റമളാന്‍ സത്യവിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലമായിരുന്നു. എല്ലാവരും വിവിധങ്ങളായ ആരാധനകളില്‍ ക൪മ്മനിരതരായിരുന്നു. നോമ്പ്, ജമാഅത്ത് നമസ്കാരം, രാത്രി നമസ്കാരം, ദാനധ൪മ്മങ്ങള്‍, ഖു൪ആന്‍ പാരായണം, ഇഅ്തികാഫ്, സാമൂഹിക സേവനങ്ങള്‍ എന്നിവയിലെല്ലാം സത്യവിശ്വാസികള്‍ മുന്നിട്ടുനിന്നു. എന്നാല്‍ റമളാന്‍ കഴിയുന്നതോടുകൂടി പല ആളുകളും ഇതെല്ലാം ഉപേക്ഷിക്കുകയോ ഇതില്‍ അലസത കാണിക്കുകയോ ചെയ്യാറുണ്ട്. ഇവിടെയെല്ലാം സത്യവിശ്വാസികള്‍ക്ക് ഒരു കൃത്യമായ നിലപാട് ഉണ്ടായിരിക്കണം.

റമളാനില്‍ നാം നി൪വ്വഹിച്ച ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാ൪ത്ഥിക്കാന്‍ റമളാന് ശേഷമുള്ള സമയങ്ങളില്‍ നമുക്ക് കഴിയണം. നി൪വ്വഹിച്ച ക൪മ്മങ്ങളെല്ലാം അല്ലാഹു സ്വീകരിക്കുമെന്ന അമിത പ്രതീക്ഷ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. സ്വലഫുകളുടെ(മുന്‍ഗാമികള്‍) ചരിത്രങ്ങളില്‍ ഇപ്രകാരം കാണാം.

كان السلف يبكون ستة أشهر بعد رمضان يسألون الله القبول

റമളാന്‍ കഴിഞ്ഞാല്‍ അടുത്ത ആറ് മാസക്കാലം സ്വലഫുകള്‍, തങ്ങള്‍ നി൪വ്വഹിച്ച ക൪മ്മങ്ങള്‍ സ്വീകരിക്കുന്നതിനുവേണ്ടി പ്രാ൪ത്ഥിക്കുമായിരുന്നു.

അൽ അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ  حفظه الله   പറഞ്ഞു : (റമളാൻ) മാസാവസാനത്തിൽ സലഫുകൾ പാപമോചനവും, പശ്ചാത്താപവും, (അമലുകൾ) സ്വീകരിക്കപ്പെടില്ലെന്ന ഭയവും വർദ്ധിപ്പിക്കാറുണ്ടായിരുന്നു. റമദാനിലും അല്ലാത്തപ്പോഴും അവർ കഠിനമായി പരിശ്രമിക്കാറുണ്ടായിരുന്നിട്ട്‌ പോലും, അവരിൽ നിന്നൊന്നും സ്വീകരിക്കപ്പെടില്ലെന്ന ഭയം അവരിൽ ഉണ്ടാവാറുണ്ടായിരുന്നു, അങ്ങനെ അവർ അല്ലാഹുവിനോട്‌ പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്യും. (مجالس شهر رمضان المبارك ؛ ص119)

നി൪വ്വഹിച്ച ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുമോയെന്ന കാര്യത്തില്‍ പ്രതീക്ഷയും അതോടൊപ്പം ഭയവും ഉള്ളവരാണ് യഥാ൪ത്ഥ സത്യവിശ്വാസികള്‍.

وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ

രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:23/60)

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ( وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ)‏‏ أَهُوَ الرَّجُلُ الَّذِي يَزْنِي وَيَسْرِقُ وَيَشْرَبُ الْخَمْرَ قَالَ : لاَ يَا بِنْتَ أَبِي بَكْرٍ – أَوْ يَا بِنْتَ الصِّدِّيقِ – وَلَكِنَّهُ الرَّجُلُ يَصُومُ وَيَتَصَدَّقُ وَيُصَلِّي وَهُوَ يَخَافُ أَنْ لاَ يُتَقَبَّلَ مِنْهُ

ആഇശയില്‍(റ) നിന്നും നിവേദനം: അവ൪ പറയുന്നു: ഞാന്‍ ഈ ആയത്തിനെക്കുറിച്ച് (وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ ) നബിയോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ‘വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും, ചെയ്യുന്നവരാണോ അവ൪? നബി ﷺ പറഞ്ഞു: ‘സിദ്ദീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, നമസ്‌കരിക്കുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമാണ് അവ൪. (ഇബ്നുമാജ: 37/4338)

അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമായിരുന്നു ഇബ്രാഹിം നബിയും(അ) ഇസ്മാഈല്‍ നബിയും(അ) കഅബ നി൪മ്മിച്ചത്. കഅബ നി൪മ്മാണത്തിന് ശേഷം അവ൪ അല്ലാഹുവിനോട് ഇപ്രകാരം പ്രാ൪ത്ഥിച്ചതായി വിശുദ്ധ ഖു൪ആനില്‍ കാണാം.

رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/127)

റമളാനില്‍ എല്ലാവിധ തിന്‍മകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. നിഷിദ്ധമായ കാര്യങ്ങള്‍ കാണുന്നതില്‍ നിന്നും കേള്‍ക്കുന്നതില്‍ നിന്നും സംസാരിക്കുന്നതില്‍ നിന്നും ചിന്തിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പല൪ക്കും കഴിഞ്ഞിട്ടുണ്ട്. റമളാന്‍ കഴിഞ്ഞാല്‍ ഈ തിന്‍മകളിലേക്ക് തിരിയാതിരിക്കാന്‍ നമുക്ക് കഴിയണം. വീണ്ടും തിന്‍മകളിലേക്കും തെറ്റുകളിലേക്കും വ്യാപൃതരാകുകയാണെങ്കില്‍ റമളാനില്‍ നാം നി൪വ്വഹിച്ച ക൪മ്മങ്ങള്‍ പാഴായിപ്പോകാന്‍ സാധ്യതയുണ്ട്.

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًا

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. (ഖു൪ആന്‍:16/92)

ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ (ഹഫിളഹുല്ലാഹ്) പറഞ്ഞു: റമളാന്‍ സ്വീകാര്യമാണെന്നതിന്‍റെ അടയാളങ്ങളില്‍പെട്ടതാണ്,അതല്ലാത്ത മാസത്തിലും നന്‍മയെ പിന്തുടരുകയെന്നത്. റമളാനിന് ശേഷവും ഒരു മുസ്‌ലിമിന്‍റെ അവസ്‌ഥ നല്ലതൂം,നന്‍മകളും,നല്ല പ്രവര്‍ത്തനങ്ങളും അധികരിപ്പിക്കുന്നതായാല്‍, റമളാന്‍ സ്വീകാര്യ യോഗ്യമാണെന്നതിന് ഇതൊരു തെളിവാണ്. ഇതിന് വിപരീതമായി റമളാന്‍ കഴിഞ്ഞാല്‍ തിന്‍മകളെ പിന്തുടര്‍ന്നും, അശ്രദ്ധയിലും, അല്ലാഹുവിന് വഴിപ്പെടുന്നതില്‍നിന്ന് തിരിഞ്ഞു കളയുകയും ചെയ്താല്‍, റമളാന്‍ സ്വീകാര്യയോഗ്യമല്ലായെന്നതിന് ഇത് തെളിവാകുന്നു. مجالس شهر رمضان ١١٩

റമളാനില്‍ തഖ്‌വ (ഭയഭക്തി) ആ൪ജ്ജിച്ചെടുക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റമളാനിലെ പ്രധാനപ്പെട്ട ക൪മ്മമായ നോമ്പ് അല്ലാഹു ഏ൪പ്പെടുത്തിയതുതന്നെ തഖ്‌വ നേടിയെടുക്കാനാണ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്‌.(ഖു൪ആന്‍: 2 /183)

സത്യവിശ്വാസികളുടെ ജീവിതത്തില്‍ അനിവാര്യാമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് തഖ്‌വ. നാം എന്ത് ക൪മ്മങ്ങള്‍ നി൪വ്വഹിച്ചാലും അത് അല്ലാഹു സ്വീകരിക്കണമെങ്കില്‍ തഖ്‌വ അത്യാവശ്യമാണ്. തഖ്‌വ ഉള്ളവരില്‍ നിന്നേ അല്ലാഹു ക൪മ്മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്ന൪ത്ഥം.

وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْءَاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ

(നബിയേ) നീ അവര്‍ക്ക് ആദമിന്റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: തഖ്‌വയുള്ളവരില്‍ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരില്‍) നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27)

അല്ലാഹു സ്വര്‍ഗം ഒരുക്കിവെച്ചിരിക്കുന്നത് തഖ്‌വയോടെ ജീവിക്കുന്നവര്‍ക്കാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ

(നബിയേ) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.( ഖു൪ആന്‍: 3 /15)

تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا

നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് തഖ്’വയുള്ളവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്.(ഖു൪ആന്‍:19 / 63)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻣَﻘَﺎﻡٍ ﺃَﻣِﻴﻦٍ

സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു.(ഖു൪ആന്‍ :44/ 51)

അതുകൊണ്ടുതന്നെ അല്ലാഹു മനുഷ്യ൪ക്ക് ഒരു വസ്വിയത്തായി നല്‍കിയിട്ടുള്ള നി൪ദ്ദേശമാണ് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക അഥവാ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുക’ എന്നത്.

وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ

….. നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം ‘വസ്വിയ്യത്ത് ‘ ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്……. (ഖു൪ആന്‍ :4 /131)

റമളാന്‍ വിട പറയുമ്പോള്‍ നോമ്പ് കൊണ്ട് തനിക്ക് നേടാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ഓരോ വിശ്വാസിയും ചിന്തിക്കേണ്ടതുണ്ട്.

തഖ്‌വ നേടാന്‍ സഹായകരമാകുന്ന നോമ്പിനെ കുറിച്ച് റമളാന്‍ കഴിഞ്ഞാല്‍ അടുത്ത റമളാന്‍ വരെ സത്യവിശ്വാസികള്‍ വിസ്മരിക്കരുത്. റമളാന്‍ കഴിഞ്ഞാലും നി൪വ്വഹിക്കാനുള്ള ഒട്ടനവധി സുന്നത്ത് നോമ്പുകളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. തഖ്‌വ പിന്നെയും ആ൪ജ്ജിച്ചെടുക്കാനും അത് നിലനി൪ത്താനും സുന്നത്ത് നോമ്പ് സഹായകരമായിരിക്കും.

നോമ്പ് നോല്‍ക്കുന്നത് ശരീരത്തേയും മനസ്സിനേയും പിടിച്ച് നി൪ത്താനും ദേഹേച്ഛയുടെ കാഠിന്യം കുറക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കാനും സഹായിക്കും.

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ

നബി ﷺ പറഞ്ഞു: അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)

സുന്നത്ത് നോമ്പുകള്‍
  • എല്ലാ മാസവും ഏതെങ്കിലും മൂന്ന് ദിവസം
  • അയ്യാമുല്‍ ബീള് – എല്ലാ മാസവും 13,14,15 തീയതികളില്‍
  • തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍
  • താസൂആഅ് (മുഹറം:9) ആശൂറാഅ് (മുഹറം:10) ദിവസങ്ങളില്‍
  • അറഫ നോമ്പ്
  • ശവ്വാലിലെ ആറ് നോമ്പ്
  • ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍
  • ശഅബാനിലെ ഭൂരിഭാഗം ദിവസങ്ങളില്‍
  • കൂടുതല്‍ അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവ൪ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍

ഇമാം ഇബ്നു റജബുൽ ഹമ്പലി(റഹി) പറഞ്ഞു: റമളാനിലെ നോമ്പിന് ശേഷം സുന്നത്ത് നോമ്പ് പതിവാക്കുകയെന്നത് റമളാനിലെ നോമ്പ് സ്വീകരിക്കപ്പെട്ടു എന്നതിൻ്റെ അടയാളമാണ്. കാരണം അല്ലാഹു ഒരു അടിമയുടെ കർമ്മം സ്വീകരിച്ചാൽ ആ കർമ്മത്തിന് ശേഷം മറ്റൊരു സൽകർമ്മം ചെയ്യാൻ അവന് തൗഫീഖ് കൊടുക്കും.

റമളാനില്‍ നി൪വ്വഹിച്ച വിവിധങ്ങളായ ആരാധനകള്‍ ഉപേക്ഷിക്കുകയോ അതില്‍ അലസത കാണിക്കുകയോ നാം ചെയ്യരുത്. റമളാനില്‍ നോമ്പിനെ കൂടാതെ നി൪വ്വഹിച്ച മറ്റ് ക൪മ്മങ്ങളും റമളാന് ശേഷം നിലനി൪ത്താന്‍ നാം പരിശ്രമിക്കണം. റമളാനില്‍ അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായിട്ടാണ് നാം നി൪വ്വഹിച്ചത്. റമളാന്‍ കഴിഞ്ഞാലും ജമാഅത്ത് നമസ്കാരം നിലനി൪ത്താന്‍ ശ്രദ്ധിക്കണം.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: صَلاَةُ الْجَمَاعَةِ تَفْضُلُ صَلاَةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: തനിച്ച് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നമസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട്.(ബുഖാരി: 645)

റമളാനില്‍ റവാത്തീബ് സുന്നത്ത് നമസ്കാരങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുല൪ത്തിയ നമുക്ക് റമളാനിന് ശേഷവും അതിന് കഴിയണം.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ ثَابَرَ عَلَى ثِنْتَىْ عَشْرَةَ رَكْعَةً مِنَ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ

ആയിശയില്‍ (റ)നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സ്ഥിരമായി 12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹറിന് മുമ്പ് 4 റക്അത്ത്, ളുഹറിന് ശേഷം 2 റക്അത്ത്, മഗ്’രിബിന് ശേഷം 2 റക്അത്ത് ഇശാക്ക് ശേഷം 2 റക്അത്ത് , സുബ്ഹിക്ക് മുമ്പ് 2 റക്അത്ത്.’ (തി൪മിദി:414)

عَنْ أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ ‏”‏ ‏.‏ قَالَتْ أُمُّ حَبِيبَةَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ وَقَالَ عَنْبَسَةُ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ ‏.‏ وَقَالَ عَمْرُو بْنُ أَوْسٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ ‏.‏ وَقَالَ النُّعْمَانُ بْنُ سَالِمٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ ‏.‏

ഉമ്മുഹബീബയില്‍ (റ)നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും.” ഉമ്മുഹബീബ(റ)പറയുന്നു:റസൂലില്‍(സ്വ) നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. അന്‍ബസ(റ)പറഞ്ഞു: ഉമ്മുഹബീബയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല.അംറ്ബ്നുഔസ് (റ) പറഞ്ഞു: അന്‍ബസയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. നുഅ്മാന്ബ്നുസാലിം(റ)- പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കീട്ടില്ല.(മുസ്‌ലിം: 728)

ഖു൪ആന്‍ പാരായണത്തിന്റെ മാസമായിരുന്നു റമളാന്‍. ഈ മാസത്തില്‍ വിശുദ്ധ ഖു൪ആന്‍ മുഴുവനും പലതവണ പാരായണം ചെയ്യാന്‍ സത്യവിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു തവണയെങ്കിലും വിശുദ്ധ ഖു൪ആന്‍ പാരായണം ചെയ്യാത്ത൪ കുറവാണ്. റമളാനില്‍ ധാരാളമായി ഖു൪ആന്‍ പാരായണം ചെയ്ത നാം, റമളാന്‍ കഴിഞ്ഞാലും അത് നിലനി൪ത്തണം.

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഉദില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (സുനനുത്തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)

നാം ആത്മാ൪ത്ഥമായി പരിശ്രമിക്കുകയാണെങ്കില്‍ ഒരു ദിവസം ഒരു ജുസ്അ് ഖുർആൻ പാരായണം ചെയ്യാന്‍ കഴിയും. ഒരു ജുസ്അ് ഇരുപത് പേജാണ്. ഓരോ നമസ്കാരത്തിന്റെയും മുമ്പിലും പിന്നിലുമായി നാല് പേജ് ഖു൪ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ അഞ്ച് നേരത്തെ നമസ്കാരം കഴിയുമ്പോഴേക്കും ഒരു ജുസ്അ് ഖുർആൻ പാരായണം ചെയ്യാന്‍ കഴിയും.

റമളാനിലെ രാത്രി നമസ്കാരം(തറാവീഹ്) സത്യവിശ്വാസികള്‍ക്ക് ആവേശമായിരുന്നു. എത്ര സന്തോഷത്തോടെയും താല്‍പ്പര്യത്തോടെയുമാണ് നാം റമളാനിലെ രാത്രി നമസ്കാരം നി൪വ്വഹിച്ചത്. അറിയുക: രാത്രി നമസ്കാരം റമളാനില്‍ മാത്രമല്ല, എല്ലാ കാലത്തുമുണ്ട്. ഏറെ ശ്രേഷ്ടതയുള്ള ഒരു സുന്നത്ത് നമസ്കാരമാണ് രാത്രി നമസ്കാരം. റമളാന്‍ കഴിഞ്ഞാലും രാത്രി നമസ്കാരം നിലനി൪ത്താന്‍ നമുക്ക് കഴിയണം.

سُئِلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الصَّلاَةِ أَفْضَلُ بَعْدَ الْمَكْتُوبَةِ قَالَ صَلاَةُ اللَّيْلِ

നബി ﷺ ചോദിക്കപ്പെട്ടു: ഫർള് നമസ്‌കാരത്തിന്‌ ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായ നമസ്കാരം ഏതാണ്. നബി ﷺ പറഞ്ഞു: രാത്രി നമസ്‌കാരം. (മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലുള്ളതാണ്. ഫർള് നമസ്‌കാരത്തിന്‌ ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്‌കാരമാണ്. (മുസ്‌ലിം:1163)

റമളാനില്‍ ദാനധ൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് നമുക്ക് യാതൊരു മടിയും ഉണ്ടായില്ല. അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കാന്‍ നമുക്ക് എന്തൊരു ഇഷ്ടമായിരുന്നു. റമളാന്‍ കഴിഞ്ഞാലും ഈ പുണ്യക൪മ്മം നാം മറന്നു പോകരുത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)

قال ابن بطال رحمه الله :وَمَعْلُومٌ أنَّ دُعَاءَ المَلاَئِكَةِ مُجَابٌ

ഇബ്നു ബത്താൽ(റ) പറഞ്ഞു: തീർച്ചയായും മലക്കുകളുടെ പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്ന(പ്രാർത്ഥനയാണന്നത്) അറിയപ്പെട്ട കാര്യമാണ്. (ശറഹ് സ്വഹീഹുല്‍ ബുഖാരി : 3/439)

സഹജീവികളോട് കരുണ കാണിക്കാന്‍ റമളാനില്‍‍ നാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഈ പുണ്യക൪മ്മം റമളാന് ശേഷവും നാം നിലനി൪ത്തണം.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم: الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

നബി ﷺ പറഞ്ഞു: ‘കാരുണ്യവാന്‍മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്.നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കും’.( അബൂദാവൂദ് : 4290 – തി൪മിദി: 1847)

കേവലം ചില ആരാധനകള്‍ നി൪വ്വഹിക്കുന്നതിനുള്ള മാസമെന്ന നിലക്ക് റമളാനിനെ സമീപിച്ചവരുണ്ട്. അവ൪ റമളാനിന്റെ ആളുകളാണ്. ഇനി അവ൪ അടുത്ത റമളാനിലാണ് വീണ്ടും സജീവമാകുന്നത്. ഇത് ഒരു സത്യവിശ്വാസിയില്‍ ഒരിക്കലും സംഭവിക്കരുത്. മരണം വരെയും അല്ലാഹുവിനുവേണ്ടി ആരാധനാക൪മ്മങ്ങള്‍ നി൪വ്വഹിക്കാന്‍ നമുക്ക് കഴിയണം.

ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഖു൪ആന്‍: 15/99)

ഹസനുല്‍ ബസ്വരി (റഹി) പറഞ്ഞു: സത്യവിശ്വാസിയുടെ പ്രവര്‍ത്തനത്തിന് മരണമല്ലാതെ ഒരു അവധിയും അല്ലാഹു ഉണ്ടാക്കിയിട്ടില്ല.(മരണം വരെ അമല്‍ ചെയ്യുക എന്നര്‍ത്ഥം). പിന്നെ അദ്ദേഹം പാരായണം ചെയ്തു: {നിനക്ക് മരണം വന്നെത്തുന്നത് വരെ നിന്‍റെ റബ്ബിനെ നീ ആരാധിക്കുക(ഖു൪ആന്‍: 15/99)لطائف المعارف ٢٢٣

فَإِذَا فَرَغْتَ فَٱنصَبْ

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. (ഖു൪ആന്‍: 94/7)

…… നിര്‍ബന്ധ കര്‍മങ്ങൾ ചെയ്തു തീര്‍ന്നാൽ ഐഛികകര്‍മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകൾ അവസാനിച്ചാൽ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാൽ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ മറ്റൊരു നല്ല വിഷയത്തിൽ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. (അമാനി തഫ്സീർ : ഖുർആൻ 94/7 ന്റെ വിശദീകരണം)

عَنْ  بُرَيْدَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْمُؤْمِنُ يَمُوتُ بِعَرَقِ الْجَبِينِ

ബുറൈദയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസി മരണപ്പെടുക, (വിശ്രമമില്ലാതെ പ്രവർത്തിച്ച്) നെറ്റിത്തടം വിയർത്തുകൊണ്ടായിരിക്കും. (തിർമിദി:982)

റമളാനില്‍ നി൪വ്വഹിച്ച ക൪മ്മങ്ങളെല്ലാം റമളാന് ശേഷം പതിവായി ചെയ്യാന്‍ ശ്രമിക്കുക. കാരണം പതിവായി ചെയ്യുന്ന ക൪മ്മങ്ങളാണ് അല്ലാഹുവിന് ഇഷ്ടം.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَحَبُّ الأَعْمَالِ إِلَى اللَّهِ تَعَالَى أَدْوَمُهَا وَإِنْ قَلّ ‏

ആയിശയില്‍ (റ) നിന്ന് നിവേദനം: അവ൪ പറയുന്നു: ഒരാൾ നബിയോട് (സ്വ) ചോദിച്ചു: ഏത് കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്? നബി ﷺ പറഞ്ഞു: നിത്യം നി൪വ്വഹിക്കുന്നതായ സൽക്കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, അത് എത്ര കുറഞ്ഞതാണെങ്കിലും ശരി. ( മുസ്ലിം:783)

നമ്മുടെ അമലുകൾ അല്ലാഹു സ്വീകരിച്ചു എന്നതിന്റെ ഒരടയാളത്തിൽ പെട്ടതാണ് നന്മകൾ ചെയ്യുന്നതിൽ നമുക്ക് തുടരാൻ സാധിക്കുക എന്നത്. അഥവാ ഒരാൾ റമദാനിന് മുമ്പ് എങ്ങനെയായിരുന്നോ, അതിനേക്കാൾ നല്ല അവസ്ഥയിലേക്ക് അവന് മാറാൻ സാധിച്ചിട്ടുണ്ടാകും. നാം ഓരോരുത്തരും സ്വയം പരിശോധിക്കേണ്ട കാര്യമാണത്.

എന്നാൽ റമദാനിനു ശേഷം ഏതൊരു വഴികേടിലാണോ അവൻ ഉണ്ടായിരുന്നത് അതിലേക്ക് തന്നെ വീണ്ടും മടങ്ങുക എന്നത് വളരെ ഖേദകരമായ കാര്യമാണ്. അത്തരക്കാരെ കുറിച്ചാണ് സലഫുകളിൽ ചിലർ പറഞ്ഞത്:

بئس القوم لا يعرفون الله إلا في رمضان

എത്ര മോശം ആളുകളാണ്; റമദാനിലല്ലാതെ അവർക്ക് അല്ലാഹുവിനെ അറിയുകയില്ല.

 

റമളാനില്‍ ആരാധനാക൪മ്മങ്ങള്‍ ധാരാളം നി൪വ്വഹിക്കാന്‍ കഴിയുന്നതിന് പല കാരണങ്ങളുണ്ടായിരുന്നു. അല്ലാഹുവില്‍ നിന്നുള്ള പ്രത്യേകമായ ഒരു സഹായം, സാമൂഹികമായ സാഹചര്യം, പിശാചിനെ ചങ്ങലക്കിട്ടത് തുടങ്ങി പല കാരണങ്ങള്‍. റമളാനില്‍ മുഴുവന്‍ നോമ്പ് ആയതോടുകൂടി തെറ്റുകളില്‍ നിന്നും തിന്‍മകളില്‍ നിന്നും പൂ൪ണ്ണമായി വിട്ടുനില്‍ക്കാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ റമളാനില്‍ ധാരാളം ഇബാദത്തുകള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. റമളാന്‍ കഴിയുന്നതോടുകൂടി ഈ സാഹചര്യങ്ങളെല്ലാം ഇല്ലാതാകുന്നു. റമളാന്‍ കഴിയുന്നതോടുകൂടി പിശാച് തിരിച്ചു വരികയും ചെയ്യുന്നു. അതോടൊപ്പം ഇച്ഛകളുടെ താല്പര്യവും തഖ്‌വയോടെ ജീവിക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം. അല്ലാഹുവിനോട് ആത്മാ൪ത്ഥമായി പ്രാ൪ത്ഥിക്കുക.

റമളാനില്‍ ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടിരുന്ന പിശാച് റമളാന്‍ കഴിയുന്നതോടെ മനുഷ്യരെ പിഴപ്പിക്കുന്നതിനായി പുറത്തേക്ക് വരുന്നതാണ്. മനുഷ്യന്റെ കഠിന ശത്രുവായ അവന്‍, സ്വ൪ഗ്ഗ പ്രവേശനത്തിനായി പ്രവ൪ത്തിക്കുന്ന മനുഷ്യനെ അതില്‍ നിന്ന് എങ്ങനെയെങ്കിലും തടയാനാണ് ഒന്നാമതായി പരിശ്രമിക്കുക. അതിനായി മനുഷ്യനെതിരെ അവന്‍ എല്ലാവിധ തന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കും.

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ് പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.(ഖു൪ആന്‍ : 15/39)

ﻗَﺎﻝَ ﻓَﺒِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷََﻗْﻌُﺪَﻥَّ ﻟَﻬُﻢْ ﺻِﺮَٰﻃَﻚَ ٱﻟْﻤُﺴْﺘَﻘِﻴﻢَ ﺛُﻢَّ ﻻَءَﺗِﻴَﻨَّﻬُﻢ ﻣِّﻦۢ ﺑَﻴْﻦِ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣِﻦْ ﺧَﻠْﻔِﻬِﻢْ ﻭَﻋَﻦْ ﺃَﻳْﻤَٰﻨِﻬِﻢْ ﻭَﻋَﻦ ﺷَﻤَﺎٓﺋِﻠِﻬِﻢْ ۖ ﻭَﻻَ ﺗَﺠِﺪُ ﺃَﻛْﺜَﺮَﻫُﻢْ ﺷَٰﻜِﺮِﻳﻦَ

അവന്‍ (പിശാച്) പറഞ്ഞു: (അല്ലാഹുവേ) നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍ : 7/16-17)

മുമ്പിലൂടെയും, പിമ്പിലൂടെയും, വലത്തും ഇടത്തും ഭാഗങ്ങളിലൂടെയും ചെല്ലുമെന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരെ വഞ്ചിക്കുവാന്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും അവരെ ഞാന്‍ സമീപിക്കും എന്നാണ്.

ﺇِﻧَّﻤَﺎ ﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟﺴُّﻮٓءِ ﻭَٱﻟْﻔَﺤْﺸَﺎٓءِ ﻭَﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ

ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍(പിശാച്) നിങ്ങളോട് കല്‍പിക്കുന്നത്‌.(ഖു൪ആന്‍ : 2/169)

പിശാചിന്റെ കുതന്ത്രങ്ങളെയെല്ലാം കരുതിയിരിക്കാന്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നെല്ലാം രക്ഷപെടുന്നതിനുള്ള വിവിധ മാ൪ഗങ്ങളെ കുറിച്ച് അല്ലാഹുവും അവന്റെ റസൂലും(സ്വ) പഠിപ്പിച്ചിട്ടുള്ളത് മനസ്സിലാക്കുക. അതില്‍ പ്രധാനപ്പെട്ടതാണ് ജീവിതത്തിലുടനീളം ഇഖ്ലാസ് കാത്തുസൂക്ഷിക്കുക അഥവാ ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുകൊണ്ടു മാത്രമാകുക, തവക്കുല്‍ കാത്തുസൂക്ഷിക്കുക അഥവാ സകല കാര്യങ്ങളിലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുക, യഥാ൪ത്ഥ വിശ്വാസിയാകുക, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്തുക എന്നുള്ളത്. അങ്ങനെയാകുമ്പോള്‍ പിശാചിന്റെ കുതന്ത്രങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിയും. അതിനുള്ള തെളിവ് കാണുക.

ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ – ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

അവന്‍ (ഇബ്ലീസ്‌) അല്ലാഹുവിനോട് പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:38/82-83)

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ – ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:15/39-40)

ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്‌ ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)

ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു. ‘ദൈവസ്മരണ അധികരിപ്പിക്കണമെന്ന് ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നു.കാരണം ശത്രുവോട് ഏറ്റുമുട്ടാന്‍ അങ്കിയും പടച്ചട്ടയും ധരിച്ച ഒരാളെ പോലെ ദൈവദാസന്‍ ദൈവസ്മരണയില്‍ ആയിരിക്കുമ്പോള്‍ പിശാചിന്റെ ആക്രമണത്തില്‍ നിന്നും സദാ സുരക്ഷിതനായിരിക്കും’. (അഹ്’മദ്, തി൪മുദി – ഈ ഹദീസ് കുറ്റമറ്റതാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ ‏.‏ وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ ‏.‏ وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ ‏”‏ ‏.‏

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കില്‍ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങള്‍ക്കിവിടെ താമസ സൗകര്യമോ രാത്രി ഭക്ഷണമോ ഇല്ല.ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നില്ലെങ്കില്‍ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങള്‍ക്കിവിടെ താമസ സൗകര്യവും രാത്രി ഭക്ഷണവും ലഭിക്കുന്നു’. (മുസ്‌ലിം:2018)

റമദാനിലും റമദാൻ കഴിഞ്ഞാലും പ്രാർത്ഥന തന്നെ വിശ്വാസിയുടെ ആയുധം. എന്നും കൈകളുയർത്തി തേടാം നമുക്ക്, കാരുണ്യവാനോട്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *