ഈ ലോകവും അതിലുള്ള സകലതും സൃഷ്ടിച്ച് പരിപാലിച്ച് നിയന്ത്രിച്ചു വരുന്ന ഏകനായ അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അര്‍ഹതയുള്ളവന്‍. എന്നാൽ അധികമാളുകളും അല്ലാഹുവിനോടൊപ്പമോ അല്ലാതെയോ അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകന്‍മാ൪, പുണ്യവാളന്‍മാ൪ തുടങ്ങി ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരേയും ആളുകള്‍ ആരാധിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹു അല്ലാത്ത മറ്റ് ആരാധ്യന്‍മാരൊന്നും ആരാധിക്കപ്പെടാന്‍ യോഗ്യതയും അ൪ഹതയും ഇല്ലാത്തവരാണെന്ന് അല്ലാഹു വിശുദ്ധ ഖു൪ആനിലുടനീളം ഉണ൪ത്തിയിട്ടുണ്ട്. അവ൪ ആരാധിക്കപ്പെടാന്‍ പാടില്ലാത്തതിന്റെ കാരണങ്ങളും അല്ലാഹു അവിടെയെല്ലാം വിശദീകരിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആൻ സൂറ:നംല് 59-64 ആയത്തുകളിൽ “അല്ലാഹുവാണോ ഉത്തമന്‍; അതല്ല, ആളുകൾ ആരാധിക്കുന്ന അല്ലാഹു അല്ലാത്തവരോ“ എന്ന് ചോദിക്കുന്നുണ്ട്. ഈ ആയത്തുകളിലൂടെ സഞ്ചരിച്ചാൽ അല്ലാഹുവാണ് യഥാര്‍ത്ഥ ആരാധ്യനെന്നും എന്തുകൊണ്ടാണ് അല്ലാഹു മാത്രം യഥാര്‍ത്ഥ ആരാധ്യനും അല്ലാഹു അല്ലാത്തവര്‍ ആരാധിക്കപ്പെടാൻ പാടില്ലാത്തതെന്നും മനസ്സിലാക്കാം. ആദ്യമായി അല്ലാഹുവിന്റെ ചോദ്യം കാണുക:
قُلِ ٱلْحَمْدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ
(നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതല്ല, (അവനോട്) അവര്‍ പങ്കുചേര്‍ക്കുന്നവയോ? (ഖുര്‍ആൻ:27/59)
“അല്ലാഹുവാണോ ഉത്തമന്‍; അതല്ല, ആളുകൾ ആരാധിക്കുന്ന അല്ലാഹു അല്ലാത്തവരോ“ എന്ന ചോദ്യത്തിനുള്ള മറുപടിയായി അല്ലാഹു ചില ചോദ്യങ്ങളാണ് തുടര്‍ന്ന് ചോദിക്കുന്നത്. പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാൽ അഥവാ ഇന്നയിന്ന കാര്യങ്ങൾ ചെയ്തിട്ടുള്ളതും ചെയ്യുന്നതും ആരോണെന്ന് കണ്ടെത്തിയാൽ അവനെയാണ് മനുഷ്യര്‍ ആരാധിക്കേണ്ടതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ധാരാളം ഇടങ്ങളില്‍ ചോദ്യങ്ങള്‍ കൊണ്ട് തൗഹീദ് സ്ഥാപിക്കുകയും, ശിര്‍ക്കിനെ ഖണ്ഢിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങൾ കാണുക:
أَمَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു. (ഖുര്‍ആൻ:27/60)
ആരാണ് ആകാശവും അവയിൽ സൂര്യനേയും, ചന്ദ്രനേയും, നക്ഷത്രങ്ങളേയും, മലക്കുകളേയും സൃഷ്ടിച്ചത്? ആരാണ് ഭൂമിയും അതിൽ പർവതങ്ങളും കടലുകളും നദികളും മരങ്ങളും മറ്റ് വസ്തുക്കളും സൃഷ്ടിച്ചത്?
ആരാണ് മഴ പെയ്യിക്കുന്നത്? ആരാണ് ആ വെള്ളം മുഖേനെ സസ്യങ്ങളും തോട്ടങ്ങളും മുളപ്പിക്കുന്നത്?
ലോകത്ത് അല്ലാഹുവല്ലാത്ത പലതും ആരാധിക്കപ്പെടുന്നുണ്ടെങ്കിലും അവരെ ആരാധിക്കുന്നവരാരും ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് അവരാണെന്ന് വിശ്വസിക്കുന്നില്ല. അതൊക്കെ ചെയ്തിട്ടുള്ളത് സൃഷ്ടാവായ ഒരു മഹാശക്തിയാണെന്ന് അംഗീകരിക്കുന്നു. എന്നിട്ടും അവരൊക്കെ ആ മഹാശക്തിയെ വെടിഞ്ഞ് മറ്റെന്തിനെയൊക്കെയോ ആരാധിക്കുന്നു.
മേല്‍ ഉദ്ധരിച്ച മഹല്‍കൃത്യങ്ങളും, വമ്പിച്ച അനുഗ്രഹങ്ങളും ചെയ്തുവരുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്‍പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. പരമാര്‍ത്ഥം ഇതായിരുന്നിട്ടും അവര്‍ ചില വസ്തുക്കളെ അല്ലാഹുവിന് സമമായി ഗണിക്കുകയും, അവരെ ദൈവങ്ങളാക്കുകയും ചെയ്തുവരുകയാണ്. അങ്ങിനെ, അവര്‍ യഥാര്‍ത്ഥത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. (അമാനി തഫ്സീര്‍)
أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَٰلَهَآ أَنْهَٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല. (ഖുര്‍ആൻ:27/61)
ആളുകൾക്ക് താമസിക്കാനും ജീവിക്കാനും ഉഴുതുമറിക്കാനും കെട്ടിടങ്ങൾ നിര്‍മ്മിക്കാനും വരാനും പോകാനും കഴിയുന്ന തരത്തിൽ ഭൂമിയെ സംവിധാനിച്ചതാരാണ്?
മനുഷ്യര്‍ക്കും കന്നുകാലികൾക്കും വിവിധ ആവശ്യങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഭൂമിയിലുടനീളം നദികൾ ഉണ്ടാക്കിയവൻ ആരാണ്?
ഭൂമിയുടെ ഉപരിതലത്തിലെ സന്തുലിതാവസ്ഥ സ്ഥിരപ്പെടുത്തുന്നതിനായി പർവതങ്ങൾ ഏര്‍പ്പെടുത്തിയതാരാണ്?
ശുദ്ധജലവും ഉപ്പുജലവും അന്യോന്യം ലയിക്കാതിരിക്കത്തക്കവണ്ണം അവയ്ക്കിടയില്‍ തടസ്സം ഏര്‍പ്പെടുത്തിയതാരാണ്?
ലോകത്ത് അല്ലാഹുവല്ലാത്ത പലതും ആരാധിക്കപ്പെടുന്നുണ്ടെങ്കിലും അവരെ ആരാധിക്കുന്നവരാരും ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് അവരാണെന്ന് വിശ്വസിക്കുന്നില്ല. അതൊക്കെ ചെയ്തിട്ടുള്ളത് സൃഷ്ടാവായ ഒരു മഹാശക്തിയാണെന്ന് അംഗീകരിക്കുന്നു. എന്നിട്ടും അവരൊക്കെ ആ മഹാശക്തിയെ വെടിഞ്ഞ് മറ്റെന്തിനെയൊക്കെയോ ആരാധിക്കുന്നു.
أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖുര്‍ആൻ:27/62)
കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും ചെയ്യുന്നതാരാണ്?
രക്ഷാമാര്‍ഗ്ഗം കാണാതെ കഷ്ടപ്പെട്ടു വലയുന്നവന്‍ മനസ്സാന്നിദ്ധ്യത്തോടും,വിശ്വാസത്തോടുംകൂടി അവന്‍റെ സങ്കടം അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നപക്ഷം, നിശ്ചയമായും വിചാരിക്കാത്തവിധം അവന് അല്ലാഹുവില്‍നിന്ന് രക്ഷ ലഭിക്കുന്നതാകുന്നു – പ്രാര്‍ത്ഥിക്കുന്നവന്‍ കേവലം പാപിയാണെങ്കില്‍ പോലും. (അമാനി തഫ്സീര്‍)
ഇത്തരം സാഹചര്യങ്ങളിൽ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിച്ചവര്‍ക്ക് ഉത്തരം ലഭിച്ചിട്ടുണ്ടെങ്കിൽ അതും നൽകിയതും അല്ലാഹുവാണ്. അല്ലാഹുവല്ലാത്ത ആരാധ്യര്‍ പ്രാര്‍ത്ഥന കേൾക്കുകയോ ഉത്തരം നൽകുകയോ ചെയ്യുന്നില്ല.
