ഇമാം നവവിയുടെ നാല്പത് ഹദീസുകൾ

ഗ്രന്ഥകാരനെ കുറിച്ച്

ഹിജ്റ വർഷം 631 ൽ ജനിച്ച് 676 ൽ ഈ ലോകത്തോട് വിടപറഞ്ഞ മഹാനായ പണ്ഡിതനാണ് ഇമാം നവവി رحمه الله. അബൂസക്കരിയ യഹ്‌യ ബ്നു ഷറഫ് ബ്നു മിഖ്’രിബ്നു ഹസൻ അന്നവവി എന്നാകുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 45 വർഷങ്ങൾ മാത്രം ജീവിച്ച അദ്ദേഹം ധാരാളം വിജ്ഞാനങ്ങളുടെ നിധികൾ ഈ ലോകത്ത് ബാക്കിയാക്കി. റിയാദുസ്സ്വാലിഹീന്‍, ശറഹു മുസ്‌ലിം, മിന്‍ഹാജ്, അദ്കാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥങ്ങളാണ്. അല്‍മജ്മൂഅ് എന്ന് പേരിട്ട ശറഹുല്‍ മുഹദ്ദബ് പൂർത്തിയാക്കുന്നതിനുമുമ്പ് അദ്ദേഹം മരണപ്പെട്ടു. അത് പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അതൊരു തുല്യതയില്ലാത്ത കൃതിയാകുമായിരുന്നുവെന്ന് പണ്ഢിതൻമാർ രേഖപ്പെടുത്തിയതായി കാണാം.

ഗ്രന്ഥത്തെ കുറിച്ച്

ഇമാം നവവി رحمه الله യുടെ ഗ്രന്ഥങ്ങളിൽ ഏറെ പ്രസിദ്ധമാണ് الأَرْبَعُينَ النَّوَوِيَّة (അൽ അർബഊന നവവിയ്യ). നബി ﷺ യുടെ നാൽപത്തി രണ്ട് ഹദീസുകൾ ഇതിൽ ഗ്രന്ഥകാരൻ സമാഹരിച്ചിരിക്കുന്നു. പണ്ട് കാലത്ത് അറബികൾ നാൽപ്പതിൽ അല്പം കുറവാണെങ്കിലും അല്പം കൂടുതലാണെങ്കിലും  നാൽപത് എന്നാണ് പറയാറുണ്ടായിരുന്നത്. അതിനാൽ തന്നെ ഈ ഗ്രന്ഥം ‘ഇമാം നവവിയുടെ നാൽപ്പത് ഹദീസുകൾ’ എന്നറിയപ്പെടുന്നു.

ഇമാം നവവി رحمه الله തന്റെ ഗുരുവര്യനായ അബൂ അമ്റ് തകിയുദ്ദീൻ ഇബ്നു സ്വലാഹിൽ നിന്ന് 26 ഹദീസുകൾ തെരഞ്ഞെടുക്കുകയും, അതിന്റെ കൂടെ 16 ഹദീസുകൾ കൂടി ചേർത്ത്  42 ഹദീസുകൾ അടങ്ങുന്ന ഒരു പ്രസിദ്ധ രചനയാണ് الأربعون النووية.  പ്രസ്തുത ഗ്രന്ഥത്തിൽ വിശ്വാസം, കർമ്മം, സ്വഭാവം, വിധിവിലക്കുകൾ, മര്യാദകൾ എന്നിവ പ്രമേയമാകുന്ന ഹദീസുകളാണ് ഉൾക്കൊള്ളുന്നത്. അദ്ദേഹം തന്നെ പറയുന്നത് കാണുക:

ثم من العلماء من جمع الأربعين في أصول الدين، وبعضهم في الفروع، وبعضهم في الجهاد، وبعضهم في الزهد، وبعضهم في الآداب، وبعضهم في الخطب، وكلها مقاصة صالحة رضي الله تعالى عن قاصديها. قد رأيت جمع أربعين أهم من هذا كله، وهي أربعون حديثاً مشتملة على جميع ذلك، وكل حديث منها قاعدة عظيمة من قواعد الدين قد وصفه العلماء بأن مدار الإسلام عليه، أو هو نصف الإسلام أو ثلثه أو نحو ذلك.

പിന്നെ, ചില പണ്ഡിതന്മാർ മതത്തിന്റെ അടിത്തറയെക്കുറിച്ച് (ഉസുൽ അദ്-ദീൻ) നാൽപത് ഹദീസുകൾ ശേഖരിച്ചു. ചിലത് മതത്തിന്റെ ശാഖകളിൽ , ചിലത് ജിഹാദിൽ, ചിലത് ഐഹിക വിരക്തിയിൽ, ചിലത് ആദാബുകളിൽ, ചിലത് പ്രഭാഷണങ്ങളിൽ. ഇതെല്ലാം നല്ല ലക്ഷ്യങ്ങളാണ്, ഈ ലക്ഷ്യങ്ങൾ പിന്തുടർന്നവരെ അല്ലാഹു തൃപ്തിപ്പെടട്ടെ. എന്നിരുന്നാലും, മേൽപ്പറഞ്ഞ വിഷയങ്ങളിലെ ഹദീസുകളേക്കാൾ പ്രധാനപ്പെട്ട നാൽപത് ഹദീസുകൾ ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി, അതാകട്ടെ അവയെല്ലാം ഉൾക്കൊള്ളുന്നതാകുന്നുു. ഈ ഓരോ ഹദീസുകളും മതത്തിന്റെ മഹത്തായ അടിത്തറകളിലൊന്നിനെ പ്രതിനിധീകരിക്കുകയും പണ്ഡിതന്മാർ ഇസ്ലാമിന്റെ കാതലെന്ന് മൊത്തത്തിൽ വിളിച്ചതോ അതിൽ പകുതിയോ മൂന്നിലൊന്നോ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ്. (അൽ അർബഊനിന്റെ ആമുഖത്തിൽ നിന്ന്)

ഇമാം നവവി(റ) തന്നെ തന്റെ ഗ്രന്ഥത്തിന് ഒരു ശറഹ് രചിച്ചിട്ടുണ്ട്. പിന്നീട് ഇമാം  ഇബ്നു റജബ് അൽ ഹൻബലി(റഹി) ഇമാം നവവി (റഹി)യുടെ 42 ഹദീസുകൾക്ക് പുറമെ 8 ഹദീസുകളും കൂടെ ചേർത്ത് 50 ഹദീസുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് جامع العلوم والحكم لابن رجب  (ജാമിഉൽ ഉലൂമി വൽ ഹികം) എന്ന ഗ്രന്ഥം ശറഹ് ആയി രചിച്ചിട്ടുണ്ട്.

പണ്ഡിതൻമാർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന ശ്രദ്ധേയമായ രചന തന്നെയാണ് ഈ ഗ്രന്ഥം. അറിവിന്റെ ആഴങ്ങളിൽ ആണ്ടിറങ്ങിയവർക്കേ ‘അൽ അർബഊന നവവി’ യുടെ മഹത്വം മനസ്സിലാവൂ എന്ന് പണ്ഡിതൻമാർ പ്രത്യേകം രേഖപ്പെടുത്തിയത് കാണാം. ഇമാം നവവി رحمه الله യുടെ കാലഘട്ടം മുതൽ ഇന്നേവരെയുള്ള അഹ്‌ലുസുന്നത്തി വൽജമാഅത്തിന്റെ പണ്ഡിതന്‍മാര്‍ തങ്ങളുടെ വിദ്യാർത്ഥികൾക്കും ഇസ്‌ലാമിക സമൂഹത്തിന് മൊത്തത്തിലും ഈ കൃതി വിശദീകരിച്ചു നൽകിയിട്ടുണ്ട്. പ്രസ്തുത ഹദീസുകളുടെ ചുരുങ്ങിയ വിവരണമാണ് ഇവിടെ നൽകുന്നത്.

(ഒന്ന്)

عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ

വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ്(റ)വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. വല്ലവനും അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും പാലായനം ചെയ്യുന്നുവെങ്കിൽ അവൻറെ പാലായനം അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ആയിരിക്കും. പ്രത്യുത, വല്ലവന്റേയും പാലായനം ഐഹിക നേട്ടങ്ങൾക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ വേണ്ടിയോ ആണെങ്കിൽ അയാൾക്ക് അത് മാത്രമായിരിക്കും ലഭിക്കുക. (ബുഖാരി: 1 – മുസ്‌ലിം: 1907)

ഹദീസ് നിവേദകനെ കുറിച്ച്

അമീറുൽ മുഅ്മിനീൻ എന്നറിയപ്പെടുന്ന ഉമറുബ്നു ഖത്താബ്(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. ആദ്യമായി അമീറുൽ മുഅ്മിനീൻ എന്ന പേര് ലഭിക്കുന്നത് ഉമർ(റ) വിനാണ്. അബൂബക്കർ സിദ്ദീഖ് (റ) ഖലീഫത്തു റസൂൽ എന്നാണ് വിളിക്കപ്പെട്ടത്.

ഹദീസിൻ്റെ പ്രാധാന്യം

ഒട്ടുമിക്ക ഹദീസ് ഗ്രന്ഥങ്ങളിലും ഈ ഹദീസ് കാണാൻ സാധിക്കുന്നതാണ്. ഈ ഹദീസ് ഒന്നാമതായി വരുന്നത് ഈ ഗ്രന്ഥത്തിൽ മാത്രമല്ല, ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹിൽ ഈ ഹദീസ് കൊണ്ടാണാരംഭം കുറിക്കുന്നത്. രചനകൾ നടത്തുന്നവർക്ക് അവരുടെ ഗ്രന്ഥങ്ങൾ ആരംഭിക്കുവാൻ യോഗ്യവും അർഹവുമായ ഹദീസാണ് ഇത് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതായി കാണാം. ഇസ്‌ലാമിന്റെ അച്ചുതണ്ട് (مدار الإسلام) ഈ ഹദീസിന്മേലാണ് കറങ്ങുന്നത് എന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.

വിശദീകരണം

കർമ്മങ്ങളുടെ സ്വീകാര്യതയെ കുറിച്ചും കർമ്മങ്ങളുടെ പ്രതിഫലത്തെ കുറിച്ചും അതിനുള്ള ഉദാഹരണവുമാണ് ഈ ഹദീസിൽ പരാമർശിച്ചിട്ടുള്ളത്.

ഒന്നാമതായി, കർമ്മങ്ങളുടെ സ്വീകാര്യതയെ കുറിച്ച് പറയുന്നു. അതായത് നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരാൾ വലിയ അശുദ്ധിക്കാരനായി. പിന്നീട് അയാൾ കുളിക്കുന്നു. എന്നാൽ വലിയ അശുദ്ധി നീക്കം ചെയ്യുന്നതിനാണ് കുളിക്കുന്നതെന്ന നിയ്യത്ത് അയാൾക്കില്ലെങ്കിൽ അയാളുടെ കുളി ശരിയാകുകയില്ല. കുളി ശരിയാകാത്തതിനാൽ ശേഷമുള്ള നമസ്കാരവും സ്വീകാര്യമാകുകയില്ല. അതേപോലെ ഒരാൾ നമസ്കരിക്കുന്നതിനായി വുളൂ ചെയ്യുന്നതുപോലെ ശരീരത്തിലെ അവയവങ്ങളൊക്കെ കഴുകി. എന്നാൽ അയാൾ വുളൂ ചെയ്യുന്നതായി നിയ്യത്ത് ചെയ്തില്ലെങ്കിലോ അയാളുടെ വുളൂ ശരിയാകുകയില്ല. വുളൂ ശരിയാകാത്തതിനാൽ ശേഷമുള്ള നമസ്കാരവും സ്വീകാര്യമാകുകയില്ല. ഓരോ പ്രവൃത്തിയും അത് സ്വീകരിക്കപ്പെടുന്നതാണോ നിഷ്ഫലമായതാണോ എന്ന് തീരുമാനിക്കുന്നത് നിയ്യത്ത് പരിഗണിച്ചിട്ടാണ്.നിയ്യത്ത് ശരിയല്ലെങ്കിൽ പ്രവർത്തിക്കുന്ന കർമ്മം നിഷ്ഫലമാകും അഥവാ അത് അല്ലാഹുവിൽ സ്വീകാര്യമാകുകയില്ല.

രണ്ടാമതായി, കർമ്മങ്ങളുടെ പ്രതിഫലത്തെ കുറിച്ച് പറയുന്നു. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് പ്രതിഫലം ലഭിക്കും. ഒരാൾ വുളൂ ചെയ്യുകയാണെന്ന് നിയ്യത്ത് ചെയ്തുകൊണ്ട് വുളൂ ചെയ്തു. നമസ്കരിക്കുകയാണെന്ന് നിയ്യത്ത് ചെയ്തുകൊണ്ട് നമസ്കരിച്ചു. എന്നാൽ അയാൾ ജനങ്ങളെ കാണിക്കുന്നതിന് വേണ്ടയാണ് നമസ്കരിച്ചതെങ്കിലോ അയാൾക്ക് പ്രതിഫലം ലഭിക്കുകയില്ല. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും പ്രതിഫലവും ആഗ്രഹിച്ച് നമസ്കരിച്ചാൽ മാത്രമേ അയാൾക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ.

وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا

ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)

ഒരേ പ്രവൃത്തി ചെയ്യുന്ന എല്ലാ സത്യവിശ്വാസികൾക്കും ഒരേ പ്രതിഫലമല്ല ലഭിക്കുന്നത്. നിയ്യത്തനുസരിച്ച് പ്രതിഫലത്തിലും ഏറ്റക്കുറച്ചിലുണ്ടാകാം. ഒരാൾ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നു. അയാൾ അല്ലാഹുവിന്റെ പ്രതിഫലമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതോടൊപ്പം ഗനീമത്ത് സ്വത്തുക്കളും ഉദ്ദേശിക്കുന്നു, അതാകട്ടെ മതം അനുവദിച്ചിട്ടുള്ളതും ആകുന്നു. ഇനി മറ്റൊരാൾ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നു. അയാൾ അല്ലാഹുവിന്റെ പ്രതിഫലം മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഗനീമത്ത് സ്വത്തുക്കൾ ഉദ്ദേശിക്കുന്നതേയില്ല. രണ്ടുപേരും പ്രതിഫലത്തിൽ ഒരേ പോലെയല്ല. ആദ്യത്തെയാളിനെ അപേക്ഷിച്ച് രണ്ടാമത്തെ ആളിന് പ്രതിഫലം കൂടുതൽ ലഭിക്കും. ഇത് നിയ്യത്ത് കാരണം സംഭവിച്ചതാണ്. അതുകൊണ്ടാണ് ഇമാം അഹ്മദ് ബിൻ ഹമ്പൽ(റഹി) ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

أجره علي قدرهي يدهي

അവന്റെ പ്രതിഫലം അവന്റെ ഉദ്ദേശത്തിനനുസരിച്ചാണ്.

വലിയ കർമ്മങ്ങൾ നിയ്യത്ത് മോശമായതു കൊണ്ട് നിഷ്ഫലമാകാം അല്ലെങ്കിൽ ചെറുതാക്കി കളഞ്ഞേക്കാം. അതേപോലെ ചെറിയ കർമ്മങ്ങൾ നിയ്യത്ത് നന്നായതു കൊണ്ട് മഹത്തരമാകാം.

عَنِ ابْنِ الْمُبَارَكِ، قَالَ: رُبَّ عَمَلٍ صَغِيرٍ تُعَظِّمُهُ النِّيَّةُ، وَرُبَّ عَمَلٍ كَبِيرٍ تُصَغِّرُهُ النِّيَّةُ

ഇബ്നുൽ മുബാറക്‌(റഹി) പറഞ്ഞു : ഒരുപക്ഷേ ചെറിയ അമലുകളെ നിയ്യത്ത്‌ മഹത്തരമാക്കിയേക്കാം , വലിയ അമലുകളെ നിയ്യത്ത്‌ ചെറുതാക്കിക്കളഞ്ഞേക്കാം. (ജാമിഉൽ ഉലൂം വൽ ഹികം)

നിയ്യത്തിന്റെ പ്രാധാന്യം

കർമ്മമില്ലാത്ത ഒരു നല്ല നിയ്യത്തിന് പ്രതിഫലമുണ്ട്. എന്നാൽ നിയ്യത്തില്ലാത്ത ഒരു കർമ്മമാകട്ടെ, അത് വെറും പൊടി പടലങ്ങൾക്ക് സമാനമാണ്. അതിന് യാതൊരു പ്രതിഫലവുമുണ്ടാകില്ല.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ قَالَ ‏ : إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു നന്‍മകളെയും തിന്‍മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത്‌ വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെ ഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും ….…. (ബുഖാരി:6491)

عَنْ أَبُو كَبْشَةَ الأَنْمَارِيُّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ‏  : إِنَّمَا الدُّنْيَا لأَرْبَعَةِ نَفَرٍ عَبْدٍ رَزَقَهُ اللَّهُ مَالاً وَعِلْمًا فَهُوَ يَتَّقِي فِيهِ رَبَّهُ وَيَصِلُ فِيهِ رَحِمَهُ وَيَعْلَمُ لِلَّهِ فِيهِ حَقًّا فَهَذَا بِأَفْضَلِ الْمَنَازِلِ وَعَبْدٍ رَزَقَهُ اللَّهُ عِلْمًا وَلَمْ يَرْزُقْهُ مَالاً فَهُوَ صَادِقُ النِّيَّةِ يَقُولُ لَوْ أَنَّ لِي مَالاً لَعَمِلْتُ بِعَمَلِ فُلاَنٍ فَهُوَ بِنِيَّتِهِ فَأَجْرُهُمَا سَوَاءٌ

അബൂകബ്ഷത്തൽ അൻമാരിയ്യ് (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുൻയാവിലെ ആളുകൾ നാല് തരക്കാരാണ്. ഒരു അടിമ, അയാൾക്ക് അല്ലാഹു സമ്പത്തും വിജ്ഞാനവും നൽകി. അയാൾ തന്റെ റബ്ബിനെ സൂക്ഷിച്ച്, കുടുംബബന്ധം പാലിച്ച്, അല്ലാഹുവിനോടുള്ള ബാധ്യതകൾ മനസ്സിലാക്കി ജീവിക്കുന്നു. അയാൾ ഏറ്റവും ശ്രേഷ്ടമായ പദവിയിലാണ്. മറ്റൊരു അടിമ, അയാൾക്ക് അല്ലാഹു വിജ്ഞാനം നൽകി, സമ്പത്ത് നൽകിയില്ല. അങ്ങനെ അയാൾ നിയ്യത്തിൽ സത്യസന്ധത പാലിക്കുന്നു. അയാൾ പറയുന്നു: എനിക്ക് സമ്പത്ത് ലഭിച്ചിരുന്നുവെങ്കിൽ മറ്റെയാൾ (ചെലവഴിക്കുന്നതു) പോലെ ഞാനും ചെയ്യുമായിരുന്നു. അവന്റെ നിയ്യത്ത് കൊണ്ട് രണ്ടുപേർക്കും തുല്യ പ്രതിഫലമുണ്ട്. (തിർമിദി:2325)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു:

الْمُرِيدُ إرَادَةً جَازِمَةً مَعَ فِعْلِ الْمَقْدُورِ: هُوَ بِمَنْزِلَةِ الْعَامِلِ الْكَامِلِ

ഒരാൾ ദൃഢമായികൊണ്ട് അത് പ്രവർത്തിക്കുന്നതാണെന്ന് ഉദ്ദേശിക്കുന്നവൻ, പൂർണ്ണമായി പ്രവർത്തിക്കുന്നവനെ പോലെയാണ്. (മജ്മൂഉൽ ഫതാവാ)

അതുകൊണ്ടാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഢിതൻമാർ ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

نِيَّةُ الْمُؤْمِنِ خَيْرٌ مِنْ عَمَلِهِ

സത്യവിശ്വാസിയുടെ നിയ്യത്ത് അവന്റെ അമലിനേക്കാൾ ഉത്തമമാണ്.

قال ابو داود : ان هذا الحديث – انما الاعمال بالنيات – نصف الاسلام ؛ لان الدين اما ظاهر وهو العمل ، او باطن وهو النية .

അബൂദാവൂദ്(റഹി) പറയുന്നു:നിയ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് കർമ്മങ്ങൾ എന്നുള്ളത് ഇസ്‌ലാമിൻ്റെ പകുതിയാണ്. കാരണം, ദീനിൽ പ്രകടമായി ചെയ്യുന്നത് കർമ്മവും ആന്തരികമായത് നിയ്യത്തുമാകുന്നു.

നിയ്യത്തുമായി ബന്ധപ്പെട്ട് മൂന്ന് തത്വങ്ങൾ പണ്ഢിതൻമാർ വിശദീകരിച്ചതായി കാണാം.

(ഒന്ന്) പതിവ് പ്രവൃത്തിയിൽ (ആദത്ത്) നിന്ന് ഇബാദത്തിനെ വേർതിരിക്കുന്നത് നിയ്യത്താണ്.

ഒരാൾ പതിവായി കുളിക്കുന്നു. എന്നാൽ ഒരു ദിവസം അയാൾ ജനാബത്ത് കുളിക്കുന്നു, അതാകട്ടെ ഒരു ഇബാദത്താണ്. ഇവിടെ രണ്ട് കുളിയും ഒരേ പോലെയാണ്. എന്നാൽ പതിവ് കുളിയിൽ നിന്നും ജനാബത്ത് കുളിയെ വേർതിരിക്കുന്നത് നിയ്യത്താണ്. അതെ, ഒരു പതിവ് പ്രവൃത്തിയിൽ (ആദത്ത്) നിന്നും ഇബാദത്തിനെ വേർതിരിക്കുന്നത് നിയ്യത്താണ്.

നിയ്യത്തുണ്ടെങ്കിൽ നമ്മുടെ പതിവ് പ്രവൃത്തികളെ ഇബാദത്താക്കി മാറ്റാനും അതുവഴി ധാരാളം പ്രതിഫലം കരസ്ഥമാക്കുവാനും സാധിക്കും. ഉദാഹരണത്തിന്, ഉറക്കം ഒരു പതിവ് പ്രവൃത്തിയാണ്. എന്നാൽ രാത്രി നമസ്കാരത്തിന് ഉൻമേഷം കിട്ടുന്നതിന് വേണ്ടിയാണ് ഒരാൾ ഉറങ്ങുന്നതെങ്കിലോ ഉറക്കം ഇബാദത്തായി മാറുന്നു.

قَالَ مُعَاذٌ رضي الله عنه : أَمَّا أَنَا فَأَنَامُ وَأَقُومُ، فَأَحْتَسِبُ نَوْمَتِي كَمَا أَحْتَسِبُ قَوْمَتِ

മുആദ്(റ) പറയുന്നു : ഞാൻ രാത്രി നമസ്കാരത്തിൽ കണക്കുകൂട്ടുന്ന പ്രതിഫലം എന്റെ ഉറക്കത്തിലും കണക്കുകൂട്ടുന്നുണ്ട്‌. (ബുഖാരി:4344)

قال القرطبي رحمه الله : أي يقصد بنومه الاستعانة على قيامه ، والتنشيط عليه

ഖുർതുബി (റഹി) പറയുന്നു : അതായത്‌ (മുആദ്‌) ഉറക്കമെന്നത്‌ കൊണ്ട്‌ ഉദ്ധേശിച്ചിരുന്നത്‌ : നിന്ന് നമസ്കരിക്കാനുള്ള ഒരു സഹായവും ഉന്മേഷവും കിട്ടുക എന്നതായിരുന്നു. (അൽ-മുഫ്ഹിം)

നിയ്യത്തുണ്ടെങ്കിൽ പതിവ് പ്രവൃത്തികളെ ഇബാദത്തുകളാകുന്നതുപോലെ, നിയ്യത്ത് നന്നായില്ലെങ്കിൽ ഇബാദത്തുകൾ പതിവ് പ്രവൃത്തികളെ പോലെയാകുകയും ചെയ്യും.

قال العلامة ابن عثيمين رحمه الله : عبادات أهل الغفلة عادات وعادات أهل اليقظة عبادات

ഇബ്നു ഉതയ്മീൻ (റഹി) പറഞ്ഞു : അശ്രദ്ധയിലുള്ള ആളുകളുടെ ഇബാദത്തുകൾ പോലും ആദത്താണ് (പതിവ് പ്രവൃത്തി). ഉണർന്നിരിക്കുന്ന ആളുകളുടെ പതിവ് പ്രവൃത്തികൾ പോലും ഇബാദത്താണ്. (അൽ അർബഊന നവവിയ്യയുടെ വിശദീകരണം)

(രണ്ട്) സുന്നത്തിൽ നിന്നും ഫർളിനെ വേർതിരിക്കൽ

ഒരാൾ സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിക്കുന്നു. ശേഷം അയാൾ ഫർളായ രണ്ട് റക്അത്ത് സുബ്ഹി നമസ്കാരം നിർവ്വഹിക്കുന്നു. ഈ രണ്ട് നമസ്കാരവും ഒരേ പോലെയാണ്. എന്നാൽ ഇവിടെ സുന്നത്തിൽ നിന്നും ഫർളിനെ വേർതിരിക്കുന്നത് നിയ്യത്താണ്.

(മൂന്ന്) അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിക്കൽ

ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കണം. അപ്രകാരമുള്ള കർമ്മങ്ങൾ മാത്രമേ അല്ലാഹുവിങ്കൽ സ്വീകാര്യമാകുകയുള്ളൂ.

وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)

عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ

അബൂഉമാമ അൽബാഹിലിയ്യിൽ(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ‏

അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്കുകാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)

കർമ്മങ്ങളുടെ സ്വീകാര്യതയെ കുറിച്ചും കർമ്മങ്ങളുടെ പ്രതിഫലത്തെ കുറിച്ചും പറഞ്ഞതിന് ശേഷം അതിനുള്ള ഉദാഹരണം കൂടി എടുത്ത് കാണിച്ചിരിക്കുന്നു. വല്ലവനും അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും പാലായനം ചെയ്യുന്നുവെങ്കിൽ അവൻറെ പാലായനം അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ആയിരിക്കും. പ്രത്യുത, വല്ലവന്റേയും പാലായനം ഐഹിക നേട്ടങ്ങൾക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ വേണ്ടിയോ ആണെങ്കിൽ അയാൾക്ക് അത് മാത്രമായിരിക്കും ലഭിക്കുക. വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഈ ഉദാഹരണം.

قال الامام احمد والشافعي : يدخل في حديث : ” انما الاعمال بالنيات ” ثلث العلم ، وسبب ذلك ان كسب العبد يكون بقلبه ولسانه وجوارحه ، فالنية بالقلب احد االاقسام الثلاثة

ഇമാം ശാഫിഈ (റഹി) പറയുന്നു: “إنما الأعمال بالنيات’ എന്ന ഹദീസ് അറിവിൻ്റെ മൂന്നിലൊന്നാകുന്നു കാരണം, ഒരു ദാസൻ്റെ പരലോക ജീവിതത്തിലേക്കുള്ള നേട്ടം കൊയ്യുന്നത് അവൻ്റെ ഹൃദയം, നാവ്, കൈകാലുകൾ എന്നിവയിലൂടെയാണ് അപ്പോൾ ഹൃദയത്തിലെ ഉദ്ദേശ്യം എന്നത് ഈ മൂന്ന് വിഭാഗങ്ങളിൽ പെട്ട ഒന്നാണല്ലോ.

(രണ്ട്)

عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صلى الله عليه و سلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه و سلم . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللَّهِ صلى الله عليه و سلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا. قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ!قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ. قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك. قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ. ثُمَّ انْطَلَقَ، فَلَبِثْتُ مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنْ السَّائِلُ؟. ‫‬قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ “.

ഉമര്‍(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യോടൊപ്പം ഞങ്ങള്‍ ഒരു ദിവസം ഇരിക്കെ, തനി വെള്ള വസ്ത്രം ധരിച്ച്, കറുത്ത മുടികളുള്ള ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങളില്‍ ആര്‍ക്കും തന്നെ അദ്ദേഹത്തെ പരിചയമില്ല, മാത്രമല്ല അദ്ധേഹത്തില്‍ യാത്രയുടെ ഒരു ലക്ഷണവുമില്ല. അങ്ങിനെ തന്റെ കാല്‍മുട്ടുകള്‍ നബി ﷺ യുടെ കാല്‍മുട്ടിനോടു ചേര്‍ത്ത് കൈകള്‍ തുടയില്‍ വെച്ച് നബി ﷺ യുടെ അടുത്തിരുന്ന്‍ ചോദിച്ചു: ‘അല്ലയോ മുഹമ്മദ്, ഇസ്ലാം എന്താണെന്ന് അറിയിച്ച് തന്നാലും?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇസ്ലാം എന്നാല്‍, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ്‌ അവന്റെ റസൂല്‍(ദൂതന്‍) ആണെന്നും നീ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിര്‍ത്തലും, നിര്‍ബന്ധദാനമായ സകാത്ത് കൊടുക്കലും, റമളാന്‍ മാസത്തില്‍ വൃതമനുഷ്ടിക്കലും, കഴിയുമെങ്കില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം ചെയ്യലുമാകുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ സത്യം പറഞ്ഞു’. അദ്ദേഹം ചോദിക്കുകയും സത്യപ്പെടുത്തുകയും ചെയ്തത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അല്‍ഭുതമായി. ‘ഈമാന്‍ എന്താണെന്ന അറിയിച്ച്‌ തന്നാലും’ എന്ന് അദ്ദേഹം വീണ്ടും നബിയോട് ആവശ്യപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലുമാണ് ഈമാന്‍.’ അദ്ദേഹം പറഞ്ഞു: ‘നീ സത്യം പറഞ്ഞു’. അദ്ദേഹം പറഞ്ഞു: ‘ഇഹ്സാന്‍ എന്താണെന്ന് അറിയിച്ച്‌ തന്നാലും’. നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കുക, ഇനി നിനക്ക് അല്ലാഹുവിനെ കാണാന്‍ സാധ്യമല്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു: ‘അന്ത്യനാളിനെ കുറിച്ച് അറിയിച്ചു തരിക’. നബി ﷺ പറഞ്ഞു: ‘ചോദിക്കപ്പെട്ടവന്‍ ചോദിച്ചവനെക്കാള്‍ ഈ കാര്യത്തില്‍ അറിവുള്ളവനല്ല’. ‘എന്നാല്‍ അതിന്റെ അടയാളത്തെപറ്റി അറിയിച്ച് തന്നാലും’ എന്ന് അദ്ദേഹം പറഞ്ഞു. നബി ﷺ പറഞ്ഞു: ‘അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കലാകുന്നു, നഗ്ന പാദകരും, ആട്ടിടയന്മാരും, പാവപ്പെട്ടവരും കെട്ടിടങ്ങളില്‍ പരസ്പരം മത്സരിക്കുക എന്നിവ അതിന്റെ അടയാളത്തില്‍പെട്ടതാണ്.’ തുടര്‍ന്നദ്ദേഹം അവിടെ നിന്നും അപ്രത്യക്ഷനായി. ഞാന്‍ അല്‍പനേരം അവിടെ തന്നെ ചിലവഴിച്ചു. പിന്നെ നബി ﷺ ചോദിച്ചു, അല്ലയോ ഉമറെ, അതാരാണെന്ന് നിനക്കറിയാമോ? അല്ലാഹുവും അവന്റെ പ്രവാചകനും അറിയുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം പഠിപ്പിച്ച് തരുവാന്‍ വേണ്ടി ജിബ്‌രീല്‍(അ) ആകുന്നു ആ വന്നത്.’ (മുസ്ലിം:8)

ഹദീസ് നിവേദകനെ കുറിച്ച്

ഉമറുബ്നു ഖത്താബ്(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്.

ഹദീസിൻ്റെ പ്രാധാന്യം

വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫാത്തിഹ “ഉമ്മുൽ ഖുർആൻ’ എന്നറിയപ്പെടുന്നതുപോലെ ഈ ഹദീസ് ഉമ്മുസ്സുന്ന: എന്ന് അറിയപ്പെടുന്നു. വിശുദ്ധ ഖുർആനിന്റെ ആശയം സൂറത്തുൽ ഫാത്തിഹയിൽ അടങ്ങിയിട്ടുള്ളതിനാലാണ് അതിന് അപ്രകാരം പേര് ലഭിച്ചിട്ടുള്ളത്. ദീനുൽ ഇസ്‌ലാമിൻ്റെ എല്ലാ അടിസ്ഥാനങ്ങളും ഉൾകൊള്ളുന്നതാണ്  ഈ ഹദീസിന് ഉമ്മുസ്സുന്ന: എന്ന് പേര് ലഭിച്ചിട്ടുള്ളത്.

ഇമാം നവവി(റഹി)  പറയുന്നു: നബി ﷺ യിലൂടെ അല്ലാഹു നമുക്ക് നൽകിയ ദീനുൽ ഇസ്‌ലാമിൻ്റെ എല്ലാ അടിസ്ഥാനങ്ങളും ഉൾകൊള്ളുന്നതാണ് ഈ ഹദീസ്.

قال ابن رجب: هو حديث عظيم الشأن جدًّا، يشتمل على شرح الدين كله؛ ولهذا قال النبي صلى الله عليه وسلم: (هذا جبريل أتاكم يعلمكم دينكم)

ഇബ്നുറജബ് ഹമ്പലി(റഹി) പറയുന്നു: ഈ ഉമ്മത്തിന് തിരുദൂതരിലൂടെ അല്ലാഹു നൽകിയ ദീനുൽ ഇസ്‌ലാമിൻ്റെ എല്ലാ മേഖലകളും ഉൾകൊള്ളുന്ന ഹദീസാണിത്. കാരണം ഈ ഹദീസിൻ്റെ അവസാനത്തിൽ നബി ﷺ പറയുന്നു: “ജിബ്‌രീൽ വന്നത് നിങ്ങൾക്ക് ദീൻ പഠിപ്പിക്കുവാനാണ് ”.

إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ‎

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു. (ഖു൪ആന്‍:22/62)

ദീനുൽ ഇസ്‌ലാമിലെ എല്ലാ വിധികളും ഈ ആയത്ത് ഉൾകൊള്ളുന്നുണ്ട്. ഈ ആയത്തിനെ കുറിച്ച് ഇബ്നു മസ്ഊദ്(റ) പറയുന്നു: ‘ഖുർആനിലെ ഈ ആയത്ത് എല്ലാ ഖൈറുകളെയും ശർറുകളെയും ഉൾകൊള്ളുന്നുണ്ട്.

അപ്രകാരം ഹദീസുകളുടെ എല്ലാ ഉസൂലുകളും ഈ ഹദീസ് (ഹദീസു ജിബ്രീൽ) ഉൾകൊള്ളുന്നുണ്ട്.

വിശദീകരണം

‘ഹദീസു ജിബ്‌രീല്‍’ എന്നാണ് ഈ ഹദീസ് അറിയപ്പെടുന്നത്. ആളുകള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നതിനായി ജിബ്‌രീല്‍ മനുഷ്യ രൂപത്തില്‍ നബി ﷺ യുടെ അടുക്കല്‍ വരികയും ജിബ്‌രീൽ (അ) ചോദിക്കുകയും നബി ﷺ മറുപടി നൽകുകയും ചെയ്തതിനാലാണ് ഇപ്രകാരം പേര് ലഭിച്ചത്. ദീനുൽ ഇസ്‌ലാമിന്റെ മൂന്ന് പ്രധാന പദവികളാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്.  ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിവയാണവ. അവയുടെ റുക്നുകൾ വിവരിക്കുന്നതോടൊപ്പം അന്ത്യനാളിന്റെ അടയാളങ്ങളിൽ ചിലതും ഈ ഹദീസിൽ പ്രതിപാദിക്കുന്നു.

ഈ ഹദീസില്‍ നിന്നും ധാരാളം വിജ്ഞാനങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാത്രം സൂചിപ്പിക്കുന്നു. ഈ ഹദീസിന്റെ ആമുഖത്തില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങളുടെ ശ്രേഷ്ടത മനസ്സിലാക്കാം.

  • ദീന്‍ പഠിക്കുന്നതിനായി ഒരുമിച്ച് കൂടല്‍
  • പള്ളിയില്‍ വെച്ച് ദീന്‍ പഠിക്കല്‍
  • പണ്ഢിതന്‍മാരുടെ അടുത്ത് നിന്നും നേരിട്ട് ദീന്‍ പഠിക്കല്‍
  • ദീന്‍ പഠിക്കുന്നതിനായി പോകുമ്പോള്‍ വൃത്തിയായി, മുടി ചീകി പോകല്‍
  • ദീനീ സദസ്സില്‍ പണ്ഢിതനോട് അടുത്തിക്കല്‍
  • ദീനീ സദസ്സില്‍ ശ്രദ്ധയോടെ അടങ്ങി ഇരിക്കല്‍

നബി ﷺ യുടെ സദസ്സിലേക്ക് അപരിചിതനായ, എന്നാല്‍ യാത്രയുടെ അടയാളങ്ങളൊന്നുമില്ലാത്ത തൂവെള്ള വസ്ത്രധാരിയായ ഒരാള്‍ കടന്നു വരുന്നു. അദ്ദേഹം കടന്നുവന്നു നബി ﷺ യോട് ചേ൪ന്ന് ഇരുന്നുകൊണ്ട് പറഞ്ഞു: അല്ലയോ മുഹമ്മദ്, ഇസ്ലാം എന്താണെന്ന് അറിയിച്ച് തന്നാലും? അപ്പോള്‍ നബി ﷺ ഇപ്രകാരം മറുപടി നല്‍കി: ‘ഇസ്ലാം എന്നാല്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ്‌ അവന്റെ റസൂല്‍(ദൂതന്‍) ആണെന്നും നീ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിര്‍ത്തലും, നിര്‍ബന്ധദാനമായ സകാത്ത് കൊടുക്കലും, റമളാന്‍ മാസത്തില്‍ വൃതമനുഷ്ടിക്കലും, കഴിയുമെങ്കില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം ചെയ്യലുമാകുന്നു.’

ആഗതന്റെ ഒന്നാമത്തെ ചോദ്യം മറുപടി ഇസ്ലാം എന്താണെന്നായിരുന്നുവല്ലോ. അതിനുള്ള മറുപടിയായി ഇസ്ലാമിന്റെ അഞ്ച് റുക്നുകള്‍ നബി ﷺ പറഞ്ഞു കൊടുത്തു. മറ്റൊരു ഹദീസ് കാണുക:

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)

ഇസ്‌ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്. ശഹാദത്ത് (സത്യസാക്ഷ്യം), നമസ്‌കാരം, സകാത്ത്, വ്രതാനുഷ്ഠാനം, ഹജ്ജ് എന്നിവയാണവ.

ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേതാണ് ശഹാദത്ത് (സത്യസാക്ഷ്യം)

أشهد أن لا إله إلا الله و أشهد أن محمد رسول الله

യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് സാക്ഷ്യം വഹിക്കുന്നത്. ഈ പ്രതിജ്ഞാ വാചകത്തിനാണ് കലിമതുശ്ശാഹദഃ അഥവാ സാക്ഷ്യവാക്യം എന്നു പറയുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും ഞാന്‍ യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബി ﷺ യുടെ ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്. ശഹാദത്ത് യാഥാ൪ത്ഥ്യമാകുന്നത് തൌഹീദിലൂടെയും സുന്നത്തിലൂടെയുമാണെങ്കില്‍ ശഹാദത്ത് ബാത്വിലാക്കുന്നത് ശി൪ക്കിലൂടെയും ബിദ്അത്തിലൂടെയുമാണ്.

ശഹാദത്തിന്റെ നിബന്ധനകൾ

ഒന്ന്: വിശ്വാസം

രണ്ട്: മൊഴിയൽ

മൂന്ന്: പ്രഖ്യാപിക്കൽ

അതായത് ഒരാൾക്ക് തന്റെ ഹൃദയത്തിൽ لا اله الا الله محمد رسول الله എന്നതിൽ ഉറച്ച വിശ്വാസമുണ്ടാവുകയും തന്റെ നാവ് കൊണ്ട് അത് പരസ്യപ്പെടുത്തുകയും പ്രഖ്യാപിക്കുകയും വേണം. എന്നാൽ അത് പരസ്യപ്പെടുത്തുന്നതിന് അനുയോജ്യമല്ലാത്ത സാഹചര്യമാണ് ഒരുവനെങ്കിൽ അവൻ കുറ്റക്കാരനാവുകയില്ല. മക്കാ മുശ്രിക്കുകളുടെ മർദ്ദനങ്ങൾ സഹിക്കവയ്യാതായ സന്ദർഭത്തിൽ പല സ്വഹാബികളും തങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തെ രഹസ്യമാക്കി വെക്കുകയും പിന്നിട് മദീനയിൽ തിരുസന്നിധിയിലെത്തി പരസ്യപ്പെടുത്തിയതായി ചരിത്രത്തിൽ കാണാം.

لا إله إلا الله – ലാ ഇലാഹ ഇല്ലല്ലാഹ് – എന്നതാണ് രണ്ട് ശഹാദത്തുകളിലെ ഒന്നാമത്തേത്. لا معبود بحق إلا الله ‘ലാ മഅബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് ‘ (യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍‍ത്ഥം. ‘ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല’ എന്ന് മാത്രം പറഞ്ഞാല്‍ മതിയാകുകയില്ല. കാരണം അല്ലാഹുവിനെ കൂടാതെ ധാരാളം ആരാധ്യന്‍മാ൪ എന്നുമുണ്ട്. എന്നാല്‍ യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല.

ഒന്നാമതായി പരമോന്നതനായ അല്ലാഹു ഒഴികെയുള്ള സ൪വ്വ ഇലാഹുകളേയും (ആരാധ്യന്‍മാരെന്ന് പറയുന്നവരേയും) നിഷേധിക്കുന്നു. മലക്കുകള്‍, ജിന്നുകള്‍, പ്രവാചകന്മാ൪, ഔലിയാക്കള്‍, മറ്റ് മനുഷ്യ൪, വിഗ്രഹങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങി അല്ലാഹു അല്ലാത്ത ഒന്നും ഒരിക്കലും ആരാധനക്ക് അ൪ഹരല്ല. രണ്ടാമതായി ഏകനായ അല്ലാഹു മാത്രമാണ് യഥാ൪തഥ ഇലാഹെന്ന് (ആരാധനക്ക് അ൪ഹനെന്ന്) സ്ഥാപിക്കുന്നു. അല്ലാഹു അല്ലാത്ത യാതൊന്നിനേയും ഒരു അടിമ ആരാധ്യനായി കാണാന്‍ പാടില്ല.

ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്‌. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)

ചുരുക്കത്തില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നത് അല്ലാഹു അല്ലാത്തവ൪ക്കുള്ള ആരാധ്യതാവകാശത്തെ നിഷേധിക്കുകയും അത് അല്ലാഹുവില്‍ മാത്രം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിനെ കൂടാതെ ആരാധ്യരെ സ്വീകരിക്കുകയും ആളുകള്‍ ജല്‍പ്പിക്കുകയും ചെയ്തിട്ടുള്ള യാതൊന്നിനും ആരാധനാ൪ഹതയില്ലെന്നും അത്യുന്നതനായ അല്ലാഹുവിന് മാത്രമേ അതിന് അ൪ഹതയുള്ളൂവെന്നും അറിയിക്കുന്നു.

محمد رسول الله – മുഹമ്മദുൻ റസൂലുല്ലാഹ് – എന്നതാണ് രണ്ടാമത്തെ ശഹാദത്ത്. . മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നുള്ള പ്രഖ്യാപനമാണിത്. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും കൂടി സാക്ഷ്യം വഹിച്ചാലേ ശഹാദത്ത് പൂർണമാവുകയുള്ളൂ. നബി ﷺ യുടെ കല്‍പ്പനകള്‍ അനുസരിക്കുകയും അവിടുന്ന് വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂ൪ണ്ണമായും വിട്ടു നില്‍ക്കുകയും ചെയ്യുമെന്നും അത് ഞാന്‍ എന്റെ ജീവിതത്തില്‍ തെളിയിക്കുമെന്നുമാണ് ശഹാദത്തിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നത്.

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാസ് -حَفِظَهُ اللَّهُ- പറഞ്ഞു: ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഈ അഞ്ച് സ്തംഭങ്ങൾക്ക് മേലാണ്. അവയിൽ ഒന്നാമത്തെ കാര്യം രണ്ട് ശഹാദതുകളാണ്. ദീനിന്റെ എല്ലാ അടിസ്ഥാനങ്ങളുടെയും മൂലക്കല്ല് ഈ രണ്ട് വാക്യങ്ങളാണ്. ഇസ്‌ലാമിലെ മറ്റെല്ലാ കാര്യങ്ങളും അവയുടെ ബാക്കിപത്രം മാത്രമാണ്. ഇസ്‌ലാമിലെ ബാക്കിയെല്ലാ സ്തംഭങ്ങളും മറ്റു പ്രവർത്തനങ്ങളും പരലോകത്ത് ഉപകാരപ്പെടണമെങ്കിൽ അവയെല്ലാം ഈ രണ്ട് ശഹാദത് കലിമക്ക് മേൽ പടുത്തുയർത്തപ്പെട്ടതായിരിക്കണം. (ശർഹുൽ അർബഈൻ)

ഇസ്ലാം കാര്യങ്ങളില്‍ രണ്ടാമത്തേത് നമസ്‌കാരമാണ്. അതായത് സത്യവിശ്വാസികള്‍ക്ക് ദിവസത്തില്‍ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാണ്. ശഹാദത്തു കലിമകള്‍ ഉച്ചരിച്ച് ഒരാള്‍ മുസ്ലിമായി കഴിഞ്ഞാല്‍‌ പിന്നീട് ഏറ്റവും ഗൌരവപൂ൪വ്വം അവന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം. നബി ﷺ മുആദ് ബ്നു ജബലിനെ(റ) പ്രബോധകനായി യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:

إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ

ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി:7372)

رَأْسُ الأَمْرِ الإِسْلاَمُ وَعَمُودُهُ الصَّلاَةُ وَذِرْوَةُ سَنَامِهِ الْجِهَادُ

നബി ﷺ പറഞ്ഞു: കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇസ്ലാമാകുന്നു. അതിന്റെ സ്തംഭം നമസ്കാരവും അതിന്റെ കടിഞ്ഞാണ്‍ ധ൪മ്മ സമരവുമാകുന്നു.(തി൪മി ദി:2616)

ഇവിടെ നമസ്കരിക്കുക എന്നല്ല, നമസ്കാരം നിലനിർത്തുക എന്നാണ് പറഞ്ഞിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. നമസ്കാരം നിലനിർത്തുക എന്നതില്‍ പ്രധാനമായും മൂന്ന് വശങ്ങള്‍ അടങ്ങിയിട്ടുണ്ട്.

(ഒന്ന്) കൃത്യസമയത്ത് നമസ്കരിക്കല്‍

നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

ٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻼَﺗِﻬِﻢْ ﺩَآﺋِﻤُﻮﻥَ

തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരാണവ൪ (ഖു൪ആന്‍:70/23)

(രണ്ട്) ഇത്തിബാഅ് (സുന്നത്ത്)

നമസ്കാരത്തില്‍ കൈ ഉയ൪ത്തുന്നതും കൈ കെട്ടുന്നതും തുടങ്ങി നമസ്കാരം അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തണം.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

നബി ﷺ പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത്‌ നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)

നമസ്കാരത്തിന്റെ ظاهر ആയ വശങ്ങളില്‍ പെട്ടതാണ് അതിലെ ചലനങ്ങളും അടക്കുവുമെല്ലാം. എന്നാല്‍ അതിന്റെ باطن ആയ വശങ്ങളില്‍ പെട്ടതാണ് ഖുശൂഅ് (ഭയഭക്തി). നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ്. അല്ലാഹുവിനോടുള്ള ഭക്തിയോടെയും അവന്‍ തന്നെ നിരീക്ഷിക്കുന്നുവെന്ന ബോധത്തോടെയുമുള്ള അടക്കത്തിനാണ് ഖുശൂഅ് എന്ന് പറയുന്നത്.

قَدْ أَفْلَحَ ٱلْمُؤْمِنُونَ – ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ

തങ്ങളുടെ നമസ്കാരത്തില്‍ ഖുശൂഅ് (ഭയഭക്തി) ഉള്ളവരായ, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. (ഖു൪ആന്‍:23/1-2)

അല്ലാഹു തന്നെ സദാ വീക്ഷിക്കുന്നുവെന്ന വിചാരമാണ് ഒരാളില്‍ ഖുശൂഅ് ഉണ്ടാക്കുന്നത്. (തഫ്സീ൪ ഇബിനു കസീ൪)

വിനയത്തോടെയും സമ൪പ്പണത്തോടെയും ഹൃദയത്തെ അല്ലാഹുവിങ്കല്‍ നി൪ത്തുക എന്നാണ് ഖുശൂഇന്റെ അ൪ത്ഥം. (അല്‍മദാരിജ്)

(മൂന്ന്)പുരുഷന്‍മാര്‍ പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കല്‍

പുരുഷന്‍മാ൪ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏: مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ فَلاَ صَلاَةَ لَهُ إِلاَّ مِنْ عُذْرٍ

ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ബാങ്ക്‌ കേട്ടാൽ മതിയായ കാരണം ഇല്ലാതിരുന്നിട്ടും അതിനായി (നമസ്കാരത്തിനായി) (പള്ളിയിലേക്ക്‌) വരുന്നില്ലായെങ്കിൽ അവന്‌ നമസ്ക്കാരമില്ല, ‘ (ഇബ്‌നുമാജ : 793- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഈ നിര്‍ബന്ധദാനമാണ് സകാത്ത്.

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:51/19)

സമ്പത്തില്‍ ഇസ്‌ലാം നിശ്ചയിച്ച നിര്‍ണിത അളവ് എത്തിയവര്‍ക്കാണ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായിട്ടുള്ളത്.

ഇസ്ലാം കാര്യങ്ങളില്‍ നാലാമത്തേതാണ് റമളാനിലെ നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിന് വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്‌.(ഖു൪ആന്‍: 2 /183)

ﻓَﻤَﻦ ﺷَﻬِﺪَ ﻣِﻨﻜُﻢُ ٱﻟﺸَّﻬْﺮَ ﻓَﻠْﻴَﺼُﻤْﻪُ ۖ

അതു കൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍(റമളാനില്‍) സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. (ഖു൪ആന്‍:2/185)

ഇസ്ലാം കാര്യങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ക്കാണ് ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുള്ളത്.

ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ ۚ

നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)

وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ

ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍:3/97)

عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ: أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഞങ്ങളോട് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: മനഷ്യരെ, അല്ലാഹു നിങ്ങളുടെ മേല്‍ ഹജ്ജ് ക൪മ്മം നി൪ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യണം. (മുസ്ലിം:2380)

عن عمرو بن مرة الجهني قال : جاء رسولَ الله صلى الله عليه وسلم رجلٌ من قضاعة فقال له : يا رسول الله ، أرأيت إن شهدت أن لا إله إلا الله ، وأنك رسول الله ، وصليت الصلوات الخمس ، وصمت الشهر ، وقمت رمضان ، وآتيت الزكاة ، فقال النبي صلى الله عليه وسلم :  من مات على هذا كان من الصديقين والشهداء

അംറുബ്നു മുർറതുൽജുഹനി(റ) വിൽ നിന്നും നിവേദനം അദ്ദേഹം പറയുന്നു: ഖുളാഅ ഗോത്രത്തിൽ പെട്ട ഒരു വ്യക്തി നബി (സ) യുടെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ പ്രവാചകരെ, ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്നും നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുകയും അഞ്ചു നേരം നമസ്കരിക്കുകയും സകാത് നൽകുകയും റമദാനിൽ നോമ്പെടുക്കുകയും തറാവീഹ് നമസ്കാരം നിർവഹിക്കുകയും ചെയ്താൽ ഞാൻ ആരാണ്? നബി (സ) പറഞ്ഞു: നിങ്ങൾ സിദ്ദീഖുകളിലും ശുഹദാക്കളിലും പെട്ടയാളാണ്. (ഇബ്നു ഖുസൈമ: 3/340 ഹദീസ്: 2212)

നബി ﷺ യില്‍ നിന്നും ഇസ്ലാം കാര്യങ്ങളെ കുറിച്ച് കേട്ടപ്പോള്‍ ആഗതന്‍ പറഞ്ഞു: താങ്കള്‍ സത്യം പറഞ്ഞു. അപ്പോള്‍ സ്വഹാബികള്‍ അല്‍ഭുതപ്പെട്ടു. കാരണം ചോദ്യം ചോദിച്ചയാള്‍ തന്നെയാണ് മറുപടി കേട്ടപ്പോള്‍ ഇങ്ങനെ പറയുന്നത്.

രണ്ടാമതായി, ഈമാന്‍ എന്താണെന്ന് അറിയിച്ച്‌ തന്നാലുമെന്നാണ് ആഗതന്‍‌ ആവശ്യപ്പെട്ടത്. അതിന് നബി ﷺ ഇപ്രകാരം മറുപടി നല്‍കി:ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, ഖദ്റിലും വിശ്വസിക്കലാകുന്നു.

ഈമാന്‍ എന്ന വാക്കിന് التصديق (തസ്ദീഖ / സത്യപ്പെടുത്തി) എന്നാണ് ഭാഷാ൪ത്ഥം. എന്നാല്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) യും ചില പണ്ഢിതന്‍മാരും കുറച്ചുകൂടി വിശാലമായി ഇപ്രകാരം അ൪ത്ഥം പറഞ്ഞിട്ടുണ്ട്:

هو التصديق ولأقرار والانقياد

ഈമാന്‍ എന്നാല്‍ : അത് സത്യപ്പെടുത്തലാണ്, സമ്പൂ൪ണ്ണമായി അനുസരിക്കലാണ്, അതനുസരിച്ചുള്ള പ്രവ൪ത്തനമാണ്.

ഈമാന്‍ എന്നാല്‍ ശറഇയ്യായി ഇപ്രകാരം പറയാം:

هو قول باللسان واعتقاد بالقلب وعمل بالجوارح يزيد بالطاعة وينقص بالمعصية

അത് നാവുകൊണ്ടുള്ള മൊഴിയലും ഹൃദയംകൊണ്ടുള്ള വിശ്വാസവും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ദ്ധിക്കുകയും ധിക്കാരം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.

ഈമാനിന്റെ റുക്നുകള്‍ ആറാകുന്നു. അതാകുന്നു ഈ ഹദീസിൽ വിശദീകരിച്ചിട്ടുള്ളത്.  അതില്‍ ഒന്നാമതായി പറഞ്ഞിട്ടുള്ളത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഒന്നാമത്തെ പടി അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കലാണ്. രണ്ടാമത്തെ പടി അല്ലാഹുവിന്റെ റുബൂബിയത്തിലും ഉലൂഹിയത്തിലും നാമഗുണവിശേഷണങ്ങളിലും വിശ്വസിക്കലാണ്. സൃഷ്ടിക്കുകയും ആധിപത്യം വഹിക്കുകയും നിയന്ത്രിക്കുകയും ഉപജീവനം നൽകുകയുമെല്ലാം ചെയ്യുന്നത്‌ അല്ലാഹുവാണെന്നും അതിൽ അവന്‌ യാതൊരു പങ്കുകാരുമില്ലെന്നും വിശ്വസിക്കലാണ്‌ റുബൂബിയത്തിലുള്ള വിശ്വാസം. സൃഷ്ടികൾ ചെയ്യുന്ന മുഴുവൻ ആരാധനകൾക്കും അർഹൻ അല്ലാഹു മാത്രമാണെന്നും അതിൽ മറ്റാർക്കും യാതൊരു പങ്കുമില്ലെന്നും വിശ്വസിക്കലാണ്‌ ഉലൂഹിയത്തിലുള്ള വിശ്വാസം. لَا إِلَٰهَ إِلَّا الله എന്ന സാക്ഷ്യ വചനത്തിന്റെ ചുരുക്കവും ഇതു തന്നെ. അല്ലാഹുവിന്‌ പരിശുദ്ധമായ കുറെ നാമങ്ങളും അതുല്യമായ കുറെ ഗുണവിശേഷണങ്ങളുമുണ്ടെന്നും അതെല്ലാം അല്ലാഹുവിന്‌ മാത്രമുള്ളതാണെന്നും അതിനാൽ അവ അവനിൽ മാത്രം പരിമിതപ്പെടുത്തി വിശ്വസിക്കലുമാണ്‌ നാമഗുണവിശേഷണങ്ങളിലുള്ള വിശ്വാസം.

ഈമാനിന്റെ റുക്നുകളില്‍ രണ്ടാമത്തേത് മലക്കുകളിലുള്ള വിശ്വാസമാണ്.മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത സൃഷ്ടികളാണ് മലക്കുകള്‍. ഖുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവിനോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മലക്കുകളിലുള്ള വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.

مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ

ആര് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും … (ഖു൪ആന്‍:2/177)

മലക്കുകളില്‍ വിശ്വാസിക്കാത്തവര്‍ അവിശ്വാസികളാണെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:

وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْءَاخِرِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا

അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/136)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ ‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)

മലക്കുകളുടെ അസ്തിത്വം, അല്ലാഹുവിന് ആരാധന നിര്‍വഹിക്കുവാനും അവന്റെ കല്‍പനകള്‍ നിറവേറ്റുവാനും നിര്‍വ്വഹിക്കപ്പെട്ടവരാണവര്‍, അവര്‍ ആദരണീയരാണ്, എന്നിങ്ങനെയൊക്കെയുള്ള വിശ്വാസമാണ് അവരെക്കുറിച്ച് നമുക്ക് വേണ്ടത്. അവരുടെ ഇനങ്ങള്‍ വിശേഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, അല്ലാഹുവിന്റെയടുക്കല്‍ അവര്‍ക്കുള്ള സ്ഥാനവും ശ്രേഷ്ഠതയും തുടങ്ങിയവയെല്ലാം ഖുര്‍ആനിലും ഹദീസിലും വന്നപ്രകാരം വിശ്വസിക്കണം..

അല്ലാഹുവിന്റെ സൃഷ്ടികളിലും അവന്റെ കാര്യങ്ങളിലും ഏല്‍പിക്കപ്പെട്ട ദൂതന്മാരാണ് മലക്കുകള്‍. മലക്കുകള്‍ എല്ലായ്പ്പോഴും അല്ലാഹുവിനെ വാഴ്ത്തുകയും ആരാധന നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിനുള്ള ആരാധനയില്‍ ക്ഷീണമോ മടുപ്പോ തളര്‍ച്ചയോ ഇല്ലാത്തവരാകുന്നു മലക്കുകള്‍. അവ൪ അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു, ഒരിക്കലും അവനെ ധിക്കരിക്കുന്നില്ല.

يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ

അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല. (ഖു൪ആന്‍:21/20)

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.(ഖു൪ആന്‍:7/206)

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنِّي أَرَى مَا لاَ تَرَوْنَ وَأَسْمَعُ مَا لاَ تَسْمَعُونَ أَطَّتِ السَّمَاءُ وَحُقَّ لَهَا أَنْ تَئِطَّ مَا فِيهَا مَوْضِعُ أَرْبَعِ أَصَابِعَ إِلاَّ وَمَلَكٌ وَاضِعٌ جَبْهَتَهُ سَاجِدًا لِلَّهِ

അബൂദ൪റില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ കാണാത്തത് ഞാൻ കാണുകയും നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുകയും ചെയ്യുന്നു. ആകാശം ശബ്ദിക്കാറായിരിക്കുന്നു. അതിന് ശബ്ദിക്കാൻ അവകാശവുമുണ്ട്. നാല് വിരലിന് അവിടെ സ്ഥലമുണ്ടെങ്കിൽ അവിടെ മലക്ക് അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് നെറ്റിത്തടം വെക്കുകയാണ്. (തിർമിദി:2312

لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ

അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു. (ഖു൪ആന്‍:21/27)

لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.(ഖു൪ആന്‍:66/6)

മലക്കുകളുടെ എണ്ണം മനുഷ്യ൪ക്ക് തിട്ടപ്പെടുത്താന്‍ കഴിയുന്നതിനും അപ്പുറമാണ്. അല്ലാഹുവിന് മാത്രമാണ് മലക്കുകളുടെ എണ്ണം കൃത്യമായി അറിയാന്‍ കഴിയുന്നത്.

ഖു൪ആന്‍ പരാമ൪ശിച്ചിട്ടുള്ള മലക്കുകളുടെ പേരുകള്‍

1.ജിബ്‌രീല്‍ (ഖു൪ആന്‍:2/97)
2.മീകാഈല്‍, മീകാല്‍ എന്നും പേരുണ്ട് (ഖു൪ആന്‍:2/98)
3.മാലിക് (ഖു൪ആന്‍:43/77)
4.മലക്കുല്‍ മൌത്ത് (ഖു൪ആന്‍:32/11)

ഈമാനിന്റെ റുക്നുകളില്‍ മൂന്നാമത്തേത് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്. മനുഷ്യ സമുദായം അതിന്റെ ആരംഭം മുതല്‍ നേരായ മാര്‍ഗത്തിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. ഭിന്നിപ്പോ പിളര്‍പ്പോ ഉണ്ടായിരുന്നില്ല. ക്രമേണ അഭിപ്രായ ഭിന്നതകളും പിളര്‍പ്പുകളുമായി. അപ്പോള്‍ അല്ലാഹു നബിമാരെ അയച്ചതിന് പുറമേ, ഭിന്നിപ്പുള്ള വിഷയങ്ങളുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കാന്‍ വേദഗ്രന്ഥങ്ങളെയും അവതരിപ്പിച്ചു.

كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّۦنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. (ഖു൪ആന്‍:2/213)

لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ

തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. (ഖു൪ആന്‍:57/25)

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം രണ്ട് നിലക്കാണുള്ളത്. ഒന്ന്, അല്ലാഹു അവന്‍റെ പ്രവാചകന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള മുഴുവന്‍ വേദഗ്രന്ഥങ്ങളില്‍ പൊതുവിലും മൊത്തമായും വിശ്വസിക്കുക, രണ്ട്, ഓരോ സമുദായവും അവരിലേക്ക് അവതിപ്പിച്ച വേദഗ്രന്ഥത്തില്‍ വിശ്വസിക്കുകയും അത് പിന്‍പറ്റുകയും ചെയ്യുക. അത് അല്ലാഹുവിന്റെ കലാം(സംസാരം) ആണെന്നും അത് സന്‍മാ൪ഗവും പ്രകാശവുമാണെന്നും അത് ഉള്‍ക്കൊള്ളുന്നത് യാഥാ൪ത്ഥ്യവും നീതിയും സത്യവുമാണെന്നും വിശ്വസിക്കണം. ഖുര്‍ആന്‍ അവസാനത്തെ ഗ്രന്ഥവും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമായതുകൊണ്ട് ഈ ഉമ്മത്ത് അതില്‍ പ്രത്യേകം വിശദമായും വിശ്വസിക്കുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ

സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. (ഖു൪ആന്‍:4/136)

ﻭَﻫَٰﺬَا ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﻣُﺒَﺎﺭَﻙٌ ﻓَﭑﺗَّﺒِﻌُﻮﻩُ ﻭَٱﺗَّﻘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:6/155)
മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖു൪ആനില്‍ വേദക്കാര്‍ വിശ്വസിച്ചിരുന്നില്ല.

وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ

അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (ഖു൪ആന്‍:2/91)

റസൂല്‍‌ ﷺ യുടെയും സത്യവിശ്വാസികളുടെയും നിലപാടോ മുഴുവന്‍ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയെന്നതാണ്.

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. (ഖു൪ആന്‍:2/285)

ഖുർആനിൽ വ്യക്തമായി പേര് പറയപ്പെട്ട വേദഗ്രന്ഥങ്ങൾ നാലാകുന്നു. മൂസാ നബിക്ക്(അ) അവതരിപ്പിച്ച തൗറാത്ത്(5/44) , ദാവൂദ് നബിക്ക്(അ) അവതരിപ്പിച്ച സബൂർ(17/55), ഈസാ നബിക്ക്(അ) അവതരിപ്പിച്ച ഇഞ്ചിൽ(57/27), മുഹമ്മദ് നബിക്ക്(സ്വ) അവതരിപ്പിച്ച ഖുർആൻ എന്നിവയാണവ. ഇബ്റാഹിം നബിക്കും(അ) മൂസാ നബിക്കും(അ) ഏടുകള്‍ നല്‍കിയിട്ടുള്ളതായും പറയുന്നു.(87/19)

ഈമാനിന്റെ റുക്നുകളില്‍ നാലാമത്തേത് പ്രവാചകന്മാരിലുള്ള വിശ്വാസമാണ്. മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാന്‍ മനുഷ്യരില്‍ നിന്നുതന്നെ അല്ലാഹു തെരഞ്ഞെടുക്കുന്ന ദൂതാന്‍മാരാണ് പ്രവാചകന്‍മാര്‍.

كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّۦنَ مُبَشِّرِينَ وَمُنذِرِينَ

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. (ഖു൪ആന്‍:2/213)

എല്ലാ സമുദായങ്ങളിലേക്കും അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും, ആദം(അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ വരെയുള്ള പ്രവാചകന്മാർ ‘തൗഹീദ് ‘ എന്ന ഒരൊറ്റ ആശയത്തിലേക്കാണ് ക്ഷണിച്ചതെന്നും കാണാവുന്നതാണ്. ഓരോ പ്രവാചകന്മാരുടെ ശരീഅത്തിലും വ്യത്യാസമുണ്ടായിരുന്നുവെങ്കിലും ‘തൗഹീദ് ‘ ആയിരുന്നു ഏക അടിസ്ഥാനം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : …..  وَالأَنْبِيَاءُ إِخْوَةٌ لِعَلاَّتٍ، أُمَّهَاتُهُمْ شَتَّى، وَدِينُهُمْ وَاحِدٌ

അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ….. പ്രവാചകന്മാർ  സഹോദരന്മാരാണ്. അവരുടെ ഉമ്മമാർ വ്യത്യാസമാണെങ്കിലും ദീൻ ഒന്നാണ്. (ബുഖാരി:3443)

വിശുദ്ധ ഖു൪ആനില്‍ 25 പ്രവാചകന്‍മാരുടെ പേരുകളാണ് പരാമ൪ശിച്ചിട്ടുള്ളത്.എന്നാല്‍ അത്രയും പ്രവാചകന്‍മാ൪ മാത്രമേയുള്ളൂവെന്ന് അ൪ത്ഥമില്ല. അല്ലാഹു പറയുന്നു:

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ

നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. ……. (ഖു൪ആന്‍:40/78)

നബിമാരുടെ ആധിക്യത്തെയാണ് ഈ വചനം സൂചിപ്പിക്കുന്നത്. വിശുദ്ധ ഖു൪ആനില്‍ പേര് പറയപ്പെടാത്ത ധാരാളം പ്രവാചകന്‍മാരുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ലജ്‌നതുദ്ദാഇമയുടെ ഒരു ഫത്വയില്‍ ഇപ്രകാരം കാണാം.:

അവരുടെ (നബിമാരുടെ) എണ്ണം അല്ലാഹുവിനല്ലാതെ അറിയില്ല. അല്ലാഹു പറയുന്നു: ‘നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല’ (ഖു൪ആന്‍:40/78). അവരില്‍ അറിയപ്പെട്ടവര്‍ ഖുര്‍ആനിലും സ്വഹീഹായ ഹദീസുകളിലും പറയപ്പെട്ടവരാണ്. (ഫതാവാ ലജ്‌നതുദ്ദാഇമ 3/256).

ഖുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവിനോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.

مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦ

ആര് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും … (ഖു൪ആന്‍:2/177)

പ്രവാചകന്‍മാരില്‍ വിശ്വാസിക്കാത്തവര്‍ അവിശ്വാസികളാണെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:

وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْءَاخِرِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا

അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/136)

ആദ്യത്തെ പ്രവാചകന്‍ മുതല്‍‌ അവസാനത്തെ പ്രവാചകനില്‍ വരെ വിശ്വസിച്ചാല്‍ മാത്രമേ പ്രവാചകന്‍മാരിലുള്ള വിശ്വാസം ശരിയാകുകയുള്ളൂ. ജൂത-ക്രൈസ്തവര്‍ ചില നബിമാരെ അംഗീകരിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തവരാണ്. ക്രൈസ്തവര്‍ മുഹമ്മദ് നബി ﷺ യെ പ്രവാചകനായി അംഗീകരിക്കുന്നില്ല. ജൂതന്‍മാരാകട്ടെ ഈസാ നബിയെയും(അ) മുഹമ്മദ് നബി ﷺ യെയും പ്രവാചകന്‍മാരായി അംഗീകരിക്കുന്നില്ല. അവിശ്വാസികളുടെ ചില നിലപാട് വിശുദ്ധ ഖു൪ആന്‍ എടുത്ത് പറയുന്നുണ്ട്.

وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ

അവ൪ പറയും: ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു . (ഖു൪ആന്‍:4/150)
എന്നാല്‍ സത്യവിശ്വാസികള്‍ എല്ലാ പ്രവാചകന്‍മാരിലും വിശ്വിക്കുന്നു.

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) (ഖു൪ആന്‍:2/285)

وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍ مِّنْهُمْ أُو۟لَٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:4/152)

പ്രവാചകന്മാര്‍ എല്ലാവരും ഒരേ പദവിയിലല്ലയെന്നതും ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒന്നാണ്. ഖുര്‍ആന്‍ തന്നെ ആ കാര്യം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّۦنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا

തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:17/55)

ഈമാനിന്റെ റുക്നുകളില്‍ അഞ്ചാമത്തേത് അന്ത്യനാളിലുള്ള വിശ്വാസമാണ്. അതായത്, ഐഹിക ജീവിതത്തിന് ശേഷം രണ്ടാമതൊരു ജീവിതം കൂടിയുണ്ട്. ഈ ജീവിതത്തില്‍ ചെയ്ത സകല കര്‍മങ്ങളെക്കുറിച്ചും അവിടെ വെച്ച് ചോദ്യം ചെയ്യപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. സല്‍കര്‍മികള്‍ക്ക് രക്ഷയും ദുഷ്‌കര്‍മികള്‍ക്ക് ശിക്ഷയുമായിരിക്കും ഫലം തുടങ്ങിയ വിശ്വാസം. അന്ത്യദിനത്തിൻ്റെ അടയാളങ്ങൾ,  മരണത്തിന് ശേഷമുള്ള അവസ്ഥകൾ, അന്ത്യനാൾ, ഖബ്റിൽ നിന്നും ഉയർത്തെഴുന്നേൽപ്പ്, മഹ്ശറയിൽ ഒരുമിച്ചുകൂട്ടൽ, വിചാരണ, ‘ഹൗളുൽ കൗസർ’, ‘സ്വിറാത്വ് ‘, ശഫാഅത്ത്, നരകം, സ്വർഗം തുടങ്ങി എല്ലാ കാര്യങ്ങളും ഈ വിശ്വാസത്തിൽ ഉൾകൊള്ളുന്നു.

മുത്തക്വികളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ലക്ഷണമായി വിശുദ്ധ ഖു൪ആന്‍ പറഞ്ഞത്, അവ൪ പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരാണെന്നാണ്.

وَبِٱلْءَاخِرَةِ هُمْ يُوقِنُونَ

പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). (ഖു൪ആന്‍:2/4)

ഈമാനിന്റെ റുക്നുകളില്‍ ആറാമത്തേത് ഖദ്റിലുള്ള (വിധിനിര്‍ണ്ണയത്തിലുള്ള) വിശ്വാസമാണ്. “നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലാണ്” എന്നാണ് ഹദീസിലുള്ളത്. ഈമാന്‍ കാര്യങ്ങളില്‍ അഞ്ചെണ്ണം എണ്ണി അതില്‍ വിശ്വസിക്കുകയെന്ന് പറഞ്ഞശേഷം ആറാമത് ഖദ്റിലും നീ വിശ്വസിക്കുകയെന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് ഖദ്റിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

قدر – ഖദ്ര്‍ – എന്ന വാക്കിന് ‘നിര്‍ണ്ണയം, തോത്, കണക്ക്, വ്യവസ്ഥ, നിശ്ചയം’ എന്നൊക്കെ അ൪ത്ഥം വരാം.

إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു. (ഖു൪ആന്‍:54/49)

وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ

ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു. (ഖു൪ആന്‍:13/8)

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/2)

هو علمه الأشياء قبل كونها وكتابته لها قبل برئها

കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പ് അതിനെ കുറിച്ച് അവൻ – അല്ലാഹു – അറിയലും, അവയെ സൃഷ്ടിച്ചുണ്ടാക്കുന്നതിനു മുമ്പ് അവയെ അവൻ രേഖപ്പെടുത്തലുമാകുന്നു അത് (ഖദ്ര്‍). (തഫ്സീര്‍ ഇബ്നു കസീ൪)

നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നതെന്നും അതിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്നും വിശ്വസിക്കുക എന്നതണ് ഖദറിലുള്ള വിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

അബ്ദില്ലാഹിബ്നു ഉമർ(റ) പറഞ്ഞു:ഉഹ്ദ് മലയോളം സ്വർണം ഒരാൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ചാലും അല്ലാഹുവിൻ്റെ ഖദ്റിൽ വിശ്വസിക്കാത്ത കാലത്തോളം അത് സ്വീകാര്യമാവുകയില്ല.

ഖദ്റിലുള്ള വിശ്വാസത്തിന്റെ നാല് മ൪തബകള്‍
ഒന്ന് : അല്ലാഹുവിന്റെ അറിവ്

അല്ലാഹു എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നു. ചെറുപ്പ-വലിപ്പമോ, സ്ഥല-കാലമോ വ്യത്യാസമില്ലാതെ സകലകാര്യങ്ങളും, സകലവസ്തുക്കളും അവൻ വേ൪തിരിച്ച് അറിയുന്നു. കഴിഞ്ഞുപോയതും സംഭവിച്ചുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും അവയെങ്ങനെയാണെന്നും അവൻ അറിയുന്നു. അവന്റെ അറിവിൽ പെടാത്തതോ, അറിവിൽനിന്ന് അൽപ്പമെങ്കിലും മാറിയുള്ളതോ ഒന്നും തന്നെയില്ല. അവന് അജ്ഞതക്ക് ശേഷം പുതുതായി ജ്ഞാനമോ അറിവിനെ തുടര്‍ന്ന് മറവിയോ ഉണ്ടാവുകയില്ല. അവന്റെ ഇതരഗുണങ്ങളെപ്പോലെ അവന്റെ അറിവും അനാദിയും അനന്തവുമാകുന്നു അഥവാ തുടക്കമില്ലാത്തതും ഒടുക്കമില്ലാത്തതുമാകുന്നു.

ﻭَﻋِﻨﺪَﻩُۥ ﻣَﻔَﺎﺗِﺢُ ٱﻟْﻐَﻴْﺐِ ﻻَ ﻳَﻌْﻠَﻤُﻬَﺎٓ ﺇِﻻَّ ﻫُﻮَ ۚ ﻭَﻳَﻌْﻠَﻢُ ﻣَﺎ ﻓِﻰ ٱﻟْﺒَﺮِّ ﻭَٱﻟْﺒَﺤْﺮِ ۚ ﻭَﻣَﺎ ﺗَﺴْﻘُﻂُ ﻣِﻦ ﻭَﺭَﻗَﺔٍ ﺇِﻻَّ ﻳَﻌْﻠَﻤُﻬَﺎ

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. (ഖു൪ആന്‍: 6/59)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍: 2/231)

ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ

ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. (ഖു൪ആന്‍ :40/7)

ﻭَﻣَﺎ ﻳَﻌْﺰُﺏُ ﻋَﻦ ﺭَّﺑِّﻚَ ﻣِﻦ ﻣِّﺜْﻘَﺎﻝِ ﺫَﺭَّﺓٍ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻻَ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﻭَﻻَٓ ﺃَﺻْﻐَﺮَ ﻣِﻦ ﺫَٰﻟِﻚَ ﻭَﻻَٓ ﺃَﻛْﺒَﺮَ ﺇِﻻَّ ﻓِﻰ ﻛِﺘَٰﺐٍ ﻣُّﺒِﻴﻦٍ

ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്‍റെ രക്ഷിതാവി (ന്‍റെ ശ്രദ്ധയി) ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല. (ഖു൪ആന്‍: 10/61)

രണ്ട് : എല്ലാം അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്

അന്ത്യദിനംവരെ സംഭവിക്കുന്ന എല്ലാകാര്യങ്ങളും അല്ലാഹു തന്റെ ലൌഹുല്‍ മഹ്ഫൂളില്‍ (സുരക്ഷിത ഫലകത്തില്‍) മുന്‍കൂട്ടിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍: 22/70)

قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ

നബി ﷺ പറഞ്ഞു:ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ (അളവും തോതും) രേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം : 2653)

إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ ‏.‏ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ

തീ൪ച്ചയായും അല്ലാഹു ആദ്യം സൃഷ്ടിച്ചിട്ടുള്ളത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു:എന്റെ രക്ഷിതാവേ, ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു: അന്ത്യനാള്‍ വരെയുള്ള എല്ലാത്തിന്റെയും വിധികള്‍ എഴുതുക. (അബൂദാവൂദ് : 4700 – സ്വഹീഹ് അല്‍ബാനി)

ﻭَﻻَ ﺣَﺒَّﺔٍ ﻓِﻰ ﻇُﻠُﻤَٰﺖِ ٱﻷَْﺭْﺽِ ﻭَﻻَ ﺭَﻃْﺐٍ ﻭَﻻَ ﻳَﺎﺑِﺲٍ ﺇِﻻَّ ﻓِﻰ ﻛِﺘَٰﺐٍ ﻣُّﺒِﻴﻦٍ

ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (ഖു൪ആന്‍: 6/59)

മൂന്ന് : അല്ലാഹുവിന്റെ മശീഅത്ത് (ഉദ്ദേശ്യം)

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. (ഖു൪ആന്‍: 28/68)

ആകാശ ഭൂമികളിലെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് മാത്രമാണ് സംഭവിക്കുന്നത്. അവന്റെ ഉദ്ദേശ്യത്തിനനുസരിച്ചല്ലാതെ ഒന്നും സംഭവിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുന്നതുമാത് മാത്രം ഇവിടെ നടക്കുന്നു. ഉദാഹരണത്തിന്, ഒരാള്‍ ആത്മഹത്യം ചെയ്യുന്നു. അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു. ഇവിടെ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ, മരിക്കാനോ കൊല്ലാനോ കഴിയുകയുള്ളൂ. അല്ലാഹു പറഞ്ഞത് കാണുക:

وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا ۗ

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്‌. (ഖു൪ആന്‍: 3/145)

നബി ﷺ ഒരിക്കൽ ഇബ്നു അബ്ബാസ്(റ) വിനോട് പറഞ്ഞു :

وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ

നീ അറിയണം. ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപകാരം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയതല്ലാതെ നിനക്ക് ഒരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ഇനി ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപദ്രവം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കെതിരായി അത് രേഖപ്പെടുത്തിയതല്ലാതെ നിനക്ക് എതിരായി ഒരു ഉപദ്രവവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. (തി൪മിദി: 37/2706)

إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ

തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു. (ഖു൪ആന്‍: 22/14)

فَعَّالٌ لِّمَا يُرِيدُ

താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌. (ഖു൪ആന്‍: 85/16)

രേഖയിലുള്ളത് അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചാണ് സംഭവിക്കുന്നു.

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖു൪ആന്‍: 81/29)

നാല് : അല്ലാഹുവിന്റെ സൃഷ്ടിപ്പ്

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു.

ٱللَّهُ خَٰلِقُ كُلِّ شَىْءٍ ۖ

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. (ഖു൪ആന്‍: 39/62)

وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌ അല്ലാഹുവാണ്. (ഖു൪ആന്‍: 37/96)

മൂന്നാമതായി, ഇഹ്സാന്‍ എന്താണെന്ന് അറിയിച്ച്‌ തന്നാലുമെന്നാണ് ആഗതന്‍‌ ആവശ്യപ്പെട്ടത്. അതിന് നബി ﷺ ഇപ്രകാരം മറുപടി നല്‍കി: ‘അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കുക, ഇനി നിനക്ക് അല്ലാഹുവിനെ കാണാന്‍ സാധ്യമല്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.’

ഇഹ്‌സാന്‍ എന്നാല്‍ നന്മചെയ്യുക എന്നാണ്. ആരാധനയില്‍ ഇഹ്‌സാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരാള്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധത്തോടെ പൂര്‍ണതയോടും നന്നായും ആരാധനകള്‍ ചെയ്യുകയെന്നതാണ്.

അന്ത്യനാളിനെ കുറിച്ച് അറിയിച്ചു തരുവാനാണ് തുടർന്ന് ആഗതന്‍ പറയുന്നത്. ചോദിക്കപ്പെട്ടവന്‍ ചോദിച്ചവനെക്കാള്‍ ഈ കാര്യത്തില്‍ അറിവുള്ളവനല്ലെന്ന് നബി ﷺ മറുപടി പറയുന്നു. കാരണം ഈ വിവരം ഒരു സൃഷ്ടികളെയും അറിയിച്ചിട്ടില്ല.

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:7/187)

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا – فِيمَ أَنتَ مِن ذِكْرَىٰهَآ – إِلَىٰ رَبِّكَ مُنتَهَىٰهَآ – إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖു൪ആന്‍ : 79/42-46)

അപ്പോള്‍ അതിന്റെ അടയാളത്തെപറ്റി അറിയിച്ച് തരാന്‍ ആവശ്യപ്പെടുന്നു. അതിന് നബി ﷺ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കലാകുന്നു, നഗ്ന പാദകരും, ആട്ടിടയന്മാരും, പാവപ്പെട്ടവരും കെട്ടിടങ്ങളില്‍ പരസ്പരം മത്സരിക്കുക എന്നിവ അതിന്റെ അടയാളത്തില്‍പെട്ടതാണ്.’

അന്ത്യനാളിന്റെ രണ്ട് അടയാളങ്ങളാണ് നബി ﷺ പറയുന്നത്. ഒന്നാമത്തേത് അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കലാകുന്നു. ഇതിന് പല വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം ഇപ്രകാരമാണ്. ഒന്ന്: ഒരു കാലത്ത് അടിമകളായിരുന്നവര്‍ പിന്നീട് യജമാനന്‍മാരായി മാറും. അടിമ മോചനത്തിലൂടെ അവ൪ ലോകം ഭരിക്കുന്നവരാകും. രണ്ട് :യുദ്ധം വ൪ദ്ധിക്കും. യുദ്ധത്തടവുകാരിലെ അടിമ സ്ത്രീകളില്‍ യജമാനന്‍മാ൪ക്ക് മക്കളുണ്ടാകും. ആ മക്കള്‍ സ്വതന്ത്രരായിരിക്കും. മൂന്ന്:മാതാപിതാക്കളോടുള്ള അനുസരണക്കേട് വ൪ദ്ധിക്കും. മക്കള്‍ അടിമകളെ പോലെ മാതാപിതാക്കളോട് പെരുമാറും. മാതാവ് വെറും വീട്ടുജോലി ചെയ്യാനുള്ള അടിമ. അന്ത്യനാളിന്റെ രണ്ടാമത്തെ അടയാളമായി നബി പറഞ്ഞത് നഗ്ന പാദകരും, ആട്ടിടയന്മാരും, പാവപ്പെട്ടവരും കെട്ടിടങ്ങളില്‍ പരസ്പരം മത്സരിക്കുമെന്നാണ്. ഇതെല്ലാം സംഭവിച്ചു കഴിഞ്ഞു. ഇതെല്ലാം ചെറിയ അടയാളങ്ങള്‍ മാത്രമാണ്.

ദീൻ പഠിപ്പിക്കുവാനായി നബി ﷺ യുടെ അടുക്കൽ വേഷം മാറി വന്ന ജിബ്‌രീൽ (അ) കർത്തവ്യം പൂർത്തിയാക്കി അപ്രത്യക്ഷനായി.  അപ്പോള്‍ നബി ﷺ ഉമറിനോട് അതാരാണെന്ന് അറിയിച്ചു കൊടുക്കുന്നു. അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം പഠിപ്പിച്ച് തരുവാന്‍ വേണ്ടി ജിബ്‌രീല്‍(അ) ആകുന്നു ആ വന്നത്.’

ജിബ്രീല്‍ സ്വന്തം ഇഷ്ട പ്രകാരം വന്നതല്ല, അല്ലാഹുവിന്റെ നിശ്ചയ പ്രകാരം വന്നതാണ്.

وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ

(നബിﷺയോട് ജിബ്‌രീല്‍ പറഞ്ഞു:) താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. (ഖു൪ആന്‍:19/64)

അന്ത്യനാള്‍ എന്നാണെന്നതിനും കുറിച്ച് നബി എനിക്കറിയില്ലെന്നാണ് പറഞ്ഞത്. അറിവില്ലാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് പറയുന്നതില‍ ലജ്ജിക്കേണ്ടതില്ല. അതേപോലെ അറിയുന്ന കാര്യങ്ങള്‍ മറച്ചു വെക്കാനും പാടില്ല.

ദീന്‍ പഠിപ്പിച്ച് തരുവാന്‍ വേണ്ടിയാണല്ലോ ജിബ്‌രീല്‍(അ) വന്നത്. ദീനിന്റെ 3 മ൪തബകളാണ് ആദ്യം പഠിപ്പിക്കപ്പെട്ടത്. അതായത് ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നിവ. ‘ഈമാൻ’എന്നത് വിശ്വാസത്തെ കുറിക്കുന്നു. ആ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലുള്ള അനുസരണവും പ്രവർത്തനവുമാണ് ‘ഇസ്‌ലാം’. ഈമാൻ കൂടാതെയുള്ള ഇസ്‌ലാം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഈമാന്റെ അനിവാര്യ ഫലമാണ് ഇസ്‌ലാം. അതേസമയത്ത് ഇസ്‌ലാം ഉണ്ടായതുകൊണ്ട് ഈമാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. അല്ലാഹു പറയുന്നത് കാണുക:

قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ ۖ

ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. (ഖു൪ആന്‍:49/14)

അഹ്‌ലുസ്സുന്ന:വൽ ജമാഅത്തിലെ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ഇസ്‌ലാമും ഈമാനും ഒന്നിച്ച് ഖുർആനിലോ ഹദീസിലോ വന്നാൽ അതിന് രണ്ട് അർത്ഥങ്ങളാണുണ്ടാവുക. എന്നാൽ അത് രണ്ടും വെവ്വേറെ വന്നാൽ, ഒന്ന് മറ്റൊന്നിനെ ഉൾകൊള്ളുന്നതാണ്. ഇങ്ങനെ ഈമാനും ഇസ്‌ലാമും ഒന്നിച്ചു വരുമ്പോൾ, ഇസ്‌ലാം ബാഹ്യമായ പ്രവർത്തനങ്ങളെയും ഈമാൻ ആന്തരികമായ പ്രവർത്തനങ്ങളുയുമാണ് സൂചിപ്പിക്കുന്നത്.

(മൂന്ന്)

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: ” بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ”.

ഉമറു ബ്നുല്‍ ഖത്താബിന്റെ മകന്‍ അബു അബ്ദുറഹ്മാന്‍ അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ഇസ്ലാം അഞ്ച് തൂണുകളിലാകുന്നു പടുത്തുയര്‍ത്തപ്പെട്ടത്. അവ അലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ്‌ അവന്റെ പ്രവാചകന്‍ ആണെന്നുമുള്ള സത്യം സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിര്‍ത്തലും, സകാത്ത് നല്‍കലും, ഹജ്ജ് നിര്‍വ്വഹിക്കലും, റമളാനില്‍ വൃതം അനുഷ്ഠിക്കലുമാകുന്നു”. (ബുഖാരി:8 –  മുസ്ലിം:16)

ഹദീസ് നിവേദകനെ കുറിച്ച്

സുന്നത്തിനെ നിലനിർത്തുന്നവൻ (قوام السنة) എന്ന പേരിലറിയപ്പെട്ട ഇബ്നു ഉമർ (റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. നബി ﷺ യുടെ  ഓരോ കാലടിയും അദ്ദേഹം അനുകരിക്കാൻ ശ്രമിക്കുമായിരുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

ഹദീസിൻ്റെ പ്രാധാന്യം

هذا الحديث أصل عظيم في معرفة الدين، وعليه اعتماده، وقد جمع أركانه في لفظ بليغ وجيز

ഇമാം നവവി(റഹി) പറയുന്നു: ദീനുൽ ഇസ്ലാം മനസിലാക്കുന്നതിന്റെ മഹത്തായ അടിസ്ഥാനമാണ് ഈ ഹദീസ്. ഇതിനെയാണ് (ഇസ്ലാമിനെ) മനസിലാക്കാനായി ആശ്രയിക്കേണ്ടത്. ചുരുങ്ങിയ വാക്കുകളിൽ  (ഇസ്ലാമിന്റെ) റുക്നുകളെ നബി ﷺ ഈ ഹദിസിൽ ഉൾകൊള്ളിച്ചു. (ശറഹു മുസ്ലിം)

വിശദികരണം

ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാന സതംഭങ്ങളെക്കുറിച്ചാണ് ഈ ഹദീസിൽ പ്രതിപാദിക്കുന്നത്. ശഹാദത്ത് (സത്യസാക്ഷ്യം), അഞ്ച് നേരത്തെ നിർബന്ധ നമസ്‌കാരം, സകാത്ത്, ,ഹജ്ജ്, റമളാനിലെ നോമ്പ് എന്നിവയാണവ. ഇസ്‌ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ ഇവയാണ്. ഇസ്ലാമിന്റെ അഞ്ച് റുക്നുകള്‍ എന്നും ഇവ അറിയപ്പെടുന്നു.

ഇസ്‌ലാമിൽ ഈ അഞ്ചു കാര്യങ്ങൾ മാത്രമല്ല ഉള്ളത്.  ഈ അഞ്ച് കാര്യങ്ങൾ മാത്രം പരാമർശിച്ചത്, ഒരു കെട്ടിടം  നിർമിക്കുമ്പോൾ അതിന് സ്തംഭങ്ങൾ ഉണ്ടാകാണ്ടേത് അനിവാര്യമാണന്നതുപോലെ ഈ അഞ്ച് കാര്യങ്ങൾ ഇസ്‌ലാമിന്റെ അടിസ്ഥാന സതംഭങ്ങളാക്കിയിരിക്കുന്നതിനാലാണ്. കെട്ടിടത്തിന്റെ പൂർണ്ണതക്ക് മറ്റ് കാര്യങ്ങൾ ആവശ്യമാണെന്നതുപോലെ ഇസ്‌ലാമിന്റെ പൂർണ്ണതക്കായിട്ടുള്ളതാണ് ഇസ്ലാമിലെ മറ്റ് നിയമങ്ങൾ.

ഖുർആനിലും സുന്നത്തിലും ഇസ്‌ലാം എന്ന പദത്തെ രണ്ട് രൂപത്തിൽ പ്രയോഗിച്ചതായി കാണാം. ഒന്നാമത്തേത്, ഇസ്‌ലാമിനെ കുറിച്ചുള്ള മൊത്തത്തിലുള്ള വിശദീകരണം.

ചില പണ്ഡിതന്മാർ പറഞ്ഞു:

الاستسلام لله بالتوحيد، والانقياد له بالطاعة، والبَرَاءَةُ مِنَ الشِّركِ وَأَهْلِهِ

ഇസ്‌ലാമെന്ന് പറഞ്ഞാൽ തൗഹീദിനെ അംഗീകരിക്കലാണ്. അല്ലാഹു അനുസരിക്കാൻ പറഞ്ഞ കാര്യങ്ങൾ കൊണ്ട് അവന് കീഴ്പ്പെടലാണ്, ശിർക്കിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും മുക്തമാകലാണ്.

എല്ലാ പ്രവാചകന്മാരാലും പ്രബോധനം ചെയ്യപ്പെട്ട മതം അല്ലാഹുവിന്‍റെ മതമായ (ഇസ്‌ലാമാകുന്ന) ഒരേ ഒരു മതമാകുന്നു. അതിനും പുറമെ, മനുഷ്യരടക്കം ആകാശ ഭൂമികളിലുള്ളവരെല്ലാം തന്നെ അല്ലാഹു നിശ്ചയിച്ചു വെച്ച നിയമ വ്യവസ്ഥകള്‍ക്ക് വിധേയരായിക്കൊണ്ടാണ് നിലകൊള്ളുന്നതും. ഒന്നുകിൽ സ്വമേധയാ അല്ലെങ്കിൽ നിര്‍ബ്ബന്ധിതമായി. അല്ലാഹു പറയുന്നു:

أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ

അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (ഖു൪ആന്‍:3/83)

അല്ലാഹു പറയുന്നു:

إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖു൪ആന്‍:3/19)

وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَٰسِرِينَ

ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. (ഖു൪ആന്‍:3/85)

ആദം(അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ വരെയുള്ള പ്രവാചകന്മാർ ജനങ്ങളെ ക്ഷണിച്ചത് ‘തൗഹീദ് ‘ എന്ന ഒരൊറ്റ ആശയത്തിലേക്കായിരുന്നു അഥവാ ഇസ്ലാമിലേക്കായിരുന്നു. ഓരോ പ്രവാചകന്മാരുടെ ശരീഅത്തിലും വ്യത്യാസമുണ്ടായിരുന്നുവെങ്കിലും ‘തൗഹീദ് ‘ ആയിരുന്നു ഏക അടിസ്ഥാനം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : ….. وَالأَنْبِيَاءُ إِخْوَةٌ لِعَلاَّتٍ، أُمَّهَاتُهُمْ شَتَّى، وَدِينُهُمْ وَاحِدٌ

അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ….. പ്രവാചകന്മാർ സഹോദരന്മാരാണ്. അവരുടെ ഉമ്മമാർ വ്യത്യാസമാണെങ്കിലും ദീൻ ഒന്നാണ്. (ബുഖാരി:3443)

രണ്ടാമത്തേത്, രണ്ടാമത്തേത്, ഇസ്‌ലാമിനെ കുറിച്ചുള്ള പ്രത്യകമായ വിശദീകരണം. അതായത്,  നബി ﷺ ഏതൊരു ദീനുമായാണോ കടന്നുവന്നത് അതാകുന്നു ഇസ്‌ലാം. ഈ ഹദീസിൽ പരാമർശിച്ചത് അതിനെ കുറിച്ചാണ്.

ഇസ്ലാമിന്റെ അടിസ്ഥാനമായ പഞ്ചസ്തംഭങ്ങളെ കുറിച്ച് തൊട്ടുമേലെയുള്ള രണ്ടാമത്തെ ഹദീസിൽ(ഹദീസു ജിബ്രീൽ) വിശദീകരിച്ചിട്ടുണ്ട്. അത് വീണ്ടും ആവർത്തിക്കുന്നില്ല.

ഈ ഹദീസിൽ ഹജ്ജ് മുന്തിപ്പിച്ചും, റമദാനിലെ വ്രതാനുഷ്ഠാനത്തെ പിന്തിപ്പിച്ചുമാണ് സൂചിപ്പിച്ചത്. ഈ വിഷയം പറയുന്ന മിക്ക ഹദീസുകളിലും നാലാമത് നോമ്പും അഞ്ചാമത് ഹജജുമാണ് പ്രതി പാദിക്കാറുള്ളത്. ഇവിടെ ഇങ്ങനെ പറഞ്ഞതിൻ്റെ കാരണമായി പണ്ഡിതന്മാർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ശഹാദത്ത് സാക്ഷ്യം വഹിക്കലാണ് (മനസ്സുമായി ബന്ധപ്പെട്ടതാകുന്നു), നമസ്കാരം ശാരീരികമായിട്ടുള്ള ആരാധനയാണ്. സകാത്ത് എന്നത് സമ്പത്തുമായി ബന്ധപെട്ട ഒരാരാധനയാണ്. ഹജജിൽ ഈ മൂന്നു ആരാധനയും ഒരുമിച്ചുകൂടുന്നതുകൊണ്ടാണ് ഇതിനെ മുന്തിപ്പിച്ചതെന്ന് പണ്ഢിതൻമാർ വിശദീകരിച്ചതായി കാണാം.

(നാല്)

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلم -وَهُوَ الصَّادِقُ الْمَصْدُوقُ-: “إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛ فَوَاَللَّهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا”.

അബ്ദുല്ലാഹ് ഇബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  അല്ലാഹുവിന്റെ റസൂൽ നബി ﷺ  ഞങ്ങളോട് പറഞ്ഞിരിക്കുന്നു – അദ്ധഹമാകട്ടെ സത്യം പറയുന്നവനും സത്യപ്പെടുത്തുന്നവനുമാകുന്നു – : ‘നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പ് നാല്പത് ദിവസം തന്റെ മാതാവിന്റെ വയറ്റില്‍ ബീജകണമായി ശേഖരിക്കപ്പെടുന്നു. പിന്നെ അത്രതന്നെ കാലം രക്തക്കട്ടയായും പിന്നെ അത്രതന്നെ കാലം മാംസപിണ്ഡമായും കഴിയും. പിന്നീട് അതിലേക്ക് ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അത് അതില്‍ ആത്മാവിനെ ഊതുന്നു. അത് നാല് കാര്യങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണം, ജീവിതാവധി, പ്രവ൪ത്തനം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തലാണത്. അല്ലാഹുവാണെ സത്യം, അവനല്ലാതെ ഒരു ആരാധ്യനില്ല, നിങ്ങളില്‍ ഒരാള്‍ സ്വ൪ഗ്ഗാവകാശിയുടെ പ്രവ൪ത്തനം ചെയ്യും. അങ്ങനെ അവനും സ്വ൪ഗത്തിനും ഇടക്ക് ഒരു മുഴമേ അകലമുള്ളൂവെന്ന അവസ്ഥ വരും. അപ്പോള്‍ വിധി അവനെ മുന്‍ കടക്കും. അവന്‍ നരകാവകാശികളുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. അങ്ങനെ അതില്‍ പ്രവേശിക്കുകയും ചെയ്യും. നിങ്ങളില്‍ ഒരാള്‍ നരകാവകാശിയുടെ പ്രവ൪ത്തനരീതി പിന്തുടരും. അങ്ങനെ അവനും നരകത്തിനും ഇടക്കുള്ള ദുരം ഒരു മുഴം വരെയാകും. അപ്പോള്‍ വിധി അവനെ മറി കടക്കും. അങ്ങനെ അവന്‍ സ്വ൪ഗാവകാശിയുടെ കര്‍മ്മങ്ങള്‍ ചെയ്യും. അതുവഴി അതില്‍ പ്രവേശിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം)

ഹദീസ് നിവേദകനെ കുറിച്ച്

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. അബൂ അബ്ദുറഹ്മാൻ എന്നാണ് അദ്ദേഹത്തിന്റെ കുൻയത്ത്.

ഹദീസിൻ്റെ പ്രാധാന്യം

മനുഷ്യരുടെ മേൽ അല്ലാഹുവിന്റെ ഖദ്ർ(വിധി), അവരുടെ പര്യവസാനം എന്നിവയെ കുറിച്ചാണ് ഈ ഹദീസിൽ പ്രതിപാദിക്കുന്നത്. രണ്ടിനെ കുറിച്ചും നമ്മൾ ഭയപ്പെടേണ്ടതുണ്ട്. നൻമയിൽ പര്യവസാനം ഉണ്ടാകുവാൻ കഠിനമായി പ്രയത്നിക്കുകയും പ്രാർത്ഥിക്കുകയും വേണം.

വിശദികരണം

“നബി ﷺ ഞങ്ങളോട് പറഞ്ഞു, അദ്ധഹമാകട്ടെ സത്യം പറയുന്നവനും സത്യപ്പെടുത്തുന്നവനുമാകുന്നു” എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞുകൊണ്ടാണ് ഈ ഹദീസ് ആരംഭിക്കുന്നത്.

ഇസ്‌ലാമിന്റെ ഏകദൈവത്വസിദ്ധാന്തം, പരലോകം, വിചാരണ, രക്ഷാശിക്ഷകള്‍, പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍, സംശുദ്ധ ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ തുടങ്ങി നബി ﷺ നമുക്ക് അറിയിച്ചു തന്ന കാര്യങ്ങൾ മുഴുവൻ സത്യമാണ്. കാരണം അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് മൂലവും, വഹ്യിന്റെ അടിസ്ഥാനത്തിലും മാതമാണ് അവിടുന്ന് സംസാരിക്കാറുള്ളത്‌.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ – إِنْ هُوَ إِلَّا وَحْىٌ يُوحَىٰ

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

നബി ﷺ കൊണ്ടുവന്നത് ആരൊക്കെ നിരാകരിച്ചാലും അത് അല്ലാഹു സത്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലക്കുകളും വിശ്വാസികളും സത്യപ്പെടുത്തിയിട്ടുണ്ട്. സത്യവിശ്വാസികളെന്ന നിലക്ക് നബി കൊണ്ടുവന്നതെല്ലാം നാമും സത്യപ്പെടുത്തണം. എന്നീ കാര്യങ്ങളും “അദ്ധഹം സത്യം പറയുന്നവനും സത്യപ്പെടുത്തുന്നവനുമാകുന്നു” എന്ന ആമുഖ പ്രയോഗത്തിൽ നിന്നും മനസ്സിലാക്കാം.

ഈ ഹദീസിൽ ഇക്കാര്യം പ്രത്യേകം പറയാൻ കാര്യം, ശേഷം പ്രതിപാദിക്കുന്നത് സുപ്രധാനമായ ചില അദൃശ്യ-വിശ്വാസ കാര്യങ്ങളെ കുറിച്ചാണ്.

മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചും അവന്റെ പര്യവസാനത്തെ കുറിച്ചുമാണ് ഈ ഹദീസിൽ പരാമർശിക്കുന്നത്. ആദ്യത്ത മനുഷ്യനെ അല്ലാഹു മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. അദ്ദേഹത്തില്‍ നിന്നും ആദ്യത്തെ സ്ത്രീയെ സൃഷ്ടിച്ചു. അവ൪ തമ്മിലുള്ള ശാരീരിക ബന്ധത്തിലൂടെയാണ് അവ൪ക്ക് മക്കളുണ്ടായി. അഥവാ ശേഷമുള്ള മനുഷ്യരില്‍ ആണും പെണ്ണും തമ്മിലുള്ള ശാരീരിക ബന്ധത്തിലൂടെ സൃഷ്ടിക്കപ്പെട്ടവരാണ്.

ഹദീസിൽ ഒന്നാമതായി സൂചിപ്പിച്ചിട്ടുള്ളത്, ഗർഭസ്ഥ ശിശുവിന്റെ മൂന്ന് ഘട്ടങ്ങളെ കുറിച്ചാണ്. ഒരു ഗർഭസ്ഥ ശിശു 120 ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങൾ കടന്നു പോകുന്നുവെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു.

ഒന്നാമത്തെ ഘട്ടം : ബീജം (نطفة)

ഇന്ദ്രിയത്തിന്റെ ഏറ്റവും ചെറിയ ഒരംശം മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നു.

إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍:76/2)

രണ്ടാമത്തെ ഘട്ടം : രക്തപിണ്ഡം(علقة)

അനന്തരം അത് ഗർഭാശയഭിത്തികളിൽ അള്ളിപ്പിടിക്കുന്ന ഒരു രക്തക്കട്ട ആയി മാറുന്നു.

خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍:96/2)

മൂന്നാമത്തെ ഘട്ടം : മാംസപിണ്ഡം(مضغة)

ഓരോ ഘട്ടവും 40 ദിവസം വീതമാകുന്നു. ഈ മൂന്ന് ഘട്ടങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.). (ഖു൪ആന്‍:22/5)

يَخْلُقُكُمْ فِى بُطُونِ أُمَّهَٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَٰتٍ ثَلَٰثٍ

നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന് തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. (ഖു൪ആന്‍:39/6)

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ‎﴿١٢﴾‏ ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ‎﴿١٣﴾‏ ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ‎﴿١٤﴾

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍:23/12-14)

ഈ ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളത്,  ഒരു ഗർഭസ്ഥ ശിശു 120 ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങൾ കടന്നു പോകുന്നതിനെ കുറിച്ചാണല്ലോ. ഇതിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളെ കുറിച്ചും നബി പഠിപ്പിച്ച് തന്നിട്ടുണ്ട്.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : إِذَا مَرَّ بِالنُّطْفَةِ ثِنْتَانِ وَأَرْبَعُونَ لَيْلَةً بَعَثَ اللَّهُ إِلَيْهَا مَلَكًا فَصَوَّرَهَا وَخَلَقَ سَمْعَهَا وَبَصَرَهَا وَجِلْدَهَا وَلَحْمَهَا وَعِظَامَهَا ثُمَّ ‏.‏ قَالَ يَا رَبِّ أَذَكَرٌ أَمْ أُنْثَى فَيَقْضِي رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ ثُمَّ يَقُولُ يَا رَبِّ أَجَلُهُ ‏.‏ فَيَقُولُ رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ ثُمَّ يَقُولُ يَا رَبِّ رِزْقُهُ ‏.‏ فَيَقْضِي رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ ثُمَّ يَخْرُجُ الْمَلَكُ بِالصَّحِيفَةِ فِي يَدِهِ فَلاَ يَزِيدُ عَلَى مَا أُمِرَ وَلاَ يَنْقُصُ ‏”‏ ‏.‏

നബി ﷺ പറഞ്ഞു: ബീജം ഗർഭപാത്രത്തിലെത്തി 42 രാത്രി പിന്നിട്ടാൽ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. (ആ മലക്ക്) ശിശുവിന്റെ രൂപം തയ്യാറാക്കും. അതിന്റെ കേൾവി, അതിന്റെ കാഴ്ച, അതിന്റെ തൊലി, അതിന്റെ മാംസം, അതിന്റെ എല്ല് എന്നിവയും സൃഷ്ടിക്കുന്നു. ശേഷം മലക്ക് ചോദിക്കും:എന്റെ രക്ഷിതാവേ, (ശിശു) ആണാണോ പെണ്ണാണോ, അങ്ങനെ നിന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നത് തീരുമാനിക്കുകയും അത് മലക്ക് രേഖപ്പെടുത്തുകയും ചെയ്യും. ശേഷം മലക്ക് ചോദിക്കും:എന്റെ രക്ഷിതാവേ, അവന്റെ അവധി? അങ്ങനെ നിന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നത്പറയുകയും അത് മലക്ക് രേഖപ്പെടുത്തുകയും ചെയ്യും. ശേഷം മലക്ക് ചോദിക്കും:എന്റെ രക്ഷിതാവേ, അവന്റെ ഉപജീവനം? അങ്ങനെ നിന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നത്പറയുകയും അത് മലക്ക് രേഖപ്പെടുത്തുകയും ചെയ്യും. (മുസ്ലിം:2645)

هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ

സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. (ഖു൪ആന്‍:59/24)

ഹദീസിൽ രണ്ടാമതായി സൂചിപ്പിച്ചിട്ടുള്ളത്, ഗർഭസ്ഥ ശിശുവിന്റെ മേൽ റൂഹ് (ആത്മാവ്) ഊതുന്നതിനെ കുറിച്ചാണ്. 120 ദിവസം കഴിയുന്നതോടെ ഗർഭസ്ഥ ശിശുവിന്റെ മേൽ റൂഹ് ഊതുന്നു. അല്ലാഹു നിയോഗിക്കുന്ന ഒരു മലക്കാണ് അപ്രകാരം ചെയ്യുന്നത്.

‏ ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَٰنِ مِن طِينٍ ‎﴿٧﴾‏ ثُمَّ جَعَلَ نَسْلَهُۥ مِن سُلَٰلَةٍ مِّن مَّآءٍ مَّهِينٍ ‎﴿٨﴾‏ ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ‎﴿٩﴾

താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. 32/7-9

എന്നാല്‍, ആത്മാവ് എന്നാലെന്താണ്? എങ്ങിനെയാണ്? എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? ഇതിനെപ്പറ്റിയെല്ലാം സൂക്ഷ്മവും, ശരിയുമായ അറിവു അല്ലാഹുവിനു മാത്രമേയുള്ളു. ആത്മാവിന് കൃത്യവും ശരിയുമായ ഒരു നിര്‍വ്വചനം നല്‍കുവാന്‍ മനുഷ്യന് ഇതേവരെ സാധിച്ചിട്ടില്ല. അല്ലാഹു പറഞ്ഞിട്ടുള്ളതിൽ പരിമിതപ്പെടുത്തലാണ് സത്യവിശ്വാസികൾക്ക് കരണീയം.

وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا

നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. (ഖു൪ആന്‍:17/85)

ഗർഭസ്ഥ ശിശു 120 ദിവസത്തിന് ശേഷം അതായത് റൂഹ് ഊതപ്പെട്ടതിന് ശേഷമാണ് മരണപ്പെടുകയാണെങ്കിൽ, ഒരു മനുഷ്യൻ മരിച്ചാൽ ചെയ്യേണ്ട എല്ലാ കർമങ്ങളും ആ കുട്ടിയുടെ മേലും ചെയ്യേണ്ടതുണ്ടെന്ന് പണ്ഡിതൻമാർ രേഖപ്പെടുത്തിയതായി കാണാം.

മൂന്നാമതായി, മലക്ക് ഗർഭസ്ഥ ശിശുവിന്റെ മേൽ ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനായി കൽപ്പിക്കപ്പെടുന്നു. അതായത് ഭൗതിക ലോകത്ത് അവന്റെ ഉപജീവനം എത്രയാണ്, അവന്റെ ജീവിതാവധി, അവന്റെ പ്രവ൪ത്തനം, അവൻ സ്വർഗ്ഗം ലഭിക്കുന്ന സൗഭാഗ്യവാനോ നരകം ലഭിക്കുന്ന ദൗ൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തലാണത്. മറ്റ് റിപ്പോർട്ടുകളിൽ അത് ആണോ പെണ്ണോ എന്നതും രേഖപ്പെടുത്തുന്നതാണെന്ന് വന്നിട്ടുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ اللَّهَ ـ عَزَّ وَجَلَّ ـ وَكَّلَ بِالرَّحِمِ مَلَكًا يَقُولُ يَا رَبِّ نُطْفَةٌ، يَا رَبِّ عَلَقَةٌ، يَا رَبِّ مُضْغَةٌ‏.‏ فَإِذَا أَرَادَ أَنْ يَقْضِيَ خَلْقَهُ قَالَ أَذَكَرٌ أَمْ أُنْثَى شَقِيٌّ أَمْ سَعِيدٌ فَمَا الرِّزْقُ وَالأَجَلُ فَيُكْتَبُ فِي بَطْنِ أُمِّهِ ‏”‏‏.‏

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്. ആ മലക്ക് വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്റെ സൃഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്? അവധി എത്ര? അങ്ങനെ അവന്റെ മാതാവിന്റെ ഗര്‍ഭപ്രാതത്തില്‍ വെച്ച് തന്നെ എഴുതപ്പെടും. (ബുഖാരി:318)

എല്ലാ മനുഷ്യരുടെയും ഉപജീവനം അവൻ ഗർഭത്തിലായിരിക്കെതന്നെ നിശ്ചയിച്ചിട്ടുള്ള തിനാൽ അതിനെ കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ല. അതിനായി ഹറാമായ മാർഗങ്ങളും സ്വീകരിക്കേണ്ടതില്ല.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : أَيُّهَا النَّاسُ اتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ فَإِنَّ نَفْسًا لَنْ تَمُوتَ حَتَّى تَسْتَوْفِيَ رِزْقَهَا وَإِنْ أَبْطَأَ عَنْهَا فَاتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ خُذُوا مَا حَلَّ وَدَعُوا مَا حَرُمَ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളെ നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുകയുക, അവനോട് നന്നായി തേടുകയും ചെയ്യുക. ഒരാത്മാവും അതിന് നിശ്ചയിച്ചിട്ടുള്ള വിഭവങ്ങള്‍ (രിസ്ഖ്) പൂര്‍ത്തീകരിച്ചിട്ടല്ലാതെ മരണപ്പെടുകയില്ല, അത് പതുക്കെയാണെങ്കിലും. അതില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, തേട്ടം നന്നാക്കുകയും ചെയ്യുക. നിങ്ങള്‍ക്കവന്‍ അനുവദിച്ചവ സ്വീകരിക്കുകയും വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യുക. (ഇബ്‌നു മാജ)

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : لو أنَّ ابنَ آدمَ هرب من رزقِه كما يهرُبُ من الموتِ ، لأدركه رزقُه كما يُدرِكُه الموتُ

നബി ﷺ പറഞ്ഞു: പറഞ്ഞു: ആദമിന്റെ സന്തതി[മനുഷ്യൻ] മരണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പോലെ അവന്റെ ഉപജീവനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെങ്കിൽ, മരണം അവനെ പിടിക്കൂടുന്നത് പോലെ അവന്റെ ഉപജീവനം അവൻ നേടുക തന്നെ ചെയ്യും. (സിൽസിലത്തുസ്വഹീഹ:952)

ഓരോ മനുഷ്യന്റെയും അവധിയെ കുറിച്ചും മലക്ക് രേഖപ്പെടുത്തുന്നു. അന്ന് രേഖപ്പെടുത്തിയ അത്രയും കാലം മനുഷ്യൻ ഈ ലോകത്ത് ജീവിക്കും. അവധി എത്തുന്നതിന് മുമ്പ് മടക്കമോ അവധി നീട്ടികൊടുക്കലോ ഇല്ല.

وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ

ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:63/11)

നാലാമതായി, മനുഷ്യന്റെ പര്യവസാനത്തെ കുറിച്ച് സൂചിപ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് നബി ﷺ ഇക്കാര്യം പറയുന്നത്. അതായത് ഒരു മനുഷ്യൻ ധാരാളം സൽകർമ്മങ്ങൾ ചെയ്യുന്നു. അങ്ങനെ അയാൾ സ്വർഗത്തിലേക്ക് അടുക്കുന്നു. സൽകർമ്മങ്ങളിലൂടെ കൂടുതൽ സ്വർഗത്തിലേക്ക് അടുക്കുന്നു. ഇനി അയാൾ മരിച്ചാൽ മാത്രം മതി. അത്രയടുക്കുന്നു. എന്നാൽ വിധി അവനെ മുൻകടക്കുന്നു. അവൻ തിൻമകൾ പ്രവർത്തിക്കുന്നു. സ്വർഗത്തിനടുത്ത് എത്തിയ അവൻ പിന്നീട് നരകാവകാശിയായി മാറുന്നു.

അതേപോലെ ഒരു മനുഷ്യൻ ധാരാളം തിൻമകൾ പ്രവർത്തിക്കുന്നു. അങ്ങനെ അയാൾ നരകത്തിലേക്ക് അടുക്കുന്നു. തിൻമകളിലൂടെ കൂടുതൽ നരകത്തിലേക്ക് അടുക്കുന്നു. ഇനി അയാൾ മരിച്ചാൽ മാത്രം മതി. അത്രയടുക്കുന്നു. എന്നാൽ വിധി അവനെ മുൻകടക്കുന്നു. അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നു. നരകത്തിനടുത്ത് എത്തിയ അവൻ പിന്നീട് സ്വർഗാവകാശിയായി മാറുന്നു.

അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരത്തിൽ  ഒരാളെക്കുറിച്ച് അയാൾ നരകക്കാരിൽ പെട്ടയാളാണെന്ന് നബി ﷺ പറഞ്ഞു. അതുകേട്ട് സ്വഹാബിമാർ അൽഭുതപ്പെട്ടു. അദ്ധേഹം ശഹീദാകുമെന്ന് കൂടെയുള്ളവർക്ക്‌ തോന്നുമാറു
മുസ്‌ലിംകൾക്കിടയിൽ ധീരതയോടെ യുദ്ധം ചെയ്ത ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്വഹാബിമാരിൽ ചിലർ അദ്ദേഹത്തെ നിരീക്ഷിച്ചു.   യുദ്ധത്തിലേറ്റ പരിക്കുകളുടെ വേദന സഹിക്കാൻ കഴിയാതെ അയാൾ ആത്മഹത്യ ചെയ്തു. അദ്ദേഹത്തെ നിരീക്ഷിച്ച സ്വഹാബി ഇക്കാര്യം നബി ﷺ യെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:

إِنَّ الْعَبْدَ لَيَعْمَلُ عَمَلَ أَهْلِ النَّارِ، وَإِنَّهُ مِنْ أَهْلِ الْجَنَّةِ، وَيَعْمَلُ عَمَلَ أَهْلِ الْجَنَّةِ، وَإِنَّهُ مِنْ أَهْلِ النَّارِ، وَإِنَّمَا الأَعْمَالُ بِالْخَوَاتِيمِ

ഒരു മനുഷ്യൻ നരകത്തിന്റെ ആളുകളുടെ പ്രവർത്തനം ചെയ്യും , എന്നാൽ അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിന്റെ ആളുകളിൽ പെട്ടവനായിരിക്കും , ഒരു മനുഷ്യൻ സ്വർഗ്ഗത്തിന്റെ ആളുകളുടെ പ്രവർത്തനങ്ങൾ ചെയ്യും , എന്നാൽ അവൻ നരകത്തിന്റെ ആളുകളിൽ പെട്ടവനായിരിക്കും. തീർച്ചയായും പ്രവർത്തനങ്ങളുടെ പ്രതിഫലം നിർണ്ണിയിക്കപ്പെടുന്നത്‌ അതിന്റെ അവസാനം അനുസരിച്ചാണു. (ബുഖാരി:6607)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ غُلاَمٌ يَهُودِيٌّ يَخْدُمُ النَّبِيَّ صلى الله عليه وسلم فَمَرِضَ، فَأَتَاهُ النَّبِيُّ صلى الله عليه وسلم يَعُودُهُ، فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ ‏”‏ أَسْلِمْ ‏”‏‏.‏ فَنَظَرَ إِلَى أَبِيهِ وَهْوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ صلى الله عليه وسلم‏.‏ فَأَسْلَمَ، فَخَرَجَ النَّبِيُّ صلى الله عليه وسلم وَهْوَ يَقُولُ ‏”‏ الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنَ النَّارِ ‏”‏‏.‏

അനസ് ബിന്‍ മാലിക്(റ) വിൽ നിന്ന് നിവേദനം: നബിﷺക്ക് സേവനം ചെയ്തിരുന്ന ജൂതനായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ രോഗിയായപ്പോള്‍ നബിﷺ അവനെ സന്ദര്‍ശിക്കാന്‍ ചെന്നു. എന്നിട്ട് അവന്റെ തലക്കു സമീപം ഇരുന്ന് അവനോടായി പറഞ്ഞു: ‘മോനേ, നീ മുസ്ലിമാവുക.’ ആ കുട്ടി തന്റെ അടുത്തുണ്ടായിരുന്ന പിതാവിനെ നോക്കിയപ്പോള്‍ പിതാവ് മകനോട് പ്രതിവചിച്ചു: ‘മോനേ, അബുല്‍ ക്വാസിമി (റസൂല്‍)നെ അനുസരിക്കുക.’ അവന്‍ മുസ്ലിമായി. അവിടെ നിന്നും പുറത്തേക്ക് വന്ന പ്രവാചകന്‍ﷺ ഇപ്രകാരം പറഞ്ഞു: ‘നരകശിക്ഷയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി.” (ബുഖാരി:1356)

ഓരോ മനുഷ്യന്റെയും  ഉപജീവനം, ജീവിതാവധി, പ്രവ൪ത്തനം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോൾ, അതനുസരിച്ചല്ലേ സംഭവിക്കുകയുള്ളൂ എന്ന് കരുതി നിഷ്ക്രിയരായി ഇരിക്കാനോ അപ്രകാരം ചിന്തിച്ച് പ്രവർത്തിക്കാതിരിക്കാനോ പാടുള്ളതല്ല . അല്ലാഹുവിന്റെ അറിവ് മുമ്പേയുള്ളതാണ്. അതിന് തുടക്കമോ ഒടുക്കമോ ഇല്ല. ഓരോ സൃഷ്ടിയുടെയും അവസ്ഥയെ സംബന്ധിച്ച് അവനെ സൃഷ്ടിക്കുന്നതിന് മുമ്പേ അല്ലാഹുവിനറിയാം. ഒരാൾ ഭാഗ്യവാനാണോ നിർഭാഗ്യവാനാണോ, അല്ലാഹുവിനെ അനുസരിക്കുന്നവനാണോ, ധിക്കരിക്കുന്നവനാണോ തുടങ്ങിയ കാര്യങ്ങൾ അല്ലാഹുവിന്റെ അറിവിലും അവന്റെ ഉദ്ദേശ്യത്തിലും ( ارادة) പെട്ട കാര്യങ്ങളാണ്. ഖദ്റ് നിശ്ചയിച്ചത് അല്ലാഹുവാണ്, അതിന്റെ സബബ് അടിമയിൽ നിന്നാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം പ്രവർത്തിക്കുകയാണ് വേണ്ടത്.

عَنْ عَلِيٍّ ـ رضى الله عنه ـ قَالَ كُنَّا فِي جَنَازَةٍ فِي بَقِيعِ الْغَرْقَدِ، فَأَتَانَا رَسُولُ اللَّهِ صلى الله عليه وسلم فَقَعَدَ وَقَعَدْنَا حَوْلَهُ، وَمَعَهُ مِخْصَرَةٌ فَنَكَّسَ، فَجَعَلَ يَنْكُتُ بِمِخْصَرَتِهِ ثُمَّ قَالَ ‏”‏ مَا مِنْكُمْ مِنْ أَحَدٍ وَمَا مِنْ نَفْسٍ مَنْفُوسَةٍ إِلاَّ كُتِبَ مَكَانُهَا مِنَ الْجَنَّةِ وَالنَّارِ، وَإِلاَّ قَدْ كُتِبَتْ شَقِيَّةً أَوْ سَعِيدَةً ‏”‏‏.‏ قَالَ رَجُلٌ يَا رَسُولَ اللَّهِ أَفَلاَ نَتَّكِلُ عَلَى كِتَابِنَا وَنَدَعُ الْعَمَلَ فَمَنْ كَانَ مِنَّا مِنْ أَهْلِ السَّعَادَةِ فَسَيَصِيرُ إِلَى أَهْلِ السَّعَادَةِ، وَمَنْ كَانَ مِنَّا مِنْ أَهْلِ الشَّقَاءِ فَسَيَصِيرُ إِلَى عَمَلِ أَهْلِ الشَّقَاوَةِ‏.‏ قَالَ ‏”‏ أَمَّا أَهْلُ السَّعَادَةِ فَيُيَسَّرُونَ لِعَمَلِ أَهْلِ السَّعَادَةِ وَأَمَّا أَهْلُ الشَّقَاوَةِ فَيُيَسَّرُونَ لِعَمَلِ أَهْلِ الشَّقَاءِ ‏”‏‏.‏ ثُمَّ قَرَأَ ‏{‏فَأَمَّا مَنْ أَعْطَى وَاتَّقَى  وَصَدَّقَ بِالْحُسْنَى‏}‏ الآيَةَ‏.‏

അലി(റ )വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റൂഹ് ഊതപ്പെട്ട ഒരു ആത്മാവിന്റെ മേലും അവൻ സ്വർഗാവകാശിയാണോ, നരകാവകാശിയാണോ, സൗഭാഗ്യവാനാണോ, ദൗർഭാഗ്യവാനാണോ എന്ന് രേഖപ്പെടുത്താതിരുന്നിട്ടില്ല. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങനെയെങ്കിൽ, അല്ലാഹു രേഖപ്പെടുത്തിവെച്ചതിനെ അവലംബിച്ച് കർമങ്ങൾ ഉപേക്ഷിച്ചു കൂടെ. നബി ﷺ പറഞ്ഞു: നിങ്ങൾ കർമങ്ങൾ ചെയ്യുവിൻ, ഓരോരുത്തരെയും എന്തിനാണോ സ്യഷ്ടിച്ചത് ആ കാര്യം അവന് എളുപ്പമായിരിക്കും. സൗഭാഗ്യവാൻമാർക്ക് അവരുടെ കർമങ്ങൾ എളുപ്പമുള്ളതാക്കപ്പെടും. ദൗർഭാഗ്യവാൻമാർക്ക് അവരുടെ കർമങ്ങളും എളുപ്പമുള്ളതാക്കപ്പെടും. തുടർന്ന് ഈ ആയത്ത് പാരായണം ചെയ്തു: “എന്നാൽ ഏതൊരാൾ ദാനം നൽകുകയും, സൂക്ഷ്മത പാലിക്കുകയും, ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ് ” (ലൈൽ 5-7) (ബുഖാരി:.4948)

وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌ അല്ലാഹുവാണ്. (ഖു൪ആന്‍: 37/96)

ഖദ്റിലുള്ള വിശ്വാസത്തെ കുറിച്ച് ഈ ഗ്രന്ഥത്തിലെ രണ്ടാമത്തെ ഹദീസിൽ (ഹദീസു ജിബ്രീൽ) സൂചിപ്പിച്ചിട്ടുള്ളത് ഓർക്കുക. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ലോകാവസാനം വരെയുള്ള സൃഷ്ടികളുടെ മുഴുവൻ കാര്യങ്ങളും ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പുതന്നെ അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് ലൗഹുൽ മഹ്ഫൂള്.

قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ

നബി ﷺ പറഞ്ഞു:ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ (അളവും തോതും) രേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം : 2653)

وَعِندَهُۥٓ أُمُّ ٱلْكِتَٰبِ ‎

മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌. (ഖു൪ആന്‍:13/39)

ഗർഭസ്ഥ ശിശുവിന്റെ മേൽ ഉപജീവനം, എത്രയാണ്, ജീവിതാവധി, പ്രവ൪ത്തനം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തുന്നതും അല്ലാഹു നേരത്തെ ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തിയതിന് വിധേയമായിട്ടാണ്. ലൈലത്തുൽ ഖദ്റിന്റെ രാവിൽ ഒരു വർഷത്തേക്കുള്ള രിസ്ഖ് രേഖപ്പെടുത്തുന്നതും അപ്രകാരംതന്നെ. ഇതൊന്നും പരസ്പരം വിരുദ്ധമല്ല.

അല്ലാഹു നമുക്ക് എന്താണ് വിധിച്ചിട്ടുള്ളതെന്ന കാര്യത്തിലും നമ്മുടെ പര്യവസാനം എന്തായിരിക്കുമെന്ന കാര്യത്തിലും നാം ഭയപ്പെടണം. ഈ രണ്ട് ഭയപ്പാടുകളിലും ജീവിക്കുമ്പോൾ നൻമയിൽ പര്യവസാനം ഉണ്ടാകുവാൻ കഠിനമായി പ്രയത്നിക്കുകയും പ്രാർത്ഥിക്കുകയും വേണം. ഉമർ(റ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: “റബ്ബേ നീ എന്നെ നിർഭാഗ്യവാനായാണ് വിധിച്ചതെങ്കിൽ സൗഭാഗ്യവാനാക്കി മാറ്റേണമേ.”

ചില സ്വഹാബികൾ മരണസമയത്ത് കരയാറുണ്ടായിരുന്നു. അവരോട് അതിനെപ്പറ്റി ചോദിക്കപ്പെട്ടാൽ അവർ പറയും: “അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് കേട്ടിട്ടുണ്ട്, അല്ലാഹു തന്റെ സൃഷ്ടികളെ രണ്ട് പിടിയിൽ ഒതുക്കും. എന്നിട്ട് പറയും : ഇവർ സ്വർഗാവകാശികളാണ്, ഇവർ നരകാവകാശികളാണ്. ഞാൻ ഏത് പിടിയിലായിരിക്കും എന്നോർത്ത് കരയുകയാണ്.” (അഹ്മദ് )

നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك

ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.

(അഞ്ച്)

عَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه و سلم “مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ [رَوَاهُ الْبُخَارِيُّ] ،[وَمُسْلِمٌ] وَفِي رِوَايَةٍ لِمُسْلِمٍ: مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ”.

ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു അബ്ദില്ല ആയിശ(റ) വില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ പറഞ്ഞു: ‘നമ്മുടെ ഇക്കാര്യത്തില്‍ (മതത്തില്‍) ഇല്ലാത്ത ഒന്ന്‍ ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് നിരാകരിക്കപ്പെടെണ്ടാതാണ് .’ (ബുഖാരി, മുസ്ലിം)

മുസ്ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഉള്ളത് ഇപ്രകാരമാണ്:

“നമ്മുടെ കാര്യത്തില്‍ നാം കല്പിച്ചതല്ലാത്ത വല്ല കര്‍മ്മവും ആരെങ്കിലും ചെയ്‌താല്‍ അത് തള്ളപ്പെടേണ്ടതാണ്.”

ഹദീസ് നിവേദകനെ കുറിച്ച്

ഉമ്മുൽ മുഅ്മിനീൻ (വിശ്വാസികളുടെ മാതാവ്) എന്നറിയപ്പെടുന്ന ആയിശ(റ) എന്ന ആണ് ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. ഉമ്മുൽ മുഅ്മിനീൻ എന്ന പേരിനോടൊപ്പം ഉമ്മു അബ്ദില്ല (അബ്ദില്ലയുടെ ഉമ്മ) എന്നും ഈ റിപ്പോർട്ടിൽ ചേർത്ത് പറഞ്ഞിരിക്കുന്നു. ആയിശ(റ) വിന് അബ്ദുല്ല എന്ന മകൻ ഇല്ല. ആയിശ(റ) വിന്റെ സഹോദരി അസ്മാ (റ) യുടെ പുത്രനാണ് അബ്ദുല്ല. അങ്ങനെയാണ് ആയിശ(റ) വിന് ഉമ്മു അബ്ദില്ല കുൻയത്ത് ലഭിക്കുന്നത്.

ഹദീസിൻ്റെ പ്രാധാന്യം

ഈ ഗ്രന്ഥത്തിലെ ഒന്നാമത്തെ ഹദീസിനെ കുറിച്ച്, ഇസ്‌ലാമിന്റെ അച്ചുതണ്ട് (مدار الإسلام) ഈ ഹദീസിന്മേലാണ് കറങ്ങുന്നത് എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിൻ്റെ അച്ചുതണ്ടിൽ വർത്തിക്കുന്ന രണ്ടാമത്തെ ഹദീസാണ് ഈ ഹദീസ് എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. ആന്തരിക കർമ്മങ്ങളെ പരിശോധിക്കുന്നതിനുള്ള അളവ് കോലാണ് “നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക” എന്ന ഒന്നാമത്തെ ഹദീസ്. എന്നാൽ മനുഷ്യൻ്റെ ബാഹ്യ കർമ്മങ്ങളെ പരിശോധിക്കുന്നതിനുള്ള അളവ് കോലാണ് ഈ ഹദീസ്.

വിശദികരണം

ഹജ്ജത്തുൽ വദാഇൽ വെച്ചാണ്‌ ഇസ്‌ലാം സമ്പൂർണ്ണമാകുന്നത്‌.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. (ഖു൪ആന്‍: 5/3)

നബി ﷺ യുടെ അവസാന കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകള്‍ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്. അഥവാ മതത്തില്‍ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും നല്‍കി കഴിഞ്ഞിരിക്കുന്നു. അതില്‍ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلَّا قد أَمَرْتُكُمْ بهِ ، و ليس شيءٌ يُقَرِّبُكُمْ إلى النارِ إِلَّا قد نَهَيْتُكُمْ عنهُ

അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)

ഇതില്‍ നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.

  • ഇസ്ലാമിന്റെ പൂ൪ത്തീകരണത്തിന് ശേഷമാണ് നബി ﷺ വഫാത്തായിട്ടുള്ളത്.
  • ഇസ്ലാമില്‍ ഇനി എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതില്‍ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ വേണ്ടതില്ല.
  • അല്ലാഹുവില്‍ നിന്നും ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി ﷺ നമുക്ക് എത്തിച്ചു തന്നിട്ടുണ്ട്.
  • നബി ﷺ യുടെ കാലത്ത് എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബി ﷺ യുടെ കാലത്ത് എന്തെല്ലാം ദീന്‍ അല്ലയോ അതെല്ലാം ഇന്നും ദീനല്ല.

‘നമ്മുടെ ഈ കാര്യത്തില്‍ അതായത് മതത്തില്‍ ഇല്ലാത്ത ഒന്ന് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് നിരാകരിക്കപ്പെടെണ്ടതാണ്’ എന്നാണ് ഈ ഹദീസിലൂടെ നബി ﷺ അറിയിക്കുന്നത്. കാരണം ദീനുൽ ഇസ്ലാം അല്ലാഹുവിന്റെ ദീനാണ്. ദീനിലെ എല്ലാ കാര്യങ്ങളും അല്ലാഹു അവതരിപ്പിച്ചതാണ്. ദീനിലില്ലാത്തത് ആരെങ്കിലും ദീനാണെന്നും പറഞ്ഞ് പുതുതായി ഉണ്ടാക്കിയാൽ അതിനെയും അത് ഉണ്ടാക്കിയതിനെയും തള്ളപ്പെടേണ്ടതാണ്. ദീനിൽ പുതുതായി ഉണ്ടാക്കിയത് അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതുകൊണ്ടുതന്നെ സത്യവിശ്വാസികളും അത് തള്ളിക്കളയേണ്ടതാണ്.

ഇമാം മുസ്ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു. “നമ്മുടെ കാര്യത്തില്‍ നാം കല്പിച്ചതല്ലാത്ത വല്ല കര്‍മ്മവും ആരെങ്കിലും ചെയ്‌താല്‍ അത് തള്ളപ്പെടേണ്ടതാണ്” എന്നാണ് ഇവിടെ പറയുന്നത്. മതത്തിൽ പുതുതായി ഉണ്ടാക്കിയത് തള്ളപ്പെടേണ്ടതാണെന്ന് പറയുമ്പോൾ, അതൊക്കെ പണ്ടേ നമ്മുടെ പിതാക്കൻമാരുടെ കാലം മുതലേ ഉള്ളതാണെന്ന് പറയുന്നവർക്കുള്ള മറുപടി ഈ ഹദീസിലുണ്ട്.

നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് അല്ലാഹു കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത്. ഈ ഗ്രന്ഥത്തിനെ ഒന്നാമത്തെ ഹദീസ് അതാണ് സൂചിപ്പിക്കുന്നത്. ഒരാൾ നല്ല നിയ്യത്തോടെ അഥവാ അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് ചെയ്യുന്നതാണെങ്കിലും അത് നബി ﷺ പഠിപ്പിക്കാത്തതാണെങ്കിൽ അത് സ്വീകരിക്കപ്പെടുകയില്ല. ഈ ഹദീസ് അതാണ് പഠിപ്പിക്കുന്നത്.

(ആറ്)

عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: “إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ”.

അബൂ അബ്ദില്ലാഹ് നുഅ്മാനുബ്നു ബശീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ‎ﷺ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്; ഹറാം (നിഷിദ്ധമായത്) വ്യക്തമാണ്. എന്നാൽ, അവക്കിടയിൽ സാദൃശ്യം തോന്നുന്ന അവ്യക്തങ്ങളായ കാര്യങ്ങളുണ്ട്. അധികമാളുകൾക്കും അവയുടെ യാഥാർത്ഥ്യം അറിയുകയില്ല. അത്തരം അവ്യക്തതകളിലകപ്പെടാതെ സൂക്ഷിക്കുന്നവൻ തന്റെ മതത്തെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. അത്തരം അവ്യക്തതകളിൽ അകപ്പെടുന്നവൻ നിഷിദ്ധത്തിൽ വീഴുന്നു. അവൻ ഒരു ഇടയനെപ്പോലെയാണ്. (കൃഷിസ്ഥലത്തിന്റെ) ചുറ്റുമവൻ അതിരിന് മേയ്ക്കുന്നതിനാൽ അന്യന്റെ സ്ഥലത്ത് കടന്ന് മേയാനിടയാകുന്നു. എല്ലാ ഓരോ രാജാവിനും ഓരോ സംരക്ഷിത സ്ഥലമുണ്ട്. അറിയുക! അല്ലാഹുവിന്റെ സംരക്ഷിത മേഖല അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളെത്രെ. അറിയുക! ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവനും ചീത്തയായി. അതത്രെ ഹൃദയം! (ബുഖാരി:52)

ഹദീസ് നിവേദകനെ കുറിച്ച്

നുഅ്മാനുബ്നു ബശീർ رَضِيَ اللَّهُ عَنْهُ ആണ് ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. അബൂഅബ്ദില്ലാ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.

ഹദീസിൻ്റെ പ്രാധാന്യം

ഇസ്‌ലാമിന്റെ ആകെത്തുകയായ മൂന്ന് ഹദീസുകളിലൊന്നാണ് ഇതെന്ന് ഇമാം അഹ്മദ് رحمه الله  യെപോലുള്ള പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. കാരണം അത്ര മാത്രം പ്രാധാന്യമുള്ള വിഷയമാണ് ഈ ഹദീസ് ഉൾക്കൊള്ളുന്നത്.

വിശദീകരണം

ഇസ്ലാമിൽ അല്ലാഹുവും അവൻ്റെ റസൂൽ ﷺ യും അനുവദനീയമക്കിയവയും,  നിഷിദ്ധമാക്കിയവയും വ്യക്തമാണ്. ഉദാഹണം കാണുക:

وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ

അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)

കച്ചവടം അല്ലാഹു അനുവദനീയമാക്കിയതാണെന്നും പലിശ അല്ലാഹു നിഷിദ്ധമാക്കിയതാണെന്നും വ്യക്തമാണ്. അതിലാർക്കും യാതൊരു സംശയങ്ങൾക്കും പഴുതില്ല. ഇതേപോലെ ഇസ്ലാമിലെ ഭൂരിഭാഗം കാര്യങ്ങളും കൃത്യമായി, അത് ഹലാലണോ ഹറാമാണോ എന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ അല്ലാഹു അനുവദനീയമാക്കിയത് സ്വീകരിക്കുകയും അല്ലാഹു നിഷിദ്ധമാക്കിയത് ഉപേക്ഷിക്കുകയും വേണം.

എന്നാൽ, ഹലാൽ-ഹറാമുകൾക്കിയിൽ സാദൃശ്യം തോന്നുന്ന അവ്യക്തങ്ങളായ കാര്യങ്ങളുണ്ട്. അതായത് ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമല്ലാത്തത്. അതിനെക്കുറിച്ച് ) ജനങ്ങളില്‍ അധികമാളുകളും അജ്ഞരായിരിക്കും. അത്തരം കാര്യങ്ങൾ പ്രവർത്തിക്കാതെ വിട്ടുനിൽക്കലാണ് നല്ലത്.

عَنْ الْحَسَنِ بْنِ عَلِيٍّ قَالَ حَفِظْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏ : دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ ‏

ഹസൻ ബിൻ അലി رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട് : “സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തത് മാത്രം സ്വീകരിക്കുക. എന്തുകൊണ്ടെന്നാൽ സത്യം മനഃസമാധാനവും അസത്യം അസ്വസ്ഥതയും ആകുന്നു.” (തിർമിദി : 2518)

ഒരു കാര്യം ഹലാലാണോ ഹറാമാണോ എന്നതിൽ സംശയമുണ്ടെങ്കിൽ അവ്യക്തമായ അത്തരം കാര്യങ്ങൾ ഒരാൾ ഉപേക്ഷിച്ചാൽ നിഷിദ്ധകാര്യങ്ങളിൽ പതിക്കാതെ തൻ്റെ ദീനിനെ അയാൾക്ക് സുരക്ഷിതമാക്കാൻ കഴിയും. അതേ പോലെ, ഇത്തരം അവ്യക്തമായ കാര്യങ്ങൾ ചെയ്തതിൻ്റെ പേരിൽ ജനങ്ങൾ അവനെ ആക്ഷേപിക്കുകയും, അവൻ്റെ അഭിമാനത്തിന് പോറലേൽക്കുകയും ചെയ്യുന്നതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. എന്നാൽ ആരെങ്കിലും ഇത്തരം അവ്യക്തമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാതിരിക്കുകയാണെങ്കിൽ അവൻ നിഷിദ്ധത്തിലേക്ക് വീഴാൻ സ്വന്തത്തിനുള്ള വഴിയൊരുക്കിയിരിക്കുന്നു. അതല്ലെങ്കിൽ ജനങ്ങൾക്ക് അവനെ ആക്ഷേപിക്കാനും കുറ്റം പറയാനുമുള്ള മാർഗം സൃഷ്ടിച്ചിരിക്കുന്നു.

ദുൻയാവിന്റെ വിഷയത്തിൽ ആളുകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാറുണ്ട്. ഉദാഹരണത്തിന് കുടിക്കാനുള്ള പാനീയത്തിൽ വിഷയത്തിന്റെ അംശമുണ്ടെന്ന് സംശയമുണ്ട് ഉറപ്പൊന്നുമില്ല,  എന്നാൽപ്പോലും അതൊഴിവാക്കും. ഇന്ന വഴിയിലൂടെ പോയാൽ അപകട സാധ്യതയുണ്ട്, എന്നാൽ ഉറപ്പായും അപകടമുണ്ടാകണമെന്നില്ല. എന്നാൽപ്പോലും അതിലേയുള്ള യാത്ര ഒഴിവാക്കും. എന്നാൽ ദീനിന്റെ കാര്യത്തിലാകട്ടെ അവിടെ ഒരു അയഞ്ഞ നിലപാടാണ്. ഉദാഹരണത്തിന് യൂട്യൂബ് വരുമാനമെടുക്കാം. ഒരു ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ അത് ധാരാളം ആളുകൾ കണ്ടതുകൊണ്ടാണല്ലോ ചാനലിന്റെ ഉടമക്ക് യൂട്യൂബ്  പണം കൊടുക്കുന്നത്. ആ ഒരു ആംഗ്ളിൽനിന്ന് ചിന്തിക്കുമ്പോൾ യൂട്യൂബ് വരുമാനം അനുവദനീയമാണെന്ന് തോന്നിയേക്കാം.  എന്നാൽ യൂട്യൂബ് ചാനലിൽ പരസ്യം പ്രദർശിപ്പിക്കുക വഴിയാണ് ഒരു ചാനലിന് വരുമാനം ലഭിക്കുന്നത്. പരസ്യത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ നിഷിദ്ധം കടന്നുവരുന്നതുവഴി  യൂട്യൂബ് വരുമാനവും നിഷിദ്ധമാകുന്നു.  അതൊന്നും പരിഗണിക്കാതെ ഒരാൾ യൂട്യൂബ് വരുമാനം സ്വീകരിക്കുമ്പോൾ അയാൾ നിഷിദ്ധത്തിലകപ്പെടുന്നു.

അതെ, ഇത് വ്യക്തമായ പരീക്ഷണമാണ്. ഇത്തരം കാര്യങ്ങൾ നിശ്ചയിച്ചതിലൂടെ അല്ലാഹു അവന്റെ അടിമകളെ പരീക്ഷിക്കുന്നു. അവർ അതിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടോയെന്ന്.

هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ

(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:3/7)

ശേഷം, അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്ന വ്യക്തിക്ക് നബി  ﷺ  ഒരു ഉദാഹരണം പറഞ്ഞിരിക്കുന്നു. തൻ്റെ ആട്ടിൻപറ്റത്തെയോ ഒട്ടകക്കൂട്ടത്തെയോ മേയ്ക്കുന്ന ഒരു ഇടയനെ പോലെയാണവൻ. ഒരാൾ അതിരുകെട്ടി സംരക്ഷിച്ചിട്ടുള്ള പ്രദേശത്തിന് തൊട്ടടുത്തായാണ് അവൻ മേയ്ക്കുന്നത്. വളരെ അടുത്താണ് എന്നതിനാൽ അവൻ്റെ മൃഗങ്ങൾ ഈ സംരക്ഷിതമേഖലയിൽ പ്രവേശിച്ച് അവിടെ മേഞ്ഞു നടക്കാനുള്ള സാധ്യത വളരെയധികമുണ്ട്. ഇതു പോലെ തന്നെയാണ്, അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനും. അവൻ ഇതിലൂടെ വ്യക്തമായ ഹറാമിൻ്റെ അടുത്തേക്ക് എത്തിയിരിക്കുന്നു. ചിലപ്പോൾ അവൻ ഹറാമിൽ തന്നെ വീണുപോയേക്കാം. ഇനി ആ ഇടയൻ അന്യന്റെ അതിരിന് കുറച്ച് അകലത്തിലാണ് മൃഗങ്ങളെ മേയ്ക്കുന്നതെങ്കിൽ അന്യന്റെ കൃഷി സ്ഥലത്തേക്ക് മൃഗങ്ങൾ അതിക്രമിച്ചു കടക്കുകയില്ല. ഇതേപോലെ സംശയാസ്പദമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണെങ്കിൽ ഹറാമിൽ പതിക്കാതെ സുരക്ഷിതനാകാൻ കഴിയും.

ഹലാൽ-ഹറാമുകൾക്കിയിൽ സാദൃശ്യം തോന്നുന്ന കാര്യങ്ങളിൽ ധാരാളം പേർക്ക് അത് അവ്യക്തമാണെങ്കിലും ചിലർക്ക് അത് വ്യക്തമായി മനസ്സിലായേക്കാവുന്നതാണ്. ഒരാൾക്ക് പ്രമാണങ്ങളുടെ തെളിവിന്റെ അടിസ്ഥാനത്തിൽ അതിന്റെ വ്യക്തത ബോധ്യപ്പെടുന്നുവെങ്കിൽ അയാൾക്ക് അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. അതിന് ഈ ഹദീസ് എതിരല്ല.

തിന്മയിലേക്ക് നയിക്കുന്ന വഴികൾ അടച്ചിടണമെന്നും ഈ ഹദീസിൽ തെളിവുണ്ട്. വ്യഭിചാരത്തോട് അടുക്കുന്ന കാര്യങ്ങളെ വിലക്കി, അല്ലാഹു പറയുന്നത് കാണുക:

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :17/32)

എല്ലാ ഓരോ രാജാവിനും ഓരോ സംരക്ഷിത സ്ഥലമുണ്ടെന്നും അല്ലാഹുവിന്റെ സംരക്ഷിത മേഖല അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണെന്നും തുടർന്ന് ഓർമ്മിപ്പിക്കുന്നു. മറ്റൊരു ഹദീസില്‍ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം: നിശ്ചയം, അല്ലാഹു നിര്‍ബന്ധകര്‍മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്; അവ നിങ്ങള്‍ പാഴാക്കരുത്. അവന്‍ അതിരുകള്‍ നിശ്ചയിട്ടുണ്ട്; അവ നിങ്ങള്‍ അതിക്രമിക്കരുത്. ചില വസ്തുക്കളെ അവന്‍ പവിത്രമാക്കി; അവ നിങ്ങള്‍ കളങ്കപ്പെടുത്തരുത്. നിങ്ങളോടുള്ള കാരുണ്യത്താല്‍ ചില വസ്തുക്കളെ കുറിച്ച് മറവി ബാധിക്കാതെ അവന്‍ മൗനംദീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അവയെ നിങ്ങള്‍ ചികഞ്ഞന്വേഷിക്കരുത്. (ബൈഹക്വി)

تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍ :2/229)

ശേഷം, ശരീരത്തിൽ ഹൃദയമെന്ന ഒരു മാംസക്കഷ്ണമുണ്ടെന്നും, അത് നന്നാകുമ്പോൾ ശരീരം നന്നാകുമെന്നും, അത് തകർന്നാൽ മറ്റെല്ലാം തകരുമെന്നും നബി  ﷺ  അറിയിക്കുന്നു. ഹൃദയത്തിനുള്ള സ്ഥാനവും, അത് നന്നാക്കാനുള്ള പ്രോത്സാഹനവും ഈ ഹദീസിലുണ്ട്. ശരീരത്തിൻ്റെ നേതാവ് ഹൃദയമാണ്. മനുഷ്യനെ നിയന്ത്രിച്ചു നിര്‍ത്തുന്നത് അവന്റെ ഹൃദയമാണ്.  അത് നന്നായാൽ ശരീരവും നന്നാകും. അത് കേടായാൽ അത് പോലെ തന്നെ ശരീരവും കേടുവരും. ഹലാൽ സ്വീകരിക്കാനും ഹറാം ഉപേക്ഷിക്കാനും സംശയാസ്പദമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ഹൃദയം നന്നാക്കിയവർക്ക് മാത്രമേ കഴിയുകയുള്ളൂന്ന് വ്യക്തം.

(ഏഴ്)

عَنْ أَبِي رُقَيَّةَ تَمِيمِ بْنِ أَوْسٍ الدَّارِيِّ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: “الدِّينُ النَّصِيحَةُ.” قُلْنَا: لِمَنْ؟ قَالَ: “لِلَّهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ.”

അബൂറുഖയ്യ, തമീമ് ബ്നു ഔസുദ്ദാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ദീൻ എന്നാൽ നസ്വീഹത്താണ് (ഗുണകാംക്ഷയാണ്)”. ഞങ്ങൾ ചോദിച്ചു: ആരോട്? അവിടുന്ന് പറഞ്ഞു: “അല്ലാഹുവോടും, അവന്റെ ഗ്രന്ഥത്തോടും, അവന്റെ ദൂതനോടും, മുസ്ലിംകളുടെ നേതാക്കളോടും, സാധാരണക്കാരോടും. (മുസ്‌ലിം:55)

ഹദീസ് നിവേദകനെ കുറിച്ച്

തമീമ് ബ്നു ഔസ് അദ്ദാരി رَضِيَ اللَّهُ عَنْهُ ആണ് ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. അബൂറുഖയ്യ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.

ഹദീസിൻ്റെ പ്രാധാന്യം

“ഇസ്‌ലാമിന്റെ അച്ചുതണ്ട്” എന്ന് പണ്ഡിതന്മാര്‍ വിശേഷിപ്പിച്ച ഹദീസാണിത്. ഗുണകാംക്ഷയെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ പൊതു നിര്‍ദേശം ഈ ഹദീസ് ഉൾക്കൊള്ളുന്നു.

വിശദീകരണം

‘ദീൻ എന്നാൽ നസ്വീഹത്താണ്’ എന്നാണ് നബി ‎ﷺ പറഞ്ഞിട്ടുള്ളത്. ചില റിപ്പോർട്ടുകളിൽ നബി ‎ﷺ ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറഞ്ഞതായി കാണാം. ഇത് അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

‏ إِنَّ الدِّينَ النَّصِيحَةُ إِنَّ الدِّينَ النَّصِيحَةُ إِنَّ الدِّينَ النَّصِيحَةُ

തീർച്ചയായും ദീൻ എന്നാൽ നസ്വീഹത്താണ്, തീർച്ചയായും ദീൻ എന്നാൽ നസ്വീഹത്താണ്, തീർച്ചയായും ദീൻ എന്നാൽ നസ്വീഹത്താണ്. (അബൂദാവൂദ്:4944)

ദീൻ കൊണ്ടുളള വിവക്ഷ ഇസ്ലാമാണ്. النَّصِيحَةُ (നസ്വീഹത്ത്) എന്നാൽ ആത്മാർത്ഥത, ഗുണകാംക്ഷ എന്നൊക്കെയാണ് അർത്ഥം.

‘അന്നസ്വീഹത്’ അഥവാ ‘ഗുണകാംക്ഷ’ എന്നത് മതത്തിന്റെ തൂണും അതിന്റെ കാതലുമാണ്. ഉദ്ദേശ ശുദ്ധിയും പ്രവൃത്തിയും നന്നാക്കി ഇഹപര വിജയം ലക്ഷ്യമിട്ട് നേരാംവിധം ഓരോ വ്യക്തിയോടും ഇടപഴകുക എന്നതാണ് ഇതിന്റെ വിവക്ഷ. ഇസ്‌ലാമില്‍ നസ്വീഹത്തിന് മഹത്തായ സ്ഥാനവും വിശാലമായ വിവക്ഷയുമുണ്ട്. പരിശുദ്ധമായ ഈ ദീൻ – ഇസ്ലാം – പൂർണ്ണമായും ഗുണകാംക്ഷയും അതിൻ്റെ പ്രാവർത്തികരൂപവുമാണ് പഠിപ്പിക്കുന്നത്.

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം അല്‍ഖത്വാബി رحمه الله പറഞ്ഞു: ‘അല്ലാഹുവോടുള്ള നസ്വീഹത്ത് എന്നാല്‍ അവന്റെ ഏകത്വത്തിലുള്ള ശരിയായ വിശ്വാസവും ആരാധനയില്‍ നിയ്യത്തിലെ (ഉദ്ദേശ്യത്തിലെ) നിഷ്‌കളങ്കതയുമാകുന്നു. അല്ലാഹുവിന്റെ കിതാബിനോടുള്ള നസ്വീഹത്ത് എന്നാല്‍ അതിലുള്ള വിശ്വാസവും അതിലുള്ളതനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവിന്റെ റസൂലിനോടുള്ള നസ്വീഹത്ത് എന്നാല്‍ പ്രവാചകത്വത്തെ സത്യപ്പെടുത്തലും കല്‍പിച്ചതിലും വിരോധിച്ചതിലും തിരുദൂതരോടുള്ള വിധേയത്വം വിനിയോഗിക്കലുമാണ്. വിശ്വാസികളുടെ നേതാക്കളോടുള്ള നസ്വീഹത്തെന്നാല്‍ സത്യത്തിന്റെ വിഷയത്തില്‍ അവരെ അനുസരിക്കലും അവര്‍ അന്യായം ചെയ്താലും വാളെടുത്ത് അവര്‍ക്കെതിരില്‍ പുറപ്പെടാതിരിക്കലുമാണ്. മുസ്‌ലിം പൊതുജനത്തോടുള്ള നസ്വീഹത്ത് എന്നാല്‍ അവര്‍ക്കു ഗുണപ്രദമായ കാര്യങ്ങളില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കലാണ്.’

ഇമാം നവവി رحمه الله പറയുന്നു: അല്ലാഹുവിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അല്ലാഹുവില്‍ വിശ്വസിച്ച്, ശിര്‍ക്കിനെ വെടിഞ്ഞ്, അവന്റെ വിശേഷണങ്ങളെ ദുര്‍വ്യാഖ്യാനിക്കാതെ, സകല ന്യൂനതകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തലും അവനെ അനുസരിച്ചും ധിക്കരിക്കുന്നതിനെ തടഞ്ഞും അവന്റെ മാര്‍ഗത്തെ പിന്‍പറ്റുന്നവരെ ഇഷ്ടപ്പെട്ടും എതിര്‍ക്കുന്നവരെ വെറുത്തും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ചും കഴിയുക എന്നതാണ്.

ക്വുര്‍ആനിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അത് അല്ലാഹുവിന്റെ സംസാരവും അവനില്‍ നിന്ന് ഇറങ്ങിയതും സൃഷ്ടികളില്‍ ആര്‍ക്കും അത് പോലുള്ള ഒന്ന് കൊണ്ടുവരിക സാധ്യമല്ലെന്ന് വിശ്വസിക്കലുമാണ്. ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അതിന്റെ പാരായണത്തെ നന്നാക്കി, ഭയഭക്തിയോടെ പഠിച്ചും പഠിപ്പിച്ചും അതില്‍ പറഞ്ഞ മതവിധികള്‍ക്ക് കീഴ്‌പ്പെട്ടും അതിനെ ദുര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും തടഞ്ഞ് അതിലുള്ളതിനെ പരിപൂര്‍ണമായും സത്യപ്പെടുത്തി നിലകൊള്ളുക എന്നതാണ്.

പ്രവാചകനോടുള്ള ഗുണകാംക്ഷ എന്നാല്‍ പ്രവാചക സന്ദേശത്തെ സത്യപ്പെടുത്തലും അതിന് ആദരവും ബഹുമാനവും സഹായവും നല്‍കി അവിടുന്ന് കല്‍പിച്ചതിലും വിരോധിച്ചതിലും വിശ്വാസവും അനുസരണവും കാണിച്ച്, നബിചര്യയെ ജീവിപ്പിച്ചും വ്യാപിപ്പിച്ചും അതിന് നേരെയുള്ള ആക്ഷേപങ്ങളെ ഖണ്ഡിച്ചും അതിനെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മര്യാദ കാണിച്ചും അതിന്റെ അനുയായികളെ സ്‌നേഹിച്ചും പുത്തനാചാരക്കാരില്‍ നിന്ന് അകന്നും ജീവിക്കുക എന്നതാണ്.

മുസ്‌ലിം നേതാക്കളോടുള്ള ഗുണകാംക്ഷ എന്നാല്‍ ‘സത്യ’ത്തിനായി അവരെ സഹായിക്കലും അനുസരിക്കലും അത് കൊണ്ട് കല്‍പിക്കലുമാണ്. ബാധ്യതാ നിര്‍വഹണത്തില്‍ അവര്‍ അശ്രദ്ധരായാല്‍ അവരെ ഉണര്‍ത്തുന്നേടത്ത് അനുകമ്പയും മൃദുലതയും കൈക്കൊണ്ട്, അവര്‍ക്കെതിരെ തിരിയാതെ അവരെ അനുസരിക്കുന്നതിലേക്ക് ജനമനസ്സുകളെ ഇണക്കലുമാണ്.

പൊതുജനത്തോടുള്ള ഗുണകാംക്ഷ എന്നാല്‍ ഇരുലോകത്തും നന്മയാകുന്ന കാര്യങ്ങളിലേക്ക് അവരെ വഴിനടത്തുക, പ്രയാസങ്ങള്‍ നീക്കുക, മത വിഷയങ്ങളില്‍ അറിയാത്തത് പഠിപ്പിക്കുക, ന്യൂനതകള്‍ മറച്ചുവെക്കുക, ആത്മാര്‍ഥതയോടും സൗഹൃദത്തോടെയും നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, അസൂയയും ചതിയും വെടിഞ്ഞ് അവരിലെ വലിയവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക, അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാതെ സ്വന്തത്തിന് ഇഷ്ടപ്പെടുന്ന നന്മ അവര്‍ക്കും ആഗ്രഹിച്ച് പെരുമാറുക എന്നതാണ്. (ശര്‍ഹു മുസ്‌ലിം, ഇമാം നവവി, വാള്യം1, പേജ് 249,250)

(എട്ട്)

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّ رَسُولَ اللَّهِ صلى الله عليه و سلم قَالَ: : أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ؛ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللَّهِ تَعَالَى

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി ‎ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുകയും, നമസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെയവരത് ചെയ്താൽ അവരുടെ ധനവും, രക്തവും എന്നിൽ നിന്ന് സുരക്ഷിതമായി, അവ ഇസ്‌ലാം അനുവദിച്ച മാർഗ്ഗത്തിലല്ലാതെ അതനുവദനീയമാകുകയില്ല, അവരുടെ വിധി നടപ്പിലാക്കുന്നത് അല്ലാഹുവാകുന്നു. (ബുഖാരി:25)

ഹദീസ് നിവേദകനെ കുറിച്ച്

സുന്നത്തിനെ നിലനിർത്തുന്നവൻ (قوام السنة) എന്ന പേരിലറിയപ്പെട്ട ഇബ്നു ഉമർ (റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. നബി ﷺ യുടെ  ഓരോ കാലടിയും അദ്ദേഹം അനുകരിക്കാൻ ശ്രമിക്കുമായിരുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

വിശദീകരണം

ജനങ്ങൾ ഇസ്ലാം സ്വീകരിക്കുന്നതുവരെ അവരോട് യുദ്ധം ചെയ്യണമെന്ന് ഈ ഹദീസിന്റെ താല്പര്യമല്ല. കാരണം മത്തിന്റെ കാര്യത്തിൽ നിർബന്ധമോ ബലാൽക്കാരമോ ഇല്ലെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.

لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. (കാരണം) സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:2/256)

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.  (ഖുർആൻ:18/29)

യുദ്ധം പല കാരണങ്ങളാലുമുണ്ടാകാം. എന്നാൽ ഇസ്ലാമിൽ പ്രവേശിച്ചയാളോട് യുദ്ധം പാടില്ലെന്നതാണ് ഈ ഹദീസിന്റെ താല്പര്യം. ഒരു യുദ്ധ സന്ദർഭത്തിൽ ഉസാമാ رضي الله عنه ഒരാളെ കീഴടക്കിയ നിമിഷം അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞുവെങ്കിലും ഉസാമാ رضي الله عنه അദ്ദേഹത്തെ കൊലപ്പെടുത്തി. അതിനെ കുറിച്ച് ഉസാമയോട് നബി ﷺ ചോദിച്ചു:

“‏ يَا أُسَامَةُ أَقَتَلْتَهُ بَعْدَ مَا قَالَ لاَ إِلَهَ إِلاَّ اللَّهُ ‏”‏ ‏.‏ قَالَ قُلْتُ يَا رَسُولَ اللَّهِ إِنَّمَا كَانَ مُتَعَوِّذًا ‏.‏ قَالَ فَقَالَ ‏”‏ أَقَتَلْتَهُ بَعْدَ مَا قَالَ لاَ إِلَهَ إِلاَّ اللَّهُ ‏”‏ ‏.‏ قَالَ فَمَازَالَ يُكَرِّرُهَا عَلَىَّ حَتَّى تَمَنَّيْتُ أَنِّي لَمْ أَكُنْ أَسْلَمْتُ قَبْلَ ذَلِكَ الْيَوْمِ ‏.‏

ഉസാമാ رضي الله عنه  ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞയാളെ നിങ്ങൾ കൊന്നുവോ? ഉസാമാ رضي الله عنه  പറഞ്ഞു:   അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം അത് ഒരു അഭയസ്ഥാനം എന്ന നിലയിലാണ് ചെയ്തത്. നബി ﷺ ചോദിച്ചു: ‘ലാ ഇലാഹ ഇല്ലല്ലാഹ്’എന്ന് പറഞ്ഞയാളെ നിങ്ങൾ കൊന്നുവോ? ഉസാമാ رضي الله عنه  പറഞ്ഞു:  ആ ദിവസത്തിന് മുമ്പ് ഞാൻ ഇസ്‌ലാം ആശ്ലേഷിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നത് വരെ നബി ﷺ എന്നോട് ഇത് ആവർത്തിച്ചുകൊണ്ടിരുന്നു. (മുസ്ലിം:96)

എന്നാൽ അവിടെ മൂന്ന് കാര്യങ്ങൾ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നമസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന കാലത്തോളമാണ് യുദ്ധം വിലക്കപ്പെട്ടത്.

നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ

ജാബിർ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)

عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: ‏ الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ‏”‏ ‏.‏

ബുറൈദ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)

മുശ്രിക്കുകളും മുസ്ലിംകളും തമ്മില്‍ സാഹോദര്യം സ്ഥാപിതമാകണമെങ്കില്‍ മൂന്ന് നിബന്ധനകളായി അല്ലാഹു പറയുന്നു:

فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ

എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു…. (ഖു൪ആന്‍:9/11)

നബി ﷺ യുടെ വിയോഗാനന്തരം ചില അറബിഗോത്രങ്ങൾ സകാത്ത് കൊടുപ്പാൻ വിസമ്മതിച്ചപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ അവരോടു പരസ്യമായി യുദ്ധം നടത്തിയത് പ്രസിദ്ധമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ لَمَّا تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَاسْتُخْلِفَ أَبُو بَكْرٍ بَعْدَهُ وَكَفَرَ مَنْ كَفَرَ مِنَ الْعَرَبِ قَالَ عُمَرُ بْنُ الْخَطَّابِ لأَبِي بَكْرٍ كَيْفَ تُقَاتِلُ النَّاسَ وَقَدْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ فَمَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ فَقَدْ عَصَمَ مِنِّي مَالَهُ وَنَفْسَهُ إِلاَّ بِحَقِّهِ وَحِسَابُهُ عَلَى اللَّهِ ‏”‏ ‏.‏ فَقَالَ أَبُو بَكْرٍ وَاللَّهِ لأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلاَةِ وَالزَّكَاةِ فَإِنَّ الزَّكَاةَ حَقُّ الْمَالِ وَاللَّهِ لَوْ مَنَعُونِي عِقَالاً كَانُوا يُؤَدُّونَهُ إِلَى رَسُولِ اللَّهِ صلى الله عليه وسلم لَقَاتَلْتُهُمْ عَلَى مَنْعِهِ ‏.‏ فَقَالَ عُمَرُ بْنُ الْخَطَّابِ فَوَاللَّهِ مَا هُوَ إِلاَّ أَنْ رَأَيْتُ اللَّهَ عَزَّ وَجَلَّ قَدْ شَرَحَ صَدْرَ أَبِي بَكْرٍ لِلْقِتَالِ فَعَرَفْتُ أَنَّهُ الْحَقُّ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ യുടെ മരണാനന്തരം അബൂബക്കർ رضي الله عنه ഖലീഫയായി. സത്യനിഷേധികളായി മാറിയ അറബികളോട് യുദ്ധം ചെയ്യാൻ അബൂബക്കർ رضي الله عنه തീരുമാനിച്ചപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്ന് പ്രഖ്യാപിക്കും വരെ ജനങ്ങളോട് യുദ്ധം ചെയ്യാനേ എന്നോട് കൽപ്പിച്ചിട്ടുള്ളൂ. അങ്ങിനെ വല്ലവനും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവൻ എന്നിൽനിന്നു മറ്റു ബാധ്യതകളുടെ പേരിലല്ലാതെ തന്റെ ധനത്തെയും ജീവനെയും സംരക്ഷിച്ചു കഴിഞ്ഞു. പിന്നീടവന്റെ വിചാരണ അല്ലാഹുവിങ്കലാണ് എന്ന് നബി ﷺ പ്രഖ്യാപിച്ചിരിക്കെ താങ്കൾ എങ്ങിനെയാണ്ജനങ്ങളോട് യുദ്ധംചെയ്യാൻ തീരുമാനിച്ചത്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവാണേ നമസ്‌കാരത്തിന്റെയും സക്കാത്തിന്റെയും ഇടയിൽ വ്യത്യാസം കൽപ്പിച്ചവനുമായി ഞാൻ യുദ്ധം ചെയ്യും. സക്കാത്ത് ധനത്തിന്റെ ബാധ്യതയാണ്. അല്ലാഹുവാണേ നബി ﷺ ക്ക് കൊടുക്കാറുള്ള ഒരു ഒട്ടകത്തിന്റെ കയർ തരാൻ വിസമ്മതിച്ചാൽ അതിന്റെ പേരിൽ ഞാനവരോട് സമരം ചെയ്യും. ഉമർ رضي الله عنه പറയുന്നു അല്ലാഹുവാണേ, യുദ്ധം ചെയ്യുന്നതിലേക്ക് അബൂബക്കർ رضي الله عنه വിന്റെ ഹൃദയത്തെ അല്ലാഹു തുറന്നുവിട്ടതാണെന്നും ആ നടപടി തികച്ചും ശരിയാണെന്നും എനിക്കപ്പോള്‍ ബോധ്യമായി. (മുസ്ലിം: 20)

നമസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവോടും ഇസ്‌ലാം അനുവദിച്ച മാർഗ്ഗത്തിലുള്ള രക്തം ചീന്തൽ അനുവദനീയമാണെന്നും സൂചിപ്പിച്ചിരിക്കുന്നു. അതായത് കൊലക്ക് പകരം ഇസ്ലാമിക ഭരണകൂടം നൽകുന്ന വധശിക്ഷ, വിവാഹിതനായ വ്യഭിചാരിണിക്ക് ഇസ്ലാമിക ഭരണകൂടം നൽകുന്ന എറിഞ്ഞു കൊല്ലൽ ശിക്ഷ തുടങ്ങിയവ ഉദാഹരണം.

ദുൻയാവിൽ ചിലപ്പോൾ കപടവിശ്വാസികൾ ശിക്ഷയിൽ നിന്ന് രക്ഷപെട്ടേക്കാം. എന്നാൽ ആഖിറത്തിൽ എല്ലാവരെയും വിചാരണ ചെയ്ത് നടപടി സ്വീകരിക്കുന്നതാണെന്നും ഹദീസിന്റെ അവസാന ഭാഗത്ത് ഓർമ്മിപ്പിച്ചിരിക്കുന്നു.

മറ്റ് ഹദീസുകളെ കുറിച്ചുള്ള വിവരം അല്ലാഹു തൌഫീഖ് നല്‍കുകയാണെങ്കില്‍ പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.

(ഒമ്പത്)

عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ اللهُ عَنْهُ قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ

അബൂഹുറൈറ അബ്ദുറഹ്മാനുബ്നു സഖ്ർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ‎ﷺ പറയുന്നതായി ഞാൻ കേട്ടു: ഞാൻ ഏതൊരു കാര്യത്തെ തൊട്ട് നിങ്ങളെ വിലക്കിയോ അതിൽ നിന്ന് വിട്ട് നിൽക്കുക, ഏതൊരു കാര്യം നിങ്ങളോട് ഞാൻ കൽപിച്ചുവോ അത് കഴിവിന്റെ പരമാവധി നിങ്ങൾ കൊണ്ടുവരിക, നിങ്ങളുടെ പൂർവ്വിക സമൂഹം നശിക്കുവാൻ കാരണമായത് അനാവശ്യമായ ചോദ്യങ്ങളും, അവരുടെ പ്രവാചകന്മാരോടുള്ള വിയോജിപ്പുമാകുന്നു. (ബുഖാരി – മുസ്‌ലിം)

ഹദീസ് നിവേദകനെ കുറിച്ച്

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ ആണ് ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നറിയപ്പെടുന്ന മഹാനായ സ്വഹാബിയുടെ യഥാർത്ഥനാമം അബ്ദുറഹ്‌മാൻ ബ്നു സ്വഖ്ർ അദ്ദൗസി എന്നാണ്. ഇസ്ലാം സ്വീകരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ പേര് അബ്ദു ശ്ശംസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ കൂടെ എപ്പോഴും ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ അബൂഹിർറ് (പൂച്ചക്കുഞ്ഞിന്റെ പിതാവ്) എന്ന് നബി ﷺ വിളിച്ചു. അങ്ങനെ “അബൂഹുറൈറ” ആയി അദ്ദേഹം അറിയപ്പെട്ടു.

നബി ﷺ യെ എപ്പോഴും നിഴൽ പോലെ പിൻതുടർന്നവരിൽപ്പെട്ട ഒരു സ്വഹാബിയാണ് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ. നബി ﷺ യോടൊപ്പം ഏകദേശം നാല് വർഷവും മൂന്ന് മാസവും കഴിച്ചുകൂട്ടാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇസ്‌ലാമിൽ ഏറ്റവും കൂടുതൽ ഹദീഥുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബിയായിട്ടാണ് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ കണക്കാക്കുന്നത്. നബി ﷺ യിൽ നിന്ന് അദ്ദേഹം 5374 ഹദീഥുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിശദീകരണം

നബി ‎ﷺ  വിലക്കിയ കാര്യങ്ങളിൽ നിന്ന് പരിപൂർണ്ണമായി വിട്ട് നിൽക്കൽ സത്യവിശ്വാസികൾക്ക് നിർബന്ധമാണ്.

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟

നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക.. (ഖു൪ആന്‍:59/7)

നബി ‎ﷺ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കും പോലെ തന്നെയാണ്.

 وَإِنَّ مَا حَرَّمَ رَسُولُ الله كَمَا حَرَّمَ اللَّهُ

നബിﷺ പറഞ്ഞു: തീര്‍ച്ചയായും പ്രവാചകന്‍ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കും പോലെ തന്നെയാണ്.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

രണ്ടാമതായി, നബി ‎ﷺ  വിലക്കിയ കാര്യങ്ങളിൽ നിന്ന് കഴിവിന്റെ പരമാവധി ചെയ്യണം. നന്‍മ-തിന്‍മകളുടെ വിഷയത്തില്‍ ഒരു സത്യവിശ്വാസിയുടെ നിലപാടായിരിക്കണം ഇത്.  എല്ലാ നന്‍മയും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ നന്‍മകളില്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَٰلَكُمْ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക. (ഖു൪ആന്‍:47/33)

മൂന്നാമതായി, പൂർവ്വിക സമൂഹം നശിക്കുവാൻ കാരണമായത് അനാവശ്യമായ ചോദ്യങ്ങളായിരുന്നുവെന്ന് നബി ‎ﷺ അറിയിക്കുന്നു. മുമ്പുള്ള സമുദായക്കാര്‍-വേദക്കാര്‍-അത്തരം അനാവശ്യ ചോദ്യങ്ങള്‍ പലതും ചോദിക്കയുണ്ടായിട്ടുണ്ട്. എന്നിട്ട് ആ ചോദ്യങ്ങള്‍ക്ക്കിട്ടിയ മറുപടിക്കനുസരിച്ച് നിറവേറ്റേിയിരുന്ന ബാധ്യതകള്‍ അവര്‍ നിറവേറ്റുകയുണ്ടായില്ല. അവയെ ലംഘിക്കുകയും നിഷേധിക്കുകയുമാണവര്‍ ചെയ്തത്. ഇസ്‌റാഈല്യര്‍ മൂസാ നബി  عليه السلام  യോട്  അനാവശ്യചോദ്യങ്ങള്‍ നടത്തിക്കൊണ്ടിരുന്നതും, അവസാനം, അവര്‍ക്ക് ലഭിച്ച വിശദീകരണങ്ങള്‍ അവര്‍ക്കു തന്നെ ദോഷകരമായി കലാശിച്ചതും, അവരുടെ അനുസരണക്കേടിനും നിഷേധത്തിനും അത് വഴിവെക്കുകയുണ്ടായതുമാണ്. (സൂറത്തുല്‍ ബക്വറഃ 67 – 71 കാണുക)

عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا ‏”‏ ‏.‏ فَقَالَ رَجُلٌ أَكُلَّ عَامٍ يَا رَسُولَ اللَّهِ فَسَكَتَ حَتَّى قَالَهَا ثَلاَثًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لَوْ قُلْتُ نَعَمْ لَوَجَبَتْ وَلَمَا اسْتَطَعْتُمْ – ثُمَّ قَالَ – ذَرُونِي مَا تَرَكْتُكُمْ فَإِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِكَثْرَةِ سُؤَالِهِمْ وَاخْتِلاَفِهِمْ عَلَى أَنْبِيَائِهِمْ فَإِذَا أَمَرْتُكُمْ بِشَىْءٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ وَإِذَا نَهَيْتُكُمْ عَنْ شَىْءٍ فَدَعُوهُ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ  പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ  ﷺ  ഞങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ ഹജ്ജ് ചെയ്യുക. അപ്പോൾ ഒരാൾ ചോദിച്ചു  :അല്ലാഹുവിന്റെ റസൂലേ, എല്ലാ കൊല്ലവും (നിര്‍ബന്ധമാണോ?’) . നബി ‎ﷺ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യകര്‍ത്താവ് ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നബി ‎ﷺ അപ്പോഴൊക്കെ മിണ്ടാതിരിക്കുകയാണ് ചെയ്തത്. മൂന്നാമത്തെ പ്രാവശ്യത്തില്‍ നബി ‎ﷺ പറഞ്ഞു: ‘അതെ’ എന്നു ഞാന്‍ പറഞ്ഞാല്‍ അത് നിര്‍ബന്ധമാകുക തന്നെ ചെയ്യും. നിര്‍ബന്ധമായാല്‍ നിങ്ങള്‍ക്കതിന് സാധ്യമാകാതെയും വരും. ഞാന്‍ നിങ്ങളെ ഒഴിവാക്കി വിടുമ്പോള്‍ നിങ്ങള്‍ എന്നെ (ചോദ്യം ചെയ്യാതെ) വിട്ടേക്കണം. നിങ്ങളുടെ മുമ്പുള്ളവര്‍ നാശമടഞ്ഞത് അവരുടെ ചോദ്യത്തിന്റെ ആധിക്യവും, അവരുടെ നബിമാരോട് അവര്‍ വിയോജിപ്പ് കാണിച്ചതും നിമിത്തം തന്നെയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍, അതില്‍ നിന്നും കഴിയുന്നത്ര നിങ്ങള്‍ചെയ്തുകൊള്ളുക. ഞാന്‍ നിങ്ങളോട് വല്ലതും വിരോധിച്ചാല്‍ അത് നിങ്ങള്‍ (പാടെ) വിട്ടേക്കുകയും ചെയ്തു കൊള്ളുക.(മുസ്ലിം:1337)

അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെ വിരോധിച്ച് അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ

സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്‌) അല്ലാഹു (നിങ്ങള്‍ക്ക്‌) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:5/101)

ഒരു കാര്യം ഇന്നിന്ന പ്രകാരമായിരിക്കണമെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ ഹിതവും സൗകര്യവും അനുസരിച്ച് അത് കൈകാര്യംചെയ്‌വാന്‍ വിഷമമുണ്ടായിരിക്കയില്ല. വിശദാംശങ്ങളെപ്പറ്റി ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദീകരണം അത് ഇന്നിന്ന പ്രകാരമായിരിക്കണമെന്നുള്ള ഒരു സുനിശ്ചിതത്വം ഉളവാക്കുന്നു. അതോടെ അതില്‍ മുമ്പുണ്ടായിരുന്ന വിശാലതയും സൗകര്യവും നീങ്ങിപ്പോകുകയും, അതില്‍ കൃത്യതയും കണിശതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിന് ഇടവരുത്താതിരിക്കുകയാണ് നല്ലത് എന്നത്രെ ഈ നിരോധത്തിലടങ്ങിയ തത്വം.

‏ أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ

മുമ്പ് മൂസായോട് ചോദിക്കപ്പെട്ടത് പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:2/108)

പൂർവ്വിക സമൂഹം നശിക്കുവാൻ കാരണമായത് പ്രവാചകന്മാരോടുള്ള അവരുടെ വിയോജിപ്പുു കാരണമാണെന്നും നബി ‎ﷺ ചേർത്ത് പറഞ്ഞിരിക്കുന്നു.

(പത്ത്)

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم “إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ تَعَالَى: “يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا”، وَقَالَ تَعَالَى: “يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ” ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لَهُ؟”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം. പ്രവാചകൻ ‎ﷺ പറഞ്ഞു: “അല്ലാഹു നല്ലവനാകുന്നു. നല്ലതല്ലാതെ അവൻ സ്വീകരിക്കുകയില്ല, അല്ലാഹു മുർസലീങ്ങളോട് കല്പിച്ച അതേ കാര്യം വിശ്വാസികളോടും കല്പിച്ചു. അല്ലാഹു പറയുന്നു: “അല്ലയോ ദൂതന്മാരെ, നിങ്ങൾ നല്ലത് ഭക്ഷിക്കുക, നന്മകൾ പ്രവർത്തിക്കുകയും ചെയ്യുക”. അല്ലാഹു പറയുന്നു: “അല്ലയോ സത്യവിശ്വാസികളെ, നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നല്ലത് ഭക്ഷിക്കുക”. തുടർന്ന് (പ്രവാചകൻ) ഒരാളെ സംബന്ധിച്ച് പറയുകയുണ്ടായി. അദ്ധേഹം ദീർഘയാത്ര ചെയ്തിട്ടുണ്ട്, മുടികൾ ജടപിടിച്ചിട്ടുണ്ട്, പൊടി പുരണ്ടിട്ടുണ്ട്, അവന്റെ കൈകൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കുന്നു, എന്റെ റബ്ബേ, എന്റെ റബ്ബേ, എന്നാൽ അവന്റെ ഭക്ഷണം നിഷിദ്ധമായതാകുന്നു. അവന്റെ വസ്ത്രം നിഷിദ്ധമായതാണ്, അവന്റെ പാനീയവും നിഷിദ്ധം അവൻ നിഷിദ്ധത്തിൽ മുങ്ങികുളിച്ചിരിക്കുന്നു, എങ്ങിനെയാണവന്ന് ഉത്തരം ലഭിക്കുക!”(മുസ്‌ലിം:1015)

ഹദീസ് നിവേദകനെ കുറിച്ച്

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ ആണ് ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്.

വിശദീകരണം

പ്രവചാകൻമാരോടുള്ള അല്ലാഹുവിന്റെ കല്പന കാണുക:

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51)

പ്രവചാകൻമാരോട് കല്പിച്ച അതേ കാര്യം സത്യവിശ്വാസികളോടും അല്ലാഹു കല്പിച്ചു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

യാത്രക്കാരന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണെന്ന് നബി ﷺ പഠിപ്പിച്ചതാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْوَالِدِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْمَظْلُومِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. അതിൽ സംശയം വേണ്ടതില്ല. (സന്താനങ്ങൾക്ക് വേണ്ടിയുള്ള) പിതാവിന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന. (അബൂദാവൂദ് : 1536 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

എന്നാൽ ഒരു യാത്രക്കാരന്റെ ഉദാഹരണം കാണിച്ചിട്ട് ഒരു വലിയ തത്വം നബി ﷺ പഠിപ്പിക്കുന്നു. ഇസ്ലാം എല്ലാവരുടെ മേലും ഹലാലായ സമ്പാദ്യം നി൪ബന്ധമാക്കുകയും ഹറാമായ മാ൪ഗത്തിലുള്ള സമ്പാദ്യം നിഷിദ്ധമാക്കുകയും ചെയ്തു. പ്രവാചകൻമാരോടും സത്യവിശ്വാസികളോടും ഇക്കാര്യം കല്പ്പിച്ചു. ഒരു യാത്രക്കാരനായിട്ടുകൂടി അയാളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണം അയാളുടെ സമ്പാദ്യം ഹറാമായ മാർഗത്തിലൂടെയാണെന്നതാണ്.

 

 

 

kanzululoom.com

 

 

6 Responses

  1. ഏത് വിശദീകരണത്തിന്റെ പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന് പറയാമോ…….
    ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല blank പേജുകളാണ് വരുന്നത്….PLS help

  2. ഇനിയുള്ളതിന്റെ കാത്തിരിക്കലില്‍ ആണ്.
    ഉടനെ ഉണ്ടാകുമോ?

  3. بارك الله فيك
    ഏറെ സഹായകരം💯… തുടർന്നുള്ള ഹദീസുകളുടെ വിശദീകരണവും എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു… അള്ളാഹു എളുപ്പമാക്കി തരട്ടെ
    ആമീൻ

Leave a Reply

Your email address will not be published. Required fields are marked *