അല്ലാഹുവില്‍നിന്ന് ദിവ്യസന്ദേശങ്ങള്‍ മനുഷ്യ൪ക്ക് ലഭിക്കുന്നത് മൂന്ന് രീതിയില്‍ ആയിരിക്കും.
ﻭَﻣَﺎ ﻛَﺎﻥَ ﻟِﺒَﺸَﺮٍ ﺃَﻥ ﻳُﻜَﻠِّﻤَﻪُ ٱﻟﻠَّﻪُ ﺇِﻻَّ ﻭَﺣْﻴًﺎ ﺃَﻭْ ﻣِﻦ ﻭَﺭَآﺉِ ﺣِﺠَﺎﺏٍ ﺃَﻭْ ﻳُﺮْﺳِﻞَ ﺭَﺳُﻮﻻً ﻓَﻴُﻮﺣِﻰَ ﺑِﺈِﺫْﻧِﻪِۦ ﻣَﺎ ﻳَﺸَﺎٓءُ ۚ ﺇِﻧَّﻪُۥ ﻋَﻠِﻰٌّ ﺣَﻜِﻴﻢٌ
(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുകയെന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു.(ഖു൪ആന്‍ :42/51)
അല്ലാഹു നേരിട്ട് ബോധനം നല്‍കല്‍, ഒരു മറയുടെ പിന്നില്‍ നിന്നുള്ള സംസാരമായി, ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തരം സന്ദേശമെത്തിക്കുക തുടങ്ങിയ രീതിയിലാണ് അല്ലാഹു മനുഷ്യ൪ക്ക് സന്ദേശം നല്‍കുന്നത്.
1.അല്ലാഹു നേരിട്ട് ബോധനം നല്‍കല്‍
അല്ലാഹു നേരിട്ട് ബോധനം നല്‍കുക എന്നുള്ളതാണ് ഇതില്‍ ഒന്നാമത്തെ രീതി. ബോധനം നല്‍കുക (വഹ്‌യ്) എന്നതുകൊണ്ടുദ്ദേശ്യം മനസ്സില്‍ ഒരാശയം നിക്ഷേപിക്കുക എന്നുള്ളതാണ്. മനസ്സില്‍ വെളിപാടുണ്ടായും(ഇല്‍ഹാം) സ്വപ്നം വഴിയും ഇത് സംഭവിക്കുന്നു. നബി(സ്വ) സ്വഹാബത്തിനോട് ചില വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍, സ്വപ്നത്തില്‍ എനിക്ക് കാണിക്കപ്പെട്ടു, അല്ലാഹു എന്റെ മനസ്സില്‍ ഇട്ടുതന്നു എന്നിങ്ങനെയുള്ള പ്രയോഗത്തില്‍ ചിലപ്പോള്‍ പറയാറുള്ളത് ഈ രീതിയില്‍ വഹ്’യ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ അല്ലാഹുവിന്റെയോ നബിയുടെയോ(സ്വ) ഇടയില്‍ മറ്റൊരു മദ്ധ്യമന്‍ ഉണ്ടായിക്കുന്നതല്ല.
അല്ലാഹുവില്‍ നിന്ന് ഇപ്രകാരം ദിവ്യസന്ദേശങ്ങള്‍ ലഭിച്ചിട്ടുള്ളതിന് വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും ധാരാളം തെളിവുകളുണ്ട്. ഇബ്രാഹിം(അ) തന്റെ മകനെ ബലി അറുക്കുണമെന്ന അല്ലാഹുവിന്റെ കല്പന സ്വപ്നത്തിലൂടെയാണ് വന്നിരുന്നത്.
ﻓَﻠَﻤَّﺎ ﺑَﻠَﻎَ ﻣَﻌَﻪُ ٱﻟﺴَّﻌْﻰَ ﻗَﺎﻝَ ﻳَٰﺒُﻨَﻰَّ ﺇِﻧِّﻰٓ ﺃَﺭَﻯٰ ﻓِﻰ ٱﻟْﻤَﻨَﺎﻡِ ﺃَﻧِّﻰٓ ﺃَﺫْﺑَﺤُﻚَ ﻓَﭑﻧﻈُﺮْ ﻣَﺎﺫَا ﺗَﺮَﻯٰ ۚ ﻗَﺎﻝَ ﻳَٰٓﺄَﺑَﺖِ ٱﻓْﻌَﻞْ ﻣَﺎ ﺗُﺆْﻣَﺮُ ۖ ﺳَﺘَﺠِﺪُﻧِﻰٓ ﺇِﻥ ﺷَﺎٓءَ ٱﻟﻠَّﻪُ ﻣِﻦَ ٱﻟﺼَّٰﺒِﺮِﻳﻦَ
എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.(ഖു൪ആന്‍ :37/102)
യൂസുഫ്(അ) കണ്ട സ്വപ്നവും ഇതിന് മറ്റൊരു ഉദാഹരണമാണ്.
ﺇِﺫْ ﻗَﺎﻝَ ﻳُﻮﺳُﻒُ ﻷَِﺑِﻴﻪِ ﻳَٰٓﺄَﺑَﺖِ ﺇِﻧِّﻰ ﺭَﺃَﻳْﺖُ ﺃَﺣَﺪَ ﻋَﺸَﺮَ ﻛَﻮْﻛَﺒًﺎ ﻭَٱﻟﺸَّﻤْﺲَ ﻭَٱﻟْﻘَﻤَﺮَ ﺭَﺃَﻳْﺘُﻬُﻢْ ﻟِﻰ ﺳَٰﺠِﺪِﻳﻦَ
യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.(ഖു൪ആന്‍ : 12/4)
യൂസുഫിന്റെ(അ) 11 സഹോദരന്‍മാരും മാതാപിതാക്കളും ഒരു കാലത്ത് അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിച്ച് നില്‍ക്കുമെന്നതായിരുന്നു സ്വപ്നത്തിന്റെ പൊരുള്‍. സ്വപ്നത്തില്‍ കണ്ട 11 നക്ഷത്രങ്ങള്‍ അദ്ദേഹത്തിന്റെ 11 സഹോദരന്‍മാരെയും, സൂര്യനും ചന്ദ്രനും അദ്ധേഹത്തിന്റെ മാതാപിതാക്കളേയുമാണ് സൂചിപ്പിക്കുന്നത്.
ഇസ്രാഈല്യരുടെ ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കിയിരുന്ന കാലത്താണ് മൂസാ (അ) നബിയുടെ ജനനം. മാതാവിന് തന്റെ കുഞ്ഞിനെപ്പറ്റി കഠിന ഭയം തോന്നിയ സന്ദര്‍ഭത്തില്‍ അല്ലാഹു അവരുടെ മനസ്സില്‍ ഇതേ തരത്തിലുള്ള ബോധനം നല്‍കി.
ﻭَﺃَﻭْﺣَﻴْﻨَﺎٓ ﺇِﻟَﻰٰٓ ﺃُﻡِّ ﻣُﻮﺳَﻰٰٓ ﺃَﻥْ ﺃَﺭْﺿِﻌِﻴﻪِ ۖ ﻓَﺈِﺫَا ﺧِﻔْﺖِ ﻋَﻠَﻴْﻪِ ﻓَﺄَﻟْﻘِﻴﻪِ ﻓِﻰ ٱﻟْﻴَﻢِّ ﻭَﻻَ ﺗَﺨَﺎﻓِﻰ ﻭَﻻَ ﺗَﺤْﺰَﻧِﻰٓ ۖ ﺇِﻧَّﺎ ﺭَآﺩُّﻭﻩُ ﺇِﻟَﻴْﻚِ ﻭَﺟَﺎﻋِﻠُﻮﻩُ ﻣِﻦَ ٱﻟْﻤُﺮْﺳَﻠِﻴﻦَ
മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്.(ഖു൪ആന്‍ :28/7)
നബിമാരുടെ ഇല്‍ഹാമും (മനസ്സില്‍ തോന്നിപ്പിക്കല്‍) സ്വപ്നവും നബിമാരല്ലാത്തവരില്‍ നിന്നും വ്യത്യാസമുണ്ട്. നബിമാരുടേത് തികച്ചും യാഥാ൪ത്ഥ്യങ്ങളായിരിക്കും. അവ൪ക്ക് അതുമുഖേന ലഭിക്കുന്ന അറിവ് യാതൊരുവിധ സംശയത്തിനോ ചാഞ്ചല്ല്യത്തിനോ ഇടയില്ലാത്ത വിധം യാഥാ൪ത്ഥ്യവും സദൃഢവുമായിരിക്കും.
നബി(സ്വ) പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു.
2. ഒരു മറയുടെ പിന്നില്‍ നിന്നുള്ള സംസാരം
സംസാരിക്കുന്ന ആളെ കാണാതെ സംസാരം മാത്രം കേള്‍ക്കുന്ന രീതിയാണിത്. സാധാരണയായി അശരീരിയെന്ന് പറയുന്നത് ഇതിനെ കുറിച്ചാണ്. ഇവിടെ അല്ലാഹു അവനുദ്ദേശിക്കുന്നവരോട് അവന്‍ നേരിട്ട് സംസാരിക്കുന്നു. എന്നാല്‍ ആ വ്യക്കിക്ക് അല്ലാഹുവിനെ കാണാന്‍ കഴിയില്ല. ഇവിടെയും അല്ലാഹുവിന്റെയോ ആ വ്യക്തിയുടേയോ ഇടയില്‍ മൂന്നാമതായി ഒരു മദ്ധ്യമന്‍ ഇല്ല.
മൂസാനബി (അ) സ്വന്തം നാടായ ഈജിപ്തില്‍ നിന്നും കുറച്ച കാലത്തേക്ക് മദ്’യന്‍ എന്ന സ്ഥലത്തേക്ക് മാറിതാമസിച്ചിരുന്നു. കുറേ വ൪ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം കുടുംബ സമേതം ഈജിപ്തിലേക്കു മടങ്ങിപ്പോരുന്ന അവസരത്തില്‍ സീനാതാഴ്വരയില്‍ ഒരു ഭാഗത്തായി അദ്ദേഹം തീ കാണുന്നത്.ഇരുട്ടു കാരണവും വഴി അറിയാതെയും ബുദ്ധിമുട്ടിയിരുന്ന അവസരത്തിലാണ് അവ൪ തീ കണ്ടത്. മൂസാ (അ) കുടംബത്തെ അവിടെ നിറുത്തി തീ കണ്ട സ്ഥലത്തേക്കു പോയി. മൂസാ (അ) ചെന്നുനോക്കുമ്പോള്‍, ദിവ്യപ്രകാശമായിരുന്നു അവിടെ കണ്ടത്. അവിടെ വെച്ചു അദ്ദേഹത്തോട് അല്ലാഹു നേരിട്ട് സംസാരിച്ചു. അതോടെ, അദ്ദേഹം അല്ലാഹുവിന്റെ റസൂലായി (ദൂതനായി) തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും മൂസാ(അ) അല്ലാഹുവിനെ കണ്ടിട്ടില്ല.
ﻓَﻠَﻤَّﺎٓ ﺃَﺗَﻰٰﻫَﺎ ﻧُﻮﺩِﻯَ ﻳَٰﻤُﻮﺳَﻰٰٓ ﺇِﻧِّﻰٓ ﺃَﻧَﺎ۠ ﺭَﺑُّﻚَ ﻓَﭑﺧْﻠَﻊْ ﻧَﻌْﻠَﻴْﻚَ ۖ ﺇِﻧَّﻚَ ﺑِﭑﻟْﻮَاﺩِ ٱﻟْﻤُﻘَﺪَّﺱِ ﻃُﻮًﻯ ﻭَﺃَﻧَﺎ ٱﺧْﺘَﺮْﺗُﻚَ ﻓَﭑﺳْﺘَﻤِﻊْ ﻟِﻤَﺎ ﻳُﻮﺣَﻰٰٓ ﺇِﻧَّﻨِﻰٓ ﺃَﻧَﺎ ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪْﻧِﻰ ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺬِﻛْﺮِﻯٓﺇِﻥَّ ٱﻟﺴَّﺎﻋَﺔَ ءَاﺗِﻴَﺔٌ ﺃَﻛَﺎﺩُ ﺃُﺧْﻔِﻴﻬَﺎ ﻟِﺘُﺠْﺰَﻯٰ ﻛُﻞُّ ﻧَﻔْﺲٍۭ ﺑِﻤَﺎ ﺗَﺴْﻌَﻰٰ
അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു: ഹേ, മൂസാ.തീര്‍ച്ചയായും ഞാനാണ് നിന്റെ രക്ഷിതാവ്. അതിനാല്‍ നീ നിന്റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക.തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.(ഖു൪ആന്‍ :20/11-15)
3. ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തരം സന്ദേശം നല്‍കല്‍
ഈ മൂന്നാമത്തെ രീതിയിലാണ് അഥവാ ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തരം സന്ദേശമെത്തിക്കുക എന്ന രീതിയിലാണ് വിശുദ്ധ ഖുര്‍ആനിന്റെ അവതരണം നടന്നിട്ടുള്ളത്.
ﻭَﺇِﻧَّﻪُۥ ﻟَﺘَﻨﺰِﻳﻞُ ﺭَﺏِّ ٱﻟْﻌَٰﻠَﻤِﻴﻦَ ﻧَﺰَﻝَ ﺑِﻪِ ٱﻟﺮُّﻭﺡُ ٱﻷَْﻣِﻴﻦُ ﻋَﻠَﻰٰ ﻗَﻠْﺒِﻚَ ﻟِﺘَﻜُﻮﻥَ ﻣِﻦَ ٱﻟْﻤُﻨﺬِﺭِﻳﻦَ ﺑِﻠِﺴَﺎﻥٍ ﻋَﺮَﺑِﻰٍّ ﻣُّﺒِﻴﻦٍ
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നിന്റെ ഹൃദയത്തിലാണ് (അത് ഇറക്കി തന്നിട്ടുള്ളത്). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).(ഖു൪ആന്‍ :26/192-195)
ﻗُﻞْ ﻧَﺰَّﻟَﻪُۥ ﺭُﻭﺡُ ٱﻟْﻘُﺪُﺱِ ﻣِﻦ ﺭَّﺑِّﻚَ ﺑِﭑﻟْﺤَﻖِّ ﻟِﻴُﺜَﺒِّﺖَ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻫُﺪًﻯ ﻭَﺑُﺸْﺮَﻯٰ ﻟِﻠْﻤُﺴْﻠِﻤِﻴﻦَ
പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് മുഖേനെ നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്.(ഖു൪ആന്‍ :16/102)
الرُّوحُ الْأَمِينُ (വിശ്വസ്തനായ ആത്മാവ്) ﺭُﻭﺡُ ٱﻟْﻘُﺪُﺱِ (പരിശുദ്ധാത്മാവ്) എന്ന് പറഞ്ഞത് ജിബ്‌രീല്‍ (അ) എന്ന മലക്കിനെ കുറിച്ചാകുന്നു. അല്ലാഹു ജിബ്‌രീല്‍ എന്ന മലക്ക് മുഖാന്തിരം നബിയുടെ (സ്വ) ഹൃദയത്തില്‍ ഖുര്‍ആന്‍ അവതരിപ്പിച്ച് നല്‍കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു തങ്ങളെ ഏല്‍പ്പിച്ച ദൌത്യം അതേപോലെ തന്നെ എത്തിക്കുകയല്ലാതെ അതില്‍ യാതൊരു ഏറ്റക്കുറവും ഭേതഗതിയും വരുത്തുകയില്ലെന്നാണ് ﻓَﻴُﻮﺣِﻰَ ﺑِﺈِﺫْﻧِﻪِۦ ﻣَﺎ ﻳَﺸَﺎٓءُ ( അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് മലക്കാകുന്ന ദൂതന്‍ ബോധനം നല്‍കും – ഖു൪ആന്‍ : 42/51 ) എന്ന വാക്യം വ്യക്തമാക്കുന്നത്. അല്ലാഹു ജിബ്‌രീലിനെ الرُّوحُ الْأَمِينُ (വിശ്വസ്തനായ ആത്മാവ്) എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്താമണ്. യാതൊരു കൃത്രിമമോ, മാറ്റത്തിരുത്തലുകളോ അദ്ദേഹത്തില്‍ നിന്നു സംഭവിക്കുകയില്ല. അല്ലാഹു ഏല്‍പിച്ച അതേപ്രകാരംതന്നെ സൂക്ഷ്മമായും കൃത്യമായും ജിബ്‌രീല്‍ (അ) തന്റെ ദൗത്യം നിര്‍വ്വഹിക്കുന്നതാണെന്ന് താല്‍പര്യം.
نْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّ الْحَارِثَ بْنَ هِشَامٍ ـ رضى الله عنه ـ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَيْفَ يَأْتِيكَ الْوَحْىُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ ـ وَهُوَ أَشَدُّهُ عَلَىَّ ـ فَيُفْصَمُ عَنِّي وَقَدْ وَعَيْتُ عَنْهُ مَا قَالَ، وَأَحْيَانًا يَتَمَثَّلُ لِيَ الْمَلَكُ رَجُلاً فَيُكَلِّمُنِي فَأَعِي مَا يَقُولُ ”. قَالَتْ عَائِشَةُ رضى الله عنها وَلَقَدْ رَأَيْتُهُ يَنْزِلُ عَلَيْهِ الْوَحْىُ فِي الْيَوْمِ الشَّدِيدِ الْبَرْدِ، فَيَفْصِمُ عَنْهُ وَإِنَّ جَبِينَهُ لَيَتَفَصَّدُ عَرَقًا.
ആഇശ(റ)യില്‍ നിന്നും നിവേദനം. ഹാരിസുബ്‌നു ഹിശാം നബിയോട് ചോദിച്ചു: ”അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് താങ്കള്‍ക്ക് വഹ്‌യ് വരുന്നത്?” അപ്പോള്‍ നബിﷺ പറഞ്ഞു: ”ചിലപ്പോള്‍ മണിനാദം പോലെയായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രയാസകരമായിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ എന്നില്‍നിന്നും വിയര്‍പ്പുകള്‍ പൊടിയും. അപ്പോഴേക്കും മലക്ക് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കും. ആഇശ(റ) പറയുന്നു: ”അതിശക്തമായ തണുപ്പുള്ള ദിവസവും വഹ്‌യ് ഇറങ്ങുമ്പോള്‍ നബിﷺ വിയര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാചകന്റെ നെറ്റിത്തടങ്ങളിലും വിയര്‍പ്പ് കാണാമായിരുന്നു”. (ബുഖാരി: 2)
സക്കരിയാ നബിയുടേയും(അ) മറിയമിന്റേയും(അ) അടുക്കല്‍ ഒരു കുഞ്ഞിനെ കുറിച്ചുള്ള സന്തോഷ വാ൪ത്തയുമായി വന്നതും മലക്കുകളായിരുന്നു.
نَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴿٣٨﴾ فَنَادَتْهُ ٱلْمَلَٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقَۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّٰلِحِينَ ﴿٣٩﴾ قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ ﴿٤٠﴾
അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍.അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തി കഴിഞ്ഞു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.(ഖു൪ആന്‍ :3/38-40)
فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ﴿١٧﴾ قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا ﴿١٨﴾ قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمًا زَكِيًّا ﴿١٩﴾ قَالَتْ أَنَّىٰ يَكُونُ لِى غُلَٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا ﴿٢٠﴾ قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ﴿٢١﴾
എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍(മറിയം) ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.)അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല, ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.(ഖു൪ആന്‍ :19/17-21)
ഇബ്’റാഹിം നബിയുടെയും ലൂത്ത് നബിയുടെയുംഅടുക്കല്‍ മലക്കുകള്‍ ചെന്ന് വ൪ത്തമാനം അറിയിച്ചതും ഈ രീതിയില്‍ല്‍ പെട്ടതാകുന്നു. ഇവിടെയും മറിയമിന്റെ അടുക്കലും മലക്കുകള്‍ മനുഷ്യ രൂപത്തിലാണ് വന്നിരുന്നത്. ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നിവയെ കുറിച്ച് പഠിപ്പിക്കാന്‍ മുഹമ്മദ് നബിയുടെ(സ്വ) അടുക്കലും ജിബ്’രീല്‍ മനുഷ്യന്റെ രൂപത്തില്‍ വന്നിട്ടുണ്ട്. ഈ സംഭവം പറയുന്ന റിപ്പോ൪ട്ട്, ‘ഹദീസ് ജിബ്’രീല്‍’ എന്ന പേരില്‍ പ്രസിദ്ധമാണ്.
അല്ലാഹു മനുഷ്യനോട് നേരിട്ട് പരസ്പരം സംസാരിക്കാത്തത് അവന്റെ ഔന്നിത്യമാണ് ബോധ്യപ്പെടുത്തുന്നത്. അവന്‍ വളരെ ഉന്നതനും യുക്തിജ്ഞാനുമാകുന്നു. തന്റെ ഏതെങ്കിലും ഒരു ദാസന് മാര്‍ഗദര്‍ശനമെത്തിച്ചു കൊടുക്കാന്‍ നേരിട്ടുള്ള സംഭാഷണത്തിന്റെ ആവശ്യമില്ലെന്നും അവന്‍ ബോധ്യപ്പെടുത്തുന്നു.
kanzululoom.com