മുഹമ്മദ് നബി ﷺ ആയിശ رضى الله عنها യെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്തായി ഇസ്ലാം വിമർശകർ പലവിധ ആരോപണങ്ങളും ഉന്നയിക്കുന്നത് കാണാം. മുഹമ്മദ് നബി ﷺ ആയിശ رضى الله عنها യെ ആറാം വയസിൽ വിവാഹം ചെയ്ത് ഒമ്പതാം വയസിൽ ദാമ്പത്യം ആരംഭിച്ചതിനെയാണ് വലിയ കാര്യമായി അവർ വിമർശിക്കുന്നത്. നാസ്തികർ, ക്രൈസ്തവ പുരോഹിതർ തുടങ്ങി പല കക്ഷികളും ഇത്തരം വിമർശനങ്ങൾ നടത്തുന്നുണ്ട്.
ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയിൽ നിന്നാണ് ഇത്തരം വിമർശനങ്ങൾ ഉടലെടുക്കുന്നതെന്ന് വിഷയത്തെ നിക്ഷ്പക്ഷമായി പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും. കാരണം പതിനാലര നൂറ്റാണ്ട് മുമ്പാണ് ഈ സംഭവം നടക്കുന്നത്. അക്കാലത്ത് അല്ല, ഒരു നൂറ്റാണ്ട് മുമ്പുവരെയും ഇത് ലോകത്തുടനീളം സർവ്വ സാധാരണമായിരുന്നു. ഈ വിഷയത്തിൽ വിമർശനം നടത്തുന്ന ക്രൈസ്തവ പുരോഹിതർക്കാകട്ടെ, അവർക്ക് ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയുമുണ്ടെന്നുമാത്രമല്ല, അവരുടെ വേദഗ്രന്ധത്തെ കുറിച്ചുള്ള അജ്ഞതയുമുണ്ട്. അവരുടെ വേദഗ്രന്ഥമൊന്ന് മറിച്ച് നോക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ അവർക്കത് ബോധ്യപ്പെടുമായിരുന്നു.
മുഹമ്മദ് നബി ﷺ യുടെയും ആയിശ رضى الله عنها യുടെയോ മറ്റ് ഭാര്യമാരുടെയുമോ ദാമ്പത്യ ജീവിതം പരിശോധിച്ചപ്പോൾ അവരുടെ ജീവിതത്തിൽ യാതൊരു ആക്ഷേപവും കണ്ടെത്താൻ ഇസ്ലാം വിമർശകർക്ക് കഴിഞ്ഞില്ല. അവസാനം നിവൃത്തിയില്ലാതെ ആകെ അവർ കണ്ടെത്തിയത് ആയിശ رضى الله عنها യുടെ വിവാഹ സമയത്തെ പ്രായമായിരുന്നു. അതുതന്നെയും ഒരു വിമർശനമെന്നതിനപ്പുറം നബി ﷺ യെ കുറിച്ച് ബാലപീഢനമെന്നുംമറ്റും ഒരും മുസ്ലിം ചിന്തിക്കാൻകൂടി കഴിയുന്നതിനപ്പുറം പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിഷയത്തെ സമീപിക്കുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. പ്രാഥമികമായി ഒരു കാര്യം സൂചിപ്പിക്കട്ട, വിവാഹ സമയത്ത് ആയിശ رضى الله عنها ക്ക് പതിനെട്ട് വയസ്സായിരുന്നെന്നുംമറ്റും പറഞ്ഞ് മുസ്ലിംകളിൽ ചിലർ വാദിക്കുകയും സമർത്ഥിക്കുകയും ചെയ്യുന്നത് കാണാം. അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല.
നബി ﷺ വിവാഹം ചെയ്യുമ്പോള്‍ ആയിശ رضى الله عنها ക്ക് ആറ് വയസ്സായിരുന്നെന്നും ദാമ്പത്യം ആരംഭിക്കുന്നത് ഒമ്പതാം വയസ്സിലാണ് എന്നും ലോകത്തോട് വിളിച്ചു പറഞ്ഞത് അവർ തന്നെയാണ്.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ تَزَوَّجَنِي النَّبِيُّ صلى الله عليه وسلم وَأَنَا بِنْتُ سِتِّ سِنِينَ
ആയിശ رضي الله عنها പറയുന്നു: പറയുന്നു: എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ നബി ﷺ എന്നെ വിവാഹം ചെയ്തു.
ദാമ്പത്യം ആരംഭിച്ച പ്രായത്തെ പറ്റിയും അവർ തന്നെയാണ് പറഞ്ഞിട്ടുള്ളത്.
وَأَنَا يَوْمَئِذٍ بِنْتُ تِسْعِ سِنِينَ
അന്ന് എനിക്ക് ഒമ്പത് വയസ്സായിരുന്നു. (ബുഖാരി:3894)
قَالَ العلامة ابن كثير رَحِمَهُ اللَّهُ : وقوله تزوجها وهي ابنت ست سنين وبنى بها وهي ابنة تسع ما لا خلاف فيه بين الناس – وقد ثبت في الصحاح وغيرها
ഇമാം ഇബ്നു കസീര്‍ رَحِمَهُ اللَّهُ പറയുന്നു:ആറ് വയസ്സില്‍ വിവാഹം ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നുമുള്ള അദ്ധേഹത്തിന്‍റെ വാചകത്തില്‍ ജനങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. നിശ്ചയം അത് സ്വഹീഹുകളിലും അല്ലാത്തതിലും സ്ഥിരപ്പെട്ടിരിക്കുന്നു. (അല്‍ബിദായത്തു വന്നിഹായ:3/161)
ഇവിടെ ആറാം വയസിലാണ് വിവാഹം നടക്കുന്നതെങ്കിലും ഒമ്പതാം വയസ്സിലാണ് ദാമ്പത്യം ആരംഭിക്കുന്നത്. ഇത് പല വിമർശകൻമാരും മൂടിവെക്കുന്നു. ആറ് വയസുള്ളയാളെ വിവാഹം ചെയ്തുവെന്ന് മാത്രം പറഞ്ഞു പ്രചരിപ്പിക്കുന്നു. “ആറ് ആറ് ആറ്” എന്ന് മാത്രമാണ് അവർ വിളിച്ചു കൂവുന്നത്. ആറും ഒമ്പതും തമ്മിൽ നല്ല വ്യത്യാസമുണ്ടല്ലോ.
ഈ വിഷയത്തിൽ ആയിശ رضى الله عنها ക്ക് യാതൊരു പ്രയാസം ഉണ്ടായിട്ടില്ല. തന്നെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്ത് കൊടുത്തതിൻറെ പേരിൽ മാതാപിതാക്കളെ അന്നോ പിൽക്കാലത്തോ അവർ കുറ്റപ്പെടുത്തിയിട്ടില്ല. ഇതിന്റെ പേരിൽ ദുഃഖിക്കുകയോ സങ്കടപ്പെടുകയോ അവർ ചെയ്തില്ല.
ഈ വിവാഹം നടത്തികൊടുത്തതാകട്ടെ ആയിശ رضى الله عنها യുടെ പിതാവായ അബൂബക്കർ സിദ്ദീഖ് رضي الله عنه വാണ്. അദ്ദേഹത്തിനും ഇക്കാര്യത്തിൽ യാതാരു പ്രയാസവും ഉണ്ടായിട്ടില്ല.
ഇനി ആയിശ رضى الله عنها യുടെ ഉമ്മയായ ഉമ്മുറൂമാന്റെ കാര്യമെടുത്താലോ. ഒരു പെൺകുട്ടിയുടെ വളർച്ചയും മറ്റു കാര്യങ്ങളും ഏറ്റവും കൂടുതൽ അറിയുക മാതാവിനായിരിക്കുമല്ലോ. മാതാവിനും ഇക്കാര്യത്തിൽ യാതാരു പ്രയാസവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവരാണ് ആയിശ رضى الله عنها യെ ഒരുക്കി നബി ﷺ യുടെ അടുത്തേക്ക് അയക്കുന്നത്. അതെ, മാതാവും പിതാവും തങ്ങളുടെ മകൾക്ക് ഭർത്താവിന്റെ കൂടെ താമസിക്കാനുള്ള വളർച്ചയും പക്വതയും എത്തിയെന്ന് ബോധ്യമായപ്പോൾ തന്നെയാണ് അതിന് സമ്മതം നൽകിയത്.
അന്ന് മദീനയിലുണ്ടായിരുന്ന അൻസാരികൾ സ്ത്രീകളാകട്ടെ, ഇക്കാര്യത്തിൽ ആക്ഷേപിക്കുകയല്ല ചെയ്തിട്ടുള്ളത്, പ്രത്യുത ആശംസകൾ നടത്തുകയാണ് ചെയ്തിട്ടുള്ളത്.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ تَزَوَّجَنِي النَّبِيُّ صلى الله عليه وسلم وَأَنَا بِنْتُ سِتِّ سِنِينَ، فَقَدِمْنَا الْمَدِينَةَ فَنَزَلْنَا فِي بَنِي الْحَارِثِ بْنِ خَزْرَجٍ، فَوُعِكْتُ فَتَمَرَّقَ شَعَرِي فَوَفَى جُمَيْمَةً، فَأَتَتْنِي أُمِّي أُمُّ رُومَانَ وَإِنِّي لَفِي أُرْجُوحَةٍ وَمَعِي صَوَاحِبُ لِي، فَصَرَخَتْ بِي فَأَتَيْتُهَا لاَ أَدْرِي مَا تُرِيدُ بِي فَأَخَذَتْ بِيَدِي حَتَّى أَوْقَفَتْنِي عَلَى باب الدَّارِ، وَإِنِّي لأَنْهَجُ، حَتَّى سَكَنَ بَعْضُ نَفَسِي، ثُمَّ أَخَذَتْ شَيْئًا مِنْ مَاءٍ فَمَسَحَتْ بِهِ وَجْهِي وَرَأْسِي ثُمَّ أَدْخَلَتْنِي الدَّارَ فَإِذَا نِسْوَةٌ مِنَ الأَنْصَارِ فِي الْبَيْتِ فَقُلْنَ عَلَى الْخَيْرِ وَالْبَرَكَةِ، وَعَلَى خَيْرِ طَائِرٍ. فَأَسْلَمَتْنِي إِلَيْهِنَّ فَأَصْلَحْنَ مِنْ شَأْنِي، فَلَمْ يَرُعْنِي إِلاَّ رَسُولُ اللَّهِ صلى الله عليه وسلم ضُحًى، فَأَسْلَمَتْنِي إِلَيْهِ، وَأَنَا يَوْمَئِذٍ بِنْتُ تِسْعِ سِنِينَ.
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ നബി ﷺ എന്നെ വിവാഹം ചെയ്തു. പിന്നീട് ഞങ്ങള്‍ മദീനയില്‍ എത്തി, അവിടെ ബനീ ഹാരിസ് ബ്നു ഖസ്രജിന്‍റെ അടുക്കല്‍ താമസമാക്കി. എനിക്ക് പനി ബാധിച്ചു, എന്‍റെ മുടി കൊഴിഞ്ഞു തുടങ്ങി. പിന്നീട് മുടി വളര്‍ന്നു. ഒരു ദിവസം എന്‍റെ ഉമ്മ ഉമ്മുറുമാന്‍ എന്‍റെ അടുക്കല്‍ വന്നു. ഞാന്‍ ഊഞ്ഞാലിലായിരുന്നു, എന്‍റെ കൂടെ എന്‍റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. ഉമ്മ എന്നെ ഉറക്കെ വിളിച്ചു. ഞാന്‍ അടുത്ത് ചെന്നു. എന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അവരെന്‍റെ കൈ പിടിച്ചു കൊണ്ട് പോയി വീടിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു ആശ്വാസമായി. കുറച്ച് വെള്ളമെടുത്തു ഉമ്മ എന്‍റെ തലയും മുഖവും തടവി. പിന്നെ വീടിനകത്തേക്ക് കൂട്ടിപ്പോയി. അപ്പോള്‍ അന്‍സാരികളായ കുറെ സ്ത്രീകള്‍ അവിടയൂണ്ടായിരുന്നു, നന്മയും അനുഗ്രഹവും ഉണ്ടാകട്ടെ, ശുഭലക്ഷണം ഉണ്ടാകട്ടെ എന്നൊക്കെ പറഞ്ഞു അവര്‍ ആശംസിച്ചു. പിന്നെ ഉമ്മ എന്നെ അവരെ ഏല്‍പ്പിച്ചു. അവര്‍ എന്നെ അണിയിച്ചൊരുക്കി. ദുഹാ സമയത്തെ അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ആഗമനമല്ലാതെ മറ്റൊന്നും എന്നെ ആശ്ച്ചര്യപ്പെടുത്തിയില്ല. അവര്‍ എന്നെ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അന്ന് എനിക്ക് ഒമ്പത് വയസ്സായിരുന്നു. (ബുഖാരി:3894)
നബി ﷺ യുടെ കാലത്തെ ഇസ്ലാമിന്റെ ശത്രുക്കളോ, നബി ﷺ യിൽ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ അന്വേഷിച്ചു നടക്കുന്ന കപട വിശ്വാസികളോ ആരുംതന്നെ നബി ﷺ യുടെ ഈ വിവാഹത്തെ വിമർശിച്ചതായി നമുക്ക് കാണാൻ സാധിക്കുകയില്ല. അന്ന് ജൂതന്മാരും ക്രിസ്ത്യാനികളും മദീനയിലുണ്ട്. നബി ﷺ ചെയ്തത് ശരിയായില്ല എന്ന് അവരാരും പറഞ്ഞില്ല. ആ കാലത്ത് ചെറിയ പ്രായത്തിൽ വിവാഹം നടത്തുക എന്നത് ഒരു പുതുമയുള്ള കാര്യമായിരുന്നില്ല എന്നത് തന്നെയായിരുന്നു അതിനുള്ള കാരണം. ആ കാലത്ത് അറബികൾക്കിടയിൽ പ്രായംകൂടിയ പുരുഷൻ പ്രായംകുറഞ്ഞവളെയോ പ്രായം കുറഞ്ഞ പുരുഷൻ പ്രായംകൂടിയ സ്ത്രീയെയോ വിവാഹം ചെയ്യുന്നത് ഒരു പ്രശ്‌നമായേ കണ്ടിരുന്നില്ല. ആ കാലത്ത് മാത്രമല്ല, പിന്നീടും ഈ സമ്പ്രദായം ലോകത്ത് നിലനിന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന് മുമ്പ് രചിക്കപ്പെട്ട ഇസ്ലാം വിമർശന ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ ഈ സംഭവം പരാമർശിക്കാതിരുന്നതിന്റെ കാരണം അതാണ്.
ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പട്ട കാര്യം, ആയിശ رضي الله عنها യെ വിവാഹാലോചന നടത്തിയ ആദ്യ വ്യക്തിയല്ല മുഹമ്മദ് നബി ﷺ . അതിനുമുമ്പ് ജുബൈറ്ബ്നു മുത്വ്ഇം അവരെ വിവാഹാലോചന നടത്തിയിരുന്നു. പിന്നീടാണ് നബി ﷺ അവരെ വിവാഹാലോചന നടത്തിയതും വിവാഹം കഴിച്ചതും. ഇതിൽ നിന്നും ചെറിയ പ്രായത്തിൽ വിവാഹം നടത്തുക എന്നത് അക്കാലത്തെ പതിവായിരുന്നുവെന്ന് മനസ്സിലാക്കാം.
عن أبي سلمة ويحيى بن عبدالرحمن بن حاطب: قالا لما هلكت خديجة جاءت خولة بنت حكيم امرأة عثمان بن مظعون قالت يا رسول الله ألا تزوج قال من قالت إن شئت بكرا وإن شئت ثيبا قال فمن البكر قالت ابنة أحب خلق الله عز وجل إليك عائشة بنت أبي بكر قال ومن الثيب قالت سودة ابنة زمعة قد آمنت بك واتبعتك على ما تقول قال فاذهبي فاذكريهما علي فدخلت بيت أبي بكر فقالت يا أم رومان ماذا أدخل الله عز وجل عليكم من الخير والبركة قالت وما ذاك قالت أرسلني رسول الله صلى الله عليه وسلم أخطب عليه عائشة قالت انتظري أبا بكر حتى يأتي فجاء أبو بكر فقالت يا أبا بكر ماذا أدخل الله عليكم من الخير والبركة قال وما ذاك قالت أرسلني رسول الله صلى الله عليه وسلم أخطب عليه عائشة قال وهل تصلح له إنما هي ابنة أخيه فرجعت إلى رسول الله صلى الله عليه وسلم فذكرت له ذلك قال ارجعي إليه فقولي له أنا أخوك وأنت أخي في الإسلام وابنتك تصلح لي فرجعت فذكرت ذلك له قال انتظري وخرج قالت أم رومان إن مطعم بن عدي قد كان ذكرها على ابنه فوالله ما وعد موعدا قط فأخلفه لأبي بكر فدخل أبو بكر على مطعم بن عدي وعنده امرأته أم الفتى فقالت يا ابن أبي قحافة لعلك مصب صاحبنا مدخله في دينك الذي أنت عليه إن تزوج إليك قال أبو بكر للمطعم بن عدي آقول هذه تقول قال إنها تقول ذلك فخرج من عنده وقد أذهب الله عز وجل ما كان في نفسه من عدته التي وعده فرجع فقال لخولة ادعي لي رسول الله صلى الله عليه وسلم فدعته فزوجها إياه وعائشة يومئذ بنت ست سنين
ഖദീജ رضي الله عنها മരിച്ചപ്പോൾ ഉസ്മാൻ ബ്നു മള്ഊനിന്റെ ഭാര്യ ഖൗല ബിൻത് ഹകിം വന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, വിവാഹം കഴിച്ചുകൂടേ. നബി ﷺ ചോദിച്ചു: ആരെ? അവർ പറഞ്ഞു: അങ്ങ് ഉദ്ദേശിക്കുന്നുവങ്കിൽ കന്യകയെ, അങ്ങ് ഉദ്ദേശിക്കുന്നുവങ്കിൽ വിധവയെ. നബി ﷺ ചോദിച്ചു: കന്യക ആരാണ്? അവർ പറഞ്ഞു: അല്ലാഹുവിന്റെ സൃഷ്ടികളിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട അബൂബക്കറിന്റെ മകൾ ആയിശയാണ്. നബി ﷺ ചോദിച്ചു: വിധവ ആരാണ്? അവർ പറഞ്ഞു: സംഅത്തിന്റെ മകളായ സവ്ദയാണത്. അവർ അങ്ങയിൽ വിശ്വസിക്കുകയും അങ്ങയെ പിൻപറ്റുകയും ചെയ്തിട്ടുണ്ട്. നബി ﷺ പറഞ്ഞു: നീ പോയി എന്നിൽനിന്നുള്ള വിവാഹാലോചന അന്വേഷിക്കുക. അങ്ങനെ അവർ ഉമ്മുറുമ്മാന്റെ (ആയിശയുടെ ഉമ്മ) അടുക്കൽ വന്നു പറഞ്ഞു, ഉമ്മു റുമ്മാൻ, അല്ലാഹു നിങ്ങൾക്ക് നന്മയിൽ നിന്നും അനുഗ്രഹത്തിൽ നിന്നും എന്താണ് കൊണ്ടുവന്നത് (എന്നറിഞ്ഞോ) ? ഉമ്മുറുമ്മാൻ ചോദിച്ചു: എന്താണത്? അവർ പറഞ്ഞു: ആഇശയെ (വിവാഹം ചെയ്യുന്നത്) സംസാരിക്കാൻ അല്ലാഹുവിന്റെ റസൂൽ എന്നെ അയച്ചു. ഉമ്മുറുമ്മാൻ പറഞ്ഞു: അബൂബക്കർ വരുന്നതുവരെ കാത്തിരിക്കുക. അപ്പോൾ അബൂബക്കർ വന്നു. അവർ പറഞ്ഞു: അബൂബക്കർ, അല്ലാഹു നിങ്ങൾക്ക് നന്മയിൽ നിന്നും അനുഗ്രഹത്തിൽ നിന്നും എന്താണ് കൊണ്ടുവന്നത് (എന്നറിഞ്ഞോ) ? അബൂബക്കർ ചോദിച്ചു: എന്താണത്? അവർ പറഞ്ഞു: ആഇശയെ (വിവാഹം ചെയ്യുന്നത്) സംസാരിക്കാൻ അല്ലാഹുവിന്റെ റസൂൽ എന്നെ അയച്ചു. അബൂബക്കർ പറഞ്ഞു: ഇവൾ അദ്ദേഹത്തിന് അനുയോജ്യമാകുമോ, തന്റെ സഹോദരന്റെ മകളല്ലേ? അങ്ങനെ അവർ അല്ലാഹുവിന്റെ ദൂതന്റെ അടുത്തേക്ക് മടങ്ങി, അത് അദ്ദേഹത്തോട് സൂചിപ്പിച്ചു. നബി ﷺ പറഞ്ഞു: തിരികെ പോയി അദ്ദേഹത്തോട് ഇസ്ലാമിൽ ഞാൻ നിന്റെ സഹോദരനാണെന്നും നീ എന്റെ സഹോദരനാണെന്നും നിങ്ങളുടെ മകൾ എനിക്ക് അനുയോജ്യമാണെന്നും പറയുക. അവൾ തിരികെ വന്ന് അദ്ദേഹത്തോട് കാര്യം പറഞ്ഞു. അബൂബക്കർ പറഞ്ഞു: കാത്തിരിക്കൂ, അദ്ദേഹം പുറത്തേക്ക് പോയി. ഉമ്മു റുമ്മാൻ പറഞ്ഞു, മുത്അം ബ്നു അദിയ്യ് തന്റെ മകന് വേണ്ടി (ആയിശയെ) ആലോചിച്ചിട്ടുണ്ട്. അല്ലാഹുവാണെ സത്യം, അദ്ദേഹത്തിന് വേണ്ടി ഉണ്ടാക്കിയ കരാർ ഒരിക്കലും അവർ ലംഘിക്കുകയില്ല. അങ്ങനെ അബൂബക്കർ മുത്അം ബ്നു അദിയ്യിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുൽ ഫിത്യാനും അവിടെയുണ്ട്. അവർ പറഞ്ഞു: അബൂഖുഹാഫയുടെ മകനേ, ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സുഹൃത്തായിരിക്കാം, ഞങ്ങളുടെ മകൻ നിന്റ മകളെ വിവാഹം ചെയ്താൽ അവനും നിങ്ങളുടെ മതത്തിലാകും. (അതുകൊണ്ട് ഈ വിവാഹം ഞങ്ങൾക്ക് വേണ്ട) അബൂബക്കർ മുത്അം ബ്നു അദിയ്യിനോട് പറഞ്ഞു: നിങ്ങളത് ഉറപ്പിച്ചോ? അയാൾ പറഞ്ഞു:അവർ അങ്ങനെ പറയുന്നുണ്ടല്ലോ. അങ്ങനെ അദ്ദേഹം അവരെ വിട്ടുപോയി. അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള അദ്ദേഹം ചെയ്ത വാഗ്ദത്തം അല്ലാഹു എടുത്തുകളഞ്ഞു. അബൂബക്കർ ഖൗലയോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലിനെ അറിയിക്കുക. അങ്ങനെ നബി ﷺ ആയിശയെ വിവാഹം കഴിച്ചു. ആഇശക്ക്, അന്ന് ആറ് വയസ്സായിരുന്നു. (അഹ്മദ്)
അങ്ങനെ ഒമ്പതാമത്തെ വയസുൽ ആയിശ رضي الله عنها നബി ﷺ യോടൊത്ത് ദാമ്പത്യം ആരംഭിച്ചു. 9 വർഷം അത് നിലനിന്നു. തുടർന്ന് നബി ﷺ യുടെ മരണശേഷം 45 വർഷം അവർ ഒറ്റയ്ക്കു താമസിച്ചു. ജീവിതത്തിൽ ഒരിക്കൽപോലും അവർ, തന്നെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്തതിന്റെ പേരിലോ മുഹമ്മദ് നബി ﷺ യെ ഭർത്താവായി ലഭിച്ചതിന്റെ പേരിലോ ദുഃഖിക്കുകയോ സങ്കടപ്പെടുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല. മറിച്ച് നബി ﷺ യെ ജീവിത പങ്കാളിയായി ലഭിച്ചതിൽ എന്നും എപ്പോഴും അതിയായി സന്തോഷിക്കുകയും അത് അഭിമാനമായും സൗഭാഗ്യമായും കണ്ടു. അവർ ഇപ്രകാരം പറയുമായിരുന്നു:
فَأَىُّ نِسَاءِ رَسُولِ اللَّهِ صلى الله عليه وسلم كَانَ أَحْظَى عِنْدَهُ مِنِّ
അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ഭാര്യമാരിൽ എന്നെക്കാൾ സൗഭാഗ്യം ലഭിച്ചവർ ആരാണുള്ളത് (ആരുമില്ല). (മുസ്ലിം:1423)
നബി ﷺ യുടെ കൂടെയുള്ള ആയിശ رضي الله عنها യുടെ ജീവിതം സന്തോഷകരമായിരുന്നു. അനുവദനീയമായ വിനോദങ്ങളിൽ ഏർപ്പെട്ട് അവരെ കൂടുതൽ സന്തോഷിപ്പിക്കുവാൻ നബി ﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ മദീനാ പള്ളിയിൽ സുഡാനിൽനിന്നുള്ള ചിലർ വന്ന് ആയുധാ ഭ്യാസങ്ങളും മറ്റും ചെയ്യുന്നത് കണ്ടപ്പോൾ നബി ﷺ ആഇശ رضي الله عنها യെ അത് കാണിക്കാനായി വിളിച്ചതും, അവർക്ക് മതിയാകുന്നതുവരെ അത് കാണിച്ചുകൊടുത്തതും പ്രസിദ്ധമാണ്. മറ്റൊരു സംഭവം കൂടി കാണുക:
عن عائشة أم المؤمنين: خَرَجتُ مع النبيِّ ﷺ في بَعضِ أسْفارِه وأنا جاريةٌ لم أحمِلِ اللَّحمَ ولم أبْدُنْ، فقال للناسِ: تَقَدَّموا، فتَقَدَّموا، ثم قال لي: تعالَيْ حتى أُسابِقَكِ، فسابَقْتُه فسَبَقْتُه، فسَكَتَ عنِّي، حتى إذا حَمَلتُ اللَّحمَ وبَدُنتُ ونَسيتُ، خَرَجتُ معه في بَعضِ أسْفارِه، فقال للناسِ: تَقَدَّموا، فتَقَدَّموا، ثم قال: تعالَيْ حتى أُسابِقَكِ فسابَقْتُه، فسَبَقَني، فجعَلَ يَضحَكُ، وهو يقولُ: هذه بتلك
ആയിശ رضي الله عنها പറയുന്നു: ഒരിക്കല്‍ ഞാന്‍ നബി ﷺ യോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. അന്ന് ഞാന്‍ ശരീരവണ്ണം ഇല്ലാത്ത ഒരു കുട്ടിയായിരുന്നു. നബി ﷺ സ്വഹാബികളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവരെല്ലാവരും മുമ്പില്‍ നടന്നപ്പോള്‍ നബി ﷺ എന്നോട് പറഞ്ഞു: ‘ആഇശാ, നമുക്കൊരു ഓട്ടമത്സരം നടത്താം.’ അങ്ങനെ ഞാനും നബി ﷺ യും മത്സരിച്ചു. ഞാന്‍ വിജയിക്കുകയും ചെയ്തു. കുറേ കാലം കഴിഞ്ഞ് എന്റെ തടിയെല്ലാം കൂടി. മുമ്പുണ്ടായതൊക്കെ ഞാന്‍ മറന്നിരുന്നു. അങ്ങനെ ഒരു ദിവസം ഒരു യാത്രയില്‍ നബി ﷺ യുടെ കൂടെ ഇറങ്ങിയപ്പോള്‍ നബി ﷺ ജനങ്ങളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവര്‍ മുമ്പില്‍ നടന്നപ്പോള്‍ നബി ﷺ എന്നോട് പറഞ്ഞു: ‘വരൂ നമുക്ക് മത്സരിക്കാം.’ അങ്ങനെ ഞാന്‍ നബിയോടൊപ്പം മത്സരിച്ചു. നബി ﷺ എന്നെ പരാജയപ്പെടുത്തി. എന്നിട്ട് ചിരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ‘ഇത് അന്നത്തെതിനു പകരമാണ്. (അഹ്മദ്:26277)
നബി صلى الله عليه وسلم ആയിശയെ ഏറെ സ്നേഹിച്ചു.
عَنْ عَمْرُو بْنُ الْعَاصِ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم بَعَثَهُ عَلَى جَيْشِ ذَاتِ السَّلاَسِلِ، فَأَتَيْتُهُ فَقُلْتُ أَىُّ النَّاسِ أَحَبُّ إِلَيْكَ قَالَ ” عَائِشَةُ ”
അംറു ബ്നു ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ദാത്തുസ്സലാസിൽ യുദ്ധത്തിൽ അദ്ദേഹത്തെ സൈന്യാധിപനായി നിയോഗിച്ചു. അപ്പോൾ ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു: അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആരാണ്? അവിടുന്ന് പറഞ്ഞു; ആയിശ. (ബുഖാരി: 3662)
അവരുടെ ദാമ്പത്യം മധുരമുള്ളതായിരുന്നുവെന്ന് തെളിയിക്കുന്ന എത്രയെത്ര രംഗങ്ങളുണ്ട്.
عَنْ عَائِشَةَ، قَالَتْ كُنْتُ أَشْرَبُ وَأَنَا حَائِضٌ، ثُمَّ أُنَاوِلُهُ النَّبِيَّ صلى الله عليه وسلم فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ فَيَشْرَبُ وَأَتَعَرَّقُ الْعَرْقَ وَأَنَا حَائِضٌ ثُمَّ أُنَاوِلُهُ النَّبِيَّ صلى الله عليه وسلم فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ .
ആയിശ رضي الله عنها പറയുന്നു: നബി ﷺ ക്ക് എന്തെങ്കിലും കുടിക്കുവാന്‍ കൊണ്ടുവന്നാല്‍ ഞാന്‍ അതില്‍ നിന്നും കുടിക്കും; ആര്‍ത്തവകാരിയായിരിക്കുമ്പോഴും. പിന്നീട് പ്രവാചകന്‍ ﷺ ഞാന്‍ വായവെച്ച അതേ സ്ഥലത്തുതന്നെ വായവെച്ച് കുടിക്കുകയും ചെയ്യും. അതുപോലെ ഞാന്‍ മാംസം ഭക്ഷിച്ചാല്‍ ആ മാംസത്തിന്റെ ബാക്കിഭാഗം എന്റെ വായവെച്ച സ്ഥലത്തുതന്നെ പ്രവാചകന്‍ തിരുമേനി തന്റെ വായ വെച്ചു ഭക്ഷിക്കുമായിരുന്നു. (മുസ്ലിം:300)
മനുഷ്യരായ ദമ്പതികൾ എന്ന നിലയിൽ ഇണങ്ങിയും പിണങ്ങിയും അവർ കഴിച്ചുകൂട്ടി. ചില രംഗങ്ങൾ കാണുക:
عَنْ عَائِشَةَ أَنَّهَا قَالَتْ: لَمَّا رَأَيْتُ مِنَ النَّبِيِّ ﷺ طِيبَ نفسٍ قُلْتُ يارسول اللَّهِ! ادعُ اللَّهَ لِي! فَقَالَ: “اللَّهُمَّ اغْفِرْ لِعَائِشَةَ مَا تَقَدَّمَ مِنْ ذَنَبِهَا وَمَا تأخَّرّ مَا أسرَّت وَمَا أَعْلَنَتْ” فَضَحِكَتْ عَائِشَةُ حَتَّى سَقَطَ رَأْسُهَا فِي حِجرِها مِنَ الضَّحِكِ، قَالَ لَهَا رَسُولُ اللَّهِ ﷺ: “أيسُرُّك دُعَائِي؟” فَقَالَتْ: وَمَا لِي لَا يسُرُّني دُعَاؤُكَ؟ فَقَالَ ﷺ: “وَاللَّهِ إنها لدُعائي لأُمتي في كُلِّ صلاة”
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: നബി ﷺ യെ സന്തോഷവാനായി കണ്ട നേരം ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! എനിക്കു വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചാലും. അപ്പോൾ അവിടുന്ന് ﷺ പറഞ്ഞു: “അല്ലാഹുവേ, ആഇശയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ നീ പൊറുത്തുകൊടുക്കേണമേ. അവൾ രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും നീ പൊറുത്തുകൊടുക്കേണമേ.” അപ്പോൾ ആഇശ അവരുടെ തലമുടി മടിയിലേക്ക് വീണുപോകുവോളം ചിരിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂൽ ﷺ അവരോട് ചോദിച്ചു: “എന്റെ പ്രാർത്ഥന നിന്നെ സന്തോഷിപ്പിച്ചുവോ?” അവർ പറഞ്ഞു: അങ്ങയുടെ ദുആ എങ്ങനെ എന്നെ സന്തോഷിപ്പിക്കാതിരിക്കും? അപ്പോൾ നബി ﷺ പറഞ്ഞു: “അല്ലാഹുവാണെ, ഓരോ നിസ്കാരത്തിലും എന്റെ സമുദായത്തിനു വേണ്ടിയുള്ള എന്റെ പ്രാർത്ഥനയാണിത്”. (സിൽസിലത്തു സ്വഹീഹ:2254)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ” إِنِّي لأَعْلَمُ إِذَا كُنْتِ عَنِّي رَاضِيَةً، وَإِذَا كُنْتِ عَلَىَّ غَضْبَى ”. قَالَتْ فَقُلْتُ مِنْ أَيْنَ تَعْرِفُ ذَلِكَ فَقَالَ ” أَمَّا إِذَا كُنْتِ عَنِّي رَاضِيَةً فَإِنَّكِ تَقُولِينَ لاَ وَرَبِّ مُحَمَّدٍ، وَإِذَا كُنْتِ غَضْبَى قُلْتِ لاَ وَرَبِّ إِبْرَاهِيمَ ”. قَالَتْ قُلْتُ أَجَلْ وَاللَّهِ يَا رَسُولَ اللَّهِ، مَا أَهْجُرُ إِلاَّ اسْمَكَ.
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഒരിക്കൽ നബി ﷺ എന്നോട് പറഞ്ഞു: “ആഇശാ, നിനക്ക് എന്നോട് ഏറ്റവും കൂടുതൽ സ്‌നേഹമുള്ള സമയവും എന്നോട് പിണക്കമുള്ള സമയവും നിന്നിൽനിന്നും ഞാൻ മനസ്സിലാക്കാറുണ്ട്.’’ ഞാൻ ചോദിച്ചു: “അങ്ങ് എങ്ങനെയാണ് അത് മനസ്സിലാക്കുക”. നബി ﷺ പറഞ്ഞു: “ആഇശാ, നീ എന്നോട് ഇണക്കത്തിലും തൃപ്തിയിലുമാകുമ്പോൾ ‘മുഹമ്മദിന്റെ റബ്ബ് തന്നെയാണ് സത്യം’ എന്നാണ് നീ പറയുക. നീ എന്നോട് കോപത്തിലോ പിണക്കത്തിലോ ആണെങ്കിൽ ‘ഇബ്‌റാഹീമിന്റെ റബ്ബ് തന്നെയാണ് സത്യം’ എന്നാണ് പറയാറുള്ളത്. അപ്പോൾ ഞാൻ പറഞ്ഞു:”അതെ (അങ്ങ് പറഞ്ഞത് ശരിയാണ്) എന്നാൽ അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ ദൂതരേ, ഞാൻ അങ്ങയുടെ പേരല്ലാതെ മറ്റൊന്നും അവശേഷിപ്പിക്കുന്നില്ല.(അത്തരം സന്ദർഭങ്ങളിൽ അങ്ങയുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും അങ്ങയോട് എനിക്ക് സ്‌നേഹം തന്നെയായിരിക്കും). (ബുഖാരി:5228)
ജീവിതത്തിൽ ഒരിക്കൽപോലും നബി ﷺ യുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ ആയിശ رضي الله عنها ആഗ്രഹിച്ചിട്ടില്ല. അതിനവർക്ക് അവസരങ്ങളുണ്ടായിരുന്നു. നബി ﷺ യുടെ ഭാര്യമാര്‍ ഒന്നിച്ചു ചേര്‍ന്ന് തങ്ങള്‍ക്കു ചിലവിനു തരണമെന്നും മറ്റും ആവശ്യപ്പെട്ടതും, ഇതിനെ തുടര്‍ന്ന് ഖുർആൻ അവതരിക്കുകയും ചെയ്തിരുന്നു.
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا
നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം. (ഖുർആൻ: 33/28)
വിവാഹമോചനം ആവശ്യമെങ്കിൽ അവർക്ക് ഏറ്റവും നല്ല രീതിയിൽ അത് നൽകാമെന്ന് നബി ﷺ അറിയിച്ചിട്ടും ആയിശ رضي الله عنها യോ മറ്റ് ഭാര്യമാരോ ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ടില്ല.
ഒരിക്കൽപ്പോലും നബി ﷺ യെ കുറിച്ചോ അവർ യാതൊരു ആക്ഷേപവും ഉന്നയിച്ചില്ലെന്ന് മാത്രമല്ല നബി ﷺ യുടെ മഹത്വങ്ങൾ അവർ ലോകത്തോട് അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. അവർതന്നെ നിവേദനം ചെയ്തിട്ടുള്ള നബി ﷺ യുടെ മഹത്വങ്ങൾ വിളിച്ചറിയിക്കുന്ന ചില ഹദീസുകൾ കാണുക:
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമന്‍ തന്റെ ഇണയോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്. ഞാൻ നിങ്ങളിൽ, തന്റെ ഇണയോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്. (തി൪മിദി:42/4269)
عَنْ عَائِشَةَ، قَالَتْ مَا ضَرَبَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ خَادِمًا لَهُ وَلاَ امْرَأَةً وَلاَ ضَرَبَ بِيَدِهِ شَيْئًا .
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984)
عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ
അസ്’വദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ആയിശയോട് ചോദിച്ചു: നബി ﷺ തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ പറഞ്ഞു: നബി ﷺ തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)
عن عائشة أم المؤمنين – رضي الله عنها- أن سَعدَ بن هِشامٍ سألها فقال : يَا أُمَّ المُؤمِنين : أنبئيني عن خُلقِ رسولِ اللهِ ﷺ ، قالت: أليس تقرَأُ القرآنَ؟ قال: بلى، قالت: فإن خُلُقَ نبيِّ اللهِ ﷺ كان القرآنَ
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)
ഇനി അവരുടെ ദാമ്പത്യത്തിന്റെ അവസാന കാലത്ത് എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇല്ലേയില്ല. അവരുടെ ദാമ്പത്യത്തിന്റെ അവസാന രംഗം അഥവാ നബി ﷺ യുടെ മരണം അടുത്ത സന്ദർഭങ്ങളിൽ നിന്നും ഇതും വ്യക്തം.
أَنَّ عَائِشَةَ كَانَتْ تَقُولُ إِنَّ مِنْ نِعَمِ اللَّهِ عَلَىَّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم تُوُفِّيَ فِي بَيْتِي وَفِي يَوْمِي، وَبَيْنَ سَحْرِي وَنَحْرِي، وَأَنَّ اللَّهَ جَمَعَ بَيْنَ رِيقِي وَرِيقِهِ عِنْدَ مَوْتِهِ، دَخَلَ عَلَىَّ عَبْدُ الرَّحْمَنِ وَبِيَدِهِ السِّوَاكُ وَأَنَا مُسْنِدَةٌ رَسُولَ اللَّهِ صلى الله عليه وسلم فَرَأَيْتُهُ يَنْظُرُ إِلَيْهِ، وَعَرَفْتُ أَنَّهُ يُحِبُّ السِّوَاكَ فَقُلْتُ آخُذُهُ لَكَ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَتَنَاوَلْتُهُ فَاشْتَدَّ عَلَيْهِ وَقُلْتُ أُلَيِّنُهُ لَكَ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَلَيَّنْتُهُ، وَبَيْنَ يَدَيْهِ رَكْوَةٌ ـ أَوْ عُلْبَةٌ يَشُكُّ عُمَرُ ـ فِيهَا مَاءٌ، فَجَعَلَ يُدْخِلُ يَدَيْهِ فِي الْمَاءِ فَيَمْسَحُ بِهِمَا وَجْهَهُ يَقُولُ ” لاَ إِلَهَ إِلاَّ اللَّهُ، إِنَّ لِلْمَوْتِ سَكَرَاتٍ ”. ثُمَّ نَصَبَ يَدَهُ فَجَعَلَ يَقُولُ ” فِي الرَّفِيقِ الأَعْلَى ”. حَتَّى قُبِضَ وَمَالَتْ يَدُهُ.
ആയിശ رضي الله عنها പറയുന്നു: “എനിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായിരുന്നു നബി ﷺ എന്റെ വീട്ടില്‍, എന്റെ ദിവസത്തില്‍ എന്റെ മാറിടത്തിനും മടിത്തട്ടിനിടക്കും കിടന്ന് കൊണ്ടാണ് മരണപ്പെട്ടത് എന്നത്; അതുപോലെ അവിടുത്തെ മരണത്തിന് മുമ്പ് എന്റെയും അവിടുത്തെയും ഉമനീര്‍ ഒരുമിച്ചു കൂട്ടിയെന്നതും. എന്റെയടുത്ത് അബ്ദുര്‍റഹ്മാന്‍ പ്രവേശിച്ചു, കയ്യില്‍ ഒരു മിസ്‌വാകുമുണ്ടായിരുന്നു. പ്രവാചകന്‍ എന്നില്‍ ചാരിക്കിടക്കെ ആ മിസ്‌വാക്കിലേക്ക് നോക്കി. അവിടുന്ന് മിസ്‌വാക്ക് ആഗ്രഹിക്കുന്നുവെന്നെനിക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു: ‘അത് താങ്കള്‍ക്ക് ഞാന്‍ വാങ്ങിച്ച് തരട്ടെയോ?’ അവിടുന്ന് ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കൊടുത്തു. അത് പരുപരുത്തതായിരുന്നു. ഞാന്‍ ചോദിച്ചു: ‘ഞാനത് ലോലമാക്കി തരട്ടെയോ?’ അവിടുന്ന് ശിരസ്സ്‌കൊണ്ട്അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് കടിച്ച് ലോലമാക്കിക്കൊടുത്തു. അവിടുന്ന് തന്റെയരികിലുള്ള പാത്രത്തിലെ വെള്ളത്തില്‍ കയ്യിട്ട് തന്റെ മുഖം തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. നിശ്ചയം മരണത്തിന് അസഹനീയമായ വേദനയുണ്ട്’. ശേഷം തന്റെ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.’ അങ്ങെന അവിടുന്ന് വഫാതാവുകയും കൈകള്‍ താഴുകയും ചെയ്തു” (ബുഖാരി, 4449).
ആയിശ رضي الله عنها പറയുന്നു:
فَجَمَعَ اللَّهُ بَيْنَ رِيقِي وَرِيقِهِ فِي آخِرِ يَوْمٍ مِنَ الدُّنْيَا وَأَوَّلِ يَوْمٍ مِنَ الآخِرَةِ
ഇഹലോകത്തിലെ അവസാനത്തേയും പരലോകത്തിലെ ആദ്യത്തേതുമായ ദിവസത്തില്‍ എന്റയും പ്രവാചകന്റെയും ഉമിനീരുകള്‍ അല്ലാഹു ഒരുമിച്ച് കൂട്ടി. (ബുഖാരി:4451)
പ്രവാചകന്റെ വേർപാടിനുശേഷം അരനൂറ്റാണ്ടോളം ജീവിച്ച ആയിശ رضي الله عنها തന്റെ ജീവിതത്തിൽ ഭൗതിക സുഖാഡംബരങ്ങൾ കടന്നുവരുമ്പോൾ തന്റെ ഭർത്താവായ മുഹമ്മദ് നബി ﷺ അതൊന്നും ആസ്വദിച്ചില്ലെന്ന് പറഞ്ഞ് തന്റെ ജീവിതത്തിൽ നിന്ന് അതൊക്കെ ഒഴിവാക്കുകയായായിരുന്നു. നബി ﷺ യോടുള്ള അവരുടെ സ്നേഹത്തിത്തിന്റെ അടയാളമായിരുന്നു അത്.
ഈ വിവാഹം മൂലം ഇസ്ലാമിനും മുസ്ലിംകൾക്കും ഉണ്ടായ നേട്ടങ്ങൾ ഏറെ വലുതാണ്. ഇസ്‌ലാമിക വിജ്ഞാന രംഗത്ത് ആയിശ رضي الله عنها യുടെ സംഭാവനകൾ സുപ്രസിദ്ധമാണ്. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തും, ഹദീസുകളും ഉദ്ധരിക്കുന്നതിലും മറ്റെല്ലാ സ്ത്രീകളെക്കാളും – മിക്കവാറും പുരുഷന്‍മാരെക്കാളും – വമ്പിച്ച പങ്കാണ് അവര്‍ക്കുള്ളത്. ഗാര്‍ഹിക ജീവിതത്തിന്‍റെയും, ദാമ്പത്യ ജീവിതത്തിന്‍റെയും നാനാവശങ്ങളിലും ആയിശ رضي الله عنها വഴി സിദ്ധിച്ച അറിവുകള്‍ കുറച്ചൊന്നുമല്ല. കാരണം അവർ നബി ﷺ യുടെ മറ്റ് ഭാര്യമാരെ പോലെയായിരുന്നില്ല. മറ്റ് ഭാര്യമാർക്കാക്കെ മക്കളുണ്ടായിരുന്നു. അവരുടെ കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കണമായിരുന്നു. ആയിശ رضي الله عنها ക്കാകട്ടെ മക്കളൊന്നുമുണ്ടായിരുന്നില്ല. അവർ സദാ നബി ﷺ യുടെ കൂടെയുണ്ടായിരുന്നു. അങ്ങനെ നബി ﷺ യുടെ ഓരോ ചര്യകളും ഒപ്പിയെടുത്ത് മുസ്ലിം സമൂഹത്തിന് കൈമാറി.
عَنْ أَبِي مُوسَى، قَالَ مَا أَشْكَلَ عَلَيْنَا أَصْحَابَ رَسُولِ اللَّهِ صلى الله عليه وسلم حَدِيثٌ قَطُّ فَسَأَلْنَا عَائِشَةَ إِلاَّ وَجَدْنَا عِنْدَهَا مِنْهُ عِلْمًا .
അബൂമൂസല്‍ അശ്അരി رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സഹാബികളായ ഞങ്ങള്‍ക്ക് വല്ല വിഷയത്തിലും സംശയം നേരിടുമ്പോള്‍ അതിനെപ്പറ്റി ആയിശ رضي الله عنها യോട് ചോദിച്ചിട്ട് ഒരു സംഗതിയിലും ശരിക്ക് അറിവ് കിട്ടാതിരുന്നിട്ടില്ല.’ (തിർമിദി: 3883)
കേവലം ചില വിശ്വാസാചാരങ്ങള്‍ മാത്രം അടങ്ങിയ മതമല്ല ഇസ്‌ലാം. മനുഷ്യജീവിതത്തിന്‍റെ സകലവശങ്ങളെയും സ്പര്‍ശിക്കുന്ന അതിവിശാലവും, വിപുലവുമായ ഒരു നിയമസംഹിതയത്രെ ഇസ്‌ലാം. അതിന്‍റെ പ്രായോഗിക മാതൃകയാകട്ടെ, നബി ﷺ തിരുമേനിയുടെ ജീവിതചര്യയുമാകുന്നു. അവിടുത്തെ ദൗത്യമാണെങ്കില്‍, കാലദേശവ്യത്യാസം കൂടാതെ ലോകാവസാനം വരേക്കുള്ളതും. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പകുതിഭാഗമോ, അതിലധികം തന്നെയോ വരുന്ന സ്ത്രീവിഭാഗത്തെ പ്രത്യേകം സ്പര്‍ശിക്കുന്ന നിയമനിര്‍ദ്ദേശങ്ങളും, നടപടിക്രമങ്ങളും ഇസ്ലാമിലുണ്ട്. വൈവാഹികം, ഗാര്‍ഹികം തുടങ്ങിയ ജീവിതവശങ്ങളിലും, കോടിക്കണക്കായ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടതു നബി ﷺ തിരുമേനിയെയാണ്. സ്ത്രീകള്‍ – അതെ, ഭാര്യമാര്‍ – വഴിയല്ലാതെ അറിയുവാനും അറിയിക്കപ്പെടുവാനും സൗകര്യമില്ലാത്ത പലതും ഇതില്‍ ഉള്‍പ്പെടുമെന്നു പറയേണ്ടതില്ല. ഇത്തരം വിഷയങ്ങളില്‍ മാത്രമല്ല, ശാഖാപരമായ ഇതര തുറകളിലുള്ള എത്രയോ മതനിയമങ്ങളും സമുദായത്തിന് നബി ﷺ യുടെ ഭാര്യമാര്‍ – വിശേഷിച്ചും ആയിശ رضي الله عنها – മുഖാന്തരം മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യമത്രെ. (അമാനി തഫ്സീർ : സൂറത്തുല്‍ അഹ്സാബ് – വ്യാഖ്യാനക്കുറിപ്പ്)
പ്രവാചകനെന്ന നിലയിൽ സമൂഹത്തിലേക്ക് പ്രസരിപ്പിക്കേണ്ട ഒട്ടേറെ ആശയങ്ങളും മൂല്യങ്ങളും നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തലമുറകൾക്ക് പകർന്ന് കൊടുക്കാൻ അവരെപ്പോലെയുള്ള ഒരു ജീവിത പങ്കാളി അനിവാര്യമായിരുന്നു. സ്ത്രീകളുമായും ദാമ്പത്യജീവിതവുമായും ബന്ധപ്പെട്ട നിരവധി നിയമ നിർദ്ദേശങ്ങളും വിധിവിലക്കുകളും സ്വഭാവചര്യകളും പെരുമാറ്റ മര്യാദകളും അവരിലൂടെയാണ് ലോകത്തിന് ലഭിച്ചത്. നബി ﷺ ആയിശ رضي الله عنها യെ വിവാഹം ചെയ്തതിലൂടെ ലോകത്തിന് വിജ്ഞാനത്തിന്റെ ഒരു കവാടം തുറന്നുകൊടുക്കുകകൂടിയാണ് ചെയ്തത് എന്ന് നമുക്ക് മനസ്സിലാക്കാം.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ കഴിഞ്ഞാൽ നബി ﷺ യിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്തത് ആയിശ رضي الله عنها യാണ്. 2210 ഹദീസുകൾ അവർ നിവേദനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വനിതകളിൽ ഒന്നാം സ്ഥാനക്കാരിയും അവർതന്നെ.
قال الزُّهريُّ: لو جُمِع عِلمُ عائشة إلى عِلمِ جميعِ النساء، لكان علمُ عائشةَ أفْضلَ
ഇമാം സുഹ്‌രി رَحِمَهُ اللَّهُ പറയുന്നു: رضي الله عنها അറിവ് എല്ലാ സ്ത്രീകളുടെയും അറിവിനൊപ്പം ചേർത്തിരുന്നെങ്കിൽ, رضي الله عنها അറിവ് മികച്ചതായിരിക്കുമായിരുന്നു.
“ഇതെല്ലാം പിന്നീട് സംഭവിച്ച് ഫലത്തില്‍ വന്നതുശരി, വിവാഹവേളയില്‍ ഇതൊന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നുവല്ലോ, അന്ന് ആയിശ رضي الله عنها ഒരു കുട്ടിമാത്രമായിരുന്നുവല്ലോ“ എന്ന് വല്ലവര്‍ക്കും തോന്നിയേക്കാം. വാസ്തവത്തില്‍, തികച്ചും ഈ ഉന്നത്തോട് കൂടിയും, പ്രതീക്ഷയോട് കൂടിയും തന്നെയായിരുന്നു ഈ വിവാഹം.
عَنْ عَائِشَةَ، أَنَّهَا قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أُرِيتُكِ فِي الْمَنَامِ ثَلاَثَ لَيَالٍ جَاءَنِي بِكِ الْمَلَكُ فِي سَرَقَةٍ مِنْ حَرِيرٍ فَيَقُولُ هَذِهِ امْرَأَتُكَ . فَأَكْشِفُ عَنْ وَجْهِكِ فَإِذَا أَنْتِ هِيَ فَأَقُولُ إِنْ يَكُ هَذَا مِنْ عِنْدِ اللَّهِ يُمْضِهِ ” .
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘മൂന്ന് രാത്രികളില്‍ എനിക്ക് നിന്നെ സ്വപ്നത്തില്‍ കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു പട്ടിന്‍റെ കഷ്ണത്തില്‍ മലക്ക് നിന്നെ (നിന്‍റെ ചിത്രം) കൊണ്ടുവന്നു. എന്നിട്ട് ഇത് താങ്കളുടെ ഭാര്യയാണെന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ അത് (ആ ചിത്രം) നീ തന്നെയായിരുന്നു. ഞാന്‍ പറഞ്ഞു: ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കില്‍ അവനത് നടപ്പില്‍ വരുത്തിക്കൊള്ളും.’ ( മുസ്ലിം:2438).
നബിമാരുടെ സ്വപ്നം ദിവ്യസന്ദേശങ്ങളില്‍പെട്ടതാണെന്നുള്ള കാര്യം പ്രസിദ്ധമാണല്ലോ.
ചരിത്രത്തിലുടനീളം നാമൊന്ന് കണ്ണോടിച്ചു നോക്കിയാൽ സൽബുദ്ധിയുള്ളവരാരും പ്രവാചകനെ നിന്ദിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല, മറിച്ച് – ലോകത്ത് ഏറ്റവും നല്ല സ്വഭാവത്തിന് ഉടമ , സമൂഹത്തിന് ഏറ്റവും നല്ല സ്വഭാവ ഗുണങ്ങൾ പഠിപ്പിച്ചുകൊടുത്ത അധ്യാപകൻ , ലോകചരിത്രത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി , തുല്യതയില്ലാത്ത ഒരു സമൂഹത്തെ വാർത്തെടുത്ത മഹാനുഭാവൻ എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളാണ് ബുദ്ധിയും വിവരവുമുള്ളവർ പ്രവാചകന് നൽകിയിരിക്കുന്നത്.
ഇസ്ലാം വിമർശകരേ, ഇനി പറയൂ .. നിങ്ങളെന്തിനാണ് ആയിശ رضى الله عنها യുടെ വിവാഹപ്രായത്തെ വിവാദമാക്കുന്നത്. മുസ്ലിംകൾ ആറ് വയസ്സുകാരിയെയാണ് വിവാഹം കഴിക്കേണ്ടതെന്ന് ഇസ്ലാം പറയുന്നുവോ? അതിന് മുഹമ്മദ് നബി ﷺ അനുയായികളെ ആഹ്വാനം ചെയ്തിട്ടുണ്ടോ? ഇല്ലല്ലോ. അത് പുണ്യകർമമോ ഐഛിക കാര്യമോ ആണെന്ന് ഇന്നോളം ഒരൊറ്റ ഇസ്ലാമിക പണ്ഡിതനും അഭിപ്രായപ്പെട്ടിട്ടില്ല. മുസ്ലിംകളാരും അങ്ങനെ വിശ്വസിക്കുന്നുമില്ല. നബി ﷺ യുടെ അക്കാലത്തെ അനുയായികൾ തോട്ട് ഇന്നോളമുള്ള മുസ്ലിംകൾക്കിത് മനസ്സിലാക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നിട്ടില്ല.
വിവാഹത്തിന് ഇസ്‌ലാം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ശാരീരികമായ വളർച്ചയും മാനസികമായ പക്വതയും എത്തിയിട്ടുണ്ടെങ്കിൽ വരന്റെയും വധുവിന്റെയും സമ്മതത്തോടെ രക്ഷിതാക്കൾക്ക് കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്ന കാര്യമാണ് ഇത്. വിവാഹത്തിന് വരനും വധുവും ശാരീരികമായും മാനസികമായും പക്വത എത്തിയിട്ടുണ്ടെങ്കിൽ അവരെ വിവാഹത്തിന് അനുവദിക്കാം എന്നതാണ് ഇസ്ലാമിന്റെ നിലപാട്.
ഇസ്ലാം വിമർശകരേ, നിങ്ങൾക്കും ഞങ്ങൾക്കുമറിയാം ഇസ്ലാമിന്റെ പ്രകാശത്തെ ഊതിക്കെടുത്തലാണ് നിങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ അല്ലാഹുവിന്റെ ഇസ്ലാം ദീനിനെ ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യാന്‍ ആ൪ക്കും കഴിയില്ല. ഈ ദീന്‍ അല്ലാഹു അവതരിപ്പിച്ചത് മറ്റെല്ലാറ്റിനും മുകളില്‍ വിജയക്കൊടി പാറിപ്പിക്കാന്‍ തന്നെയാണ്. അത് സംഭവിക്കുകതന്നെ ചെയ്യും.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا
സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.(ഖു൪ആന്‍:48/28)
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (ഖു൪ആന്‍:61/8)
يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.(ഖു൪ആന്‍:9/32)
ഇമാം ഇബ്‌നുകഥീര്‍(റഹി) പറയുന്നു:
ما بعث به رسوله من الهدى ودين الحق بمجرد جدالهم وافترائهم ، فمثلهم في ذلك كمثل من يريد أن يطفئ شعاع الشمس ، أو نور القمر بنفخه ، وهذا لا سبيل إليه ، فكذلك ما أرسل الله به رسوله لا بد أن يتم ويظهر
‘അവര്‍ ആരോപണങ്ങള്‍കൊണ്ടും നുണകള്‍കൊണ്ടും അല്ലാഹുവിന്റെ പ്രവാചകന്‍ കൊണ്ടുവന്ന ദീനിന്റെ പ്രകാശത്തെ കെടുത്താന്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ ഉപമ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവന്റെത് പോലെയാണ്. ആ വ്യക്തിക്ക് അത് ഒരിക്കലും ചെയ്യാന്‍ സാധ്യമല്ല. ഇതുപോലെത്തന്നെയാണ് പ്രവാചകന്‍ കൊണ്ടുവന്ന ദീനിന്റെയും കാര്യം, തീര്‍ച്ചയായും അത് ജ്വലിച്ച് പ്രകാശിക്കുകയും (ലോകം മുഴുവന്‍) വ്യാപിക്കുകയും ചെയ്യും” (തഫ്‌സീര്‍ ഇബ്‌നു കസീര്‍)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : اَلْإِسْلَامِ يَعْلُو, وَلَا يُعْلَى
നബി ﷺ പറഞ്ഞു: ഇസ്ലാം ഉയർന്നു കൊണ്ടേയിരിക്കും. മറ്റൊന്നും അതിനെ മികച്ചു നിൽക്കുകയില്ല. (الجامع الصغير)
kanzululoom.com