അല്ലാഹുവിനോടുള്ള അദബ്, നബി ﷺ യോടും

സൂറ : അൽ ഹുജറാത്ത് 1-5 ആയത്തുകളിലൂടെ …..

അവതരണ പശ്ചാത്തലം

أَنَّ عَبْدَ اللَّهِ بْنَ الزُّبَيْرِ، أَخْبَرَهُمْ أَنَّهُ، قَدِمَ رَكْبٌ مِنْ بَنِي تَمِيمٍ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ أَبُو بَكْرٍ أَمِّرِ الْقَعْقَاعَ بْنَ مَعْبَدٍ‏.‏ وَقَالَ عُمَرُ بَلْ أَمِّرِ الأَقْرَعَ بْنَ حَابِسٍ‏.‏ فَقَالَ أَبُو بَكْرٍ مَا أَرَدْتَ إِلَى ـ أَوْ إِلاَّ ـ خِلاَفِي‏.‏ فَقَالَ عُمَرُ مَا أَرَدْتُ خِلاَفَكَ‏.‏ فَتَمَارَيَا حَتَّى ارْتَفَعَتْ أَصْوَاتُهُمَا، فَنَزَلَ فِي ذَلِكَ ‏{‏يَا أَيُّهَا الَّذِينَ آمَنُوا لاَ تُقَدِّمُوا بَيْنَ يَدَىِ اللَّهِ وَرَسُولِهِ‏}‏ حَتَّى انْقَضَتِ الآيَةُ‏.‏

അബ്ദില്ലാഹിബ്നു സുബൈര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ബനൂതമീം ഗോത്രത്തിൽ നിന്ന് ഒരു സംഘം നബി ﷺ യുടെ അടുക്കൽ വന്ന് (ഇസ്ലാം സ്വീകരിച്ചു. അവർക്ക് ഒരു ഗവർണറെ നിയമിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു). അപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഖഅ്ഖാബ് ബ്നു മഅ്ബദിനെ അമീര്‍ ആക്കാം. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ല, അഖ്റഅ് ബ്നു ഹാബിസിനെ അമീര്‍ ആക്കാം. അപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ (ഉമറിനോട്) പറഞ്ഞു: നീ എന്നെ എതിർക്കാനാണ് ഉദ്ദേശിക്കുന്നത്. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ താങ്കളെ എതിർക്കാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ അവര്‍ തര്‍ക്കിച്ചു, ഇരുവരുടെയും ശബ്ദം ഉയരുകയും ചെയ്തു. അപ്പോൾ അല്ലാഹു ആയത്ത് അവതരിപ്പിച്ചു: {സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുൻകടന്നു പ്രവര്‍ത്തിക്കരുത്‌ – 49/1} …………. (ബുഖാരി:4847)

അല്ലാഹുവിന്‍റെയും റസൂൽ ﷺ യുടെയും മുമ്പില്‍ മുൻകടന്നു പ്രവര്‍ത്തിക്കരുത്‌

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുൻകടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:49/1)

هذا متضمن للأدب، مع الله تعالى، ومع رسول الله صلى الله عليه وسلم، والتعظيم له ، واحترامه، وإكرامه، فأمر [الله] عباده المؤمنين، بما يقتضيه الإيمان، بالله وبرسوله، من امتثال أوامر الله، واجتناب نواهيه، وأن يكونوا ماشين، خلف أوامر الله، متبعين لسنة رسول الله صلى الله عليه وسلم، في جميع أمورهم، و [أن] لا يتقدموا بين يدي الله ورسوله، ولا يقولوا، حتى يقول، ولا يأمروا، حتى يأمر، فإن هذا، حقيقة الأدب الواجب، مع الله ورسوله، وهو عنوان سعادة العبد وفلاحه، وبفواته، تفوته السعادة الأبدية، والنعيم السرمدي،

അല്ലാഹുവോടും അവന്റെ ദൂതനോടും കാണിക്കേണ്ട മര്യാദകളും ആദരവും ബഹുമാനവുമാണ് ഇതിലെ ഉള്ളടക്കം. അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന്നനുസരിച്ച് അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കാനും നിരോധങ്ങള്‍ ഉപേക്ഷിക്കാനും തന്റെ വിശ്വാസികളായ ദാസന്മാരോട് നിര്‍ദേശിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കല്‍പനകളോടൊപ്പം സഞ്ചരിക്കുന്നവരായിരിക്കണം. അവന്റെ ദൂതന്റെ മുഴുവന്‍ നിര്‍ദേശങ്ങളും പിന്‍പറ്റണം. അല്ലാഹുവിനെയും അവന്റെ ദൂതനെയും മുന്‍കടക്കരുത്. അദ്ദേഹം പറയാതെ അവര്‍ പറയാന്‍ പാടില്ല. അദ്ദേഹം കല്‍പിക്കാതെ അവര്‍ കല്‍പിച്ചുകൂടാ. ഇതാണ് അല്ലാഹുവോടും അവന്റെ ദൂതനോടും കാണിക്കേണ്ട നിര്‍ബന്ധമായ മര്യാദകളുടെ പൊരുള്‍. അതിലാണ് ഒരു ദാസന്റെ വിജയവും സൗഭാഗ്യവും. അത് നഷ്ടപ്പെട്ടാല്‍ അവന്റെ നിത്യസുഖങ്ങളും ശാശ്വത സൗഭാഗ്യവും നഷ്ടപ്പെടും. (തഫ്സീറുസ്സഅ്ദി)

هذه آداب أدب الله بها عباده المؤمنين فيما يعاملون به الرسول – صلى الله عليه وسلم – من التوقير والاحترام والتبجيل والإعظام ،

അല്ലാഹു തന്റെ വിശ്വാസികളായ അടിമകൾക്ക് അവന്റെ റസൂലുമായിട്ടുള്ള ഇടപെടലുകളിൽ പഠിപ്പിച്ച ആദരവ്, ബഹുമാനം, മഹത്വപ്പെടുത്തൽ എന്നിവയുടെ കാര്യത്തിലുള്ള മര്യാദകളാണിവ. (ഇബ്നുകസീര്‍)

ഏതൊരു സമൂഹത്തിനും അതിന്റെ നേതാവിനോട് ഉണ്ടായിരിക്കേണ്ടുന്നതിനെക്കാള്‍ കവിഞ്ഞതാണ്‌ മുസ്‌ലിം സമുദായത്തിന്‌ നബി ﷺ  തിരുമേനിയോടുള്ള ബാധ്യത.

ٱﻟﻨَّﺒِﻰُّ ﺃَﻭْﻟَﻰٰ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ۖ

നബി സത്യവിശ്വാസികളോട്‌ അവരുടെ സ്വന്തം ദേഹങ്ങളെക്കാളും ബന്ധപ്പെട്ട ആളാണ്‌…… (ഖു൪ആന്‍ :33/6) (അമാനി തഫ്സീര്‍)

أيْ: لا تَقُولُوا حَتّى يَقُولَ، ولا تَأْمُرُوا حَتّى يَأْمُرَ، ولا تُفْتُوا حَتّى يُفْتِيَ، ولا تَقْطَعُوا أمْرًا حَتّى يَكُونَ هو الَّذِي يَحْكُمُ فِيهِ ويَمْضِيهِ،

നബി ﷺ സംസാരിക്കുന്നതുവരെ നിങ്ങൾ സംസാരിക്കരുത്, അവിടുന്ന് കൽപ്പിക്കുന്നതുവരെ നിങ്ങൾ കൽപ്പിക്കരുത്, അവിടുന്ന് വിധി പറയുന്നതുവരെ നിങ്ങൾ വിധിക്കരുത്, ഒരു കാര്യത്തിൽ അവിടുന്ന് വിധി കൽപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതുവരെ നിങ്ങൾ തീരുമാനമെടുക്കരുത്. (ഇബ്നുൽ ഖയ്യിം)

ഖുർആനും സുന്നത്തുമാണ് ആദര്‍ശം

عن ابن عباس : {لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِ} : لا تقولوا خلاف الكتاب والسنة .

ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: {നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ മുൻകടന്നു പ്രവര്‍ത്തിക്കരുത്‌} ഖുർആനും സുന്നത്തിനും വിരുദ്ധമായി നിങ്ങൾ ഒന്നും സംസാരിക്കരുത്. (ഇബ്നുകസീര്‍)

وفي هذا، النهي [الشديد] عن تقديم قول غير الرسول صلى الله عليه وسلم، على قوله، فإنه متى استبانت سنة رسول الله صلى الله عليه وسلم، وجب اتباعها، وتقديمها على غيرها، كائنا ما كان

പ്രവാചകന്റെ വാക്കിനെക്കാള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് മുന്‍ഗണ നല്‍കിക്കൂടെന്നുള്ള ശക്തമായ നിരോധം കൂടി ഇതിലുണ്ട്. പ്രവാചകചര്യകള്‍ വ്യക്തമായി കിട്ടിയാല്‍ അത് പിന്‍പറ്റലും എന്ത് കാര്യങ്ങളായാലും അതിന് ഇതിനെക്കാള്‍ മുന്‍ഗണന നല്‍കാനും പാടില്ല. (തഫ്സീറുസ്സഅ്ദി)

ഏതൊരു കാര്യമായാലും, ആ കാര്യം ഇന്നപ്രകാരമായിരിക്കണമെന്നു അല്ലാഹുവും റസൂലും തീരുമാനമെടുക്കുന്നതിനു – അഥവാ അല്ലാഹുവിന്റെ വിധി റസൂൽ ﷺ മുഖേന ലഭിക്കുന്നതിനു – മുമ്പായി സത്യവിശ്വാസികൾ അതിൽ തീരുമാനവും നടപടിയും എടുക്കുവാൻ പാടില്ലെന്നു അല്ലാഹു കൽപിക്കുന്നു. റസൂൽ ﷺ തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ ഒരു സത്യവിശ്വാസി അങ്ങനെ ചെയ്യുന്നതു അല്ലാഹുവിനോടും, റസൂലിനോടും കാണിക്കുന്ന അനാദരവും, അവിവേകവുമാണെന്നു വ്യക്തമാണല്ലോ. റസൂൽ ﷺ തിരുമേനിയുടെ അഭാവത്തിൽ, മതസംബന്ധമായ ഏതൊരു കാര്യത്തിലും ഖുർആന്റെയും സുന്നത്തിന്റെയും വിധി അന്വേഷിക്കാതെ, ആർക്കും സ്വന്തമായൊരു വിധി ഉണ്ടായിരിക്കുവാൻ പാടില്ലെന്നുള്ള വസ്തുതയും ഈ കൽപനയിൽ അടങ്ങിയിരിക്കുന്നു. (അമാനി തഫ്സീര്‍)

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക

قال طلق ابن حبيب رحمه الله: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ് رحمه الله പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

وقوله: {إِنَّ اللَّهَ سَمِيعٌ} أي: لجميع الأصوات في جميع الأوقات، في خفي المواضع والجهات، {عَلِيمٌ} بالظواهر والبواطن، والسوابق واللواحق، والواجبات والمستحيلات والممكنات.

وفي ذكر الاسمين الكريمين -بعد النهي عن التقدم بين يدي الله ورسوله، والأمر بتقواه- حث على امتثال تلك الأوامر الحسنة، والآداب المستحسنة، وترهيب عن عدم الامتثال.

{തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്} സര്‍വ ശബ്ദങ്ങളും സദാസമയങ്ങളിലും അവ്യക്തമായ സ്ഥലത്തും സന്ദര്‍ഭത്തിലും ഉള്ളതുപോലും. {അറിയുന്നവനുമാകുന്നു} പ്രത്യക്ഷവും പരോക്ഷവുമായത്, കഴിഞ്ഞുപോയതും വരാനിരിക്കുന്നുതും നിര്‍ബന്ധമായതും സാധ്യമായതും അസാധ്യമായതുമെല്ലാം.

അല്ലാഹുവിനെയും റസൂലിനെയും മുന്‍കടന്ന് പ്രവര്‍ത്തിക്കരുതെന്നും സൂക്ഷ്മത പാലിക്കണമെന്നും നിര്‍ദേശിച്ചു. ശേഷം അല്ലാഹുവിന്റെ ആദരണീയമായ രണ്ട് നാമങ്ങള്‍ പറഞ്ഞതിലും കല്‍പനകളും മര്യാദകളും പിന്‍തുടരാനുള്ള പ്രേരണയും അതിനെതിരായി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള താക്കീതുമുണ്ട്. (തഫ്സീറുസ്സഅ്ദി)

നബി ﷺ യുടെ അടുക്കൽ ശബ്ദം താഴ്ത്തുക

‎يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ ‎

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:49/2)

ഒന്നാമത്തെ ആയത്തിൽ നബി ﷺ യെ മുൻകടക്കരുത് എന്ന് പറഞ്ഞതിനുള്ള വിശദീകരണവുമാണ് ഇത്.

രണ്ട് കാര്യങ്ങൾ ഇവിടെ പറയുന്നു:

ഒന്ന്) നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌.

هذا أدب ثان أدب الله به المؤمنين ألا يرفعوا أصواتهم بين يدي النبي – صلى الله عليه وسلم – [ فوق صوته ] .

അല്ലാഹു വിശ്വാസികളെ പഠിപ്പിച്ച രണ്ടാമത്തെ മര്യാദയാണിത്, പ്രവാചകന്റെ മുമ്പിൽ ശബ്ദം ഉയർത്തരുത്. (ഇബ്നുകസീര്‍)

രണ്ട്) അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. അല്ലാഹു പറഞ്ഞതുപോലെ:

لَّا تَجْعَلُوا۟ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ

നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്‌.  (ഖു൪ആന്‍:24/63)

هذا أدب مع رسول الله صلى الله عليه وسلم، في خطابه، أي: لا يرفع المخاطب له، صوته معه، فوق صوته، ولا يجهر له بالقول، بل يغض الصوت، ويخاطبه بأدب ولين، وتعظيم وتكريم، وإجلال وإعظام، ولا يكون الرسول كأحدهم، بل يميزوه في خطابهم، كما تميز عن غيره، في وجوب حقه على الأمة، ووجوب الإيمان به، والحب الذي لا يتم الإيمان إلا به، فإن في عدم القيام بذلك، محذورًا، وخشية أن يحبط عمل العبد وهو لا يشعر، كما أن الأدب معه، من أسباب [حصول الثواب و] قبول الأعمال.

പ്രവാചകനോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയാണിത്. സംസാരിക്കുന്നവന്‍ പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. മറിച്ച്, സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തണം. മൃദുലമായും മഹത്ത്വത്തോടും ആദരവോടും മര്യാദയോടുംകൂടി സംസാരിക്കണം. പ്രവാചകന്‍ ﷺ അവരില്‍ ഒരാളെപ്പോലെ ആയിരിക്കരുത്. സമുദായം അദ്ദേഹത്തോടുള്ള ബാധ്യത നിര്‍വഹിക്കുന്നതിന്റെ ഭാഗമായി അവര്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരില്‍നിന്നും അദ്ദേഹത്തെ വ്യതിരിക്തമായി കാണണം. അദ്ദേഹത്തില്‍ വിശ്വസിക്കുന്നതിന്റെ ഭാഗം കൂടിയാണത്. വിശ്വാസം പൂര്‍ത്തിയാകാന്‍ ആവശ്യമായ സ്‌നേഹത്തിന്റെ ഭാഗവും. അത് നിര്‍വഹിക്കാതിരുന്നാല്‍ ഒരടിമയുടെ പ്രവര്‍ത്തനങ്ങള്‍ അവനറിയാതെതന്നെ നിഷ്ഫലമായിപ്പോകുമെന്നതും അവന്‍ ഭയപ്പെടണം. പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും പ്രതിഫലം ലഭിക്കാനുമുള്ള കാരണങ്ങളില്‍ പെട്ടതാണ് അദ്ദേഹത്തോട് കാണിക്കേണ്ട മര്യാദ. (തഫ്സീറുസ്സഅ്ദി)

സ്വഹാബികളുടെ നിലപാട്

നബി ﷺ തിരുമേനിയുടെ സ്വഹാബികൾ അല്ലാഹുവിന്റെ ഈ കൽപനകളെ എങ്ങിനെ വിലയിരുത്തിയിരുന്നുവെന്നു കാണിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങൾ ഇവിടെ അറിയുന്നതു നന്നായിരിക്കും. തമീം ഗോത്രക്കാരുടെ നിവേദകസംഘം  തിരുമേനിയുടെ അടുക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയിക്കേണ്ടതു എന്ന കാര്യത്തിൽ അബൂബക്‌റും (رضي الله عنه), ഉമറും (رضي الله عنه) തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്‌ദം കുറച്ചു ഉച്ചത്തിലായിപ്പോയി. ഈ ക്വുർആൻ വചനത്തിന്റെ അവതരണം ആ സന്ദർഭത്തിലായിരുന്നു. പിന്നീട് ഉമർ (رضي الله عنه) നബി ﷺ യോടു സംസാരിക്കുമ്പോൾ, അതുകേട്ട് മനസ്സിലാക്കുവാൻ പോലും ചിലപ്പോൾ സാധിക്കാതെ വരത്തക്കവിധം അത്ര പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. അബൂബക്ർ (رضي الله عنه) ആകട്ടെ, സ്വകാര്യ സംഭാഷണം നടത്തുവാൻവേണ്ടി വന്ന ഒരാളെപ്പോലെയായിരുന്നു അതുമുതൽ നബി ﷺ യുമായി സംസാരിച്ചിരുന്നതു എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. വല്ല നിവേദകസംഘവും വരുമ്പോൾ, നബി ﷺ ക്കു സലാം പറയുന്നതും അവിടുത്തോടു സംസാരിക്കുന്നതും എങ്ങിനെയായിരിക്കണമെന്നു അദ്ദേഹം മുൻകൂട്ടി അവർക്കു അറിയിച്ചു കൊടുക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. ഈ വചനം അവതരിച്ച ശേഷം ഥാബിത്ത്ബ്നുഖൈസ് (رضي الله عنه) നബി ﷺ യുടെ അടുക്കലേക്കുള്ള തന്റെ വരവു നിറുത്തുകയുണ്ടായി. വിവരമറിഞ്ഞു തിരുമേനി ആളയച്ചു സംഗതി അന്വേഷിച്ചു. വിഷാദത്തിൽ മുഴുകിക്കൊണ്ടിരുന്ന അദ്ദേഹം പറഞ്ഞു: ‘വളരെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളാണ് ഞാൻ. തിരുമേനിയുടെ ശബ്ദത്തെക്കാൾ എന്റെ ശബ്‌ദം ഉച്ചത്തിലായിപ്പോകാറുണ്ട്. ഇക്കാരണത്താൽ എന്റെ കർമ്മങ്ങൾ (ആയത്തിൽ കണ്ടതുപോലെ) ഫലശൂന്യമായിപ്പോയേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.’ ഇതു കേട്ടപ്പോൾ, ‘അദ്ദേഹം നല്ല നിലയിൽ ജീവിക്കുകയും, മരിക്കുകയും ചെയുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽപെട്ട ആളാണെ‘ന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിക്കുവാൻ തിരുമേനി വീണ്ടും ആളയച്ചു. (അമാനി തഫ്സീര്‍)

നബി ﷺ യുടെ കാലശേഷവും ഈ മര്യാദ പാലിക്കണം

നബി ﷺ യുടെ ജീവിതകാലത്തെന്ന പോലെ, അതിനുശേഷവും നബി ﷺ  യെ കുറിച്ചുള്ള സംസാരങ്ങളിലും പരാമർശങ്ങളിലും ഇത്തരം മര്യാദകൾ ഗൗനിക്കപ്പെടേണ്ടതുണ്ട്. അവിടുത്തെ സ്ഥാനത്തിനും പദവിക്കും അനുയോജ്യമായ ഭാഷയിലും, സ്വരത്തിലുമായിരിക്കണം അത്. അവിടുത്തോടുള്ള ആദരവു സത്യവിശ്വാസത്തിൽനിന്നു ഉടലെടുക്കുന്നതും, അനാദരവു അവിശ്വാസത്തിൽനിന്നും കാപട്യത്തിൽനിന്നും ഉടലെടുക്കുന്നതുമാകുന്നു. (അമാനി തഫ്സീര്‍)

നബി ﷺ യുടെ കാലശേഷം അവിടുത്തെ ഖബ്റിന് അരികിലും അവിടുത്തെ മസ്ജിദിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

عَنِ السَّائِبِ بْنِ يَزِيدَ، قَالَ كُنْتُ قَائِمًا فِي الْمَسْجِدِ فَحَصَبَنِي رَجُلٌ، فَنَظَرْتُ فَإِذَا عُمَرُ بْنُ الْخَطَّابِ فَقَالَ اذْهَبْ فَأْتِنِي بِهَذَيْنِ‏.‏ فَجِئْتُهُ بِهِمَا‏.‏ قَالَ مَنْ أَنْتُمَا ـ أَوْ مِنْ أَيْنَ أَنْتُمَا قَالاَ مِنْ أَهْلِ الطَّائِفِ‏.‏ قَالَ لَوْ كُنْتُمَا مِنْ أَهْلِ الْبَلَدِ لأَوْجَعْتُكُمَا، تَرْفَعَانِ أَصْوَاتَكُمَا فِي مَسْجِدِ رَسُولِ اللَّهِ صلى الله عليه وسلم

സാഇബ് ബ്നു യസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ പള്ളിയിൽ നിൽക്കുകയായിരുന്നു. ആരോ എന്റെ നേരെ ഒരു ചരൽ എറിഞ്ഞു. ഞാൻ നോക്കിയപ്പോൾ അത് ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ ആണെന്ന് കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു: “ആ രണ്ടുപേരെയും എന്റെ അടുക്കൽ കൊണ്ടുവരിക.” ഞാൻ അവരെയുംകൊണ്ട് അവിടെ എത്തിയപ്പോൾ, ഉമ رَضِيَ اللَّهُ عَنْهُ അവരോട് ചോദിച്ചു, “നിങ്ങൾ ആരാണ്? (അല്ലെങ്കിൽ) നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?” അവർ മറുപടി പറഞ്ഞു, “ഞങ്ങൾ ത്വാഇഫിൽ നിന്നുള്ളവരാണ്.” ഉമർ  رَضِيَ اللَّهُ عَنْهُ പറഞ്ഞു, “നിങ്ങൾ ഈ നാട്ടുകാരായിരുന്നെങ്കിൽ  അല്ലാഹുവിന്റെ റസൂൽ ﷺ യുടെ പള്ളിയിൽ ശബ്ദം ഉയർത്തിയതിന് ഞാൻ നിങ്ങളെ ശിക്ഷിക്കുമായിരുന്നു.” (ബുഖാരി:470)

ചുരുകത്തിൽ ജീവിതകാലത്തും മരണകാലത്തും നബി ﷺ ആദരവിന് അർഹനാണ്.

إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ‎﴿٨﴾‏ لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ‎﴿٩﴾‏

തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി. (ഖു൪ആന്‍:48/8-9)

കര്‍മ്മങ്ങൾ പാഴായിപ്പോകും.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കര്‍മ്മങ്ങൾ പാഴായിപ്പോകും.

നബി ﷺ യുടെ അടുക്കൽവെച്ചു സംസാരിക്കുമ്പോൾ, അവിടുത്തെ ശബ്ദത്തെക്കാൾ കവിഞ്ഞ ശബ്‌ദത്തിൽ സംസാരിക്കുന്നതും, അവിടുത്തോടു വല്ലതും പറയുമ്പോൾ, തമ്മതമ്മിൽ സംസാരിക്കാറുള്ള അത്ര ഉച്ചത്തിൽ സംസാരിക്കുന്നതും സത്യവിശ്വാസികൾക്കു പാടില്ലാത്തതാണെന്നും, അവരറിയാതെത്തന്നെ അവരുടെ സൽക്കർമ്മങ്ങൾ ഫലശൂന്യമായിപ്പോകുവാൻ അതു കാരണമായിത്തീരുമെന്നും അല്ലാഹു അറിയിക്കുന്നു. (അമാനി തഫ്സീര്‍)

സുപ്രധാനമായ ഓര്‍മ്മപ്പെടുത്തൽ

قال الإمام ابن القيم رحمه الله : إذا كان رفع أصواتهم فوق صوته سبباً لحبوط أعمالهم. فكيف تقديم آرائهم وعقولهم وأذواقهم وسياساتهم ومعارفهم على ما جاء به، ورفعها عليه؟ أليس هذا أولى أن يكون محبطاً لأعمالهم!

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: നബി ﷺ യുടെ അടുക്കൽ അവിടുത്തെ ശബ്ദത്തെക്കാൾ അവരുടെ ശബ്ദം ഉയര്‍ത്തുന്നത് അവരുടെ കര്‍മ്മങ്ങൾ നിഷ്ഫലമാകാൻ കാരണമാകുമെങ്കിൽ നീ ചിന്തിച്ചു നോക്കുക : അല്ലാഹുവിൻറെ റസൂലിൻറെ തീരുമാനത്തിന് മുകളിൽ അവരുടെ അഭിപ്രായത്തെയും അവരുടെ ബുദ്ധിയെയും അവരുടെ വികാരത്തെയും അവരുടെ നയങ്ങളെയും അവരുടെ അറിവിനെയും അവർ വെച്ചിരുന്നെങ്കിൽ,  അവരുടെ കര്‍മ്മങ്ങൾ നിഷ്ഫലമാകാൻ അത് മതിയാകുന്നതല്ലേ. [إعلام الموقعين (١/ ٤١).]

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഭൂരിഭാഗമാളുകള്‍ക്കും തങ്ങളുടെ നന്മകളെ നശിപ്പിക്കുന്ന തിന്മകളെ സംബന്ധിച്ചു കൃത്യമായൊരു ധാരണയില്ല. അല്ലാഹു പറയുന്നു: {സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. 49/2} നാം പരസ്പരം ശബ്ദമുയര്‍ത്തി സംസാരിക്കുന്നതുപോലെ നബി ﷺ യോട് സംസാരിക്കുന്നത് തങ്ങളുടെ കര്‍മങ്ങളെ തകര്‍ത്തുകളയുമെന്ന് സത്യവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുകയാണ്. ഇത് ദീനുപേക്ഷിച്ചു മതപരിത്യാഗിയായി പോകുന്നതുകൊണ്ടല്ല; മറിച്ച് കര്‍മങ്ങളെ നശിപ്പിക്കുന്നവയാണെന്ന് ചെയ്തയാള്‍ക്ക് പോലും അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ കാരണമാണ്.

അപ്പോള്‍ നബി ﷺ യുടെ വാക്കുകളെയും മാതൃകകളെയും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന് പകരം അവയെക്കാള്‍ മാറ്റാരുടെയെങ്കിലും വാക്കുകള്‍ക്കും രീതികള്‍ക്കും മുന്‍ഗണന കല്‍പിക്കുന്നവരെക്കുറിച്ച് എന്താണ് കരുതുന്നത്? അയാള്‍ അറിയാതെ അയാളുടെ കര്‍മങ്ങള്‍ തകരുകയല്ലേ ചെയ്യുന്നത്?! (അല്‍ വാബിലുസ്സ്വയ്യിബ്)

പിന്നീട് അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ ശബ്ദം താഴ്‌ത്തിയവരെ പ്രശംസിക്കുകയാണ്.

إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ

തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു തഖ്‌വക്കുവേണ്ടി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌. (ഖു൪ആന്‍:49/3)

അവര്‍ക്കുള്ളതോ, ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമായ – അതായത് അവന്റെ തിൻമകൾ മാപ്പാക്കലും (പാപമോചനം), അവന്റെ നൻമകൾക്ക് വലിയ പ്രതിഫലം ലഭിക്കലും –  ഉണ്ട്.

فمن لازم أمر الله، واتبع رضاه، وسارع إلى ذلك، وقدمه على هواه، تمحض وتمحص للتقوى، وصار قلبه صالحًا لها ومن لم يكن كذلك، علم أنه لا يصلح للتقوى.

അപ്പോള്‍ ആരെങ്കിലും അല്ലാഹുവിന്റെ കല്‍പനകള്‍ മുറുകെപ്പിടിക്കുകയും അവന്റെ തൃപ്തിയെ പിന്‍പറ്റുകയും അതിലേക്ക് താല്‍പര്യം കാണിക്കുകയും അവന്റെ ഇഷ്ടങ്ങളെക്കാള്‍ അതിന് മുന്‍ഗണന നല്‍കുകയും ചെയ്താല്‍ തക്വ്‌വയാല്‍ അവന്റെ ഹൃദയം പരിശുദ്ധമാവുകയും നന്നാവുകയും ചെയ്തു. മറിച്ചാണെങ്കില്‍ അവന്‍ തക്വ്‌വക്ക് പറ്റിയവനല്ലെന്നും വ്യക്തം. (തഫ്സീറുസ്സഅ്ദി)

ഹൃദയത്തിൽ ‘തഖ്‌വാ’ ഉള്ളതിന്റെ ലക്ഷണമാണ് നബി ﷺ യോട് അച്ചടക്കത്തിലും ബഹുമാനത്തിലും പെരുമാറുന്നത്; (അമാനി തഫ്സീര്‍)

إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ ‎﴿٤﴾‏وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ‎﴿٥﴾

(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:49/4-5)

നബി ﷺ യുടെ പത്നിമാർക്കു താമസിക്കുവാൻവേണ്ടി മദീനാ പളളിയുടെ പരിസരങ്ങളിൽ കെട്ടിയുണ്ടാക്കപ്പെട്ടിരുന്ന ചെറുകുടിലുകളെക്കുറിച്ചാണ് ‘അറകൾ’ (ٱلْحُجُرَٰت) എന്നു പറഞ്ഞത്.

ഗ്രാമീണരായ ജനങ്ങളുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ ഇറങ്ങിയത്. പരുക്കന്മാരായിട്ടാണ് അല്ലാഹു അവരെക്കുറിച്ച് പറയുന്നത്. നബി ﷺ ക്ക് അവതരിച്ച കാര്യങ്ങളോ നിയമാതിര്‍ത്തികളോ അറിയാതിരിക്കാന്‍ ഏറ്റവും സാധ്യയുള്ളവര്‍. അവര്‍ നബി ﷺ യുടെ അടുത്തേക്ക് നിവേദക സംഘങ്ങളായി വന്നു. അവര്‍ നബി ﷺ യെ തന്റെ ഭാര്യമാരുടെ വീടുകളില്‍ കണ്ടു. അവര്‍ ക്ഷമിക്കുകയോ നബി ﷺ പുറത്തുവരുന്നതുവരെ കാത്തിരിക്കാനുള്ള മര്യാദ കാണിക്കുകയോ ചെയ്തില്ല. മറിച്ച് അവര്‍ അദ്ദേഹത്തെ വിളിച്ചു: ‘ഓ മുഹമ്മദ്, ഓ മുഹമ്മദ്.’ അതായത് ഇറങ്ങിവരൂ എന്ന്. ഈ ബുദ്ധിയില്ലായ്മയെ അല്ലാഹു ആക്ഷേപിച്ചു. അല്ലാഹവിനെക്കുറിച്ചോ അവന്റെ ദൂതനോട് കാണിക്കേണ്ട ആദരവുകളും മര്യാദകളും എന്തെന്നോ ചിന്തിക്കാതെ. മര്യാദ കാണിക്കല്‍ ബുദ്ധിയുടെ ലക്ഷണമാണ്. ഒരാളുടെ മര്യാദ അവന്റെ ബുദ്ധിയുടെ പ്രധാന ഘടകമാണ്; അല്ലാഹു അവന് നന്മ ഉദ്ദേശിക്കുന്നു എന്നതിനും. (തഫ്സീറുസ്സഅ്ദി)

നബി ﷺ യോട് ഇതുപോലെയുളള പെരുമാറ്റങ്ങൾ ഉണ്ടാകുവാൻ പാടില്ലെന്നാണ് ഈ വചനം മുഖേന അല്ലാഹു കൽപിക്കുന്നത്. മാന്യമല്ലാത്ത ഈ പെരുമാറ്റത്തിനു കാരണം, കാര്യങ്ങൾ ഗ്രഹിക്കുവാനുളള ബുദ്ധിയില്ലായ്മയാണെന്നു 4-ാം വചനത്തിന്റെ അന്ത്യഭാഗവും, അറിവില്ലായ്മകൊണ്ടു വരുന്ന ഇത്തരം കാര്യങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നു 5-ാം വചനത്തിന്റെ അന്ത്യഭാഗവും ചൂണ്ടിക്കാട്ടുന്നു. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *