ബാങ്ക് വിളി
അദാനിന്റെ (ബാങ്ക് വിളി) നിർവചനം
വിളംബരം ചെയ്യുകയെന്നാണ് അദാനിന്റെ ഭാഷാർഥം. അല്ലാഹു പറഞ്ഞു:
وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ
മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്. (ഖുര്‍ആൻ:9/3)
പ്രത്യേകമായുള്ള ദിക്‌റുകൊണ്ട് നമസ്‌കാര സമയമായിരിക്കുന്നു എന്ന് അറിയിക്കലാണ് മതപരമായി ‘അദാൻ’ (ബാങ്കുവിളി) അർഥമാക്കുന്നത്.
ബാങ്കിന്റെ വിധി
പുരുഷന്മാർക്ക് അഞ്ച് നേരത്തെ നിർബന്ധ നമസ്‌കാരങ്ങൾക്കായി ബാങ്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. ഇതര നമസ്‌കാരങ്ങൾക്ക് ഈ നിയമമില്ല. അത് ഫർദുകിഫായയിൽ പെട്ടതാകുന്നു. അഥവാ പര്യാപ്തമായവർ അവ നിർവഹിച്ചാൽ മറ്റുള്ളവരിൽനിന്ന് കുറ്റം ഒഴിവായി. കാരണം അവ ഇസ്‌ലാമിന്റെ ബാഹ്യമായ ചിഹ്നങ്ങളാകുന്നു. അതിനാൽതന്നെ അവ പാഴാക്കൽ അനുവദനീയമാവുകയില്ല.
നബി ﷺ ഒരു സംഘത്തോട് അവ൪ യാത്ര പോകുമ്പോള്‍ പറഞ്ഞു:
فَإِذَا حَضَرَتِ الصَّلاَةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ ثُمَّ لْيَؤُمَّكُمْ أَكْبَرُكُمْ
നമസ്കാര സമയമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്ക് വിളിക്കുകയും വലിയ ആള്‍ ഇമാമ് നില്‍ക്കുകയും വേണം. (ബുഖാരി:628 – മുസ്ലിം :674)
ഈ ഹദീസിലെ ‘നിങ്ങളില്‍ ഒരാള്‍’ എന്ന പദം ബാങ്ക് ഫ൪ള് കിഫായയെ സൂചിപ്പിക്കുന്നു.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: നബി ﷺ യുടെ കാലത്ത് അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ക്ക് വേണ്ടി വിളിക്കപ്പെട്ടിരുന്നുവെന്ന് മുതവാത്വിറായ ഹദീസുകളാലും ഇജ്മാഇനാലും സ്ഥിരപ്പെട്ടതാണ്. അന്നുമുതല്‍ ഇന്നുവരെ ആ ക൪മ്മം നി൪വ്വഹിച്ച് വരികയും ചെയ്യുന്നു. (ശറഹുല്‍ ഉംദ :2/96 – ഫത്വാവാ ഇബ്നു തൈമിയ്യ :22/64)
‘ബാങ്ക് വിളിക്കുന്നത് ‘ ഇന്ന് സമൂഹത്തില്‍ ഏറ്റവും കുറഞ്ഞ പണിയായിട്ടാണ് ആളുകള്‍ മനസ്സിലാക്കിയിട്ടുള്ളത്. ബാങ്ക് വിളിക്കുന്നതിന്റെ മഹത്വവും അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലവും അറിയാത്തതുകൊണ്ടാണ് ആളുകള്‍ക്ക് അത് നിസ്സാരകാര്യമായി തോന്നിയിട്ടുള്ളത്. ബാങ്ക് വിളിക്കുന്നതിന്റെ പുണ്യവും മഹത്വവും മനസിലാക്കുന്നവര്‍ ബാങ്ക് വിളിക്കാന്‍ ഒരവസരത്തിനായി കൊതിക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബാങ്ക് വിളിക്കുന്നതിലും ഒന്നാമത്തെ സ്വഫിലുമുള്ള മഹത്വം ജനങ്ങള്‍ മനസിലാക്കുകയും എന്നിട്ട് അത് കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ മറ്റുവഴികളില്ലെന്ന് അവര്‍ കാണുകയും ചെയ്യുകയാണെങ്കില്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കും…. (ബുഖാരി:615)
ബാങ്കിന്റെ രീതി
ബാങ്കുവിളിക്ക് തിരുസുന്നത്തിൽ പല രീതികൾ വന്നിട്ടുണ്ട്. അവയിലൊന്ന് അബൂമഹ്ദൂറ(റ)യുടെ ഹദീസിൽ വന്നതാണ്. നബിﷺ അദ്ദേഹത്തെ ബാങ്കുവിളി പഠിപ്പിച്ചുകൊണ്ടു പറഞ്ഞു: താങ്കൾ പറയുക:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ – اللَّهُ أَكْبَرُ اللَّهُ أَكْبَرُ – أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ – أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ – أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ – أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ – حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ – حَىَّ عَلَى الْفَلاَحِ – حَىَّ عَلَى الْفَلاَحِ – اللَّهُ أَكْبَرُ اللَّهُ أَكْبَرُ – لاَ إِلَهَ إِلاَّ اللَّهُ
സ്വുബ്ഹിന്റെ ബാങ്കുവിളിയിൽ حيَّ على الفلاح എന്നതിനുശേഷം الصلاةُ خيرٌ من النَّومِ എന്ന് രണ്ടുതവണ പറയൽ സുന്നത്താണ്. അബൂമഹ്ദൂറ(റ)യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തോടു പറഞ്ഞു: “സ്വുബ്ഹി നമസ്‌കാരമാണെങ്കിൽ താങ്കൾ, الصلاةُ خيرٌ من النَّومِ എന്നു വിളിക്കണം.’’
ബാങ്ക് വിളിയുടെ തുടക്കം
ഹിജ്‌റ ഒന്നാം വര്‍ഷമാണ് ബാങ്ക് വിളി മതനിയമമാക്കപ്പെടുന്നത്. ആദ്യകാലത്ത് നമസ്‌കാരത്തിനു വേണ്ടി പ്രത്യേക വിളി ഇല്ലായിരുന്നു. പിന്നീട് ‘അസ്സ്വലാതു ജാമിഅഃ’ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. മദീനയിലെത്തിയതോടു കൂടി ബാങ്കിന്റെ നിയമവും അവതരിച്ചു.
قَالَ ابْنَ عُمَرَ، كَانَ يَقُولُ كَانَ الْمُسْلِمُونَ حِينَ قَدِمُوا الْمَدِينَةَ يَجْتَمِعُونَ فَيَتَحَيَّنُونَ الصَّلاَةَ، لَيْسَ يُنَادَى لَهَا، فَتَكَلَّمُوا يَوْمًا فِي ذَلِكَ، فَقَالَ بَعْضُهُمْ اتَّخِذُوا نَاقُوسًا مِثْلَ نَاقُوسِ النَّصَارَى. وَقَالَ بَعْضُهُمْ بَلْ بُوقًا مِثْلَ قَرْنِ الْيَهُودِ. فَقَالَ عُمَرُ أَوَلاَ تَبْعَثُونَ رَجُلاً يُنَادِي بِالصَّلاَةِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَا بِلاَلُ قُمْ فَنَادِ بِالصَّلاَةِ ”.
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ”മുസ്‌ലിംകള്‍ മദീനയിലെത്തിയപ്പോള്‍ നമസ്‌കാരത്തിനു വേണ്ടി അവര്‍ സ്വയം ഒരുങ്ങി വരികയായിരുന്നു. നമസ്‌കാരത്തിനുവേണ്ടി വിളിക്കുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു ദിവസം അവര്‍ പരസ്പരം കൂടിയിരുന്ന് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചിലര്‍ പറഞ്ഞു: ‘നസ്വാറാക്കള്‍ ഉപയോഗിക്കുന്നത് പോലെയുള്ള നാഖൂസ് (കുഴലൂത്തിനുള്ള ഉപകരണം)നമുക്ക് ഉപയോഗിക്കാം.’ മറ്റു ചിലര്‍ പറഞ്ഞു: ‘യഹൂദികള്‍ ഉപയോഗിക്കുന്നത് പോലെയുള്ള ശംഖ് ഉപയോഗിക്കാം.’ അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ‘നമസ്‌കാരത്തിനു വേണ്ടി വിളിക്കുന്ന ഒരാളെ നമുക്ക് നിശ്ചയിച്ചു കൂടേ?’ നബി ﷺ പറഞ്ഞു: ‘ബിലാല്‍ നീ നമസ്‌കാരത്തിനു വേണ്ടി വിളിക്ക്” (ബുഖാരി: 604)
قَالَ عَبْدُ اللَّهِ بْنُ زَيْدٍ، قَالَ لَمَّا أَمَرَ رَسُولُ اللَّهِ صلى الله عليه وسلم بِالنَّاقُوسِ يُعْمَلُ لِيُضْرَبَ بِهِ لِلنَّاسِ لِجَمْعِ الصَّلاَةِ طَافَ بِي وَأَنَا نَائِمٌ رَجُلٌ يَحْمِلُ نَاقُوسًا فِي يَدِهِ فَقُلْتُ يَا عَبْدَ اللَّهِ أَتَبِيعُ النَّاقُوسَ قَالَ وَمَا تَصْنَعُ بِهِ فَقُلْتُ نَدْعُو بِهِ إِلَى الصَّلاَةِ . قَالَ أَفَلاَ أَدُلُّكَ عَلَى مَا هُوَ خَيْرٌ مِنْ ذَلِكَ فَقُلْتُ لَهُ بَلَى . قَالَ فَقَالَ تَقُولُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ قَالَ ثُمَّ اسْتَأْخَرَ عَنِّي غَيْرَ بَعِيدٍ ثُمَّ قَالَ وَتَقُولُ إِذَا أَقَمْتَ الصَّلاَةَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ قَدْ قَامَتِ الصَّلاَةُ قَدْ قَامَتِ الصَّلاَةُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ فَلَمَّا أَصْبَحْتُ أَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَأَخْبَرْتُهُ بِمَا رَأَيْتُ فَقَالَ ” إِنَّهَا لَرُؤْيَا حَقٌّ إِنْ شَاءَ اللَّهُ فَقُمْ مَعَ بِلاَلٍ فَأَلْقِ عَلَيْهِ مَا رَأَيْتَ فَلْيُؤَذِّنْ بِهِ فَإِنَّهُ أَنْدَى صَوْتًا مِنْكَ ” . فَقُمْتُ مَعَ بِلاَلٍ فَجَعَلْتُ أُلْقِيهِ عَلَيْهِ وَيُؤَذِّنُ بِهِ – قَالَ – فَسَمِعَ ذَلِكَ عُمَرُ بْنُ الْخَطَّابِ وَهُوَ فِي بَيْتِهِ فَخَرَجَ يَجُرُّ رِدَاءَهُ وَيَقُولُ وَالَّذِي بَعَثَكَ بِالْحَقِّ يَا رَسُولَ اللَّهِ لَقَدْ رَأَيْتُ مِثْلَ مَا رَأَى . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَلِلَّهِ الْحَمْدُ ”.
അബ്ദുല്ലാഹിബ്‌നു സൈദ്(റ) പറയുന്നു: ”നമസ്‌കാരത്തിനു വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടാന്‍ നാഖൂസ് ഉപയോഗിക്കാന്‍ നബി ﷺ കല്‍പിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ എന്റെ അടുക്കല്‍ വന്നു. ആ വ്യക്തിയുടെ കയ്യില്‍ ഒരു നാഖൂസ് ഉണ്ടായിരുന്നു. ഞാന്‍ ചോദിച്ചു: ‘അല്ലയോ അല്ലാഹുവിന്റെ അടിമേ, അങ്ങയുടെ കയ്യിലുള്ള നാഖൂസ് എനിക്ക് വില്‍ക്കുമോ?’ അദ്ദേഹം ചോദിച്ചു: ‘ഇത് നിങ്ങള്‍ക്ക് എന്തിനാണ്?’ ഞാന്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് അതുകൊണ്ട് നമസ്‌കാരത്തിലേക്ക് ജനങ്ങളെ വിളിക്കാന്‍ വേണ്ടിയാണ്.’ അപ്പോള്‍ ആ വ്യക്തി എന്നോട് പറഞ്ഞു: ‘ഞാന്‍ അതിനെക്കാള്‍ നല്ല ഒരു കാര്യം താങ്കളെ അറിയിച്ചു തരട്ടെയോ?’ ഞാന്‍: ‘പറഞ്ഞു തീര്‍ച്ചയായും.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇപ്രകാരം പറയുക; അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍…” അങ്ങനെ ബാങ്കിന്റെ പദങ്ങള്‍ അവസാനിക്കുന്നത് വരെയുള്ള എല്ലാ വചനങ്ങളും എനിക്ക് പറഞ്ഞുതന്നു. ശേഷം ആ വ്യക്തി എന്നില്‍നിന്നും വിദൂരമല്ലാത്ത ഒരു സ്ഥലത്തേക്ക് പിന്മാറി. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കുമ്പോള്‍ ഇപ്രകാരം പറയുക: (എന്നിട്ട് ഇക്വാമത്തിന്റെ പൂര്‍ണരൂപം പറഞ്ഞുതന്നു). നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം താങ്കള്‍ കണ്ടത് സത്യമായ സ്വപ്‌നമാണ്. അതുകൊണ്ട് താങ്കള്‍ എഴുന്നേറ്റ് ചെന്ന് താങ്കള്‍ കണ്ട കാര്യം ബിലാലിന് പറഞ്ഞു കൊടുക്കുക. ബിലാല്‍ അതുകൊണ്ട് ബാങ്ക് വിളിക്കട്ടെ. കാരണം ബിലാല്‍ നിങ്ങളെക്കാള്‍ നല്ല ശബ്ദത്തിന്റെ ഉടമയാണ്.’ അങ്ങനെ ബാങ്കിന്റെ പൂര്‍ണമായ രൂപം ഞാന്‍ ബിലാലിന് പറഞ്ഞു കൊടുത്തു. ബിലാല്‍ അത് ഉപയോഗിച്ച് ബാങ്ക് വിളിക്കുകയും ചെയ്തു. ഉമറുബ്‌നുല്‍ ഖത്ത്വാബ് ഇതു കേട്ട മാത്രയില്‍ തന്റെ വീട്ടില്‍ നിന്നും വസ്ത്രം വലിച്ചിഴച്ച് ധൃതിയില്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, സത്യപ്രകാരം താങ്കളെ നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം, അബ്ദുല്ല കണ്ടതുപോലെയുള്ള സ്വപ്‌നം ഞാനും കണ്ടിട്ടുണ്ട്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും” (അഹ്മദ്്: 16477, അബൂദാവൂദ്: 499)
നബി ﷺ ക്ക് നാല് മുഅദ്ദിനുകളാണ് ഉണ്ടായിരുന്നത്. ബിലാല്‍ ഇബ്‌നു റബാഹ്(റ), അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) (മസ്ജിദുന്നബവി), സഅദ് അല്‍ ഖറള്(മസ്ജിദു ഖുബാ), അബൂമഹ്ഹദൂറ(മക്ക) തുടങ്ങിയവരായിരുന്നു അവര്‍.
ബാങ്ക് വിളിക്കുന്നതിന്റെ മഹത്വം
1.പാപം പൊറുക്കപ്പെടും
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നമസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي أُمَامَةَ رَضِيَ اللَّهُ تَعَالَى عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ، وَأَجْرُهُ مِثْلُ أَجْرِ مَنْ صَلَّى مَعَهُ.
അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുഅദ്ദിന്‍, അവന്റെ ബാങ്കൊലി എത്ര നീളുന്നുവോ അത്രത്തോളം അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്റെ പ്രതിഫലം അവനോടൊപ്പം നമസ്കരിക്കുന്നവരുടേതുപോലെയാണ്. (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
2.പരലോകത്ത് സാക്ഷി പറയും
دَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ: أَخْبَرَنَا مَالِكٌ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ الأَنْصَارِيِّ ثُمَّ المَازِنِيِّ، عَنْ أَبِيهِ، أَنَّهُ أَخْبَرَهُ أَنَّ أَبَا سَعِيدٍ الخُدْرِيَّ، قَالَ لَهُ: إِنِّي أَرَاكَ تُحِبُّ الغَنَمَ وَالبَادِيَةَ، فَإِذَا كُنْتَ فِي غَنَمِكَ، أَوْ بَادِيَتِكَ، فَأَذَّنْتَ بِالصَّلاَةِ فَارْفَعْ صَوْتَكَ بِالنِّدَاءِ، فَإِنَّهُ: «لاَ يَسْمَعُ مَدَى صَوْتِ المُؤَذِّنِ، جِنٌّ وَلاَ إِنْسٌ وَلاَ شَيْءٌ، إِلَّا شَهِدَ لَهُ يَوْمَ القِيَامَةِ قَالَ أَبُو سَعِيدٍ: سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
അബ്ദുല്ലാഹ് ഇബ്നു അബ്ദി൪ റഹ്മാന്‍ ഇബ്നു അബീ സ്വഉസ്വഅ തന്റെ പിതാവില്‍ നിന്നും അബൂസഈദിൽ ഖുദ്’രി (റ) അദ്ദേഹത്തോട് പറഞ്ഞതായി നിവേദനം:അദ്ദേഹം പറഞ്ഞു: താങ്കള്‍ ആടുകളെയും ഗ്രാമപ്രദേശത്തെയും സ്നേഹിക്കുന്നതായി ഞാൻ കാണുന്നു. താങ്കള്‍ താങ്കളുടെ ആടുകളുടെ കൂട്ടത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ ആയിരിക്കുകയും (അങ്ങനെ നമസ്കാര സമയമാകുമ്പോള്‍) നമസ്കാരത്തിന് താങ്കള്‍ ബാങ്ക് വിളിക്കുകയും ചെയ്താൽ താങ്കളുടെ ശബ്ദം ഉയർത്തുക. നിശ്ചയം ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേൾക്കുന്ന ജിന്ന്, മനുഷ്യന്‍, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന് അനുകൂലമായി അന്ത്യദിനത്തിൽ സാക്ഷ്യം വഹിക്കുന്നതാണ്. അബൂസഈദ്(റ) പറഞ്ഞു : ഇത് ഞാന്‍ നബി ﷺ യിൽ നിന്ന് കേട്ടതാണ്. (ബുഖാരി:609)
3.പരലോകത്ത് ഉന്നത സ്ഥാനം ലഭിക്കും
فَقَالَ مُعَاوِيَةُ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقًا يَوْمَ الْقِيَامَةِ
മുആവിയയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ബാങ്ക് വിളിക്കുന്നവർ പുനരുത്ഥാന നാളിൽ ജനങ്ങളിൽ വെച്ച് കഴുത്ത് നീണ്ടവരായിരിക്കും.(അഥവാ ഉന്നത സ്ഥാനത്തായിരിക്കും).(മുസ്ലിം :387)
4.സ്വ൪ഗ്ഗം ലഭിക്കും
5.പുണ്യം രേഖപ്പെടുത്തും
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ: مَنْ أَذَّنَ ثِنْتَىْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً وَلِكُلِّ إِقَامَةٍ ثَلاَثُونَ حَسَنَةً
ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും 12 കൊല്ലം ബാങ്ക് കൊടുത്താല്‍ അവന് സ്വ൪ഗ്ഗം അനിവാര്യമായി. ഓരോ ദിവസവും അവന്‍ ബാങ്ക് വിളിക്കുന്നത് കാരണത്താല്‍ അവന് അറുപത് പുണ്യങ്ങള്‍ എഴുതപ്പെടും ഓരോ ഇഖാമത്തിനും മുപ്പത് പുണ്യങ്ങളും എഴുതപ്പെടും.(സുനനുഇബ്നിമാജ :1/226 – സ്വില്‍സ്വിലത്തുല്‍ അഹാദീസു സ്വഹീഹ:42)
6.മുഅദ്ദിന് വേണ്ടി നബി ﷺ പ്രാ൪ത്ഥിച്ചിട്ടുണ്ട്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِمَامُ ضَامِنٌ وَالْمُؤَذِّنُ مُؤْتَمَنٌ اللَّهُمَّ أَرْشِدِ الأَئِمَّةَ وَاغْفِرْ لِلْمُؤَذِّنِينَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം ശ്രദ്ധിക്കുന്നവനാണ്(സൂക്ഷിക്കുന്നവനാണ്), മുഅദ്ദിന്‍ വിശ്വസിക്കപ്പെടേണ്ടവനാണ്. അല്ലാഹുവെ, ഇമാമുമാരെ നേരില്‍ നടത്തേണമേ, മുഅദ്ദിന്‍മാ൪ക്ക് പൊറുത്തു കൊടുക്കേണമേ. (അബൂദാവൂദ്:517 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് :1/100)
7.അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവ൪
عن عبدالله بن أبي أوفى: قَالَ رَسُولُ اللَّهِ صلى الله عليه وسلم : إنَّ خيارَ عبادِ اللهِ الَّذينَ يُراعونَ الشَّمسَ والقمرَ والنُّجومَ لذكرِ اللهِ
നബി ﷺ പറഞ്ഞു: ദിക്റുള്ളക്ക് വേണ്ടി സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും പരിഗണിക്കുന്നവരാണ് (കണക്കാക്കുന്നവരാണ്) അല്ലാഹുവിന്റെ ഏറ്റവും നല്ല അടിമകള്‍.(സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് :1/217)
ബാങ്ക് വിളിക്കുന്നവന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.ശുദ്ധിയുള്ളവനായിരിക്കണം. ബാങ്കിന്റെ പദങ്ങള്‍ സാവധാനം മുറിച്ച് മുറിച്ച് പറയണം. ഖിബ്’ലക്ക് അഭിമുഖമായി നിന്ന് ബാങ്ക് വിളിക്കണം. (അല്‍ ഇ൪വാഅ് :1/246)
2. വിരലുകള്‍ ചെവിയില്‍ വെക്കണം
عَنْ أَبِي جُحَيْفَةَ، قَالَ رَأَيْتُ بِلاَلاً يُؤَذِّنُ وَيَدُورُ وَيُتْبِعُ فَاهُ هَا هُنَا وَهَا هُنَا وَإِصْبَعَاهُ فِي أُذُنَيْهِ
അബൂജുഹൈഫയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: …… ബിലാല്‍ ബാങ്ക് വിളിക്കുമ്പോള്‍ അദ്ദഹത്തിന്റെ (ചൂണ്ടു) വിരലുകള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ വെക്കുമായിരുന്നു. (തി൪മിദി :197)
3. حَىَّ عَلَى الصَّلاَةِ എന്ന് പറയുമ്പോള്‍ വലത്തോട്ടും حَىَّ عَلَى الْفَلاَحِ എന്ന് പറയുമ്പോള്‍ ഇടത്തോട്ടും കഴുത്ത് തിരിക്കണം.
قَالَ رَأَيْتُ بِلاَلاً خَرَجَ إِلَى الأَبْطَحِ فَأَذَّنَ فَلَمَّا بَلَغَ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ . لَوَى عُنُقَهُ يَمِينًا وَشِمَالاً وَلَمْ يَسْتَدِرْ
…… ബിലാല്‍ ബാങ്ക് വിളിക്കുമ്പോള്‍ حَىَّ عَلَى الصَّلاَةِ എന്ന് പറയുമ്പോള്‍ വലത്തോട്ടും حَىَّ عَلَى الْفَلاَحِ എന്ന് പറയുമ്പോള്‍ ഇടത്തോട്ടും കഴുത്ത് തിരിക്കുമായിരുന്നു. (അബൂദാവൂദ് :520)
4. ശബ്ദം ഉയ൪ത്തി വിളിക്കുക
فَقُمْ مَعَ بِلاَلٍ فَأَلْقِ عَلَيْهِ مَا رَأَيْتَ فَلْيُؤَذِّنْ بِهِ فَإِنَّهُ أَنْدَى صَوْتًا مِنْكَ
അബ്ദില്ലാഹീബ്നു സൈദിനോട്(റ) നബി ﷺ പറഞ്ഞു: നീ (സ്വപ്നത്തില്‍) കണ്ട ബാങ്ക് ബിലാലിന്റെ അടുത്ത് ചെന്ന് പറഞ്ഞു കൊടുക്കുക. അദ്ദേഹം ബാങ്ക് വിളിക്കട്ടെ. നിങ്ങളുടെ ശബ്ദത്തേക്കാള്‍ ശക്തമാണ് അദ്ദേഹത്തിന്റെ ശബ്ദം. (അബൂദാവൂദ്:499)
5. ശബ്ദം നന്നാക്കി വിളിക്കുക
ബാങ്ക് വിളിക്കുമ്പോള്‍ ശബ്ദം സുന്ദരമായിരിക്കല്‍ നല്ലതാണ്. അബൂമഹ്ദൂറയുടെ ശബ്ദം നന്നായിരുന്നതിനാലാണ് നബി ﷺ അദ്ദേഹത്തിന് ബാങ്ക് പഠിപ്പിച്ച് കൊടുത്തത്. (ഇബ്നുഖുസൈമ: 1/195 – ഹദീസ് :377)
6.അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിക്കുക
ബാങ്ക് കൊണ്ട് അല്ലാഹുവിന്റെ വജ്ഹ് മാത്രമാണ് ആഗ്രഹിക്കേണ്ടത്. ഉസ്മാനുബ്നു ആബില്‍ ആസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്നെ എന്റെ സമൂഹത്തിന് ഇമാമാക്കുക. അപ്പോള്‍ നബി ﷺ പറഞ്ഞു: നീയാണ് അവരുടെ ഇമാം. അവരില്‍ ദു൪ബലനെ നീ അനുകരിക്കണം. ബാങ്കിന് പ്രതിഫലം വാങ്ങാത്ത ഒരു മുഅദ്ദിനെ നീ നിശ്ചയിക്കുകയും വേണം. എന്നാല്‍ ബൈത്തുല്‍മാലില്‍(പൊതുഖജനാവില്‍) നിന്ന് മുഅദ്ദിന് ഉപജീവനത്തിനായി നല്‍കുന്നതില്‍ വിരോധമില്ല.
ബാങ്ക് കേൾക്കുന്നവന്‍ ചെയ്യേണ്ട കാര്യങ്ങള്‍
1.ബാങ്ക് കേൾക്കുമ്പോൾ മുഅദ്ദിന്‍ പറയുന്നതുപോലെ പറയണം.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا سَمِعْتُمُ النِّدَاءَ فَقُولُوا مِثْلَ مَا يَقُولُ الْمُؤَذِّنُ
അബൂസഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ബാങ്ക് വിളിക്കുന്നത് നിങ്ങള്‍ കേട്ടാല്‍ മുഅദ്ദിന്‍ പറയുന്നതുപോലെ നിങ്ങളും പറയണം.(മുസ്ലിം : 383)
حَىَّ عَلَى الصَّلاَةِ، حَىَّ عَلَى الْفَلاَحِ എന്ന് കേള്‍ക്കുമ്പോള്‍ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ (ലാ ഹൌല വല്ലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്) എന്നാണ് പറയേണ്ടത്.
عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا قَالَ الْمُؤَذِّنُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . فَقَالَ أَحَدُكُمُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . ثُمَّ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ . قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ثُمَّ قَالَ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ . قَالَ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ . ثُمَّ قَالَ حَىَّ عَلَى الصَّلاَةِ . قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . ثُمَّ قَالَ حَىَّ عَلَى الْفَلاَحِ . قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ . ثُمَّ قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . ثُمَّ قَالَ لاَ إِلَهَ إِلاَّ اللَّهُ . قَالَ لاَ إِلَهَ إِلاَّ اللَّهُ . مِنْ قَلْبِهِ دَخَلَ الْجَنَّةَ
ഉമറിബ്നു ഖത്വാബിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: മുഅദ്ദിന്‍ اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്നു പറയുമ്പോൾ നിങ്ങൾ ഓരുത്തരും اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്നു പറയുക. ശേഷം (മുഅദ്ദിന്‍) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ എന്നു പറയുമ്പോൾ (നിങ്ങൾ ഓരുത്തരും) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ എന്നു പറയുക. ശേഷം (മുഅദ്ദിന്‍) أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ എന്നു പറയുമ്പോൾ (നിങ്ങൾ ഓരുത്തരും) أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ എന്നു പറയുക. ശേഷം (മുഅദ്ദിന്‍) حَىَّ عَلَى الصَّلاَةِ എന്നു പറയുമ്പോൾ (നിങ്ങൾ ഓരുത്തരും) لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്നു പറയുക. ശേഷം (മുഅദ്ദിന്‍) حَىَّ عَلَى الْفَلاَحِ എന്നു പറയുമ്പോൾ (നിങ്ങൾ ഓരുത്തരും) لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്നു പറയുക. ശേഷം (മുഅദ്ദിന്‍) اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്നു പറയുമ്പോൾ (നിങ്ങൾ ഓരുത്തരും) اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്നു പറയുക. ശേഷം (മുഅദ്ദിന്‍) لاَ إِلَهَ إِلاَّ اللَّهُ എന്നു പറയുമ്പോൾ നിങ്ങൾ ഓരുത്തരും لاَ إِلَهَ إِلاَّ اللَّهُ എന്നു പറയുക. ഇപ്രകാരം ആത്മാ൪ത്ഥമായി പറയുന്നവന്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. (മുസ്ലിം : 385)
فَإِنْ كَانَ صَلاَةَ الصُّبْحِ قُلْتَ الصَّلاَةُ خَيْرٌ مِنَ النَّوْمِ الصَّلاَةُ خَيْرٌ مِنَ النَّوْمِ
നബി ﷺ പറഞ്ഞു: സുബ്ഹി നമസ്കാരത്തിനായുള്ള ബാങ്ക് ആണെങ്കിൽ ( മുഅദ്ദിൻ حَىَّ عَلَى الصَّلاَةِ، حَىَّ عَلَى الْفَلاَحِ എന്ന് പറഞ്ഞതിന് ശേഷം) الصَّلاَةُ خَيْرٌ مِنَ النَّوْمِ الصَّلاَةُ خَيْرٌ مِنَ النَّوْمِ എന്ന് പറയുക. (അബൂദാവൂദ്: 500)
മുഅദ്ദിൻ الصلاة خير من النوم എന്ന് പറഞ്ഞാൽ കേൾക്കുന്നയാളും അത് തന്നെയാണ് പറയേണ്ടത്. صَدَقْتَ وَبَرِرْتَ എന്ന് പറയൽ പ്രമാണത്തിൽ സ്ഥിരപ്പെട്ടതല്ല.
قال الشيخ ابن عثيمين رحمه الله : الصحيح أن يقال مثل ما يقول ( الصلاة خير من النوم ) ؛ لأن النبي صلى الله عليه وسلم قال : ( إذا سمعتم المؤذن فقولوا مثل ما يقول )
ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: മുഅദ്ദിന്‍ പറയുന്നതുപോലെ الصلاة خير من النوم എന്നുതന്നെ പറയലാണ് ശരിയായിട്ടുള്ളത്. കാരണം നബി ﷺ പറഞ്ഞു:”മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നത്) നിങ്ങള്‍ കേട്ടാല്‍ (മുഅദ്ദിന്‍) പറയുന്നതുപോലെ നിങ്ങളും പറയണം”. (ബുഖാരി: 611 – മുസ്ലിം: 318). [الشرح الممتع (2/84)]
قال الشيخ محمد بن إبراهيم رحمه الله: قوله صلى الله عليه وسلم ( فَقُوْلُوْا مِثلمَا يَقُوْلُ ) يدل على أَنه يقول : الصلاة خير من النوم .أَما ( صَدَقتَ وَبَررْتَ ) فإِنما جاءت في حديث ضعيف . ولهذا يختار من يختار أن يقول : الصلاة خير من النوم ، فالصحيح – والله أَعلم – أَنه لا يجيب بصدقت وبررت ، وأَسمع بعض الناس يجمع بينهما ، يقول الصلاة خير من النوم ، صدقت وبررت ، ولكن ليس على أَصل ، بل الأَولى النظر في الأَدلة ” انتهى .
ശൈഖ് മുഹമ്മദ് ബ്നു ഇബ്രാഹിം (റഹി) പറഞ്ഞു: “മുഅദ്ദിന്‍ പറയുന്നതുപോലെ നിങ്ങളും പറയണം” എന്ന നബിയുടെ വാക്ക് (മുഅദ്ദിൻ الصلاة خير من النوم എന്ന് പറഞ്ഞാൽ കേൾക്കുന്നയാളും) الصلاة خير من النوم എന്നു തന്നെയാണ് പറയേണ്ടത് എന്ന് അറിയിക്കുന്നു. صَدَقْتَ وَبَرِرْتَ എന്ന് വന്നിട്ടുള്ള റിപ്പോർട്ട് ദുർബലമാണ്. അതിനാൽ തെരഞ്ഞെടുക്കുന്നവൻ الصلاة خير من النوم എന്നത് തെരഞ്ഞെടുക്കട്ടെ. അതിനാൽ بصدقت وبررت എന്ന് മറുപടി പറയേണ്ടതില്ല എന്നതാണ് ഏറ്റവും ശരിയായിട്ടുള്ളത് – അല്ലാഹുവാണ് കൃത്യമായി അറിയുന്നവൻ – ജനങ്ങളിൽ ചിലർ അത് രണ്ടും ചേർത്ത് പറയുന്നതായി കേൾക്കുന്നു. അതായത്, അവർ الصلاة خير من النوم ، صدقت وبررت എന്ന് പറയുന്നു. അതിന് യാതൊരു അടിസ്ഥാനവുമില്ല. തെളിവുകളിലേക്ക് നോക്കലാണ് ഏറ്റവും അഭികാമ്യം. [مجموع الفتاوى (2/رقم 448)]
ബാങ്കിന്റെ മറുപടി എല്ലാവ൪ക്കും പറയല്‍ സുന്നത്താണ്. ആ൪ത്തവം, ജനാബത്ത് തുടങ്ങി അശുദ്ധിയായ അവസ്ഥ അതിന് തടസ്സമില്ല. എന്നാല്‍ മലമൂത്ര വിസ൪ജ്ജനം നടത്തികൊണ്ടിരിക്കുന്നവ൪, ലൈംഗിക ബന്ധത്തില്‍ ഏ൪പ്പെട്ടിരിക്കുന്നവ൪, നമസ്കരിച്ച് കൊണ്ടിരിക്കുന്നവ൪ മറുപടി പറയേണ്ടതില്ല. ഖു൪ആന്‍ പാരായണം, തസ്ബീഹ് തുടങ്ങിയവയില്‍ മുഴുകിയവ൪ അവ അവസാനിപ്പിച്ച് ബാങ്കിന് മറുപടി പറയേണ്ടതാണ്. കാരണം ബാങ്കിന്റെ മറുപടിക്കുള്ള അവസരം അവസാനിക്കും. ദിക്റിനും തസ്ബീഹിനും പിന്നീട് സമയമുണ്ട്. (ശറഹുന്നവവി:4/330)
ഇബ്നു ബാസ്(റഹി) പറയുന്നു: ഖു൪ആന്‍ പാരായണത്തില്‍ തുടരുന്നതിനേക്കാള്‍ ഉത്തമം ബാങ്കിന് മറുപടി പറയലാണ്. (മജ്മൂഉല്‍ ഫത്വാവാ:10/357)
2.ബാങ്കില്‍ ശഹാദത്ത് പറയുമ്പോള്‍ കേള്‍ക്കുന്നവനും ശഹാദത്ത് പറയുക
عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا . غُفِرَ لَهُ ذَنْبُهُ
നബി ﷺ പറഞ്ഞു: ബാങ്ക് വിളിക്കുന്നവൻ أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ (അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാ) أَشْهَدُ أنَّ مُحَمَّدًا رَسُولُاللهُ (അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍ ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ (ചെറിയ)പാപങ്ങള്‍ പൊറുക്കപ്പെടും.(മുസ്ലിം : 386)
وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً
വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ
ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദ് ﷺ യെ റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.
3.ബാങ്കിന് ശേഷം സ്വലാത്ത് ചൊല്ലുക
عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വില്‍(റ) നിന്ന് നിവേദനം. നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം:384 ).
ബാങ്ക് വിളിക്കുമ്പോള്‍ മുഅദ്ദിന്‍ പറയുന്നത് പോലെ പറഞ്ഞശേഷം ബാങ്കിന്റെ ദുആ ചെയ്യുന്നതിന് മുമ്പ് ഒരു സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
4.ബാങ്കിന് ശേഷമുള്ള ദുആ ചൊല്ലുക
സ്വലാത്ത് ചൊല്ലിയതിന് ശേഷം നബി ﷺ ക്ക് വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കണം.
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ الْقَائِمَةِ، آتِ مُحَمَّداً الوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامَاً مَحمُوداً الَّذِي وَعَدْتَهُ
അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅവതിത്താമ്മ, വസ്സ്വലാതിൽ ഖാഇമ ആതി മുഹമ്മദൻ അൽ വസീലത വൽഫളീല, വബ്അസ്ഹു മഖാമൻ മഹ്മൂദനില്ലദീ വഅദ്ത
ഈ പരിപൂർണമായ വിളിയുടെയും (ബാങ്കിന്റേയും) ആസന്നമായ നമസ്കാരത്തിന്റേയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബിﷺക്ക് വസീല, ഫദീല എന്നീ പദവികൾ നൽകേണമേ. നീ വാഗ്ദാനം ചെയ്ത സ്തുത്യർമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ. (ബുഖാരി : 614)
നബി ﷺ പറഞ്ഞു : ഇങ്ങിനെ ചൊല്ലിയ ആള്‍ക്ക് എന്റെ പരലോക ശുപാര്‍ശയായ ശഫാഅത്ത് ലഭിക്കുന്നതായിരിക്കും. (മുസ്‌ലിം:384 )
5.ബാങ്ക് കേൾക്കുമ്പോള്‍ സംസാരം ഒഴിവാക്കുക
6.ബാങ്ക് കേട്ടാല്‍പിന്നെ പള്ളിയില്‍ നിന്ന് പുറത്തുപോകരുത്
عَنْ أَبِي الشَّعْثَاءِ، قَالَ كُنَّا قُعُودًا فِي الْمَسْجِدِ مَعَ أَبِي هُرَيْرَةَ فَأَذَّنَ الْمُؤَذِّنُ فَقَامَ رَجُلٌ مِنَ الْمَسْجِدِ يَمْشِي فَأَتْبَعَهُ أَبُو هُرَيْرَةَ بَصَرَهُ حَتَّى خَرَجَ مِنَ الْمَسْجِدِ فَقَالَ أَبُو هُرَيْرَةَ أَمَّا هَذَا فَقَدْ عَصَى أَبَا الْقَاسِمِ صلى الله عليه وسلم
അബൂ ശഹ്സാഹില്‍(റ) നിന്ന് നിവേദനം : ഒരിക്കൽ ഞങ്ങൾ അബൂഹുറൈറയോടൊപ്പം(റ) പള്ളിയിൽ ഇരിക്കവെ ബാങ്ക് വിളിക്കുന്നവൻ ബാങ്ക് വിളിച്ചു. അന്നേരം പള്ളിയിൽ നിന്ന് ഒരാൾ എഴുന്നേറ്റ് പോയി. അദ്ധേഹം പള്ളിയിൽ നിന്ന് പുറത്തുപോകുവോളം അബൂഹുറൈറ(റ) അദ്ധേഹത്തിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച് കൊണ്ട് പറഞ്ഞു: ഇവൻ അബുൽ ഖാസിമിനെ (പ്രവാചകനെ) ധിക്കരിച്ചിരിക്കുന്നു. (മുസ്‌ലിം: 655)
ടോയ്‌ലറ്റിനകത്ത് വെച്ച് ബാങ്കിന് മറുപടി കൊടുക്കാൻ പാടുണ്ടോ?
ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
لا يشرع لك ذلك في دورة المياه، ولكن في قلبك لا بأس من دون تلفظ، وكون الإنسان في قلبه يستحضر هذا الذكر العظيم، فلا بأس، وإن كان على حاجاته يستذكر حاجات دينية معاني القرآن، معاني الأحاديث، لا حرج، إنما المكروه التلفظ. نعم.
ടോയ്‌ലറ്റിനകത്ത് വെച്ച് ബാങ്കിന് മറുപടി കൊടുക്കലില്ല. എന്നാൽ, നാവ് കൊണ്ട് ഉച്ചരിക്കാതെ മനസ്സ് കൊണ്ട് മറുപടി കൊടുക്കുന്നതിൽ തെറ്റില്ല. പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ ആ മഹത്തായ ദിക്റുകൾ ഹൃദയം കൊണ്ട് സ്മരിക്കുന്നതിന് വിരോധമില്ല. ടോയ്‌ലറ്റിലായിരിക്കുന്ന സമയത്ത് മതപരമായ ആവശ്യങ്ങളോ ക്വുർആനിന്റെയും സുന്നത്തിന്റെയും ആശയങ്ങളോ ഓർക്കാവുന്നതാണ്. എന്നാൽ, അവിടെ വെച്ച് നാവുകൊണ്ട് ദിക്റുകൾ ചൊല്ലുന്നതാണ് മക്റൂഹ് (വെറുക്കപ്പെട്ട കാര്യം). (https://bit.ly/2UZtq7W)
ഇഖാമത്ത്
ഭാഷാപരമായി ‘ഇക്വാമത്ത്’ എന്നത് ‘അക്വാമ’ എന്ന ക്രിയയുടെ ക്രിയാധാതുവാണ്. ‘ഇരുന്നവനെ എഴുന്നേൽപിക്കുക’ എന്നതാണ് അതിന്റെ സാരാർഥം. മതപരമായ പ്രത്യേകം ചില ദിക്‌റുകൾകൊണ്ട് നമസ്‌കാരത്തിലേക്ക് എഴുന്നേൽക്കുവാനുള്ള അറിയിപ്പാണ് ദീനീവീക്ഷണത്തിൽ ഇക്വാമത്ത്.
ഇഖാമത്തിന്റെ വിധി
ജമാഅത്ത് നമസ്കാരങ്ങള്‍ക്കായി പള്ളിയിൽ വിളിക്കപ്പെടുന്ന ‘ഇഖാമത്ത്’ ‘ഫർള് കിഫായ’ ആണ്. ഒറ്റക്ക് നമസ്കരിക്കുന്നതിനായി ഇഖാമത്ത് കൊടുക്കുന്നത് സുന്നത്താണ്.
എന്റെ അടുത്ത് പള്ളിയില്ലാത്തത് കാരണം, പലപ്പോഴും വീട്ടിൽ വെച്ച് ഒറ്റക്കാണ് നമസ്കരിക്കാറുള്ളത്. എനിക്ക് ബാങ്കും ഇഖാമത്തും കൊടുക്കൽ നിർബന്ധമാണോയെന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
السنة أن تؤذن وتقيم هذه السنة، أما الوجوب فيه خلاف بين أهل العلم، ولكن الأولى بك والأحوط لك أن تؤذن وتقيم لعموم الأدلة، ولكن يلزمك أن تصلي في الجماعة مهما أمكن إذا وجدت جماعة، أو سمعت النداء من مسجد بقربك، وجب عليك أن تجيب المؤذن، وأن تحضر مع الجماعة، فإن لم تسمع النداء، ولم يكن بقربك مسجد، فالسنة أن تؤذن أنت وأن تقيم،
നിങ്ങൾക്ക് ബാങ്കും ഇഖാമത്തും കൊടുക്കൽ സുന്നത്താണ്. എന്നാൽ, നിർബന്ധമാണോ എന്നതിൽ പന്ഢിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തിൽ, നിങ്ങൾ ബാങ്കും ഇഖാമത്തും കൊടുക്കലാണ് ഏറ്റവും നല്ലതും സൂക്ഷ്മമായ നിലപാടും. നിങ്ങളുടെ അടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് കേൾക്കുകയും അവിടെ ജമാഅത് നടക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അതിൽ പങ്കെടുക്കൽ നിർബന്ധമാണ്. ഇനി, നിങ്ങളുടെ അടുത്ത് പള്ളിയില്ല, നിങ്ങൾ ബാങ്ക് കേൾക്കുന്നുമില്ലെങ്കിൽ, ബാങ്കും ഇഖാമത്തും കൊടുക്കൽ നിങ്ങൾക്ക് സുന്നത്താണ്. (https://bit.ly/2FyAXD3)
ഇക്വാമത്തിന്റെ രീതി
الله أكبر الله أكبر، أشهد أن لا إله إلا الله، أشهد أن محمدًا رسول الله، حي على الصلاة، حي على الفلاح، قد قامت الصلاة، قد قامت الصلاة، الله أكبر الله أكبر، لا إله إلا الله
ഈ രീതി അനസ്(റ)വിന്റെ ഹദീസിലാണ് വന്നിട്ടുള്ളത്. അദ്ദേഹം പറഞ്ഞു: “ബാങ്ക് ഇരട്ടിപ്പിക്കുവാനും ഇക്വാമത്ത് ഒറ്റയാക്കുവാനും ബിലാൽ കൽപിക്കപ്പെട്ടു. എന്നാൽ ഇക്വാമത്തിൽ ക്വദ്ക്വാമത്തിസ്സ്വലാതു എന്നത് ഇരട്ടിപ്പിക്കണം.’’
അപ്പോൾ ബാങ്കുവിളിയുടെ വചനങ്ങൾ ഇരട്ടയും ഇക്വാമത്തിന്റേത് ഒറ്റയുമായിരിക്കും. എന്നാൽ ക്വദ് ക്വാമത്തിസ്സ്വലാതു എന്നത് ഇക്വാമത്തിൽ രണ്ടു തവണയാണ്; അനസി(റ)വിൽനിന്നുള്ള ഹദീസിൽ വന്നതുപോലെ.
ഇഖാമത്ത് വിളിക്കുന്നത് പുണ്യകരമാണ്
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ: مَنْ أَذَّنَ ثِنْتَىْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً وَلِكُلِّ إِقَامَةٍ ثَلاَثُونَ حَسَنَةً
ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും 12 കൊല്ലം ബാങ്ക് കൊടുത്താല്‍ അവന് സ്വ൪ഗ്ഗം അനിവാര്യമായി. ഓരോ ദിവസവും അവന്‍ ബാങ്ക് വിളിക്കുന്നത് കാരണത്താല്‍ അവന് അറുപത് പുണ്യങ്ങള്‍ എഴുതപ്പെടും ഓരോ ഇഖാമത്തിനും മുപ്പത് പുണ്യങ്ങളും എഴുതപ്പെടും.(ഇബ്നുമാജ :1/226 – സ്വില്‍സ്വിലത്തുല്‍ അഹാദീസു സ്വഹീഹ:42)
عَنْ أَنَسٍ، قَالَ أُمِرَ بِلاَلٌ أَنْ يَشْفَعَ، الأَذَانَ وَأَنْ يُوتِرَ الإِقَامَةَ إِلاَّ الإِقَامَةَ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബാങ്കിലെ പദങ്ങൾ ഈരണ്ട് വീതം പറയുവാനും ഇഖാമത്തിലെ പദങ്ങൾ ഒരു തവണ പറയുവാനും – ഖദ്ഖാമത്തി സ്വലാത്ത്’ എന്നത് ഒഴികെ – ബിലാൽ رَضِيَ اللَّهُ عَنْهُ കൽപ്പിക്കപ്പെട്ടു. (ബുഖാരി:605)
ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലൊരു വിടവുണ്ട്
ബാങ്ക് വിളിച്ചു കഴിഞ്ഞാൽ ഉടനെ ഇഖാമത്ത് വിളിക്കേണ്ടതില്ല എന്നര്‍ത്ഥം. ഫര്‍ള് നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരം ശറആക്കപ്പെട്ടത് ഇതിലേക്ക് വെളിച്ചം വീശുനന്നു.
സുന്നത്ത് നമസ്കാരങ്ങൾക്ക് ഇക്വാമത്ത് ഇല്ല
സുന്നത്ത് നമസ്കാരങ്ങൾക്ക് ഇക്വാമത്തുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
ليس لها إقامة؛ الإقامة للفرائض، أما النوافل ما لها إقامة، وصلاة الكسوف ما لها إقامة، وصلاة الاستسقاء ما لها إقامة، وصلاة العيد ما لها إقامة، نعم. الإقامة للصلوات الخمس، لها أذان وإقامة، الصلوات الخمس، نعم.
അതിന് ഇക്വാമത്ത് ഇല്ല ഫർദ്വ് നമസ്കാരങ്ങൾക്കാണ് ഇക്വാമത്തുള്ളത്. സുന്നത്ത് നമസ്കാരങ്ങൾക്ക് ഇക്വാമത്ത് ഇല്ല. ഗ്രഹണനമസ്കാരത്തിനോ മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിനോ പെരുന്നാൾ നമസ്കാരത്തിനോ ഒന്നും ഇക്വാമത്തില്ല. അഞ്ച് നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കാണ് ബാങ്കും ഇക്വാമത്തും ഉള്ളത്. (https://bit.ly/3CuXZn0)
രണ്ട് നമസ്കാരങ്ങൾ ജംആക്കി നിർവഹിക്കുമ്പോൾ, ഓരോ നിസ്കാരത്തിനും ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതുണ്ടോ?
രണ്ട് നമസ്കാരങ്ങൾ ജംആക്കുമ്പോൾ ആദ്യത്തേതിന് മുമ്പ് ബാങ്കും, ശേഷം ഓരോന്നിനും ഇഖാമത്ത് കൊടുക്കുകയുമാണ് ചെയ്യേണ്ടത്. ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:
إذا جمع الإنسان أذن للأولى وأقام لكل فريضة، إلا إذا كان في البلد فإن أذان البلد يكفي، وحينئذ يقيم لكل فريضة؛ لأن النبي صلى الله عليه وسلم يوم عرفة أذن ثم أقام فصلى الظهر، ثم أقام فصلى العصر، وكذلك في مزدلفة حيث أذن وأقام فصلى المغرب ثم أقام فصلى العشاء.
ജംആക്കി നമസ്കരിക്കുന്നവൻ ആദ്യത്തേതിന് മുമ്പ് ബാങ്കും ശേഷം ഓരോന്നിനും മുമ്പ് ഇഖാമത്തുമാണ് കൊടുക്കേണ്ടത് ……. കാരണം, നബിﷺ അറഫയിൽ വെച്ച് ബാങ്കും ഇഖാമത്തും കൊടുത്ത് ളുഹർ നമസ്കരിച്ചു, ശേഷം ഇഖാമത്ത് കൊടുത്ത് അസറും നിസ്കരിച്ചു. അത്പോലെ, മുസ്ദലിഫയിൽ വെച്ച് ബാങ്കും ഇഖാമത്തും കൊടുത്ത് മഗ്‌രിബ് നിസ്കരിക്കുകയും ശേഷം ഇഖാമത്ത് കൊടുത്ത് ഇശാഅ് നിസ്കരിക്കുകയും ചെയ്തു. ഇനി, ഒരു നാട്ടിൽ താമസിക്കുന്നവന്, അവിടത്തെ പൊതുവായ ബാങ്ക് മതിയാവുന്നതാണ്. ഒരോ നമസ്കാരത്തിനു മുമ്പും അവൻ ഇഖാമത്ത് കൊടുത്താൽ മതി. (https://bit.ly/34JSbr0)
പള്ളിയിലെ ഇഖാമത്ത് : ചില കാര്യങ്ങൾ
1.ബാങ്ക് വിളിച്ചയാൾ തന്നെ ഇഖാമത്ത് കൊടുക്കണമെന്ന നിബന്ധനിയില്ല. എന്നാൽ ബാങ്ക് വിളിച്ചയാൾ തന്നെ ഇഖാമത്ത് കൊടുക്കുന്നതാണ് ശ്രേഷ്ടകരം.
قَالَ الثَّوْرِيُّ وَاللَّيْثُ وَالشَّافِعِيُّ: مَنْ أذن فهو يقيم
ഇമാം ഥൗരി, ഇമാം ലൈഥ്, ഇമാം ശാഫിഈ എന്നിവ പറഞ്ഞു: ബാങ്ക് വിളിച്ചയാൾ ഇഖാമത്ത് കൊടുക്കട്ടെ.
2.ഫ൪ള് നമസ്‌കാരത്തിനായി ഇഖാമത്ത് വിളിച്ചാൽ ശാന്തമായി സ്വഫുകളിലേക്ക് ചെല്ലുക
പള്ളിയിൽ ഫ൪ള് നമസ്‌കാരത്തിനായി ഇഖാമത്ത് വിളിച്ചാൽ ചിലയാളുകൾ ധൃതിയിൽ ശബ്ദമുണ്ടാക്കി സ്വഫിലേക്ക് ഓടുന്നത് കാണാം. ഇഖാമത്ത് വിളിച്ചാൽ ശാന്തമായി സ്വഫുകളിലേക്ക് ചെല്ലുകയാണ് വേണ്ടത്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا سَمِعْتُمُ الإِقَامَةَ فَامْشُوا إِلَى الصَّلاَةِ، وَعَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ وَلاَ تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ നിങ്ങൾ അതിലേക്ക് ധൃതിയിൽ പോകരുത്, നടന്നും ശാന്തമായും അതിന് നിങ്ങൾ പുറപ്പെടുക, ശേഷം കിട്ടിയത് നമസ്‌കരിക്കുക, നഷ്ടപ്പെടുന്നത് പൂർത്തീകരിക്കുകയും ചെയ്യുക. (ബുഖാരി: 636)
3.ഫ൪ള് നമസ്‌കാരത്തിനായി ഇഖാമത്ത് വിളിച്ചാൽ സുന്നത്ത് നമസ്കരിക്കാന്‍ പാടില്ല
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِذَا أُقِيمَتِ الصَّلاَةُ فَلاَ صَلاَةَ إِلاَّ الْمَكْتُوبَةُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്‌കാരത്തിന് ഇഖാമത്ത് വിളിച്ചാൽ നിർബന്ധ നമസ്‌കാരമല്ലാതെ മറ്റ് നമസ്‌കാരമില്ല. (മുസ്‌ലിം: 710)
സുന്നത്ത് നമസ്കാരം നിർവഹിച്ചുകൊണ്ടിരിക്കെ ഫർദ് നമസ്കാരത്തിനായി ഇഖാമത്ത് നിർവഹിക്കപ്പെട്ടാൽ സുന്നത്ത് നമസ്കാരത്തിൽ തുടരുകയാണോ, അതോ അതവസാനിപ്പിച്ച് ഫർദ് നമസ്കാരത്തിലേക്ക് പ്രവേശിക്കുകയാണോ ചെയ്യേണ്ടത് ?
ഫർദ് നമസ്കാരത്തിന് ഇഖാമത്ത് നിർവഹിക്കപ്പെട്ടാൽ പിന്നെ സുന്നത്ത് നമസ്കാരത്തിൽ തുടരാവതല്ലെന്ന് പറഞ്ഞ പണ്ഢിതൻമാരുണ്ട്. ഇവ്വിഷയത്തിൽ ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞത് ശ്രദ്ധേയമാണ്.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: ഇഖാമത്ത് നിർവഹിക്കപ്പെടുമ്പോൾ സുന്നത്ത് നിർവഹിക്കുന്നയാൾ അതിന്റെ ആദ്യത്തെ റക്അത്തിലാണെങ്കിൽ അയാൾ നമസ്കാരത്തിൽ നിന്ന് വിരമിക്കണം. രണ്ടാമത്തെ റക്അത്തിലാണെങ്കിൽ പെട്ടെന്ന് പൂർത്തിയാക്കണം, ചുരുക്കേണ്ടതില്ല. ആർ നമസ്കാരത്തിലെ ആദ്യത്തെ റക്അത്തിന് എത്തിയോ, അയാൾക്കാണ് യഥാർഥത്തിൽ നമസ്കാരം ലഭിച്ചത് എന്ന പ്രവാചക വചനമാണ് ഇക്കാര്യത്തിൽ നമുക്ക് തെളിവ്. (അശ്ശർഹുൽ മുംതി 4/238)
ഇക്വാമത്ത് കൊടുത്തതിന് ശേഷം സംസാരിക്കുകയോ, മറ്റൊരു മുറിയിൽ പോയി തിരിച്ച് വരികയോ ഒക്കെ ചെയ്താൽ, വീണ്ടും ഇക്വാമത്ത് കൊടുക്കേണ്ടതുണ്ടോ?
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: വേണ്ട. ഇക്വാമത്ത് കൊടുത്തതിന് ശേഷം നബിﷺയോട് ഒരാൾ ഒരുപാട് നേരം സംസാരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സുദീർഘമായ ആ സംസാരത്തിന് ശേഷം നബിﷺ നമസ്കരിച്ചു. എന്നാൽ, വീണ്ടും ഇക്വാമത്ത് കൊടുക്കാൻ അവിടുന്ന് കൽപ്പിച്ചില്ല.(ബുഖാരി: 642) അതിനാൽ തന്നെ, നമസ്കാരത്തിനും ഇക്വാമത്തിനും ഇടയിൽ വലിയൊരു ഇടവേള വന്നാലും, നേരത്തെ കൊടുത്ത ഇക്വാമത്ത് ബാത്വിലാവുകയില്ല. (https://youtu.be/_JHKwXMwpWQ)
ബാങ്കും ഇഖാമത്തും : പൊതുവായ കാര്യങ്ങള്‍
1.ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയില്‍ സ്വന്തത്തിന് വേണ്ടി പ്രാ൪ത്ഥിക്കുക
ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയില്‍ ഓരോരുത്ത൪ക്കും തങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതാണ്.
قَالَ رَسُولَ اللَّهِ صلى الله عليه وسلم : الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ
നബി ﷺ പറഞ്ഞു: ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല.(സുനനു അബൂദാവൂദ് : 521 – സുനനുത്തി൪മിദി : 212 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഒരാള്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, മുഅദ്ദിനുകള്‍ ഞങ്ങളേക്കാള്‍ ശ്രേഷ്ടതകള്‍ നേടി. നബി ﷺ പറഞ്ഞു: അവ൪ പറയുന്നതുപോലെ നീയും പറയുക. അവസാനിച്ചു കഴിഞ്ഞാല്‍ നീ ചോദിക്കുക. നല്‍കപ്പെടും (സ്വഹീഹ് അബൂദാവൂദ് :1/157)
ശൈഖ് സ്വാലിഹുൽ ഫൗസാൻ رحمه الله പറഞ്ഞു:ജനങ്ങളില്‍ അധികവും, ബാങ്കിന്‍റേയും ഇക്കാമത്തിന്‍റേയും ഇടയിലുള്ള പ്രാര്‍ത്‌ഥനയെ അവഗണിക്കുകയും,അവര്‍ കുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും ചെയ്യുന്നു. കുര്‍ആന്‍ പാരായണം ഉന്നതമായ ഒരു അമലാണെന്നതില്‍ സംശയമേയില്ല.എന്നാല്‍ അതിനൊക്കെ മറ്റു സമയമുണ്ട്.(അതിനാല്‍) ഈ സമയത്ത് നീ പ്രാര്‍ത്‌ഥനയില്‍ മുഴുകുന്നവനാകുക.( تسهيل الألمام بفقه الأحاديث من بلوغ المرام )
2.ബാങ്കും ഇഖാമത്തും കേള്‍ക്കുന്നത് പിശാചിന് അരോചകമാണ്
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :إِذَا نُودِيَ لِلصَّلاَةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ حَتَّى لاَ يَسْمَعَ التَّأْذِينَ، فَإِذَا قَضَى النِّدَاءَ أَقْبَلَ، حَتَّى إِذَا ثُوِّبَ بِالصَّلاَةِ أَدْبَرَ، حَتَّى إِذَا قَضَى التَّثْوِيبَ أَقْبَلَ حَتَّى يَخْطُرَ بَيْنَ الْمَرْءِ وَنَفْسِهِ، يَقُولُ اذْكُرْ كَذَا، اذْكُرْ كَذَا. لِمَا لَمْ يَكُنْ يَذْكُرُ، حَتَّى يَظَلَّ الرَّجُلُ لاَ يَدْرِي كَمْ صَلَّى
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ മനുഷ്യർ ആ വിളി കേൾക്കാതിരിക്കുവാൻ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂർത്തിയായിക്കഴിഞ്ഞാൽ അവൻ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോൾ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തിൽ ചില ദുർബോധനങ്ങൾ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓർമ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവൻ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓർമ്മപ്പെടുത്തുന്നത്. അവസാനം താൻ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓർമ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയിൽ അവൻ മറയിടും. (ബുഖാരി:608)
3. ബാങ്കിന് മുമ്പും ഇഖാമത്തിന് മുമ്പും സ്വലാത്ത് ചൊല്ലൽ ബിദ്അത്താണ്
ബാങ്കിനും ഇഖാമത്തിനും മുമ്പ് നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന് പ്രബലമായ തെളിവുകൾ ഒന്നുമില്ല. തെളിവെന്നോണം ഉദ്ധരിക്കപ്പെടുന്നത് ഇതാണ്:
عن أبي هريرة رضي الله عنه قال : كان بلال إذا أراد أن يقيم الصلاة قال : السلام عليك أيها النبي ورحمة الله وبركاته ، الصلاة رحمك الله
ബിലാൽ(റ) ഇഖാമത് വിളിക്കാൻ ഉദ്ദേശിച്ചാൽ ‘അസ്സലാമു അലൈക അയ്യുഹന്നബിയ്യു…’ എന്ന് പറയാറുണ്ടായിരുന്നു.
ഇമാം ത്വബ്റാനി തന്റെ അൽമുഅജമുൽ ഔസ്വതിൽ ഉദ്ധരിച്ച ഈ ഹദീസ് തീരെ ദുർബലമാണ്. ഇതിന്റെ സനദിൽ عبد الله بن محمد بن المغيرة എന്ന വ്യക്തിയുണ്ട്. ഇദ്ദേഹം ഹദീസുകൾ കറ്റുകെട്ടിയുണ്ടാക്കുന്നവനാണ് എന്നാണ് പണ്ഡിതമതം. ആധുനിക സലഫി പണ്ഡിതനായ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി ഈ ഹദീസിനെ തള്ളിക്കളയുകയും ബാങ്കിനും ഇഖാമത്തിനും മുമ്പ് നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് മുൻമാതൃകയില്ലാത്തതും ബിദ്അത്തുമാണ് എന്ന് വിധിയെഴുതുകയും ചെയ്തിരിക്കുന്നു. ഇത് സ്വഹീഹാണെങ്കിൽ തന്നെ, ബിലാൽ(റ) ഇഖാമത്ത് വിളിക്കാൻ ഉദ്ദേശിച്ചാൽ വീട്ടിലിരിക്കുന്ന പ്രവാചകനോട് വിവരം പറയുന്ന സമയത്ത് അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലാറുണ്ടായിരുന്നു എന്നേ ഈ ഹദീസിനു അർത്ഥമുള്ളു, ഇഖാമത്തിനോട് ചേർത്തുകൊണ്ട് സ്വലാത്ത് ചൊല്ലിയിരുന്നു എന്നല്ല ഉദ്ദേശ്യം എന്നും ശൈഖ് അൽബാനി വിശദീകരിക്കുന്നു.
‘ഇഖാമത്തിന് മുമ്പ് നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് അഭികാമ്യമാണെന്ന് ആരെങ്കിലും തീർത്ത് പറഞ്ഞിട്ടുണ്ടോ’ എന്ന ചോദ്യത്തിന് ഇബ്നു ഹജറിൽ ഹൈതമി നൽകിയ മറുപടി ഇങ്ങനെ വായിക്കാം:
لم أر من قال بندب الصلاة والسلام أول الإقامة ، وإنما الذي ذكره أئمتنا أنهما سنتان عقب الإقامة كالأذان ، ثم بعدهما : اللهم رب هذه الدعوة التامة (1/129)
ഇഖാമത്തിന്റെ തുടക്കത്തിൽ നബി ﷺ യുടെ പേരിൽ സ്വലാത്തും സലാമും ചൊല്ലൽ സുന്നത്താണെന്ന് പറഞ്ഞ ഒരാളെയും ഞാൻ കണ്ടിട്ടില്ല. ബാങ്കിനും ഇഖാമത്തിനും ശേഷം ‘അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅവതി…’ എന്നുചൊല്ലൽ സുന്നത്താണെന്നാണ് നമ്മുടെ ഇമാമുകൾ പറഞ്ഞിട്ടുള്ളത്.
ഇബ്‌നു ഹജറിൽ ഹൈതമി (റഹി) തുടരുന്നു:
لم نر في شيء منها – يعني الأحاديث – التعرض للصلاة عليه – صلى الله عليه وسلم – قبل الأذان ، ولا إلى محمد رسول الله بعده ، ولم نر أيضا في كلام أئمتنا تعرضا لذلك أيضا ، فحينئذ كل واحد من هذين ليس بسنة في محله المذكور فيه ، فمن أتى بواحد منهما في ذلك معتقدا سنيته في ذلك المحل المخصوص نُهي عنه ومنع منه ؛ لأنه تشريع بغير دليل. (1/132)
ബാങ്കിന് മുമ്പോ അതിനിടയിലെ ‘മുഹമ്മദുൻ റസൂലുള്ള’ക്ക് ശേഷമോ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്ന വിഷയത്തിൽ ഒരു ഹദീസും നാം കണ്ടിട്ടില്ല. ഈ വിഷയത്തിലിടപെട്ടുകൊണ്ടുള്ള ഇമാമുകളുടെ വിശദീകരണങ്ങളും നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ മേൽപറയപ്പെട്ട സന്ദർഭങ്ങളിൽ സ്വലാത്ത് സുന്നത്തല്ല. പരാമൃഷ്ട വേളകളിൽ, സുന്നത്തുണ്ട് എന്ന ധാരണയിൽ ആരെങ്കിലും സ്വലാത്ത് കൊണ്ടുവന്നാൽ അത് വിരോധിക്കേണ്ടതും തടയപ്പെടേണ്ടതുമാണ്. എന്തെന്നാൽ അത് തെളിവില്ലാതെ ദീനുണ്ടാക്കലാണ്.
സ്വീകാര്യമാകുവാനുള്ള നിബന്ധനകൾ
1. ഇസ്‌ലാം: കാഫിറിൽനിന്ന് ബാങ്കുവിളിയും ഇക്വാമത്തും സ്വഹീഹാവുകയില്ല.
2. ബുദ്ധി: ഭ്രാന്തനിൽനിന്നും ലഹരി ബാധിച്ചവനിൽനിന്നും വകതിരിവില്ലാത്തവനിൽനിന്നും മറ്റു ഇബാദത്തുകൾ സ്വഹീഹാവാത്തതുപോലെ ഇവയും സ്വഹീഹാവുകയില്ല.
3. പുരുഷനാവുക: സ്ത്രീകളിൽനിന്ന് ഇവ സ്വഹീഹാവുകയില്ല. സ്ത്രീയുടെ ശബ്ദംകൊണ്ട് ഫിത്‌നയുണ്ടാകുമെന്നതിനാലാണത്. ആൺവർഗമാണൈന്ന് അറിയാത്തതിനാൽ നപുംസകത്തിന്റെ ബാങ്കും ഇക്വാമത്തും സ്വഹീഹാവുകയില്ല. സ്ത്രീകൾക്ക് ഇക്വാമത്തു മാത്രം സുന്നത്താക്കപ്പെടും.
4. ബാങ്കുവിളി നമസ്‌കാരത്തിന്റെ സമയത്തായിരിക്കണം: സമയമാകുന്നതിനുമുമ്പ് ബാങ്കുവിളി സ്വഹീഹാവുകയില്ല. എന്നാൽ ഫജ്‌റിന്റെയും ജുമുഅയുടെയും ബാങ്കുവിളി സമയമാകുന്നതിനുമുമ്പ് അനുവദനീയമാകുന്നു. ഇക്വാമത്ത് നമസ്‌കാരത്തിലേക്ക് നിൽക്കാൻ ഉദ്ദേശിക്കുമ്പോഴും ആകണം.
5. ബാങ്കുവിളിയും ഇക്വാമത്തും സുന്നത്തിൽ വന്നതുപോലെ ക്രമപ്രകാരവും തുടർച്ചയോടു കൂടിയുമാകണം. (ഇതിന്റെ വിവരണം ബാങ്കിന്റെയും ഇക്വാമത്തിന്റെയും രീതി വിവരിക്കുമ്പോൾ വരുന്നുണ്ട്).
6. ബാങ്കും ഇക്വാമത്തും അറബി ഭാഷയിലും സുന്നത്തിൽവന്ന പദപ്രയോഗങ്ങളിലുമായിരിക്കണം.
മുഅദ്ദിനിലുണ്ടാകേണ്ട സുന്നത്തായ വിശേഷണങ്ങൾ
1. മുഅദ്ദിൻ (ബാങ്കുവിളിക്കുന്നവൻ) ദീനീനിഷ്ഠയുള്ളവനും വിശ്വസ്തനുമായിരിക്കണം. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും വിഷയത്തിൽ അവലംബിക്കപ്പെടുവാൻ വിശ്വസിച്ചേൽപിക്കപ്പെട്ടവനാണ് മുഅദ്ദിൻ. ദീനീനിഷ്ഠയുള്ളവനും വിശ്വസ്തനുമല്ലെങ്കിൽ ബാങ്കുവിളിയിലൂടെ അയാൾ ആളുകളെ പറ്റിക്കുമെന്നതിനാൽ അയാളിൽ വിശ്വാസ്യതയുണ്ടാവില്ല.
2. മുഅദ്ദിൻ പ്രായപൂർത്തിയെത്തിയവനും ബുദ്ധിയുള്ളവനുമായിരിക്കണം. എന്നാൽ വകതിരിവുള്ള കുട്ടിയുടെ ബാങ്കുവിളിയും സ്വഹീഹാകും.
3. സമയമായെന്നന്വേഷിച്ച് ആദ്യസമയത്തുതന്നെ ബാങ്കുവിളിക്കുവാൻ സമയത്തെക്കുറിച്ച് അറിവുള്ളവനായിരിക്കണം മുഅദ്ദിൻ. കാരണം അറിവില്ലാത്തവനാണെങ്കിൽ അബദ്ധം പ്രവർത്തിക്കുകയോ തെറ്റുപിണയുകയോ ചെയ്‌തേക്കും.
4. ജനങ്ങളെ കേൾപ്പിക്കുവാൻ ശക്തമായ ശബ്ദമുള്ളവനായിരിക്കൽ.
5. ചെറിയ അശുദ്ധിയിൽനിന്നും വലിയ അശുദ്ധിയിൽനിന്നും ശുദ്ധിവരുത്തിയവനായിരിക്കൽ.
6. ക്വിബ്‌ലക്ക് അഭിമുഖമായി നിന്നുകൊണ്ടു ബാങ്കുവിളിക്കൽ.
7. തന്റെ രണ്ടു കൈവിരലുകളെ ഇരുചെവികളിലായി വെക്കുകയും ‘ഹയ്യ അലസ്സ്വലാത്’ എന്നു പറയുമ്പോൾ വലതുഭാഗത്തേക്കും ‘ഹയ്യഅലൽഫലാഹ്’ എന്നു പറയുമ്പോൾ ഇടതുഭാഗത്തേക്കും മുഖം തിരിക്കുകയും ചെയ്യൽ.
8. ബാങ്കുവിളി സാവകാശത്തിലും ഇക്വാമത്ത് വേഗത്തിലും നിർവഹിക്കൽ.
kanzululoom.com