ഒരു തലമുറയുടെ ശേഷം മറ്റൊരു തലമുറയായി ഭൂമിയില്‍ മാറിമാറി വന്നുകൊണ്ടിരിക്കുന്ന സമുദായങ്ങളായിട്ടായി മനുഷ്യരെ സംവിധാനിച്ചതാരാണ്?
ലോകത്ത് അല്ലാഹുവല്ലാത്ത പലതും ആരാധിക്കപ്പെടുന്നുണ്ടെങ്കിലും അവരെ ആരാധിക്കുന്നവരാരും ഇത് ചെയ്തിട്ടുള്ളത് അവരാണെന്ന് വിശ്വസിക്കുന്നില്ല. അതൊക്കെ ചെയ്തിട്ടുള്ളത് സൃഷ്ടാവായ ഒരു മഹാശക്തിയാണെന്ന് അംഗീകരിക്കുന്നു. എന്നിട്ടും അവരൊക്കെ ആ മഹാശക്തിയെ വെടിഞ്ഞ് മറ്റെന്തിനെയൊക്കെയോ ആരാധിക്കുന്നു.
أَمَّن يَهْدِيكُمْ فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَٰحَ بُشْرَۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ تَعَٰلَى ٱللَّهُ عَمَّا يُشْرِكُونَ
അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു. (ഖുര്‍ആൻ:27/63)
ഒരു വഴികാട്ടിയോ മാര്‍ഗദര്‍ശിയോ ഇല്ലാതെ കരയുടെയും കടലിന്റെയും അന്ധകാരത്തിൽ ആയിരിക്കുമ്പോൾ, മനുഷ്യരെ നയിക്കുന്നത് ആരാണ്?
മഴ പെയ്യിക്കുന്നതും അതിന്റെ മുമ്പ് സന്തോഷസൂചകമായി കാറ്റുകളെ അയക്കുകയും ചെയ്യുന്നതാരാണ്?
ലോകത്ത് അല്ലാഹുവല്ലാത്ത പലതും ആരാധിക്കപ്പെടുന്നുണ്ടെങ്കിലും അവരെ ആരാധിക്കുന്നവരാരും ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് അവരാണെന്ന് വിശ്വസിക്കുന്നില്ല. അതൊക്കെ ചെയ്തിട്ടുള്ളത് സൃഷ്ടാവായ ഒരു മഹാശക്തിയാണെന്ന് അംഗീകരിക്കുന്നു. എന്നിട്ടും അവരൊക്കെ ആ മഹാശക്തിയെ വെടിഞ്ഞ് മറ്റെന്തിനെയൊക്കെയോ ആരാധിക്കുന്നു.
أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَٰنَكُمْ إِن كُنتُمْ صَٰدِقِينَ
അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ട് വരിക. (ഖുര്‍ആൻ:27/64)
മുൻ മാതൃതകയില്ലാതെ സൃഷ്ടിക്കുന്നവൻ അഥവാ സൃഷ്ടിപ്പ് ആരംഭിക്കുന്നവൻ ആരാണ്?
സൃഷ്ടിപ്പ് ആവർത്തിക്കുന്നവൻ അഥവാ മരണശേഷം എല്ലാ സൃഷ്ടികളെയും പുന:സൃഷ്ടിക്കുന്നവൻ ആരാണ്?
ആകാശത്തുനിന്ന് മഴ പെയ്യിപ്പിച്ച് ഭൂമിയെ ഉല്‍പ്പാദനയോഗ്യമാക്കി ആഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് ആരാണ്?
ലോകത്ത് അല്ലാഹുവല്ലാത്ത പലതും ആരാധിക്കപ്പെടുന്നുണ്ടെങ്കിലും അവരെ ആരാധിക്കുന്നവരാരും ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് അവരാണെന്ന് വിശ്വസിക്കുന്നില്ല. അതൊക്കെ ചെയ്തിട്ടുള്ളത് സൃഷ്ടാവായ ഒരു മഹാശക്തിയാണെന്ന് അംഗീകരിക്കുന്നു. എന്നിട്ടും അവരൊക്കെ ആ മഹാശക്തിയെ വെടിഞ്ഞ് മറ്റെന്തിനെയൊക്കെയോ ആരാധിക്കുന്നു.
പട്ടാപ്പകല്‍പ്പോലെ സുവ്യക്തവും, ശകലം ബുദ്ധിയും ചിന്തയും ഉള്ളവര്‍ക്കെല്ലാം അറിയാവുന്നതുമായ ചില നിത്യസത്യങ്ങള്‍ നിരത്തിവെച്ചുകൊണ്ട് അല്ലാഹുവിനോട് സമത്വം കല്‍പിക്കപ്പെടുവാന്‍ അര്‍ഹതയുള്ള വല്ലവരും ഉണ്ടോ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ച ശേഷം, ഉണ്ടെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജരാക്കുവാന്‍ അവിശ്വാസികളെ അല്ലാഹു വെല്ലുവിളിക്കുകയാണ്. സകല വസ്തുക്കളുടെയും സ്രഷ്ടാവും, നിയന്താവും, ആരാധ്യനുമായുള്ളവന്‍ അല്ലാഹു മാത്രമാണ്. ഇതിന്‍റെ അനിവാര്യ ഫലമത്രെ, അദൃശ്യജ്ഞാനം അവന് മാത്രമാണെന്നുള്ള വസ്തുത. ആകയാല്‍, അല്ലാഹു അല്ലാത്ത വല്ലവര്‍ക്കും അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിയുമെന്നു കരുതുന്നത് തനി വിഡ്ഢിത്തമാണെന്ന് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:
قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (ഖുര്‍ആൻ:27/65)
ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്നും സൃഷ്ടികളില്‍ ഒരാള്‍ക്കും അത് അറിയാൻ കഴിയില്ലെന്നതും വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
അദൃശ്യകാര്യങ്ങള്‍ അറിയാവതല്ലെങ്കിലും, പരലോകത്തെക്കുറിച്ച് ഉറപ്പിക്കുവാന്‍ വേണ്ടുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവിശ്വാസികള്‍ക്ക് പൂര്‍ണ്ണമായും സിദ്ധിച്ചിട്ടുണ്ട്. എന്നിട്ടും അവരതില്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്. അത്രയുമല്ല, അതില്‍ സംശയംപോലും ജനിക്കാതിരിക്കത്തക്കവണ്ണം അതിനെക്കുറിച്ച് തീരെ അന്ധരും അശ്രദ്ധരുമാണ്.
بَلِ ادَّارَكَ عِلْمُهُمْ فِي الْآخِرَةِ ۚ بَلْ هُمْ فِي شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ
അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്. അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ. (ഖുര്‍ആൻ:27/66)
ഈ ചോദ്യങ്ങള്‍ കൊണ്ട് മുശ്‌രിക്കുകളുടെ ശിര്‍ക്കിനെ മാത്രമല്ല ഖണ്ഡിക്കുന്നത്, നാസ്തികരുടെ നാസ്തികത്വത്തെയും ഖണ്ഡിക്കുന്നുണ്ട്. ഇതൊക്കെയും ഒരു സര്‍വജ്ഞന്റെ സുഭദ്രവും യുക്തിപൂര്‍ണവും സമര്‍ഥവുമായ ആസൂത്രണത്തിന്റെ അഭാവത്തില്‍ ആകസ്മികമായി സ്വയം സംഭവിക്കുക സാധ്യമാണോ? ഈ അനുക്രമ സംഭവങ്ങള്‍ അനേകം വര്‍ഷങ്ങള്‍ ഒരു വ്യതിയാനവുമില്ലാതെ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുക സാധ്യമാണോ? സാമാന്യബുദ്ധിയും സത്യസന്ധതയുമുള്ള ആര്‍ക്കെങ്കിലും ഇത്തരം മിഥ്യാവാദങ്ങളുന്നയിക്കാനോ വിശ്വസിക്കാനോ കഴിയുമോ?
kanzululoom.com