ഖുര്‍ആനിലെ കേവലാക്ഷരങ്ങള്‍

വിശുദ്ധ ഖുര്‍ആനിലെ 29 സൂറത്തുകൾ  കേവലാക്ഷരങ്ങള്‍ കൊണ്ട് ആരംഭിക്കുന്നതാണ്. തുടര്‍ന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അര്‍ത്ഥപരമോ ആയ ബന്ധമില്ലാത്തവയായത്‌ കൊണ്ട് ഇവക്ക് الحروف المقطعة (വേറിട്ടു നില്‍ക്കുന്ന അക്ഷരങ്ങള്‍) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തില്‍  ص ، ن പോലെ  ഒരക്ഷരം മാത്രമായും, ചിലതില്‍   حم ، طه പോലെ) രണ്ടക്ഷരമായും, ചിലതില്‍  الم ، الر പോലെ  മൂന്നക്ഷരമായും, ചിലതില്‍  المر ، المص പോലെ  നാലക്ഷരമായും, ചിലതില്‍  كهيعص ، حم عسق പോലെ  അഞ്ചക്ഷരമായും – ഇങ്ങിനെ അഞ്ചുതരത്തില്‍ – ഇവ വന്നിട്ടുണ്ട്. ഇവയില്‍തന്നെ ഒന്നിലധികം സൂറത്തില്‍ ആവര്‍ത്തിക്കപ്പെട്ടവയും, തീരെ ആവര്‍ത്തിക്കപ്പെടാത്തവയും കാണാം.

അറബി അക്ഷമാലയില്‍ 28 അക്ഷരങ്ങളാണുള്ളത്. അതിന്‍റെ പകുതിഭാഗമായ ا، ل، م، ص، ر، ك، ھ، ي، ع، ط، س، ح، ق، ن എന്നീ 14 അക്ഷരങ്ങളാണ് സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്.ഈ 14 അക്ഷരങ്ങളെ വേഗത്തിൽ മനസ്സിലാക്കാൻ ഇങ്ങനെ സംഗ്രഹിക്കാം :

نصٌ حكيمٌ قاطعٌ له سر

ഈ അക്ഷരങ്ങള്‍ കൊണ്ടു ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു എന്താണെന്നു ഖണ്ഡിതമായി പറയുവാന്‍ നമുക്ക് സാധ്യമല്ല. ഇവയെപ്പറ്റി പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്.

(ഒന്ന്) അവയുടെ അര്‍ത്ഥമോ, വ്യാഖ്യാനമോ, ഉദ്ദേശമോ മറ്റാർക്കും അറിയില്ല. അതിനെ കുറിച്ച് അറിയുന്നവൻ അല്ലാഹു മാത്രമാണ്.

(രണ്ട്) വിശുദ്ധ ഖുര്‍ആനിനെ കളവാക്കുന്നവരാണ് മക്കയിലെ മുശ്രിക്കുകൾ. അവരാകട്ടെ അറബി ഭാഷയെ കുറിച്ചും അറബി സാഹിത്യങ്ങളെ കുറിച്ചും നല്ല അറിവുള്ളവരായിരുന്നു. എല്ലാവര്‍ക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ് വിശുദ്ധ ഖുര്‍ആനും. എന്നാല്‍, ഇത്‌പോലെയുള്ള ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന് കൊണ്ടു വരുവീന്‍ എന്നിങ്ങനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവിളിയാണ് ഈ അക്ഷരങ്ങള്‍.

ഒരു മഹാന്‍ പ്രസ്താവിച്ചതായി ഇബ്‌നു കഥീര്‍ رحمه الله ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു:

لا شك أن هذه الحروف لم ينزلها سبحانه وتعالى عبثا ولا سدى ؛ ومن قال من الجهلة : إنه في القرآن ما هو تعبد لا معنى له بالكلية ، فقد أخطأ خطأ كبيرا ، فتعين أن لها معنى في نفس الأمر ، فإن صح لنا فيها عن المعصوم شيء قلنا به ، وإلا وقفنا حيث وقفنا ، وقلنا : ( ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا) [ آل عمران : 7 ] . ولم يجمع العلماء فيها على شيء معين ، وإنما اختلفوا ، فمن ظهر له بعض الأقوال بدليل فعليه اتباعه ، وإلا فالوقف حتى يتبين . هذا مقام .

‘ഈ അക്ഷരങ്ങളെ വൃഥാ പ്രയോജനമില്ലാതെ അല്ലാഹു അവതിരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അര്‍ത്ഥമില്ലാതെ തനി ആരാധനാപരമായത് (تعبدي) വല്ലതും ക്വുര്‍ആനില്‍ ഉണ്ടെന്ന് ആരെങ്കിലും പറയുന്ന പക്ഷം അത് വമ്പിച്ച ഒരബദ്ധമാണ്. അപ്പോള്‍, ആ അക്ഷരങ്ങള്‍ക്ക് എന്തോ അര്‍ത്ഥമുണ്ടെന്ന് തീര്‍ച്ചയാണ്. എന്നാല്‍, പാപ വിമുക്തനായ ആളില്‍ (റസൂലില്‍) നിന്ന് വല്ലതും നമുക്ക് ശരിയായി വന്നുകിട്ടിയാല്‍ നാം അതുപ്രകാരം പറയും. ഇല്ലാത്ത പക്ഷം നാം നില്‍ക്കുന്നിടത്ത് നില്ക്കുകയും ചെയ്യും. ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا (നാം അതില്‍ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ളതാണ്) എന്ന് നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുമില്ല. അവര്‍ ഭിന്നിക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍, രേഖാമൂലം വല്ലവര്‍ക്കും വല്ല അഭിപ്രായവും വ്യക്തമായിക്കിട്ടിയാല്‍ അയാളത് പിന്‍പറ്റേണ്ടതാണ്. ഇല്ലെങ്കില്‍ കാര്യം വ്യക്തമാവുന്നതുവരെ മൗനമായി നിലകൊള്ളുകയാണ് വേണ്ടത്. ((അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/1 ന്റെ വിശദീകരണം)

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. الٓمٓ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. ( തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

കേവലക്ഷരങ്ങൾക്ക് ശേഷം എല്ലാ സുറത്തുകളിലും ഖുർആനിനെ കുറിച്ചുള്ള പരാമർശമാണ് വരുന്നത്. ഉദാഹരണം കാണുക:

الٓمٓ ‎﴿١﴾‏ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ‎﴿٢﴾

അലിഫ് ലാം മീം.  ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌. (ഖുര്‍ആൻ:2/1-3)

يسٓ ‎﴿١﴾‏ وَٱلْقُرْءَانِ ٱلْحَكِيمِ ‎﴿٢﴾

യാസീന്‍. തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം; (ഖുര്‍ആൻ:36/1-2)

قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ ‎

ഖാഫ്‌. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം. (ഖുര്‍ആൻ:50/1)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *