്ധിക്ക് നിരക്കുന്നില്ലെന്ന് പറഞ്ഞു തള്ളുന്നതും സ്ഥിരപ്പെടാത്ത ഒരു അന്ധവിശ്വാസത്തിന്ന് പ്രാമാണികത വരുത്താന്‍ ദുര്‍വ്യാഖ്യാനിക്കുന്നതും ഒരുപോലെയാണ്..

قال الشيخ ابن عثيمين رحمه الله: الواجب على الإنسان أن يؤمن بما أخبر الله به سواء أدركه عقله أم لم يدركه، ولو كان الإنسان لا يؤمن إلا بما أدركه عقله لم يكن مؤمنا حقا.

ശൈഖ് ഇബ്‌നു ഉഥൈമീൻ-رحمه الله- പറഞ്ഞു: അല്ലാഹു سبحانه وتعالى അറിയിച്ച ഏതൊരുകാര്യവും അത് മനുഷ്യന്റെ ബുദ്ധിക്ക് ശരിയായിതോന്നിയാലും ഇല്ലെങ്കിലും അത് അവന്ന് വിശ്വസിക്കൽ നിർബന്ധമാണ്;ഇനി,അവന്റെ ബുദ്ധിക്ക് ശരിയായി തോന്നിയതല്ലാതെ വിശ്വസിക്കുകയില്ല എന്ന നിലപാടാണെങ്കിൽ തീർച്ചയായും അവൻ യഥാർത്ഥ വിശ്വാസിയായിത്തീരുകയില്ല. (تفسير الأنعام ص ٢٠٦)

قال العلامة مقبل بن هادي الوادعي رحمه الله:- لو كان العقل كافيا ما أرسل الله رسلاً وما أنزل الله كتباً .

അല്ലാമ മുഖ്ബിൽ ബിൻ ഹാദി അൽ വാദിഇ (റ) പറഞ്ഞു: ബുദ്ധി (എല്ലാ കാര്യത്തിനും) മതിയായിരുന്നുവെങ്കിൽ അല്ലാഹു റസൂലുമാരെ നിയോഗിക്കുകയോ, വേദഗ്രന്ഥങ്ങൾ ഇറക്കുകയോ ചെയ്യുമായിരുന്നില്ല. [ إجابة السائل (367-368) ].

عَنْ عَلِيٍّ، – رضى الله عنه – قَالَ لَوْ كَانَ الدِّينُ بِالرَّأْىِ لَكَانَ أَسْفَلُ الْخُفِّ أَوْلَى بِالْمَسْحِ مِنْ أَعْلاَهُ وَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَمْسَحُ عَلَى ظَاهِرِ خُفَّيْهِ ‏.‏

അലിയ്യ് رضى الله عنه പറഞ്ഞു: ദീൻ യുക്തിക്കനുസൃതമായിരുന്നെങ്കിൽ ഖുഫ്ഫയുടെ അടിഭാഗമായിരുന്നു മുകൾ ഭാഗത്തെക്കാൾ തടവാൻ കൂടുതൽ യോജിച്ചത്. തിരുനബിﷺ തന്റെ ഖുഫ്ഫയുടെ പുറംഭാഗത്ത് തടവുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. (അബൂദാവൂദ്:162)

മതപരമായ പ്രമാണങ്ങളെക്കാൾ ബുദ്ധിയെ മുന്തിക്കൽ നാശഹേതുവാണ്.

قال شيخ الإسلام ابن تيمية – رحمه اللّٰه – في شرح قوله تعالى:﴿ ﻗَﺎﻝَ ﺳَﺂﻭِﻱ ﺇِﻟَﻰٰ ﺟَﺒَﻞٍ ﻳَﻌْﺼِﻤُﻨِﻲ ﻣِﻦَ ﺍﻟْﻤَﺎﺀِ ﴾[ ﻫــﺬﺍ ﻋﻘــﻞ ]﴿ ﻗَﺎﻝَ ﻟَﺎﻋَﺎﺻِﻢَ ﺍﻟْﻴَﻮْﻡَ ﻣِﻦْ ﺃَﻣْﺮِ ﺍﻟﻠَّﻪِ ﺇِﻟَّﺎ ﻣَﻦ ﺭَّﺣِﻢَ ﴾[ ﻫـــﺬﺍ وحي ]﴿ ﻭَﺣَﺎﻝَ ﺑَﻴْﻨَﻬُﻤَﺎ ﺍﻟْﻤَﻮْﺝُ ﻓَﻜَﺎﻥَ ﻣِﻦَ ﺍﻟْﻤُﻐْﺮَﻗِﻴﻦَ ﴾[ ﻫـــﺬﻩ ﺍلنتيجـة ]فكل ﻣـﻦ ﻗـﺪّﻡ ﻋﻘﻠـﻪ ﻋﻠﻰ ﻧﺼـﻮﺹ ﺍﻟﻜﺘـﺎﺏ ﻭﺍﻟﺴﻨـﺔ الصحيحة ﻏـﺮِﻕ ﻓﻲ ﻇﻠﻤـﺎﺕ ﺑﺤﺎﺭ ﺍﻷﻫـﻮﺍﺀ ﻭﺍﻟﺒﺪﻉ …
ﻣـﻦ ﺗﻌــﻮﺩ ﻣﻌﺎﺭﺿـﺔ ﺍﻟﺸـﺮﻉ ﺑﺎﻟﻌﻘـﻞ ﻻ ﻳﺴﺘﻘـﺮ ﻓـﻲ ﻗﻠـﺒــﻪ ﺇﻳـﻤـﺎﻥ..

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله നൂഹ് നബിയുടെയും മകന്റെയും സംഭവം വിശദീകരിക്കുന്നു: അവൻ (നൂഹ് നബിയുടെ മകൻ) പറഞ്ഞു : വെള്ളത്തിൽനിന്ന് എനിക്ക് രക്ഷ നൽകുന്ന വല്ല മലയിലും ഞാൻ അഭയം പ്രാപിച്ചുകൊള്ളാം (ബുദ്ധി കൊണ്ടുള്ള മറുപടി).  അദ്ദേഹം (നൂഹ് عليه السلام) പറഞ്ഞു:അല്ലാഹുവിൻറെ കല്പനയിൽ നിന്ന് ഇന്ന് രക്ഷനൽകാൻ ആരുമില്ല; അവൻ കരുണ ചെയ്തവർക്കൊഴികെ (പ്രമാണം കൊണ്ടുള്ള മറുപടി). അപ്പോഴേക്കും അവർ രണ്ടുപേർക്കുമിടയിൽ തിരമാല മറയിട്ടു. അങ്ങനെ അവൻ (നൂഹ് നബിയുടെ മകൻ) മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി (അനന്തരഫലം).  പ്രമാണങ്ങളെക്കാൾ (ഖുർആനും, സുന്നത്തും) ബുദ്ധിക്ക് മുൻഗണന നൽകുന്നവർ ദേഹച്ഛകളുടെ സമുദ്രമാകുന്ന ഇരുട്ടിലും, പുത്തനാചാരങ്ങളിലും മുങ്ങിത്താഴുന്നവരാണ്. മതപരമായ വിധികളെ ബുദ്ധികൊണ്ട് അളക്കുകയും തിരിഞ്ഞുകളയുകയും ചെയ്യുന്നവന്റെ മനസ്സിൽ ഈമാൻ നിലനിൽക്കുകയില്ല. [درء التعارض : (1/187)]

പ്രമാണങ്ങളേക്കാൾ ബുദ്ധിക്ക് പ്രാധാന്യം കൽപ്പിക്കുകയെന്നത് ഇസ്ലാമിനെ തകർക്കാൻ വന്ന മുഅ്തസില വിശ്വാസക്കാരുടെ വാദമാണ്.