ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും വരച്ചുകാണിച്ചതും സച്ചരിതരായ പൂർവ്വികർ (സല ഫുസ്സ്വാലിഹുകൾ) സഞ്ചരിച്ചതുമായ സത്യത്തിന്റെ പാതയാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ നരകത്തിൽ നിന്ന് രക്ഷപ്പെടാനും സ്വർഗത്തിൽ പ്രവേശിക്കാനുമുള്ള ഏക പരിഹാരവും ആ വഴിയിലൂടെയുള്ള സഞ്ചാരം മാത്രമാണ്.
“അഹ്‌ലുസ്സുന്നത്തി വൽജമാഅ” എന്ന പദം കേൾക്കാത്ത മുസ്ലിംകളുണ്ടാകില്ല. അഹ്‌ൽ, സുന്നത്ത്, ജമാഅത് എന്നീ മൂന്ന് പദങ്ങൾ ചേർന്നതാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅ. അഹ്‌ൽ എന്നാൽ കൂട്ടർ, ആളുകൾ എന്നാണർത്ഥം. സുന്നത്ത് എന്നാൽ നബി ﷺ യുടെ മാർഗമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടുത്തെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും ജീവിതവുമെല്ലാം ഇതിൽ ഉൾപ്പെടും. “അഹ്‌ലുസ്സുന്ന” എന്നാൽ “സുന്നത്തിന്റെ ആളുകൾ” എന്നാണ് ഉദ്ദേശം. അൽജമാഅ” എന്നാൽ “കൂട്ടം” എന്നാണർത്ഥം. അതിന്റെ ഉദ്ദേശം സ്വഹാബികൾ ഒരുമിച്ച മാർഗം എന്നാണ്.
അഹ്‌ലുസ്സുന്ന വൽ ജമാഅ എന്നാൽ സുന്നത്തിന്റെയും ജമാഅതിന്റെയും വക്താക്കൾ എന്നാണർത്ഥം. വിശ്വാസത്തിലും കർമ്മങ്ങളിലുമെല്ലാം നബി ﷺ യുടെ സുന്നത്ത് പിൻപറ്റുകയും, സ്വഹാബത്തിന്റെ മാർഗം അവലംബിക്കുകയും ചെയ്തവർ. ദീനിന്റെ കാര്യത്തിൽ പിൻപറ്റപ്പെടാൻ അർഹരായ പണ്ഢിതൻമാരും ഇമാമുമാരെല്ലാം അൽജമാഅയിൽ പെടുമെന്നും അഭിപ്രായമുണ്ട്. വേറെയും അഭിപ്രായങ്ങളുണ്ട്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി ﷺ പറഞ്ഞു: എനിക്ക് ശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു മുറുകെ പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്. (അബൂദാവൂദ് : 4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
നബി ﷺ പറഞ്ഞു:ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)
عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي
അബ്ദുല്ലാഹിബ്നു അംറില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സ്വഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)
ഇമാം ബര്‍ബഹാരി(റഹി) പറയുന്നു: ‘സുന്നത്ത് എന്നാല്‍ നബി ﷺ ചര്യയാക്കിയതും ജമാഅത്തെന്നാല്‍ അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ് മാന്‍(റ) എന്നിവരുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികള്‍ ഏകോപിച്ചതുമായ കാര്യമാണ്. (ശറഹുസ്സുന്ന).
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)പറയുന്നു: അവര്‍(അഹ്‌ലുസ്സുന്ന) അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ പ്രവാചകന്റെ സുന്നത്തിനെയും ഏതൊന്നിലാണോ സ്വഹാബത്തും അവരെ നല്ലരൂപത്തില്‍ പിന്‍പറ്റിയവരും ഏകോപിച്ചിട്ടുള്ളത് അതിനെയും മുറുകെപിടിക്കുന്നവരാണ്. (മജ്മൂഉല്‍ ഫതാവാ: 3/375)
ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യതലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണവര്‍” (ഇബ്‌നു കഥീര്‍ 1:574)
ഖുര്‍ആനും പ്രവാചക ചര്യയും (സുന്നത്ത്) മുറുകെ പിടിച്ച് സച്ചരിതരുടെ മാര്‍ഗത്തെ മാതൃകയായി സ്വീകരിച്ച് നിലകൊണ്ടവര്‍ മാത്രമാണ് എക്കാലത്തും ‘അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ’ എന്ന വിശേഷണത്തിന് അര്‍ഹര്‍.
അഹ്‌ലുസ്സുന്ന എന്ന് പണ്ട് മുതലേ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. (ഖു൪ആന്‍:3/106)
قال ابن عباس ، رضي الله عنهما : حين تبيض وجوه أهل السنة والجماعة ، وتسود وجوه أهل البدعة والفرقة
ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: മുഖം വെളുത്തവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെയും മുഖം കറുത്തവര്‍ ബിദ്അത്തിന്റെയും ഭിന്നിപ്പിന്റെയും ആളുകളാണ്. (തഫ്സീർ ഇബ്‌നു കസീർ)
قال الشيخ العلامة صالح بن فوزان الفوزان حفظه الله: أهل السنة والجماعة قد يقلون في بعض الأزمان وقد يكثرون وقد لا يكون منهم إلا عدد قليل لكن فيهم البركة والخير لأنهم على الحق ومن كان على الحق فإنه لا يخاف من القلة ولا يخشي من كثرة الأعداء .
ശൈഖ് സ്വാലിഹ് ബ്നു ഫൗസാൻ (ഹഫിളഹുള്ളാഹ്) പറഞ്ഞു : അഹ്ലുസ്സുന്ന വൽ ജമാഅ ചില കാലഘട്ടത്തിൽ എണ്ണത്തിൽ കുറവായേക്കാം ചിലതിൽ കൂടുതലും മറ്റു ചിലതിൽ വളരെ കുറഞ്ഞ എണ്ണമല്ലാതെ ഉണ്ടാകില്ല , പക്ഷെ അവരിൽ ബറകത്തും ഖൈറും ഉണ്ടാകും കാരണം അവർ ഹഖ്ഖിലാണ് , ആരൊരുവൻ ഹഖിലാണോ അവൻ അവന്റെ എണ്ണത്തിന്റെ കുറവിലോ ശത്രുക്കളുടെ പെരുക്കത്തിലോ ഭയക്കേണ്ടതില്ല.
kanzululoom.com