അബൂബകര്‍ رَضِيَ اللَّهُ عَنْهُ വിന്റെ ഉപദേശം

അല്ലാഹു പറയുന്നു:

أُو۟لَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌. (ഖു൪ആന്‍ : 46/16)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ജരീർ അത്ത്വബരി رحمه الله  അബൂബകര്‍ رَضِيَ اللَّهُ عَنْهُ ഉമർ ബ്നു ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ വിന് നൽകിയ ഉപദേശം രേഖപ്പെടുത്തുന്നുണ്ട്.

عن مجاهد, قال: دعا أبو بكر عمر رضي الله عنهما، فقال له: إني أوصيك بوصية أن تحفظها:

മുജാഹിദ്  رحمه اللّٰه  യിൽ നിന്ന് നിവേദനം: അബൂബകര്‍ رَضِيَ اللَّهُ عَنْهُ ഉമർ ബ്നുൽ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ വിനെ വിളിച്ചു കൊണ്ട് പറഞ്ഞു: ഉമർ, ചില ഉപദേശങ്ങൾ ഞാൻ നിനക്ക് നൽകാം. അവയെ നിന്റെ ജീവിതത്തിൽ കാത്തുസൂക്ഷിക്കണം (പ്രാവർത്തികമാക്കണം)

ഒന്നാമത്തെ ഉപദേശം ഇപ്രകാരമായിരുന്നു:

إن لله في الليل حقا لا يقبله بالنهار، وبالنهار حقا لا يقبله بالليل،

രാത്രികളിൽ അല്ലാഹുവിനോട് (നാം) ചെയ്യേണ്ട ചില ബാധ്യതകളുണ്ട്. അവയെ അല്ലാഹു പകലിൽ സ്വീകരിക്കുകയില്ല. അതുപോലെ (നാം) പകലുകളിൽ ചെയ്യേണ്ട ചില ബാധ്യതകളുണ്ട്. അത് അല്ലാഹു രാത്രിയിൽ സ്വീകരിക്കുകയില്ല.

മനുഷ്യരെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത്  ചെയ്യാന്‍ വേണ്ടി മാത്രമാണ്. സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധമായതും അല്ലാത്തതുമായ ധാരാളം കര്‍മ്മങ്ങൾ എല്ലാ ദിവസവും നിര്‍വ്വഹിക്കേണ്ടതുണ്ട്. രാത്രിയിൽ നിര്‍വ്വഹിക്കേണ്ടതും പകൽ നിര്‍വ്വഹിക്കേണ്ടതുമുണ്ട്. അതെല്ലാം യഥാസമയം തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ട്.

അല്ലാഹു നമ്മുടെ മേൽ സമയം നിർണയിച്ച് നിർബന്ധമാക്കിയ കർമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നമസ്കാരത്തിന്റെ കാര്യം.  നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا

അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ…….. (ബുഖാരി: 527)

‏الشيخ العلامة صالح الفوزان حفظه الله : إذا أخّر صلاته عن وقتها متعمداً لا تُقبل منه

ശൈഖ് ഫൗസാൻ حفظه الله പറഞ്ഞു:മനപൂർവ്വം തന്റെ നമസ്കാരം അതിന്റെ സമയത്തിൽ നിന്ന് പിന്തിപ്പിച്ചാൽ അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല. حماية الشباب 14-05-1437

രണ്ടാമത്തെ ഉപദേശം കാണുക:

إنه ليس لأحد نافلة حتى يؤدّي الفريضة،

തീർച്ചയായും ഒരുവൻ അവന് അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്യാത്തവനെ സംബന്ധിച്ചിടത്തോളം സുന്നത്തായ കാര്യങ്ങൾ ഒരിക്കലും അവന് ഉണ്ടാവുകയില്ല.

സുന്നത്തായ കര്‍മ്മങ്ങൾ നിര്‍വ്വഹിക്കുന്നവന് പ്രതിഫലം ലഭിക്കുകയും, ഫര്‍ളില്‍ സംഭവിച്ച കുറവിനെ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِي صَلاَةِ عَبْدِي أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِي فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:‘അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹു മലക്കുകളോട് പറയും: (അവനാണ് കുടുതല്‍ അറിയുന്നവന്‍)എന്റ അടിമയുടെ നമസ്‌കാരത്തില്‍ കുറവോ ന്യൂനതയോ വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ അവന്റ കര്‍മങ്ങളെ പൂര്‍ണമായി രേഖപ്പെടുത്തുക. കുറവ് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിമ ഐഛികമായി (സുന്നത്തായി) വല്ലതും നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ വന്ന ന്യൂനതകള്‍ സുന്നത്തായത് കൊണ്ട് പൂര്‍ത്തിയാക്കുവിന്‍. അപ്രകാരമായിരിക്കും അവന്റ ഓരോ കര്‍മവും സ്വീകരിക്കുക’. (അബൂദാവൂദ്:864- സ്വഹീഹുല്‍ ജാമിഉ: 2/355)

എന്നാൽ ഫര്‍ള് നമസ്കരിക്കാതെ സുന്നത്ത് നിര്‍വ്വഹിച്ചാൽ അതുവഴി നേട്ടമോ പ്രതിഫലമോ ഇല്ല. ഇന്ന് മുസ്ലിം സമൂഹം ധാരാളമായി സുന്നത്തായ സ്വദഖ നൽകുന്നവരാണ്. എന്നാൽ അരിൽ പലരും ഫര്‍ളായ സകാത്തിന്റെ കാര്യത്തിഷ വീഴ്ച വരുത്തുന്നവരാണ്. അത്തരക്കാര്‍ അബൂബകര്‍ رَضِيَ اللَّهُ عَنْهُ വിന്റെ ഈ ഉപദേശം ഓര്‍ത്തുകൊള്ളട്ടെ.

ഉപദേശത്തിൽ തുടര്‍ന്നുള്ള ഭാഗം കാണുക:

إنه إنما ثقُلت موازين من ثقُلت موازينه يوم القيامة باتباعهم الحقّ في الدنيا، وثقُل ذلك عليهم، وحقّ لميزان لا يوضع فيه إلا الحقّ أن يثقل،

നാളെ ഖിയാമത്ത് നാളിൽ ആരുടെ തുലാസ്സാണോ ഘനം തൂങ്ങുന്നത് അത് ദുനിയാവിൽ അവൻ ഹഖ് (സത്യം) പിൻപറ്റിയതു കൊണ്ടു മാത്രമാണ്. അതാകട്ടെ (സത്യം പിൻപറ്റൽ) അവർക്ക് ഭാരമുള്ളതായിരുന്നു. ഹഖ് അല്ലാതെ മറ്റൊന്നും വെക്കപ്പെടാത്ത ഒരു തുലാസ് ഘനം തൂങ്ങാൻ അർഹമാണ്.

ഹഖ് അന്വേഷിക്കുകയും ഹഖ് ബോധ്യപ്പെട്ടാൽ അക് പിൻപറ്റുകയും വേണം. ഹഖ് പിൻപറ്റിയാൽ മാത്രമേ മാത്രമേ സ്വർഗ പ്രവേശനം സാധ്യമാകൂ.

فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖുർആൻ:2/38)

ഉപദേശത്തിന്റെ ബാക്കി കാണുക:

وخفَّت موازين من خفَّت موازينه يوم القيامة، لاتباعهم الباطل في الدنيا، وخفته عليهم، وحقّ لميزان لا يوضع فيه إلا الباطل أن يخف.

ആരുടെ തുലാസ്സാണോ ഖിയാമത്ത് നാളിൽ ഘനം കുറയുന്നത് അവന്ന് ദുൻയാവിൽ ബാത്വിൽ (അസത്യം) പിൻപറ്റിയതു കൊണ്ട് മാത്രമാണ് അത് സംഭവിക്കുക. അതാകട്ടെ (അസത്യം പിൻപറ്റൽ) അവർക്ക് ഏറെ എളുപ്പമുള്ളതുമായിരുന്നു. അസത്യമല്ലാതെ മറ്റൊന്നും വെക്കപ്പെടാത്ത ഒരു തുലാസ് ഘനം കുറയുവാൻ അർഹമാണ്.

ഹഖ് ബോധ്യപ്പെട്ടിട്ടും ദേഹേച്ഛകൾക്ക് അടിമപ്പെട്ടും മറ്റും ബാത്വിൽ പിൻപറ്റി ജീവിച്ചാൽ അത് പരലോകത്ത് നഷ്ടവും നരക പ്രവേശനത്തിന് കാരണവുമാണ്.

وَمَن يَكْفُرْ بِٱلْإِيمَٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَٰسِرِينَ

സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. (ഖുർആൻ:5/5)

ഉപദേശത്തിന്റെ തുടര്‍ച്ച കാണുക:

ألم تر أن الله ذكر أهل الجنة بأحسن أعمالهم، فيقول قائل: أين يبلغ عملي من عمل هؤلاء، وذلك أن الله عزّ وجلّ تجاوز عن أسوأ أعمالهم فلم يبده،

അല്ലാഹു സ്വർഗക്കാരെ സംബന്ധിച്ച് അവരുടെ ഏറ്റവും നല്ല പ്രവർത്തനങ്ങളെയാണ് നമുക്ക് പറഞ്ഞ് തന്നിട്ടുള്ളത് അത് നീ വീക്ഷിച്ചിട്ടില്ലേ? ഇവരുടെ പ്രവർത്തനവുമായി എന്റെ പ്രവർത്തനങ്ങൾ തട്ടിച്ചു നോക്കുമ്പോൾ എന്റെ പ്രവർത്തനം എവിടെയാണ്, അത് വളരെ കുറവാണല്ലോ എന്ന് ഒരുവൻ പറഞ്ഞു പോകും . ഇത് അവർ തിന്മകൾ പ്രവർത്തിക്കാത്തത് കൊണ്ടല്ല, മറിച്ച് അല്ലാഹു അവരുടെ മോശമായ പ്രവർത്തനങ്ങൾ വിട്ടുവീഴ്ച്ച ചെയ്യുകയും അതിനെ അല്ലാഹു വെളിവാക്കാതിരിക്കുകയും ചെയ്തതു കൊണ്ടാണ്.

അടിമകളുടെ തിൻമകൾ അല്ലാഹു മറച്ചു വെക്കുന്നു എന്നത് അവന്റെ കാരുണ്യത്തെ അറിയിക്കുന്നു. അത് അവന്റെ വലിയ അനുഗ്രഹങ്ങളിൽ പെട്ടതാകുന്നു.

يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര് അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍:64/9)

عَنْ  عُمَرَ ـ رضى الله عنهما ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّهَ يُدْنِي الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ‏.‏ حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِي الدُّنْيَا، وَأَنَا أَغْفِرُهَا لَكَ الْيَوْمَ‏.‏ فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الْكَافِرُ وَالْمُنَافِقُونَ فَيَقُولُ الأَشْهَادُ هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ، أَلاَ لَعْنَةُ اللَّهِ عَلَى الظَّالِمِينَ ‏‏

ഇബ്നു ഉമർ رضى الله عنهما പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു; അല്ലാഹു സത്യവിശ്വാസിയെ തന്റെയടുത്തേക്ക് അടുപ്പിക്കും, എന്നിട്ട് അവനെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: ‘നീ ചെയ്ത ഇന്ന പാപത്തെക്കുറിച്ച് അറിയാമോ? ഇന്ന പാപത്തെക്കുറിച്ച് അറിയാമോ?’ അപ്പോൾ അയാൾ പറയും: അതെ, എന്റെ രക്ഷിതാവേ. അങ്ങിനെ തന്റെ കുറ്റങ്ങൾ അയാൾക്ക് ബോദ്ധ്യപ്പെടുകയും, താൻ നശിച്ചുപോയിയെന്ന് അയാളുടെ മനസ്സിൽ തോന്നുകയും ചെയ്താൽ അല്ലാഹു പറയും: ഇഹലോകജീവിതത്തിൽ (ആ തെറ്റുകൾ) ഞാൻ മറച്ചുവെച്ചിരുന്നു. ഇന്ന് നിനക്ക് ഞാനവ പൊറുത്തുതന്നിരിക്കുന്നു. അങ്ങനെ അയാളുടെ നന്മകളുടെ രേഖ അയാൾക്ക് നൽകപ്പെടുന്നു. എന്നാൽ അവിശ്വാസിയുടെയും കപട വിശ്വാസിയുടെയും സ്ഥിതി (നേരെ മറിച്ചാണ്). ‘അവരെക്കുറിച്ച് സാക്ഷികൾ പറയും, ഇവരാകുന്നു തങ്ങളുടെ റബ്ബിന്റെ പേരിൽ കള്ളം പറഞ്ഞവർ. അറിയുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേൽ ഉണ്ടായിരിക്കുന്നതാണ് ( ഖു൪ആന്‍:11/18).(ബുഖാരി: 2441)

ഉപദേശം തുടരുന്നു:

ألم تر أن الله ذكر أهل النار بأسوأ أعمالهم حتى يقول قائل: أنا خير عملا من هؤلاء، وذلك بأن الله ردّ عليهم أحسن أعمالهم،

നരകക്കാരെക്കുറിച്ച് അവരുടെ ഏറ്റവും മോശമായ പ്രവർത്തനങ്ങൾ കൊണ്ട് അല്ലാഹു അവരെ പരിചയപ്പെടുത്തിയത് നീ കണ്ടില്ലേ? എത്രത്തോളമെന്നു വച്ചാൽ ഇവരെക്കാൾ എത്രയോ നല്ല പ്രവർത്തനമാണ് എന്റേത് എന്ന് ഒരുവൻ പറഞ്ഞു പോകും . ഇത് അവർ നല്ലത് പ്രവർത്തിക്കാത്തതു കൊണ്ടല്ല. മറിച്ച് അവർ ചെയ്ത നല്ല കാര്യങ്ങൾ അല്ലാഹു സ്വീകരിക്കാതിരിന്നതു കൊണ്ടാണ്.

നമ്മുടെ കര്‍മ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപെടുമോ എന്ന ഭയം നമുക്ക് ഉണ്ടായിരിക്കണം. നല്ല പ്രവർത്തനങ്ങൾ തള്ളപ്പെട്ടവരാണ് നരകത്തിന്റെയാളുകൾ.

عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ ‏:‏ “‏ لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ‏”‏ ‏.‏ قَالَ ثَوْبَانُ ‏:‏ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ ‏.‏ قَالَ ‏:‏ ‏”‏ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا”.

സൌബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍‌ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. നബി ﷺ പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും. (ഇബ്നമാജ:4386 – സ്വഹീഹ് അല്‍ബാനി)

നമ്മുടെ ഇബാദത്തുകൾ അല്ലാഹു സ്വീകരിക്കുമോയെന്ന കാര്യത്തിലും ഭയമുണ്ടാകണം.

وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ

രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:23/60)

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ( وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ)‏‏ أَهُوَ الرَّجُلُ الَّذِي يَزْنِي وَيَسْرِقُ وَيَشْرَبُ الْخَمْرَ قَالَ : لاَ يَا بِنْتَ أَبِي بَكْرٍ – أَوْ يَا بِنْتَ الصِّدِّيقِ – وَلَكِنَّهُ الرَّجُلُ يَصُومُ وَيَتَصَدَّقُ وَيُصَلِّي وَهُوَ يَخَافُ أَنْ لاَ يُتَقَبَّلَ مِنْهُ

ആഇശ رضي الله عنها വിൽ നിന്നും നിവേദനം: അവ൪ പറയുന്നു: ഞാന്‍ ഈ ആയത്തിനെക്കുറിച്ച് ( وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ ) നബി ﷺ യോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ‘വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും, ചെയ്യുന്നവരാണോ അവ൪? നബി ﷺ പറഞ്ഞു: ‘സിദ്ദീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, നമസ്‌കരിക്കുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമാണ് അവ൪. (ഇബ്നുമാജ: 37/4338)

ഉപദേശത്തിന്റെ അവസാന ഭാഗം ഇപ്രകാരമാണ്:

ألم تر أن الله عزّ وجلّ أنزل آية الشدّة عند آية الرخاء، وآية الرخاء عند آية الشدّة، ليكون المؤمن راغبا راهبا، لئلا يُلقي بيده إلى التهلكة، ولا يتمنى على الله أمنية يتمنى على الله فيها غير الحق (من تفسير سورة الأحقاف لإمام الطبري ص : ١٤٧ الجزء رابع والعشرون )

ഉമർ, അല്ലാഹു  എളുപ്പത്തെ സംബന്ധിച്ച് പരാമർശിക്കുന്ന ആയത്തുകൾക്ക് അടുത്ത് പ്രയാസത്തിനെ കുറിച്ചുള്ള ആയത്തുകൾ അവതരിപ്പിച്ചത് നീ കണ്ടിട്ടില്ലേ? അത് പോലെ പ്രയാസത്തിന്റെ ആയത്തുകളുടെ അടുത്ത് എളുപ്പത്തിന്റെയും ആയത്തുകൾ അവതരിപ്പിച്ചത് നീ കണ്ടിട്ടില്ലേ? ‌ഇപ്രകാരം അല്ലാഹു അവതരിപ്പിച്ചത് ഒരു വിശ്വാസി അവന്റെ റബ്ബിൽ ഭയവും പ്രതീക്ഷയും ഉള്ളവനായി തീരാനും അവന്റെ കരങ്ങൾ നാശത്തിലേക്ക് ചലിപ്പിക്കാതിരിക്കാനും വേണ്ടിയാണ്. അതുപോലെ അവൻ അല്ലാഹുവിന്റെ മേൽ സത്യമല്ലാത്തത് ആഗ്രഹിക്കാതിരിക്കാനും അതിൽ വഞ്ചിതാനാകാതിരിക്കാനുമാണ്. (തഫ്സീറു ത്വബരി)

മനുഷ്യ ജീവിതത്തിലെ പരസ്പരവിരുദ്ധ തരത്തിലുള്ള രണ്ട് അവസ്ഥകളാണ് ഭയവും പ്രതീക്ഷയും (الخوف والرَّجاء). ഒരു സത്യവിശ്വാസിയിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങളുമാണ് ഭയവും പ്രതീക്ഷയും. ഒരു സത്യവിശ്വാസി സദാ അല്ലാഹുവിനെ ഭയക്കുകയും അവന്റെ കാര്യണ്യത്തിൽ പ്രതീക്ഷ വെക്കുകയും വേണം. അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുകയും അവന്റെ മഗ്ഫിറത്തിനെതൊട്ട്(പാപമോചനം) പ്രതീക്ഷയും വേണം. നമ്മുടെ പ്രാർത്ഥനകളിലും ഭയവും, പ്രതീക്ഷയും ഉണ്ടായിരിക്കണം. നിരവധി പ്രവാചകന്മാരുടെ ചരിത്രം എടുത്ത്‌ പറഞ്ഞ ശേഷം അവർക്കെല്ലാം ഉണ്ടായിരുന്ന ഒരു പൊതുഗുണമായി അല്ലാഹു പറയുന്നു :

ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ

തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍:21/90)

ഇബാദത്തുകൾ അല്ലാഹു സ്വീകരിക്കുമോയെന്ന കാര്യത്തിലും ഭയവും പ്രതീക്ഷയും ഉള്ളവരാണ് യഥാ൪ത്ഥ സത്യവിശ്വാസികള്‍.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *