അൽ ഫാത്തിഹയും ബിദ്അത്തും

വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ സൂറത്താണ് സൂറത്തുൽ ഫാതിഹ. നമസ്കാരത്തിലും അല്ലാതെയും സൂറത്തുൽ ഫാതിഹ പാരായണം ചെയ്യൽ സുന്നത്താക്കിയിട്ടുണ്ട്. എന്നാൽ നമ്മുടെ നാടുകളിൽ സുന്നത്താണെന്ന് കരുതി മതം പ്രത്യേകം പഠിപ്പിക്കാത്ത സന്ദർഭങ്ങളിൽ സൂറത്തുൽ ഫാതിഹ പാരായണം ചെയ്തു ബിദ്അത്ത് നടപ്പിലാക്കുന്നു.

(ഒന്ന്) വിവാഹക്കരാറിന്റെ സമയത്ത്

നമ്മുടെ നാടുകളിൽ വിവാഹക്കരാറിന്റെ അവസരത്തിൽ അൽ ഫാത്തിഹ എന്ന് ഉറക്കെ പറയുകയും എല്ലാവരും കൂടി സൂറത്തുൽ ഫാതിഹ പാരായണം ചെയ്യുകയും ചെയ്യുന്നു. ഇത് ബിദ്അത്താണ് അഥവാ മതത്തിലെ പുത്തനാചാരമാണ്.

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുക എന്നുള്ളത് പല മുസ്‌ലിംകളുടെയും ഒരു പതിവാണ്. അത് ബറകത്തിന് വേണ്ടിയാണെന്ന് ചിലർ പറയുന്നു. മറ്റുചിലർ അത് സന്തോഷത്തിന് വേണ്ടിയാണെന്ന് പറയുന്നു. വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുന്നത് ആ ബന്ധം നിലനിൽക്കാനുള്ള കാരണമാണെന്ന് ചിലർ വിശ്വസിക്കുന്നു. ഇതിനൊന്നും ഒരടിസ്ഥാനവുമില്ല. ഇങ്ങനെ ഒരു കാര്യം നബിﷺയിൽ നിന്നോ സ്വഹാബിമാരിൽ നിന്നോ താബിഉകളിൽ നിന്നോ പിൻപറ്റപ്പെടുന്ന ഇമാമുമാരിൽ നിന്നോ വന്നിട്ടില്ല. എന്തിനേറെ, പിൽകാലക്കാരായ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ പോലും ഞാൻ ഇത് കണ്ടിട്ടില്ല. ഇത് ജനങ്ങൾ പുതുതായി ഉണ്ടാക്കിയതാണ്. നന്മകളിൽ ഏറ്റവും താൽപര്യം കാണിക്കുന്നവൻ നബി ﷺ യാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുന്നത് നന്മയായിരുന്നെങ്കിൽ നബി ﷺ അദ്ദേഹത്തിന്റെ വിവാഹസമയത്തോ, അല്ലെങ്കിൽ മക്കളെ വിവാഹം ചെയ്ത് കൊടുക്കുന്ന സമയത്തോ ഫാത്തിഹ ഓതുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. സ്വഹാബിമാരും അങ്ങനെയൊന്നും ചെയ്തിട്ടില്ല. നബി ﷺ യെക്കാളോ സ്വഹാബിമാരെക്കാളോ സച്ചരിതരായ മുൻഗാമികളെക്കാളോ, ഫാത്തിഹയുടെ ബറകത്തുകളെ കുറിച്ചും നന്മകളെ കുറിച്ചും അറിയുന്നവരല്ല നമ്മളാരും. വിവാഹനിശ്ചയ സമയത്തോ,വിവാഹം നടക്കുന്ന സമയത്തോ ഒക്കെ ഫാത്തിഹ ഓതൽ ബിദ്അത്താണെന്ന് സൗദിഅറേബ്യയിലെ പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ‘വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുന്നത് പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ’ എന്ന് ഇബ്നു ഉഥൈമീൻ رحمه الله യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “അത് പഠിപ്പിക്കപ്പെട്ട കാര്യമല്ല. മറിച്ച്, ബിദ്അത്താണ്. സൂറത്തുൽ ഫാത്തിഹയാണെങ്കിലും നിശ്ചയിക്കപ്പെട്ട മറ്റേതെങ്കിലും സൂറത്തുകളാണെങ്കിലും, പഠിപ്പിക്കപ്പെട്ട സമയങ്ങളിൽ മാത്രമാണ് അവ പ്രത്യേകമായി പാരായണം ചെയ്യേണ്ടത്. മതം പഠിപ്പിക്കാത്ത സമയങ്ങളിൽ അവ പ്രത്യേകമായി പാരായണം ചെയ്താൽ അത് ബിദ്അത്തായിട്ടാണ് കണക്കാക്കുക.” അദ്ദേഹം തുടരുന്നു: “എല്ലാ ചടങ്ങുകളിലും ഫാത്തിഹ ഓതുന്ന ധാരാളം ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്.
എത്രത്തോളമെന്ന് വെച്ചാൽ, “മയ്യിത്തിന് മേൽ നിങ്ങൾ ഫാത്തിഹ ഓതുക” എന്ന് പറയുന്ന ആളുകൾ വരെയുണ്ട് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഇതൊക്കെ പുതുതായി ഉണ്ടാക്കിയ കാര്യങ്ങളാണ്. ഫാത്തിഹയാകട്ടെ, അല്ലാത്ത സൂറത്തുകളാവട്ടെ, അവയൊക്കെ ഏതെങ്കിലും പ്രത്യേക സമയത്തോ സ്ഥലത്തോ വെച്ച് പ്രത്യേകമായി പാരായണം ചെയ്യണമെങ്കിൽ ഖുർആനിന്റെയോ സുന്നത്തിന്റെയോ പിൻബലമുണ്ടാകണം. അതില്ലെങ്കിൽ, ആ പാരായണം ബിദ്അത്തായിത്തീരും. ആരാണോ അത് ചെയ്യുന്നത്, അവൻ എതിർക്കപ്പെടുകയും വേണം. (https://youtu.be/_dP1ZAA5Gb8)

(രണ്ട്) ഖബ്ർ സന്ദർശിക്കുമ്പോൾ

ഇസ്ലാമില്‍ ഖബ്ർ സിയാറത്ത്‌ സുന്നത്താണ്. ഖബ്റിലുള്ള സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതും സുന്നത്താണ്. എന്നാൽ നമ്മുടെ നാടുകളിൽ ഖബ്ർ സന്ദർശിക്കുമ്പോൾ ഫാത്തിഹ ഓതുന്നത് കാണാം. അതും ബിദ്അത്താണ്.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: ക്വബ്റുകൾ സന്ദർശിക്കുമ്പോൾ നബിﷺ ഫാത്തിഹ ഓതിയിരുന്നതായി തെളിവൊന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ, നബിﷺ പഠിപ്പിച്ചതിന് എതിരാണ് ക്വബ്ർ സന്ദർശനവേളയിൽ ഫാത്തിഹ ഓതൽ.

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: നബി ﷺ ക്വബ്റുകൾ സന്ദർശിക്കുകയും ക്വബ്റിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ആ പ്രാർത്ഥനകൾ സ്വഹാബിമാരെ പഠിപ്പിക്കുകയും അവർ അത് നബിﷺയിൽ നിന്ന് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പെട്ട ഒരു പ്രാർത്ഥനയാണ്

السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ، وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ، أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ

ക്വബ്റിൽ കിടക്കുന്ന മുസ്‌ലിംകളും മുഅ്മിനുകളുമായവരേ, നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യം നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (മുസ്‌ലിം: 975)

നബിﷺ ഇങ്ങനെ ഒരുപാട് ക്വബ്റുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ക്വുർആനിലെ ഏതെങ്കിലും സൂറത്തോ അല്ലെങ്കിൽ ആയത്തുകളോ ക്വബ്റിൽ ഉള്ളവർക്ക് വേണ്ടി ഓതിയതായി സ്ഥിരപ്പെട്ടിട്ടില്ല. നബിﷺയെ പറ്റി അല്ലാഹു വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “തീര്‍ച്ചയായും, നിങ്ങള്‍ക്ക്‌ നിങ്ങളില്‍ നിന്ന്‌ തന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്‌. നിങ്ങള്‍ കഷ്‌ടപ്പെടുന്നത്‌ അദ്ദേഹത്തിന്‌ ദുസ്സഹമാകുന്നു; നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനാകുന്നു. സത്യവിശ്വാസികളോട്‌ വളരെ ദയാലുവും, കരുണയുള്ളവനുമാകുന്നു.” (ഖുർആൻ – 9:128)

അതുകൊണ്ട് തന്നെ, ക്വബ്റുകൾ സന്ദർശിക്കുമ്പോൾ ഫാത്തിഹ ഓതൽ മതത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ, സൽക്കർമത്തിനുള്ള കൂലി ആഗ്രഹിച്ച് കൊണ്ടും ഈ ഉമ്മത്തിനോടുള്ള കാരുണ്യം കൊണ്ടും ദീൻ എത്തിച്ച് കൊടുക്കുക എന്ന നിർബന്ധബാധ്യതയുടെ ഭാഗമായും നബിﷺ അത് ചെയ്യുകയും സ്വഹാബിമാർക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു.

ക്വബ്റുകൾ സന്ദർശിച്ചിട്ടും ക്വബ്റിലുള്ളവർക്ക് വേണ്ടി നബിﷺ ഏതെങ്കിലും സൂറത്തോ ആയത്തുകളോ ഓതിയിട്ടില്ലെങ്കിൽ, മതത്തിന്റെ ഭാഗമായി അങ്ങനെയൊരു കാര്യമില്ല എന്നാണ് അത് അറിയിക്കുന്നത്. ഇത് സ്വഹാബിമാർ മനസ്സിലാക്കുകയും, അവർ നബിﷺയുടെ പാത പിൻപറ്റുകയും ചെയ്തു. ക്വബ്ർ സന്ദർശനവേളകളെ പാഠമുൾക്കൊള്ളാനുള്ള സന്ദർഭങ്ങളായും ക്വബ്റിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള അവസരമായിട്ടുമാണ് അവർ നോക്കിക്കണ്ടത്. ക്വബ്റിലുള്ളവർക്ക് വേണ്ടി അവരാരും ക്വുർആൻ ഓതിയതായി സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ, ക്വബ്റിലുള്ളവർക്ക് വേണ്ടി ക്വുർആൻ ഓതുക എന്നുള്ളത് മതത്തിൽ പുതിയതായി ഉണ്ടാക്കപ്പെട്ട ബിദ്അത്താണ്. ആരെങ്കിലും നമ്മുടെ കൽപനയില്ലാത്ത പുതിയൊരു കാര്യം മതത്തിൽ ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്” എന്ന് നബിﷺ പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട് (ബുഖാരി : 2697). ചുരുക്കത്തിൽ, ക്വബ്ർ സന്ദർശനവേളയിൽ ഫാത്തിഹയോ അല്ലാത്ത സൂറത്തുകളോ ഓതാൻ പഠിപ്പിക്കപ്പെട്ടിട്ടില്ല. അത് ബിദ്അത്തിന്റെ ഗണത്തിലാണ് പെടുക. (https://bit.ly/3qOuTv1,  https://bit.ly/3fMBu2D)

(മൂന്ന്) പ്രാര്‍ത്ഥന

ദീനീവിജ്ഞാന സദസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് കൂട്ടപ്രാര്‍ത്ഥന നടത്തുകയും പ്രസ്തുത പ്രാര്‍ത്ഥനക്ക് മുമ്പ് ഫാതിഹ ഓതുകയും ചെയ്യുന്നത് ചില സ്ഥലങ്ങളിൽ കാണാറുണ്ട്.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:

إن قراءة الفاتحة بين يدي الدعاء، أو في خاتمة الدعاء من البدع؛ لأنه لم يرد عن النبي- صلى الله عليه وسلم – أنه كان يفتتح بقراءة الفاتحة، أو يختم دعاءه بالفاتحة، وكل أمر تعبدي لم يرد عن النبي- صلى الله عليه وسلم – فإن إحداثه بدعة.

പ്രാർത്ഥനയുടെ തുടക്കത്തിലോ അതിന്റെ അവസാനത്തിലോ ഫാത്തിഹ ഓതുന്നത് ബിദ്അത്തിന്റെ ഗണത്തിലാണ് പെടുക. കാരണം, ഫാത്തിഹ കൊണ്ടാണ് നബിﷺ പ്രാർത്ഥന ആരംഭിച്ചിരുന്നത് എന്നോ അവസാനിപ്പിച്ചിരുന്നത് എന്നോ അറിയിക്കുന്ന തെളിവുകളൊന്നും വന്നിട്ടില്ല. ആരാധനയായി നബിﷺയിൽ നിന്ന് ഉദ്ധരിക്കപ്പെടാത്ത ഒരു കാര്യം, പുതുതായി ഉണ്ടാക്കൽ ബിദ്അത്താണ്.

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *