ആരാധനകള്‍ക്കൊരു ആമുഖം

ഇബ്നുല്‍ ഖയ്യിം അല്‍ജൗസി رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനം

പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹുവിനോടാണ് ചോദിക്കാനുള്ളതും അവനില്‍നിന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നതും. അവന്‍ നിങ്ങളെ ഇഹലോകത്തും പരലോകത്തും അവന്‍റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ! പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ചൊരിയുമാറാകട്ടെ! അല്ലാഹു അനുഗ്രഹം ചെയ്താല്‍ നന്ദികാണിക്കുകയും പരീക്ഷിക്കപ്പെടുമ്പോള്‍ സഹനമവലംബിക്കുകയും തെറ്റു സംഭവിച്ചുപോയാല്‍ പൊറുക്കലിനെ തേടുകയും ചെയ്യുന്ന സദ്വൃത്തരില്‍ അവന്‍ നിങ്ങളെ ഉള്‍പ്പെടുത്തുമാറാകട്ടെ!

നിശ്ചയം, ഈ മൂന്ന് കാര്യങ്ങളാണ് ഒരു അടിമയുടെ സൗഭാഗ്യത്തിന്‍റെ മുഖമുദ്രയും ഇഹലോകത്തിലും പരലോകത്തിലുമുള്ള അവന്‍റെ വിജയത്തിന്‍റെ അടയാളവും. ഒരു ദാസന്ന് അതില്‍നിന്നും ഒരിക്കലും വേറിട്ടുനില്‍ക്കാനൊക്കുകയില്ല. മറിച്ച്, അവന്‍ എപ്പോഴും ഈ മൂന്ന് തട്ടുകള്‍ക്കിടയില്‍ തിരിഞ്ഞുമറിഞ്ഞുകൊണ്ടിരിക്കും, തീര്‍ച്ച!

അല്ലാഹുവില്‍നിന്ന് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍! അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നന്ദികാണിക്കുന്നതിലൂടെയാണ്. ആ നന്ദിപ്രകടനം മൂന്ന് സുപ്രധാന കാര്യങ്ങളിലാണ് നിലകൊള്ളുന്നത്.

1. മനസ്സ് കൊണ്ട് ആ അനുഗ്രഹത്തെ തിരിച്ചറിയല്‍.

2. നാവ് കൊണ്ട് അതിനെക്കുറിച്ച് സംസാരിക്കല്‍.

3. നല്‍കിയ അനുഗ്രഹ ദാതാവിന്‍റെ തൃപ്തിയില്‍ അവ വിനിയോഗിക്കല്‍.

ഈ മൂന്ന് കാര്യങ്ങള്‍ ഒരാള്‍ ചെയ്താല്‍ അയാള്‍ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു എന്നു പറയാം; ആ നന്ദിപ്രകടനത്തില്‍ വീഴ്ച വന്നിട്ടുണ്ട് എങ്കില്‍കൂടി. രണ്ടാമതു പറഞ്ഞത് അല്ലാഹുവില്‍നിന്നുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചാണ്. അതില്‍ ഒരടിമയ്ക്ക് കരണീയമായിട്ടുള്ളത് പടച്ചവന്‍റെ തീരുമാനത്തില്‍ ക്ഷമിക്കുകയും അതിന് കീഴ്പ്പെടുകയുമാണ്.

‘ക്ഷമ’ അല്ലെങ്കില്‍ ‘സഹനം’ (സ്വബ്ര്‍) എന്നു പറഞ്ഞാല്‍ അല്ലാഹുവിന്‍റെ വിധിയില്‍ ദേഷ്യപ്പെടാതെ മനസ്സിനെ നിയന്ത്രിക്കലും അതില്‍ ആവലാതികളും സങ്കടങ്ങളും മറ്റുള്ളവരോട് പറയാതെ അതിനെ നിയന്ത്രിക്കലും അല്ലാഹുവിനെ ധിക്കരിക്കാതെ; അഥവാ മുഖത്തടിക്കുക, വസ്ത്രത്തിന്‍റെ മാറ് പിടിച്ചുകീറുക, മുടി പിടിച്ചുപറിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാതെ അവയവങ്ങളെ നിയന്ത്രിക്കുകയുമാണ്.

ക്ഷമ എന്നതിന്‍റെ കേന്ദ്രബിന്ദു ഈ മൂന്ന് കാര്യങ്ങളാണ്. അവ വേണ്ടപോലെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. പ്രയാസങ്ങള്‍ പ്രിയങ്കരമാവും. ഒരിക്കലും അല്ലാഹു ഒരാളെ നശിപ്പിക്കാനല്ല പരീക്ഷിക്കുന്നത് മറിച്ച്, ഒരാളുടെ ക്ഷമയും കീഴൊതുക്കവും സ്ഫുടം ചെയ്തെടുക്കാനാണ് പരീക്ഷണങ്ങള്‍. തീര്‍ച്ചയായും സന്തോഷവേളകളില്‍ അല്ലാഹുവിന് കീഴ്പ്പെടേണ്ടതാണ് എന്നപോലെ സന്താപവേളകളിലും ഒരാള്‍ അല്ലാഹുവിന് കീഴ്പ്പെടേണ്ടതാണ്. ഇഷ്ടകരമായ കാര്യങ്ങളിലും അനിഷ്ടകരമായ സംഗതികളിലും അവന് കീഴ്പ്പെടേണ്ടവനാണ് ഒരു വിശ്വാസി. ഭൂരിപക്ഷമാളുകളും തങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങളില്‍ മാത്രമാണ് ആ കീഴൊതുങ്ങലിന് സന്നദ്ധമാകാറുള്ളത്. എന്നാല്‍ അനിഷ്ടകരമായ കാര്യങ്ങളിലെ കീഴൊതുക്കമാണ് ഏറ്റവും പ്രധാനം. അതിനനുസരിച്ചാണ് ആളുകളുടെ പദവി വ്യത്യാസപ്പെടുന്നതും അല്ലാഹുവിന്‍റെയടുക്കല്‍ അവര്‍ക്കുള്ളസ്ഥാനവും. ഉദാഹരണത്തിന്; നല്ല ചൂടുള്ള സമയത്ത് തണുത്തവെള്ളത്തില്‍ അംഗസ്നാനം ചെയ്യല്‍ അല്ലാഹുവിന്ന് കീഴൊതുങ്ങലാണ്. താന്‍ ഇഷ്ടപ്പെടുന്ന തന്‍റെ സുന്ദരിയായ ഇണയെ ഒരാള്‍ പ്രാപിക്കുന്നതും ഇതേ കീഴ്പ്പെടലാണ്. തനിക്കും തന്‍റെ ഭാര്യക്കും മക്കള്‍ക്കും സമ്പത്ത് ചെലവഴിക്കലും ഇതുപോലെതന്നെ.

എന്നാല്‍ കൊടുംതണുപ്പുള്ള സമയത്ത് തണുത്ത വെള്ളത്തില്‍ അംഗസ്നാനം ചെയ്യലും അല്ലാഹുവിന്ന് കീഴ്പ്പെടലാണ്. ആളുകളെയൊന്നും പേടിക്കേണ്ടതായ സാഹചര്യമില്ലാഞ്ഞിട്ടും, ശക്തമായ പ്രേരണകളും അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും തിന്മകള്‍ ചെയ്യാതെ ഒരാള്‍ മാറിനില്‍ക്കുന്നതും അല്ലാഹുവിനുള്ള കീഴ്പ്പെടലാണ്. പ്രയാസഘട്ടങ്ങളില്‍ ചെലവഴിക്കലും പടച്ചവന് കീഴ്പ്പെടലാണ്. പക്ഷേ, ഈ രണ്ടു തരം കീഴ്പ്പെടലുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.

അതിനാല്‍ ആരെങ്കിലും ഈ രണ്ട് സന്ദര്‍ഭങ്ങളിലും അല്ലാഹുവിന് കീഴ്പ്പെട്ട് തന്‍റെ ബാധ്യത നിര്‍വഹിക്കുകയാണെങ്കില്‍ -അതായത്, ഇഷ്ടകരമായതിലും അനിഷ്ടകരമായതിലും – അവന് അല്ലാഹു മതിയായവനാണ്. അതാണ് അല്ലാഹുവിന്‍റെ ഈ വചനം അറിയിക്കുന്നതും:

أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരുമില്ല. (ഖുർആൻ:39/36)

തന്‍റെ ദാസന് “അബ്ദഹു” എന്നിടത്ത് തന്‍റെ അടിമകള്‍ക്ക് “ഇബാദഹു” എന്ന ഒരു പാരായണവുമുണ്ട്. രണ്ടും സമമാണ്. കാരണം ഏകവചനം മറ്റൊന്നിലേക്കു ചേര്‍ത്ത് പ്രയോഗിച്ചാല്‍ ബഹുവചനത്തിന്‍റെ വ്യാപകാര്‍ഥം കിട്ടുമെന്നാണ് ഭാഷാശാസ്ത്രം.

അപ്പോള്‍ പരിപൂര്‍ണമായ പര്യാപ്തത പരിപൂര്‍ണമായ പ്രസ്തുത കീഴൊതുങ്ങലിലാണ്. ഒന്നിലെ അപൂര്‍ണത മറ്റേതിലും അപൂര്‍ണമായിരിക്കും. അതിനാല്‍ ആര്‍ക്കെങ്കിലും വല്ല നന്മയും ലഭിച്ചാല്‍ അതിന് അവന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. അതല്ലാത്തതാണ് കിട്ടിയതെങ്കില്‍ മറ്റാരെയും പഴിചാരേണ്ടതുമില്ല.

ഇപ്രകാരം പരിപൂര്‍ണമായി അല്ലാഹുവിന് കീഴൊതുങ്ങിയ അവന്‍റെ ദാസന്മാരെ സംബന്ധിച്ചിടത്തോളം അവരുടെമേല്‍ യഥാര്‍ഥ ശത്രുവിന് (പിശാചിന്) യാതൊരു ആധിപത്യവും ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു:

إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ ‎

തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. (ഖുർആൻ:15/42)

അല്ലാഹു അവന്‍റെ ദാസന്മാരെ തനിക്ക് കീഴ്പ്പെടുത്തിത്തരികയില്ലെന്നും തനിക്ക് അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനാവില്ലെന്നും ഇബ്ലീസ് മനസ്സിലാക്കിയപ്പോള്‍ അല്ലാഹുവിനോട് ഇപ്രകാരം പറഞ്ഞു:

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٨٢﴾‏ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ‎﴿٨٣﴾‏

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)

അല്ലാഹു പറഞ്ഞു:

وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ ‎﴿٢٠﴾‏ وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ ‎﴿٢١﴾

തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന് (ഇബ്ലീസിന്‌) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്‌. നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍ :34/20-21)

തന്‍റെ ശത്രുവിന് സത്യവിശ്വാസികളായ ദാസന്മാരുടെമേല്‍ അല്ലാഹു ആധിപത്യം നല്‍കിയില്ല. മറിച്ച് സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലും കാവലിലുമാണുള്ളത്. ഇനി വല്ല അശ്രദ്ധനായ മനുഷ്യനെയും കള്ളന്മാര്‍ ചതിയില്‍പ്പെടുത്തുന്നതുപോലെ അവരില്‍ ആരെയെങ്കിലും ഇബ്ലിസ് ചതിയില്‍ പെടുത്തുകയാണെങ്കില്‍ അത് സൂക്ഷിക്കേണ്ടതാണ്. കാരണം തീര്‍ച്ചയായും ഒരു അടിമ അശ്രദ്ധയും മനസ്സിന്‍റെ മോഹങ്ങളും കോപവും കൊണ്ട് പരീക്ഷിക്കപ്പെടും. (പിശാച് എന്ന ശത്രു ഈ ദ്വാരങ്ങളിലൂടെ കടന്നുവന്നേക്കും; സുക്ഷിക്കുക എന്ന് സാരം).

ഇബ്ലീസ് ഒരാളുടെ അടുക്കല്‍ ചെല്ലുന്നത് ഈ മൂന്ന് വാതിലുകളിലൂടെയാണ്. ഒരാള്‍ എത്രതന്നെ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളുന്ന ആളായിരുന്നാലും അയാള്‍ക്ക് മറവിയുണ്ടാകും. മനസ്സിന്‍റെ മോഹങ്ങളുണ്ടാവുക എന്നതും സ്വാഭാവികമാണ്. ദേഷ്യവും കോപവും മാനുഷ്യസഹജമാണുതാനും. മനുഷ്യകുലത്തിന്‍റെ ആദ്യപിതാവ് ആദം നല്ല സഹനശീലനും വിവേകിയും ബുദ്ധിമാനും സ്ഥൈര്യമുള്ളയാളും ഒക്കെയായിരുന്നു. എന്നിട്ടും ആ ശത്രു നിരന്തര പരിശ്രമത്തിലൂടെ ആദമിനെ അപായത്തില്‍ പെടുത്തിയത് അറിയുമല്ലോ! എന്നിരിക്കെ, കുറച്ചുമാത്രം വിവേകവും സഹനതയുമുള്ള, വളരെ നാമമാത്രമായ ചിന്തയും ബുദ്ധിയുമുള്ള ആളുകളെ സംമ്പന്ധിച്ച് നീ എന്താണ് കരുതുന്നത്?

പക്ഷേ, അല്ലാഹുവിന്‍റെ ശത്രു സത്യവിശ്വാസിയുടെ അടുക്കലേക്ക് ചതിയിലൂടെയും വഞ്ചനയിലൂടെയും അശ്രദ്ധകാരണങ്ങളാലും ഒക്കെയല്ലാതെ എത്തുകയില്ല. അങ്ങനെ അപ്രതീക്ഷിതമായി പിശാച് അവനെ കെണിയില്‍ പെടുത്തും. അതോടെ തന്‍റെ രക്ഷിതാവിനെ വിശ്വാസി കയ്യൊഴിക്കുമെന്ന് പിശാച് കരുതുകയും ചെയ്യും. ആ സംഭവം അവനെ ആകെ തകര്‍ത്തുകളയുമെന്നും അവന്‍ കണക്കുകൂട്ടും. എന്നാല്‍ അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും വിട്ടുവീഴ്ചയും പൊറുത്തുകൊടുക്കലും എല്ലാം അതിനും അപ്പുറമാണ്.

അല്ലാഹു തന്‍റെ അടിമക്ക് നന്മ ഉദ്ദേശിക്കുകയാണെങ്കില്‍ പശ്ചാത്താപത്തിന്‍റെയും ഖേദത്തിന്‍റെയും കുറ്റബോധത്തിന്‍റെയും വിനയത്തിന്‍റെയും പ്രാര്‍ഥനയുടെയും സഹായതേട്ടത്തിന്‍റെയും പടച്ചവനിലേക്കുള്ള സത്യസന്ധമായ അഭയം പ്രാപിക്കലിന്‍റെയും നിരന്തരമായ കീഴൊതുക്കത്തിന്‍റെയും സാധിക്കുന്നത്ര നന്മകളിലൂടെ അല്ലാഹുവിലേക്ക് പരാമാവധി അടുക്കുവാനുള്ള ശ്രമത്തിന്‍റെയും തുടങ്ങി നന്മയുടെ അനേകം കവാടങ്ങള്‍ അവന് മുന്നില്‍ തുറന്നുകൊടുക്കും. എത്രത്തോളമെന്നാല്‍ ആ അബദ്ധം സംഭവിച്ചത് പടച്ചവന്‍റെ ധാരാളം അനുഗ്രഹത്തിന് കാരണമാകുവോളം അവന്‍ നന്മകളധികരിപ്പിക്കും. അപ്പോള്‍ അല്ലാഹുവിന്‍റെ ശത്രു നിരാശനായി ഇപ്രകാരം പറയുന്ന സ്ഥിതിവരെയുണ്ടാകും: “അയാളെ തെറ്റില്‍ വീഴ്ത്താതെ വിട്ടാല്‍ മതിയായിരുന്നു; കഷ്ടം!”

ഇതാണ് സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞ ഈ വചനത്തിന്‍റെ പൊരുള്‍: “നിശ്ചയം! ചിലര്‍ ഒരു പാപം ചെയ്യും, അതുനിമിത്തം അയാള്‍ സ്വര്‍ഗത്തിലെത്തും. വേറെ ചിലരാകട്ടെ, ഒരു നന്മചെയ്യും. അതുനിമിത്തം നരരകത്തിലുമെത്തും.” ശ്രോതാക്കള്‍ അദ്ദേഹത്തോട് ചോദിച്ചു: “അതെങ്ങനെയാണ്?” അദ്ദേഹം പറഞ്ഞു: “അതായത്, ഒരു തെറ്റ് ചെയ്തുപോയ വിശ്വാസിയെ കുറ്റബോധം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതിനെക്കുറിച്ചോര്‍ത്ത് പേടിച്ച് കരയുകയും ഖേദിക്കുകയും ചെയ്യും. പടച്ചവന്‍റെ മുന്നില്‍ പാപിയായ താന്‍ നില്‍ക്കുന്നതിനെക്കുറിച്ചോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തും. മനസ്സ് ആകെ അസ്വസ്ഥമാകും. അങ്ങനെ ആ കുറ്റം അയാളുടെ വിജയത്തിന്‍റെയും മോക്ഷത്തിന്‍റെയും നിമിത്തമായി മാറും. കുറെ നന്മകള്‍ ചെയ്തതിലേറെ അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തെയാകെ അടിമുടി മാറ്റിക്കൊണ്ട് ഏറ്റവും ഉപകാരപ്രദമായ നന്മയായി അത് പരിണമിക്കുകയാണ്. അതായത്, അതിനോടനുബന്ധമായി സംഭവിച്ച ഈ നല്ല കാര്യങ്ങളെല്ലാം അയാളുടെ വിജയത്തിനും മോക്ഷത്തിനും സ്വര്‍ഗപ്രവേശത്തിനും കാരണമായി കലാശിക്കും.

എന്നാല്‍ ചിലര്‍ ചെയ്യുന്ന നന്മകള്‍ നേരെ മറിച്ചാണ്. അത് റബ്ബിനോടുകാണിച്ച വലിയ ദാക്ഷിണ്യമായി എടുത്തുപറയുകയും അതുമുഖേന അഹങ്കരിക്കുകയും താന്‍ കൊള്ളാവുന്നവനാണെന്ന് അയാള്‍ക്ക് സ്വയം തോന്നുകയും അതില്‍ നിഗളിക്കുകയും അത് വലുതായി കാണുകയും ഞാനിതൊക്കെ ചെയ്തു എന്ന് പാടിപ്പറഞ്ഞ് നടക്കുകയും ഒക്കെയാകുമ്പോള്‍ അത് അയാളില്‍ ഇട്ടുപോകുന്നത് അഹങ്കാരവും ദുരഭിമാനവും താനെന്ന ഭാവവുമൊക്കെയായിരിക്കും. അഥവാ അയാളെ നശിപ്പിക്കാന്‍ കാരണമായിത്തീരുന്ന കുറെ ദുര്‍ഗുണങ്ങള്‍.

ഈ സാധുവായ മനുഷ്യന് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അയാളില്‍ വിനയവും എളിമത്വവും തന്‍റെ നിസ്സഹായതയും ഒക്കെ ബോധ്യപ്പെടുത്താവുന്ന കാര്യങ്ങള്‍കൊണ്ട് അവനെ അല്ലാഹു പരീക്ഷിക്കും. ഇനി അതല്ല അല്ലാഹു അയാള്‍ക്ക് ഉദ്ദേശിച്ചതെങ്കില്‍ അയാളുടെ അഹന്തയും അഹങ്കാരവുമായി അല്ലാഹു അയാളെ വിട്ടുകളയും. അതാണ് അയാളുടെ നാശം ഉറപ്പാക്കുന്ന കൊടും നിന്ദ്യത! (അല്ലാഹു കാക്കട്ടെ!)

അറിവുള്ളവരൊക്കെ ഐകകണ്ഠേന സമ്മതിക്കുന്ന സംഗതിയാണ്; നിശ്ചയം ‘തൗഫീക്വ്’ എന്നു പറഞ്ഞാല്‍ അല്ലാഹു നിന്നെ നിന്നിലേക്കുതന്നെ ഏല്‍പിക്കാതിരിക്കലാണ്. നിന്ദ്യതയെന്നതാകട്ടെ, അല്ലാഹു നിന്നെ നിന്നിലേക്കുതന്നെ ഏല്‍പിക്കലാണ് എന്നത്.

ആര്‍ക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ വിനയത്തിന്‍റെയും താഴ്മയുടെയും നിരന്തരമായി അല്ലാഹുവിലേക്ക് അഭയം തേടലിന്‍റെയും സഹായതേട്ടത്തിന്‍റെയുമൊക്കെ കവാടങ്ങള്‍ അയാള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കും. സ്വന്തത്തിന്‍റെ ന്യൂനതകളും വിവരക്കേടും അന്യായങ്ങളും ശത്രുതയുമെല്ലാം അയാള്‍ സദാ കണ്ടുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹങ്ങളും കാരുണ്യവും നന്മകളും എല്ലാം എപ്പോഴും അയാളുടെ കണ്‍മുന്നിലുണ്ടാകും.

അതിനാല്‍ യഥാര്‍ഥ ജ്ഞാനി ഈ രണ്ട് ചിറകുകളിലുമായി അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. അവയിലേതെങ്കിലുമൊന്ന് എപ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നുവോ അപ്പോള്‍ ചിറകൊടിഞ്ഞ പക്ഷിപോലെ അയാള്‍ക്ക് പറക്കാനാവുകയില്ല.

قال شيخ الإسلام : العارف يسير إلى الله بين مشاهدة المنة ومطالعة عيب النفس والعمل

ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹാവി(റഹി) പറയുന്നു: “യഥാര്‍ഥ ജ്ഞാനി അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ സദാ ദര്‍ശിച്ചും സ്വന്തം ന്യൂനതകളും വീഴ്ചകളും നിരന്തരം നിരീക്ഷിച്ചുമായിരിക്കും അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുക.”

ഇതാണ് നബി ﷺ പഠിപ്പിച്ച സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്ന പ്രാര്‍ഥനയുടെ ആശയവും:

اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء بنعمتك علي وأبوء بذنبي فاغفر لي إنه لا يغفر الذنوب إلا أنت

അല്ലാഹുവേ, നീയാണ് എന്‍റെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയാണ്. ഞാന്‍ നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ്; എനിക്ക് സാധിക്കുന്നത്ര. ഞാന്‍ ചെയ്തുപോയ ദോഷങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു. അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ. തീര്‍ച്ചയായും നീയല്ലാതെ തെറ്റുകള്‍ പൊറുക്കുന്നവനായി മറ്റാരുമില്ല. (ബുഖാരി)

ഈ പ്രാര്‍ഥനയിലെ ‘നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു’ എന്ന വചനം റബ്ബിന്‍റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ന്യൂനതകളെയും വീഴ്ചകളെയും തിരിച്ചറിയലും സമന്വയിപ്പിക്കുന്നുണ്ട്.

അനുഗ്രഹങ്ങളെ കുറിച്ചുള്ള ബോധം അനുഗ്രഹ ദാതാവിനോടുള്ള സ്നേഹവും നന്ദിയും സ്തുതികീര്‍ത്തനങ്ങളും അനിവാര്യമാക്കുന്നതാണ്. സ്വന്തം ന്യൂനതകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമുള്ള തിരിച്ചറിവ് വിനയവും താഴ്മയും പടച്ചവനോടുള്ള തേട്ടവും പശ്ചാത്താപവുമെല്ലാം സദാസമയത്തും ഉറപ്പായും ഉണ്ടാക്കിക്കൊണ്ടിരിക്കും. ഞാന്‍ എല്ലാം തികഞ്ഞവനാണ് എന്ന് ഒരിക്കലും അയാള്‍ക്ക് തോന്നുകയില്ല.

ഒരു അടിമക്ക് അല്ലാഹുവിന്‍റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള ഏറ്റവും അടുത്തവാതില്‍ തന്‍റെ ഇല്ലായ്മയെയും ആശ്രയത്വത്തെയും കുറിച്ചുള്ള ശരിയായ ബോധമാണ്. തനിക്ക് അവലംബിക്കുവാനും ആശ്രയിക്കുവാനും സ്വയംപര്യാപ്തത കൈവരിക്കുവാനും യാതൊരു മാര്‍ഗവും സ്വന്തമായി ഇല്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. അതിനാല്‍ തനിച്ച ആശ്രയത്വത്തിന്‍റെയും ആവശ്യത്തിന്‍റെയും വാതിലിലൂടെ അല്ലാഹുവിന്‍റെ അടുക്കല്‍ ചെല്ലുന്നു; ദാരിദ്ര്യവും കഷ്ടതകളും ഹൃദയം തകര്‍ത്ത ഒരു മനുഷ്യന്‍റെ മനസ്സുമായി. ആ വിനയവും താഴ്മയും അയാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ തട്ടിയിട്ടുണ്ട്. റബ്ബിലേക്കുള്ള തന്‍റെ അനിവാര്യമായ ആശ്രയത്തെയും ആവശ്യത്തെയും അയാള്‍ കണ്ടറിഞ്ഞിട്ടുമുണ്ട്. തന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു ചെറിയ കാര്യത്തിലും പരിപൂര്‍ണമായ സഹായവും ആശ്രയവും തനിക്കു വേണമെന്നും റബ്ബിലേക്ക് പൂര്‍ണമായും ആശ്രയിക്കല്‍ തികച്ചും അനിവാര്യമാണ് എന്നും അയാള്‍ അറിഞ്ഞിട്ടുണ്ട്. കണ്ണ് ഇമ വെട്ടുന്നത്ര ഒരു ചെറിയ നേരത്തേക്കെങ്കിലും റബ്ബ് എന്നെ കയ്യൊഴിച്ചാല്‍ ഞാന്‍ ആകെ തകര്‍ന്നുപോകുമെന്നും പരിഹരിക്കാനാവാത്ത തീരാനഷ്ടത്തിലായിപ്പോകുമെന്നും പടച്ചവന്‍ വീണ്ടെടുക്കുകയും കരുണ ചൊരിയുകയുമല്ലാതെ യാതൊരു രക്ഷാമാര്‍ഗവുമില്ലെന്നും അയാള്‍ക്ക് ഉത്തമബോധ്യമുണ്ട്.

അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവനുള്ള കീഴ്വണക്കം തന്നെയാണ്. അതിലുള്ള ഏറ്റവും വലിയ തടസ്സം സത്യസന്ധമല്ലാത്ത അവകാശവാദങ്ങളുമാണ്. പ്രസ്തുത കീഴ്വണക്കത്തിന്‍റെ അടിസ്ഥാനം പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അവയാണ് അതിന്‍റെ അടിത്തറ എന്ന് പറയാം. പരിപൂര്‍ണമായ സ്നേഹവും സമ്പൂര്‍ണമായ കീഴ്പെടലുമാണ് ആ രണ്ടു കാര്യങ്ങള്‍. ഈ രണ്ട് അടിത്തറകള്‍ രൂപപ്പെടേണ്ടത് മുമ്പ് പറഞ്ഞ രണ്ട് അടിസ്ഥാനങ്ങളില്‍നിന്നുമാണ്. അതായത് പടച്ചവനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്ന, അവന്‍റെ അളവറ്റ അനുഗ്രഹങ്ങളെ തിരിച്ചറിയലും അവന്‍റെ മുന്നിലുള്ള തികഞ്ഞ കീഴ്പെടലിന് പര്യാപ്തമാക്കുന്ന, സ്വന്തത്തിന്‍റെയും കര്‍മങ്ങളുയെും കുറിച്ചുള്ള നിരന്തരമായ ബോധവും.

ഒരു ദാസന്‍ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തെയും തന്‍റെ സ്വഭാവ, സമീപനങ്ങളെയും ഈ സുപ്രധാന അടിസ്ഥാനങ്ങളുടെമേല്‍ പടുത്തുയര്‍ത്തുകയാണെങ്കില്‍ അയാള്‍ക്കുണ്ടായേക്കാവുന്ന അശ്രദ്ധയുടെ സന്ദര്‍ഭത്തിലല്ലാതെ ശത്രുവിന് അയാളെ കീഴ്പെടുത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതില്‍നിന്ന് വളരെ പെട്ടെന്ന് അവനെ അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരികയും തന്‍റെ കാരുണ്യംകൊണ്ട് അവനെ വീണ്ടെടുക്കുകയും ചെയ്യും.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് ശരിയായി കിട്ടണമെങ്കില്‍ അയാളുടെ മനസ്സും ബാഹ്യാവയവങ്ങളും ചൊവ്വാകണം. മനസ്സ് ചൊവ്വാകുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്; അല്ലാഹുവിനോടുള്ള സ്നേഹം അയാള്‍ക്ക് മറ്റു ഇഷ്ടങ്ങളെക്കാളെല്ലാം മികച്ചുനില്‍ക്കുന്നതാകണം. അതായത് അല്ലാഹുവിന്‍റെ ഇഷ്ടവും മറ്റുള്ളവരുടെ ഇഷ്ടവും പരസ്പരം എതിരായിവന്നാല്‍ മറ്റെന്തും തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടം മുന്നിട്ട് അതിജയിച്ച് നല്‍ക്കണം. അപ്പോള്‍ അതിന്‍റെ തേട്ടങ്ങള്‍ അനുബന്ധമായി ഉണ്ടാകും.

ഇത് പറയാനും അവകാശവാദങ്ങളുന്നയിക്കാനും വളരെ എളുപ്പമാണ്. എന്നാല്‍ പ്രയോഗവത്കരിക്കല്‍ ഏറെ പ്രയാസകരവുമാണ്. പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഒരാള്‍ ആദരിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നത്.

മനുഷ്യന്‍ കൂടുതലായും മുന്‍ഗണന നല്‍കുന്നത് തന്‍റെ ഇഷ്ടത്തിനും മനസ്സിന്‍റെ കൊതികള്‍ക്കുമാണ്. അല്ലെങ്കില്‍ തന്‍റെ നേതാവോ ഭരണാധികാരിയോ ഗുരുനാഥനോ കുടുംബമോ പോലുള്ള ആരെങ്കിലും ഇഷ്ടപ്പെടുന്നതിനാണ് അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ മുന്‍ഗണന നല്‍കാറുളത്. ഇങ്ങനെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം തന്‍റെ സര്‍വ ഇഷ്ടങ്ങളെക്കാള്‍ അല്ലാഹുവിന്‍റെ ഇഷ്ടത്തെ മുഖവിലക്കെടുത്തുവെന്ന് പറയാനൊക്കുകയില്ല. അല്ലാഹുവിന്‍റെ ഇഷ്ടമാണ് എല്ലാറ്റിന്‍റെയും മേലെ വിധിനിശ്ചയിച്ചത് എന്നും പറയാനാവില്ല. ഇത്തരത്തിലുള്ള ആളുകളുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമം അവര്‍ക്ക് ഏറ്റവും പ്രിയങ്കരമായതുകൊണ്ട് തന്നെ അയാള്‍ പൊറുതിമുട്ടുകയും പ്രയാസപ്പെടുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ തന്‍റെയോ താന്‍ ആദരിക്കുന്നവരുടെയോ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതിന്‍റെ ഫലമത്രെ അത്.

തട്ടിമാറ്റാനോ ഭേദഗതി വരുത്തുവാനോ സാധിക്കാത്ത, അല്ലാഹുവിന്‍റെ അചഞ്ചലമായ വിധിയാണ് ഒരാള്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അയാള്‍ കഷ്ടപ്പെടുത്തപ്പെടുമെന്നത്. അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലുമാണ് ഒരാള്‍ ഭയക്കുന്നതെങ്കില്‍ അവരുടെമേല്‍ ആ ഭയക്കുന്നതിന് ആധിപത്യം നല്‍കും. അല്ലാഹു അല്ലാത്തവയെയുംകൊണ്ട് ആരെങ്കിലും വ്യാപൃതമായാല്‍ അത് അയാളുടെ അപലക്ഷണമായിത്തീരും. അല്ലാഹുവിനെക്കാള്‍ മറ്റു വല്ലതിനുമാണ് ഒരാള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ അയാള്‍ക്ക് അതില്‍ യാതൊരും അഭിവൃദ്ധിയും നല്‍കപ്പെടുകയില്ല. അല്ലാഹുവിനെ വെറുപ്പിച്ചുകൊണ്ട് മറ്റാരെയെങ്കിലും തൃപ്തിപ്പെടുത്തുകയാണെങ്കില്‍ അല്ലാഹു അവനോട് അതുകൊണ്ട് തന്നെ പ്രതിക്രിയ ചെയ്യുന്നതായിരിക്കും.

മനസ്സ് ശരിയാവാനുള്ള രണ്ടാമത്തെ കാര്യം അല്ലാഹുവിന്‍റെ വിധിവിലക്കുകളോടുള്ള ആദരവാണ്. വിധിക്കുകയും വിലക്കുകയും ചെയ്യുന്ന ആ നിയമദാതാവിനോടുള്ള ആദരവില്‍നിന്നാണ് അതുണ്ടാകുന്നത്. അല്ലാഹുവിനെയും അവന്‍റെ നിയമങ്ങളെയും ആദരിക്കാത്തവരെ അല്ലാഹു ആക്ഷേപിച്ചുപറഞ്ഞിട്ടുണ്ട്.

مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. (ഖു൪ആന്‍:71/13)

പണ്ഡിതന്മാര്‍ ഇതിന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞത് ‘എന്തുകൊണ്ടാണ് നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തത്’ എന്നാണ്.

വിധിവിലക്കുകളോടുള്ള ആദരവിന്‍റെ കാര്യത്തില്‍ ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹറവി(റഹി) പറഞ്ഞത് എത്ര മനോഹരമാണ്:

هو أن لا يعارضا بترخص جاف ولا يعرضا لتشديد غال ولا يحملا على علة توهن الانقياد

ദീനിലെ കല്‍പനകളും വിരോധങ്ങളും വെറുപ്പുളവാക്കുന്ന ഇളവുകളുമായോ അതിരുവിട്ട തീവ്രതയുമായോ നേരിണ്ടേതല്ല. അവയ്ക്ക് കീഴ്പെടാതിരിക്കുവാനുള്ള വല്ല കാരണം കണ്ടെത്താനും നോക്കരുത്.

അദ്ദേഹം പറഞ്ഞതിന്‍റെ താല്‍പര്യമിതാണ്; അതായത് അല്ലാഹുവിനോടുള്ള കടപ്പാടുകളോടുള്ള ആദരവിന്‍റെ ആദ്യപടി അവന്‍റെ വിധിവിലക്കുകളെ ആദരിക്കുക എന്നതാണ്. അല്ലാഹുവിന്‍റെ ദൂതരിലൂടെ സര്‍വരിലേക്കുമായി അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങള്‍ മുഖേന ഒരു സത്യവിശ്വാസി തന്‍റെ റബ്ബിനെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്‍റെ താല്‍പര്യമാണ് ആ റബ്ബിന്‍റെ വിധികള്‍ക്കും വിരോധങ്ങള്‍ക്കും കീഴ്പെടുക എന്നത്. അല്ലാഹുവിന്‍റെ കല്‍പനകളെ ആദരിച്ചും അവ പിന്‍പറ്റിക്കൊണ്ടും അവന്‍റെ വിരോധങ്ങളെ ആദരിച്ചും അവയില്‍നിന്ന് വിട്ടകന്നുകൊണ്ടുമാണ് ആ കീഴ്പെടല്‍ സാധ്യമാകേണ്ടത്. അപ്പോള്‍ ഒരു സത്യവിശ്വാസി മതത്തിന്‍റെ വിധിവിലക്കുകളെ ആദരിക്കുന്നത് പടച്ചവനോടുള്ള ആദരവിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പ്രസ്തുത ആദരവിനനുസരിച്ചായിരിക്കും ഒരാള്‍ സത്യവിശ്വാസത്തിന്‍റെ സാക്ഷിയായ പുണ്യവാനായിത്തീരുന്നതും വിശ്വാസം ശരിയായി കാപട്യത്തില്‍നിന്ന് മുക്തമാകുന്നതും.

ഒരാള്‍ ചിലപ്പോള്‍ മതം കല്‍പിക്കുന്നത് ചെയ്യുന്നുണ്ടാകാം. പക്ഷേ, അത് ആളുകളെ കണ്ടുകൊണ്ടും അവരുടെ അടുക്കലുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ടുമായിരിക്കും. അപ്രകാരം മതം വിലക്കിയ കാര്യങ്ങളെ സൂക്ഷിക്കുന്ന ആളുമായിരിക്കും. അവിടെയും ആളുകള്‍ക്കിടയിലുള്ള തന്‍റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നതോ ഇഹലോകത്തെ ശിക്ഷാനടപടികളെക്കുറിച്ചുള്ള ഭയമോ ഒക്കെയാണ് അതിന്‍റെ അടിസ്ഥാന പ്രേരകമെങ്കില്‍ അയാളുടെ ഈ ചെയ്തികളൊന്നും അല്ലാഹുവിന്‍റെ വിധിവിലക്കുകളെ ആദരിച്ചുകൊണ്ടോ ആ നിയമങ്ങള്‍ കല്‍പിക്കുകയും വിരോധിക്കുകയും ചെയ്ത പടച്ചവനോടുള്ള ആദരവുകൊണ്ടോ അല്ലെന്നത് തീര്‍ച്ച!

മതത്തിന്‍റെ കല്‍പനകളോടുള്ള ആദരവിന്‍റെ ചില അടയാളങ്ങള്‍ ഇവയാണ്: ആ കല്‍പനകളുടെ സമയവവും പരിധികളും ഗ്രഹിക്കല്‍, അവയുടെ അടിസ്ഥാനഘടകങ്ങള്‍ (റുക്നുകള്‍), നിര്‍ബന്ധകാര്യങ്ങള്‍ (വാജിബാത്ത്), അവയുടെ പൂര്‍ണതവരുത്തുന്ന കാര്യങ്ങള്‍ മുതലായവ അന്വേഷിക്കല്‍, അവ ഏറ്റവും നന്നായി ചെയ്യുവാനുള്ള അത്യൂല്‍സാഹം കാണിക്കല്‍, കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അതിന്‍റെ ഏറ്റവും ശ്രേഷ്ഠകരമായ സമയങ്ങളില്‍തന്നെ നിര്‍വഹിക്കല്‍, അത് നിര്‍വഹിക്കാനുള്ള താല്‍പര്യവും ഉല്‍സാഹവും, അവയിലെ ഏതെങ്കിലും ഒരു ന്യായമായ സംഗതി നഷ്ടപ്പെട്ടുപോയതിന്‍റെ പേരിലുള്ള സങ്കടവും ദുഃഖവും; അതായത്, ഒരു ജമാഅത്ത് നമസ്കാരം നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടുന്ന ഒരാളെ പോലെ. അയാള്‍ ചിന്തിക്കുന്നത് തന്‍റെ തനിച്ചുള്ള നമസ്കാരം റബ്ബ് സ്വീകരിച്ചാല്‍തന്നെ തന്‍റെ 27 ഇരട്ടി പ്രതിഫലം നഷ്ടപ്പെട്ടുപോയല്ലോ എന്നതായിരിക്കും.

കാര്യമായ യാതൊരു കഷ്ടപ്പാടും പ്രയാസവുമില്ലാതെ തന്‍റെ നാട്ടില്‍വെച്ചുതന്നെ ഒരൊറ്റ ഇടപാടുകൊണ്ട് നേടിയെടുക്കാമായിരുന്ന 27 ഇരട്ടി ലാഭം തനിക്ക് നഷ്ടമായി എന്ന് ഒരാള്‍ അറിഞ്ഞാല്‍ അയാള്‍ക്ക് എത്രമാത്രം സങ്കടവും നഷ്ടബോധവുമുണ്ടാകും! എങ്കില്‍ ജമാഅത്തായി നമസ്കരിക്കുന്നതിലൂടെ കിട്ടുമായിരുന്ന എത്രയോ ഇരട്ടി പ്രതിഫലം നഷ്ടപ്പെടുത്തുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കും?

ധാരാളം പണ്ഡിതന്മാര്‍ (ഇപ്രകാരം) പറഞ്ഞിട്ടുണ്ട്: “നമസ്കാരത്തിലോ അതിന്‍റെ കാര്യങ്ങളിലോ ശ്രദ്ധയില്ലാതെ എങ്ങനെയെങ്കിലുമൊക്കെ നമസ്കരിക്കുന്നവര്‍ക്ക് ആ നമസ്കാരംകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. കാരണം അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവരുടെ മനസ്സില്‍ ആദരവ് ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.”

അപ്രകാരം തന്നെ നമസ്കാരത്തിന്‍റെ ആദ്യസമയം നഷ്ടമായവനും ഒന്നാമത്തെ സ്വഫ്ഫ് നഷ്ടപ്പെടുത്തിയവനുമൊക്കെ വലിയ ലാഭമാണ് നഷ്ടപ്പെടുത്തുന്നത്. അല്ലാഹുവിന്‍റെ തൃപ്തിയും പ്രശംസയുമെല്ലാം നേടിത്തരുന്നതാണ് ഇവയൊക്കെയും. അവയുടെ മഹത്ത്വം വേണ്ടപോലെ അറിഞ്ഞിരുന്നുവെങ്കില്‍ ആ മഹത്ത്വം നേടിയെടുക്കാന്‍ വേണ്ടി പോരാടുകയും നറുക്കിടുകയും വരെ ചെയ്യുമായിരുന്നു.

അതേപോലെ വലിയ ജമാഅത്ത് നഷ്ടപ്പെടുന്നതും സൂക്ഷിക്കേണ്ടതുണ്ട്. ജമാഅത്തിന്‍റെ ആധിക്യത്തിനും എണ്ണക്കുറവിനുമനുസരിച്ചു നമസ്കാരത്തിന്‍റെ പ്രതിഫലത്തിലും ഏറ്റവ്യത്യാസമുണ്ടാകും. ആളുകളുടെ എണ്ണപ്പെരുപ്പത്തിന് അനുസരിച്ചും അതിലേക്കുള്ള കാലടികള്‍ക്കനുസരിച്ചും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിരിക്കും ആ നമസ്കാരം. അകലം കൂടുമ്പോള്‍ ഒരു കാലടി ചെറുപാപം പൊറുക്കാനും മറ്റൊന്ന് പദവി ഉയര്‍ത്താനും ഉപകരിക്കുന്നതാണ്.

നമസ്കാരത്തിലെ ഭക്തി നഷ്ടപ്പെടല്‍ ഏറ്റവും പ്രധാനമാണ്. അല്ലാഹുവിന്‍റെ മുമ്പിലാണ് നില്‍ക്കുന്നതെന്ന ബോധം നമസ്കാരത്തിന്‍റെ ആത്മാവും അകക്കാമ്പുമാണ്. ഭയഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത നമസ്കാരം ആത്മാവ് നഷ്ട്ടപ്പെട്ട മൃതശരീരം പോലെയാണ്. നമ്മെപോലെയുള്ള ഏതെങ്കിലും ഒരു വ്യക്തിയുടെ മുന്നിലേക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരടിമയെ പാരിതോഷികമായി സമര്‍പ്പിക്കുന്നതില്‍ നമുക്കാര്‍ക്കാണ് ലജ്ജ തോന്നാത്തത്? അപ്പോള്‍ താന്‍ പ്രത്യേകം ആദരിച്ച് സമര്‍പ്പിക്കുന്ന രാജാവോ നേതാവോ മറ്റോ ആണെങ്കില്‍ എന്തായിരിക്കും സ്ഥിതി?

ഭക്തിയും മനഃസാന്നിധ്യവുമില്ലാതെയുള്ള നമസ്കാരം ഈ ജീവനില്ലാത്ത അടിമയെ രാജാക്കന്മാര്‍ക്കും മറ്റും പരിതോഷികമായി സമര്‍പ്പിക്കുന്നതിന് സമാനമാണ്. അതിനാല്‍ അത്തരം ആരാധനകള്‍ അല്ലാഹു അയാളില്‍നിന്ന് സ്വീകരിക്കുകയില്ല. ഇഹലോകത്ത് ഒരു പക്ഷേ, ബാധ്യത നിര്‍വഹിച്ചയാളായി കണക്കാക്കപ്പെട്ടേക്കുമെങ്കിലും അതിനുള്ള പ്രതിഫലം കിട്ടുകയില്ല. താന്‍ മനഃസാന്നിധ്യത്തോടെ ഗ്രഹിച്ചു നിര്‍വഹിച്ചതല്ലാതെ ഒരടിമക്ക് തന്‍റെ നമസ്കാരത്തില്‍നിന്ന് ഒന്നും കിട്ടുകയില്ല.

قال رسول الله صلى الله عليه وسلم‏: إن العبد ليصلي الصلاة وما كتب له إلا نصفها إلا ثلثها إلا ربعها إلا خمسها حتى بلغ عشرها

നബി ﷺ പറയുന്നു: “നിശ്ചയം, ഒരാള്‍ ഒരു നമസ്കാരം നിര്‍വഹിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അതിന്‍റ പ്രതിഫലത്തില്‍നിന്ന് പകുതിയോ മൂന്നിലോന്നോ നാലിലൊന്നോ അഞ്ചിലൊന്നോ, അങ്ങനെ പത്തിലൊന്നോ ഒക്കെ മാത്രമായിരിക്കും ലഭിക്കുക” (അഹ്മദ്, നസാഈ).

ഇതുപോലെതന്നെയാണ് ഏതൊരു കര്‍മത്തിന്‍റെയും കാര്യമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഓരോ കര്‍മത്തിനും അല്ലാഹുവിന്‍റെ അടുക്കലുള്ള ഏറ്റവ്യത്യാസം മനസ്സിലുള്ള ഈമാനിന്‍റെയും ഇഖ്ലാസിന്‍റെയും അതിനോടുള്ള താല്‍പര്യത്തിന്‍റെയും മറ്റു അനുബന്ധങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെയെല്ലാം പരിപൂര്‍ണതയോടെ നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങള്‍ക്കാണ് പരിപൂര്‍ണമായ പാപമോചനവും പ്രതിഫലവുമൊക്കെ ലഭിക്കുക. കുറവുകളുള്ളവയ്ക്ക് അതിനനുസരിച്ചുമായിരിക്കും.

ഈ രണ്ട് കാര്യങ്ങള്‍ മനസ്സിരുത്തിയാല്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ നീങ്ങുന്നതാണ്. അതായത് കര്‍മങ്ങളുടെ പ്രതിഫലങ്ങളിലെ ഏറ്റവ്യത്യാസങ്ങള്‍ മനസ്സിലെ ഈമാനിന്‍റെ സാക്ഷീകരണത്തിനനുസരിച്ചായിരിക്കും. അതിന്‍റെ പൂര്‍ണതയ്ക്കും കുറവിനുമനുസരിച്ചായിരിക്കും ഓരോ കര്‍മം മൂലമുള്ള ദോഷങ്ങള്‍ പൊറുക്കലും.

ഇക്കാര്യങ്ങള്‍ വേണ്ടപോലെ ഗ്രഹിക്കാത്തതുകൊണ്ട് ചിലര്‍ അറഫാ നോമ്പിന്‍റെ ഹദിസുമായി ബന്ധപ്പെട്ട് ഉന്നയിക്കാറുള്ള ആശയക്കുഴപ്പം ഇതിലൂടെ നീങ്ങുന്നതാണ്.

أن صوم يوم عرفة يكفر سنتين ويوم عاشوراء يكفر سنة

അറഫാനോമ്പ് രണ്ടു വര്‍ഷത്തെ പാപം പൊറുക്കും. ആശൂറാഅ് നോമ്പാകട്ടെ ഒരുവര്‍ഷത്തെ പാപവും പൊറുക്കും. (മുസ്ലിം).

അപ്പോള്‍ ഒരാള്‍ സ്ഥിരമായി അറഫാനോമ്പും ആശൂറാഅ് നോമ്പും അനുഷ്ഠിക്കുന്ന ആളാണെങ്കില്‍ എങ്ങനെയാണ് ഓരോ വര്‍ഷവും മൂന്ന് വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുക? ഇതാണ് അവര്‍ ഉന്നയിക്കുന്ന സംശയം.

ചില പണ്ഡിതന്മാര്‍ അതിനു നല്‍കിയ മറുപടി ‘പാപം പൊറുക്കലിനെക്കാള്‍ അധികരിച്ച നന്മകള്‍ക്ക് പദവികള്‍ ഉയര്‍ത്തപ്പെടും’ എന്നാണ്.

പടച്ചവനേ, അത്ഭുതകരമാണ്! ഒരാള്‍ ഈ പാപം പൊറുക്കാനുതകുന്ന കാര്യങ്ങളെല്ലാം തന്നെ ചെയ്ത് പാപം പൊറുക്കുന്നതിനുള്ള യോഗ്യത നേടിയിരുന്നെങ്കില്‍ എത്ര നന്ന്!

അതായത്, ഈ പാപംപൊറുക്കലിന് ചില നിബന്ധനകളുണ്ട്. അപ്രകാരംതന്നെ പ്രസ്തുത കര്‍മങ്ങള്‍ക്ക് അകത്തും പുറത്തുമായി അതിന് വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളൊന്നും ഇല്ലാതിരിക്കുകയും വേണം. ഒരാള്‍ ഇത്തരം നിബന്ധനകളെല്ലാം പൂര്‍ത്തീകരിക്കുകയും തടസ്സങ്ങളെല്ലാം ഇല്ലാതാവുകയും ചെയ്തതായി അംഗീകരിക്കുകയും ചെയ്താല്‍ അപ്പോള്‍ അയാള്‍ക്ക് പാപങ്ങള്‍ പൊറുത്തുകിട്ടും. നേരെ മറിച്ച് അശുദ്ധിയോടുകൂടെയും മർമ്മമായ ഇഖ്ലാസ് നഷ്ടപ്പെടുത്തിയും ബാധ്യത നിറവേറ്റാതെയും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെയുമൊക്കെയുള്ള കര്‍മങ്ങള്‍കൊണ്ട് എന്ത് പാപമാണ് പൊറുത്തു കിട്ടുക?

ഒരാള്‍ക്ക് തന്‍റെ കര്‍മത്തെക്കുറിച്ച്, അതിന്‍റെ ബാഹ്യവും ആന്തരികവുമായ ബാധ്യതകള്‍ പൂര്‍ത്തീകരിച്ചുവെന്നും പാപം പൊറുക്കുന്നതിന് തടസ്സമായ യാതൊന്നും അതില്‍ വന്നുചേര്‍ന്നിട്ടില്ലെന്നും അവയെ നശിപ്പിക്കുന്ന ആത്മപ്രശംസയും അതിനെക്കുറിച്ച് പെരുമപറയലും നടത്തിയിട്ടില്ലെന്നും അത് നിമിത്തമായി മറ്റുള്ളവരില്‍നിന്ന് യാതൊരു ആദരവും കാംക്ഷിക്കാതെയും അതുമുഖേന തന്നെ പ്രശംസിക്കുന്നവരോട് മനസ്സുകൊണ്ട് ആഭിമുഖ്യം തോന്നുകയോ അല്ലാത്തവരോട് നീരസം തോന്നുകയോ അന്യായം പ്രവര്‍ത്തിക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പുപറയാന്‍ ആര്‍ക്കാണ് കഴിയുക? എന്നിരിക്കെ എങ്ങനെയാണ് കര്‍മങ്ങള്‍ കുറ്റമറ്റതും പാപം പൊറുക്കാന്‍ മാത്രം യോഗ്യവുമാവുക?

കര്‍മങ്ങളെ നശിപ്പിക്കുന്നതും ദുഷിപ്പിക്കുന്നതുമായ കാര്യങ്ങളാവട്ടെ അസംഖ്യമുണ്ടുതാനും. കര്‍മങ്ങളനുഷ്ഠിക്കുക എന്നതല്ല പ്രധാന കാര്യം; പ്രത്യുത അവയെ നശിപ്പിക്കുന്നവയില്‍നിന്നും ദുഷിപ്പിക്കുന്നവയില്‍നിന്നും സംരക്ഷിക്കുകയത്രെ സുപ്രധാനം.

‘രിയാഅ്'(പ്രകടനപരത) അതെത്ര ചെറുതാണെങ്കിലും കര്‍മത്തെ നശിപ്പിക്കുന്നതാണ്. അതിന് എണ്ണമറ്റ രൂപങ്ങളുണ്ട്. നബിചര്യക്കനുസരിച്ചല്ലാതെയുള്ള കര്‍മങ്ങളും നിരര്‍ഥകതയെയാണ് അനിവാര്യമാക്കുന്നത്. കര്‍മങ്ങള്‍ പടച്ചവനോടുള്ള ദാക്ഷിണ്യമായി മനസ്സുകൊണ്ടെങ്കിലും എടുത്ത് പറയല്‍ അതിനെ നശിപ്പിക്കുന്ന സംഗതിയാണ്. അപ്രകാരംതന്നെ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്ത നന്മകള്‍, ദാനധര്‍മങ്ങള്‍, പുണ്യങ്ങള്‍, ബന്ധംചേര്‍ക്കല്‍ മുതലായവ എടുത്തുപറയലും അവയെ നശിപ്പിക്കുന്ന കാര്യമാണ്.

അല്ലാഹു പറയുന്നു:

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗُﺒْﻄِﻠُﻮا۟ ﺻَﺪَﻗَٰﺘِﻜُﻢ ﺑِﭑﻟْﻤَﻦِّ ﻭَٱﻷَْﺫَﻯٰ ﻛَﭑﻟَّﺬِﻯ ﻳُﻨﻔِﻖُ ﻣَﺎﻟَﻪُۥ ﺭِﺋَﺎٓءَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۖ ﻓَﻤَﺜَﻠُﻪُۥ ﻛَﻤَﺜَﻞِ ﺻَﻔْﻮَاﻥٍ ﻋَﻠَﻴْﻪِ ﺗُﺮَاﺏٌ ﻓَﺄَﺻَﺎﺑَﻪُۥ ﻭَاﺑِﻞٌ ﻓَﺘَﺮَﻛَﻪُۥ ﺻَﻠْﺪًا ۖ ﻻَّ ﻳَﻘْﺪِﺭُﻭﻥَ ﻋَﻠَﻰٰ ﺷَﻰْءٍ ﻣِّﻤَّﺎ ﻛَﺴَﺒُﻮا۟ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ

സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:2/264)

ഭൂരിഭാഗമാളുകള്‍ക്കും തങ്ങളുടെ നന്മകളെ നശിപ്പിക്കുന്ന തിന്മകളെ സംബന്ധിച്ചു കൃത്യമായൊരു ധാരണയില്ല. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുൻകടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:49/2)

നാം പരസ്പരം ശബ്ദമുയര്‍ത്തി സംസാരിക്കുന്നതുപോലെ നബി ﷺ യോട് സംസാരിക്കുന്നത് തങ്ങളുടെ കര്‍മങ്ങളെ തകര്‍ത്തുകളയുമെന്ന് സത്യവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുകയാണ്. ഇത് ദീനുപേക്ഷിച്ചു മതപരിത്യാഗിയായി പോകുന്നതുകൊണ്ടല്ല; മറിച്ച് കര്‍മങ്ങളെ നശിപ്പിക്കുന്നവയാണെന്ന് ചെയ്തയാള്‍ക്ക് പോലും അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ കാരണമാണ്.

അപ്പോള്‍ നബി ﷺ യുടെ വാക്കുകളെയും മാതൃകകളെയും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന് പകരം അവയെക്കാള്‍ മാറ്റാരുടെയെങ്കിലും വാക്കുകള്‍ക്കും രീതികള്‍ക്കും മുന്‍ഗണന കല്‍പിക്കുന്നവരെക്കുറിച്ച് എന്താണ് കരുതുന്നത്? അയാള്‍ അറിയാതെ അയാളുടെ കര്‍മങ്ങള്‍ തകരുകയല്ലേ ചെയ്യുന്നത്?!

ഈ കൂട്ടത്തില്‍പെട്ടതാണ് നബി ﷺ ഈ പറഞ്ഞതും:

من ترك صلاة العصر فقد حبط

ആരെങ്കിലും അസ്വ്ര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അയാളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി. (ബുഖാരി).

(കുറിപ്പ്: അസ്വ്ര്‍ നമസ്കാരം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകമായ ചില താക്കീതുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലൊന്നാണിത്. മറ്റൊന്ന് ഇമാം അഹ്മദ് ഉദ്ധരിക്കുന്ന അബുദ്ദര്‍ദാഇ(റ)ന്‍റെ നിവേദനമാണ്. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും മനഃപൂര്‍വം അസ്വ്ര്‍ നമസ്കാരം ഉപേക്ഷിച്ച് അങ്ങനെ അത് നഷ്ടപ്പെടുത്തിയാല്‍ അയാളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി.’ ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്. (സ്വഹീഹുത്തര്‍ഗീബ്). മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ‘ആര്‍ക്കെങ്കിലും അസ്വ്ര്‍ നമസ്കാരം നഷ്ടമായാല്‍ അയാള്‍ സ്വത്തും കുടുംബവും നഷ്ടപ്പെടുത്തിയവനെ (കൊള്ളയടിക്കപ്പെട്ടവനെ)പോലെയാ ണ്’ (ബുഖാരി, മുസ്ലിം) എന്നാണ് ഉള്ളത്).

സെയ്ദ് ഇബ്നു അര്‍ഖം(റ) ഈനത്ത് കച്ചവടം നടത്തിയപ്പോള്‍ ആഇശ(റ) പറഞ്ഞതും ഈ കൂട്ടത്തില്‍പെട്ടതാണ്:

إنه قد أبطل جهاده مع رسول الله صلى الله عليه و سلم إلا أن يتوب

നിശ്ചയം, സെയ്ദ് തൗബ ചെയ്തില്ലെങ്കില്‍ നബി ﷺ യോടൊപ്പം നിര്‍വഹിച്ച തന്‍റെ ത്യാഗ പരിശ്രമങ്ങളെ (ജിഹാദിനെ) നിഷ്ഫലമാക്കി. (ബഗവി, മുസ്വന്നഫ് അബ്ദിര്‍റസാഖ്, ദാറഖുത്വ്നി)

ഈനത്ത് കച്ചവടം കൊണ്ട് മതപരിത്യാഗമൊന്നും സംഭവിക്കുകയില്ല. ഏറിവന്നാല്‍ അതുകൊണ്ട് ഒരു പാപം മാത്രമെ ആകുന്നുള്ളൂ.

കര്‍മങ്ങളനുഷ്ഠിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ അവയെ തകരാറിലാക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയലും ചെയ്തശേഷം പ്രസ്തുത കര്‍മങ്ങളെ തകര്‍ക്കുന്നതും നിഷ്ഫലമാക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയിരിക്കലും ഗൗരവത്തോടെ പരിശോധിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളാണ്. അത് മനസ്സിലാക്കുവാനും സൂക്ഷിക്കുവാനും പ്രത്യേകം താല്‍പര്യം കാണിക്കേണ്ടതുണ്ട്.

പ്രസിദ്ധമായൊരു വചനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: “നിശ്ചയം, ഒരാള്‍ അല്ലാഹുവിന് വേണ്ടി രഹസ്യമായി ഒരു കര്‍മം ചെയ്യും. അല്ലാഹു അല്ലാത്ത ഒരാളും അത് അറിഞ്ഞിട്ടുണ്ടാകില്ല. എന്നിട്ട് അയാള്‍ അതിനെക്കുറിച്ച് സംസാരിക്കും. അപ്പോള്‍ അത് രഹസ്യകര്‍മങ്ങളുടെ രേഖയില്‍നിന്ന് പരസ്യപ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് മാറും. എന്നിട്ട് ആ പരസ്യപ്പെടുത്തലിനനുസരിച്ച് ആ രേഖയില്‍ അത് ഉണ്ടായിരിക്കും.”

(കുറിപ്പ്: ഈ ആശയത്തില്‍ ഒരു ഹദീസ് അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് ഇമാം ബൈഹക്വി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, അത് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം ബൈഹക്വിതന്നെ അതിന്‍റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുമുണ്ട്).

അയാള്‍ പ്രസ്തുത കര്‍മത്തെക്കുറിച്ച് സംസാരിച്ചത് പ്രശസ്തിക്കും മറ്റുള്ളവരുടെയടുക്കല്‍ സ്ഥാനമാനങ്ങള്‍ കിട്ടുന്നതിനുമൊക്കെ വേണ്ടിയാണെങ്കില്‍ അത് ആ കര്‍മത്തെ നശിപ്പിക്കുന്നതാണ്; അതിനു വേണ്ടി പ്രവര്‍ത്തിച്ചാലെന്നപോലെ തന്നെ.

ഈ വ്യക്തി പശ്ചാത്തപിച്ചാല്‍ ആ സല്‍കര്‍മത്തിന്‍റെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി ഇതാണ് :

അയാള്‍ ആ കര്‍മം ചെയ്തത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍, അഥവാ അത്തരം ഒരു നിയ്യത്തിലാണത് ചെയ്തതെങ്കില്‍ തൗബകൊണ്ട് ആ കര്‍മം പുണ്യമായി മാറുകയില്ല. പ്രത്യുത അതിന്‍റെ പാപവും ശിക്ഷയും ഒഴിവാക്കാനാണ് തൗബ. അയാള്‍ക്കത് അനുകൂലമോ പ്രതികൂലമോ അല്ലാതെ കലാശിക്കും.

എന്നാല്‍ അയാള്‍ അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി (ഇഖ്ലാസോടുകൂടി) ചെയ്തതാവുകയും പിന്നീട് ലോകമാന്യവും പ്രശസ്തിയും അതിലേക്ക് വന്നുചേര്‍ന്നതുമാണെങ്കില്‍, അഥവാ ആ അര്‍ഥത്തില്‍ അയാള്‍ അതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ച ശേഷം പശ്ചാത്തപിക്കുകയും ഖേദിക്കുകയും ചെയ്തതാണെങ്കില്‍ ആ സല്‍കര്‍മത്തിന്‍റെ പ്രതിഫലം അയാള്‍ക്ക് കിട്ടും. അത് നിഷ്ഫലമാവുകയില്ല. ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്: ‘അത് അയാള്‍ക്ക് തിരിച്ചുകിട്ടുകയില്ല; മറിച്ച് അത് പുനരാരംഭിക്കുകയാണ് വേണ്ടത്.’

അതായത് പ്രശ്നം ഒരു അടിത്തറയെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അഥവാ, മത പരിത്യാഗം (രിദ്ദത്ത്) കൊണ്ട് മാത്രം സല്‍കര്‍മങ്ങള്‍ തകര്‍ന്നു നിഷ്ഫലമാവുമോ? അതല്ല മുര്‍ത്തദ്ദായി തന്നെ മരിച്ചുപോയാല്‍ മാത്രമാണോ നിഷ്ഫലമാവുക? ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായ രണ്ട് അഭിപ്രായങ്ങളുണ്ട്. ഇമാം അഹ്മദി(റ)ല്‍നിന്നും ഉദ്ധരിക്കപ്പെടുന്ന രണ്ട് റിപ്പോര്‍ട്ടുകളാണവ.

മതപരിത്യാഗം കൊണ്ട് തന്നെ കര്‍മങ്ങള്‍ നിഷ്ഫലമാകുമെന്ന് പറഞ്ഞാല്‍, പിന്നീട് അയാള്‍ ഇസ്ലാം സ്വീകരിച്ച് തിരിച്ചുവരുന്നത് മുതല്‍ കര്‍മങ്ങള്‍ പുനരാരംഭിക്കുകയാണ് എന്നും അതിനു മുമ്പ് ചെയ്ത സകലമാന സല്‍കര്‍മങ്ങളും നിഷ്ഫലമായിപ്പോയി എന്നുമാണ് അര്‍ഥം. എന്നാല്‍ മുര്‍തദ്ദായി തന്നെ മരണപ്പെട്ടാല്‍ മാത്രമെ കര്‍മങ്ങള്‍ നിഷ്ഫലമാവുകയുള്ളു എന്നാണെങ്കില്‍ മുര്‍തദ്ദായ ശേഷം ഒരാള്‍ ഇസ്ലാമിലേക്ക് തിരിച്ചുവന്നാല്‍ അയാളുടെ മുന്‍കാല സല്‍കര്‍മങ്ങളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടും എന്നുമാണ് അര്‍ഥമാക്കുന്നത്.

ഒരാള്‍ ഒരു നന്മ പ്രവര്‍ത്തിക്കുകയും ശേഷം ആ സല്‍കര്‍മത്തെ നിഷ്ഫലമാക്കുന്ന വല്ല തിന്മയും പ്രവര്‍ത്തിക്കുകയും ആ തെറ്റില്‍നിന്ന് പിന്നീട് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കില്‍ അയാള്‍ ആദ്യം ചെയ്ത നന്മയുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന ചര്‍ച്ച മേല്‍പറഞ്ഞ അടിസ്ഥാനത്തെ ആശ്രയിച്ചു നില്‍ക്കുന്ന ചര്‍ച്ചയും അഭിപ്രായങ്ങളുമാണ്.

എന്റെ മനസ്സില്‍ ഈ വിഷയത്തില്‍ ഇപ്പോഴും എന്തോ ഒരു വ്യക്തതക്കുറവുണ്ട്. അതിലെ സത്യം അറിയാന്‍ ഞാന്‍ അതീവ താല്‍പര്യത്തോടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് ഒരു ശമനം നല്‍കുന്ന ആരെയും ഞാന്‍ കണ്ടില്ല. എനിക്ക് മനസ്സിലാകുന്നത്-അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. അവനോടാണ് സഹായം തേടുന്നതും. അവനെക്കൊണ്ടല്ലാതെ യാതൊരു കഴിവുമില്ല- നന്മകളും തിന്മകളും പരസ്പരം കൊടുത്തും വാങ്ങിയും നിലകൊള്ളുന്നു എന്നാണ്. അന്തിമവിധി അതില്‍ മികച്ചു നില്‍ക്കുന്ന അഥവാ അതിജയിച്ചു നില്‍ക്കുന്നതിനായിരിക്കും. അപ്പോള്‍ അത് മറ്റേതിനെ കീഴ്‌പ്പെടുത്തി അതിജയിക്കും. അപ്പോള്‍ വിധി അതിനും, പരാജയപ്പെട്ടത് നന്മയായാലും തിന്മയായയാലും മുമ്പ് ഇല്ലാത്തത് പോലെയായിത്തീരും. അതായത് ഒരാളുടെ നന്മകള്‍ അയാളുടെ തിന്മകളെ അതിജയിച്ചാല്‍ ആ അധികരിച്ച നന്മകള്‍ തിന്മകളെ പ്രതിരോധിക്കും. അങ്ങനെ തിന്മകളില്‍നിന്ന് പശ്ചാത്തപിക്കുകയും കൂടി ചെയ്യുമ്പോള്‍ അനുബന്ധമായി കുറെ നന്മകള്‍കൂടി വന്നുചേരുന്നു. അത് ചിലപ്പോള്‍ തിന്മകള്‍കൊണ്ട് നിഷ്ഫലമാക്കപ്പെട്ട നന്മകളെക്കാള്‍ അധികരിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ പശ്ചാത്തപിച്ചു നന്മ ചെയ്യാന്‍ ഒരാള്‍ ദൃഢനിശ്ചയം ചെയ്യുകയും അത് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉത്ഭവിക്കുകയും കുറ്റമറ്റതാവുകയും ചെയ്താല്‍ കഴിഞ്ഞുപോയ തിന്മകളെയെല്ലാം കരിച്ചുകളയാന്‍ മാത്രം ശേഷിയുള്ളതാണത്. അങ്ങനെ മുമ്പ് അത്തരം തിന്മകളൊന്നും ഉണ്ടായിട്ടേയില്ലാത്തതുപോലെ ആയിത്തീരും. നിശ്ചയം, സത്യസന്ധമായി പശ്ചാതപിക്കുന്നവന്‍ പാപങ്ങള്‍ ചെയ്യാത്തവനെപ്പോലെയാണ്.

ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ഈ താക്കീതുകളെക്കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത വിവരണങ്ങളാണ് നല്‍കിക്കാണുന്നത്. ഒന്ന്, ബാഹ്യമായ അര്‍ഥത്തില്‍ തന്നെയുള്ള വിവരണമാണ്. അഥവാ ഒരു നിര്‍ബന്ധ നമസ്‌കാരം പോലും മനഃപൂര്‍വം ആരെങ്കിലും ഉപേക്ഷിച്ചാല്‍ അയാള്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോയി. അസ്വ്ര്‍ നമസ്‌കാരം പ്രത്യേക ശ്രേഷ്ഠതയുള്ള നമസ്‌കാരമായതിനാല്‍ അതിനെ പ്രത്യേകം പരാമര്‍ശിച്ചു എന്നേയുള്ളു.

രണ്ടാമത്തെ വിശദീകരണം: ഇത് ബാഹ്യാര്‍ഥത്തിലല്ല. ഈ പറഞ്ഞവര്‍ തന്നെ പിന്നീടുള്ള വിവരണങ്ങള്‍ വ്യത്യസ്ത രൂപത്തിലാണ് നല്‍കിയിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ സംഗ്രഹിക്കാം:

1. നമസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമെന്ന വിശ്വാസത്തില്‍, അഥവാ നിര്‍ബന്ധത്തെ നിഷേധിച്ചുകൊണ്ട് ഉപേക്ഷിക്കല്‍.

2. അലസതമൂലം അസ്വ്ര്‍ നമസ്‌കാരം സമയം കഴിഞ്ഞ് നമസ്‌കരിക്കുന്നവന് അത് സമയത്തു നമസ്‌കരിച്ചവന്റെ പ്രതിഫലമില്ല. അഥവാ ആ നമസ്‌കാരത്തിന്റെ പ്രതിഫലം അയാള്‍ നശിപ്പിച്ചുവെന്ന് സാരം.

3. കര്‍മങ്ങള്‍ നഷ്ടപ്പെടുത്തി എന്നാല്‍ പ്രതിഫലത്തിന്റെ വമ്പിച്ചഭാഗം നഷ്ടപ്പെടുത്തി എന്ന് വിവക്ഷ നല്‍കിയവര്‍.

എന്തുതന്നെയായാലും നമസ്‌കാരം ഉപേക്ഷിക്കല്‍ അതീവ ഗുരുതരമായ കുറ്റമാണ്, അതില്‍ അസ്വ്ര്‍ നമസ്‌കാരം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നുണ്ട് എന്നും ഉപരിസൂചിത ഹദീഥുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഖലീലുല്ലാഹി ഇബ്‌റാഹിം(അ) പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാം:

 رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (ഖുർആൻ:14/40)

ഹകീമുബ്‌നു ഹിസാം(റ) ഒരിക്കല്‍ നബി ﷺ യോട് താന്‍ മുസ്‌ലിമാകുന്നതിനു മുമ്പ് ചെയ്ത അടിമ മോചനം, കുടുംബ ബന്ധം ചേര്‍ക്കല്‍, പുണ്യം ചെയ്യല്‍ മുതലായ കാര്യങ്ങള്‍ക്കു പ്രതിഫലം കിട്ടുമോ എന്നു ചോദിച്ചു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു:

أسلمت على ما أسلفت من خير

നീ മുമ്പു ചെയ്ത നന്മകളോടൊപ്പമാണ് മുസ്‌ലിമായത്. (ബുഖാരി, മുസ്‌ലിം).

ബഹുദൈവത്വം കൊണ്ട് നിഷ്ഫലമായിപ്പോകുമായിരുന്ന പ്രസ്തുത സല്‍കര്‍മങ്ങളുടെ പ്രതിഫലം ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ അദ്ദേഹത്തിന് തിരിച്ചുകിട്ടുമെന്നാണ് ഇത് അറിയിക്കുന്നത്. ബഹുദൈവത്വത്തില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങിയപ്പോള്‍ മുന്‍കഴിഞ്ഞ സല്‍കര്‍മങ്ങളുടെ പ്രതിഫലം അദ്ദേഹത്തിലേക്ക് മടങ്ങിവരുമെന്ന് സാരം.

ഇപ്രകാരം ഒരാള്‍ നിഷ്‌കളങ്കവും സത്യസന്ധവുമായ, ശരിയായ തൗബ (പശ്ചാത്തപം) നിര്‍വഹിച്ചാല്‍ അയാളുടെ മുന്‍കഴിഞ്ഞ തിന്മകള്‍ കരിച്ചുകളയപ്പെടുകയും നന്മകളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുകയും ചെയ്യും.

(ഇബ്‌നുല്‍ഖയ്യിം(റഹി) സംശയത്തോടുകൂടി പറഞ്ഞ ഇക്കാര്യം തന്റെ പില്‍ക്കാല രചനയായ ‘മദാരിജുസ്സാലികീന്‍’ എന്ന ഗ്രന്ഥത്തില്‍ (1/308) ബലപ്പെടുത്തി സ്ഥിരീകരിക്കുന്നുണ്ട്).

പനിയും വേദനകളുമൊക്കെ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളാണെന്നപോലെ നിശ്ചയം തിന്മകളും പാപങ്ങളും മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗി തന്റെ അസുഖങ്ങളില്‍നിന്ന് പരിപൂര്‍ണ ആരോഗ്യത്തോടെ മുക്തനായാല്‍ മുമ്പത്തെക്കാള്‍ നല്ലരൂപത്തില്‍ അയാള്‍ക്ക് ശക്തിയും ആരോഗ്യവും പ്രതിരോധശേഷിയുമൊക്കെ ആര്‍ജിച്ചിട്ടുണ്ടാവും. ക്ഷീണമോ രോഗമോ ഒന്നും അയാള്‍ക്ക് തീരെ ബാധിച്ചിട്ടില്ലാത്തപോലെ ആരോഗ്യവാനായേക്കും. മുന്‍കാല ശേഷിയും ശക്തിയും നന്മകളുടെ സ്ഥാനത്താണ്. അയാള്‍ക്ക് ബാധിച്ച രോഗം പാപത്തിന്റെ സ്ഥാനത്തും ആരോഗ്യവും സൗഖ്യവും തൗബയുടെ സ്ഥാനത്തും.

എന്നാല്‍ ചില രോഗികള്‍ക്ക് ആരോഗ്യം തീരെ തിരിച്ചുകിട്ടാത്തതായും ഉണ്ട്. മുമ്പത്തെ അവസ്ഥയിലേക്ക് ആരോഗ്യസ്ഥിതി മാറിവരുന്നവരുമുണ്ടാകും. മറ്റുചിലര്‍ക്കാകട്ടെ പൂര്‍വോപരി ഉന്മേഷത്തിലും ശക്തിയിലും ആരോഗ്യം തിരിച്ചുകിട്ടുന്നതും കാണാം. എത്രത്തോളമെന്നാല്‍ ചില ശാരീരിക സൗഖ്യങ്ങളുടെ നിമിത്തം ചില രോഗങ്ങളാണ് എന്ന് പറയാവുന്നിടത്തോളേം അവസ്ഥകള്‍ മാറിവരാം. എല്ലാം ഓരോ പ്രതികരണത്തിന്റെയും സ്ഥിതിക്കനുസരിച്ചാണെന്ന് മാത്രം

ഒരു കവി പറഞ്ഞതുപോലെ: ”നിന്റെ ആക്ഷേപത്തിന്റെ അന്ത്യം സ്തുതിഗീതങ്ങളായേക്കാം. കാരണം, ചില ശരീരങ്ങള്‍ രോഗങ്ങള്‍കൊണ്ട് സുഖം പ്രാപിക്കാറുണ്ട്.”

ഇപ്രകാരമാണ് ഒരാള്‍ തൗബക്ക് ശേഷം ഈ മൂന്ന് അവസ്ഥകളിലാകുന്നത്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍. അവനല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവനല്ലാതെ രക്ഷകനില്ല.

വിലക്കുകളോടുള്ള ആദരവിന്റെ അടയാളങ്ങള്‍

മതത്തിന്റെ വിലക്കുകളോട് ഒരാള്‍ക്ക് ആദരവുണ്ടെങ്കില്‍ അതിന്റെ സ്ഥലങ്ങളില്‍നിന്നും അതിലേക്കെത്തിക്കുന്ന കാര്യങ്ങളില്‍നിന്നും അതിന്റെ പ്രേരകങ്ങളില്‍നിന്നുമൊക്കെ വിട്ടകന്നു നില്‍ക്കാന്‍ അയാള്‍ അതീവ താല്‍പര്യം കാണിക്കും. അതിലേക്ക് അടുപ്പിക്കുന്ന എല്ലാവഴികളും അയാള്‍ കയ്യൊഴിക്കും; ദുഷ്ചിത്രങ്ങളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളില്‍നിന്ന് വിട്ടകന്നുപോകുന്ന ആളുകളെ പോലെ. കാരണം ആ ചിത്രങ്ങളും രൂപങ്ങളുമാണ് പല അനാശാസ്യങ്ങള്‍ക്കും തുടക്കമിടുന്നത്. അതിനാല്‍ ആ അപകടത്തെ ഭയന്നുകൊണ്ട് അയാള്‍ അവിടെനിന്നും ഓടിയകലും. എത്രത്തോളമെന്നാല്‍, പ്രസ്തുത സൂക്ഷ്മതയുടെയും ജാഗ്രതയുടെയും ഭാഗമായി കുഴപ്പത്തെ പേടിച്ചുകൊണ്ട് കുഴപ്പമില്ലാത്തതുവരെ കയ്യൊഴിക്കുന്ന സ്ഥിതിയുണ്ടാകും. മതം അനഭിലഷണിയമായിക്കണ്ട കാര്യങ്ങളില്‍ (മക്‌റൂഹ്) പെട്ടുപോകുമെന്ന് ഭയന്ന് മതം അനുവദിച്ച കാര്യങ്ങളിലെ (മുബാഹ്) അത്യാവശ്യമില്ലാത്തവയെ കയ്യൊഴിക്കുന്നതിലേക്ക് അയാള്‍ എത്തും. അപ്രകാരംതന്നെ മതം വിലക്കിയ അത്തരം അരുതായ്മകള്‍ പരസ്യമായി ചെയ്യുന്നവര്‍, അതിനെ ന്യായീകരിക്കുന്നവര്‍, അതിലേക്ക് പ്രേരിപ്പിക്കുന്നവര്‍, അതിന്റെ ഗൗരവം കുറച്ചുകാണുന്നവര്‍, ആ അരുതായ്മകള്‍ ചെയ്യുന്നത് ഗൗനിക്കാത്തവര്‍ എന്നിവരില്‍നിന്നും അയാള്‍ വിട്ടകന്നുപോകും. തീര്‍ച്ചയായും ഇത്തരത്തിലുള്ളവരുമായുള്ള കൂടിക്കലരലും അവരോട് ഇഴുകിച്ചേരലും അല്ലാഹുവിന്റെ ശാപകോപങ്ങളിലേക്ക് ഒരാളെ എത്തിക്കുന്നതാണ്. അല്ലാഹുവിനോടും അവന്റെ വിധിവിലക്കുകളോടുമുള്ള ആദരവ് മനസ്സില്‍നിന്ന് നഷ്ടപ്പെട്ടുപോയവര്‍ക്കല്ലാതെ ഇതുമായി ഇഴുകിച്ചേരാന്‍ കഴിയുകയില്ല.

ഒരു ഉദാഹരണം: ചൂട് കഠിനമാകുന്ന സന്ദര്‍ഭങ്ങളില്‍ ദുഹ്ര്‍ നമസ്‌കാരം പിന്തിപ്പിച്ചു നിര്‍വഹിക്കാനുള്ള നിര്‍ദേശം നബി ﷺ യുടെ സുന്നത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ദുഹ്‌റിന്റെ നിര്‍ണിത സമയം തെറ്റിക്കുകയും ഏറ്റവും അവസാന സമയത്തേക്ക് അത് പിന്തിപ്പിക്കുകയും ചെയ്യല്‍ ഒരുതരം ‘വരണ്ട’ ഇളവെടുക്കലാണ്.

സത്യത്തില്‍ ഈ ഇളവിലെ യുക്തി, കഠിനമായചൂടുള്ള സന്ദര്‍ഭത്തിലെ നമസ്‌ക്കാരം ഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത, അലസതയോടെയും വെറുപ്പോടുകൂടിയുമുള്ള ഒരുതരം യാന്ത്രികമായ ആരാധനയായിരിക്കുമെന്നതിനാല്‍ ആ ചൂട് ശമിക്കുന്നതുവരെ അത് പിന്തിപ്പിക്കാന്‍ മതം നിര്‍ദേശിച്ചു എന്നതാണ്. അപ്പോള്‍ ഹൃദയസാന്നിധ്യത്തോടെയും ഭക്തിയോടുകൂടിയും നമസ്‌കരിക്കാനും നമസ്‌കാരത്തിന്റെ ലക്ഷ്യവും മര്‍മവുമായ ഭയഭക്തിയും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുവാനും അതിലൂടെ സാധിക്കും. ഇതേപോലെ തന്നെയാണ് വിശന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭക്ഷണം മുന്നില്‍വെച്ച് നമസ്‌കരിക്കാന്‍ നില്‍ക്കുന്നതും മലമൂത്ര വിസര്‍ജനത്തിനായി മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അത് ശമിപ്പിക്കാതെ ആരാധനക്കൊരുമ്പെടുന്നതും. ഇവ രണ്ടും നബി ﷺ വിലക്കിയിട്ടുണ്ട്. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കാരം എന്ന ശ്രേഷ്ഠമായ ആരാധനാകര്‍മത്തിന്റെ ലക്ഷ്യത്തില്‍നിന്ന് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളുമായി മനസ്സ് വ്യാപൃതമായിരിക്കും. അപ്പോള്‍ പ്രസ്തുത ആരാധനയുടെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. അതിനാല്‍ ഒരാളുടെ ആരാധനയെ സംബന്ധിച്ചുള്ള ഗ്രാഹ്യതയുടെ ഭാഗമാണ് തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ തീര്‍ത്തിട്ട് പൂര്‍ണമനസ്സുമായി നമസ്‌കാരത്തിനു നില്‍ക്കുകയെന്നത്.

അങ്ങനെയാകുമ്പോള്‍ തന്റെ മനസ്സും മുഖവും ശരീരവുമെല്ലാമായി പരിപൂര്‍ണമായി ആ ആരാധനയിലേക്ക് തിരിയാന്‍ അയാള്‍ക്ക് സാധിക്കും. ഇങ്ങനെയുള്ള രണ്ടു റക്അത് നമസ്‌കാരത്തിലൂടെ തന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ അയാള്‍ക്ക് പൊറുക്കപ്പെടുന്നതായിരിക്കും. അതായത് മതത്തിലെ ഇളവുകള്‍ അയാള്‍ സ്വീകരിക്കുന്നത് മതനിയമങ്ങളോടുള്ള ഒരുതരം ‘വരണ്ട’ നീരസം കൊണ്ടല്ല എന്ന് സാരം.

അപ്രകാരംതന്നെ പ്രതിബന്ധങ്ങളുള്ള സാഹചര്യങ്ങളില്‍ രണ്ട് നമസ്‌കാരങ്ങള്‍ തമ്മില്‍ ‘ജംഅ്’ആക്കി ഒരു സമയത്ത് നിര്‍വഹിക്കാന്‍ യാത്രക്കാരന് ഇളവുണ്ട്. യാത്ര തുടരുന്ന സാഹചര്യത്തില്‍ ഓരോ നമസ്‌കാരവും അതാതിന്റെ സമയങ്ങളില്‍ നിര്‍വഹിക്കുകയെന്നത് പ്രയാസകരമാകുമെന്നത് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഒരുസ്ഥലത്ത് രണ്ടോ മൂന്നോ ദിവസം തമ്പടിക്കാന്‍ തീരുമാനിച്ചാല്‍, അല്ലെങ്കില്‍ ആ ദിവസം യാത്രയില്ലാതെ അവിടെത്തന്നെ നില്‍ക്കുകയാണെങ്കില്‍ രണ്ടു നമസ്‌കാരങ്ങള്‍ തമ്മില്‍ ജംആക്കുന്നതിനു യാതൊരു ആവശ്യവുമില്ല. കാരണം, ഓരോ നമസ്‌കാരവും അതാതിന്റെ സമയത്ത് നിര്‍വഹിക്കുവാന്‍ യാതൊരു പ്രയാസവുമില്ലാതെ തന്നെ അയാള്‍ക്ക് സാധിക്കും. അതായത്, ഭൂരിഭാഗം യാത്രക്കാരും ധരിച്ചുവെച്ചതുപോലെ പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും യാത്രയില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ട ഒരു സുന്നത്തോന്നുമല്ല ജംആക്കുകയെന്നത്. മറിച്ച് ആവശ്യ സന്ദര്‍ഭത്തില്‍ എടുക്കാവുന്ന ഒരു ഇളവ് മാത്രമാണ് ജംഅ്. എന്നാല്‍ ‘ക്വസ്വ്ര്‍’ (നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്തായി ചുരുക്കി നമസ്‌ക്കരിക്കല്‍) യാത്രയില്‍ അനുവര്‍ത്തിക്കേണ്ട പ്രബലമായ സുന്നത്ത് തന്നെയാണ്. അഥവാ, പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്താക്കി ചുരുക്കി നമസ്‌ക്കരിക്കല്‍ യാത്രക്കാരനുള്ള സുന്നത്താണ്. എന്നാല്‍ രണ്ടു സമയങ്ങളിലെ നമസ്‌കാരം ഒരു സമയത്തായി നിര്‍വഹിക്കാന്‍ (ജംആക്കല്‍) ആവശ്യ സന്ദര്‍ഭങ്ങളിലുള്ള ഒരു ഇളവ് മാത്രമാണ്. രണ്ടും രണ്ടായിത്തന്നെ ഗ്രഹിക്കേണ്ടതുണ്ട്.

ഇതേപോലെ തന്നെയാണ് വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കല്‍; അത് ഒരു ഇളവാണ്. നിഷിദ്ധമല്ല. എന്നാല്‍ അതില്‍ അതിരുവിട്ട് മൂക്കറ്റം തിന്നുകയും ശ്വാസംമുട്ടുവോളം ഭക്ഷിക്കുകയും ചെയ്യല്‍ ചെയ്യല്‍ ഒരിക്കലും പാടുള്ളതല്ല. അപ്പോള്‍ ഭക്ഷണത്തിലെ വൈവിധ്യങ്ങള്‍ അയാള്‍ തേടിക്കൊണ്ടിരിക്കും. ഭക്ഷണത്തിനു മുമ്പും ശേഷവും അത്തരക്കാരുടെ മുഖ്യവിഷയം തന്റെ വയറുതന്നെയായിരിക്കും. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണ്. വിശപ്പ് മാറുവോളം തിന്നാം. ഭക്ഷണത്തോട് താല്‍പര്യമുണ്ടായിരിക്കെ ഭക്ഷണമൊഴിവാക്കാന്‍, അഥവാ തീറ്റ അവസാനിപ്പിക്കാന്‍ കഴിയണം. അതിന്റെ മാനദണ്ഡം നബി ﷺ പറഞ്ഞ ഈ വാക്കുകളാണ്:

ثلث لطعامه وثلث لشرابه وثلث لنفسه

‘മൂന്നില്‍ ഒരുഭാഗം തന്റെ ഭക്ഷണത്തിനും മൂന്നില്‍ ഒന്ന് പാനീയത്തിനും ബാക്കി മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനുമാണ്.’

അതിനാല്‍ ആ മൂന്നു ഭാഗവും മുഴുവനായി ഭക്ഷണത്തിനു മാത്രമാക്കരുത്.

വിധിവിലക്കുകളില്‍ അതിരുവിട്ട തീവ്രത കാണിക്കുന്നതും ഇസ്‌ലാമികമല്ല; വുദൂഅ് എടുക്കുമ്പോള്‍ ‘വസ്‌വാസ്’ കാണിച്ച് അതില്‍ അതിരുവിടുകയും അവസാനം നമസ്‌കാരത്തിന്റെ ശ്രേഷ്ഠമായ സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ. അല്ലെങ്കില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇമാമിനോടൊപ്പമുള്ള ഫാതിഹ പാരായണം നഷ്ടപ്പെടുത്തുന്നത് പോലെ. ചിലപ്പോള്‍ ആ റക്അത്ത് തന്നെ നഷ്ടപ്പെടുകയും ചെയ്‌തേക്കും! അതുമല്ലെങ്കില്‍ ഭക്തിയുടെയും സൂക്ഷ്മതയുടെയും പേരില്‍ അതിരുവിട്ട് പൊതുവിലുള്ള മുസ്‌ലിംകളുടെ, അഥവാ മറ്റുള്ളവരുടെ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാതെ തീവ്രത പുലര്‍ത്തുന്നതുപോലെ. ഹറാമുകളെന്നു സംശയിക്കപ്പെടുന്ന സാമ്പാദ്യങ്ങള്‍ അതില്‍ വന്നിട്ടുണ്ടോ എന്ന പേടിയിലാണത്രെ അവ ഒഴിവാക്കുന്നത്!

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ യാഥാര്‍ഥ്യം എന്നത് അവയൊരിക്കലും അതിരുവിട്ട ഇളവുകള്‍ തേടിപ്പോകുന്നതിലേക്കും തീവ്രമായ അതിരുകവിച്ചിലിലേക്കും വഴിമാറാതെ, അല്ലാഹുവിലേക്ക് എത്തിക്കുന്ന മിതത്വത്തിന്റെ നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയെന്നതാണ്.

അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ദുര്‍ബോധനങ്ങളുണ്ടാകും. ഒന്നുകില്‍ അതിലുള്ള അവഗണനയും വീഴ്ചവരുത്തലും. അല്ലെങ്കില്‍ അതില്‍ അതിരുകവിയലും തീവ്രത പുലര്‍ത്തലും. ഈ രണ്ടില്‍ ഏതിലൂടെയാണ് ഒരാളെ കീഴ്‌പെടുത്തി വിജയംനേടാന്‍ സാധിക്കുക എന്നതാണ് അവന്റെ നോട്ടം. അങ്ങനെ അവന്‍ ഒരാളുടെ ഹൃദയത്തിലേക്ക് ചെന്ന് ‘മണം പിടിക്കും.’ അയാളില്‍ അലസതയുടെയും ആലസ്യത്തിന്റെയും പിന്തിരിപ്പിക്കലിന്റെയും തളര്‍ച്ചയുടെയും ഇളവ് അന്വേഷിക്കലിന്റെയുമൊക്കെ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ ആ വഴിയിലൂടെ അവന്‍ അയാളെ പിടികൂടും. അങ്ങനെ അയാളെ മടിയനും ക്ഷീണിതനും ആലസ്യക്കാരനുമാക്കി ഇരുത്തിക്കളയും. എന്നിട്ട് ന്യായീകരണത്തിന്റെയും പ്രതീക്ഷയുടെയും പല വ്യാഖ്യാനങ്ങളും ഇട്ടുകൊടുക്കും. അങ്ങനെ ചിലപ്പോള്‍ കല്‍പിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായിത്തന്നെ കയ്യൊഴിക്കുന്ന അവസ്ഥയിലേക്കെത്തും.

ഇനി ഒരാളില്‍ ജാഗ്രതയും സൂക്ഷ്മതയും ആവേശവും ഊര്‍ജസ്വലതയുമൊക്കെ ദര്‍ശിക്കുകയും മടിയനാക്കി തളര്‍ത്തി ഇരുത്തിക്കളയാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിയുകയും ചെയ്താല്‍ കൂടുതല്‍ പ്രയത്‌നിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തനിക്ക് അപര്യാപ്തമാണെന്നും ഇതിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവരൊക്കെ ചെയ്തത് തനിക്ക് പോരാത്തതിനാല്‍ അതിലുപരി ചെയ്യേണ്ടതുണ്ടെന്നും അയാളെ തോന്നിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ഉറങ്ങിയാലും നീ ഉറങ്ങിക്കൂടാ. അവര്‍ നോമ്പ് എടുക്കാത്തപ്പോള്‍ നീ നോമ്പ് ഉപേക്ഷിക്കരുത്. അവര്‍ ക്ഷീണിച്ചാലും നീ ക്ഷീണിക്കരുത്. അവരില്‍ ഒരാള്‍ തന്റെ കയ്യും മുഖവും മൂന്നു പ്രാവശ്യമാണ് കഴുകിയതെങ്കില്‍ നീ ഒരു ഏഴുതവണയെങ്കിലും കഴുകണം. അവര്‍ നമസ്‌കാരത്തിനായി വുദൂഅ് എടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ നീ അതിന്നുവേണ്ടി കുളിക്കണം എന്നിങ്ങനെ അതിരുകവിച്ചിലിന്റെയും തീവ്രതയുടെയും അന്യായത്തിന്റെയും വഴികള്‍ ചൂണ്ടിക്കാട്ടി തീവ്രതക്കും പരിധിവിടുന്നതിനും മിതത്വത്തിന്റെ നേരായമാര്‍ഗം വിട്ടുകടക്കുന്നതിനും അയാളെ പ്രേരിപ്പിക്കും. ആദ്യത്തെയാളെ നേര്‍മാര്‍ഗത്തിലേക്ക് അടുക്കുവാന്‍പോലും അനുവദിക്കാതെ അതില്‍ വീഴ്ചവരുത്തിച്ചുകൊണ്ട്, അലസനാക്കിക്കൊണ്ട് വഴിതെറ്റിച്ചതുപോലെ ഇയാളെ ഈ രൂപത്തിലും വഴിപിഴപ്പിക്കുന്നു.

രണ്ടുപേരുടെ കാര്യത്തിലും അവന്റെ ലക്ഷ്യം അവരെ നേര്‍മാര്‍ഗത്തില്‍നിന്നു തെറ്റിച്ചു പുറത്തുകളയുകയെന്നതാണ്. ഒരാളെ അതിലേക്ക് അടുപ്പിക്കാതെയും മറ്റെയാളെ അതില്‍ ശരിയായ രീതിയില്‍ നിലനിര്‍ത്താതെ പരിധിവിട്ടും അന്യായം ചെയ്യിപ്പിച്ചും.

ഈ രൂപത്തിലൂടെ വളരെയധികം ആളുകളെ പിശാച് കുഴപ്പത്തിലാക്കിയിട്ടുണ്ട്. രൂഢമൂലമായ അറിവും ശക്തമായ ഈമാനും പിശാചിനെതിരെ പൊരുതുവാനുള്ള ശേഷിയും മിതത്വത്തിന്റെ നേര്‍മാര്‍ഗം കടുകിട വ്യതിചലിക്കാതെ അനുധാവനം ചെയ്യലുമാണ് അതില്‍നിന്നുള്ള രക്ഷാമാര്‍ഗം. അല്ലാഹു മാത്രമാണ് സഹായി.

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ ഭാഗമാണ് അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കല്‍പനക്ക് കീഴൊതുങ്ങുന്നതിനും അത് പ്രയോഗവല്‍കരിക്കുന്നതിനും തടസ്സമായ വല്ല ന്യായവാദങ്ങളും നിരത്തി അതില്‍നിന്ന് പിന്നാക്കം പോകാതിരിക്കുകയെന്നത്. മറിച്ച് അല്ലാഹുവിന്റെ കല്‍പനക്കും വിധിവിലക്കുകള്‍ക്കും, അതിനെ പ്രയോഗവല്‍കരിച്ചുകൊണ്ട് കീഴ്‌പെടുകയെന്നതാണ് ഒരു വിശ്വാസിയുടെ കടമ. അതിലെ യുക്തിരഹസ്യങ്ങള്‍ നമുക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും പ്രസ്തുത വിധിവിലക്കുകള്‍ അനുസരിക്കുകയാണ് വേണ്ടത്. മതത്തിന്റെ യുക്തിരഹസ്യങ്ങള്‍ ആ നിയമത്തില്‍ ബോധ്യമായാല്‍ ആ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് കീഴ്‌പെടാന്‍ കൂടുതല്‍ പ്രേരകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ബോധ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ പ്രസ്തുത നിയമത്തില്‍നിന്ന് ഊരിപ്പോകുവാനോ പൂര്‍ണമായും അതിനെ കയ്യൊഴിയുവാനോ പ്രേരിപ്പിക്കാവതല്ല. തസ്വവ്വുഫിലേക്ക് ചേര്‍ത്ത് പറയുന്നവര്‍ക്കും കുറെ മതനിഷേധികള്‍ക്കും സംഭവിച്ചത് അതാണ്.

അല്ലാഹു അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിയമമാക്കിയത് അവനെ സ്മരിക്കുന്നതിനു വേണ്ടിയാണ്. ഹൃദയവും ശരീരാവയവങ്ങളും നാവുമെല്ലാം അവനു കീഴ്‌പെടുന്നതില്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്മരണ. അവയ്ക്ക് ഓരോന്നിനും ആ കീഴ്‌പെടലിന്റെ വിഹിതം നല്‍കിക്കൊണ്ടാണ് അത് നിര്‍വഹിക്കേണ്ടത്. അതാണല്ലോ ഒരു ദാസന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അങ്ങനെയാകുമ്പോള്‍ പ്രസ്തുത കീഴ്‌പെടലിന്റെ (ഉബൂദിയ്യത്ത്) ഏറ്റവും പരിപൂര്‍ണമായ പദവിയിലാണ് ആ നമസ്‌കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നു കാണാനാവും.

അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുകയും മികച്ച സൃഷ്ടികളില്‍നിന്ന് അവനെ തിരഞ്ഞെടുക്കുകയും ചെയ്തു. മനുഷ്യ ഹൃദയത്തെ ഈമാനിന്റെയും തൗഹീദിന്റെയും ഇഖ്‌ലാസിന്റെയും സ്‌നേഹത്തിന്റെയും ലജ്ജയുടെയും ആദരവിന്റെയും ദൈവബോധത്തിന്റെയുമെല്ലാം കേന്ദ്രമാക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണ മനസ്സോടെ അല്ലാഹുവിലേക്ക് ഒരാള്‍ മുന്നിട്ടുചെന്നാല്‍ ഏറ്റവും ശ്രേഷ്ഠവും പരിപൂര്‍ണവുമായ പ്രതിഫലം അയാള്‍ക്ക് നല്‍കും. അതായത്, സ്രഷ്ടാവിന്റെ തിരുമുഖം ദര്‍ശിക്കുവാനും അവന്റെ തൃപ്തി നേടി വിജയം വരിക്കാനും അവന്റെ സാമീപ്യം സിദ്ധിച്ചുകൊണ്ട് അവനൊരുക്കിയ സ്വര്‍ഗത്തില്‍ കഴിയാനും സാധിക്കുക എന്ന അത്യുന്നതമായ വിജയവും നേട്ടവും അയാള്‍ക്ക് ലഭിക്കും.

എന്നാല്‍ അതോടൊപ്പം ഇച്ഛകള്‍, ദേഷ്യം, അശ്രദ്ധ മുതലായവകൊണ്ട് അല്ലാഹു മനുഷ്യനെ പരീക്ഷിക്കും. അവന്റെ വേര്‍പിരിയാത്ത ശത്രുവായ ഇബ്‌ലീസിനെ കൊണ്ടും പരീക്ഷിക്കും. ആ ശത്രു അവന്റെ മനസ്സ് ആഗ്രഹിക്കുന്ന പല വഴികളിലൂടെയും അവന്റെയടുക്കല്‍ കടന്നുചെല്ലും. അങ്ങനെ പിശാചും അവന്റെ മനസ്സും ദേഹേച്ഛയും ആ അടിമക്കെതിരില്‍ സംഘടിക്കും. ഈ മൂന്നുകൂട്ടരും അവന്റെയടുക്കല്‍ പല കാര്യങ്ങളുമായി ചെല്ലും. അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി അവര്‍ അവന്റെ അവയവങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അവയവങ്ങളാവട്ടെ അതിനു കീഴ്‌പെടുന്ന ഒരു ഉപകരണം പോലെയാണ്. അവയ്ക്ക് ആ പ്രേരണകള്‍ക്ക് കീഴ്‌പെടാനല്ലാതെ കഴിയില്ല. ഇങ്ങനെയാണ് ഈ മൂന്നുകൂട്ടരുടെയും സ്ഥിതി. അതിനോടുള്ള മനുഷ്യന്റെ അവയവങ്ങളുടെ നിലയും അതാണ്. ഈ മൂന്നുകൂട്ടരും എങ്ങനെ നിര്‍ദേശിക്കുന്നുവോ, എവിടേക്ക് തിരിച്ചുവിടുന്നുവോ അതിനു വഴിപ്പെട്ടുകൊണ്ടായിരിക്കും ഒരാളുടെ ബാഹ്യമായ അവയവങ്ങള്‍ ചലിക്കുന്നത്. ഇതാണ് ഒരടിമയുടെ അവസ്ഥയുടെ തേട്ടം.

എന്നാല്‍ കാരുണ്യവാനും അജയ്യനുമായ അവന്റെ റബ്ബ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി മറ്റൊരു സൈന്യത്തെക്കൊണ്ട് അവനെ സഹായിച്ചിട്ടുണ്ട്. തന്റെ നാശം കൊതിക്കുന്ന ആ എതിരാളികള്‍ക്കെതിരില്‍ അല്ലാഹു അവനെ ഈ സൈന്യത്തെക്കൊണ്ട് പിന്‍ബലം നല്‍കുകയും പ്രതിരോധിക്കുകയുമാണ്. അതിനാല്‍ അല്ലാഹു തന്റെ ദൂതനെ അയക്കുകയും ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ ശത്രുവായ പിശാചിനെതിരില്‍ ഒരു മാന്യനായ മലക്കിനെ കൊണ്ട് അവനു ശക്തി പകരുകയും ചെയ്തു.

തിന്മകൊണ്ട് കല്‍പിക്കുന്ന ദുഷ്‌പ്രേരണയായ മനസ്സിന് (നഫ്‌സുല്‍ അമ്മാറ) എതിരായി നന്മക്ക് പ്രേരിപ്പിക്കുന്ന, ശാന്തിയടഞ്ഞ മനസ്സി(നഫ്‌സു മുത്വ്മഇന്ന)നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുഷിച്ച മനസ്സ് വല്ല തിന്മയും അവനോടു കല്‍പിച്ചാല്‍ നല്ലമനസ്സ് അത് വിലക്കും. മനുഷ്യന്‍ ചിലപ്പോള്‍ നല്ലതിനെയും മറ്റുചിലപ്പോള്‍ തിന്മയെയും അനുസരിക്കും. അതില്‍ ഏതാണോ അവനെ അതിജയിച്ചു മികച്ച് നില്‍ക്കുന്നത് അതിന്റെ വക്താവായിട്ടായിരിക്കും അവന്‍ മാറുക. ചിലപ്പോള്‍ അവയിലേതെങ്കിലും ഒന്ന് അവനെ പരിപൂര്‍ണമായി കീഴ്‌പെടുത്തിക്കളഞ്ഞിട്ടുണ്ടാകും. അപ്രകാരംതന്നെ പിശാചിനെയും ദുഷിച്ച മനസ്സിനെയും അനുസരിക്കാന്‍ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന അവന്റെ ദേഹേച്ഛക്ക് എതിരിലായി ഒരുതരം പ്രകാശവും ഉള്‍ക്കാഴ്ചയും നേര്‍ബുദ്ധിയും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേഹേച്ഛക്ക് കീഴ്‌പെടുന്നതില്‍നിന്ന് ഇവ അവനെ തടയും. ദേഹേച്ഛക്കൊപ്പം സഞ്ചരിക്കാന്‍ അവന്‍ തയ്യാറെടുക്കുമ്പോഴെല്ലാം അവന്റെ സല്‍ബുദ്ധിയും ഉള്‍ക്കാഴ്ചയും പ്രകാശവും അവനെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ”സൂക്ഷിക്കുക, ജാഗ്രത പാലിക്കുക. നിശ്ചയം, നാശത്തിന്റെ അഗാധഗര്‍ത്തങ്ങളാണ് നിന്റെ മുമ്പിലുള്ളത്. നീ ഇതിന്റെ പിന്നാലെയാണ് പോകാനൊരുങ്ങുന്നതെങ്കില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വലയിലെ ഇരയായിരിക്കും നീ. അതിനാല്‍ സൂക്ഷിക്കുക.”

ചിലപ്പോള്‍ ഈ ഗുണകാംക്ഷിയെ അവന്‍ അനുസരിച്ചേക്കും. അപ്പോള്‍ അതിന്റെ വിവേകവും ഗുണവും അവനു ബോധ്യപ്പെടുകയും ചെയ്യും. എന്നാല്‍ മറ്റുചിലപ്പോള്‍ ദേഹേച്ഛയുടെ വിളിക്ക് പിന്നാലെയും അവന്‍ പോകും. അപ്പോള്‍ അവന്‍ കൊള്ളയടിക്കപ്പെടുകയും അവന്റെ സ്വത്തും വസ്ത്രവുമെല്ലാം അപഹരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ അവന്‍ വിളിച്ച് പറയും: ”ഇത് എവിടെ നിന്ന് വന്നു? എന്താണ് സംഭവിച്ചത്?” എന്താണ് സംഭവിച്ചതെന്നതും അവന്‍ കൊള്ളയടിക്കപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമൊക്കെ എവിടെവെച്ചായിരുന്നു എന്നതും അവനു നന്നായി അറിയാമായിരുന്നു എന്നതാണ് അത്ഭുതം. പക്ഷേ, എന്നിട്ടും ആ വഴിതന്നെയാണ് അവന്‍ തെരഞ്ഞെടുത്തത്. കാരണം ആ വഴിയിലൂടെ അവനെ കൂട്ടിക്കൊണ്ടു പോകുന്നവര്‍ അവനെ കീഴ്‌പെടുത്തി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിനെതിരില്‍ പോരടിച്ചുകൊണ്ടും ആ ക്ഷണം നിരസിച്ചുകൊണ്ടും അവരെ കീഴ്‌പെടുത്തുവാന്‍ അവനു കഴിയാത്തവിധത്തിലായി. അവന്‍ സ്വയം തന്നെയാണ് ഈ വഴി ഒരുക്കിയത്. അവന്‍തന്നെയാണ് തന്റെ കൈ ശത്രുവിന് നല്‍കിയത്. സ്വന്തം കഴുത്ത് ശത്രുവിന് നീട്ടിക്കൊടുത്തവനെപ്പോലെയാവുകയും അവന്റെ ബന്ധനത്തിലായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിയുംവന്ന ഒരുവന്റെ സ്ഥിതിയിലായി. അവന്‍ ആ ബന്ധനത്തില്‍കിടന്നു സഹായാര്‍ഥന നടത്തുന്നുണ്ട്. പക്ഷേ, ആരും അവനെ സഹായിക്കുന്നില്ല. ഇങ്ങനെയാണ് ഒരാള്‍ പിശാചിന്റെയും ദേഹേച്ഛയുടെയും ദുഷിച്ച മനസ്സിന്റെയും കെണികളില്‍പ്പെട്ടു ബന്ധനസ്ഥനാകുന്നത്. പിന്നീടവന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുമെങ്കിലും അതിനു സാധിക്കുകയില്ല.

ഒരു അടിമ ഈ ശത്രുക്കളെക്കൊണ്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ശക്തമായ സൈന്യങ്ങളെ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ഒക്കെ സഹായിക്കപ്പെട്ടിട്ടുണ്ട്. ഈ സൈന്യത്തില്‍നിന്നും വേണ്ടത് സ്വീകരിച്ചും ഈ സന്നാഹങ്ങളില്‍നിന്നും ആവശ്യമുള്ളത് ഉപയോഗിച്ചും ഈ കോട്ടകളില്‍ നിനക്ക് വേണ്ടത് ഉപയോഗപ്പെടുത്തിയും നീ നിന്റെ ശത്രുവിനോട് പോരാടുക എന്ന് അവനോടു പറഞ്ഞിട്ടുമുണ്ടായിരുന്നു. നീ മരണംവരെ പ്രതിരോധിക്കുക. കാര്യം വിദൂരമല്ല. പ്രതിരോധ പോരാട്ടം അധികസമയം ഇല്ല. അങ്ങനെ നീ രാജാവിന്റെ മുമ്പില്‍ കൊണ്ടുവരപ്പെടും. രാജകൊട്ടാരത്തിലേക്ക് നിന്നെ ആനയിക്കും. നീ ഈ സമര പോരാട്ടങ്ങളില്‍നിന്ന് വിശ്രമത്തിലാണിപ്പോള്‍. നിന്റെയും നിന്റെ ശത്രുവിന്റെയും ഇടയില്‍ തീര്‍പ്പുകല്‍പിക്കപ്പെട്ടിരിക്കുന്നു. ആദരണീയതയുടെ സ്വര്‍ഗലോകത്ത് നീ യഥേഷ്ടം വിഹരിക്കുകയാണ്. നിന്റെ ശത്രുവാകട്ടെ ഏറ്റവും പ്രയാസകരമായ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് നീ നോക്കിക്കാണുന്നു. നിന്നെ ഏതൊരു കാരാഗ്രഹത്തിലടക്കാനാണോ നിന്റെ ശത്രു ആഗ്രഹിച്ചത് ആ തടവറയില്‍ അവന്‍ അകപ്പെടുകയും അതിന്റെ കനത്ത വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ നിരാശപ്പെട്ടിരിക്കുകയാണ്. നീയാകട്ടെ കൊതിക്കുന്നതെല്ലാം കിട്ടുന്ന കണ്‍കുളിര്‍മയേകുന്ന സ്വര്‍ഗീയ ആരാമങ്ങളില്‍ വിഹരിക്കുകയാണ്. ആ ചുരുങ്ങിയ കാലയളവില്‍ നീ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചതിനുള്ള പ്രതിഫലമായി രാജസന്നിധിയില്‍ ലഭിച്ച ആഹ്ളാദത്തിമിര്‍പ്പിലും ആനന്ദത്തിലുമാണ് നീ. നിനക്കവിടെ ആ പോരാട്ടവേളയില്‍ സഹിക്കേണ്ടിവന്നത് വളരെ കുറച്ചുസമയം മാത്രം. ആ ഒരു പ്രയാസവും നീ തീരെ അനുഭവിക്കാത്തതുപോലെ ഈ സുഖങ്ങളെല്ലാം നിന്നെ അവയെ മറപ്പിച്ചുകളഞ്ഞു. ഈ പോരാട്ടത്തില്‍ സമയം അധികമില്ലെന്നും അത് പെട്ടെന്ന് അവസാനിക്കുമെന്നും ബോധ്യപ്പെടാന്‍ നിന്റെ മനസ്സിന് ആകുന്നില്ലെങ്കില്‍ അല്ലാഹു പറഞ്ഞ ഈ വാക്കുകള്‍ നീ ഉറ്റാലോചിക്കുക:

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارِۭ ۚ بَلَٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُونَ

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ? (ഖുർആൻ:46/35)

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا ‎

അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖുർആൻ:79/46)

قَٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ ‎﴿١١٢﴾‏ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ ‎﴿١١٣﴾‏ قَٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ‎﴿١١٤﴾

അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍(എത്ര നന്നായിരുന്നേനെ!).  (ഖുർആൻ:23/112-114)

يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا ‎﴿١٠٢﴾‏ يَتَخَٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا ‎﴿١٠٣﴾‏ نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا ‎﴿١٠٤﴾

അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്‌.  അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:20/102-104)

നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു; സൂര്യന്‍ അസ്തമയത്തിനോടടുത്ത സമയമായിരുന്നു അത്:

إنه لم يبقى من الدنيا فيما مضى إلا كما بقي من يومكم هذا فيما مضى منه

നിങ്ങളുടെ ഈ ദിവസത്തില്‍ ഇനി ശേഷിക്കുന്നതെത്ര സമയമാണോ അത്രയേ ഇനിയുള്ളൂ ഈ ഇഹലോകത്തിന്റെ സമയവും. (അഹ്മദ്, തിര്‍മിദി).

അതിനാല്‍ സ്വന്തത്തോട് ഗുണകാംക്ഷയുള്ള വിവേകശാലികളായ ഓരോരുത്തരും ഈ നബിവചനത്തെക്കുറിച്ച് ശരിക്കും ഒന്ന് ചിന്തിക്കട്ടെ! ഈ ചുരുങ്ങിയ കാലയളവില്‍ തനിക്ക് ഉണ്ടായ ഏതുകാര്യവും; അത് സ്ഥായിയല്ല എന്നത് അറിഞ്ഞുകൊള്ളട്ടെ! താന്‍ വഞ്ചനയുടെയും പേക്കിനാവുകളുടെയും ഒരു ലോകത്താണുള്ളതെന്നും ഓര്‍ത്തുകൊള്ളട്ടെ! ശാശ്വതമായ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും അനുഗ്രഹലോകം തുലോം തുച്ഛമായ, വളരെ നിസ്സാരമായ വിഹിതത്തിനുവേണ്ടി വിറ്റുകളയുകയാണെന്നതും ഓര്‍ക്കുക.

അല്ലാഹുവിനെയും പരലോകത്തെയുമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അയാള്‍ക്ക് ഇഹലോകത്തെ ആ വിഹിതവും പൂര്‍ത്തീകരിച്ച് കൊടുക്കുന്നതാണ്. ചില മഹദ് വചനങ്ങളില്‍ വന്നത് പോലെ:

ابن آدم بع الدنيا بالآخرة تربحهما جميعا ولا تبع الآخرة بالدنيا تخسرهما جميعا

‘മനുഷ്യ പുത്രാ! പരലോകത്തിന് പകരമായി നീ ഇഹലോകത്തെ വില്‍ക്കുക. എങ്കില്‍ ഇരുലോകത്തും നിനക്ക് ലാഭം കൊയ്യാം. ഇഹലോകത്തിനു പകരമായി നീ പരലോകത്തെ വില്‍ക്കരുത്, കാരണം അങ്ങനെയെങ്കില്‍ ഇരുലോകത്തും നിനക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക’ (ഹസനുല്‍ ബസ്വരി(റഹി)യുടെ വാക്കുകളായി അബൂനുഐം(റഹി) ‘ഹില്‍യ’യില്‍ (2:143) ഉദ്ധരിച്ചത്).

സലഫുകളില്‍ ചിലര്‍ പറഞ്ഞു:

ابن آدم أنت محتاج إلى نصيبك من أحوج فإن بدأت بنصيبك من الدنيا أضعت نصيبك من الآخرة وكنت من نصيب الدنيا على خطر وإن بدأت بنصيبك من الآخرة فزت بنصيبك من الدنيا فانتظمته انتظاما

”മനുഷ്യ പുത്രാ! ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് ആവശ്യമാണ്. എന്നാല്‍ പരലോകത്തിലെ നിന്റെ വിഹിതം നിനക്ക് ഇതിലേറെ ആവശ്യമാണെന്നറിയുക. അതിനാല്‍ ദുന്‍യാവിന്റെ വിഹിതം വാരിക്കൂട്ടാനാണ് നീ ആദ്യപരിഗണന നല്‍കുന്നതെങ്കില്‍ പരലോകത്തെ നിന്റെ വിഹിതം തരപ്പെടുത്താനാകാതെ പോകുകയും ദുന്‍യാവിന്റെ വിഹിതത്തിന്റെ കാര്യത്തില്‍ നീ ഭീതിയിലായിരിക്കുകയും ചെയ്യും. എന്നാല്‍ പരലോകത്തെ നിന്റെ വിഹിതം ഒരുക്കുന്നതിലാണ് നിന്റെ പ്രഥമ ശ്രദ്ധയെങ്കില്‍ ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് നേടുവാനും അതിനെ നിനക്ക് ക്രമപ്പെടുത്തുവാനും കഴിയും”(മുആദ് ഇബ്‌നു ജബലി(റ)ന്റെ വാക്കുകളായി ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും ത്വബ്‌റാനി ‘മുഅ്ജമുല്‍ കബീറി’ലും ഉദ്ധരിച്ചത്).

ഉമറുബ്‌നു അബ്ദില്‍ അസീസ്(റഹി) തന്റെ ഖുത്വുബയില്‍ പറയാറുണ്ടായിരുന്നു:

أيها الناس إنكم لم تخلقوا عبثا ولم تتركوا سدى وإن لكم معادا يجمعكم الله عز و جل فيه للحكم فيكم والفصل بينكم فخاب وشقي عبد أخرجه الله عز و جل من رحمته التي وسعت كل شيء وجنته التي عرضها السموات والأرض وإنما يكون الأمان غدا لمن خاف الله تعالى واتقى وباع قليلا بكثير وفانيا بباق وشقاوة بسعادة ألا ترون أنكم في أصلاب الهالكين وسيخلفه بعدكم الباقون ؟ ألا ترون أنكم في كل يوم تشيعون غاديا رائحا إلى الله قد قضى نحبه وانقطع أمله فتضعونه في بطن صدع من الأرض غير موسد ولا ممهد قد خلع الأسباب وفارق الأحباب وواجه الحساب ؟

”അല്ലയോ ജനങ്ങളേ, നിങ്ങള്‍ വൃഥാ സൃഷ്ടിക്കപ്പെടുകയോ വെറുതെ വിട്ടുകളയപ്പെട്ടിരിക്കുകയോ അല്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു മടക്കസ്ഥാനം നിങ്ങള്‍ക്കുണ്ട്. അവിടെവെച്ചാണ് നിങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വകമായ വിധിയും തദടിസ്ഥാനത്തില്‍ നിങ്ങളെ വേര്‍തിരിക്കപ്പെടുന്നതും. അപ്പോള്‍ ഏതൊരുത്തന്‍ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യത്തില്‍നിന്നും ആകാശഭൂമികളോളം വിശാലമായ അവന്റെ സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെടുന്നുവോ അയാള്‍ പരാജയപ്പെടുകയും ദൗര്‍ഭാഗ്യവാനാവുകയും ചെയ്തു. തീര്‍ച്ചയായും നിര്‍ഭയത്വവും സമാധാനവും നാളെയുടെ ലോകത്താണ്. അല്ലാഹുവിനെ ഭയപ്പെട്ടും അവന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചും ധാരാളത്തിനു പകരമായി തുച്ഛമായതിനെയും അനശ്വരമായതിനു ബദലായി നശ്വരമായതിനെയും സൗഭാഗ്യത്തിനു വേണ്ടി ദൗര്‍ഭാഗ്യത്തെയും ബലികഴിച്ചവര്‍ക്കാണ് അതുള്ളത്. നിങ്ങള്‍ മണ്‍മറഞ്ഞുപോയവരുടെ പിന്‍ഗാമികളാണെന്നത് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഇനി നിങ്ങള്‍ക്ക് ശേഷം മരണമില്ലാത്തവരെ അവന്‍ നിങ്ങളുടെ പിന്‍ഗാമികളാക്കുമോ? (അഥവാ മുന്‍ഗാമികള്‍ മരിച്ചുപോയത് പോലെ അവരുടെ പിന്‍ഗാമികളും മരിച്ചുപോകും) ഓരോ ദിവസവും ഊഴം കഴിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായ എത്രയെത്രയാളുകളെ യാത്രയാക്കുന്നതിനു നിങ്ങള്‍ സാക്ഷികളാകുന്നു! അവരുടെ ഈ ലോകത്തെ പ്രതീക്ഷകള്‍ അവസാനിച്ചു. അവരെ നിങ്ങള്‍ ക്വബ്‌റാകുന്ന വിശ്രമമുറിയില്‍ ഭൂമിപിളര്‍ത്തി ഇറക്കിവെക്കുകയും കട്ടിലും തലയണയുമില്ലാതെ അവരെ കിടത്തിപ്പോരുകയും ചെയ്യുന്നത് കാണുന്നില്ലേ? ബന്ധുമിത്രാദികളെയും കൂട്ടുകുടുംബാദികളെയും എല്ലാം വേര്‍പിരിഞ്ഞു വിചാരണയുടെ ലോകത്തേക്ക് അവര്‍ യാത്രയായിരിക്കുകയാണ്” (അബൂനുഐം ‘ഹില്‍യ’യില്‍ ഉദ്ധരിച്ചത്).

അതായത്, അല്ലാഹു ഒരു അടിമയെ ഈ ചുരുങ്ങിയ കാലയളവിലെ ജീവിതത്തില്‍ മേല്‍പറഞ്ഞ ശത്രുക്കള്‍ക്കെതിരില്‍ അവന്റെ സൈന്യങ്ങളെക്കൊണ്ടും സന്നാഹങ്ങള്‍കൊണ്ടുമൊക്കെ സഹായിക്കുന്നതാണ്. തന്റെ ശത്രുവില്‍നിന്ന് തനിക്ക് സുരക്ഷ നല്‍കുന്നതെന്താണെന്നും ആ ശത്രുവിന്റെ പിടിയിലകപ്പെട്ടാല്‍ എങ്ങനെയാണു മോചനം നേടാനാവുകയെന്നും അല്ലാഹു വിശദീകരിച്ചിട്ടുമുണ്ട്.

ഇമാം അഹ്മദ്(റഹി), തിര്‍മിദി(റഹി) മുതലായവര്‍ അബുമൂസല്‍ അശ്അരി(റ)യുടെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു:

عن النبي صلى الله عليه و سلم أنه قال [ إن الله سبحانه وتعالى أمر يحي بن زكريا صلى الله عليه و سلم بخمس كلمات أن يعمل بها ويأمر بني إسرائيل أن يعلموا بها وأنه كاد أن يبطيء بها فقال له عيسى عليه السلام : إن الله تعالى أمرك بخمس كلمات لتعمل بها وتأمر بني إسرائيل أن يعملوا بها فإما أن تأمرهم وإما أن آمرهم فقال يحي : أخشى إن سبقتني بها أن يخسف بي وأعذب فجمع يحي الناس في بيت المقدس فامتلأ المسجد وقعد على الشرف فقال : إن الله تبارك وتعالى أمرني بخمس كلمات أن أعملهن وآمركم أن تعملوا بهن : أولهن أن تعبدوا الله ولا تشركوا به شيئا وإن من أشرك بالله كمثل رجل اشترى عبدا من خالص ماله بذهب أو ورق فقال : هذه داري وهذا عملي فاعمل وأد إلي فكان يعمل ويؤدي إلى غير سيده فأيكم يرضى أن يكون عبده كذلك ؟ وإن الله أمركم بالصلاة فإذا صليتم فلا تلتفتوا فإن الله ينصب وجهه لوجه عبده في صلاته ما لم يكن يلتفت وأمركم بالصيام فإن مثل ذلك كمثل رجل في عصابة معه صرة فيها مسك كلهم يعجب أو يعجبه ريحه وأن ريح الصائم أطيب عند الله تعالى من ريح المسك وأمركم بالصدقة فإن مثل ذلك مثل رجل أسره العدو فأوثقوا يديه إلى عنقه وقدموه ليضربوا عنقه فقال : أنا أفتدي منكم بالقليل والكثير ففدى نفسه منهم وأمركم أن تذكروا الله تعالى فإن مثل ذلك كمثل رجل خرج العدو في أثره سراعا حتى إذا أتى على حصن حصين فأحرز نفسه منهم كذلك العبد لا يحرز نفسه من الشيطان إلا بذكر الله تعالى

”നിശ്ചയം, അല്ലാഹു യഹ്‌യ നബി(അ)യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി(അ) അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്‌യ(അ) പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്‌യ(അ) ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?

നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.

അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.

അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.

അവന്‍ നിങ്ങളോടു ‘ദിക്ര്‍’ ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ(ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല.

قال النبي صلي الله عليه وسلم وأنا آمركم بخمس الله أمرني بهن : السمع والطاعة والجهاد والهجرة والجماعة فإنه من فارق الجماعة قيد شبر فقد خلع ربقة الإسلام من عنقه إلا أن يراجع ومن ادعى دعوى الجاهلية فإنه من جثى جهنم فقال رجل : يارسول الله وإن صلى وصام ؟ قال وإن صلى وصام فادعوا بدعوا الله الذي سماكم المسلمين المؤمنين عباد الله

നബി ﷺ പറഞ്ഞു: ”ഞാന്‍ നിങ്ങളോട് അഞ്ച് കാര്യങ്ങള്‍ കല്‍പിക്കുന്നു; അല്ലാഹു അവ എന്നോട് കല്‍പിച്ചതാണ്. കേള്‍ക്കല്‍ (സംഅ്), അനുസരിക്കല്‍ (ത്വാഅത്ത്), ധര്‍മസമരം (ജിഹാദ്), ദേശപരിത്യാഗം(ഹിജ്‌റ), സംഘടിച്ച് നില്‍ക്കല്‍(അല്‍ജമാഅഃ) എന്നിവയാണവ. അല്‍ജമാഅ(സത്യസംഘം)യെ വിട്ട് അല്‍പമെങ്കിലും ആരെങ്കിലും അകന്നാല്‍ അയാള്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിനെ അഴിച്ചുവെക്കുകയാണ് ചെയ്തത്; തിരിച്ചുവരുന്നത് വരെ. അനിസ്‌ലാമികമായ വല്ല വാദങ്ങളും ആരെങ്കിലും വാദിച്ചാല്‍ നിശ്ചയം അയാള്‍ നരകാവകാശികളില്‍ പെട്ടവനായി.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”നബിയേ, അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും?” അവിടുന്ന് പറഞ്ഞു: ”അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും! അതിനാല്‍, അല്ലാഹുവിന്റെ അടിമകളായ വിശ്വാസികളേ, നിങ്ങളെ മുസ്‌ലിംകള്‍ എന്ന് പേരുവിളിച്ച അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളെ നിങ്ങള്‍ പുല്‍കുക” (തിര്‍മിദി. ഇത് ഹസനും സ്വഹീഹുമായ ഹദീഥ് ആണെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ്, ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്).

ഓരോ മുസ്‌ലിമും ശരിക്ക് ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യേണ്ടതായ ഈ വിലപ്പെട്ട ഹദീഥിലൂടെ നബി ﷺ പറഞ്ഞത്; പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഒരാളെ രക്ഷപ്പെടുത്തുന്ന കാര്യങ്ങളും ഒരാള്‍ക്ക് ഇഹപര വിജയം നേടിക്കൊടുക്കുന്ന കാര്യങ്ങളുമാണ്.

ഏകദൈവ വിശ്വാസി(മുവഹ്ഹിദ്)യുടെയും ബഹുദൈവ വിശ്വാസി(മുശ്‌രിക്ക്)യുടെയും ഉപമ പറഞ്ഞത് ശ്രദ്ധേയമാണ്. ഏകദൈവ വിശ്വാസി തന്റെ യജമാനന്റെ വീട്ടില്‍ യജമാനന് വേണ്ടി ജോലി ചെയ്തവനെ പോലെയാണ്. യജമാനന്‍ അയാളെ ഏല്‍പിച്ച പണികള്‍ അയാള്‍ ചെയ്തു. എന്നാല്‍ ബഹുദൈവ വിശ്വാസിയാകട്ടെ യജമാനന്‍ തന്റെ വീട്ടില്‍ ജോലിക്ക് നിശ്ചയിച്ചവനെ പോലെയാണ്. എന്നിട്ടയാള്‍ ജോലി ചെയ്തതും തന്റെ വരുമാനമേല്‍പിച്ചതും യജമാനനല്ലാത്ത മറ്റൊരാള്‍ക്കാണ്! ഇതുപോലെയാണ് ബഹുദൈവാരാധകന്‍; അല്ലാഹുവിന്റെ ഭവനത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുമായി അല്ലാഹുവിന്റെ ശത്രുവിലേക്ക് അയാള്‍ അടുത്തുകൊണ്ടിരിക്കുകയാണ്!

മനുഷ്യന്മാര്‍ക്കാര്‍ക്കെങ്കിലും ഇതുപോലെ ഒരു ഭൃത്യനോ ദാസനോ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇവനോട് ഏറ്റവും വെറുപ്പും ദേഷ്യവുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അയാള്‍ അവനോട് അങ്ങേയറ്റം ദേഷ്യപ്പെടുകയും അവനെ ആട്ടിയകറ്റുകയും ചെയ്യും. രണ്ടുപേരും ഒരേപോലെ സൃഷ്ടികളാണ്; രണ്ടുപേരും തങ്ങളുടെതല്ലാത്ത സൗകര്യങ്ങളിലും അനുഗ്രഹങ്ങളിലും. എന്നിരിക്കെ സര്‍വലോക രക്ഷിതാവായ, ഏതൊരാള്‍ക്കും ഏതേത് അനുഗ്രഹങ്ങളും നല്‍കിയ ഏകനായ രക്ഷിതാവ്, അവനിലൂടെയാണ് ഓരോരുത്തര്‍ക്കുള്ള നന്മകളെല്ലാം വന്നെത്തുന്നതും ദോഷങ്ങളെല്ലാം അകറ്റുന്നതും. അവന്‍ മാത്രമാണ് തന്റെ അടിമയെ സൃഷ്ടിച്ചതും അവനു കരുണ ചെയ്യുന്നതും അവനെ നിയന്ത്രിക്കുന്നതും ഉപജീവനം നല്‍കുന്നതും അവനു സൗഖ്യം നല്‍കുന്നതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും, എന്നിരിക്കെ എന്തുമാത്രം അക്രമമാണ് ബഹുദൈവത്വത്തിലൂടെ അവന്‍ ചെയ്യുന്നത്!

എങ്ങനെയാണ് അവന് തന്റെ രക്ഷിതാവിനോട് സ്‌നേഹത്തിലും ഭയത്തിലും പ്രതീക്ഷയിലും സത്യം ചെയ്യലിലും നേര്‍ച്ചനേരുന്നതിലും ഇടപാടുകളിലുമൊക്കെ മറ്റുള്ളവരെ തുല്യരാക്കാനും പങ്കുചേര്‍ക്കാനും പറ്റുക? അങ്ങനെ അവന്‍ പടച്ചവനെ സ്‌നേഹിക്കുന്നതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഉപരിയായി മറ്റുള്ളവരെ സ്‌നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു!

അവരുടെ സ്ഥിതിഗതികളും വാക്കുകളും പ്രവൃത്തികളുമെല്ലാം സാക്ഷികളായി സ്വയം വിളിച്ചു പറയുന്നുണ്ട്; അവര്‍ തങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പങ്കാളികളെ ഭയപ്പെടുകയും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അവരുടെ തൃപ്തി നേടുകയും അവരുടെ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുകയും അവരോടു സഹവര്‍ത്തിത്വത്തിനൊരുങ്ങുകയും ചെയ്യുന്നു എന്ന്.

ഇത് തന്നെയാണ് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ‘ശിര്‍ക്ക്’ അഥവാ പങ്കുചേര്‍ക്കല്‍. അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖുർആൻ:4/48)

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا

തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖുർആൻ:4/116)

മനുഷ്യരുടെ അന്യായങ്ങളുടെയും അക്രമങ്ങളുടെയും മൂന്നുതരം ഏടുകളാണ് അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പക്കലുണ്ടാവുക:

1) അല്ലാഹു പൊറുക്കാത്ത അക്രമങ്ങളുടെ ഏട്. അത് ബഹുദൈവത്വ (ശിര്‍ക്ക്)ത്തിന്റെതാണ്. നിശ്ചയം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത് അവന്‍ ഒരിക്കലും പൊറുക്കുകയില്ല.

2) ഒന്നും അല്ലാഹു ഒഴിവാക്കി വിട്ടുകളയാത്തതായ അക്രമങ്ങളുടെ ഏട്. സൃഷ്ടികള്‍ പരസ്പരം ചെയ്ത അന്യായങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയ ഏടാണ് അത്. അല്ലാഹു അവയെല്ലാം വിധി പറഞ്ഞു തീര്‍പ്പുകല്‍പിക്കുന്നതാണ്.

3) അല്ലാഹു പരിഗണിക്കാത്ത അന്യായങ്ങളുടെ ഏട്. അതായത് ഒരു അടിമ തനിക്കും തന്റെ രക്ഷിതാവിനും ഇടയില്‍ ചെയ്തതായ അന്യായങ്ങളാണത്. തീര്‍ച്ചയായും ഈ രേഖയായിരിക്കും ഏറ്റവും ഗൗരവം കുറഞ്ഞതും പെട്ടെന്ന് മറന്നുപോകുന്നതും. നിശ്ചയം, അത് തൗബ (പശ്ചാത്താപം), ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍), തിന്മയെ മായ്ക്കുന്ന നന്മകള്‍, പാപം പൊറുക്കുവാനുതകുന്ന പ്രയാസങ്ങള്‍ മുതലായവയിലൂടെയെല്ലാം മായ്ച്ചുകളയാവുന്നതാണ്. എന്നാല്‍ ബഹുദൈവാരാധനയുടെ (ശിര്‍ക്കിന്റെ) ഏട് ഇതുപോലെയല്ല. അത് ഏകദൈവാരാധന(തൗഹീദ്)യിലൂടെയല്ലാതെ മായ്ച്ചുകളയാന്‍ പറ്റില്ല. അപ്രകാരം തന്നെ സഹജീവികളോട് ചെയ്ത അന്യായങ്ങളും പൊറുക്കപ്പെടണമെങ്കില്‍ അവയില്‍ നിന്ന് ഒഴിവായി അതിന്റെ ഉടമയെ അറിയിക്കുകയും പൊരുത്തപ്പെടുവിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ മൂന്നു ഏടുകളിലും അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഗൗരവമേറിയത് ബഹുദൈവാരാധന (ശിര്‍ക്ക്) ആയതിനാല്‍ അതിന്റെ വക്താക്കള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി. ബഹുദൈവാരാധകരായ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പ്രത്യുത ഏകദൈവാരാധകരാണ് സ്വര്‍ഗത്തില്‍ കടക്കുക. ഏകദൈവ വിശ്വാസം (തൗഹീദ്) ആണ് സ്വര്‍ഗ കവാടത്തിന്റെ താക്കോല്‍. പ്രസ്തുത താക്കോലില്ലാത്തവര്‍ക്ക് സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ല. അപ്രകാരം തന്നെ താക്കോലുമായി വരികയും എന്നാല്‍ അതിന്റെ പല്ലുകള്‍ ഇല്ലാതിരിക്കുകയും ചെയ്താലും അതുപയോഗിച്ചു സ്വര്‍ഗവാതിലുകള്‍ തുറക്കാന്‍ സാധിക്കുകയില്ല.

താക്കോലിന്റെ പല്ലുകളെന്നു പറഞ്ഞത് നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ധര്‍മ സമരം (ജിഹാദ്), നന്മ കല്‍പിക്കല്‍, സംസാരത്തിലെ സത്യത, വിശ്വസ്തത പാലിക്കല്‍, കുടുംബബന്ധം ചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെയാണ്. അതിനാല്‍ ഏതൊരാള്‍ ഈ ലോകത്തുവെച്ച് തൗഹീദിന്റെ ശരിയായ ഒരു താക്കോല്‍ ഉണ്ടാക്കിയെടുക്കുകയും പടച്ചവന്റെ കല്‍പനകളുടെതായ പല്ലുകള്‍ അതിനു പിടിപ്പിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ സ്വര്‍ഗകവാടത്തിലെത്തി ആ താക്കോലു കൊണ്ട് വാതില്‍ തുറക്കാന്‍ കഴിയും. അതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ല. എന്നാല്‍ അയാള്‍ ചെയ്ത പാപങ്ങളുടെയും തെറ്റുകുറ്റങ്ങളുടെയും അടയാളങ്ങള്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിലൂടെയും പാപമോചന തേട്ടത്തിലൂടെയും നീക്കിക്കളയാനായില്ലെങ്കില്‍ പ്രശ്‌നമാണ്. അപ്പോള്‍ സ്വര്‍ഗത്തിന് മുമ്പില്‍ അയാള്‍ തടയപ്പെടുകയും ശുദ്ധീകരണ നടപടികളെടുക്കുകയും ചെയ്യും. മഹ്ശറിലെ ദീര്‍ഘമായ നിറുത്തവും അവിടുത്തെ ഭയാനകതകളും പ്രയാസങ്ങളും അയാളെ ശുദ്ധീകരിച്ചില്ലെങ്കില്‍ പിന്നെ തെറ്റുകുറ്റങ്ങളുടെ മാലിന്യങ്ങള്‍ നീക്കാന്‍ നരകത്തില്‍ കടക്കല്‍ അനിവാര്യമായി. അങ്ങനെ ആ പാപങ്ങളുടെ അഴുക്കുകളില്‍നിന്ന് ശുദ്ധമായി കഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്തു കൊണ്ടുവന്ന്, ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. കാരണം, സ്വര്‍ഗമെന്നത് വിശുദ്ധരുടെ ഭവനമാണ്; വിശുദ്ധരല്ലാതെ അവിടെ പ്രവേശിക്കുകയില്ല.

അല്ലാഹു പറയുന്നു:

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ

അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. (ഖുർആൻ:16/32)

‘നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക’ എന്ന് പറഞ്ഞതില്‍ നിന്ന് ആ സംശുദ്ധിയാണ് സ്വര്‍ഗപ്രവേശനത്തിന് നിമിത്തമായതെന്നു വ്യക്തമാണ്.

എന്നാല്‍ നരകമാകട്ടെ, വാക്കുകളിലും പ്രവൃത്തികളിലും അന്നപാനീയങ്ങളിലുമെല്ലാം മാലിന്യം പേറിയവരുടെ വാസസ്ഥലമാണ്; വൃത്തികെട്ടവരുടെ ഭവനം.

അല്ലാഹു പറയുന്നു:

لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍ فَيَرْكُمَهُۥ جَمِيعًا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ‎

അല്ലാഹു നല്ലതില്‍നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. (ഖുർആൻ:8/37)

അല്ലാഹു വൃത്തികേടുകളെയും മാലിന്യങ്ങളെയും ഒരുമിച്ചുകൂട്ടുകയും എന്നിട്ട് നരകവാസികളോടൊപ്പം നരകത്തിലാക്കുകയും ചെയ്യും. നീചരല്ലാതെ അതില്‍ ഉണ്ടാവുകയില്ല.

ജനങ്ങള്‍ മൂന്നു തരക്കാരാണ്. അവര്‍ക്കുള്ള വാസസ്ഥലങ്ങളും മൂന്നു തരമാണ്. 1) വൃത്തികേടുകള്‍ പുരളാത്ത വിശുദ്ധര്‍. 2) വിശുദ്ധി തീണ്ടിയിട്ടില്ലാത്ത മ്ലേച്ഛര്‍. 3) വിശുദ്ധിയും വൃത്തികേടുകളും കൂടിക്കലര്‍ന്ന മറ്റൊരു കൂട്ടര്‍.

ഒന്നാമത്തെ വിഭാഗത്തിന് തികച്ചും വിശുദ്ധമായ ഭവന(സ്വര്‍ഗം)മാണുള്ളത്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ തികച്ചും മ്ലേച്ഛമായ ഭവന(നരകം)വും. ഈ രണ്ടു ഭവനങ്ങളും (സ്വര്‍ഗവും നരകവും) നശിക്കുകയില്ല; ശാശ്വതമാണ്.

എന്നാല്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന മൂന്നാമത്തെ വിഭാഗത്തിന്റെ ഭവനം; അത് നശിക്കുന്നതാണ്, ശാശ്വതമല്ല. അതായത്, മറ്റു പാപങ്ങള്‍ ചെയ്തവര്‍ക്കുള്ള ശിക്ഷയുടെ ഭവനം. നിശ്ചയം (ഏകദൈവ വിശ്വാസികളില്‍പെട്ട ഒരാളും) നരകത്തില്‍ ശാശ്വത വാസിയാവുകയില്ല. അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ തോതനുസരിച്ച് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്ത് കൊണ്ടുവരപ്പെടുന്നതായിരിക്കും. എന്നിട്ട് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അപ്പോള്‍ അവസാനം തികച്ചും വൃത്തികെട്ടവരുടെത് മാത്രമായ നരകം മാത്രമായിരിക്കും ശേഷിക്കുക.

ഹദീഥില്‍ പറഞ്ഞ രണ്ടാമത്തെ വിഷയം നമസ്‌കാരമാണ്. ‘അല്ലാഹു നിങ്ങളോടു നമസ്‌കാരം നിര്‍വഹിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നിന്നുകഴിഞ്ഞാല്‍ പിന്നെ മറ്റു ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കരുത്. കാരണം ഒരാള്‍ നമസ്‌കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖം അയാളുടെ നേര്‍ക്ക് തന്നെ തിരിച്ചു നിര്‍ത്തുന്നതായിരിക്കും.’

നമസ്‌കാരത്തില്‍ വിലക്കപ്പെട്ട ‘തിരിഞ്ഞുനോട്ടം’ രണ്ടുതരമുണ്ട്. അതില്‍ ഒന്ന് ഹൃദയംകൊണ്ട് അല്ലാഹുവില്‍നിന്ന് മറ്റുള്ളവരിലേക്ക് തിരിയലാണ്. രണ്ടാമത്തെത് ദൃഷ്ടികൊണ്ടുള്ള തിരിഞ്ഞുനോട്ടവും. രണ്ടും വിലക്കപ്പെട്ടതാണ്. ഒരാള്‍ പരിപൂര്‍ണമായി നമസ്‌കാരത്തിലേക്ക് മുന്നിടുകയാണെങ്കില്‍ അല്ലാഹുവും അയാളിലേക്ക് മുന്നിടുന്നതാണ്. എന്നാല്‍ അയാള്‍ തന്റെ ഹൃദയംകൊണ്ടോ ദൃഷ്ടികൊണ്ടോ അല്ലാഹുവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ അല്ലാഹു അയാളില്‍നിന്നും തിരിഞ്ഞു കളയും.

ഒരാള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് ഇപ്രകാരമാണ്:

اختلاس يختلسه الشيطان من صلاة العبد

”അത്, ഒരു ദാസന്റെ നമസ്‌കാരത്തില്‍നിന്നും പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണ്” (ബുഖാരി).

മറ്റൊരുവചനത്തില്‍ ഇപ്രകാരം കാണാം: ”അല്ലാഹു ചോദിക്കും: എന്നെക്കാള്‍ ഉത്തമനായതിലേക്കാണോ അയാള്‍ തിരിയുന്നത്? എന്നെക്കാള്‍ വിശിഷ്ടമായതിലേക്കാണോ?” (ബസ്സാര്‍. ഇമാം ഹൈതമി(റഹി) പറയുന്നു: ഇതിന്റെ പരമ്പരയില്‍ ഫദ്‌ലുബ്‌നു ഈസ അര്‍റാശി എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.” (മജ്മഉസ്സവാഇദ് 2/80). (വിശദവിവരത്തിനു സില്‍സിലഃ ദഈഫഃ (2694ാം നമ്പര്‍ ഹദീഥ്) കാണുക).

ദൃഷ്ടികൊണ്ടോ മനസ്സുകൊണ്ടോ നമസ്‌കാരത്തില്‍ മറ്റുള്ളവരിലേക്ക് തിരിയുന്നവന്റെ ഉപമ ഒരാളുടേതു പോലെയാണ്. അയാളെ രാജാവ് ക്ഷണിച്ചു വരുത്തി, തന്റെ മുമ്പില്‍ കൊണ്ടുവന്നു നിറുത്തി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞ് അയാളെ വിളിക്കുകയും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ രാജാവിനെ ഗൗനിക്കാതെ ഇടത്തോട്ടും വലത്തോട്ടും അയാള്‍ തിരിഞ്ഞു നോക്കുകയോ അതല്ലെങ്കില്‍ രാജാവ് പറഞ്ഞത് ശ്രദ്ധിക്കാതെ മനസ്സ് എങ്ങോട്ടോ തിരിക്കുകയോ ചെയ്താല്‍ എന്തായിരിക്കും രാജാവ് അയാളെ ചെയ്യുക? ഏറ്റവും ചുരുങ്ങിയത് രാജാവിന്റെ അടുക്കല്‍നിന്ന് കോപിക്കപ്പെട്ടവനും ആട്ടിയകറ്റപ്പെട്ടവനുമായ നിലയില്‍ രാജാവിന്റെ യാതൊരു പരിഗണയും കിട്ടാതെ അയാള്‍ക്ക് മടങ്ങേണ്ടി വരില്ലേ?

ഇത്തരത്തില്‍ നമസ്‌കരിക്കുന്നയാളും ഹൃദയ സാന്നിധ്യത്തോടെ നമസ്‌കാരത്തില്‍ അല്ലാഹുവിലേക്ക് പൂര്‍ണമായി തിരിഞ്ഞയാളും ഒരിക്കലും സമമാവുകയില്ല. താന്‍ ആരുടെ മുമ്പിലാണ് നില്‍ക്കുന്നതെന്നും അവന്റെ മഹത്ത്വമെന്താണെന്നും അയാള്‍ തന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അയാളുടെ മനസ്സ് നിറയെ പടച്ചവനോടുള്ള ഗാംഭീര്യവും സ്‌നേഹാദരവുകളുമാണ്. അയാളുടെ പിരടി അവന്റെ മുന്നില്‍ കുനിക്കുകയും തന്റെ രക്ഷിതാവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിയാന്‍ അയാള്‍ ലജ്ജിക്കുകയും ചെയ്യും.

ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞത് പോലെ ഈ രണ്ടുപേരുടെ നമസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അദ്ദേഹം പറഞ്ഞു:

إن الرجلين ليكونان في الصلاة الواحدة وأن ما بينهما في الفضل كما بين السماء والأرض

‘രണ്ടാളുകള്‍ ഒരേ നമസ്‌കാരം നിര്‍വഹിക്കുകയാണ്. എന്നാല്‍ ശ്രേഷ്ഠതയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും തമ്മില്‍ ആകാശഭൂമികളോളം അന്തരമുണ്ടായിരിക്കും.’ (ഇബ്‌നുല്‍ മുബാറക്, കിതാബുസ്സുഹ്ദ്).

അതെന്തുകൊണ്ടെന്നാല്‍, അവരിലൊരാള്‍ തന്റെ ഹൃദയവുമായി അല്ലാഹുവിലേക്ക് മുന്നിട്ടവനും മറ്റെയാള്‍ അശ്രദ്ധനും മറവിക്കാരനുമായത് കൊണ്ടാണ്.

ഒരാള്‍ തന്നെപോലെയുള്ള ഒരു മനുഷ്യന്റെ അടുക്കലേക്ക് മുന്നിട്ടുചെല്ലുകയും അവര്‍ക്കിടയില്‍ സുതാര്യമായ ഇടപെടലിന് സാധ്യമാകാത്ത വിധത്തില്‍ വല്ല മറയും ഉണ്ടായിരിക്കുകയും ചെയ്താല്‍ പ്രസ്തുത പോക്കും സമീപനവും ശരിയായ രൂപത്തിലായില്ല എന്ന് പ്രത്യേകംപറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ സ്രഷ്ടാവിന്റെ കാര്യത്തില്‍ എന്താണ് വിചാരിച്ചത്?

സ്രഷ്ടാവായ അല്ലാഹുവിലേക്ക് മുന്നിടുമ്പോള്‍ അയാള്‍ക്കും പടച്ചവനും ഇടയില്‍ ദേഹേച്ഛകളുടെയും ദുര്‍ബോധനങ്ങളുടെയും (വസ്‌വാസുകള്‍) മറയുണ്ടാവുകയും മനസ്സ് അവയുമായി അഭിരമിക്കുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? കുറെ വസ്‌വാസുകളും മറ്റു ചിന്തകളും അയാളുടെ ശ്രദ്ധ തെറ്റിച്ചുകളയുകയും നാനാവഴികളിലേക്കും അയാളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമ്പോള്‍ അത് എന്തൊരു ‘മുന്നിടല്‍’ ആയിരിക്കും?!

ഒരാള്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ പിശാചിന് അത് ഏറെ അസഹ്യമായിരിക്കും. കാരണം, അയാള്‍ നില്‍ക്കുന്നത് ഏറ്റവും മഹത്തരമായ ഒരു സ്ഥാനത്തും സന്ദര്‍ഭത്തിലുമാണ്. അത് പിശാചിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനാല്‍ ആ നമസ്‌കാരക്കാരനെ അവിടെ നേരാംവണ്ണം നിര്‍ത്താതിരിക്കാന്‍ എന്തൊക്കെയാണോ ചെയ്യാന്‍ പറ്റുക അതൊക്കെയുമായി പിശാച് കിണഞ്ഞ് പരിശ്രമിക്കും. അയാള്‍ക്ക് പലതരം മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി മുന്നില്‍ ചെന്ന് നമസ്‌കാരത്തിന്റെ സുപ്രധാനമായ പലതില്‍നിന്നും അയാളുടെ ശ്രദ്ധ തെറ്റിക്കുകയും മറപ്പിച്ചുകളയുകയും ചെയ്യും. പിശാച് തന്റെ സര്‍വ സന്നാഹങ്ങളുമായി അയാള്‍ക്കെതിരെ തിരിയുകയും നമസ്‌കാരത്തിന്റെ ഗൗരവവും പ്രാധാന്യവും കുറച്ചുകാട്ടി അതിനെ നിസ്സാരമാക്കുകയും അങ്ങനെ അതില്‍ ശ്രദ്ധയില്ലാതെയും അത് പാടെ ഉപേക്ഷിക്കുന്നതിലേക്കും അയാളെ കൊണ്ടുചെന്നെത്തിക്കും.

ഇനി പിശാചിന് അതിനു സാധിക്കാതെ വരികയും ഒരാള്‍ പിശാചിനെ ധിക്കരിച്ചു നമസ്‌ക്കരിക്കാന്‍ നില്‍ക്കുകയും ചെയ്താല്‍ പിശാച് അവന്റെ രണ്ടാമത്തെ പണിയുമായി വരും. എന്നിട്ടു പലതും അയാളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയും നമസ്‌കാരത്തിനും അയാളുടെ മനഃസാന്നിധ്യത്തിനുമിടയില്‍ മറ സൃഷ്ട്ടിച്ചുകൊണ്ടിരിക്കും. നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ഓര്‍മയില്ലാതിരുന്ന പലതിനെക്കുറിച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ ചിലപ്പോള്‍ അയാള്‍ മറന്നുപോയ തന്റെ ലക്ഷ്യവും ആവശ്യങ്ങളും ഈ പ്രേരണകൊണ്ട് ഓര്‍ത്തെടുക്കുകയും അതുമായി മനസ്സ് വ്യാപൃതനാവുകയും ചെയ്യും. അതിലൂടെ അയാളെ അല്ലാഹുവിന്റെ വഴിയില്‍നിന്നും പിശാച് തട്ടിയെടുക്കുകയും ഹൃദയസാന്നിധ്യമില്ലാതെ കേവലം ഒരു ജഡം മാത്രമായി നില്‍ക്കുന്ന ഒരവസ്ഥയിലായി നമസ്‌കാരം നിര്‍വഹിച്ചു തീര്‍ക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പിന്നെ അല്ലാഹുവിലേക്ക് പരിപൂര്‍ണ മനസ്സും ശരീരവുമായി മുന്നിട്ട് അവന്റെ സാമീപ്യവും ആദരവും കരസ്ഥമാക്കുന്ന ഒരു യഥാര്‍ഥ ഭക്തന് കിട്ടുന്ന യാതൊന്നും നേടിയെടുക്കാനാവാതെ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയില്‍തന്നെ തന്റെ പാപഭാരങ്ങളും തെറ്റുകുറ്റങ്ങളുമായി അയാള്‍ക്ക് നമസ്‌കാരത്തില്‍നിന്ന് വിരമിക്കുകയും ചെയ്യേണ്ടിവരും. പ്രസ്തുത നമസ്‌കാരം കൊണ്ട് അവയില്‍നിന്ന് യാതൊരു ലഘൂകരണവും അയാള്‍ക്ക് നേടിയെടുക്കാനാവില്ല.

തീര്‍ച്ചയായും നമസ്‌കാരത്തിന്റേതായ ബാധ്യതകള്‍ നിറവേറ്റുകയും അതിന്റെ ഭക്തി പൂര്‍ത്തീകരിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ഹൃദയസാന്നിധ്യത്തോടുകൂടി നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ നമസ്‌കാരംകൊണ്ടുള്ള പാപം പൊറുക്കലും ആസ്വാദനവുമൊക്കെ കിട്ടുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിയുമ്പോള്‍ മനസ്സിനൊരു ആശ്വാസവും തന്റെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച നിര്‍വൃതിയും പ്രത്യേകമായ ഉന്മേഷവും ചൈതന്യവുമൊക്കെ അയാള്‍ക്ക് കിട്ടും. എത്രത്തോളമെന്നാല്‍ ആ നമസ്‌കാരത്തെ വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ക്ക് തീരെ താല്‍പര്യമില്ലാതെ അതില്‍തന്നെ തുടരാന്‍ കൊതിക്കുകയും ചെയ്യും.

എന്തുകൊണ്ടെന്നാല്‍ ആ നമസ്‌കാരം അയാളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആത്മാവിനു സൗഖ്യവും ഹൃദയത്തിന്റെ സ്വര്‍ഗത്തോപ്പും ദുന്‍യാവിലെ വിശ്രമ സ്ഥലവുമൊക്കെയായി അയാള്‍ ആസ്വദിക്കുകയായിരുന്നു. ആ നമസ്‌കാരത്തിലേക്ക് വീണ്ടും തിരിച്ചുചെല്ലുന്നതുവരെ വല്ലാത്തൊരു ഇടുക്കത്തിലും ഞെരുക്കത്തിലും പെട്ടു തടവറയില്‍ കഴിയുന്നത് പോലെയായിരിക്കും അയാള്‍ക്ക്. ആ നമസ്‌കാരത്തിലൂടെയാണ് അയാള്‍ ആശ്വാസം കണ്ടെത്തുക. അല്ലാതെ, അതില്‍നിന്ന് വിരമിക്കുന്നതിലല്ല അയാള്‍ ആശ്വാസം കണ്ടെത്തുക. അതിനാല്‍ നന്മയുടെ വക്താക്കളായ, നമസ്‌കാരത്തെ ഇഷ്ടപ്പെടുന്നവര്‍ ഇങ്ങനെ പറയും: ‘ഞങ്ങള്‍ നമസ്‌കരിക്കുകയും നമസ്‌കാരത്തിലൂടെ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.’ അവരുടെ നേതാവും മാതൃകാപുരുഷനും പ്രവാചകനുമായ മുഹമ്മദ് നബി ﷺ പറഞ്ഞത് പോലെ:(يا بلال أرحنا بالصلاة) ‘ബിലാലേ, നമസ്‌കാരംകൊണ്ട് നമുക്ക് ആശ്വാസം പകരൂ’ (അഹ്മദ്, അബൂദാവൂദ്). നമസ്‌കാരത്തില്‍നിന്ന് ആശ്വാസം തരൂ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

قال صلى الله عليه و سلم [ جعلت قرة عيني في الصلاة

നബി ﷺ പറഞ്ഞു: ”എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്’ (അഹ്മദ്, നസാഈ).

ആരുടെയെങ്കിലും കണ്‍കുളിര്‍മ നമസ്‌കാരത്തിലാണുള്ളതെങ്കില്‍ അതല്ലാതെ മറ്റെന്തിലൂടെയാണ് അയാള്‍ക്കത് നേടാനാവുക? ആ നമസ്‌കാരത്തെ വിട്ട് എങ്ങനെയാണയാള്‍ക്ക് ക്ഷമിച്ചിരിക്കാനാവുക?

നമസ്‌കാരത്തില്‍ കണ്‍കുളിര്‍മ കിട്ടുന്ന ഹൃദയസാന്നിധ്യത്തോടെ നമസ്‌കാരം നിര്‍വഹിക്കുന്ന ആളുടെ നമസ്‌കാരമാണ് അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. അതാണ് പ്രകാശവും പ്രമാണവും. അല്ലാഹു അയാളെ അതിനോടൊപ്പം സ്വീകരിക്കും. അപ്പോള്‍ അത് ഇപ്രകാരം പറയുമത്രെ: ‘എന്നെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ!’ എന്നാല്‍ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാത്ത ഭയഭക്തിയും നമസ്‌കാരത്തിന്റെ മറ്റു അതിര്‍വരമ്പുകളും ശ്രദ്ധിക്കാത്ത പല വീഴ്ചകളും വരുത്തിയയാളുടെ നമസ്‌കാരം പഴയ വസ്ത്രങ്ങള്‍ ചുരുട്ടിയത് പോലെ ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് എറിയപ്പെടും. അപ്പോള്‍ അത് അയാളോടിങ്ങനെ പറയുമത്രെ: ‘എന്നെ അവഗണിച്ച നിന്നെയും അല്ലാഹു അവഗണിക്കട്ടെ.’

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് അബൂശജറയും അദ്ദേഹത്തില്‍ നിന്ന് അബൂസ്സാഹിരിയ്യയും അദ്ദേഹത്തില്‍നിന്ന് സഈദുബ്‌നു സിനാനും അദ്ദേഹത്തില്‍നിന്ന് ബക്‌റുബ്‌നു ബിശ്‌റും വഴി ഉദ്ധരിക്കുന്ന മര്‍ഫൂആയ ഒരു ഹദീഥില്‍ ഇപ്രകാരം പറയപ്പെടുന്നു: ‘ഏതൊരു വിശ്വാസി വുദൂഅ് ശരിയായ വിധത്തില്‍ പൂര്‍ത്തികരിക്കുകയും ഒരു നമസ്‌കാരത്തിന്റെ സമയത്തുതന്നെ അത് അല്ലാഹുവിനായി നിര്‍വഹിക്കുകയും ചെയ്താല്‍; അതിന്റെ സമയത്തിലോ റുക്കൂഇലോ സുജൂദിലോ ഒന്നിലും യാതൊരു കുറവ് വരുത്താതെയാണ് അയാള്‍ ചെയ്തതെങ്കില്‍ തീര്‍ച്ചയായും ഇരുഭാഗങ്ങളില്‍ പ്രകാശം വിതറിക്കൊണ്ട് തെളിമയോടെ വിശുദ്ധമായി അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടും. അങ്ങനെ അത് അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നതാണ്.

എന്നാല്‍ ആരെങ്കിലും വുദൂഅ് പൂര്‍ത്തീകരിക്കാതെയും സമയം വൈകിച്ചും റുകൂഇലും സുജൂദിലൂമെല്ലാം വീഴ്ച വരുത്തിയുമാണ് നിര്‍വഹിച്ചതെങ്കില്‍ അത് അയാളില്‍നിന്ന് ഉയര്‍ത്തപ്പെടുക ഇരുള്‍മുറ്റിയ, കറുത്തിരുണ്ട രൂപത്തിലായിരിക്കും. എന്നിട്ടത് അയാളുടെ തലമുടി കടന്ന് മേല്‍പോട്ട് പോവുകയില്ല. പിന്നീടത് ‘എന്നെ നീ അവഗണിച്ചപോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ, എന്നെ നീ അവഗണിച്ച പോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ’ എന്നിങ്ങനെ പറയും (ത്വയാലസി ബസ്സാര്‍ മുതലായവര്‍ ഉദ്ധരിച്ചത്. ഇമാം ഹൈഥമി ‘മജമഉ സ്സവാഇദി’ല്‍ (2/122)പറയുന്നു: ‘ഇതിന്റ സനദില്‍ അഹ് വസ്വ് ഇബ്‌നു ഹകീം എന്ന വ്യക്തിയുണ്ട്. ഇബ്‌നുല്‍ മദീനിയും ഇജ്‌ലിയും അദ്ദേഹത്തെ യോഗ്യനെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം നിരൂപകര്‍ അദ്ദേഹത്തെ അയോഗ്യനെന്നാണു പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള നിവേദകരെല്ലാം യോഗ്യരാണ്.’ ‘ഉഖൈലി അദ്ദുഅഫാഅ്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്).

സ്വികാര്യയോഗ്യമായ നമസ്‌കാരം, സ്വികരിക്കപ്പെടുന്ന സല്‍കര്‍മങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ പടച്ച റബ്ബിന് അനുയോജ്യമായ വിധത്തില്‍ ഒരു അടിമ നിര്‍വഹിക്കുന്നത് എന്നാണ് വിവക്ഷ. അപ്പോള്‍ ഒരാളുടെ നമസ്‌കാരം അല്ലാഹുവിനു പറ്റുന്നതും അനുയോജ്യവുമാണെങ്കില്‍ അത് സ്വികാര്യയോഗ്യമാണ്.

സ്വീകരിക്കപ്പെടുന്ന കര്‍മങ്ങള്‍ രണ്ടുവിധമുണ്ട്:

1) നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളുമൊക്കെ അനുഷ്ഠിക്കുമ്പോള്‍ അയാളുടെ ഹൃദയം അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുകയും നിരന്തരമായി അല്ലാഹുവിനെ കുറിച്ചുള്ള ബോധത്തിലും സ്മരണയിലും (ദിക്ര്‍) ആയിരിക്കുകയും ചെയ്യും. ഈ അടിമയുടെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവന്റെ നേരെ നില്‍ക്കുകയും അല്ലാഹു അതിലേക്ക് (കാരുണ്യത്തിന്റെ തിരു നോട്ടം) നോക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അതിലേക്ക് നോക്കിയാല്‍ അത് അവന്റ ‘വജ്ഹ്’ ഉദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കമായി ചെയ്തതാണെന്നും ഒരു നിഷ്‌കളങ്കനും അല്ലാഹുവിനെ സ്‌നേഹിക്കുന്നവനും അവനിലേക്ക് സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്നവന്റെ നല്ല ഹൃദയത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാഹു കാണും. അല്ലാഹു അതിനെ ഇഷ്ടപ്പെടുകയും തൃപ്തി രേഖപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും.

2. രണ്ടാമത്തെ ഇനം ഒരാള്‍ സല്‍കര്‍മങ്ങളും ആരാധനകളും കേവലമായ പതിവുകളെന്ന നിലയിലും അശ്രദ്ധയിലും ചെയ്യുന്ന രീതിയാണ്. അയാള്‍ അതിലൂടെ അല്ലാഹുവിന് വഴിപ്പെടലും അവനിലേക്കുള്ള സാമീപ്യവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അയാളുടെ അവയവങ്ങള്‍ അതില്‍ വ്യാപൃതമാണ്. എന്നാല്‍ ഹൃദയമാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നും (ദിക്ര്‍) അശ്രദ്ധമാണ്. നമസ്‌കാരത്തിന്റെ മാത്രമല്ല, അയാളുടെ മറ്റു കര്‍മങ്ങളുടെയും സ്ഥിതി ഇതുപോലെ തന്നെയാണ്. ഇയാളുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ അവ അവന്റെ നേരെ നില്‍ക്കുകയില്ല. അല്ലാഹുവിന്റെ കാരുണ്യത്താലുള്ള തിരുനോട്ടം അതിനു ലഭിക്കുകയില്ല. മറിച്ച് കര്‍മങ്ങളുടെ ഏടുകള്‍ വെക്കുന്നത് പോലെ അത് ഒരിടത്ത് വെക്കപ്പെടും. എന്നിട്ടു അന്ത്യനാളില്‍ അത് കൊണ്ടുവരികയും വേര്‍തിരിക്കപ്പെടുകയും ചെയ്യും. അതില്‍നിന്ന് അല്ലാഹുവിനായി ചെയ്തതിനു പ്രതിഫലം നല്‍കുകയും അവന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്തവ തിരസ്‌കരിക്കപ്പെടുകയും ചെയ്യും.

ഇദ്ദേഹത്തിന്റെ കര്‍മങ്ങളെ സ്വീകരിച്ചത് അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട സ്വര്‍ഗിയ കൊട്ടാരങ്ങള്‍, അന്നപാനീയങ്ങള്‍, ഹൂറികള്‍ മുതലായവ നല്‍കിക്കൊണ്ടാണെങ്കില്‍; ആദ്യത്തെ ആള്‍ക്കുള്ള പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ തൃപ്തിയും ആ കര്‍മത്തെയും കര്‍മം ചെയ്തയാളെയും അല്ലാഹു സ്‌നേഹിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും അദ്ദേഹത്തിന്റെ പദവിയും സ്ഥാനവും ഉയര്‍ത്തുകയുമൊക്കെ ചെയ്തുകൊണ്ടായിരിക്കും. അദ്ദേഹത്തിനു കണക്കറ്റ പാരിതോഷികങ്ങള്‍ അല്ലാഹു നല്‍കും. ഇത് ഒന്നാണെങ്കില്‍ മറ്റേത് വേറെയൊന്നാണ്.

മനുഷ്യര്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ അഞ്ചു പദവികളിലാണ്:

1) സ്വന്തത്തോട് അന്യായം പ്രവര്‍ത്തിച്ച, കര്‍മങ്ങളില്‍ വീഴ്ചവരുത്തിയവന്റെത്. അതായത് വുദൂഇലും നമസ്‌കാരസമയത്തിലും അതിന്റെ നിയമ നിര്‍ദേശങ്ങളുടെ അതിര്‍വരമ്പുകളിലും പ്രധാനകര്‍മങ്ങളിലുമൊക്കെ വേണ്ടത്ര സൂക്ഷ്മതയില്ലാതെ വീഴ്ച വരുത്തിയവര്‍.

2) നമസ്‌കാരത്തിന്റെ സമയം, അതിന്റെ നിയമനിര്‍ദേശങ്ങളിലും അതിര്‍വരമ്പുകളിലും അതിന്റെ ബഹ്യമായകര്‍മങ്ങളിലും വുദൂഇലുമൊക്കെ ശ്രദ്ധിക്കുകയും ദേഹച്ഛകളെയും ദുര്‍ബോധനങ്ങളെയും പ്രതിരോധിച്ച് അതിജയിക്കാന്‍ സാധിക്കാതെ മറ്റു ചിന്തകളുടെയും വസ്‌വാസുകളുടെയും പിന്നാലെ പോയവര്‍. അഥവാ പ്രസ്തുത ‘ജിഹാദില്‍’ വീഴ്ച വരുത്തിയവര്‍.

3) നമസ്‌കാരത്തിന്റെ കര്‍മങ്ങളിലും അവയുടെ അതിര്‍വരമ്പുകളിലുമെല്ലാം സൂക്ഷ്മത പാലിച്ചും ശ്രദ്ധപുലര്‍ത്തിയും ‘വസ്‌വാസു’കളെയും മറ്റു ചിന്തകളെയും പ്രതിരോധിച്ചും തന്റെ ശത്രുവുമായുള്ള പോരാട്ടത്തില്‍ വ്യാപൃതനായി, തന്റെ ആരാധനയുടെ യാതൊന്നും ആ ശത്രു അപഹരിച്ചു കൊണ്ടുപോകാതിരിക്കാനായി പാടുപെടുന്നവര്‍. അവര്‍ നമസ്‌കാരത്തിലും അതോടൊപ്പം പോരാട്ടത്തിലുമാണ്.

4) നമസ്‌കരിക്കാന്‍ നിന്നാല്‍ അതിന്റെ ബാധ്യതകളും അതിന്റെ കര്‍മങ്ങളും അതിര്‍വരമ്പുകളുമൊക്കെ ശ്രദ്ധിച്ചു പൂര്‍ത്തികരിച്ചു നിര്‍വഹിക്കുകയും തന്റെ ഹൃദയം ആരാധനയുടെ ബാധ്യതകളും അതിര്‍വരമ്പുകളും ശ്രദ്ധിക്കുന്നതില്‍ പൂര്‍ണമായി മുഴുകുകയും അതില്‍നിന്ന് യാതൊന്നും പാഴായിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കുകയും ചെയ്യുന്നവര്‍. അവരുടെ മുഖ്യമായ ശ്രദ്ധ പ്രസ്തുത ഇബാദത്ത് ഏറ്റവും പരിപൂര്‍ണമായി ഏങ്ങനെ നിര്‍വഹിക്കാമെന്നതിലാണ്. നമസ്‌കാരത്തിന്റ ഗൗരവവും റബ്ബിനോടുള്ള കീഴ്‌പെടലിന്റെ മഹത്ത്വവുമൊക്കെയാണ് അവരുടെ ഹൃദയം നിറയെ ഉള്ളത്.

5) നമസ്‌കരിക്കാന്‍ നിന്നാല്‍ മേല്‍പറഞ്ഞത് പോലെ നില്‍ക്കുകയും അതോടൊപ്പം തന്റെ ഹൃദയത്തെ എടുത്ത് റബ്ബിന് മുമ്പില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തിലൂടെ റബ്ബിനെ നോക്കിയും അവനെ ശ്രദ്ധിച്ചും സൂക്ഷിച്ചും അവനോടുള്ള സ്‌നേഹ ബഹുമാനാദരുവുകളാല്‍ ഹൃദയം നിറച്ചും റബ്ബിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നവനെപ്പോലെ നമസ്‌ക്കരിക്കുന്നവര്‍. മനസ്സിന്റെ ദുഷ് പ്രേരണകളും മറ്റു തോന്നലുകളും ചിന്തകളുമൊക്കെ അവരില്‍നിന്ന് ഓടിയൊളിക്കും. അവര്‍ക്കും പടച്ച റബ്ബിനുമിടയിലുള്ള മറകളെല്ലാം നീങ്ങിപ്പോയതുപോലെയുണ്ടാകും. ഇവരും മറ്റുള്ളവരും തമ്മില്‍ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള അന്തരം ആകാശഭൂമികളെക്കാള്‍ വലുതായിരിക്കും. ഇവര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ പടച്ചറബ്ബുമായി വ്യാപൃതരാവുകയും നമസ്‌കാരത്തിലൂടെ കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുന്നവരാണ്.

ഒന്നാമത്തെ വിഭാഗം ശിക്ഷാര്‍ഹരാണ്. രണ്ടാമത്തെ വിഭാഗം വിചാരണ ചെയ്യപ്പെടുന്നവരും മൂന്നാമത്തെ വിഭാഗം പൊറുക്കപ്പെടുന്നവരും നാലാമത്തെ വിഭാഗം പ്രതിഫലാര്‍ഹരുമാണ്. അഞ്ചാമത്തെ വിഭാഗമാകട്ടെ, അല്ലാഹുവിലേക്ക് ഏറെ സാമീപ്യം സിദ്ധിച്ചവരും. കാരണം അവര്‍ക്ക് നമസ്‌കാരത്തില്‍ കണ്‍കുളിര്‍മയേകപ്പെട്ട നബി ﷺ യോട് സദൃശ്യമായ ഒരു വിഹിതമുണ്ട്. ദുന്‍യാവില്‍വെച്ച് നമസ്‌കാരത്തിലൂടെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ ലഭിക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹുവിനോടുള്ള സാമീപ്യത്താല്‍ തീര്‍ച്ചയായും അവര്‍ക്കും കണ്‍കുളിര്‍മ ലഭിക്കുന്നതാണ്. പടച്ചവനെക്കൊണ്ടും അവരുടെ കണ്ണ് ദുനിയാവില്‍ കുളിര്‍ക്കും. അല്ലാഹുവിനെക്കൊണ്ട് ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ നേടാനായാല്‍ അയാളിലൂടെ എല്ലാ കണ്ണുകള്‍ക്കും കുളിര്‍മ ലഭിക്കും. എന്നാല്‍ അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാന്‍ കഴിയാത്തവരാകട്ടെ, അവര്‍ക്ക് ദുന്‍യാവിനോടുള്ള ഖേദത്താല്‍ ശ്വാസം അവസാനിപ്പിക്കേണ്ടി വരും.

ഒരു അടിമ അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കാരത്തതിനായി നിന്നാല്‍ അല്ലാഹു ഇപ്രകാരം പറയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ‘എന്റെയും എന്റെ അടിമയുടെയും ഇടയിലുള്ള എല്ലാ മറകളും നീക്കുക.’ എന്നാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് തിരിഞ്ഞാല്‍ ആ മറകള്‍ താഴ്ത്തിയിടാന്‍ പറയുമത്രെ!

ഈ തിരിയല്‍കൊണ്ടുള്ള വിവക്ഷ അല്ലാഹുവില്‍നിന്ന് മറ്റു വല്ലതിലേക്കും മനസ്സ് തിരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. അങ്ങനെ മറ്റു വല്ലതിലേക്കും ശ്രദ്ധതിരിക്കുമ്പോള്‍ അല്ലാഹുവിന്റെയും അയാളുടെയും ഇടയില്‍ മറയിടുകയും പിശാച് കടന്നുവരികയും ചെയ്യും. പിന്നെ ദുന്‍യാവിന്റെ പല കാര്യങ്ങളും അയാള്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുക്കും; ഒരു കണ്ണാടിയില്‍ കാണുന്നത് പോലെ അയാള്‍ക്ക് മുമ്പില്‍ കാണിക്കും. എന്നാല്‍ തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മുന്നിടാന്‍ അയാള്‍ക്ക് കഴിയുകയും മറ്റൊന്നിലേക്കും തിരിയാതിരിക്കുകയും ചെയ്താല്‍ പിശാചിന് അയാള്‍ക്കും അല്ലാഹുവിനുമിടയില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയില്ല. പിശാച് ഇടയില്‍ കയറിക്കൂടുന്നത് പ്രസ്തുത മറയുണ്ടാവുമ്പോള്‍ മാത്രമാണ്. മറിച്ച് അല്ലാഹുവിലേക്ക് ഓടിച്ചെല്ലുകയും തന്റെ ഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്താല്‍ പിശാച് ഓടിയകലും. എന്നിട്ട് അല്ലാഹുവില്‍നിന്ന് മുഖം തിരിച്ചാല്‍ പിശാച് ഓടിയെത്തും. നമസ്‌കാരത്തില്‍ പ്രവേശിച്ച ഏതൊരാളുടെ അവസ്ഥയും തന്റെ ശത്രുവായ പിശാചിന്റെ സ്ഥിതിയും ഇതാണ്!

ഒരാള്‍ക്ക് തന്റെ ദേഹേച്ഛയെയും മറ്റു ആഗ്രഹങ്ങളെയും കീഴ്‌പ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നമസ്‌കാരത്തില്‍ ശ്രദ്ധയൂന്നുവാനും റബ്ബുമായി കൂടുതല്‍ അടുത്തുകൊണ്ട് അതില്‍ മുഴുകുവാനും സാധിക്കുക. അല്ലാതെ ആഗ്രഹങ്ങള്‍ കീഴ്‌പ്പെടുത്തുകയും ദേഹേച്ഛ ബന്ധനസ്ഥനാക്കുകയും ചെയ്ത ഹൃദയമാണെങ്കില്‍ പിശാച് തനിക്ക് സൗകര്യപ്രദമായ ഒരു ഇടം അവിടെ കണ്ടെത്തി അടയിരിക്കും. പിന്നെ എങ്ങനെയാണ് ‘വസ്‌വാസു’കളില്‍നിന്നും മറ്റു ചിന്തകളില്‍നിന്നും രക്ഷപ്പെടാനാവുക?

ഹൃദയങ്ങള്‍ അഥവാ മനസ്സുകള്‍ മൂന്നുവിധമാണ്:

1. ഈമാനില്‍നിന്നും സര്‍വ നന്മകളില്‍നിന്നും മുക്തമായ ഹൃദയം. അത് ഇരുള്‍മുറ്റിയ ഹൃദയമാണ്. അതിലേക്ക് ‘വസ്‌വാസുകള്‍’ ഇട്ടുതരാന്‍ പിശാചിന് എളുപ്പമാണ്. കാരണം അത്തരം മനസ്സുകളെ പിശാച് തന്റെ താവളവും സ്വദേശവുമാക്കി താനുദ്ദേശിക്കുന്നത് നടപ്പിലാക്കും. പിശാചിന് പൂര്‍ണമായും സൗകര്യപ്പെട്ട രുപത്തിലായിരിക്കും അത്.

2. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രശോഭിതമാവുകയും അതിന്റെ വിളക്കുകള്‍ കത്തിച്ചുവെക്കുകയും ചെയ്ത ഹൃദയമാണ് രണ്ടാമത്തെത്. അതിന്മേല്‍ ദേഹച്ഛകളുടെ കൊടുങ്കാറ്റുകളും ആഗ്രഹങ്ങളുടെ ഇരുട്ടും അടിക്കുന്നുണ്ട്. പിശാച് അവിടെ വരികയും പോവുകയും ചെയ്യുന്നു. പലതരം വ്യാമോഹങ്ങളുമായി അവിടെയവിടെയെല്ലാം ചുറ്റിക്കറങ്ങുന്നുമുണ്ട്. പിശാചുമായുള്ള പോരാട്ടങ്ങളില്‍ ചിലപ്പോള്‍ വിജയവും മറ്റു ചിലപ്പോള്‍ പരാജയവുമായി അവസ്ഥകള്‍ മാറിമറിയുന്നു. ചിലരുടെതില്‍ ശത്രുവിന്റെ വിജയങ്ങളാണ് കൂടുതല്ലെങ്കില്‍ വേറെ ചിലരുടെതില്‍ ശത്രുവിന്റെ വിജയത്തിനു എണ്ണക്കുറവായിരിക്കും. മറ്റു ചിലരുടെതില്‍ സമാസമമായിരിക്കും.

3. ഈമാന്‍കൊണ്ട് നിറഞ്ഞതാണ് മൂന്നാമത്തെ ഹൃദയം. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രഭപരത്തിയ ഹൃദയത്തില്‍നിന്ന് ദേഹേച്ഛകളുടെയും ആഗ്രഹങ്ങളുടെയും കരിമ്പടങ്ങള്‍ നീങ്ങിപ്പോയിട്ടുണ്ട്. കൂരിരുട്ടുകളെയെല്ലാം അതില്‍നിന്നും നീക്കി ആ പ്രകാശം ഗരിമയോടെ തെളിഞ്ഞ് ജ്വലിച്ചു നില്‍ക്കുന്നു! വസ്‌വാസുകള്‍ അതിന്റെ അടുത്തേക്ക് ചെന്നാല്‍ കത്തിക്കരിഞ്ഞുപോകും. നക്ഷത്രങ്ങളാല്‍ സുരക്ഷാവലയം സൃഷ്ടിക്കപ്പെട്ട ആകാശത്തെ പോലെയാണത്. അവിടേക്ക് കട്ടുകേള്‍ക്കാനായി പിശാച് ചെന്നാല്‍ തീജ്വാലകള്‍കൊണ്ട് എറിഞ്ഞാട്ടുന്നത് പോലെ.

സത്യവിശ്വാസിയെക്കാള്‍ പവിത്രത കൂടുതലുള്ളതൊന്നുമല്ല ആകാശം. അതിനാല്‍ ആകാശത്തിന് ഏര്‍പ്പെടുത്തിയതിനെക്കാള്‍ ശക്തവും സമ്പൂര്‍ണവുമായ അല്ലാഹുവിന്റെ സുരക്ഷ സത്യവിശ്വസിക്കുണ്ടാകും. വാനലോകം മലക്കുകളുടെ ആരാധനാസ്ഥലവും ദിവ്യസന്ദേശത്തിന്റെ കേന്ദ്രവുമാണ്. അവിടെ അനുസരണങ്ങളുടെ നിരവധി പ്രകാശങ്ങളുണ്ട്. സത്യവിശ്വാസിയുടെ ഹൃദയമാകട്ടെ തൗഹീദിന്റെ(ഏകദൈവ വിശ്വാസത്തിന്റെ)യും സ്‌നേഹത്തിന്റെയും അറിവിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ്. അതില്‍ അവയുടെയെല്ലാം അനേകം പ്രകാശങ്ങളുണ്ട്. അതിനാല്‍ ശത്രുവിന്റെ കെണികളില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടാന്‍ അത് ഏറ്റവും അര്‍ഹമാണ്. അവിടെനിന്ന് വല്ലതും തട്ടിയെടുക്കാന്‍ ശത്രുവിന് പെട്ടെന്ന് നിഷ്പ്രയാസം സാധിക്കുകയില്ല.

അതിനു നല്ലൊരു ഉപമ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് മൂന്നു വീടുകള്‍; ഒരു വീട് രാജാവിന്റെതാണ്. അതില്‍ രാജാവിന്റെ നിധികളും സൂക്ഷിപ്പു സ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. മറ്റൊരു വീട് ഒരു ഭൃത്യന്റെതാണ്. അതില്‍ അയാളുടെ നിധികളും സൂക്ഷിപ്പുസ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. രാജാവിന്റ രത്‌നങ്ങളോ സൂക്ഷിപ്പുസ്വത്തുക്കളോ പോലെയുള്ളതൊന്നും അവിടെയില്ല. മൂന്നാമത്തെ വീട് ഒന്നുമില്ലാത്ത, ശുന്യമായ ഒന്നാണ്. അങ്ങനെ ഈ മൂന്നുവീടുകളില്‍ ഏതെങ്കിലും ഒന്നില്‍ കയറി മോഷ്ടിക്കാനായി ഒരു കള്ളന്‍ വന്നു. എങ്കില്‍ ഏത് വീട്ടില്‍നിന്നായിരിക്കും അയാള്‍ മോഷ്ടിക്കുക?

മൂന്നാമത്തെ ഒന്നുമില്ലാത്ത വീട്ടില്‍നിന്ന് എന്നാണ് നീ പറയുന്നതെങ്കില്‍ അതൊരിക്കലും ശരിയല്ല. കാരണം ഒന്നുമില്ലാത്ത, ശൂന്യമായ വീട്ടില്‍നിന്ന് എന്താണ് മോഷ്ടിക്കാന്‍ പറ്റുക? ഇബ്‌നു അബ്ബാസ്(റ)വിനോട് ഇപ്രകാരം പറയപ്പെട്ടു: ‘ജൂതന്‍മാര്‍ പറയുന്നു; അവരുടെ പ്രാര്‍ഥനകളില്‍ പിശാച് വസ് വാസുണ്ടാക്കാറില്ലെന്ന്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ: ‘പൊളിഞ്ഞു ഫലശൂന്യമായി കിടക്കുന്ന ഹൃദയത്തില്‍ പിശാച് എന്ത് ചെയ്യാനാണ്?’ (അഹ്മദ് ‘സുഹ്ദി’ലും അബൂനുഐം ‘ഹില്‍യ’യിലും അലാ ഉബ്‌നു സിയാദില്‍നിന്നും ഇതിനോട് സമാനമായ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല- കുറിപ്പുകാരന്‍).

രാജാവിന്റെ വീട്ടില്‍നിന്നുമായിരിക്കും അവന്‍ മോഷ്ടിക്കുക എന്നാണ് നീ പറയുന്നതെങ്കില്‍ അതും ആസംഭവ്യമാണ്, നടക്കാന്‍ പോകുന്നതല്ല. കാരണം കള്ളന്മാര്‍ക്ക് അടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അവിടെ സുരക്ഷാ ക്രമീകരണങ്ങളും പട്ടാളക്കാരും കാവല്‍ക്കാരും ഒക്കെ ഉണ്ടാവും. രാജാവ് തന്നെയാണ് അതിന്റെ കാവല്‍ക്കാരനെങ്കിലോ എങ്ങനെയായിരിക്കും അതിന്റെ അവസ്ഥ? രാജാവിനു ചുറ്റും കാവല്‍ക്കാരും പട്ടാളവും ഒക്കെ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് കള്ളന് അവിടേക്ക് അടുക്കാന്‍ പറ്റുക?

അപ്പോള്‍ പിന്നെ കള്ളന് കയറാന്‍, ശേഷിക്കുന്ന മൂന്നാമത്തെ വീടല്ലാതെ വേറെ ഒരിടവുമില്ല. അങ്ങനെ കള്ളന്‍ അതിനെതിരിലായിരിക്കും തന്റെ ആക്രമണങ്ങള്‍ അഴിച്ചുവിടുക. ബുദ്ധിയുള്ളവര്‍ ഈ ഉദാഹരണം ശരിയാംവണ്ണം ചിന്തിച്ചു ഗ്രഹിക്കട്ടെ! എന്നിട്ട് അതിനെ ഹൃദയങ്ങളുമായി തട്ടിച്ചുനോക്കട്ടെ! തീര്‍ച്ചയായും ഹൃദയങ്ങള്‍ ഇതുപോലെതന്നെയാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

സര്‍വ നന്മകളില്‍നിന്നും ഒഴിവായ ഹൃദയമെന്നത് സത്യനിഷേധിയുടെയും കപടവിശ്വാസിയുടെയും ഹൃദയമാണ്. അതത്രെ പിശാചിന്റെ ഭവനം! അതിനെ പിശാച് സ്വന്തമാക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. അതിനെ തന്റെ ആസ്ഥാനവും താമസസ്ഥലവുമാക്കിയ പിശാചിന് അതില്‍നിന്ന് എന്ത് മോഷ്ടിക്കാനാണ്? അതിലാണ് അവന്റെ ഖജനാവും സൂക്ഷിപ്പു സ്വത്തുക്കളും അവന്റെ ആശയക്കുഴപ്പങ്ങളും ഭാവനകളും ദുഷ്‌പ്രേരണകളുമെല്ലാം!

എന്നാല്‍ പടച്ചറബ്ബിനോടുള്ള ആദരവും ബഹുമാനവും സ്‌നേഹവുംകൊണ്ടും അവന്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധത്താലും അവനോടുള്ള ലജ്ജ കാരണത്താലും ഹൃദയം നിറഞ്ഞ വ്യക്തിയുടെ കാര്യം; ഏത് പിശാചാണ് ആ ഹൃദയത്തിനുനേരെ കയ്യേറ്റത്തിനു ധൈര്യപ്പെടുക? അവിടെ നിന്ന് വല്ലതും മോഷ്ടിച്ചെടുക്കാന്‍ അവനുദ്ദേശിച്ചാല്‍ തന്നെ അവനെന്താണ് മോഷ്ടിക്കുക? പിന്നെ പരമാവധി അവനു ചെയ്യാനാവുക, ആ വ്യക്തിയുടെ ക്ഷീണത്തിന്റെയും അശ്രദ്ധയുടെയുമൊക്കെ ചില നേരങ്ങള്‍ മുതലാക്കുക എന്നത് മാത്രമാണ്. മനുഷ്യനെന്നുള്ള നിലയില്‍ അത്തരം സംഗതികള്‍ അനിവാര്യമാണല്ലോ. അതിനാല്‍ മാനുഷികമായ മറവി, അശ്രദ്ധ, പ്രകൃതി സംബന്ധമായ കാര്യങ്ങള്‍ പോലുള്ളവ അദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടാവുന്നതാണ്.

‘സത്യവിശ്വാസിയായ എന്റെ അടിമയുടെ ഹൃദയത്തിനല്ലാതെ എന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലത ആകാശത്തിനോ ഭൂമിക്കോ ഇല്ല’ എന്ന ചില റിപ്പോര്‍ട്ടുകള്‍ മുന്‍വേദങ്ങളിലുള്ളതായി വഹബ് ബ്‌നുല്‍ മുനബ്ബിഹ്(റ) പറഞ്ഞുവെന്നു പറയപ്പെടുന്നു’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ, മജ്മൂഉ ഫതാവ 18/122,376, പേജുകള്‍).

ഇത് ഇസ്‌റാഈലിയാത്തുകളില്‍ പെട്ടതാണ്. നബി ﷺ യില്‍നിന്നും സ്വികാര്യയോഗ്യമായ ഒരു പരമ്പരപോലും അതിനില്ല. ഹാഫിദുല്‍ ഇറാഖിയും അതിനു യാതൊരു അടിസ്ഥാനവുമുള്ളതായി അറിയില്ലെന്ന് പ്രസ്താവിക്കുന്നു (അല്‍മുഗ്‌നി അന്‍ ഹംലില്‍ അസ്ഫാര്‍ 2/713).

മറ്റൊരു ഹൃദയത്തിലാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനവും അവനോടുള്ള സ്‌നേഹവും തൗഹീദും ഈമാനും അവന്റെ വാഗ്ദാനങ്ങളിലും താക്കീതുകളിലും ഒക്കെയുള്ള വിശ്വാസവും അവയെല്ലാം സത്യമാണെന്ന ബോധവുമാണ്. അതോടൊപ്പം ദേഹേച്ഛകളും അതിന്റെതായ സ്വഭാവങ്ങളും പ്രകൃതങ്ങളും അതിലുണ്ട്.

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും. ഇത്തരം ഹൃദയങ്ങളിലാണ് പിശാചിന് താല്‍പര്യമുള്ളത്. അവന് അതില്‍ കയറിച്ചെല്ലാനുള്ള ഇടങ്ങളും അതിനുപറ്റിയ സാഹചര്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജയം നല്‍കുന്നു.

وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

സാക്ഷാല്‍ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാകുന്നു. (ഖു൪ആന്‍:3/126)

പിശാചിന് ഇവിടെ സൗകര്യപ്പെടുന്നത് തന്റെ ആയുധം അവിടെ കിടപ്പുള്ളതുകൊണ്ട് മാത്രമാണ്. അങ്ങനെ അവിടേക്ക് പിശാച് കടന്നുചെല്ലുകയും ആയുധം കൈവശപ്പെടുത്തുകയും അതുമായി അയാളോട് പോരാടുകയും ചെയ്യും. അവന്റെ ആയുധമെന്നത് ദേഹേച്ഛകളും സന്ദേഹങ്ങളുമാണ്. അഥവാ ശഹവാത്തുകളും ശുബുഹാത്തുകളും. അതേപോലെ വ്യാജമായ കുറെ വ്യാമോഹങ്ങളും ഭാവനകളും. അവയൊക്കെ ഒരു ഹൃദയത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിശാച് അവിടേക്ക് കടന്നുവരികയും അവയെ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ആ ഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ വ്യക്തിയുടെ പക്കല്‍ അത്തരം ആയുധങ്ങളെ പ്രതിരോധിക്കാനുള്ള അതിനെക്കാള്‍ മികച്ച, ഈമാനിന്റെ ശക്തമായ സന്നാഹങ്ങളുണ്ടെങ്കില്‍ വിജയംവരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ തന്റെ ശത്രുവിനായിരിക്കും തന്റെമേല്‍ ആധിപത്യം ലഭിക്കുക. ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹാനുമായ അല്ലാഹുവിനെകൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

ഒരാള്‍ തന്റെ ശത്രുവിനു വീടിന്റെ വാതില്‍ തുറന്നുകൊടുക്കുകയും പ്രവേശിക്കാനനുവദിക്കുകയും അങ്ങനെ ആയുധങ്ങളെടുത്തു പോരാടാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ അയാള്‍ തന്നെയാണ് ആക്ഷേപാര്‍ഹന്‍.

‘നീ നിന്നെത്തന്നെ ആക്ഷേപിച്ചുകൊള്ളുക; വാഹനത്തെ കുറ്റംപറയേണ്ടതില്ല. സങ്കടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീ മരണത്തെ പുല്‍കിക്കൊള്ളുക! നിനക്ക് യാതൊരു ഒഴിവുകഴിവുമില്ല.’

ഒരു വിശ്വാസിയെ തന്റെ ശത്രുവായ പിശാചില്‍നിന്നും സംരക്ഷിക്കുന്ന ‘ദിക്‌റി’നെ സംബന്ധിച്ച് വന്ന ഹാരിഥ്(റ)വിന്റെ ഹദീഥിന്റെ വിശദീകരണത്തിലേക്ക് തന്നെ മടങ്ങിപ്പോവുകയാണ്.നബി ﷺ പറഞ്ഞു:

وأمركم بالصيام فإن مثل ذلك مثل رجل في عصابة معه صرة فيها مسك فكلهم يعجب أو يعجبه ريحه وإن ريح الصيام أطيب عند الله من ريح المسك

”അവന്‍ നിങ്ങളോട് നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിച്ചു. അതിന്റെ ഉപമ ഒരു സംഘത്തിലെ ഒരാളെ പോലെയാണ്. അയാളുടെ കയ്യില്‍ ഒരു കിഴിയുണ്ട്; അതില്‍ കസ്തൂരിയും. എല്ലാവരും അയാളെക്കുറിച്ച് ആശ്ചര്യപ്പെടുന്നു! അഥവാ അതിന്റെ പരിമളം അത്ഭുതപ്പെടുത്തുന്നു. നിശ്ചയം, നോമ്പുകാരന്റെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ വീശിഷ്ട്ടമാണ്.”

നബി ﷺ ഇവിടെ നോമ്പുകാരനെ ഉപമിച്ചത് കിഴിയില്‍ കസ്തൂരി സൂക്ഷിച്ച ഒരാളോടാണ്. കാരണം അത് മറ്റുള്ളവരുടെ ദൃഷ്ടികളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. തന്റെ വസ്ത്രത്തിനടിയില്‍ അയാള്‍ അത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഏതൊരു കസ്തൂരി വാഹകനെയും പോലെ. ഇതുപോലെയാണ് നോമ്പുകാരനും. അയാളുടെ നോമ്പ് സൃഷ്ടികളുടെ കണ്ണില്‍നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അവരിലെ ശക്തന്മാര്‍ക്കുപോലും അത് കണ്ടെത്താന്‍ സാധിക്കുകയില്ല.

ഒരു യഥാര്‍ഥ നോമ്പുകാരന്‍ എന്നു പറഞ്ഞാല്‍, അയാളുടെ അവയവങ്ങളെല്ലാംതന്നെ പാപങ്ങളില്‍ നിന്ന് വിട്ടകന്നു നില്‍ക്കുന്നതായിരിക്കും. അയാളുടെ നാവാകട്ടെ കളവില്‍നിന്നും മറ്റു വൃത്തിക്കേടുകളില്‍ നിന്നും വ്യാജവാക്കുകളില്‍നിന്നുമൊക്കെ അകലം പാലിക്കും. അയാളുടെ വയര്‍ അന്നപാനീയങ്ങളില്‍ നിന്നും ലൈംഗികാവയവം അതിന്റെ ആസ്വാദനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്നത്‌പോലെ. അയാള്‍ വല്ലതും സംസാരിക്കുകയാണെങ്കില്‍ തന്റെ വ്രതത്തിനു പരിക്കേല്‍പിക്കുന്ന യാതൊന്നും സംസാരിക്കുകയില്ല. വല്ലതും പ്രവര്‍ത്തിക്കുമ്പോഴും നോമ്പിനെ തകരാറിലാക്കുന്ന യാതൊന്നും ചെയ്യാതെ സൂക്ഷിക്കും. അയാളുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം നന്മനിറഞ്ഞതും ഉപകാരപ്രദവുമായിരിക്കും. അത് കസ്തൂരിവാഹകന്റെ അടുത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന പരിമളത്തിന്റെ സ്ഥാനത്താണ്. ഒരു നോമ്പുകാരന്റെകൂടെ സമയം ചെലവഴിക്കുന്നയാളും ഇതുപോലെയാണ്. ആ ഇരുത്തം അയാള്‍ക്ക് ഉപകാരപ്രദമായിരിക്കും. അക്രമം, തോന്നിവാസം, കളവ്, അധര്‍മം എന്നിവയില്‍നിന്നൊക്കെ അയാള്‍ നിര്‍ഭയാനുമായിരിക്കും.

ഇതാണ് മതം അനുശാസിക്കുന്ന വ്രതം. അല്ലാതെ കേവലമായ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല യഥാര്‍ഥനോമ്പ്. സ്വഹീഹായ പ്രവാചകവചനത്തില്‍ സ്ഥിരപ്പെട്ടുവന്നതും ഇപ്രകാരമാണ്:

من لم يدع قول الزور والعمل به والجهل فليس لله حاجة أن يدع طعامه وشرابه

”വ്യാജമായ വാക്കുകളും അതനുസരിച്ചുള്ള പ്രവൃത്തികളും അവിവേകവും ഒരാള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെങ്കില്‍ അയാള്‍ തന്റെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍ പര്യവുമില്ല.” (ബുഖാരി).

മറ്റൊരു പ്രവാചകവചനം ഇപ്രകാരമാണ്:

رب صائم حظه من صيامه الجوع والعطش

”എത്രയെത്ര നോമ്പുകാരാണ്; നോമ്പില്‍നിന്നുള്ള അവരുടെ വിഹിതം കേവലമായ വിശപ്പും ദാഹവും മാത്രമായി കലാശിക്കുന്നത്.” (അഹ്മദ്, നസാഈ, ഇബ്‌നുമാജ).

യഥാര്‍ഥ നോമ്പ് എന്ന് പറയുന്നത് പാപങ്ങളില്‍നിന്ന് അവയവങ്ങളെയും അന്നപാനീയങ്ങളില്‍നിന്ന് വയറിനെയും തടഞ്ഞുനിര്‍ത്തുന്ന നോമ്പാണ്. തീറ്റയും കുടിയും നോമ്പിനെ തകരാറിലാക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുമെന്ന പോലെ തെറ്റുകുറ്റങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ മുറിക്കുകയും അതിന്റെ ഫലങ്ങളെ തകരാറിലാക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നോമ്പെടുക്കാത്തയാളെ പോലെ അവ അയാളെ മാറ്റിക്കളയും.

നോമ്പുകാരനില്‍നിന്ന് പുറത്തുവരുന്ന വാസന ഈ ലോകത്തുവെച്ചുണ്ടാകുന്നതാണോ, അതല്ല പരലോകത്തുണ്ടാകുന്നതാണോ എന്നതില്‍ രണ്ടഭിപ്രായം പണ്ഡിതലോകത്തുണ്ട്.

ബഹുമാന്യരായ രണ്ട് പണ്ഡിതന്‍മാര്‍; അബൂമുഹമ്മദിബ്‌നു അബ്ദുസ്സലാം, അബുഅംറുബ്‌നു സ്വലാഹ് എന്നിവര്‍ക്കിടയില്‍ തദ്വിഷയകമായി നടന്ന തര്‍ക്കം സുവിദിതമാണ്. ശൈഖ് അബൂ മുഹമ്മദ് അത് പരലോകത്ത് പ്രത്യേകമായുള്ളതാണെന്ന വീക്ഷണക്കാരനാണ്. തദ്‌വിഷയകമായി അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശൈഖ് അബൂഅംറ് ആകട്ടെ അത് ദുന്‍യാവിലും ആഖിറത്തിലും ഉള്ളതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. തദ്‌വിഷയകമായി അദ്ദേഹവും ഒരു ഗ്രന്ഥം രചിക്കുകയും ശൈഖ് അബൂമുഹമ്മദിനുള്ള മറുപടി അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

അബൂഅംറുബ്‌നു സ്വലാഹ്(റഹി) ആ വിഷയത്തില്‍ ഇബ്‌നുഹിബ്ബാന്‍(റഹി)യുടെ രീതിയാണ് സ്വീകരിച്ചത്. ഇബ്‌നുഹിബ്ബാന്‍ തന്റെ ‘സ്വഹീഹില്‍’ അപ്രകാരമാണ് അധ്യായത്തിന് ശീര്‍ഷകം നല്‍കിയത്. ‘നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ശ്രേഷ്ഠമാണ് എന്ന വിവരണം’ എന്ന തലകെട്ടിനു കീഴില്‍ അഅ്മശ്(റ) അബൂസ്വാലിഹ് വഴിയായി അബൂഹുറയ്‌റ(റ) മുഖേന നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്ന ഹദീഥ് നല്‍കുന്നു. അതായത്, നബി ﷺ പറഞ്ഞു:

 كل عمل ابن آدم له إلا الصيام والصيام لي وأنا أجزي به ولخلوف فم الصائم أطيب عند الله من ريح

”അല്ലാഹു പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. നോമ്പാകട്ടെ, അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നിശ്ചയം! നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ പക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്.” (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍, ഈ ഹദീഥ് ഇതേ പരമ്പരയിലൂടെ ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്).

എന്നിട്ട് അദ്ദേഹം പ്രസ്താവിക്കുന്നു: ”നിശ്ചയം, നോമ്പുകാരന്റെ വായയുടെ വാസന, അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ഉല്‍കൃഷ്ടമായതാണ്.’ എന്നിട്ട് മറ്റൊരു നബിവചനം അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂസ്വാലിഹ് വഴി അത്വാഅ് മുഖേനെ ഇബ്‌നുജൂറൈജിലൂടെ ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു:

قال الله تبارك وتعالى : كل عمل ابن آدم له إلا الصيام فإنه لي وأنا أجزي به والذي نفس محمد بيده لخلوف فم الصائم أطيب عند الله يوم القيامة من ريح المسك للصائم فرحتان : إذا أفطر فرح بفطره وإذا لقي الله تعالى فرح بصومه

‘ആദമിന്റെ സന്തതിയുടെ കര്‍മങ്ങളെല്ലാം അവനുള്ളതാണ്; നോമ്പൊഴികെ, തീര്‍ച്ചയായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍തന്നെ സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ പക്കല്‍ അന്ത്യനാളില്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതാണ്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് അവസാനിപ്പിച്ചാല്‍ അവനു സന്തോഷമാണ്. അപ്രകാരംതന്നെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പ് കാരണത്താലും അവന്‍ സന്തോഷിക്കുന്നതാണ്.”

قال أبو حاتم : شعار المؤمنين يوم القيامة التحجيل بوضوئهم في الدنيا فرقا بينهم وبين سائر الأمم وشعارهم في القيامة بصومهم طيب خلوف أفواههم أطيب من ريح المسك ليعرفوا من بين ذلك الجمع بذلك العمل جعلنا الله تعالى منهم

അബൂഹാതിം ഇബ്‌നുഹിബ്ബാന്‍(റഹി) പറയുന്നു: ”സത്യവിശ്വസികളെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പരലോകത്തെ അടയാളമാണ് ദുന്‍യാവിലെ അവരുടെ വുദൂഇന്റെ ഭാഗമായി അവയവങ്ങള്‍ പ്രകാശിക്കല്‍. അപ്രകാരംതന്നെ അവരുടെ നോമ്പുകാരണമായി അന്ത്യനാളില്‍ അവര്‍ക്ക് ലഭിക്കുന്ന മറ്റൊരു അടയാളമാണ് കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ള അവരുടെ വായയുടെ സുഗന്ധം. സത്യവിശ്വാസികള്‍ അവരുടെ കര്‍മങ്ങള്‍കൊണ്ട് ആ മഹാസംഗമത്തില്‍ മറ്റു സമൂഹങ്ങളില്‍നിന്ന് വേറിട്ട് അറിയപ്പെടുന്നതിനു വേണ്ടിയാണത്. അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ”(സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍).

ശേഷം അദ്ദേഹം പറയുന്നു:

ذكر البيان بأن خلوف فم الصائم قد يكون أيضا من ريح المسك في الدنيا

നോമ്പുകാരന്റെ വായയുടെ വാസന ചിലപ്പോള്‍ ഇഹലോകത്തും കസ്തൂരിയെക്കാള്‍ പരിമളമുള്ളതായിരിക്കുമെന്ന വിവരണം.

എന്നിട്ട് ശുഅ്ബ സുലൈമാനില്‍നിന്നും അദ്ദേഹം ദകവാനില്‍നിന്നും അദ്ദേഹം അബൂഹുറയ്‌റ(റ)യില്‍നിന്നുമായി ഉദ്ധരിക്കുന്ന ഹദീഥ് കൊടുക്കുന്നു. നബി ﷺ പറഞ്ഞു:

كل حسنة يعملها أبن آدم بعشر حسنات إلى سبعمائة ضعف يقول الله عز و جل : إلا الصوم فهو لي وأنا أجزي به يدع الطعام من أجلي والشراب من أجلي وأنا أجزي به وللصائم فرحتان : فرحة حين يفطر وفرحة حين يلقى ربه عز و جل ولخلوف فم الصائم حين يخلف من الطعام أطيب عند الله من ريح المسك

‘ആദമിന്റെ സന്തതി പ്രവര്‍ത്തിക്കുന്ന ഏതൊരു നന്മയും പത്തുനന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടിവരെയായിരിക്കും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ എന്റെപേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നു. എന്റെപേരില്‍ പാനീയവും ഉപേക്ഷിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒരു സന്തോഷം നോമ്പ് അവസാനിപ്പിക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും. നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കിയത് മൂലം ഉണ്ടാകുന്ന വയയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്” (ഇബ്‌നുഹിബ്ബാന്‍, അഹ്മദ്).

ശൈഖ് അബൂമുഹമ്മദ്(റഹി) തെളിവാക്കുന്നത് ഹദീഥില്‍ വന്ന ‘ക്വിയാമത് നാളില്‍’ എന്ന ഭാഗമാണ്.

ഞാന്‍ (ഇബ്‌നുല്‍ ക്വയ്യിം) പറയട്ടെ; അതിന് ഉപോല്‍ബലകമാക്കാവുന്നതാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഈ ഹദീഥും. നബി ﷺ പറഞ്ഞു:

والذي نفسي بيده ما من مكلوم يكلم في سبيل الله ـ والله أعلم بمن يكلم في سبيله ـ إلا جاء يوم القيامة وكلمه يدمى : اللون لون دم والريح ريح المسك

‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റ ഏതൊരു വ്യക്തിയും- എന്നാല്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റവന്‍ എന്ന് അല്ലാഹുവാണ് നന്നായി അറിയുക- ക്വിയാമത്ത് നാളില്‍ വരുമ്പോള്‍ അയാളുടെ മുറിവ് രക്തമൊഴുക്കുന്നുണ്ടാവും. നിറം രക്തത്തിന്റെയും വാസന കസ്തൂരിയുടെയും’ (ബുഖാരി, മുസ്‌ലിം).

ഇവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തിനു മുറിവേറ്റ വ്യക്തിയെ സംബന്ധിച്ച് നബി ﷺ അറിയിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അതിന് കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കുമെന്നാണ്. നോമ്പുകാരന്റെ വായയുടെ വാസനയെ സംബന്ധിച്ച് പറഞ്ഞത് പോലെയുള്ള ഒരു പരാമര്‍ശമാണിത്. ഇഹലോകത്തെ അനുഭവത്തിലൂടെ മുറിവിന്റെ രക്തവും വായയുടെ വാസനയും എന്താണെന്ന് അറിവുള്ളതാണല്ലോ. എന്നാല്‍ അവയെ അല്ലാഹു പരലോകത്ത് കസ്തൂരിയുടെ സുഗന്ധമാക്കി മാറ്റുന്നതാണ്.

എന്നാല്‍ അബൂഅംറ് ഇബ്‌നുസ്വലാഹ്(റഹി) തെളിവാക്കുന്നത് ഇബ്‌നുഹിബ്ബാനില്‍ വന്ന ഹദീഥിന്റെ പരാമര്‍ശമാണ്: ‘ഭക്ഷണം ഒഴിവാക്കുന്നത് കാരണമായുണ്ടാകുന്ന വാസന’ എന്നാണല്ലോ അത്. അതാകട്ടെ ദുന്‍യാവില്‍ സംഭവിക്കുന്നതാണ്. ഭാഷാപരമായ ചില ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിക്കൊണ്ട് നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കുന്നത് മൂലമുള്ള വാസന അല്ലാഹുവിന്റെ അടുക്കല്‍ പരിമളമുള്ളതാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ശേഷം ആവശ്യമില്ലാതെ കുറെ വിശദീകരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഇവിടെ പ്രസ്തുത പരിമളത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവൃത്തികളെയും അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് പോലെത്തന്നെയാണ്. അതായത് ഈ പരിമളം സൃഷ്ടികളുടെ പരിമളത്തെപോലെയല്ല, അല്ലാഹുവിന്റെ തൃപ്തിയും കോപവും സന്തോഷവും വെറുപ്പും ഇഷ്ടവും ദേഷ്യവും ഒന്നും സൃഷ്ടികളുടേതിനു സമാനമല്ല എന്നതുപോലെയാണ് അതും. അല്ലാഹുവിന്റെ അസ്തിത്വം സൃഷ്ടികളുടെ അസ്തിത്വത്തിനോട് സമാനമായതല്ല; അവന്റെ വിശേഷണങ്ങളും അവന്റെ പ്രവര്‍ത്തങ്ങളും അപ്രകാരം തന്നെ സൃഷ്ടികളുടേതുപോലെയല്ല. അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു വിശിഷ്ടമായ വചനങ്ങളെ വിശിഷ്ടമായി കാണുന്നു. അവന്റെയടുക്കലേക്ക് അവ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഈ വിശിഷ്ടമായിക്കാണലും നമ്മുടേതുപോലെയല്ല.

ഈ തര്‍ക്കത്തില്‍ അന്തിമമായി നമുക്ക് പറയാനുള്ളത് ഇതാണ്: നബി ﷺ അറിയിച്ചത് പോലെ ആ പരിമളം പരലോകത്തുവെച്ചാണ് ഉണ്ടാകുന്നത്. കാരണം അതാണ് നന്മതിന്മകളുടെ കര്‍മ പ്രതിഫലം പ്രകടമാമാകുന്ന സമയം. അപ്പോള്‍ ആ വാസന കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി അവിടെവെച്ച് പ്രകടമാവും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തില്‍ മുറിവേറ്റ വ്യക്തിയുടെ രക്തത്തിന്റെ മണം കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി പ്രത്യക്ഷപ്പെടുന്നതുപോലെ. അവിടെവെച്ചാണ് രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതും ചില മുഖങ്ങളില്‍ അത് പ്രകടമായി പ്രത്യക്ഷപ്പെടുന്നതും. സത്യനിഷേധികളുടെ ദുര്‍ഗന്ധവും മുഖത്തിന്റെ കറുപ്പുമൊക്കെ പ്രകടമാകുന്നതുമൊക്കെ അന്നായിരിക്കും.

‘ഭക്ഷണം ഒഴിവാക്കിയതുമൂലം,’ ‘വൈകുന്നേരമാവുമ്പോള്‍’ എന്നൊക്കെ ചില റിപ്പോര്‍ട്ടുകളില്‍ വന്ന പരാമര്‍ശങ്ങള്‍, അപ്പോഴാണ് ആ ആരാധനയുടെ അടയാളങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത് എന്നതിനാലാകും. അപ്പോള്‍ അതനുസരിച്ച് അതിന്റെ സുഗന്ധവും അല്ലാഹുവിന്റെ അടുക്കലും അവന്റെ മലക്കുകളുടെ അടുക്കലും കസ്തൂരിയെക്കാള്‍ അധികരിച്ച ഏറ്റവും പരിമളമുള്ളതായിരിക്കും; മനുഷ്യരുടെയടുക്കല്‍ ആ നേരത്തെ വാസന വെറുപ്പുള്ളതാണെങ്കിലും. മനുഷ്യരുടെയടുക്കല്‍ വെറുക്കപ്പെടുന്ന എത്രയെത്ര സംഗതികളാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയങ്കരമായിട്ടുള്ളത്! നേരെ തിരിച്ചും. മനുഷ്യര്‍ക്ക് അതിനോട് വെറുപ്പ് തോന്നുന്നത് അവരുടെ പ്രകൃതത്തിനോട് അത് യോജിക്കാത്തതുകൊണ്ടാണ്. എന്നാല്‍ അല്ലാഹു അതിനെ വിശിഷ്ടമായി കാണുന്നതും അതിനെ ഇഷ്ടപ്പെടുന്നതും അത് അവന്റെ കല്‍പനയോടും തൃപ്തിയോടും ഇഷ്ടത്തോടും യോജിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അപ്പോള്‍ അവന്റെയടുക്കല്‍ അതിന് നമ്മുടെയെടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തിനുള്ളതിനെക്കാള്‍ പരിമളവും വിശിഷ്ടതയും ഉണ്ടായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അത് മനുഷ്യര്‍ക്ക് സുഗന്ധമായിത്തന്നെ അനുഭവപ്പെടുകയും അത് പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇപ്രകാരമാണ് ഏത് നന്മതിന്മകളുടെയും കര്‍മഫലങ്ങള്‍. അവ ഏറ്റവും ബോധ്യപ്പെടുന്നതും പരസ്യമായി പ്രത്യക്ഷപ്പെടുന്നതും പരലോകത്തായിരിക്കും.

ചില കര്‍മങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അവയുടെ നന്മ അധികരിക്കുന്നതും ഇഹലോകത്ത് അതുണ്ടാക്കുന്ന ചില അനന്തരഫലങ്ങളെകൂടി ആശ്രയിച്ചിട്ടായിരിക്കും. അത് കണ്ണുകൊണ്ട് കാണാവുന്നതും ഉള്‍ക്കാഴ്ചകൊണ്ട് ഗ്രഹിക്കാവുന്നതുമാണല്ലോ!

قال ابن عباس : أن للحسنة ضياء في الوجه ونورا في القلب وقوة في البدن وسعة في الرزق ومحبة في قلوب الخلق وإن للسيئة سوادا في الوجه وظلمة في القلب ووهنا في البدن ونقصا في الرزق وبغضة في قلوب الخلق

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നിശ്ചയം, നന്മ മുഖത്ത് തെളിച്ചമുണ്ടാക്കും. ഹൃദയത്തില്‍ പ്രകാശവും ശരീരത്തിന് ശക്തിയും ഉപജീവനത്തില്‍ വിശാലതയും സൃഷ്ടികളുടെ മനസ്സില്‍ സ്‌നേഹവും പകരും. എന്നാല്‍ തിന്മകള്‍ തീര്‍ച്ചയായും മുഖത്തിന് കറുപ്പും ഹൃദയത്തില്‍ ഇരുട്ടും ശരീരത്തിന് തളര്‍ച്ചയും ഉപജീവനത്തില്‍ കുറവും സൃഷ്ടികളുടെ മനസ്സുകളില്‍ വെറുപ്പും ഉണ്ടാക്കും.’ (ഇതിനു സമാനമായി ഹസനുല്‍ ബസ്വരിയില്‍നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്നുണ്ട്; അബൂനുഐം ‘ഹില്‍യ’യിലും. എന്നാല്‍ ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല).

قال عثمان بن عفان : ما عمل رجل عملا إلا ألبسه الله رداءه إن خيرا فخير وإن شرا فشر

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: ‘ഏതൊരു മനുഷ്യന്‍ കര്‍മം ചെയ്യുമ്പോഴും അതിന്റെതായ ഒരു പുടവ അല്ലാഹു അയാളെ ധരിപ്പിക്കുന്നതായിരിക്കും. നന്മയാണെങ്കില്‍ നന്മയുടെതും തിന്മയാണെങ്കില്‍ തിന്മയുടെതും.’ (ഇമാം അഹ്മദ് ‘സുഹ്ദില്‍’ ഉദ്ധരിച്ചത്. ഇബ്‌നുല്‍ മുബാറകും അബൂദാവൂദും ‘സുഹ്ദി’ല്‍ ഉദ്ധരിച്ചു. ഇബ്‌നു അബീശൈബ, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും).

ഇത് സുപരിചിതമായ സംഗതിയാണ്. ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അറിയാവുന്നതുമാണ്. വിശുദ്ധരും പുണ്യംചെയ്യുന്നവരുമായ ആളുകളില്‍നിന്ന് അവര്‍ സുഗന്ധം പുരട്ടിയിട്ടില്ലെങ്കില്‍കൂടി ചിലപ്പോള്‍ നല്ല പരിമളം വീശാറുണ്ട്. അയാളുടെ ആത്മാവിന്റെ സുഗന്ധം ശരീരത്തിലൂടെയും വസ്ത്രത്തിലൂടെയും പുറത്തേക്കുവരും. എന്നാല്‍ തോന്നിവാസിയുടെ സ്ഥിതി നേരെ തിരിച്ചുമാണ്. രോഗം ബാധിച്ച് മൂക്കൊലിക്കുന്നവന് ഈ രണ്ട് വാസനകളും അനുഭവപ്പെടുകയില്ല. പ്രത്യുത അയാളുടെ മൂക്കൊലിപ്പ് ഇതിനെ നിഷേധിക്കാനായിരിക്കും പ്രേരിപ്പിക്കുക. ഈ ചര്‍ച്ചയില്‍ അവസാനമായി നമുക്ക് പറയുവാനുള്ളത് ഇത്രയുമാണ്. അല്ലാഹു തആലയാണ് ശരിയെ സംബന്ധിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍.

وأمركم بالصدقة فإن مثل ذلك مثل رجل أسره العدو فأوثقوا يده منه هذا أيضا من الكلام الذي برهانه وجوده

നബി ﷺ പറഞ്ഞു: ‘അവന്‍ നിങ്ങളോട് ദാനധര്‍മത്തെ(സ്വദക്വ)കുറിച്ച് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുവിന്റെ ബന്ധനത്തിലായ ഒരാളുടെത് പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി കഴുത്ത് വെട്ടുവാനായി കൊണ്ടുവന്നിരിക്കുകയാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ എല്ലാം നിങ്ങള്‍ക്ക് മോചനദ്രവ്യമായി നല്‍കാം. അങ്ങനെ അയാള്‍ അവരില്‍ നിന്നും മോചിതനായി.’

ഈ വാക്കുകളുടെയും വസ്തുത അറിയിക്കുന്ന തെളിവുകളും ന്യായങ്ങളുമായിട്ടുള്ള പല സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. തീര്‍ച്ചയായും വിവിധതരം പരീക്ഷണങ്ങളെ തടുക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്ക് അത്ഭുതാവഹമായ സ്വാധീനമുണ്ട്. ആ ദാനം ചെയ്തത് ആക്രമിയോ തെമ്മാടിയോ, അല്ല; സത്യനിഷേധി ആയിരുന്നാല്‍ പോലും. നിശ്ചയം അല്ലാഹു ആ ദാനം നിമിത്തമായി അയാളില്‍നിന്ന് വിവിധ പ്രയാസങ്ങളെ തടുക്കുന്നതാണ്. ഈ കാര്യവും പണ്ഡിത, പാമര വ്യത്യാസമന്യെ മനുഷ്യര്‍ക്കിടയില്‍ സുപരിചിതമാണ്. ഭൂവാസികളെല്ലാം തന്നെ ഇത് അഗീകരിക്കും. കാരണം അത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

وقد روى الترمذي في جامعه من حديث أنس بن مالك أن النبي صلى الله عليه و سلم قال [ إن الصدقة تطفئ غضب الرب وتدفع ميتة السوء ] وكما أنها تطفئ غضب الرب تبارك وتعالى فهي تطفئ الذنوب والخطايا كما تطفئ الماء النار وفي الترمذي عن معاذ بن جبل قال : [ كنت مع رسول الله صلى الله عليه و سلم في سفر فأصبحت يوما قريبا منه ونحن نسير فقال ألا أدلك على أبواب الخير ؟ الصوم جنة والصدقة تطفئ الخطيئة كما يطفئ الماء النار وصلاة الرجل في جوف الليل شعار الصالحين ثم تلا { تتجافى جنوبهم

ഇമാം തിര്‍മിദി അനസ്ബ്‌നു മാലികി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ‘നിശ്ചയം! ദാന ധര്‍മങ്ങള്‍ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കുകയും മോശമായ മരണത്തെ തടുക്കുകയും ചെയ്യും’ (തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഭഗവി മുതലായവര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദി പറയുന്നു: ‘ഈ രൂപത്തിലൂടെ ഹസനും ഗരീബും ആയിട്ടാണ് വന്നിട്ടുള്ളത്. ഇതിന്റെ പരമ്പരയില്‍ അബുദുല്ലാഹിബ്‌നു ഈസാ അല്‍ഗസ്സാസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിലൂടെ മാത്രമായിട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇബ്‌നുഅദിയ്യ് ‘അല്‍ കാമില്‍’ എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ വിവരണം പറയുന്നിടത്ത് ഈ ഹദീഥ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഹദീഥിന്റെ ആശയത്തെ പിന്തുണക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഉദാഹരണത്തിന് ‘അത്തര്‍ഗീബ് വത്തര്‍ഹീബ്’ 1/679 നോക്കുക).

ദാനധര്‍മങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും എന്നതുപോലെത്തന്നെ തെറ്റുകുറ്റങ്ങളെയും അത് ഇല്ലാതാക്കിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ.

عن معاذ بن جبل قال : [ كنت مع رسول الله صلى الله عليه و سلم في سفر فأصبحت يوما قريبا منه ونحن نسير فقال ألا أدلك على أبواب الخير ؟ الصوم جنة والصدقة تطفئ الخطيئة كما يطفئ الماء النار وصلاة الرجل في جوف الليل شعار الصالحين ثم تلا { تتجافى جنوبهم عن المضاجع يدعون ربهم خوفا وطمعا ومما رزقناهم ينفقون }

മുആദുബ്‌നു ജബല്‍(റ) പറയുന്നു: ‘ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ വളരെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നന്മയുടെ കവാടങ്ങളെക്കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ചുതരട്ടയോ? നോമ്പ് ഒരു പരിചയാണ്. ദാനധര്‍മങ്ങള്‍ തെറ്റുകളെ കെടുത്തിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ. അതുപോലെ രാത്രിയുടെ മധ്യത്തിലുള്ള നമസ്‌കാരവും.’ എന്നിട്ട് അവിടുന്ന് ഈ ആയത്ത് ഓതി: ‘ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും’ (32:16) (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

ചില അഥറുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്:

باكروا بالصدقة فإن البلاء لا يتخطى الصدقة

‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. നിശ്ചയം, പ്രയാസങ്ങള്‍ ദാനധര്‍മങ്ങളെ മുന്‍കടക്കുകയില്ല.’

ശത്രുക്കള്‍ ബന്ധനസ്ഥനാക്കി കഴുത്തുവെട്ടുവാന്‍ കൊണ്ടുവരപ്പെട്ട ഒരു വ്യക്തി തന്റെ ധനം മോചനദ്രവ്യമായി നല്‍കി രക്ഷപ്പെട്ട ഒരു ഉപമ നബി ﷺ വിവരിച്ചതില്‍നിന്നും മറ്റൊരു വിശദീകരണത്തിനും ആവശ്യമില്ലാത്തവിധം കാര്യം വളരെ വ്യക്തമാണ്.

‘നിശ്ചയം, ദാനധര്‍മങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുവാന്‍ പര്യാപ്തമാണ്. അയാളുടെ തെറ്റുകുറ്റങ്ങള്‍ അയാളെ നശിപ്പിക്കാന്‍ പോന്നതാണെങ്കിലും. അയാളുടെ ദാനധര്‍മങ്ങള്‍ ശിക്ഷയില്‍നിന്നുള്ള പ്രായച്ഛിത്തമായി വരികയും അതില്‍നിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.’

അതിനാലാണ് സ്വഹീഹായ ഹദീഥില്‍ വന്നതുപോലെ നബി ﷺ പെരുന്നാള്‍ ദിവസം സ്ത്രീകളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞത്:

يا معاشر النساء تصدقن ولو من حليكن فإني رأيتكن أكثر أهل النار

‘സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നാണെങ്കിലും ദാനം ചെയ്യുക. കാരണം നരകക്കാരില്‍ കൂടുതലും ഞാന്‍ നിങ്ങളെയാണ് കണ്ടത്’ (ബുഖാരി, മുസ്‌ലിം).

(‘നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും’ എന്ന ഭാഗം മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നതാണ്). അതായത് നബി ﷺ സ്ത്രീകള്‍ക്ക് നരകശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടുവാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുകയും പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

عن عدي بن حاتم قال : قال رسول الله صلى الله عليه و سلم [ ما منكم من أحد إلا سيكلمه ربه ليس بينه وبينه ترجمان فينظر أيمن منه فلا يرى إلا ما قدم وينظر أشأم منه فلا يرى إلا ما قدم وينظر بين يديه فلا يرى إلا النار تلقاء وجه فاتقوا النار ولو بشق تمر

അദിയ്യിബ്‌നു ഹാതിമി(റ)ല്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഓരോരുത്തരോടും ഒരു ദ്വിഭാഷിയില്ലാതെ തന്നെ തന്റെ രക്ഷിതാവ് നേരിട്ട് സംസാരിക്കുന്നതാണ്. അപ്പോള്‍ അയാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. അവിടെ താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതല്ലാതെ അയാള്‍ക്ക് കാണാനാവില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും തന്റെ കര്‍മങ്ങളല്ലാതെ അയാള്‍ക്ക് കാണാന്‍ കഴിയില്ല. തന്റെ മുന്നിലേക്ക് നോക്കുമ്പോള്‍ നരകത്തെയായിരിക്കും നേര്‍മുന്നില്‍ കാണുക! അതിനാല്‍ ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുത്തുകൊള്ളുക” (ബുഖാരി, മുസ്‌ലിം).

وفي حديث أبي ذر أنه قال : سألت رسول الله صلى الله عليه و سلم ماذا ينجي العبد من النار ؟ قال الإيمان بالله قلت : يا نبي الله مع الإيمان عمل ؟ قال أن ترضخ مما خولك الله أو : ترضخ مما رزق الله قلت : يا نبي الله فإن كان فقيرا لا يجد ما يرضخ ؟ قال يأمر بالمعروف وينهى عن المنكر قلت : إن كان لا يستطيع أن يأمر بالمعروف وينهى عن المنكر ؟ قال فليعن الأخرق قلت : يا رسول الله أرأيت إن كان لا يحسن أن يصنع ؟ قال فليعن مظلوما قلت : يا رسول الله أرأيت إن كان ضعيفا لا يستطيع أن يعين مظلوما ؟ قال ما تريد أن تترك في صاحبك من خير ؟ ليمسك أذاه عن الناس قلت : يا رسول الله أرأيت إن فعل هذا يدخل الجنة ؟ قال ما من مؤمن يصيب خصلة من هذه الخصال إلا أخذت بيده حتى أدخلته الجنة

അബൂദര്‍റ്(റ) പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: ‘ഒരാളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് എന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലുള്ള വിശ്വാസം.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഈമാനിന്റെ കൂടെയുള്ള വല്ല കര്‍മങ്ങളും?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹു നിനക്ക് നല്‍കിയതില്‍നിന്ന് ചെറുതാണെങ്കിലും നീ ചെലവഴിക്കുന്നത്.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ചെലവഴിക്കാനൊന്നുമില്ലാത്ത ദരിദ്രനാണ് അയാളെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം.’ ഞാന്‍ ചോദിച്ചു: ‘നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സംസാരിക്കുവാനും അയാള്‍ക്ക് സാധിക്കുന്നില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘ജോലി ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെടുന്നവനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒന്നും ശരിയാവണ്ണം ചെയ്യാന്‍ കഴിയാത്തയാളാണെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘മര്‍ദിതനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒരു മര്‍ദിതനെ സഹായിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സ്‌നേഹിതനില്‍ ഏതൊരു നന്മയാണ് ശേഷിക്കുന്നതായി നീ കാണുന്നത്? ജനങ്ങളില്‍നിന്ന് തന്റെ ഉപദ്രവത്തെ അയാള്‍ തടഞ്ഞുവെക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘ഇത് അയാള്‍ ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘ഏതൊരു സത്യവിശ്വാസിയും ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അത് അയാളുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കടത്തുന്നതായിരിക്കും’ (ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണിത്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്തത്).

قال عمر بن الخطاب : ذكر لي أن الأعمال تتباهى فتقول الصدقة : أنا أفضلكم وفي الصحيحين

ഉമറുബ്‌നുല്‍ഖത്വാബ്(റ) പറഞ്ഞു: ‘എന്നോട് പറയപ്പെട്ടു; നിശ്ചയം, കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയുമെന്ന്. അപ്പോള്‍ സ്വദക്വ പറയുമത്രെ; ഞാനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്ന്’ (ബൈഹക്വി ശുഅബുല്‍ ഈമാനിലും, ഇബ്‌നു ഖുസൈമ, ഹാകിം മുതലായവരും ഉദ്ധരിച്ചത്).

عن أبي هريرة قال :  ضرب رسول الله صلى الله عليه و سلم مثل البخيل والمتصدق كمثل رجلين عليهما جبتان من حديد أو جنتان من حديد قد اضطرت أيديهما إلى ثدييهما وتراقيهما فجعل المتصدق كلما تصدق بصدقة أنبسطت عنه حتى تغشى أنامله وتعفو أثره وجعل البخيل كلما هم بصدقة قلصت وأخذت كل حلقة مكانها قال أبو هريرة : فأنا رأيت رسول الله صلى الله عليه و سلم يقول بإصبعه هكذا في جبته

അബൂഹുറയ്‌റ(റ) പറയുന്നു: ”പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: ‘ഇരുമ്പിനാലുള്ള രണ്ട് ജുബ്ബകള്‍ അഥവാ പടയങ്കി ധരിച്ച രണ്ട് ആളുകള്‍; അവരുടെ കൈകള്‍ നെഞ്ചിലേക്കും തൊണ്ടയിലേക്കും ഞെരുങ്ങിയിരിക്കുന്നു. എന്നാല്‍ ദാനം ചെയ്യുന്ന വ്യക്തി ഓരോ തവണ ദാനം ചെയ്യുമ്പോഴും അത് അയാള്‍ക്ക് അയഞ്ഞ് അയഞ്ഞ് വിശാലമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയത് അയാള്‍ക്ക് പൂര്‍ണമായ കവചവും സുരക്ഷയുമായി മാറി. എന്നാല്‍ പിശുക്കനാകട്ടെ, തന്റെ കൈകള്‍ കഴുത്തിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതിനാല്‍ പടച്ചട്ട ശരിയായ രൂപത്തില്‍ ധരിക്കാനാവാതെ അസ്വസ്ഥനാകുന്നു. അത് അയാള്‍ക്ക് കവചമോ സുരക്ഷയോ ആകുന്നില്ല, മറിച്ച് ഭാരമാവുകയും ചെയ്യുന്നു.’ അബൂഹുറയ്‌റ(റ) പറഞ്ഞു: നബി ﷺ അത് എങ്ങനെയെന്ന് ചെയ്ത് കാണിക്കുന്നത് ഞാന്‍ കണ്ടു” (ബുഖാരി, മുസ്‌ലിം).

عن أبي بردة عن أبيه  عن النبي صلى الله عليه وسلم قال: على كل مسلم صدقة. فقالوا: يا نبي الله فمن لم يجد ؟ قال : ” يعمل بيده ، فينفع نفسه ويتصدق ؟ قالوا : فإن لم يجد؟ قال : يُعين ذا الحاجة الملهوف ، قالوا: فإن لم يجد؟ قال : فليعمل بالمعروف ، وليمسك عن الشر، فإنها له صدقة.

അബൂബുര്‍ദ(റ) തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിന്റെമേലും ദാനം ബാധ്യതയാണ്.’ സ്വഹാബത്ത് ചോദിച്ചു: ‘നബിയേ, ദാനം ചെയ്യാന്‍ സമ്പത്തില്ലാത്തയാളോ?’ നബി ﷺ പറഞ്ഞു: ‘തന്റെ കൈകൊണ്ട് അധ്വാനിക്കണം, എന്നിട്ട് സ്വന്തത്തിന് ഉപയോഗിക്കുകയും ദാനം ചെയ്യുകയും വേണം.’ അവര്‍ ചോദിച്ചു: ‘അതിനു കഴിഞ്ഞില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘പ്രയാസപ്പെടുന്ന ആവശ്യക്കാരനെ (കഴിയുംവിധം) സഹായിക്കണം.’ സ്വഹാബികള്‍ ചോദിച്ചു: ‘അതിന് അയാള്‍ക്ക് സാധിച്ചില്ലെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അയാള്‍ നന്മ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ! അത് അയാള്‍ക്ക് ഒരു ദാനമാണ്’. (ബുഖാരി, മുസ്‌ലിം).

പിശുക്കന്‍ നന്മയെ തടഞ്ഞുവെക്കുന്നവനും പുണ്യം ചെയ്യുവാന്‍ വിസമ്മതിക്കുന്നവനുമായതിനാല്‍ അയാള്‍ക്കുള്ള പ്രതിഫലം അതേപോലെയുള്ളത് തന്നെയായിരിക്കും. അയാളുടെ മനസ്സ് കുടുസ്സായതും വിശാലതയില്ലാത്തതുമായിരിക്കും. നന്മകുറഞ്ഞവനും സന്തോഷമില്ലാത്തവനും സങ്കടങ്ങളും ദുഃഖങ്ങളും വിഷമങ്ങളും അധികരിച്ചവനുമായിരിക്കും. അയാളുടെ ഒരാവശ്യവും നിറവേറുകയോ ഒരു കാര്യത്തിലും പടച്ചവന്റെ സഹായം ലഭിക്കുകയോ ചെയ്യുന്നുണ്ടാവില്ല.

അയാള്‍ ശരിക്കും ഇരുമ്പിനാലുള്ള ജുബ്ബ ധരിക്കുകയും കൈകള്‍ രണ്ടും പിരടിയില്‍ ബന്ധിക്കപ്പെടുകയും ചെയ്തവനെ പോലെയാണ്. കൈ നേരെയാക്കാനോ പടയങ്കി ശരിയായരൂപത്തില്‍ ധരിക്കാനോ കൈ ചലിപ്പിക്കാനോ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. പടയങ്കി ഒന്ന് വിശാലമാക്കാനോ കൈ ഒന്ന് പുറത്തെടുക്കാനോ അയാള്‍ ശ്രമിക്കുമ്പോഴൊക്കെയും അതിന്റെ കണ്ണികള്‍ ഓരോന്നും മുറുകുകയാണ് ചെയ്യുന്നത്.

ഇതേപോലെയാണ് ലുബ്ധന്റെ സ്ഥിതിയും. അയാള്‍ വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളുടെ ലുബ്ധത അയാളെ തടയും. അങ്ങനെ അയാളുടെ ഹൃദയം അയാളെ പോലെത്തന്നെ അയാളുടെ തടവറയില്‍ കഴിയും. എന്നാല്‍ ദാനശീലനാകട്ടെ ഓരോതവണ ദാനം ചെയ്യുമ്പോഴും അയാളുടെ ഹൃദയം വിശാലമാവുകയും വിശാലമനസ്‌കതയുള്ള സഹൃദയനാവുകയും ചെയ്യും. അപ്പോള്‍ അയാള്‍ വിശാലതയുള്ള പടയങ്കി ധരിച്ചവനെപ്പോലെയായിരിക്കും. ഓരോതവണ ദാനം ചെയ്യുമ്പോഴും ഹൃദയവിശാലതയും മഹാമനസ്‌കതയും സന്തോഷവും ആഹ്ലാദവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും. ദാനധര്‍മങ്ങള്‍ക്ക് ഈ ഗുണമല്ലാത്ത മറ്റൊരു നേട്ടവുമില്ല എന്ന് വന്നാല്‍പോലും ദാനം അധികരിപ്പിക്കുകയും അതിനായി ഉത്സാഹം കാണിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)

كان عبد الرحمن بن عوف ـ أو سعد بن أبي وقاص ـ يطوف بالبيت وليس له دأب إلا هذه الدعوة : رب قني شح نفسي رب قني شح نفسي فقيل له : أما تدعو بغير هذه الدعوة فقال : إذا وقيت شح نفسي فقد أفلحت

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഈയൊരു പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍ (ശുഹ്ഹ്) നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ… എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ.’ അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഇതല്ലാത്ത മറ്റൊന്നും താങ്കള്‍ പ്രാര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്റെ മനസ്സിന്റെ ലുബ്ധതയില്‍നിന്നും സംരക്ഷിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ വിജയിച്ചു’ (ത്വബ്‌രി തന്റെ തഫ്‌സീറിലും ഇബ്‌നു അസാകിര്‍ ‘താരീഖു ദിമശ്ഖി’ലും ഉദ്ധരിച്ചത്).

‘ശുഹ്ഹും’ ‘ബുഖ്‌ലും’ തമ്മില്‍ വ്യത്യാസമുണ്ട.് ‘ശുഹ്ഹ്’ എന്നത് ഒരു വസ്തുവിനോടുള്ള അടങ്ങാത്ത ആഗ്രഹവും അത് കൈവശപ്പെടുത്താനുള്ള അങ്ങേയറ്റത്തെ തീവ്രപരിശ്രമവും അതിന്റെ പേരിലുള്ള അസ്വസ്ഥതകളുമൊക്കെയാണ്. എന്നാല്‍ ‘ബുഖ്ല്‍’ എന്നത് അത് കിട്ടിയതിനു ശേഷം ചെലവഴിക്കാന്‍ മടിച്ചുകൊണ്ട് പിടിച്ചുവെക്കലാണ്. അപ്പോള്‍ ഒരു സംഗതി അധീനതയില്‍ വരുന്നതിനു മുമ്പുള്ള ആര്‍ത്തിയോടുള്ള പിശുക്കാണ് ‘ശുഹ്ഹ്’ എന്നത്. എന്നാല്‍ അത് കൈയില്‍ വന്നതിനു ശേഷമുള്ള ലുബ്ധതയാണ് ‘ബുഖ്ല്‍.’

അതായത് ‘ശുഹ്ഹി’ന്റെ അനന്തരഫലമാണ് ‘ബുഖ്ല്‍.’ അഥവാ ‘ശുഹ്ഹ്’ ‘ബുഖ്‌ലി’ലേക്ക് ക്ഷണിക്കും. അത് മനസ്സില്‍ ഒളിച്ചിരിക്കുന്ന ഒന്നാണ്. ഒരാള്‍ ‘ബുഖ്ല്‍’ (പിശുക്ക്) കാണിച്ചാല്‍ അയാള്‍ തന്റെ ‘ശുഹ്ഹ്’ന് വഴിപ്പെട്ടു. എന്നാല്‍ ലുബ്ധത കാണിക്കാതിരുന്നാല്‍ അയാള്‍ തന്റെ ‘ശുഹ്ഹി’നോട് ഏതിരുപ്രവര്‍ത്തിക്കുകയും അതിന്റെ കെടുതികളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് സാരം. അത്തരക്കാരാണ് വിജയം വരിക്കുന്നവര്‍:

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അവരുടെ (മുഹാജിറുകളുടെ) വരവിന് മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്കും). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

ഔദാര്യവാന്‍ അല്ലാഹുവിലേക്കും അവന്റെ സൃഷ്ടികളിലേക്കും തന്റെ കുടുംബക്കാരിലേക്കുമൊക്കെ ഏറെ അടുത്തവനായിരിക്കും. സ്വര്‍ഗത്തിലേക്കു സാമീപ്യം സിദ്ധിച്ചവനും നരകത്തില്‍നിന്ന് അകന്നവനുമായിരിക്കും. എന്നാല്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന്‍ അല്ലാഹുവില്‍നിന്നും അവന്റെ സൃഷ്ടികളില്‍നിന്നും വിദൂരത്തായിരിക്കും. സ്വര്‍ഗത്തില്‍നിന്ന് അകന്നും നരകത്തോട് അടുത്തുമായിരിക്കും അയാളുണ്ടാവുക. ഒരാളുടെ ഉദാരമനസ്‌കത അയാളുടെ എതിരാളികളില്‍പോലും അയാളെക്കുറിച്ച് മതിപ്പുണ്ടാക്കും. എന്നാല്‍ ഒരാളുടെ ലുബ്ധത അയാളുടെ മക്കളില്‍ പോലും അയാളോട് വെറുപ്പായിരിക്കും ഉണ്ടാക്കുക.

ഒരു കവി പറഞ്ഞതുപോലെ: ‘ഒരാളുടെ ന്യൂനത ആളുകള്‍ക്കിടയില്‍ വെളിപ്പെടുത്താന്‍ പര്യാപ്തമാണ് അയാളുടെ ലുബ്ധത. എന്നാല്‍ അയാളുടെ ഉദാരതയാകട്ടെ അവരില്‍നിന്ന് എല്ലാ കുറവുകളും മറയ്ക്കുന്നതുമാണ്.’

‘ഉദാരതയുടെ വസ്ത്രംകൊണ്ട് നീ ന്യൂനതകള്‍ മറയ്ക്കുക; കാരണം ഏതൊരു കുറവും മറയ്ക്കാവുന്ന ആവരണമാണ് ഔദാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’

‘നീ കൂട്ടുകൂടുകയാണെങ്കില്‍ നല്ലവരുമായിമാത്രം നീ കൂട്ടുകൂടുക. ഒരാള്‍ ആദരിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും അവന്റെ കൂട്ടുകാരെ പരിഗണിച്ചായിരിക്കും.’

‘നിനക്ക് സാധിക്കുന്നത്ര നീ സംസാരം കുറയ്ക്കുക; എന്തുകൊണ്ടെന്നാല്‍ ഒരാളുടെ സംസാരം കുറഞ്ഞാല്‍ അയാളുടെ അബദ്ധങ്ങളും കുറവായിരിക്കും.’

‘ഒരാളുടെ സമ്പത്ത് കുറഞ്ഞാല്‍ അയാളുടെ കൂട്ടുകാരും കുറയുന്നതാണ്. അയാളുടെ ആകാശവും ഭൂമിയും അയാള്‍ക്ക് കുടുസ്സാവുകയും ചെയ്യും.’

‘അങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ട സന്ദര്‍ഭത്തില്‍ ഒന്നുമറിയാത്തവനെപോലെ അവന് പകച്ചുനില്‍ക്കേണ്ടി വരും.’

‘അതിനാല്‍ തന്റെ കൂട്ടുകാരനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാത്തവരോട് ഇതായിരിക്കും ഇതിന്റെ പരിണിതിയെന്ന് നീ വിളിച്ചുപറഞ്ഞേക്കുക.’

ഉദാരത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആവശ്യമായത് നല്‍കുക എന്നതാണ്. അത് അതിന്റെ അവകാശികള്‍ക്ക് എത്തിക്കാനായി പരമാവധി പരിശ്രമിക്കുക എന്നതുമാണ്. അല്ലാതെ വിവരം കുറഞ്ഞ ചിലയാളുകള്‍ പറയുന്നതുപോലെ കൈയിലുള്ളതൊക്കെ ചെലവഴിക്കലല്ല ഉദാരത. അവര്‍ പറഞ്ഞതായിരുന്നു സത്യമെങ്കില്‍ ധൂര്‍ത്തും ധാരാളിത്തവുമൊക്കെ ആ പേരുകള്‍ പോലും പറയേണ്ടതില്ലാത്തവിധം അപ്രസക്തമാകുമായിരുന്നു. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അതിനെ അധിക്ഷേപിച്ചും വിലക്കിയും എത്രയോ വചനങ്ങള്‍ വന്നിട്ടുണ്ട്!

ഉദാരത പ്രശംസനീയവും അത് നിര്‍വഹിക്കുന്നയാള്‍ പരിധിവിടാതിരിക്കുകയും ചെയ്താല്‍ അയാള്‍ ഉദാരന്‍ എന്ന് വിളിക്കപ്പെടുകയും അയാള്‍ പ്രശംസക്കര്‍ഹനായിത്തീരുകയും ചെയ്യും. എന്നാല്‍ ആരെങ്കിലും ഉദാരതയില്‍ വീഴ്ചവരുത്തുകയും പിശുക്ക് കാണിക്കുകയും ചെയ്താല്‍ അയാള്‍ ലുബ്ധനും ആക്ഷേപാര്‍ഹനുമായിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: ‘നിശ്ചയം! പിശുക്കന് തന്റെ സാമീപ്യം നല്‍കുകയില്ലെന്ന് അല്ലാഹു അവന്റെ പ്രതാപം കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു’ (ത്വബ്‌റാനി ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും ഇബ്‌നു അബിദുന്‍യാ അനസി(റ)ല്‍നിന്നും മര്‍ഫൂആയ നിലയില്‍ (നബിവചനമെന്ന നിലയില്‍) ഉദ്ധരിച്ചതാണ് ഈ റിപ്പോര്‍ട്ടെങ്കിലും അത് ദുര്‍ബലമാണ്. വിശദ വിവരത്തിന് ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുദ്ദഈഫയിലെ 1284,1285 നമ്പര്‍ ഹദീഥുകള്‍ കാണുക).

ഉദാരത രണ്ടുവിധത്തിലുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠവും ഒന്നാമതുമായത്, മറ്റുള്ളവരുടെ കൈയിലുള്ളവയെ സംബന്ധിച്ച് നാം കാണിക്കുന്ന ഉദാരതയാണ്. അഥവാ അന്യരുടെ കൈകളിലുള്ളത് നാം മോഹിക്കാതിരിക്കുക എന്നതാണ്. രണ്ടാമത്തെത് നിന്റെ കൈയിലുള്ളത് ചെലവഴിച്ചുകൊണ്ട് നീ കാണിക്കുന്ന ഉദാരതയാണ്.

ചിലപ്പോള്‍ ഒരാള്‍ ആര്‍ക്കും ഒന്നും നല്‍കുന്നില്ലെങ്കില്‍ പോലും അയാള്‍ ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാന്‍ ആയിരിക്കും. കാരണം ആളുകളുടെ കൈയിലുള്ളതിനോട് അയാള്‍ ഒരു മോഹവും വെച്ചു നടക്കുന്നില്ല. അതാണ് ചില മഹത്തുക്കള്‍ പറഞ്ഞതിന്റെ സാരം:

‘ഉദാരത എന്നത് നിന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനംനല്‍കുന്നതും മറ്റുള്ളവരുടെ സ്വത്ത് സ്വികരിക്കാതെ നീ മാന്യതകാണിക്കലുമാണ്.’

ഗുരുനാഥന്‍ ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:

أوحى الله إلى إبراهيم صلى الله عليه و سلم أتدري لم اتخذتك خليلا ؟ قال : لا قال لأني رأيت العطاء أحب إليك من الأخذ

‘അല്ലാഹു ഇബ്‌റാഹിം നബി(അ)യോട് ഇപ്രകാരം ചോദിച്ചുവത്രെ: ‘എന്തുകൊണ്ടാണ് ഞാന്‍ നിന്നെ ‘ഖലീല്‍’ (ആത്മമിത്രം) ആക്കിയതെന്ന് നിനക്കറിയുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിനക്ക് മറ്റുള്ളവരില്‍നിന്ന് വല്ലതും വാങ്ങുന്നതിനെക്കാള്‍ പ്രിയങ്കരം അവര്‍ക്ക് എന്തെങ്കിലും നല്‍കുന്നതാണെന്ന് കണ്ടതിനാലാണ്.’ (സലഫുകളില്‍ പെട്ട ചിലരില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്. ‘താരീഖു ദിമശ്ഖ്,’ ‘ഹില്‍യത്തുല്‍ ഔലിയാഅ്, ‘അദ്ദുര്‍റുല്‍ മന്‍ഥൂര്‍ മുതലായ ഗ്രന്ഥങ്ങള്‍ കാണുക).

ഇത് അത്യുന്നതനായ പടച്ചറബ്ബിന്റെ വിശേഷണങ്ങളില്‍പെട്ട ഒരു വിശേഷണമാണ്. അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു; അവന്‍ മറ്റുള്ളവരില്‍നിന്ന് യാതൊന്നും എടുക്കുന്നില്ല. അവന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നു; അവനാകട്ടെ ആരും ഭക്ഷണം നല്‍കേണ്ടതില്ല. അവന്‍ ഔദാര്യവാന്മാരില്‍വെച്ച് ഏറ്റവും വലിയ അത്യുദാരനാകുന്നു. സൃഷ്ടികളില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവന്റെ ഗുണവിശേഷണങ്ങള്‍ തങ്ങളുടെ സ്വഭാവമായി സ്വികരിച്ചവരാണ്. അവന്‍ അത്യുദാരനാണ്. അവന്റെ അടിമകളിലെ ഔദാര്യവാന്മാരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്; അറിവുള്ളവരെ അവന്‍ സ്‌നേഹിക്കുന്നു. അവന്‍ കഴിവുറ്റവനാണ്. ധീരന്മാരെ അവന് ഇഷ്ടമാണ്. അവന്‍ ഭംഗിയുള്ളവനാണ്; ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്.

ഇമാം തിര്‍മിദി സഈദുബ്‌നുല്‍ മുസ്വയ്യിബ്(റഹി) പറയുന്നതായി ഇപ്രകാരം ഉദ്ധരിക്കുന്നു:

إن الله طيب يحب الطيب نظيف يحب النظافة كريم يحب الكرم جواد يحب الجود فنظفوا أخبيتكم ولا تشبهوا باليهود

‘നിശ്ചയം, അല്ലാഹു വിശുദ്ധനാണ്; അവന്‍ വിശുദ്ധമായതിനെ ഇഷ്ടപ്പെടുന്നു. അവന്‍ വൃത്തിയുള്ളവനാണ്; വൃത്തിയെ അവന്‍ ഇഷ്ടപ്പെടുന്നു. ഔദാര്യവാനാണ്; ഉദാരതയെ അവന്‍ ഇഷ്ടപ്പെടുന്നു. മാന്യനാണ്; മാന്യതയെ അവന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുക. നിങ്ങള്‍ ജൂതന്മാരെ പോലെയാകരുത്.’ (ഇതിന്റെ പരമ്പരയിലുള്ള ഖാലിദ്ബ്‌നു ഇല്‍യാസ് പണ്ഡിതന്‍മാര്‍ ദുര്‍ബലനാണെന്ന് വിധിപറഞ്ഞ വ്യക്തിയാണ്).

(തിര്‍മിദി, ബസ്സാര്‍, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്. ഇമാം തിര്‍മിദി തന്നെ അതിന്റെ ന്യുനത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ജൗസി(റഹി) തന്റെ ‘അല്‍ ഇലലുല്‍ മുതനാഹിയ’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്).

തിര്‍മിദി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു:

السخي قريب من الله قريب من الجنة قريب من الناس بعيد من النار والبخيل بعيد من الله بعيد من الجنة بعيد من الناس قريب من النار ولجاهل سخي أحب إلى الله تعالى من عابد بخيل

‘ധര്‍മിഷ്ഠന്‍ അല്ലാഹുവിനോട് അടുത്തവനാണ്. സ്വര്‍ഗത്തോടും ജനങ്ങളോടും അയാള്‍ സമീപസ്ഥനുമാണ്. നരകത്തില്‍നിന്നാകട്ടെ അകന്നവനുമാണ്. എന്നാല്‍ പിശുക്കന്‍ അല്ലാഹുവില്‍നിന്ന് അകന്നവനാണ്. സ്വര്‍ഗത്തില്‍നിന്നും ആളുകളില്‍നിന്നും അയാള്‍ വിദൂരത്തായിരിക്കും. നരകത്തോട് സമീപസ്ഥനുമായിരിക്കും. അറിവില്ലാത്ത ഔദാര്യവാനാണ് പിശുക്കനായ ഭക്തനെക്കാള്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവന്‍’

(തിര്‍മിദിക്കു പുറമെ ഇബ്‌നു അദിയ്യ് തന്റെ ‘അല്‍കാമിലി’ലും ‘ഉകൈ്വലി’ തന്റെ ‘അദ്ദുഅഫാഇ’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം തിര്‍മിദിതന്നെ അതിന്റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്നെ തന്റെ ‘അല്‍മനാറുല്‍ മുനീഫ്’ എന്ന ഗ്രന്ഥത്തില്‍ അടിസ്ഥാനരഹിതമായ ഹദീഥുകളുടെ കൂട്ടത്തില്‍ ഇതിനെ എണ്ണിയിട്ടുണ്ട്).

സ്വഹിഹായ ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്:

إن الله تعالى يحب الوتر

‘നിശ്ചയം, അല്ലാഹു ഏകനാണ്. ഒറ്റയാക്കുന്നതിനെ (വിത്‌റിനെ) അവന്‍ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിം).

അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു കാരുണ്യവാനാണ്. കരുണ ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അവന്റെ ദാസന്മാരിലെ കരുണയുള്ളവരോടാണ് അവനും കരുണ കാണിക്കുക. അവന്‍ ന്യൂനതകള്‍ മറച്ചുവെക്കുന്നവനാണ്. അവന്റെ ദാസന്മാരുടെ ന്യുനതകള്‍ മറച്ചുവെക്കുന്നവരെ അവന് ഇഷ്ടമാണ്. അവന്‍ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വീഴ്ചകള്‍ പൊറുക്കുന്നവനാണ്. ആളുകളുടെ വീഴ്ചകള്‍ പൊറുത്ത് കൊടുക്കുന്നവരോട് അവന് ഇഷ്ടമാണ്. അവന്‍ അനുകമ്പ കാട്ടുന്നവനാണ്. അവന്റെ ദാസന്മാരിലെ അനുകമ്പശീലരോട് അവന് ഇഷ്ടമാണ്. കഠിനഹൃദയരും പരുഷസ്വഭാവികളും അഹങ്കാരികളും അമിതഭോജികളുമായവരെ അവന് വെറുപ്പാണ്. അവന്‍ സൗമ്യതയുള്ളവനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വിവേകശാലിയാണ്; വിവേകത്തെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ നന്മ ചെയ്യുന്നവനാണ്; നന്മയെയും അതിന്റെ വക്താക്കളെയും അവന് ഇഷ്ടമാണ്. അവന്‍ നീതിമാനാണ്; നീതിപാലിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവനാണ്. തന്റെ ദാസന്മാരുടെ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവരെ അവന് ഇഷ്ടമാണ്. ഇത്തരം ഗുണവിശേഷണങ്ങള്‍ക്കനുസരിച്ച് അവന്‍ തന്റെ ദാസന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അവര്‍ക്ക് അവനും വിട്ടുവീഴ്ച ചെയ്യും. ആരെങ്കിലും പൊറുത്ത് കൊടുത്താല്‍ അവര്‍ക്ക് അവനും പൊറുത്ത് കൊടുക്കും. ആരെങ്കിലും മറ്റുള്ളവരുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചാല്‍ അവന്‍ അയാള്‍ക്കും മാപ്പാക്കുന്നതാണ്. ആരെങ്കിലും മറ്റുള്ളവര്‍ക്ക് ഇളവുചെയ്താല്‍ അവന്‍ അയാള്‍ക്കും ഇളവുചെയ്യും. ആരെങ്കിലും അല്ലാഹുവിന്റെ അടിയാറുകളോട് സൗമ്യത കാണിച്ചാല്‍ അല്ലാഹു അയാളോടും സൗമ്യത കാണിക്കും. ആരെങ്കിലും സൃഷ്ടിജാലങ്ങളോട് കരുണകാണിച്ചാല്‍ അല്ലാഹു അയാളോടും കരുണകാണിക്കും. ജനങ്ങളോട് ആരെങ്കിലും നന്മ ചെയ്താല്‍ അല്ലാഹു അയാള്‍ക്കും നന്മ ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനതകളെ വിട്ടുകളഞ്ഞ് മാപ്പാക്കിയാല്‍ അല്ലാഹു അയാളുടെ കുറവുകളെയും വിട്ടുകളയും. ആരെങ്കിലും മറ്റുള്ളവരോട് ഔദാര്യം കാണിച്ചാല്‍ അല്ലാഹു അയാള്‍ക്കും ഔദാര്യം ചെയ്യും. വല്ലവനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്താല്‍ അല്ലാഹു അയാള്‍ക്കും ഉപകാരം ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെതും മറച്ചുവെക്കും. വല്ലവനും മറ്റുള്ളവരുടെ കുറവുകള്‍ ചിക്കിച്ചികയാന്‍ ഒരുങ്ങിയാല്‍ അല്ലാഹു അയാളുടെ കുറവുകളും കൊണ്ടുവരും. ആരെങ്കിലും മറ്റുള്ളവരെ അവഹേളിച്ചാല്‍ അവന്‍ അവരെയും അവഹേളിക്കും. ആരെങ്കിലും തന്റെ നന്മ മറ്റുള്ളവര്‍ക്ക് നിഷേധിച്ചാല്‍ അല്ലാഹു അയാള്‍ക്കും നന്മ തടയും. ആരെങ്കിലും അല്ലാഹുവിനോട് എതിരായാല്‍ അല്ലാഹു അയാളോടും എതിരാകും. ആരെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍ അല്ലാഹു അയാളോടും തന്ത്രം പ്രയോഗിക്കും. ആരെങ്കിലും ചതിയും വഞ്ചനയും കാണിച്ചാല്‍ അല്ലാഹു അയാളോടും അതുപോലെ കാണിക്കും. ഒരാള്‍ അല്ലാഹുവിന്റെ അടിമകളോട് പെരുമാറുന്നത് ഏത് തരത്തിലാണോ അല്ലാഹു ഇരുലോകത്തു വെച്ച് അയാളോടും അതേരൂപത്തിലായിരിക്കും പെരുമാറുക. അതായത് ഒരാള്‍ മറ്റൊരാളോട് ഏത് രൂപത്തിലാണോ പെരുമാറുന്നത് അതനുസരിച്ചായിരിക്കും അല്ലാഹു അയാളോടും പെരുമാറുക എന്ന് സാരം.

അതുകൊണ്ട് നബി ﷺ യുടെ ഹദീഥുകളില്‍ ഇപ്രകാരം കാണാം:

من ستر مسلما ستره الله تعالى في الدنيا والآخرة ومن نفس عن مؤمن كربة من كرب الدنيا نفس الله تعالى عنه كربة من كرب يوم القيامة ومن يسر على معسر يسر الله تعالى حسابه

‘ആരെങ്കിലും ഒരു സത്യവിശ്വസിയുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെ ന്യുനതകളും ഈ ലോകത്തും പരലോകത്തും മറച്ചുവെക്കുന്നതാണ്. ആരെങ്കിലും ഒരു സത്യാവിശ്വാസിയുടെ ഈ ലോകത്തെ ദുരിതംനീക്കി ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളില്‍നിന്ന് പരലോകത്തെ പ്രയാസങ്ങള്‍ നീക്കി ആശ്വാസം നല്‍കുന്നതാണ്. (സാമ്പത്തികമായി) പ്രയാസപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളുടെ വിചാരണ എളുപ്പമാക്കും’ (മുസ്‌ലിം).

ومن أقال نادما أقال الله تعالى عثرته

‘ഒരു ഇടപാട് ഒഴിവാക്കിക്കൊടുക്കാനായി ഖേദപ്രകടനത്തോടെ ഒരാള്‍ വരികയും ആ അഭ്യര്‍ഥന പരിഗണിച്ച് പ്രസ്തുത ഇടപാട് ഒഴിവാക്കിക്കൊടുക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ വീഴ്ചകളും (പ്രതിക്രിയ കൂടാതെ) ഒഴിവാക്കിക്കൊടുക്കും’ (അബൂദാവൂദ്, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാന്‍).

ومن أنظر معسرا أو وضع عنه أظله الله تعالى في ظل عرشه

‘ആരെങ്കിലും കടംകൊണ്ട് പ്രയാസപ്പെടുന്നയാള്‍ക്ക് അവധി നീട്ടിക്കൊടുക്കുകയോ കടം വിട്ടുവീഴ്ച ചെയ്യുകയോ ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് അര്‍ശിന്റെ തണല്‍ നല്‍കുന്നതാണ.’ (മുസ്‌ലിം).

എന്തുകൊണ്ടെന്നാല്‍ ഈ വ്യക്തി അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കലിന്റെയും സഹനത്തിന്റെയും തണല്‍നല്‍കി സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന അയാളെ ബുദ്ധിമുട്ടിച്ചു പണം തിരിച്ചു വാങ്ങിക്കുന്ന കഷ്ടതയുടെ ചൂടില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് അന്ത്യനാളില്‍ സൂര്യന്റെ ചൂടില്‍നിന്നും അര്‍ശിന്റെ തണല്‍ നല്‍കി അല്ലാഹു അയാളെ സംരക്ഷിക്കും.

തിര്‍മിദിയും മറ്റും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം:

يا معشر من آمن بلسانه ولم يدخل الإيمان إلى قلبه لا تؤذوا المسلمين ولا تتبعوا عوراتهم فإنه من تتبع عورة أخيه يتبع الله عورته ومن يتبع الله عورته يفضحه ولو في جوف بيته

‘ഒരിക്കല്‍ നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഹൃദയത്തിലേക്ക് ഈമാന്‍ (സത്യവിശ്വാസം) കടന്നുചെന്നിട്ടില്ലാത്ത, കേവലം നാവുകൊണ്ട് മാത്രം വിശ്വാസം പ്രഖ്യാപിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളെ ഉപദ്രവിക്കരുതേ, അവരുടെ കുറവുകള്‍ നിങ്ങള്‍ ചിക്കിച്ചികയുകയും ചെയ്യരുതേ. എന്തുകൊണ്ടെന്നാല്‍ തന്റെ സഹോദരന്റെ കുറവുകള്‍ ചികഞ്ഞാല്‍ അല്ലാഹു അയാളുടെയും കുറവുകള്‍ ചികയും. അല്ലാഹു ആരുടെയെങ്കിലും കുറവുകള്‍ ചികഞ്ഞാല്‍ അത് അയാളെ അവഹേളിച്ച് വഷളാക്കിക്കളയും, അയാള്‍ തന്റെ വീടിന്റെ ഉള്ളറയിലായിരുന്നാല്‍ പോലും.’

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും.

കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചുവെച്ചുകൊണ്ട് പുറമെ ഇസ്‌ലാം നടിച്ചവരാണല്ലോ. അതിനാല്‍ അന്ത്യനാളില്‍ ‘സ്വിറാത്തിന്‍മേല്‍’ ആയി അവര്‍ക്ക് പ്രകാശം കാണിച്ചുകൊടുക്കും. അവര്‍ക്ക് തോന്നും ആ പ്രകാശംകൊണ്ട് സ്വിറാത്ത് പാലം മുറിച്ചുകടന്ന് മുന്നോട്ടു പോകാമെന്ന്. എന്നാല്‍ അവര്‍ അതിനടുത്തെത്തിയാല്‍ പ്രസ്തുത പ്രകാശം അവന്‍ കെടുത്തിക്കളയുകയും അത് മുറിച്ചുകടന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യും. അതായത് അവര്‍ പ്രവര്‍ത്തിച്ച രൂപത്തില്‍തന്നെയുള്ള പ്രതിഫലമെന്ന നിലയില്‍ അങ്ങനെയാണ് അവിടെ നല്‍കപ്പെടുക.

അപ്രകാരം തന്നെ അല്ലാഹുവിന് അറിയാവുന്നതിന് വിരുദ്ധമായ, അഥവാ തങ്ങളുടെ രഹസ്യസത്യങ്ങള്‍ക്ക് വിപരീതമായി മറ്റുള്ളവരോട് വേറൊന്ന് പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുന്നവര്‍, ഇഹപര വിജയത്തിന്റെയും രക്ഷയുടെയും മാര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് മുന്നില്‍ വെളിവാക്കിക്കൊടുക്കും. പക്ഷേ, അതിന്റെ വിപരീതമായതായിരിക്കും അവരെ കാത്തിരിക്കുന്നത്.

من راءى راءى الله به ومن سمع سمع الله به

നബി ﷺ പറയുന്നു: ”ആരെങ്കിലും ജനങ്ങളെ കാണിക്കുവാനോ കേള്‍പ്പിക്കുവാനോ വേണ്ടി വല്ലതും ചെയ്താല്‍ അവരുടെ ഉദ്ദേശമനുസരിച്ച് അല്ലാഹു ആക്കിത്തീര്‍ക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും മാന്യനും ഉദാരമതിയുമായ ഒരു ധര്‍മിഷ്ഠന്, ചെലവഴിക്കാതെ പിടിച്ചുവെക്കുന്ന പിശുക്കന് നല്‍കാത്ത പലതും അല്ലാഹു നല്‍കുന്നതാണ്. അയാള്‍ക്ക് മാനസികമായും സ്വഭാവപരമായും ഉപജീവനത്തിലും ജീവനോപാധികളിലും മറ്റുമൊക്കെ അഭിവൃദ്ധിയും വിശാലതയും അല്ലാഹു നല്‍കുന്നതാണ്. അഥവാ അയാളുടെ പ്രവര്‍ത്തനത്തിന്റെതായ രീതിയില്‍തന്നെയുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടും.

മറ്റൊന്ന് ഹദീഥില്‍ പറഞ്ഞത് ഇപ്രകാരമാണ്:

وأمركم أن تذكروا الله تعالى فإن مثل ذلك مثل رجل خرج العدو في أثره سراعا حتى إذا أتى حصن حصين فأحرز نفسه منهم كذلك العبد لا يحرز نفسه من الشيطان إلا بذكر الل

അല്ലാഹുവിനെ നിങ്ങള്‍ സ്മരിക്കുവാന്‍ (ദിക്ര്‍ ചെയ്യുവാന്‍) അവന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ ധൃതിപ്പെട്ടു പിന്നാലെ കൂടിയ ഒരാളുടേത് പോലെയാണ.് അങ്ങനെ അയാള്‍ ശക്തവും സുരക്ഷിതവുമായ ഒരു കോട്ടയുടെ അടുക്കലെത്തി. തന്റെ ശരീരത്തെ ശത്രുക്കളില്‍നിന്നും സുരക്ഷിതമാക്കി. അപ്രകാരം അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ (സ്മരണ) ആണ് ഒരു ദാസനെ പിശാചില്‍നിന്ന് രക്ഷപ്പെടുത്തുന്നത്.

അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നുമില്ലായെന്ന് സങ്കല്‍പിച്ചാല്‍ പോലും സത്യത്തില്‍ ഒരാളുടെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നും തളര്‍ന്ന് പിന്‍വാങ്ങുകയില്ല. പ്രത്യുത അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് അത് സദാസമയവും സജീവമായിരിക്കും. എന്തുകൊണ്ടെന്നാല്‍ തന്റെ ശത്രുവില്‍നിന്ന് അയാള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നത് അതുകൊണ്ട് മാത്രമാണ്. അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് ‘ദിക്‌റി’ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് ‘ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍’ (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.

قال ابن عباس : الشيطان جاثم على قلب أبن آدم فإذا سها وغفل وسوس فإذا ذكر الله تعالى خنس

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും” (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ ‘തഅലീക്വാ’യും ഉദ്ധരിച്ചിട്ടുണ്ട്).

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ മുആദുബ്‌നു ജബലി(റ)ല്‍നിന്നും ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു:

 ما عمل آدمي عملا قط أنجى له من عذاب الله من ذكر الله عز و جل

അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കുന്ന ഒരു കര്‍മവും ഒരാളും ചെയ്യുന്നില്ല.

മുആദ്(റ) പറയുന്നു: ”നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങള്‍ അവരുടെ പിരടിക്ക് വെട്ടുകയും അവര്‍ നിങ്ങളുടെ പിരടിക്ക് വെട്ടുകയും ചെയ്യുന്നതിനെക്കാളും (അഥവാ സത്യമാര്‍ഗത്തിലുള്ള നിങ്ങളുടെ പോരാട്ടത്തെക്കാളും) ഉത്തമമായ ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ സ്വഹാബിമാര്‍ പറഞ്ഞു: ‘അതെ, പ്രവാചകരേ അറിയിച്ചു തന്നാലും.’ അവിടുന്ന് പറഞ്ഞു: ‘മഹത്ത്വമുള്ളവനും പ്രതാപവാനുമായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാ(ദിക്ര്‍)കുന്നു അത്.” (ഇമാം അഹ്മദ് ഉദ്ധരിച്ചത്, ഇതിന്റെ പരമ്പര (സനദ്) മുറിഞ്ഞുപോയിട്ടുണ്ട്).

സ്വഹീഹ് മുസ്‌ലിമില്‍ അബുഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:

كَانَ رَسُولُ اللَّهِ صلى الله عليه وسلم يَسِيرُ فِي طَرِيقِ مَكَّةَ فَمَرَّ عَلَى جَبَلٍ يُقَالُ لَهُ جُمْدَانُ فَقَالَ ‏”‏ سِيرُوا هَذَا جُمْدَانُ سَبَقَ الْمُفَرِّدُونَ ‏”‏ ‏.‏ قَالُوا وَمَا الْمُفَرِّدُونَ يَا رَسُولَ اللَّهِ قَالَ ‏”‏ الذَّاكِرُونَ اللَّهَ كَثِيرًا وَالذَّاكِرَاتُ ‏”‏ ‏.‏

നബി ﷺ ഒരിക്കല്‍ മക്കയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ജുംദാന്‍ എന്ന് പേരുള്ള ഒരു മലയുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ മുന്നേറുക. ഇത് ജുംദാന്‍ കുന്നാണ്. മുന്‍കടന്നവര്‍ വിജയിച്ചു.’ സ്വഹാബിമാര്‍ ചോദിച്ചു: ‘നബിയേ, ആരാണ് മുന്‍കടന്നവര്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും.

സുനനു അബീദാവൂദില്‍ അബൂഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നതായി കാണാം:

ما من يقومون من مجلس لا يذكرون الله تعالى فيه إلا قاموا عن مثل جيفة حمار وكان عليهم حسرة

ഏതൊരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റുപോവുകയും ചെയ്യുന്നുവോ അവരുടെ ഉപമ ചീഞ്ഞളിഞ്ഞ കഴുതയുടെ ശവത്തിന്റെ അടുത്തുനിന്നും എഴുന്നേറ്റുപോയവനെ പോലെയാണ്. തങ്ങള്‍ വീഴ്ചവരുത്തിയ നന്മയെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നതാണ്. (അബുദാവൂദ്, അഹ്മദ്, ഹാകിം).

തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്:

ما جلس قوم مجلسا لم يذكروا الله فيه ولم يصلوا على نبيهم إلا كان عليهم ترة فإن شاء عذبهم وإن شاء غفر لهم

ഏതൊരു വിഭാഗം ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയോ പ്രവാചകന്റെമേല്‍ സ്വലാത്ത് പറയുകയോ ചെയ്യാതെ പോവുകയും ചെയ്താല്‍ അത് അവരുടെ ഒരു വീഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഒന്നുകില്‍ അവരെ ശിക്ഷിക്കും. അല്ലങ്കില്‍ അവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. (തിര്‍മിദി, അഹ്മദ്, ത്വബ്‌റാനി).

സ്വഹീഹു മുസ്‌ലിമില്‍ അല്‍അഗര്‍റ് അബൂമുസ്‌ലിമി(റ)ല്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു:

أشهد على أبي هريرة وأبي سعيد أنهما شهدا على رسول الله صلى الله عليه و سلم أنه قال [ لا يقعد قوم يذكرون الله فيه إلا حفتهم الملائكة وغشيتهم الرحمة ونزلت عليهم السكينة وذكرهم الله فيمن عنده

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യും അബൂസഈദും(റ) സാക്ഷ്യപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയാണ്: ‘ഏതൊരു ജനത അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നുവോ മലക്കുകള്‍ അവര്‍ക്ക് ചുറ്റും കൂടുകയും അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം അവരെ ആവരണം ചെയ്യുകയും ശാന്തി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ്. അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യും. (മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു:

 أن رجلا قال : يا رسول الله إن أبواب الخير كثيرة ولا أستطيع القيام بكلها فأخبرني بما شئت أتشبث به ولا تكثر علي فأنسى

”ഒരിക്കല്‍ ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘പ്രവാചകരേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അവയെല്ലാംകൂടി നിര്‍വഹിക്കാന്‍ ഞാന്‍ അശക്തനാണ്. അതിനാല്‍ എനിക്ക് കൈവിടാതെ കൊണ്ടുനടക്കാന്‍ പറ്റിയ ഒരു കാര്യം അറിയിച്ചു തന്നാലും. അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോയെങ്കിലോ!”

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയാണ്:

أن شرائع الإسلام قد كثرت علي وأنا كبرت فأخبرني بشئ أتشبث به قال : لا يزال لسانك رطبا بذكر الله تعالى

”ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ധാരാളമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കാകട്ടെ പ്രായം ഏറെയായി. അതിനാല്‍ എനിക്ക് വിട്ടുകളയാതെ കൊണ്ടുനടക്കാവുന്ന ഒരു കാര്യം പറഞ്ഞുതരുമോ? അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോകുമെന്ന് ഭയപ്പെടുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കളുടെ നാവ് അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് പച്ചപിടിച്ചുനില്‍ക്കട്ടെ!’ (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ചത്).

അബൂസഈദി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”നബി ﷺ ഒരിക്കല്‍ ചോദിക്കപ്പെട്ടു: ‘അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്ന പദവിയും ശ്രേഷ്ഠതയും ഉള്ളത് ഏത് വ്യക്തിക്കാണ് റസൂലേ?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക്.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തവരെക്കാളുമോ?’ നബി ﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ വാളുകൊണ്ട് (എതിര്‍സൈന്യത്തിലുള്ള) സത്യനിഷേധികളെയും ബഹുദൈവാരാധകരെയും വെട്ടുകയും അങ്ങനെ ആയുധം ഒടിയുകയും രക്തംപുരളുകയും ചെയ്താലും അല്ലാഹുവിനെ ദിക്ര്‍ചെയ്യുന്ന (സ്മരിക്കുന്ന) വ്യക്തിതന്നെയാണ് അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ പദവിയിലുള്ളത്” (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ദുര്‍ബലമായ സനദിലൂടെ ഉദ്ധരിച്ചത്. ഇമാം തിര്‍മിദിയും ഇബ്‌നുല്‍ ക്വയ്യിം തന്റെ തഹ്ദീബുസ്സുനനിലും ഇതിന്റെ ദുര്‍ബലതയെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്: കുറിപ്പ്).

സ്വഹീഹുല്‍ ബുഖാരിയില്‍ അബൂമൂസ(റ) നബി ﷺ യില്‍നിന്നും നിവേദനം ചെയ്യുന്നു:

مثل الذي يذكر ربه والذي لا يذكر ربه مثل الحي والميت

തന്റെ രക്ഷിതാവിനെ സ്മരിക്കുന്നയാളുടെയും സ്മരിക്കാത്തയാളുടെയും ഉപമ ജീവനുള്ളയാളുടെയും ജീവന്‍ നഷ്ടപ്പെട്ടയാളുടെയും പോലെയാകുന്നു.

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു:

قال رسول الله صلى الله عليه و سلم : يقول الله تعالى : أنا عند ظن عبدي بي وأنا معه إذا ذكرني فإن ذكرني في نفسه ذكرته في نفسي وإن ذكرني في ملأ ذكرته في ملأ خير منهم وإن تقرب إلي شبرا تقربت إليه ذرعا وإن تقرب إلي ذرعا تقربت منه باعا وإذا أتاني يمشي أتيته هرولة

”നബി ﷺ പറഞ്ഞു: ”അല്ലാഹു തആല പറഞ്ഞിരിക്കുന്നു: ‘എന്നെക്കുറിച്ച് എന്റെ അടിമ കരുതുന്നിടത്തതാണ് ഞാന്‍. അവന്‍ എന്നെ സ്മരിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ടാകും. അവന്‍ എന്നെ അവന്റെ മനസ്സില്‍ സ്മരിച്ചാല്‍ അവനെ ഞാന്‍ എന്റെ മനസ്സിലും സ്മരിക്കും. അവന്‍ എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അവനെ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടി ച്ചെല്ലും.”

അനസി(റ)ല്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു:

أن رسول الله صلى الله عليه و سلم قال إذا مررتم برياض الجنة فارتعوا قالوا : يا رسول الله وما رياض الجنة ؟ قال حلق الذكر

നിശ്ചയം നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗീയ പൂന്തോപ്പിനടുത്തുകൂടി നടന്നുപോവുകയാണെങ്കില്‍ നിങ്ങളതില്‍നിന്നും ഭക്ഷിക്കുക.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് സ്വര്‍ഗീയ പൂന്തോപ്പുകള്‍?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകള്‍’ (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഈ റിപ്പോര്‍ട്ടിനു ചില ദുര്‍ബലതകള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ഉപോല്‍ബലകമായ വേറെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് ഇമാം തിര്‍മിദിതന്നെ ഉദ്ധരിക്കുന്നു: അല്ലാഹു തആലാ പറഞ്ഞു:

إن عبدي الذي يذكرني وهو ملاق قرنه

നിശ്ചയം, എന്റെ ശരിയായ ദാസന്‍ എന്ന് പറയുന്നത് ശത്രുവുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍പോലും എന്നെ സ്മരിക്കുന്നവനാണ്.

(ഇതിന്റെ സനദില്‍ ഉഫൈറുബ്‌നു മഅ്ദാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. എന്നാല്‍ വേറെ വഴികളിലൂടെയും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നതിനാല്‍ ഹാഫിദ് ഇബ്‌നു ഹജറി (റഹി)നെപോലെയുള്ളവര്‍ ഇതിനെ ‘ഹസന്‍’ എന്ന ഗണത്തില്‍പെടുത്തുന്നു. ‘നതാഇജുല്‍ അഫ്കാര്‍,’ ‘ഫുതൂഹാതുര്‍റബ്ബാനിയ്യ’ മുതലായവ കാണുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്).

ദിക്ര്‍ ചെയ്യുന്നവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ധര്‍മസമരം ചെയ്യുന്നവരാണ്. ധര്‍മസമരം നയിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ ‘ദിക്ര്‍’ ചെയ്യുന്നവരും (അല്ലാഹുവിനെ സ്മരിക്കുന്നവര്‍) ആകുന്നു. അല്ലാഹു പറയുന്നു:

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻟَﻘِﻴﺘُﻢْ ﻓِﺌَﺔً ﻓَﭑﺛْﺒُﺘُﻮا۟ ﻭَٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻟَّﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ

സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവിനെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍ :8/45)

ധര്‍മസമരത്തോടൊപ്പം അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും (ദിക്ര്‍ ചെയ്യുവാന്‍) ഇവിടെ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്. അവര്‍ ഉത്തമമായ വിജയ പ്രതീക്ഷയിലായിരിക്കാന്‍ അതാണ് വേണ്ടത്. അപ്രകാരംതന്നെ സൂറതുല്‍ അഹ്‌സാബിലെ 35,41 വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്.

ﻭَٱﻟﺬَّٰﻛِﺮِﻳﻦَ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻭَٱﻟﺬَّٰﻛِﺮَٰﺕِ ﺃَﻋَﺪَّ ٱﻟﻠَّﻪُ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًﺎ

…….. ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍ :33/35)

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41)

അല്ലാഹു പറയുന്നു:

فَإِذَا قَضَيْتُم مَّنَٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَٰقٍ ‎

അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല. (ഖു൪ആന്‍ : 2/200)

ഇവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ (ദിക്‌റിനെ) ശക്തവും ധാരാളവും എന്നിങ്ങനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു അടിമക്ക് അത് അത്രമാത്രം അത്യാവശ്യമാണ് എന്നതുകൊണ്ടും അതില്ലാതെ കണ്ണ് ഇമവെട്ടുന്ന സമയം പോലും ധന്യമാവാന്‍ അവന് സാധ്യമല്ല എന്നതുകൊണ്ടുമാണത്. ഏതൊരു നിമിഷമാണോ ഒരു അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ (ദിക്‌റില്‍നിന്ന്) മുക്തമായ സമയം ഉള്ളത് അത് അവനുതന്നെയാണ് ദോഷവും ഭാരവുമായിട്ടു വരുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള അശ്രദ്ധയിലൂടെ അവന്‍ നേടുന്ന ഏത് ലാഭങ്ങളെക്കാളും കൊടിയനഷ്ടവും പരാജയവുമായിരിക്കും അതിലൂടെ അവന് വന്നുചേരുന്നത്.

സാത്വികരായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ഒരു അടിമ (അല്ലാഹുവിലേക്ക്) ഇന്നാലിന്ന പോലെയൊക്കെ നല്ല രൂപത്തില്‍ ഒരു വര്‍ഷത്തോളം മുന്നിടുകയും എന്നിട്ട് ഒരുനിമിഷം അവനില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു എന്ന് കരുതുക. എങ്കില്‍ അവന് നഷ്ടമായതാണ് അവന്‍ നേടിയെടുത്തതിനെക്കാള്‍ ഗുരുതരം.

ആഇശ(റ)യും അവരുടെ പിതാവ് അബൂബക്കര്‍ സിദ്ദീക്വും(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:

ما من ساعة تمر بأبن آدم لا يذكر فيها إلا تحسر عليها يوم القيامة

ആദമിന്റെ സന്തതിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്ലാതെ കഴിഞ്ഞുപോകുന്ന ഏതൊരു സമയത്തെക്കുറിച്ചും അന്ത്യനാളില്‍ കൊടും ഖേദം തോന്നുന്നതാണ്. (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ത്വബ്‌റാനി ‘ഔസത്വി’ലും അബൂനുഐം ‘ഹില്‍യ’യിലും ദുര്‍ബലമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്തത് ഈ ഹദീഥ് ഉദ്ധരിച്ച ശേഷം ഇമാം ബൈഹക്വി(റഹി) ഇപ്രകാരം രേപ്പെടുത്തി: ‘ഈ ഹദീഥിന്റെ പരമ്പരയില്‍ ദുര്‍ബലതയുണ്ട്. എന്നാല്‍ ഇതിനെ ബലപ്പെടുത്തുന്ന സാക്ഷ്യറിപ്പോര്‍ട്ടുകള്‍ മുആദി(റ)ന്റെ ഹദീഥിലൂടെ വന്നിട്ടുണ്ട്).

عن معاذ بن جبل يرفعه أيضا ليس تحسر أهل الجنة إلا عن ساعة مرت بهم لم يذكروا الله عز و جل فيها

നബി ﷺ യില്‍നിന്ന് മുആദുബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: ‘അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് സ്വര്‍ഗവാസികള്‍ പോലും ഖേദിക്കുന്നതാണ്’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

عن أم حبيبة زوج النبي صلى الله عليه و سلم قالت : قال رسول الله صلى الله عليه و سلم : كلام أبن آدم كله عليه لا له إلا أمرا بمعروف أو نهيا عن منكر أو ذكرا لله عز و جل

പ്രവാചക പത്‌നി ഉമ്മു ഹബീബ(റ) പറയുന്നു: ”നബി ﷺ ഇപ്രകാരം പറഞ്ഞു: മനുഷ്യന്റെ ഏതൊരു സംസാരവും അവന് നഷ്ടമാണ് വരുത്തുക, പ്രത്യുത ലാഭമല്ല (നന്മ കല്‍പിച്ചതും തിന്മ വിരോധിച്ചതും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതും ദിക്ര്‍ ഒഴികെ)” (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

عن معاذ بن جبل قال : سألت رسول الله صلى الله عليه و سلم : أي الأعمال أحب إلى الله عز و جل ؟ قال أن تموت ولسانك رطب من ذكر الله عز و جل

മുആദുബ്‌നു ജബല്‍(റ) നിവേദനം: ”നബി ﷺ യോട് ഞാനൊരിക്കല്‍ ചോദിച്ചു: ‘കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഏതാണ് നബിയേ?’ നബി ﷺ പറഞ്ഞു: ‘നിന്റെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പച്ചപിടിച്ചതായിരിക്കെ നീ മരിക്കുക എന്നതാണ്’ (ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍).

قال أبو الدرداء رضي الله تعالى عنه : لكل شيء جلاء وإن جلاء القلوب ذكر الله عز و جل

അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”ഏതൊരു വസ്തുവിനും ഒരു തെളിച്ചമുണ്ട്. നിശ്ചയം, ഹൃദയങ്ങളുടെ തെളിച്ചം അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ആണ്” (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

നിസ്സംശയം, വെള്ളിയും ചെമ്പുമൊക്കെ ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഹൃദയവും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശുദ്ധീകരണം ‘ദിക്ര്‍’കൊണ്ടാണ്. നിസ്സംശയം, ‘ദിക്ര്‍’ ഹൃദയത്തെ വെളുത്ത കണ്ണാടിപോലെ ശുദ്ധീകരിക്കുന്നതാണ്. എന്നാല്‍ റബ്ബിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് അഴുക്ക് പുരളും. എപ്പോള്‍ സ്‌തോത്ര കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കപ്പെടുന്നുവോ അപ്പോള്‍ അത് ആ അഴുക്കിനെ നീക്കികളയുകയും ചെയ്യും.

ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ ‘ദിക്‌റി’ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല.

അഴുക്കുകള്‍ കുമിഞ്ഞുകൂടുകയും ഹൃദയം കറുത്തുപോവുകയും കറപുരണ്ട് മലീമസമാവുകയും ചെയ്യും. അതിന്റെ ഗ്രാഹ്യശക്തിയും കാര്യങ്ങളെ ശരിയായരൂപത്തില്‍ വിലയിരുത്താനും കോലപ്പെടുത്താനുമൊക്കെയുള്ള കഴിവും നഷ്ടമാകും. അപ്പോള്‍ സത്യം സ്വീകരിക്കാനോ അസത്യത്തെ തിരസ്‌കരിക്കാനോ സാധിക്കാതെ വരും. അതാണ് ഹൃദയത്തിന് സംഭവിക്കുന്ന മഹാദുരന്തം! അതിന്റെ അടിസ്ഥാനകാരണം ‘ദിക്‌റി’ല്‍നിന്നും അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യും ദേഹച്ഛകളുടെ പിന്നാലെ പോകുന്നതുമാണ്. നിശ്ചയം! അവരണ്ടും ഹൃദയത്തിന്റെ പ്രകാശം കെടുത്തികളയുകയും അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (ആമീന്‍)

അല്ലാഹു പറയുന്നു:

وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا

തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെവിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്. (ഖുര്‍ആന്‍: 18/28).

ഒരാള്‍ ഏതെങ്കിലും ഒരാളെ മാതൃകയായി പിന്‍പറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ആ വ്യക്തി അല്ലാഹുവിനെ സ്മരിക്കുന്ന വിജ്ഞാനത്തിന്റെയും ‘ദിക്‌റി’ന്റെയും ആളാണോ അതല്ല അവയ്ക്ക് എതിര്‍ദിശയിലുള്ള അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ) ആളാണോ എന്നതാണ്. അയാളെ നയിക്കുന്നത് അല്ലാഹുവിന്റെ വഹ്‌യാണോ ദേഹേച്ഛയാണോ എന്നും നോക്കണം. ദേഹേച്ഛക്കനുസരിച്ച് നീങ്ങുന്നവനാണ് അയാളെങ്കില്‍ അശ്രദ്ധയുടെ ആളുകളില്‍ പെട്ടവനായിരിക്കും അയാള്‍. അയാളുടെ കാര്യം അതിരുവിട്ടതായിരിക്കും. ക്വുര്‍ആന്‍ 18:28ല്‍ പറഞ്ഞതുപോലെ അയാളെ അനുഗമിക്കുകയോ പിന്‍പറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാരണം, നിസ്സംശയം അയാള്‍ നാശത്തിലേക്കായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്.

‘ഫുറുത്വ’ എന്നത് പല രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, വീഴ്ചവരുത്തല്‍ എന്ന അര്‍ഥത്തിലാണ്. അതായത് അനിവാര്യമായും നിര്‍വഹിക്കേണ്ട തന്റെ കാര്യങ്ങളില്‍ വീഴ്ചവരുത്തുകയും അതിലൂടെ തന്റെ വിവേകവും വിജയവും അയാള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് സാരം.

മറ്റൊന്ന് അതിരുകവിയല്‍ എന്ന അര്‍ഥത്തിലാണ്. അതായത് ധാരാളിത്തം കാണിക്കുകയും അതിരുകവിയുകയും ചെയ്തു എന്നര്‍ഥം. നാശത്തില്‍പെട്ടു, സത്യത്തിന് എതിരായി എന്നീ അര്‍ഥങ്ങളിലുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെല്ലാം തന്നെ പരസ്പരം അടുത്തുനില്‍ക്കുന്ന വാക്കുകളാണ്; അവ തമ്മില്‍ വൈരുധ്യങ്ങളില്ല.

ചുരുക്കത്തില്‍ ഈ സ്വഭാവങ്ങളുള്ള ആളുകളെ അനുസരിക്കുന്നതും മാതൃകയാക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിനാല്‍ ഏതൊരാളും തന്റെ നേതാവും മാതൃകയും ഗുരുവുമായി തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് നല്ലവണ്ണം ആലോചിക്കണം. മേല്‍ പറയപ്പെട്ട ദുഃസ്വഭാവങ്ങളുടെ ഉടമയാണ് അയാളെങ്കില്‍ എത്രയും പെട്ടെന്ന് അവിടെനിന്ന് അകന്നുപോവണം. ഇനി അതല്ല, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും പ്രവാചകചര്യ പിന്‍പറ്റുകയും ചെയ്യുന്ന, അതിരുകവിച്ചിലുകളില്ലാത്ത, വിഷയങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്ന ആളാണെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോയ്‌കൊള്ളട്ടെ!

റബ്ബിനെ സ്മരിക്കുക (ദിക്ര്‍) എന്നുള്ളതാണ് ജീവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള പ്രധാന വ്യത്യാസം. റബ്ബിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവനുള്ളവരും ജീവനില്ലാത്തവരും പോലെയാണ്.

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ഇങ്ങനെ ഒരു ഹദീഥ് വന്നിട്ടുണ്ട് :

أكثروا ذكر الله تعالى حتى يقال مجنون

ഭ്രാന്തനാണെന്ന് പറയപ്പെടുവോളം നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുക.

ദിക്‌റിന്റെ മഹത്ത്വങ്ങള്‍

അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്:

(1) പിശാചിനെ ആട്ടിയകറ്റാനും പരാജയപ്പെടുത്താനും സാധിക്കും.

(2) പരമാകാരുണികനായ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ കഴിയും.

(3) മനസ്സില്‍നിന്ന് സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കാന്‍ സാധിക്കും.

(4) മനസ്സിന് സന്തോഷവും ആഹ്ലാദവും ആശ്വാസവും അതിലൂടെ കൈവരുന്നു.

(5) മനസ്സിനും ശരീരത്തിനും അത് കരുത്തുപകരും.

(6) മുഖത്തെയും ഹൃദയത്തെയും അത് പ്രകാശിപ്പിക്കും.

(7) ഉപജീവനം എളുപ്പമാക്കും.

(8) റബ്ബിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക് പ്രത്യേക പ്രസന്നതയും മാധുര്യവും ഗാഭീര്യവും ഉണ്ടാവും.

(9) തീര്‍ച്ചയായും അത് ഇസ്‌ലാമിന്റെ ആത്മാവായ ‘റബ്ബിനോടുള്ള സ്‌നേഹം’ നമ്മില്‍ ജനിപ്പിക്കും. അതാണല്ലോ മതത്തിന്റെ അച്ചുതണ്ടും ജീവിതവിജയത്തിന്റെയും രക്ഷയുടെയും കേന്ദ്രബിന്ദുവും. നിശ്ചയമായും അല്ലാഹു ഓരോ കാര്യത്തിലും ഓരോ കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ കാരണമായി നിശ്ചയിച്ചത് നിരന്തരമായ സ്മരണയാണ്. അതിനാല്‍ ആരെങ്കിലും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെക്കുറിച്ചുള്ള സ്മരണ പതിവാക്കിക്കൊള്ളുക. പഠനവും ‘റിവിഷനും’ വിജ്ഞാനത്തിന്റെ വാതിലുകളാണ് എന്നപോലെ ‘ദിക്ര്‍’ സ്‌നേഹത്തിനുള്ള കവാടമാണ്. അതിലേക്കുള്ള ഏറ്റവും മഹത്തായ മാര്‍ഗവും ചൊവ്വായ പാതയുമാണ്.

(10) റബ്ബിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകും. അങ്ങനെ ‘ഇഹ്‌സാനി’ന്റെ വാതിലിലൂടെ അത് അയാളെ പ്രവേശിപ്പിക്കും. അപ്പോള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ ആരാധനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന ‘ഇഹ്‌സാനി’ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ.

(11) അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ ‘ദിക്ര്‍’ അയാളെ സഹായിക്കും. ‘ദിക്ര്‍’ അധികരിപ്പിച്ചുകൊണ്ട് എത്രകണ്ട് അല്ലാഹുവിലേക്ക് ഒരാള്‍ മടങ്ങുന്നുവോ അത് തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാസമയവും അയാളെ പ്രാപ്തനാക്കും. അങ്ങനെവരുമ്പോള്‍ തന്റെ ഏത് കാര്യത്തിലുമുള്ള അഭയസ്ഥാനവും രക്ഷകേന്ദ്രവും ആശയും ആശ്രയവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താനാവുന്നതാണ്. തന്റെ മനസ്സിന്റെ ലക്ഷ്യവും ആപത്തുകളിലും അപകടങ്ങളിലും തനിക്ക് ഓടിയെത്താനുള്ള ആശ്വാസസ്ഥലവുമായി അല്ലാഹുവിനെ അയാള്‍ക്ക് കാണാന്‍ സാധിക്കും.

(12) ദിക്‌റിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും.

(13) അത് (ദിക്ര്‍) അറിവിന്റെ വലിയൊരു വാതില്‍ അയാള്‍ക്ക് തുറന്നുകൊടുക്കും ദിക്ര്‍ അധികരിപ്പിക്കുന്നതിനനുസരിച്ച് പ്രസ്തുത ജ്ഞാനവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും.

(14) സ്രഷ്ടാവിനെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആദരവും അതിലൂടെ കൈവരും. ‘ദിക്ര്‍’ ഒരാളുടെ മനസ്സില്‍ ആധിപത്യമുറപ്പിക്കുന്നതിനനുസരിച്ചും അല്ലാഹുവുമായുള്ള അയാളുടെ സാന്നിധ്യവും ബന്ധവുമനുസരിച്ചും അത് ശക്തിപ്പെടും. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്ന അശ്രദ്ധയുടെ ആളുകളാവട്ടെ, അവരുടെ മനസ്സുകളില്‍ അല്ലാഹുവിനോടുള്ള ഭക്തിയും ആദരവുമൊക്കെ വളരെ ശോഷിച്ചതുമായിരിക്കും.

(15) അല്ലാഹു അയാളെയും ഓര്‍ക്കുന്നതിന് ‘ദിക്ര്‍’ കാരണമാകുന്നു. അല്ലാഹു പറഞ്ഞതുപോലെ;

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

ആകയാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുവിന്‍, എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കുന്നതാണ്.  (ഖുര്‍ആന്‍: 2/152)

‘ദിക്‌റിലൂടെ’ ഈയൊരു നേട്ടമല്ലാതെ മറ്റൊന്നുമില്ലായെന്നുവന്നാല്‍പോലും ഇതുതന്നെ അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമായി ധാരാളം മതിയാകുന്നതാണ്.

അല്ലാഹു പറഞ്ഞതായി നബി ﷺ ഒരു (ക്വുദ്‌സിയായ) ഹദീഥിലൂടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

من ذكرني في نفسه ذكرته في نفسي ومن ذكرني في ملأ ذكرته في ملأ خير منهم

ആരെങ്കിലും എന്നെ തന്റെ മനസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അയാളെയും എന്റെ മനസ്സില്‍ സ്മരിക്കും. ആരെങ്കിലും എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ ഞാന്‍ അയാളെയും സ്മരിക്കുന്നതാണ്.(ബുഖാരി, മുസ്‌ലിം).

(16) അത് ഹൃദയത്തിന് നവജീവന്‍ നല്‍കും. ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:

الذكر للقلب مثل الماء للسمك فكيف يكون حال السمك إذا فارق الماء ؟

ദിക്ര്‍ ഹൃദയത്തെ സംബന്ധിച്ചിടത്തോളം മത്സ്യത്തിനു വെള്ളം എന്നപോലെയാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ മത്സ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?

(17) അത് ഹൃദയത്തിന്റെ ഭക്ഷണവും ചൈതന്യവുമാണ്. അത് ഒരാള്‍ക്ക് നഷ്ടപ്പെട്ടാല്‍ അന്നപാനീയങ്ങള്‍ തടയപ്പെട്ട ശരീരംപോലെയായിരിക്കും.

ഞാനൊരിക്കല്‍ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ അടുക്കല്‍ ചെന്നു. സ്വുബ്ഹി നമസ്‌കരിച്ച ശേഷം അദ്ദേഹം അല്ലാഹുവിന് ‘ദിക്ര്‍’ ചെയ്തുകൊണ്ട് ഏകദേശം മധ്യാഹ്നം വരെ അവിടെത്തന്നെ ഇരുന്നു. എന്നിട്ട് എന്റെ നേരെ നോക്കിക്കൊണ്ട് (ഈ ആശയത്തില്‍) പറഞ്ഞു:

هذه غدوتي ولو لم أتغد الغداء سقطت قوتي

ഇത് എന്റെ ഭക്ഷണമാണ്. ഭക്ഷണം ഞാന്‍ കഴിച്ചില്ലെങ്കില്‍ എന്റെ ശക്തി ക്ഷയിച്ചുപോകും.

മറ്റൊരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്:

لا أترك الذكر إلا بنية إجمام نفسي وإراحتها لأستعد بتلك الراحة لذكر آخر

ഞാന്‍ ‘ദിക്ര്‍’ (റബ്ബിനുള്ള സ്‌തോത്ര കീര്‍ത്തനങ്ങള്‍) ഒഴിവാക്കാറില്ല. അഥവാ ഒഴിവാക്കുകയാണെങ്കില്‍ മറ്റൊരു ‘ദിക്‌റി’നു വേണ്ടി തയ്യാറെടുക്കാനായിരിക്കും ആ വേള ഞാന്‍ശ്രദ്ധിക്കുക.

(18) അത് ഹൃദയത്തിന്റെ അഴുക്കും കറകളും നീക്കുന്നതാണ്; മുമ്പ് ഹദീഥില്‍ വിവരിച്ചത് പോലെ. ഓരോന്നിനും അഴുക്കും തുരുമ്പുമുണ്ട്. ഹൃദയത്തിന്റെ തുരുമ്പ് ദേഹേച്ഛയും അശ്രദ്ധയുമാണ്. അത് നീക്കി ശുദ്ധിയാക്കാന്‍ സാധിക്കുന്നത് ദിക്‌റും തൗബയും (പശ്ചാത്താപം) ഇസ്തിഗ്ഫാറും (പാപം പൊറുക്കാന്‍ തേടല്‍) കൊണ്ടാണ്. മുമ്പ് ഈ ആശയം വിശദമാക്കിയതോര്‍ക്കുക.

(19) അത് തെറ്റുകളെ മായ്ച്ചുകളയും. നിശ്ചയം, ദിക്ര്‍ ഏറ്റവും മഹത്തായ നന്മയാണ്. നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ്.

(20) അത് ഒരു അടിമയുടെയും റബ്ബിന്റെയും ഇടയിലുള്ള ഇണക്കക്കുറവ് ഇല്ലാതാക്കും. തീര്‍ച്ചയായും ദിക്‌റില്‍നിന്ന് അകന്ന് അശ്രദ്ധയില്‍ കഴിയുന്ന വ്യക്തിക്കും അല്ലാഹുവിനുമിടയില്‍ ഒരുതരം ഇണക്കക്കുറവുണ്ടാകും. ‘ദിക്‌റി’ലൂടെ മാത്രമെ അത് ഇല്ലാതാവുകയുള്ളൂ.

(21) ഒരു അടിമ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയും അവന് സ്‌തോത്ര കീര്‍ത്തങ്ങള്‍ അര്‍പ്പിച്ചും ഉരുവിടുന്ന ദിക്‌റുകള്‍ മുഖേന അല്ലാഹുവിങ്കല്‍ പ്രശംസിക്കപ്പെടും.

ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു:നബി ﷺ പറഞ്ഞു:

إن ما تذكرون من جلال الله عز و جل من التهليل والتكبير والتحميد يتعاطفن حول العرش لهن دوي كدوي النحل يذكرن بصاحبهن أفلا يحب أحدكم أن يكون له ما يذكر به

നിശ്ചയമായും അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തിക്കൊണ്ട് നിങ്ങള്‍ ഉരുവിടുന്ന ‘തഹ്‌ലീലും’ (ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം) ‘തക്ബീറും’ (അല്ലാഹു അക്ബര്‍ എന്ന വചനം) ‘തഹ്മീദും’ (അല്‍ഹംദുലില്ലാഹ് എന്ന വചനം) അല്ലാഹുവിന്റെ അര്‍ശിന് ചുറ്റും വലയംചെയ്യും. അവയ്ക്ക് തേനീച്ചയുടെ ശബ്ദത്തിനു സമാനമായ ഒരു ശബ്ദം ഉണ്ടായിരിക്കും. ആ വചനങ്ങള്‍ അവ ഉരുവിട്ട ആളുകളെക്കുറിച്ച് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെയടുക്കല്‍ അപ്രകാരം നിങ്ങളെക്കുറിച്ചും പറയപ്പെടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?. (അഹ്മദ്, ഇബ്‌നുമാജ, ബസ്സാര്‍, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്. സില്‍സിലതുസ്സ്വഹീഹയില്‍ (3358) ശൈഖ് അല്‍ബാനി സ്വഹീഹ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്).

(22) ഒരു ദാസന്‍ തന്റെ ക്ഷേമകാലത്ത് അല്ലാഹുവിനെ സ്മരിക്കുകവഴി അവനെ തിരിച്ചറിഞ്ഞാല്‍ ക്ഷാമകാലത്ത് അല്ലാഹു അയാളെയും കണ്ടറിയുന്നതാണ്. ഒരു ഹദീഥില്‍ ഇപ്രകാരം കൂടി ആശയം വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുകയും അവനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്ന ഒരു അടിമക്ക് വല്ല പ്രയാസവും ബാധിച്ചാല്‍, അതല്ലെങ്കില്‍ അല്ലാഹുവിനോട് അയാള്‍ വല്ല ആവശ്യവും ചോദിച്ചാല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, സുപരിചിതനായ ദാസന്റെ പരിചയമുള്ള ശബ്ദമാണല്ലോ.’

എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഒരാള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ വല്ലതും ചോദിക്കുകയോ ചെയ്താല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, അപരിചിതനായ മനുഷ്യനില്‍നിന്നുള്ള അപരിചിതമായ ശബ്ദമാണല്ലോ’ (ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും സല്‍മാനുല്‍ ഫാരിസിയുടെ വാക്കായിട്ട് (മൗക്വൂഫ്) ഉദ്ധരിച്ചത്).

(23) അത് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുന്ന സംഗതിയാണ്. മുആദ്(റ) പറഞ്ഞത് പോലെ; ‘അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കുന്ന ഒരു കര്‍മവും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കാള്‍ മികച്ചതായി ഒരാളും ചെയ്യുന്നില്ല.’ നബി ﷺ യുടെ വാക്കായും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല.

(24) അല്ലാഹുവില്‍നിന്നുള്ള ശാന്തിയിറങ്ങാനും കാരുണ്യം ചൊരിയാനും മലക്കുകള്‍ ദിക്ര്‍ ചൊല്ലുന്നയാളുടെ ചുറ്റിലും കൂടുവാനുമൊക്കെ അത് നിമിത്തമാണ്. നബി ﷺ അറിയിച്ച ഹദീഥില്‍ അത് വന്നിട്ടുള്ളതാണ്.

(25) അല്ലാഹു നിഷിദ്ധമാക്കിയ പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), കളവ്, അശ്ലീലം, നിരര്‍ഥകമായത്, മുതലായവ സംസാരിക്കുന്നതില്‍നിന്ന് നാവിനെ അത് തിരിച്ചുവിടുന്നു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് അവന് സ്‌തോത്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാതെയും അവന്റെ വിധിവിലക്കുകളെ പ്രതിപാദിക്കാതെയും ഒരാള്‍ കഴിയുകയാണെങ്കില്‍ ഉറപ്പായും ഈ നിഷിദ്ധങ്ങളൊക്കെയും അതല്ലെങ്കില്‍ അവയില്‍ ചിലതെങ്കിലും അയാള്‍ക്ക് പറയേണ്ടി വരും. അതിനാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയല്ലാതെ അയാള്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലതന്നെ.

അനുഭവ സാക്ഷ്യങ്ങളും പരിചയങ്ങളും അത് സത്യപ്പെടുത്തുന്നുണ്ട്. ആരെങ്കിലും തന്റെ നാവിനെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍ പരിചയിപ്പിച്ചാല്‍ അല്ലാഹു അയാളുടെ നാവിനെ നിരര്‍ഥകവും അനാവശ്യവുമായ കാര്യങ്ങളില്‍നിന്നു സംരക്ഷിക്കുന്നതാണ്. നേരെമറിച്ച് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നകന്ന ഉണങ്ങിവരണ്ട നാവാണ് ഒരാള്‍ക്കുള്ളതെങ്കില്‍ സര്‍വ അനാവശ്യങ്ങളും വൃത്തികേടുകളും നിരര്‍ഥക സംസാരങ്ങളുംകൊണ്ട് അയാളുടെ നാവു പച്ചപിടിക്കുകയും ചെയ്യും. ലാ ഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്!(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല).

(26) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകള്‍ കൂടിയാണ്. എന്നാല്‍ ദിക്‌റില്‍നിന്നകന്ന, അശ്രദ്ധയുടെയും അനാവശ്യകാര്യങ്ങള്‍ സംസാരിക്കുന്നതുമായ സദസ്സുകളാകട്ടെ പിശാചിന്റെ സദസ്സുകളാണ്. അതില്‍ ഏതാണ് തനിക്ക് പ്രിയങ്കരവും അനുയോജ്യവും ആയിട്ടുള്ളത് എന്ന് ഓരോരുത്തരും തെരഞ്ഞെടുത്തുകൊള്ളട്ടെ. അപ്പോള്‍ അയാള്‍ തന്റെ വക്താക്കളുടെ കൂടെ ഈ ലോകത്തും പരലോകത്തും ഒരുമിച്ചാവുകയും ചെയ്യും.

(27) ‘ദിക്ര്‍’ ചെയ്യുന്നവന്‍ അതിലൂടെ സന്തോഷിക്കും. അവന്റെ കൂടെ ഇരിക്കുന്നവനും അവനെക്കൊണ്ട് സന്തോഷിക്കും. അഥവാ എവിടെയായിരുന്നാലും അനുഗ്രഹിക്കപ്പെട്ടവനാണവന്‍. എന്നാല്‍ ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയിലും അനാവശ്യകാര്യങ്ങളിലും മുഴുകിയവരാകട്ടെ, തങ്ങളുടെ അശ്രദ്ധകൊണ്ടും അനാവശ്യങ്ങള്‍കൊണ്ടും സങ്കടപ്പെടേണ്ടി വരും; അവര്‍ മാത്രമല്ല, അവരുടെ കൂടെ ഇരുന്നുകൊടുത്തവരും.

(28) അത് അന്ത്യനാളിലെ ഖേദത്തില്‍നിന്ന് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. റബ്ബിനെ സ്മരിക്കാതെയുള്ള ഏതൊരു സദസ്സും അന്ത്യനാളില്‍ നഷ്ടവും ഖേദവുമായിത്തീരുന്നതാണ്.

(29) റബ്ബിനെക്കുറിച്ചുള്ള സ്മരണ ഒഴിഞ്ഞിരുന്ന് കണ്ണുകള്‍ ഈറനണിഞ്ഞുകൊണ്ടു കൂടിയാണെങ്കില്‍ കൊടിയ ചൂടിന്റെ ദിവസം ‘മഹ്ശറി’ല്‍ അല്ലാഹു ‘അര്‍ശി’ന്റെ തണല്‍ നല്‍കാന്‍ കാരണമാകുന്നതാണ്. തലക്കുമീതെ കത്തിജ്വലിച്ചുകൊണ്ട് നില്‍ക്കുന്ന സൂര്യന്റെ ചൂടില്‍ ആളുകള്‍ ഉരുകിയൊലിച്ചു (വിയര്‍പ്പില്‍ കുളിച്ച്) നില്‍ക്കുമ്പോള്‍ ദിക്‌റിന്റെയാള്‍ക്ക് കാരുണ്യവാനായ അല്ലാഹുവിന്റെ തണല്‍ ലഭിക്കും.

(30) അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനങ്ങളര്‍പ്പിക്കുന്നതില്‍ മുഴുകുന്നവര്‍ക്ക്, അവനോട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നല്‍കുന്നതാണ്. ഉമര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ പറഞ്ഞു:

قال سبحانه وتعالى : من شغله ذكري عن مسألتي أعطيته أفضل ما أعطي السائلين

അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആരെയെങ്കിലും എന്നോട് ചോദിക്കുന്നതില്‍നിന്ന് എന്നെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) അശ്രദ്ധമാക്കിയാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഞാന്‍ അവന് നല്‍കും.(ബുഖാരി താരീഖുല്‍ കബീറിലും ഖല്‍ക്വു അഫ്ആലില്‍ ഇബാദയിലും ഉദ്ധരിച്ചത്).

(31) അത് (ദിക്ര്‍) ഏറ്റവും ലളിതവും എന്നാല്‍ വളരെ ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ്. നാവിന്റെ ചലനം അവയവങ്ങളുടെ ചലനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും ആയാസം കുറഞ്ഞതുമാണ്.

നാവ് ചലിക്കുന്നതുപോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങള്‍ രാവിലും പകലിലുമായി ചലിച്ചുകൊണ്ടിരുന്നാല്‍ അത് വല്ലാത്ത ക്ഷീണവും പ്രയാസവുമുണ്ടാക്കും; എന്നല്ല അത് ഏതൊരാള്‍ക്കും അസാധ്യവുമായിരിക്കും.

(32) അത് സ്വര്‍ഗത്തിലെ ചെടിയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബി ﷺ പറഞ്ഞു:

لقيت ليلة أسرى بي إبراهيم الخليل عليه السلام فقال : يا محمد أقرئ أمتك السلام وأخبرهم أن الجنة طيبة التربة عذبة الماء وأنها قيعان وأن غراسها : سبحان الله والحمد لله ولا إله إلا الله والله أكبر

ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)യെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദേ, നിന്റെ സമുദായത്തോട് എന്റെ സലാം പറയുക. കൂടാതെ അവരോട് പറയണം; സ്വര്‍ഗത്തിന്റെ മണ്ണ് അതിവിശിഷ്ടമാണ്; വെള്ളം സംശുദ്ധവും. അവിടെ ഒഴിഞ്ഞുകിടക്കുന്ന വിജനപ്രദേശമുണ്ട്. അവിടെ നട്ടുപിടിപ്പിക്കാനുള്ള സസ്യങ്ങളാണ് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍. (തിര്‍മിദി, ത്വബ്‌റാനി, സില്‍സിലതുസ്സ്വഹീഹ ).

തിര്‍മിദി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ജാബിർ(റ) നിവേദനം: നബി ﷺ പറഞ്ഞു:

من قال سبحان الله وبحمده غرست له نخلة في الجنة

ആരെങ്കിലും സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവനാകുന്നുസര്‍വസ്തുതിയും) എന്ന് പറഞ്ഞാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടുന്നതാണ്. (തിര്‍മിദി, നസാഈ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്).

(33) അതിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിഫലവും മഹത്ത്വവും മറ്റൊരു കര്‍മത്തിനും ഇല്ലാത്തത്രയും ഉണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം നബി ﷺ പറഞ്ഞു

من قال : لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير في يوم مائة مرة كانت له عدل عشر رقاب وكتبت له مائة حسنة ومحيت عنه مائة سيئة وكانت له حرزا من الشيطان يومه ذلك حتى يمسي ولم يأت أحد بأفضل مما جاء به إلا رجل عمل أكثر منه ومن قال : سبحان الله وبحمده في يوم مائة مرة حطت خطاياه وإن كانت مثل زبد البحر

ആരെങ്കിലും ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ല, അവനാണ് ആധിപത്യം, അവനാണ് സര്‍വസ്തുതിയും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്ന് ഒരു ദിവസം നൂറുതവണ പറഞ്ഞാല്‍ നൂറ് അടിമയെ മോചിപ്പിച്ചതിനു സമാനമായ പ്രതിഫലം അയാള്‍ക്കുണ്ട്. നൂറ് നന്മകള്‍ അയാള്‍ക്കായി രേഖപ്പെടുത്തപ്പെടും. നൂറ് ദോഷങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം പ്രദോഷംവരെ അത് അയാള്‍ക്ക് ഒരു രക്ഷാകവചമായിരിക്കുകയും ചെയ്യും. ഇതിനെക്കാള്‍ ചെയ്തയാളല്ലാതെ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ കര്‍മഫലവുമായി ഒരാളും തന്നെ വരികയില്ല. ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവന്നാകുന്നു സര്‍വസ്തുതിയും) എന്ന് ഒരു ദിവസം നൂറ് തവണ പറഞ്ഞാല്‍ അയാളുടെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്; അത് കടലിലെ നുരയോളമുണ്ടെങ്കിലും.

സ്വഹീഹു മുസ്‌ലിമില്‍ അബൂഹുറൈറയില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:

لأن أقول سبحان الله والحمد لله ولا إله إلا الله والله أكبر أحب إلي مما طلعت عليه الشمس

സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഞാന്‍ പറയുന്നതാണ് ഈലോകത്തുള്ള സര്‍വതിനെക്കാളും എനിക്ക് പ്രിയങ്കരം.

അനസ്ബ്‌നു മാലികി്യല്‍നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം ‘അല്ലാഹുമ്മ ഈന്നീ അസ്വ്ബഹ്തു ഉശ്ഹിദുക, വ ഉശ്ഹിദു ഹമലത അര്‍ശിക, വമലാഇകതക, വ ജമീഅ ഖല്‍ക്വിക അന്നക അന്‍തല്ലാഹു, ലാ ഇലാഹ ഇല്ലാ അന്‍ത, വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക’ (അല്ലാഹുവേ, നിന്നെയും നിന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെയും നിന്റെ മറ്റു മലക്കുകളെയും നിന്റെ സര്‍വ സൃഷ്ടിജാലങ്ങളെയും സാക്ഷിനിര്‍ത്തിക്കൊണ്ട് ഞാനിതാ പറയുന്നു; നിശ്ചയം, നീയാണ് അല്ലാഹു! നീയല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല. മുഹമ്മദ് നബി ﷺ നിന്റെ അടിമയും ദൂതനുമാണ്) എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ നാലിലൊരു ഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും അത് രണ്ട് പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ പകുതിഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും മൂന്നു പ്രാവശ്യം പറഞ്ഞാല്‍ അയാളുടെ നാലില്‍ മൂന്നുഭാഗവും നരകത്തില്‍നിന്ന് മോചിപ്പിക്കും. ആരെങ്കിലും നാലു പ്രാവശ്യം ഇങ്ങനെ പറഞ്ഞാല്‍ അയാളെ പൂര്‍ണമായും അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുന്നതാണ്” (അബൂദാവൂദ്, തിര്‍മിദി, നസാഈ ‘അമലുല്‍ യൗമി വല്ലൈലി’ല്‍, ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി(റഹി) ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് വിശദീകരിക്കുന്നു. സില്‍സിലഃ ദഈഫഃ ഹദീഥ് നമ്പര്‍ 1041 കാണുക).

(34) അല്ലാഹുവിനെ നിരന്തരമായി ‘ദിക്ര്‍’ ചെയ്യുക എന്നത് അല്ലാഹുവിനെ മറന്നുപോയവരുടെ കൂട്ടത്തില്‍നിന്നും നിര്‍ഭയത്വം ഉറപ്പാക്കുന്ന കാര്യമാണ്. അല്ലാഹുവിനെ വിസ്മരിക്കുക എന്നത് ഒരാളുടെ ഇരുലോകത്തെയും പരാജയത്തിന്റെ കാരണവുമാണ്. അല്ലഹുവിനെ മറന്നുകൊണ്ടുള്ള ജീവിതം സ്വന്തത്തെയും തന്റെ തന്നെ നന്മകളെയും മറപ്പിച്ചുകളയുന്നതാണ്.

അല്ലാഹു പറയുന്നു:

وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ

അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. (ഖുര്‍ആന്‍: 59/19)

ഒരാള്‍ സ്വന്തം മനസ്സിനെ മറന്നുകൊണ്ട് അതിന്റെ നന്മകളില്‍നിന്നും അകന്ന് ആത്മാവിനെ വിസ്മരിച്ചു വേറെ പലതിലും വ്യാപൃതനായാല്‍ അത് ഉറപ്പായും ദുഷിക്കുകയും നശിക്കുകയും ചെയ്യും. അയാളെപ്പറ്റി പറയാവുന്നത് അയാള്‍ ഒരു കൃഷിക്കാരനെ പോലെയാണ് എന്നാണ്. അയാള്‍ക്ക് കൃഷിയും തോട്ടവും മൃഗങ്ങളുമുണ്ട്. അതല്ലെങ്കില്‍ ഇതല്ലാത്ത നേട്ടവും വിജയവും നിരന്തരമായ ബന്ധംകൊണ്ടും പരിചരണം കൊണ്ടും നേടേണ്ടതായ വേറെ പലതും അയാള്‍ക്കുണ്ട് എന്ന് കരുതുക. പക്ഷേ, അയാള്‍ അവയെ ഒന്നും ശ്രദ്ധിക്കാതെ വേറെ പലതിലും വ്യാപൃതനായി. അതിന്റെ കാര്യം പാടെ മറന്നുപോയി. അതിനു നല്‍കേണ്ട ശ്രദ്ധയും പരിചരണവും ഒന്നും നല്‍കാതെയിരുന്നാല്‍ ഉറപ്പായും അത് നശിക്കുമെന്നതില്‍ തര്‍ക്കമില്ല.

വേറൊരാള്‍ക്ക് അയാളുടെ പകരമായി ഈ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വഹിക്കാന്‍ പറ്റുമായിരുന്നിട്ടുകൂടി ഇതാണ് സ്ഥിതിയെങ്കില്‍ സ്വന്തം മനസ്സിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ അവയെ മറന്നുകൊണ്ട് മറ്റു പലതിലും മുഴുകി അവയെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്ത, അതിനെ വേണ്ട പോലെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യാതെ കയ്യൊഴിച്ച ഒരാളെക്കുറിച്ച് എന്തു കരുതുവാനാണ്? അയാളുടെ കാര്യത്തില്‍ എന്തൊരു കുഴപ്പവും നാശവും നഷ്ടവും പരാജയവുമാണ് നീ കരുതുന്നത്?

സ്വന്തം കാര്യത്തില്‍ വീഴ്ചവരുത്തിയ, അല്ലെങ്കില്‍ അതിരുവിട്ടയാളുടെ സ്ഥിതി അയാളുടെ കാര്യങ്ങളെല്ലാം ഛിന്നഭിന്നമായി പോവുകയും അതിന്റെ നേട്ടങ്ങളും ഗുണങ്ങളും നഷ്ടമാവുകയും ചെയ്യും എന്നതാണ്. നാശത്തിന്റെയും നഷ്ടത്തിന്റെയും പരാജയത്തിന്റെയും പല വഴികളും അയാളെ വളഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടാവും.

അതില്‍നിന്നൊക്കെയും രക്ഷപ്പെടാനും നിര്‍ഭയത്വവും സമാധാനവും കൈവരിക്കാനും അല്ലാഹുവിനെക്കുറിച്ച നിരന്തരമായ സ്മരണയും ദിക്‌റുമല്ലാതെ മറ്റൊരു മാര്‍ഗമില്ല. അല്ലാഹുവിന് ധാരാളം ‘ദിക്‌റുകള്‍’ അര്‍പ്പിക്കുന്ന നാവും ചുണ്ടുമായിരിക്കണം അയാള്‍ക്കുണ്ടാവേണ്ടത്.

ദിക്‌റുകള്‍ക്ക് തന്റെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ഒരിക്കലും അതില്‍നിന്ന് വേറിട്ടുപോകാതെ സൂക്ഷിക്കുകയും വേണം. തന്റെ ശരീരത്തിന് അനിവാര്യമായും നല്‍കുന്ന ഭക്ഷണത്തിന്റെയും ദാഹജലത്തിന്റെയും വസ്ത്രത്തിന്റെയും താമസസ്ഥലത്തിന്റെയും ഒക്കെ പോലെത്തന്നെ അനിഷേധ്യമായ ശ്രദ്ധയും സ്ഥാനവും ദിക്‌റിനും നല്‍കേണ്ടതുണ്ട്. ഭക്ഷണമില്ലെങ്കില്‍ ശക്തി ക്ഷയിക്കുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. കൊടുംദാഹത്തിന്റെ സന്ദര്‍ഭത്തില്‍ വെള്ളത്തിന്റെ ആവശ്യകതയും സ്ഥാനവും പ്രത്യേകം പറയേണ്ടതില്ല. ചൂടിലും തണുപ്പിലും സുരക്ഷയേകുന്ന വസ്ത്രവും പാര്‍പ്പിടവും ഏതൊരാളുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ്.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീര്‍ത്തനങ്ങളും (ദിക്‌റുകളും) ഒരു യഥാര്‍ഥ അടിമയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ മനോഹരമായ സ്ഥാനത്ത് അവരോധിക്കാന്‍ കടപ്പെട്ടതാണ്. ആത്മാവിന്റെയും ഹൃദയത്തിന്റെയും ദോഷവും നാശവും ശരീരത്തിന്റെ നാശത്തെക്കാളും ദോഷത്തെക്കാളും എത്രമാത്രം ഗുരുതരമല്ല!

ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നതും അതിനുണ്ടാകുന്ന നഷ്ടങ്ങളും നഷ്ടങ്ങള്‍ തന്നെയാണ്. എന്നാലും ഒരുപക്ഷേ ആ നഷ്ടങ്ങള്‍ നികത്തി അതിന്റെ നേട്ടങ്ങളും ഐശ്വര്യങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഹൃദയത്തിന്റെയും ആത്മാവിന്റെയും നാശം പിന്നീട് ഒരിക്കലും നേട്ടവും വിജയവും പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ്. ലാ ഹൗല വലാ ക്വുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിലൂടെ ഇതല്ലാതെ മറ്റൊരു നേട്ടവുമില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും ദിക്‌റിനെ കാര്യമായി ശ്രദ്ധിക്കാനും പരിഗണിക്കാനും പര്യാപ്തമാണിത്.

ആരെങ്കിലും അല്ലാഹുവിനെ മറന്നുകളഞ്ഞാല്‍ അയാളുടെ നഫ്‌സിനെത്തന്നെ ദുനിയാവില്‍ അവന്‍ മറപ്പിച്ചുകളയുകയും ചെയ്യും. അന്ത്യനാളില്‍ ശിക്ഷയില്‍ അയാളെ ഉപേക്ഷിക്കും. അല്ലാഹു പറയുന്നു:

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ

എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. (ഖുര്‍ആന്‍: 20/124)

അതായത്, നീ നമ്മുടെ ദൃഷ്ടാന്തങ്ങളെ വിസ്മരിച്ച് അവയില്‍നിന്ന് ഉദ്‌ബോധനം ഉള്‍കൊള്ളാനോ അവയനുസരിച്ച് പ്രവര്‍ത്തിക്കാനോ തയ്യാറാവാതെ കയ്യൊഴിച്ചതുപോലെ നീയും ശിക്ഷയില്‍ തള്ളപ്പെട്ടിരിക്കുകയാണ്.

അല്ലാഹുവിന്റെ ‘ദിക്‌റില്‍’നിന്നുള്ള പിന്തിരിയല്‍ എന്ന് പറഞ്ഞതിന്റെ വിവക്ഷയില്‍ ഒന്ന് അല്ലാഹു ഇറക്കിയ ‘ദിക്ര്‍ ‘(ഉല്‍ബോധനം) അഥവാ അവന്റെ വിശുദ്ധ ഗ്രന്ഥമായ ക്വുര്‍ആനാണ്. അതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. മറ്റൊന്ന് അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നുള്ള പിന്തിരിയലാണ്. അതായത്, അവന്റെ വിശുദ്ധഗ്രന്ഥത്തിലൂടെയും അവന്റെ ഉല്‍കൃഷ്ടമായ നാമങ്ങളും വിശേഷണങ്ങളും മുഖേനയും അവന്റെ വിധിവിലക്കുകളും അനുഗ്രഹങ്ങളും ഔദാര്യങ്ങളും മുഖേനയുള്ള സ്മരണ. ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള പിന്തിരിയലിന്റെ അനുബന്ധങ്ങളാണ്. മേല്‍പറഞ്ഞ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ദിക്ര്‍’ എന്ന പ്രയോഗം ‘ഉല്‍ബോധനം’ എന്ന അര്‍ഥത്തില്‍ ക്വുര്‍ആനിനെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ ‘സ്മരണ’ എന്ന അര്‍ഥത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും അവനുള്ള സ്‌തോത്രകീര്‍ത്തനകളും ആകാം.

അതായത് ആരെങ്കിലും എന്റെ ഗ്രന്ഥത്തില്‍നിന്ന് പിന്തിരിയുകയും അത് പാരായണം ചെയ്യാതെയും അതിനെപ്പറ്റി ഉറ്റാലോചിക്കാതെയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് പഠിച്ചുമനസ്സിലാക്കാതെയും അതിനെ കയ്യൊഴിച്ചാല്‍ തീര്‍ച്ചയായും അത്തരക്കാരുടെ ജീവിതം ഞെരുക്കമേറിയതും പ്രയാസങ്ങള്‍ നിറഞ്ഞതുമായിരിക്കും. അത് അവര്‍ക്ക് പീഡനവും ശിക്ഷയുമായിരിക്കും.

‘കുടുസ്സായ ജീവിതം’ എന്ന പ്രയോഗം തന്നെ ഏറെ ചിന്തനീയമാണ്. ഞെരുക്കവും കാഠിന്യവും പ്രയാസങ്ങളും നിറഞ്ഞ ജീവിതവും അപ്രകാരംതന്നെ ബര്‍സഖീ ജീവിതത്തിന്റെ ശിക്ഷകളും കഷ്ടതകളുമാണ് അതിന്റെ വിവക്ഷ എന്നും ചില വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അത് ഇഹലോകത്തെ ജീവിതവും ക്വബ്‌റിലെ ശിക്ഷയും രണ്ടും ഉള്‍കൊള്ളുന്നതാണ്. ഈ രണ്ട് അവസ്ഥയിലും അത്തരക്കാര്‍ ഞെരുക്കത്തിലും പ്രയാസങ്ങളിലും തന്നെയായിരിക്കും. പരലോകത്ത് വെച്ചാകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരിക്കും.

ഇതിന് നേര്‍ വിപരീതമാണ് ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും ആളുകള്‍. ഇവരുടെ ഇഹലോക ജീവിതവും ബര്‍സഖീജീവിതവും ഏറെ വിശിഷ്ടമായിരിക്കും. പരലോകത്താകട്ടെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലവുമുണ്ടായിരിക്കും. അല്ലാഹു പറയുന്നു:

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ് ….. (ഖുര്‍ആന്‍: 16/97)

ഇത് ഐഹിക ജീവിതത്തില്‍ വെച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു:

وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുര്‍ആന്‍: 16/97)

അല്ലാഹു തആലാ പറയുന്നു:

وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍! (ഖുര്‍ആന്‍: 16/41)

അല്ലാഹു പറയുന്നു:

وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ‎

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു. (ഖുര്‍ആന്‍: 11/3)

ആദ്യത്തില്‍ പറഞ്ഞത് ദുനിയാവിലുള്ളതും അവസാനത്തില്‍ പറഞ്ഞത് പരലോകത്തുള്ളതും.

അല്ലാഹു പറയുന്നു:

قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ

പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കുതന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്. (ഖുര്‍ആന്‍: 39/10)

നന്മ ചെയ്തവര്‍ക്ക് തങ്ങളുടെ സുകൃതങ്ങളുടെ ഫലമായി ഇരുലോകത്തും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പറഞ്ഞ നാല് സന്ദര്‍ഭങ്ങളാണ് ഈ സൂക്തങ്ങള്‍. സുകൃതങ്ങള്‍ക്ക് അനിവാര്യമായ ചില പ്രതിഫലങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെയുണ്ടാകും. അപ്രകാരംതന്നെ ദുഷ്‌കര്‍മങ്ങള്‍ക്കും അനിവാര്യമായ ചില പ്രതിഫങ്ങള്‍ ഈ ലോകത്തുവെച്ച് ഉണ്ടാകുന്നതാണ്.

സുകൃതം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഹൃദയവിശാലതയും സന്തോഷവും വിശാല മനസ്‌കതയും പടച്ച റബ്ബുമായുള്ള ഇടപാട് മുഖേനയുള്ള ആസ്വാദനവും അല്ലാഹുവിനെ വഴിപ്പെടലും സ്മരിക്കലും അതിലൂടെ ലഭ്യമാകുന്ന ആത്മീയ സുഖവും തന്റെ റബ്ബിനെക്കൊണ്ടുള്ള അയാളുടെ ആഹ്ലാദവും സന്തോഷവും ബഹുമാന്യനായ ഒരു രാജാവിന്റെ അടുത്ത ബന്ധു ആ രാജാവിന്റെ അധികാരാധിപത്യത്താല്‍ സന്തോഷിക്കുന്നതിനെക്കാളും എത്രയോ വലുതായിരിക്കും!

എന്നാല്‍ ദുഷ്‌കര്‍മം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന മനസ്സിന്റെ കുടുസ്സതയും ഹൃദയകാഠിന്യവും ആസ്വസ്ഥതയും ഇരുട്ടും ദേഷ്യവും വെറുപ്പും ശത്രുതയും ഹൃദയവേദനയും ദുഖവും സങ്കടവും എല്ലാം ജീവനും ബോധവുമുള്ള ഒരാളും നിഷേധിക്കുമെന്ന് പോലും തോന്നുന്നില്ല. മാത്രമല്ല അത്തരം ദുഃഖങ്ങളും സങ്കടങ്ങളും മനോവ്യഥകളും മനസ്സിന്റെ കുടുസ്സതയുമെല്ലാം ഇഹലോകത്തുവെച്ചുള്ള ശിക്ഷയും ദുനിയാവിലെ കണ്‍മുന്നിലുള്ള നരകയാതനകളുമാണ്.

അല്ലാഹുവിലേക്ക് മുന്നിടലും അവനിലേക്ക് ഖേദിച്ച് മടങ്ങലും അവനിലേക്ക് തൃപ്തിപ്പെടലും അവനോടുള്ള സ്‌നേഹത്താല്‍ ഹൃദയം നിറയലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുകയും അവനെ കൂടുതല്‍ അറിയുന്നതിലൂടെയുണ്ടാകുന്നു. സന്തോഷവും ആഹ്ലാദവും മനസ്സമാധാനവുമെല്ലാം ദുനിയാവില്‍ കിട്ടുന്ന പ്രതിഫലവും കണ്‍മുന്നിലുള്ള സ്വര്‍ഗവുമാണ്. ആ ജീവിതത്തോട് ദുനിയാവിലെ ഒരു രാജാവിന്റെ ജീവിതവും എത്തുകയില്ല.

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:

أن في الدنيا جنة من لم يدخلها لا يدخل جنة الآخرة

നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു:

ما يصنع أعدائي بي ؟ أنا جنتي وبستاني في صدري إن رحت فهي معي لا تفارقني إن حبسي خلوة وقتلي شهادة وإخراجي من بلدي سياحة

‘എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ മജ്മുഅ ഫതാവ, 3/259 കാണുക).

ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി:

لو بذلت ملء هذه القاعة ذهبا ما عدل عندي شكر هذه النعمة أو قال ما جزيتهم على ما تسببوا لي فيه من الخير ونحو هذا

ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.’ അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.

അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു:

اللهم أعني على ذكرك وشكرك وحسن عبادتك ما شاء الله

അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദത്തിക’

അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ.  മാശാ അല്ലാഹ്!

ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു:

المحبوس من حبس قلبه عن ربه تعالى والمأسور من أسره هواه

തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.

അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ

….. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും. (ഖുര്‍ആന്‍: 57/13)

പ്രസ്തുത സുഖജീവിതത്തിന്റെ പ്രശോഭയും പ്രസരിപ്പും അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. ശക്തമായ ഭയപ്പാടോ ആശങ്കകളോ അസ്വസ്ഥതകളോകൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയാല്‍ അദ്ദേഹത്തിന്റെയടുക്കല്‍ ഞങ്ങള്‍ ചെല്ലുമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാണുകയും ശ്രവിക്കുകയും ചെയ്യുന്ന മാത്രയില്‍തന്നെ അതെല്ലാം ഞങ്ങളില്‍നിന്ന് വിട്ടകന്നിട്ടുണ്ടാകും. മനസ്സിനൊരു ആശ്വാസവും ശക്തിയും ദൃഢതയും കരുത്തും സമാധാനവുമൊക്കെ കൈവരികയും ചെയ്യും.

അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനു മുമ്പുതന്നെ അവന്റെ സ്വര്‍ഗത്തിന്റെ സാക്ഷ്യങ്ങളായി ചില ദാസന്മാരെ നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍! കര്‍മലോകത്ത് (ഇഹലോകത്ത്) വെച്ചുതന്നെ അതിന്റെ കവാടങ്ങള്‍ അവര്‍ക്ക് അവന്‍ തുറന്നുകൊടുക്കുകയും അതിന്റെ സുഗന്ധവും ഇളംകാറ്റും ആശ്വാസവുമെല്ലാം അവര്‍ക്ക് വന്നെത്തുകയും അങ്ങനെ അത് തേടിപ്പിടിക്കാനായി സര്‍വശേഷിയും വിനിയോഗിച്ച് അതിനായി മത്സരിക്കുകയും ചെയ്യുമാറ് അവന്‍ അവര്‍ക്ക് ‘തൗഫീക്വ്’ നല്‍കി.

ചില മഹത്തുക്കള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു:

لو علم الملوك وأبناء الملوك ما نحن فيه لجالدونا عليه بالسيوف

‘അവര്‍ അനുഭവിക്കുന്ന ഈ സുഖം ഭൂമിയിലെ രാജാക്കന്മാരും രാജ പുത്രന്മാരും അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ പേരില്‍ അവര്‍ നമ്മളോട് വാളെടുത്ത് യുദ്ധം ചെയ്യുമായിരുന്നു.’ (ഇബ്‌റാഹീമുബ്‌നു അദ്ഹമില്‍നിന്ന് ബൈഹക്വി തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).

وقال آخر : مساكين أهل الدنيا خرجوا منها وما ذاقوا أطيب ما فيها ؟ قيل : وما أطيب ما فيها ؟ قال : محبة الله تعالى ومعرفته وذكره أو نحو هذا

മറ്റൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ഇഹലോകത്തിന്റെ ആളുകളായ സാധുക്കള്‍ ഇഹലോകത്തിലെ ഏറ്റവും വീശിഷ്ടമായത് രുചിക്കാതെയാണ് ഇവിടംവിട്ട് പോകുന്നത്!’ അദ്ദേഹത്തോട് ചോദിച്ചു: ‘എന്താണ് അതിലെ ഏറ്റവും വിശിഷ്ടമായത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും ദിക്‌റുമാണ്.’

അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും നിരന്തരമായ ദിക്‌റും അവയില്‍ ശാന്തിയും സമാധാനവുമടയലും ഒടുങ്ങാത്ത സ്‌നേഹവും, ഭയവും പ്രതീക്ഷയുമെല്ലാം അവനോട് മാത്രമാകലും, ഭരമേല്‍പിക്കലും സുപ്രധാനമായ ഇടപാട് അവനുമായിട്ടാകലും, അഥവാ ഒരു അടിമയുടെ സര്‍വ സങ്കടങ്ങളും ഉദ്ദേശങ്ങളും തീരുമാനങ്ങളുമെല്ലാം എല്‍പിക്കുന്നത് അല്ലാഹുവിലേക്ക് മാത്രമായിരിക്കുക എന്നത്, സത്യത്തില്‍ അതാണ് ദുന്‍യാവിലെ സ്വര്‍ഗം. ആ സുഖത്തോട് മറ്റൊരു സുഖവും സമമാവുകയില്ല. അതാണ് യഥാര്‍ഥ വിശ്വാസിയുടെ കണ്‍കുളിര്‍മയും ജ്ഞാനികളുടെ ജീവനും.

ആളുകളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആനന്ദവും ഉണ്ടാകുന്നത് അവരുടെ കണ്ണുകള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കുളിര്‍മയുണ്ടാകുന്നതിനനുസരിച്ചായിരിക്കും. അല്ലാഹുവിനെക്കൊണ്ട് ഒരാള്‍ക്ക് കണ്‍കുളിര്‍മ നേടാനായാല്‍ അയാളെക്കൊണ്ട് സര്‍വ കണ്ണുകള്‍ക്കും കുളിര്‍മ കിട്ടുന്നതാണ്. എന്നാല്‍ നേരെ മറിച്ച് ഒരാള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാനായില്ലെങ്കില്‍ അയാള്‍ ദുനിയാവിന്റെ കാര്യത്തില്‍ ആശയറ്റവനും അസ്വസ്ഥനുമായിരിക്കും.

ഈ കാര്യങ്ങളൊക്കെ സത്യപ്പെടുത്താനും അനുഭവിച്ചറിയാനും പറ്റുക ഹൃദയം സജീവമായി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്. എന്നാല്‍ ഹൃദയത്തിന്റെ ജീവന്‍ നഷ്ടമായവനാകട്ടെ; അവന്‍ നിനക്ക് ഇണക്കമില്ലായ്മയും വെറുപ്പുമായിരിക്കും സമ്മാനിക്കുക. പിന്നീട് അയാളില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കാനായിരിക്കും നീ ആഗ്രഹിക്കുക. അയാളുടെ സാന്നിധ്യം എപ്പോഴും നിനക്ക് ആസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കും. അത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍ ബാഹ്യമായ എന്തെങ്കിലുമൊക്കെ ഉപചാരങ്ങള്‍ ചെയ്തുകൊണ്ട് നീ അവിടുന്ന് രക്ഷപ്പെടാന്‍ നോക്കുക. നിന്റെ മനസ്സും സ്വകാര്യങ്ങളും പങ്കുവെക്കാതിരിക്കുക. അത്തരക്കാരുമായി കൂടുതല്‍ സമയം വിനിയോഗിച്ച് അതിനെക്കാള്‍ പ്രധാനപ്പെട്ടവയില്‍നിന്ന് തിരിഞ്ഞുകളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അല്ലാഹുവുമായിട്ടുള്ള നിന്റെ ബന്ധവും അവനില്‍നിന്നുള്ള നിന്റെ വിഹിതവും നഷ്ടപ്പെടുത്തുന്നവനുമായി നീ സമയം വിനിയോഗിക്കുകയും അവനുമായി വ്യാപൃതമാവലുമാണ് ഏറ്റവും വലിയ നഷ്ടവും കൊടും ഖേദവുമെന്ന് നീ തിരിച്ചറിയുക. അല്ലാഹുവില്‍നിന്ന് നിന്റെ പിന്തിരിയലും നിന്റെ സമയം നഷ്ടപ്പെടുത്തലും മനസ്സിനെ അസ്വസ്ഥമാക്കലും മനക്കരുത്ത് തകര്‍ക്കലും നിന്റെ ചിന്തയെ ശിഥിലമാക്കലുമൊക്കെയാണ് അതിലൂടെ സംഭവിക്കുക. ഇത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍-അത് അനിവാര്യമായും ഉണ്ടാകുന്നതാണ്- അപ്പോള്‍ അക്കാര്യത്തിലും നീ റബ്ബുമായി ഇടപാട് നടത്തുക. നിനക്ക് സാധ്യമാകും വിധം റബ്ബിന്റെ പ്രതിഫലം കാംക്ഷിച്ച് (ഇഹ്തിസാബോട് കൂടി) അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് അവനിലേക്കടുക്കുക. അത്തരക്കാരുമായി ഒത്തുചേരേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അതും നിനക്ക് പുണ്യം സമ്പാദിക്കാനുള്ള അവസരമാക്കി മാറ്റുക. അതൊരിക്കലും നീ നഷ്ടത്തിന്റെയും ഖേദത്തിന്റെയും സന്ദര്‍ഭമാക്കരുത്. നീ അയാളോടൊപ്പമാകുമ്പോള്‍ ഇങ്ങനെയാവുക. നിന്റെ വഴിയിലൂടെ നീ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ നീ അയാളെയും നിന്റെ കൂടെ കൂട്ടിക്കൊണ്ട് യാത്ര തുടരാന്‍ ശ്രമിക്കുക. നീ അയാളെ കൂട്ടണം; അയാള്‍ ഒരിക്കലും നിന്നെ കൂട്ടിക്കൊണ്ടുപോകരുത്.

ഇനി അതിന് അയാള്‍ ഒരുക്കമല്ലെങ്കില്‍ നീ അയാളുടെ കൂടെ പോകാനോ അയാളുടെ കൈവശമുള്ളത് വല്ലതും മോഹിക്കാനോ നോക്കാതെ അയാളെ അയാളുടെ പാട്ടിന് വിട്ടുകൊണ്ട് നീ നിന്റെ യാത്ര തുടരുക. അയാളിലേക്ക് നീ തിരിഞ്ഞുനോക്കേണ്ടതില്ല. കാരണം അയാള്‍ വഴികൊള്ളക്കാരനാണ്. ആരുതന്നെയായിരുന്നാലും നിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നീ അവടെനിന്ന് രക്ഷപ്പെടുക. സമയം പാഴാക്കാതെ നീ യാത്ര തുടരുക. നിന്റെ അലംഭാവം മൂലം നീ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് നീ പിടിക്കപ്പെടാതിരിക്കാന്‍ നീ ജാഗ്രത പാലിക്കുക. അപ്പോള്‍ നിനക്ക് രക്ഷപ്പെടാന്‍ പറ്റും. നേരെ മറിച്ച് നീ അമാന്തം കാണിച്ച് അവിടെത്തന്നെ നില്‍ക്കുകയും യാത്രക്കാരൊക്കെ പോയിക്കഴിഞ്ഞു നീ തനിച്ചാവുകയും ചെയ്താല്‍ പിന്നെ നിനക്ക് അവരുടെ ഒപ്പം എത്താന്‍ എങ്ങനെയാണ് സാധിക്കുക?

(35) തീര്‍ച്ചയായും ‘ദിക്ര്‍’ ഒരാളെ നന്മയുടെയും പുണ്യത്തിന്റെയും അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ചിലപ്പോള്‍ അയാള്‍ തന്റെ വിരിപ്പിലോ അങ്ങാടിയിലോ ആയിരിക്കും. തന്റെ ആരോഗ്യാവസ്ഥയിലോ രോഗസ്ഥിതിയിലോ ആയിരിക്കാം. തന്റെ സുഖാസ്വാദന വേളയിലോ ജീവിത സന്ധാരണ വഴിയിലോ നിറുത്തത്തിലോ ഇരുത്തത്തിലോ കിടത്തത്തിലോ യാത്രയിലോ ഒക്കെ ആവാം. ഏതവസ്ഥയിലായിരുന്നാലും ‘ദിക്ര്‍’ പോലെ ഏതവസ്ഥകളിലും ഏത് സമയങ്ങളിലും പുണ്യം നേടിത്തരുന്ന വേറൊരു കര്‍മവുമില്ല. ചിലപ്പോള്‍ അത് തന്റെ വിരിപ്പില്‍ കിടന്നുറങ്ങുന്ന ആളെ കൊണ്ടുപോയി അശ്രദ്ധയോടെ രാത്രി എഴുന്നേറ്റു നമസ്‌കരിക്കുന്നയാളെക്കാള്‍ മുമ്പിലെത്തിച്ചിട്ടുണ്ടാകും. അങ്ങനെ പ്രഭാതത്തിലാവുമ്പോള്‍ ഇദ്ദേഹം തന്റെ വിരിപ്പില്‍ കിടന്നുകൊണ്ടുതന്നെ യാത്രാസംഘത്തിന്റെ മുമ്പിലെത്തിയിട്ടുണ്ടാകും. എന്നാല്‍ അശ്രദ്ധയോടെ (‘ദിക്ര്‍’ ഇല്ലാതെ) രാത്രി നമസ്‌കരിച്ചയാളകട്ടെ യാത്രാസംഘത്തിന്റെ പിന്നിലുമായിരിക്കും. അത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന തന്റെ ഔദാര്യമാണ്.

വലിയ ആബിദായ (ധാരാളം ആരാധന ചെയ്യുന്ന) ഒരു വ്യക്തിയില്‍നിന്നും ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ആബിദായ മറ്റൊരു വ്യക്തിയുടെ അടുക്കല്‍ അതിഥിയായി എത്തി. അപ്പോള്‍ ആതിഥേയനായ ആബിദ് രാത്രി എഴുന്നേറ്റു ദീര്‍ഘമായി നമസ്‌കരിച്ചു. അതിഥിയാകട്ടെ തന്റെ വിരിപ്പില്‍ കിടക്കുകയായിരുന്നു. രാവിലെയായപ്പോള്‍ ആതിഥേയനായ ആബിദ് മറ്റെയാളോട് പറഞ്ഞു: ‘യാത്രാസംഘം താങ്കളെ മുന്‍കടന്നു.’ അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രെ: ‘രാത്രി മുഴുവന്‍ യാത്ര ചെയ്ത് പ്രഭാതത്തില്‍ യാത്രാസംഘത്തോടൊപ്പം എത്തുന്നതിലല്ല കാര്യം. രാത്രി തന്റെ വിരിപ്പില്‍ കഴിച്ചുകൂട്ടിക്കൊണ്ട് പ്രഭാതത്തില്‍ യാത്രാസംഘത്തിന്റെ മുന്നിലെത്തുന്നതിലാണ് കാര്യം!’

ഇത് പോലുള്ളവയ്ക്ക് ശരിയായ വിശദീകരണവും തെറ്റായ വ്യാഖ്യാനവും നല്‍കാന്‍ പറ്റുന്നതാണ്. ആരെങ്കിലും ഇതിനെ, രാത്രി തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ മനുഷ്യന്‍ രാത്രി എഴുന്നേറ്റു ഭക്തിപൂര്‍വം നിന്ന് നമസ്‌കരിച്ചയാളെക്കാള്‍ പുണ്യത്തില്‍ മുന്‍കടക്കുമെന്ന് വ്യാഖ്യാനിച്ചാല്‍ അത് അസംബന്ധമാണ്. മറിച്ച് ഇതിന് നല്‍കാവുന്ന നേരായ വിശദീകരണം ഇങ്ങനെയാണ്; അതായത് തന്റെ ഹൃദയം റബ്ബുമായി ബന്ധിപ്പിച്ചുകൊണ്ട് തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ വ്യക്തി തന്റെ മനസ്സിനെ ദുനിയാവിന്റെ ചിന്തകളില്‍നിന്ന് വേര്‍പെടുത്തി ആത്മീയ ലോകത്ത് ബന്ധിച്ചു. ശരീരത്തിന്റെ ക്ഷീണംകൊണ്ടോ രോഗം കാരണത്താലോ ശത്രു ഭയമോ മെറ്റന്തെങ്കിലും തടസ്സങ്ങള്‍ കാരണത്താലോ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. അങ്ങനെ അയാള്‍ കിടന്നുറങ്ങി. അയാളുടെ മനസ്സിലുള്ളതിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. എങ്കില്‍ അയാള്‍ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാതെ ഉറങ്ങിയത് ഒരു അപരാധമല്ല.

എന്നാല്‍ മറ്റൊരാള്‍ രാത്രി എഴുന്നേറ്റു നന്നായി ക്വുര്‍ആന്‍ പാരായണം ചെയ്ത് ദീര്‍ഘനേരം നമസ്‌കരിക്കുന്നു. പക്ഷേ, അയാളുടെ മനസ്സില്‍ പ്രകടനപരതയും (രിയാഅ്) ആത്മപ്രശംസയും ജനങ്ങളുടെ അടുക്കല്‍ അംഗീകാരവും സല്‍കീര്‍ത്തിയുമൊക്കെ കിട്ടുമെന്ന മോഹവുമാണെങ്കില്‍, അതല്ല അയാളുടെ മനസ്സ് ഒരിടത്തും ശരീരം മാറ്റൊരിടത്തുമായി മനഃസാന്നിധ്യമില്ലാതെയാണ് അത് നിര്‍വഹിച്ചതെങ്കില്‍ സംശയിക്കേണ്ടതില്ല, ആ കിടന്നുറങ്ങിയ വ്യക്തിയാണ് ഇയാളെക്കാള്‍ ഏറെ ദുരം മുന്‍കടന്നത്. കര്‍മങ്ങളുടെ കേന്ദ്രം ഹൃദയമാണ്. അതല്ലാതെ ശരീരമല്ല. അതിനാല്‍ ചോദനയും പ്രേരണയുമാണ് കണക്കിലെടുക്കുക. അപ്പോള്‍ ‘ദിക്ര്‍’ നിശ്ചലമായ മനസ്സിനെ പ്രചോദിപ്പിക്കുകയും ഒളിഞ്ഞുകിടക്കുന്ന സ്‌നേഹത്തെ ഇളക്കിവിടുകയും നിര്‍ജീവമായ തേട്ടങ്ങളെ ജീവിപ്പിക്കുകയും ചെയ്യും.

(36) ‘ദിക്ര്‍’ അതിന്റെ വക്താവിന് ഇൗലോകത്തും ക്വബ്‌റിലും നാളെ പരലോകത്തുമൊക്കെ വെളിച്ചമായിരിക്കും. ‘സ്വിറാത്തില്‍’ അത് അയാളുടെ മുന്നിലൂടെ പ്രകാശം പരത്തി സഞ്ചരിക്കും. ഹൃദയങ്ങള്‍ക്കും ക്വബ്‌റുകള്‍ക്കും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക എന്നത് പോലെ പ്രകാശം പരത്തുന്ന മറ്റൊന്നില്ല. അല്ലാഹു പറയുന്നു:

أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَٰفِرِينَ مَا كَانُوا۟ يَعْمَلُونَ

നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തു കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:6/122)

ആദ്യം പറഞ്ഞത് സത്യവിശ്വാസിയെ സംബന്ധിച്ചാണ്. അല്ലാഹുവിലുള്ള വിശ്വാസംകൊണ്ടും അവനോടുള്ള സ്‌നേഹം, അവനെക്കുറിച്ചുള്ള അറിവ്, സ്മരണ എന്നിവകൊണ്ടുമൊക്കെ അവന് പ്രകാശം ലഭിക്കും. മറ്റേത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നവനെക്കുറിച്ചും. അല്ലാഹുവിനോടുള്ള സ്‌നേഹം, അറിവ്, ദിക്ര്‍ എന്നിവയില്‍നിന്നൊക്കെ അയാള്‍ വളരെ പിന്നിലായിരിക്കും.

കാര്യങ്ങളില്‍ ഏറ്റവും പ്രധാനവും യഥാര്‍ഥ വിജയവും പ്രകാശം കിട്ടുന്നതിലാണ്. ഏറ്റവും വലിയ പരാജയമാകട്ടെ അത് നഷ്ടപ്പെടലിലുമാണ്.

അതിനാല്‍തന്നെ നബി ﷺ പ്രകാശത്തിനു വേണ്ടി അല്ലാഹുവിനോട് ധാരാളമായി ചോദിക്കാറുണ്ടായിരുന്നു. തന്റെ മാംസത്തിലും പേശിയിലും രോമത്തിലും ചര്‍മത്തിലും കണ്ണിലും കാതിലും മുകളിലും താഴെയും വലതുവശത്തും ഇടതുവശത്തും മുന്നിലും പിന്നിലും എല്ലാം പ്രകാശം ഏര്‍പ്പെടുത്തിത്തരുവാനായി പ്രാര്‍ഥിക്കും. എത്രത്തോളമെന്നാല്‍ നബി ﷺ ഇപ്രകാരം പറയുമായിരുന്നു: ‘എന്നെ നീ പ്രകാശ മാക്കേണമേ’ (ഇമാം മുസ്‌ലിം ഇബ്‌നു അബ്ബാസി(റ)നിന്ന് നിവേദനം ചെയ്തത്).

അതായത്, നബി ﷺ തന്റെ രക്ഷിതാവിനോട് തന്റെ ബാഹ്യവും ആന്തരികവുമായ എല്ലാറ്റിലും പ്രകാശം നിറക്കാനായി തേടുകയാണ്. തന്റെ എല്ലാ വശങ്ങളിലും പ്രകാശം ചുറ്റിനില്‍ക്കാനും തന്റെ എല്ലാമെല്ലാം പ്രകാശമയമാക്കാനും ആവശ്യപ്പെടുകയാണ്.

അല്ലാഹുവിന്റെ മതം(ദീന്‍) പ്രകാശമാണ്. അവന്റെ ഗ്രന്ഥം പ്രകാശമാണ്. അവന്റെ ഇഷ്ടദാസന്മാര്‍ക്കായി അവനൊരുക്കിയ ഭവനവും (സ്വര്‍ഗം) മിന്നിത്തിളങ്ങുന്ന പ്രകാശമാണ്. അനുഗ്രഹപൂര്‍ണനും അത്യുന്നതനുമായ അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. അവന്റെ വിശിഷ്ടമായ നാമങ്ങളില്‍പെട്ടതാണ് ‘അന്നൂര്‍’ (പ്രകാശം) എന്നത്. അവന്റ തിരുമുഖത്തിന്റെ പ്രകാശത്താല്‍ അന്ധകാരങ്ങള്‍വരെയും പ്രകാശ പൂരിതമായി.

ത്വാഇഫ് ദിനത്തില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം:

أعوذ بنور وجهك الذي أشرقت له الظلمات وصلح عليه أمر الدنيا والآخرة أن يحل علي غضبك أو ينزل بي سخطك لك العتبى حتى ترضى ولا حول ولا قوة إلا بك

‘നിന്റെ ശാപകോപങ്ങള്‍ എന്റെമേല്‍ വന്നിറങ്ങുന്നതില്‍ നിന്നും നിന്റെ മുഖത്തിന്റെ പ്രകാശംകൊണ്ട് നിന്നോട് ഞാന്‍ രക്ഷതേടുന്നു-അതുമുഖേന ഇരുട്ടുകള്‍ നീങ്ങുകയും ഇരുലോകത്തെയും കാര്യങ്ങള്‍ നന്നാവുകയും ചെയ്യുന്നുവല്ലോ- നീ തൃപ്തിപ്പെടുന്നത് വരെ ഞാനെന്റെ വീഴ്ചകള്‍ സമ്മതിച്ചു നിനക്ക് കീഴ്‌പ്പെടുന്നു. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല’ (ത്വബ്‌റാനി, ദിയാഉല്‍ മക്വ്ദിസി തന്റെ ‘അല്‍അഹാദീഥുല്‍ മുഖ്താറ’യിലും ഉദ്ധരിച്ചത്).

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞതായി നിവേദനം:

ليس عند ربكم ليل ولا نهار نور السماوات من نور وجهه

‘നിങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ രാത്രിയും പകലുമില്ല, ആകാശഭൂമികളുടെ പ്രകാശം അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ്’ (ത്വബ്‌റാനി).

അല്ലാഹു പറയുന്നു:

وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ

ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ടു പ്രകാശിക്കുകയും ചെയ്യും. (ഖുർആൻ:39/69)

അല്ലാഹു അന്ത്യനാളില്‍ അവന്റെ അടിയാറുകള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാന്‍ വരുമ്പോള്‍ അവന്റെ പ്രഭെകാണ്ട് ഭൂമി പ്രകാശിക്കും. അന്നേദിവസം സൂര്യനോ ചന്ദ്രനോ കാരണത്താലല്ല ഭൂമിയിലെ പ്രകാശം. സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും അവയുടെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യും. അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു.

قال أبو موسى : قام فينا رسول الله صلى الله عليه و سلم بخمس كلمات فقال  إن الله لا ينام يخفض القسط ويرفعه يرفع إليه عمل الليل قبل النهار وعمل النهار قبل الليل حجابه النور لو كشفه لاحرقت سبحات وجهه ما انتهى إليه بصره من خلقه

അബുമൂസ(റ) പറയുന്നു:”ഒരിക്കല്‍ നബി ﷺ ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റുനിന്നുകൊണ്ട് അഞ്ചു കാര്യങ്ങള്‍ പറഞ്ഞു: ‘നിശ്ചയമായും, അല്ലാഹു ഉറങ്ങുകയില്ല, ഉറങ്ങുക എന്നത് അവന് യോജിച്ചതല്ല. അവന്‍ തന്റെ അടിമകള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കുന്നു. പകലിലെ കര്‍മങ്ങള്‍ക്കു മുമ്പായി രാത്രിയിലെ കര്‍മങ്ങളും രാത്രിയിലെ കര്‍മങ്ങള്‍ക്കു മുമ്പായി പകലിലെ കര്‍മങ്ങളും അവന്റെ പക്കലേക്കു ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. അവനത് നീക്കിയാല്‍ അവന്റെ മുഖത്തിന്റെ പ്രകാശം സൃഷ്ടികളെ ആസകലം കരിച്ചുകളയുന്നതാണ്” (മുസ്‌ലിം, അഹ്മദ്).

അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ് ആ മറയുടെ പ്രകാശം. ആ മറയില്ലായിരുന്നെങ്കില്‍ അവന്റെ മുഖത്തിന്റെ പ്രകാശം എല്ലാറ്റിനെയും കരിച്ചുകളയുമായിരുന്നു. അതിനാലാണ് അല്ലാഹു പര്‍വതത്തിന് വെളിപ്പെടുകയും ആ മറയുടെ അല്‍പമൊന്ന് വെളിവാകുകയും ചെയ്തപ്പോള്‍ പര്‍വതം ഭൂമിയിലേക്ക് ആണ്ടുപോവുകയും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തത്. (വിശുദ്ധ ക്വുര്‍ആന്‍ 7:143 കാണുക).

ഇതാണ് വിശുദ്ധ ക്വുര്‍ആന്‍ 6:103ലെ ‘ദൃഷ്ടികള്‍ അവനെ പ്രാപിക്കുകയില്ല’ എന്നതിന്റെ ആശയമായി ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത്:

ذلك الله عز و جل إذا تجلى بنوره لم يقم له شيء

‘അല്ലാഹു അവന്റെ പ്രകാശം കൊണ്ട് വെളിപ്പെട്ടാല്‍ അതിനുനേരെ ഒന്നും നില്‍ക്കുകയില്ല’ (തിര്‍മിദി, നസാഈ, ത്വബ്‌റാനി, ഹാകിം).

ഇത് അദ്ദേഹത്തിന്റെ കൗതുകകരമായ ഗ്രാഹ്യതയും സൂക്ഷ്മവുമായ ചിന്തയുമാണ്. നബി ﷺ ക്വുര്‍ആന്‍ വ്യാഖ്യാനത്തിനുള്ള അറിവ് നല്‍കാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച വ്യക്തിത്വമാണല്ലോ അദ്ദേഹം!

 

വിവർത്തനം: ശമീര്‍ മദീനി

ഇതിന്റെ തുടർച്ച  പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്  إن شاء الله 

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *