സ്വദഖ കൊണ്ട് ചികിൽസിക്കുക

ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ഇവിടെ അനുഗ്രഹങ്ങളും സന്തോഷങ്ങളും ഉണ്ടാകുന്ന പോലെ തന്നെ പ്രയാസങ്ങളും ദുരിതങ്ങളും വന്നുകൊണ്ടിരിക്കും. മനുഷ്യർക്ക് ബാധിക്കുന്ന രോഗങ്ങൾ അതിലൊന്നാണ്. രോഗങ്ങളും പ്രയാസങ്ങളുമെല്ലാം വിപത്തുകളുമെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തിൽ മാറി മറിഞ്ഞ് വന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് .

രോഗങ്ങളാൽ പ്രയാസമനുഭവിക്കുമ്പോൾ ഭൗതികമായി ചികിൽസക്ക് പുറമേ ആത്മീയമായ ചികിൽസയും സത്യവിശ്വാസികൾ ചെയ്യേണ്ടതുണ്ട്. അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക, പ്രാർത്ഥിക്കുക, മന്ത്രിക്കുക, ജീവിതം നന്നാക്കുക. അതിൽ പ്രധാനപ്പെട്ടതാണ് സ്വദഖ കൊണ്ട് ചികിൽസിക്കുക എന്നത്. അത് രോഗത്തിന് മാത്രമല്ല, പ്രയാസങ്ങളിലും വിപത്തുകളിലുമെല്ലാം സ്വദഖ കൊണ്ട് ചികിൽസിക്കൽ സുന്നത്താാണ്.

ഇവിടെ സ്വദഖയെന്ന് പറയുമ്പോൾ നിര്‍ബന്ധ സ്വരത്തിലും (സക്കാത്ത്) പ്രോല്‍സാഹന രൂപത്തിലും (സ്വദഖ) ഉള്ള ദാനം ഉൾപ്പെടും. പണം മാത്രമല്ല വസ്തുക്കളും സേവനങ്ങളും ഉപകാരങ്ങളുമെല്ലാം ഉൾപ്പെടും.

عَنِ الحَسَنِ رَضِي الله عنهما قال : قال رسول الله صلى الله عليه وسلم : دَاوُوا مَرْضَاكُمْ بِالصَّدَقَةِ

ഹസനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് ചികിൽസിക്കുക. (അബൂദാവൂദ് : അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 1/744)

അല്ലാഹു അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ട്. അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. മാത്രമല്ല സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നതു മുഖേനെ അല്ലാഹു അവന്റെ ശിക്ഷയെ കുറിച്ച് അവന്റെ അടിമകളെ ഭീതിപ്പെടുത്തുന്നു. അതുവഴി അടിമകൾ അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുവാന്‍ അത് കാരണവുമാകുന്നു. സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിക്കുമ്പോള്‍ സത്യവിശ്വാസികള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇസ്ലാം നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സ്വദഖ (ദാനധർമ്മം).

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ ‏‏ إِنَّ الشَّمْسَ وَالْقَمَرَ مِنْ آيَاتِ اللَّهِ وَإِنَّهُمَا لاَ يَنْخَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ فَإِذَا رَأَيْتُمُوهُمَا فَكَبِّرُوا وَادْعُوا اللَّهَ وَصَلُّوا وَتَصَدَّقُوا

ആയിശ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരെങ്കിലും മരിക്കുകയോ ജനിക്കുകയോ ചെയ്ത കാരണംകൊണ്ട് അവ രണ്ടിനേയും ഗ്രഹണം ബാധിക്കുകയില്ല. അവക്ക് ഗ്രഹണം ബാധിച്ചത് കണ്ടാല്‍ നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും അവനോട് പ്രാ൪ത്ഥിക്കുകയും നമസ്കരിക്കുകയും ദാനധ൪മ്മങ്ങള്‍ ചെയ്യുകയും ചെയ്തുകൊള്ളുവിന്‍. (ബുഖാരി – മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളത് കാണുക:

قال ابن دقيق العيد معلقا على الحديث: “وفي الحديث دليل على استحباب الصدقة عند المخاوف لاستدفاع البلاء المحذور

ഇബ്നു ദഖീഖില്‍ ഈദ്(റഹി) പറഞ്ഞു: ഭയപ്പാടിന്റെ സന്ദർഭങ്ങളിൽ, അപകടകരമായ വിപത്തുകളെ പ്രതിരോധിക്കാന്‍ വേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താണെന്നതിന് ഈ ഹദീസ് തെളിവാണ്. (حكام الإحكام شرح عمدة الأحكام 1/353)

قال ابن القيم رحمه الله: النبي صلى الله عليه وسلم أمر في الكسوف بالصلاة والعتاقة والمبادرة إلى ذكر الله تعالى والصدقة؛ فإن هذه الأمور تدفع أسباب البلاء

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു:നബി ﷺ ഗ്രഹണത്തിന്റെ സന്ദർഭത്തിൽ നമസ്കാരം, അടിമമോചനം, അല്ലാഹുവിന്റെ ദിക്റിലേക്ക് ധൃതിപ്പെടൽ, സ്വദഖ എന്നിവ കൊണ്ട് കൽപ്പിച്ചു. (കാരണം) ഇവ വിപത്തുകളുടെ കാരണങ്ങളെ തടുക്കും.

قال الحافظ ابن حجرٍ رحمه الله: قال الطيبيُّ: أُمِروا باستدفاعِ البلاء بالذِّكر والدعاء والصلاة والصدقة

ഇമാം ത്വീബി (റഹി) പറഞ്ഞതായി ഇമാം ഇബ്നു ഹജർ(റഹി) ഉദ്ദരിക്കുന്നു: വിപത്തുകളെ പ്രതിരോധിക്കാന്‍ വേണ്ടി ദിക്റും ദുആയും നമസ്കാരവും സ്വദഖയും കൊണ്ട് കൽപ്പിക്കപ്പെട്ടു.

ഹിറാ ഗുഹയിൽ വെച്ച് ജിബ്രീൽ(അ) മുഖാന്തിരം  മുഹമ്മദ് നബി ﷺ ക്ക് ആദ്യമായി വഹ്’യ് ലഭിക്കന്നതിനെ കുറിച്ച് ഹദീസുകളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ നബി ﷺ പേടിച്ച് വീട്ടിലേക്ക് മടങ്ങി. ഭാര്യയായ ഖദീജ(റ)യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ.’ അങ്ങനെ അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അവിടുന്ന് പറഞ്ഞു: ‘ഖദീജാ, എനിക്ക് എന്തുപറ്റി? ഞാന്‍ എന്റെ കാര്യത്തില്‍ പേടിക്കുന്നു!’ എന്നിട്ട് അവരോട് സംഭവം വിശദീകരിച്ചു. അപ്പോൾ ഖദീജാ(റ) പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക;

كَلاَّ أَبْشِرْ، فَوَاللَّهِ لاَ يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَصْدُقُ الْحَدِيثَ، وَتَحْمِلُ الْكَلَّ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ

അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു.അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു. (ബുഖാരി – മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളത് കാണുക:

قال الإمام العَيني رحمه الله: فيه أن مكارم الأخلاق وخصال الخير سببٌ للسلامة مِن مَصارِع الشر والمكارهِ، فمَن كثُر خيرُه حسُنَت عاقبتُه، ورُجِي له سلامةُ الدين والدنيا.

ഇമാം ഐനി(റഹി) പറഞ്ഞു: ഉൽകൃഷ്ടമായ സ്വഭാവ ഗുണങ്ങൾ, ജനങ്ങൾക്ക് ഉപകാരം ചെയ്യൽ എന്നിവ തിൻമകളിൽ നിന്നും വിപത്തുകളിൽ നിന്നും  രക്ഷ കിട്ടുന്നതിനുള്ള കാരണങ്ങളിൽ പെട്ടതാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. (ഇങ്ങനെ)  നൻമകൾ അധികരിപ്പിക്കുന്നവരുടെ അന്ത്യം നല്ലതായിരിക്കും  അവരുടെ ദീനിയും ദുൻയാവിലും രക്ഷയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

قال الكرمانى رحمه الله: والمكارم سبب لدفع المكاره

ഇമാം കിർമാനി(റഹി) പറഞ്ഞു:  വിപത്തുകളെ പ്രതിരോധിക്കുന്ന കാരണങ്ങളാകുന്നു ഉൽകൃഷ്ട സ്വഭാവങ്ങൾ.

قال العلامة ابن القيم: للصدقة تأثيرٌ عجيب في دفع أنواع البلاء، ولو كانت من فاجر أو ظالم، بل مِن كافر، فإن الله تعالى يدفع بها عنه أنواعًا من البلاءِ،

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: ഏത് വിപത്തുകളെയും പ്രതിരോധിച്ച് അൽഭുതകരമായ സ്വാധീനമുണ്ടാക്കാൻ സ്വദഖക്ക് സാധിക്കും. (സ്വദഖ കൊടുക്കുന്നവൻ) തെമ്മാടിയോ, അക്രകമിയോ, സത്യനിഷേധിയോ ആയിക്കൊള്ളട്ടെ. തീർച്ചയായും അല്ലാഹു, അത് (സ്വദഖ) കാരണത്താൽ വിപത്തുകളിൽ നിന്നും പ്രതിരോധിക്കുന്നു.

عَنْ إِبْرَاهِيمَ النخعي، قَالَ: كانوا يرون أن الرجل المظلوم ‌إذا ‌تصدّق ‌بشيء ‌دفع ‌عنه الأخذ بالظلم

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: അക്രമിക്കപ്പെട്ട ഒരു മനുഷ്യൻ സ്വദഖ നൽകിയായാൽ അതിൽനിന്നും  സംരക്ഷണമുള്ളതായി അവർ (സലഫുകൾ) കണ്ടിരുന്നു. (ബൈഹഖി – ശുഅബുൽ ഈമാൻ:5/51-52)

من تجارب من قد عافاهم الله بسبب صدقة: أبو بكر الخبّازي، حيث يقول: مرضت مرضا خطرا، فرآني جارٌ لي صالح، فقال: استعمل قول رسول الله صلى الله عليه وسلم: «داووا مرضاكم بالصدقة»، وكان الوقت ضيفا، فاشتريت بطيخا كثيرا، واجتمع جماعة من الفقراء والصبيان، فأكلوا، ورفعوا أيديهم إلى الله عز وجل، ودعوا لي بالشفاء، فوالله ما أصبحتُ إلا وأنا في كل عافية من الله تبارك وتعالى.

അബൂബക്ർ അൽഖബ്ബാസ്(റഹി)  പറഞ്ഞു: എനിക്ക് മാരകമായൊരു രോഗം പിടിപെട്ടു. അങ്ങനെയിരിക്കെ, നല്ലവനായ എന്റെയൊരു അയൽവാസി എന്നെ കാണാനിടയാവുകയും, ഇപ്രകാരം പറയുകയും ചെയ്തു: ❝ നിങ്ങളുടെ രോഗികളെ നിങ്ങൾ സ്വദഖ കൊണ്ട് ചികിത്സിക്കുക❞ എന്ന റസൂൽ ﷺ യുടെ വചനമൊന്ന് പരീക്ഷിച്ച് കൊള്ളുക. അതൊരു വേനൽക്കാലമായിരുന്നു. ഞാൻ ധാരാളം തണ്ണിമത്തൻ വാങ്ങി. അങ്ങനെ, ഒരു കൂട്ടം സാധുക്കളും കുട്ടികളും ഒരുമിച്ചു കൂടുകയും, അവരത് കഴിക്കുകയും, ശേഷം അല്ലാഹുവിലേക്ക് കൈകളുയർത്തിക്കൊണ്ട് എൻ്റെ രോഗശമനത്തിനായി അവർ പ്രാർത്ഥിക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം, പിറ്റേന്ന് നേരം വെളുത്തപ്പോഴേക്ക് ഞാൻ പരിപൂർണമായി സുഖം പ്രാപിച്ചിരുന്നു. (معجم السفر 【ص ٢٥١】)

عن ابن المبارك؛ أن رجلا سأله: يا أبا عبد الرحمن! قرحةٌ خرجت في ركبتي منذ سبع سنين، وقد عالجتُ بأنواع العلاج، وسألتُ الأطباء فلم أنتفع به! فقال: اذهب فانظر موضعاً يحتاج الناس إلى الماء فاحفر هناك بئراً، فإني أرجو أن تنبع هناك عينٌ ويُمسك عنك الدم، ففعل الرجل، فبرأ.

ഇബ്നു മുബാറക്(റഹി) വിൽ നിന്നും നിവേദനം: ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: ഹേ, അബൂ അബ്ദിറഹ്മാൻ, ഏഴ് വർഷമായി എന്റെ മുട്ടിൽ വ്രണമാണ്, എല്ലാ മാർഗത്തിലൂടെയും ഞാൻ ചികിൽസിച്ചു. ഡോക്ടമാരോട് അതിനെ കുറിച്ച് ഞാൻ ചോദിച്ചു. അതുകൊണ്ടൊന്നും യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. ഇബ്നു മുബാറക്(റഹി) പറഞ്ഞു: നീ പോയി, ആളുകൾക്ക് കുടിവെള്ളമില്ലാത്ത സ്ഥലത്ത് അവർക്ക് വേണ്ടി ഒരു കിണർ കുഴിക്കുക. ആളുകൾ അതിൽ നിന്നും കുടിക്കുമ്പോൾ നിന്റെ രോഗം മാറും. അയാൾ അപ്രകാരം ചെയ്തു. അങ്ങനെ അയാളുടെ രോഗം ഭേദമായി.  ( الشعب. رقم(3109))

നിങ്ങൾ നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് ചികിൽസിക്കുക എന്ന ഹദീസ് വിശദീകരിച്ച ശേഷം ഇബ്നുൽ ഹാജ്(റഹി) പറഞ്ഞു:

وَالصَّدَقَةُ لَا بُدَّ لَهَا مِنْ تَأْثِيرٍ عَلَى الْقَطْعِ ، لِأَنَّ الْمُخْبِرَ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – صَادِقٌ وَالْمُخْبَرَ عَنْهُ كَرِيمٌ مَنَّانٌ

സ്വദഖ കൊണ്ട് സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം അത് പറഞ്ഞിട്ടുള്ളത് സത്യസന്ധനായ (നബി ﷺ യാകുന്നു) , കരീമും മന്നാനുമായിട്ടുള്ള അല്ലാഹുവാകുന്നു. (المدخل لابن الحاج (4/ 141).)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *