റമളാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്താലും അതിന് അല്ലാഹുവിന് നന്ദി ചെയ്യുക എന്ന ഉദ്ദേശത്താലും അതില്‍ വന്നുപോയിട്ടുള്ള വീഴ്ചകള്‍ക്ക് പരിഹാരമെന്ന നിലക്കും അല്ലാഹുവിന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ച് കൊണ്ട് നിര്‍വ്വഹിക്കേണ്ട ഒരു ആരാധനയാണ് ഫിത്വ്൪ സകാത്ത് നല്‍കല്‍. പെരുന്നാള്‍ ദിനം മുസ്‌ലിംകളില്‍ പെട്ട ഒരാളും പട്ടിണി കിടക്കാതിരിക്കുവാനും അന്യരുടെ മുന്നില്‍ പോയി കൈനീട്ടുന്ന സാഹചര്യം ഉണ്ടാകാതിരിക്കുവാനും കൂടിയാണ് ഫിത്വ്൪ സകാത്ത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനിലാണ് ഇത് നിര്‍ബന്ധമാക്കപ്പെട്ടത്. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്നത് കൊണ്ടാണ് സകാതുല്‍ ഫിത്വ്ര്‍ എന്ന പേര് ഇതിന് നല്‍കപ്പെട്ടത്. അതിനു സമ്പത്തുമായി യാതൊരു ബന്ധവുമില്ല. അത് ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടതാണ്. അത് ആത്മാവിനും ശരീരത്തിനുമുള്ള സകാത്തുമാണ്.
ഫിത്വ്൪ സകാത്തിന്റെ വിധി
റമളാന്‍ നോമ്പ് അവസാനിപ്പിച്ച, സാമ്പത്തികമായി കഴിവുള്ള എല്ലാ മുസ്ലിമീങ്ങളുടെ മേലും ഫിത്വ്൪ സകാത്ത് നിര്‍ബന്ധമാണ്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: മുസ്ലിംകളായ സ്വതന്ത്രനും അടിമക്കും പുരുഷനും, സ്ത്രീക്കും, ചെറിയവനും, വലിയവനും ഒരു സ്വാഹ് ഈത്തപ്പഴമോ, ബാർലിയോ ഫിത്വ്൪ സകാത്ത് നൽകൽ അല്ലാഹുവിന്റെ റസൂൽ ﷺ നിർബന്ധമാക്കിയിരിക്കുന്നു. ആളുകൾ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി അത് നൽകുവാൻ അവിടുന്നു കൽപിച്ചു. (ബുഖാരി: 1503- മുസ്ലിം: 984)
ഫിത്വ്൪ സകാത്ത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായത്തിലാണ്.
എല്ലാവര്‍ക്കും നിര്‍ബന്ധം
മുസ്‌ലിമായ ഓരോ വലിയവനും ചെറിയവനും ആണിനും പെണ്ണിനും അടിമക്കും സ്വതന്ത്രനും ഫിത്വ‌്ർ സകാത്ത് നിർബന്ധമാകും.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ധാന്യത്തില്‍നിന്നോ, ഗോതമ്പില്‍നിന്നോ ഒരു ‘സ്വാഅ്’ മുസ്‌ലിംകളില്‍പെട്ട അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, വലിയവര്‍, ചെറിയവര്‍, എന്നിവര്‍ക്ക് ഫിത്വ്൪ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. (ബുഖാരി:1503)
ഇബ്നു ഖുദാമ (റഹി) പറഞ്ഞു: മൊത്തത്തില്‍ എല്ലാ മുസ്ലിമീങ്ങളുടെ മേലും ഫിത്വ്൪ സകാത്ത് നിര്‍ബന്ധമാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം യതീമിന്റെ മേലും ഫിത്വ്൪ സകാത്ത് നിര്‍ബന്ധമാകും. അവന്റെ രക്ഷാധികാരിയാണ് അത് നല്‍കേണ്ടത്. (മുഗ്നി: 4/283)
കുടുംബനാഥന്‍ തന്റെ കീഴില്‍ ജീവിക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കു വേണ്ടിയും ഫിത്വ്൪ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. പെരുന്നാള്‍ മാസപ്പിറവിക്ക് തൊട്ട് മുമ്പ് ഒരു കുഞ്ഞ് ജനിച്ചാല്‍ പോലും അതിനുവേണ്ടിയും ഫിത്വ്൪ സകാത്ത് നല്‍കണം. ഗര്‍ഭസ്ഥ ശിശുവിന് ഫിത്വ്൪ സകാത്ത് നല്‍കല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആത്മാവ് ഊതപ്പെട്ട, അഥവാ നാലുമാസം തികഞ്ഞ ഗർഭസ്ഥ ശിശുവിനു വേണ്ടി ഫിത്വ‌്ർ സകാത്ത് നൽകൽ പ്രതിഫലാർഹമാണ്. മുൻഗാമികൾ അത് ഗർഭസ്ഥശിശുവിനുവേണ്ടി നൽകാറുണ്ടായിരുന്നു. ഉസ്മാൻ ഇബ്‌നുഅഫ്ഫാനി(റ)ൽനിന്നും മറ്റും അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്.
എപ്പോഴാണ് നിര്‍ബന്ധം?
ഒരാൾ സ്വന്തത്തിനുവേണ്ടിയും താൻ നിർബന്ധമായും ചെലവുനൽകേണ്ട ഭാര്യ, അടുത്തബന്ധുക്കൾ പോലുള്ളവർക്കു വേണ്ടിയും ഇതു നൽകൽ നിർബന്ധമാണ്. പെരുന്നാളിന്റെ രാപകലുകളിൽ തന്റെ ഭക്ഷണവും താൻ നിർബന്ധമായും ചെലവുനൽകേണ്ടവരുടെ ഭക്ഷണവും തന്റെ നിർബന്ധ ആവശ്യങ്ങളും കഴിച്ച് ഫിത്വ‌്ർ സകാത്ത് നൽകുവാൻ മിച്ചമുള്ളവരുടെ മേലാണ് അത് നിർബന്ധമാവുക.
നിര്‍ബന്ധമാവുന്ന സമയം
റമദാനിന്റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുക എന്നതാണ് സകാതുല്‍ ഫിത്വ്റിന്റെ സമയം. എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായ സമയം പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പാകുന്നു. അതുവഴി ദരിദ്രര്‍ക്ക് പെരുന്നാള്‍ ദിവസത്തില്‍ അത് ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ സഹായകരമാകും. അന്നേ ദിവസം ദരിദ്രര്‍ക്ക് ആരോടും ചോദിക്കാത്ത അവസ്ഥയില്‍ പെരുന്നാള്‍ ആഘോഷിക്കാനും കഴിയും. ആളുകള്‍ പെരുന്നാൾ നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായിതന്നെ ഫിത്വ്൪ സകാത്ത് കൊടുക്കേണ്ടതാണ്. ഇബ്നു ഉമറിൽ(റ) നിന്നുള്ള മേല്‍ ഹദീസില്‍ അപ്രകാരമാണ് വന്നിട്ടുള്ളത്.
وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ
ആളുകൾ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി അത് നൽകുവാൻ നബി ﷺ കൽപിച്ചു. (ബുഖാരി: 1503- മുസ്ലിം: 984)
അതുപോലെ പെരുന്നാളിന്റെ ഒരു ദിവസമോ, രണ്ടുദിവസമോ മുമ്പും കൊടുത്ത് വീട്ടല്‍ അനുവദനീയമാണ്.
وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ
അവര്‍ (സ്വഹാബികള്‍) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് അത് നല്‍കാറുണ്ടായിരുന്നു.(ബുഖാരി: 1511- മുസ്‌ലിം: 984)
എന്നാല്‍ നമസ്‌കാരത്തിന് ശേഷം പിന്തിപ്പിക്കല്‍ അനുവദനീയമല്ല. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം കൊടുത്താല്‍ അത് ഫിത്വ്൪ സകാത്ത് ആവുകയില്ല, മറിച്ച് അത് ഒരു ദാനധര്‍മം മാത്രമെ ആവുകയുള്ളൂ.
عَنِ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ –ﷺ- زَكَاةَ الْفِطْرِ، مَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِىَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِىَ صَدَقَةٌ مِنَ الصَّدَقَاتِ.
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ആരെങ്കിലും ഫിത്വ്൪ സകാത്ത് പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് നല്‍കിയാല്‍ അത് സ്വീകരിക്കപ്പെട്ട സദഖയാണ് (ഫിത്വ്ര്‍ സക്കാത്ത് ആണ്). ആരെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് അത് നല്‍കുന്നതെങ്കില്‍ അത് ദാനധര്‍മ്മങ്ങളില്‍ പെട്ട ഒരു ദാനം മാത്രമാകുന്നു. (അബൂദാവൂദ്: 1609 – സ്വഹീഹ് അല്‍ബാനി)
എന്ത്, എത്ര കൊടുക്കണം?
ഫിത്വ്൪ സകാത്തായി നല്‍കേണ്ടത് ഓരോ നാട്ടിലെയും പ്രധാനപ്പെട്ട ഭക്ഷ്യധാന്യങ്ങളാണ്. ഒരു ‘സ്വാഅ്’ ഗോതമ്പ്, മുന്തിരി, പാല്‍കട്ടി, കാരക്ക എന്നിവയാണ് (അതാത് നാട്ടിലെ പ്രധാന ഭക്ഷ്യ വസ്തുക്കള്‍) കൊടുക്കേണ്ടത്. അത്‌പോലെ മനുഷ്യന്‍ ഭക്ഷിക്കുന്ന ഏത് ഭക്ഷ്യ പദാര്‍ഥങ്ങളും ഉപയോഗിക്കാവുന്നതാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ الْفِطْرِ صَاعًا مِنْ طَعَامٍ. وَقَالَ أَبُو سَعِيدٍ وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ
അബൂസഈദിൽ ഖുദ്’രിയ്യ്(റ) പറയുന്നു: നബിﷺയുടെ കാലത്ത് ഞങ്ങൾ പെരുന്നാൾ ദിനത്തിൽ ഒരു സ്വാഅ് ഭക്ഷണം (ഫിത്വ്ർ സകാത്തായി) നൽകാറുണ്ടായിരുന്നു. അബൂസഈദ്(റ) പറയുന്നു: ഞങ്ങളുടെ ഭക്ഷണം ബാർലിയും, ഉണക്ക മുന്തിരിയും, പാൽക്കട്ടിയും ഈത്തപ്പഴവുമായിരുന്നു.(ബുഖാരി: 15l0)
ഒരു സ്വാഅ് എന്നത് ഒരു അളവുപാത്രമാണ്. ഒരു സ്വാഅ് എന്നാല്‍ ഒരു സാധാരണ മനുഷ്യന്റെ രണ്ട് കൈകള്‍ കൊണ്ടുള്ള നാല് വാരല്‍ വരുന്ന ഒരളവാണ്. അരി പോലുള്ള ഭക്ഷണധാന്യം ഏകദേശം രണ്ടര കിലോക്ക് മുകളില്‍ കൊടുക്കണം. ആധുനിക കാലത്തെ കിലോയും സ്വാഉം തമ്മില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. അതിൻ്റെ തൂക്കം എത്രയെന്ന് നിർണയിക്കുന്നതിൽ പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്. രണ്ട് മുതൽ മൂന്ന് കിലോ വരെ അഭിപ്രായങ്ങൾ ഉണ്ട്. എന്നാല്‍ ഒരു മധ്യനിലവാരത്തിലുള്ള ധാന്യമാണെങ്കില്‍ ഒരു സ്വാഅ് ഏകദേശം രണ്ടര കിലോ ഗ്രാം വരും. ഫിത്വ്ര്‍ സകാത്ത് ഒരു സ്വാഇൽ കുറയുക എന്നത് ഒരിക്കലും അനുവദനീയമാവില്ല. അതിലെ വർദ്ധനവ് അനുവദനീയമാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رَحِمَـﮧُ اللَّـﮧُ പറഞ്ഞു: അതെ, അത് അനുവദനീയമാണ് എന്നാണ് ഇമാം ശാഫിഈ, ഇമാം അഹ്‌മദ് എന്നിവരുടെയും മറ്റുള്ള അധിക പണ്ഡിതന്മാരുടെയും അഭിപ്രായം. ഇമാം മാലികിൽ നിന്ന് മാത്രമാണ് അത് കറാഹത്താണ് എന്ന് വന്നിട്ടുള്ളത്. എന്നാൽ നിർബന്ധമായും കൊടുക്കേണ്ട അളവിൽ കുറവ് വരുത്തുക എന്നത് അനുവദനീയമല്ല. ( مجموع الفتاوى٧٠/٢٥)
ആര്‍ക്കാണ് നല്‍കേണ്ടത്?
മുസ്‌ലിംകളിലെ സാധുക്കള്‍ക്കാണ് ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടത്.
عَنِ ابْنِ عَبَّاسٍ، قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ‘നോമ്പുകാരനില്‍ വന്നിരിക്കുന്ന ചെറിയ വീഴ്ചകളെയും ചെറിയ പാപങ്ങളെയും ശുദ്ധീകരിക്കുവാനും സാധുക്കള്‍ക്ക് ഭക്ഷണമായും പ്രവാചകന്‍ ﷺ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കി. (അബൂദാവൂദ്: 1609 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ആവശ്യമാണെങ്കില്‍ ഒരു സാധുവിനുതന്നെ ഒരു വീട്ടിലുള്ളവരുടെ ഫിത്വ്ര്‍ സകാത്ത് മുഴുവനും നല്‍കാവുന്നതാണ്. സകാത്തുല്‍ ഫിത്വ്ര്‍ അതത് പ്രദേശവാസികള്‍ തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് തന്നെയാണ് വിതരണം ചെയ്യേണ്ടത്. ഇതാണ് ഈ വിഷയത്തിലുള്ള അടിസ്ഥാന നിയമം.
ശൈഖ് ഇബ്‌നു ബാസ് (റഹി)പറഞ്ഞു: സകാത്ത് നല്‍കുന്നവന്റെ നാട്ടിലുള്ള ദരിദ്രര്‍ക്ക് കൊടുക്കലും, പുറംനാടുകളിലേക്ക് അത് കൊണ്ടു പോകാതിരിക്കലുമാണ് നബിചര്യ. തന്റെ നാട്ടിലുള്ള ദരിദ്രരുടെ ആവശ്യം നിര്‍വ്വഹിക്കലും അവര്‍ക്ക് ധന്യത നല്‍കലും അതിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. (മജ്മൂഉൽ ഫതാവ: 14/213)
ഒരു പ്രദേശത്ത് സാധുക്കളില്ലെന്നു ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമാണ് ഫിത്വ്ർ സകാത്ത് മറ്റു നാടുകളിലേക്ക് അയക്കാമോ എന്ന ചർച്ച തന്നെ പണ്ഡിതന്മാർക്കിടയിലുള്ളത്. എന്നാല്‍ സ്വന്തം നാട്ടിന് പുറത്തുള്ള ദരിദ്രര്‍ക്ക് ഒരാള്‍ ഫിത്വര്‍ സകാത്ത് നല്‍കിയാല്‍ അത് സ്വീകാര്യം തന്നെയാണെന്നും പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളതായി കാണാം.നാട്ടില്‍ ദരിദ്രരായ ആരും ഇല്ലെങ്കില്‍ അയാള്‍ക്ക് തന്റെ ചുറ്റുമുള്ള നാടുകളില്‍ ദരിദ്രരായ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയും അവിടെയുള്ള ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഫിത്വ്൪ സകാത്ത് നല്‍കുകയുമാണ വേണ്ടത്.
ധാന്യത്തിന് പകരം പണം കൊടുക്കാമോ?
ഫിത്വ്ര്‍ സകാത്തായി ഭക്ഷ്യവസ്തുവിനു പകരം പണം കൊടുക്കല്‍ സുന്നത്തിന് വിപരീതമാണ്. കാരണം നബി ﷺ യില്‍ നിന്നോ, സ്വഹാബികളില്‍നിന്നോ അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. മറിച്ച് ഹദീഥുകളില്‍നിന്ന് വ്യക്തമാകുന്നത് ഭക്ഷ്യവസ്തുക്കള്‍ നല്‍കണമെന്നാണ്. അന്ന് നിലവിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ പേരുകള്‍ നബി ﷺ എടുത്ത് പറയുവാന്‍ അതാണ് കാരണം. അതിന്റെ വില നല്‍കിയാല്‍ ഫിത്വ്ര്‍ സകാത്ത് ശരിയാവില്ല എന്നര്‍ഥം. എന്നാല്‍ ഏതെങ്കിലും മഹല്ലുകളോ, ഇസ്‌ലാമിക സംഘങ്ങളോ ആളുകളില്‍നിന്ന് ഫിത്വ്ര്‍ സകാത്തിന്റെ പണം സ്വരൂപിക്കുകയും എന്നിട്ട് അതിന് ഭക്ഷണ സാധനങ്ങള്‍ വാങ്ങി, ഫിത്വ്ര്‍ സകാത്ത് ദാതാക്കള്‍ എവിടെയാണോ താമസിക്കുന്നത് അവിടെയുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ സമയത്ത് തന്നെ വിതരണം ചെയ്യുകയാണെങ്കില്‍ അത് ശരിയാണ്.
ഇബ്‌നു ഖുദാമ(റഹി)പറഞ്ഞു: ഫിത്വ്ര്‍ സകാത്ത് പണമായി നല്‍കുന്നത് ശരിയാവുകയില്ല. കാരണം പ്രമാണത്തില്‍ വ്യക്തമായ വന്ന നിര്‍ദേശത്തില്‍ നിന്നുള്ള തെറ്റലാണ് അത്. (അല്‍-കാഫി: 2/176)
ശൈഖ് വലീദ് ബിൻ റാഷിദ് അസ്സഈദാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: സകാത്തുൽ ഫിത്ർ പണമായി നൽകാൻ പറ്റില്ല. അതനുവദനീയമല്ല. നിർബന്ധമായും ഭക്ഷ്യവസ്തുവായിത്തന്നെ അത് നൽകണമെന്നാണ് പ്രമാണങ്ങൾ പറയുന്നത്. ഇജ്തിഹാദ് (ഗവേഷണം) നടത്തി സകാത്തുൽ ഫിത്ർ പണമായി നൽകാമെന്ന് പറയുന്നവരുണ്ട്. എന്നാൽ, സകാത്തുൽ ഫിത്ർ ഭക്ഷ്യവസ്തുവായിത്തന്നെ നൽകണമെന്ന് വ്യക്തമായ പ്രമാണമുണ്ടായിരിക്കെയാണ് അവർ ആ ഗവേഷണം നടത്തിയിട്ടുള്ളത്. അങ്ങനെ വ്യക്തമായ പ്രമാണം ഉണ്ടായിരിക്കെ ഇജ്തിഹാദ് നടത്താൻ വകുപ്പൊന്നുമില്ല. ‘ഇന്നത്തെ കാലത്തെ ദരിദ്രർക്ക് ഭക്ഷ്യവസ്തുക്കളെക്കാൾ ആവശ്യം പണമല്ലേ’ എന്ന് ചോദിക്കുന്നവരോട് നമുക്ക് പറയാനുള്ളത്, ‘നിങ്ങളുടെ നിലപാട് ശരിയല്ല’ എന്നാണ്. കാരണം, നാണയങ്ങളും പാവപ്പെട്ടവരും നബിﷺയുടെ കാലത്തുമുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ ദരിദ്രരെക്കാൾ ദാരിദ്ര്യത്തിലായിരുന്നു നബിﷺയുടെ കാലത്തെ ദരിദ്രർ. എന്നിട്ടും, സകാത്തുൽ ഫിത്ർ ഭക്ഷ്യവസ്തുവായി നൽകാനാണ് നബിﷺ കൽപ്പിച്ചത്; പണമായിട്ടല്ല. മാത്രമല്ല, ‘പെരുന്നാളിന്റെ ദിവസം ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്നവരുണ്ടാവരുത്’ എന്നതാണ് സകാത്തുൽ ഫിത്റിന്റെ ലക്ഷ്യം. അല്ലാതെ, കാലാകാലം അവരുടെ ദാരിദ്ര്യം നീക്കി അവരെ സമ്പന്നരാക്കലല്ല. ഒരാളുടെ കൈയിൽ ആവശ്യത്തിനുള്ള പണമില്ലെങ്കിൽ, അതിന് നമുക്ക് മറ്റ് മാർഗങ്ങളും സകാത്തിന്റെ വേറെ ഇനങ്ങളുമുണ്ട്. ‘സകാത്തുൽ ഫിത്ർ പണമായി നൽകാ’മെന്ന് പറയുന്നവർ, സകാത്തുൽ ഫിത്റിന്റെയും മറ്റു സകാത്തുകളുടെയും ലക്ഷ്യത്തെ ഒന്നാക്കുകയാണ് ചെയ്യുന്നത്. ‘പെരുന്നാളിന്റെ ദിവസം പാവപ്പെട്ടവർ പട്ടിണി കിടക്കരുത്’ എന്ന ഒറ്റലക്ഷ്യമാണ് സകാത്തുൽ ഫിത്റിനുള്ളത്. ഈ കാരണങ്ങളൊക്കെ മുൻനിർത്തിയാണ്, ‘സകാത്തുൽ ഫിത്ർ പണമായി നൽകാൻ പറ്റില്ല, അത് ഭക്ഷ്യവസ്തുവായിത്തന്നെ നൽകണ’മെന്ന് നമ്മൾ പറയുന്നത്. (https://youtu.be/j-zk-URXgzs_
ഫിത്വ്ര്‍ സകാത്തിന്റെ വിതരണം
ഫിത്വര്‍ സകാത്ത് ദരിദ്രര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുകയാണ് വേണ്ടത്. അത് ഓരോരുത്തർക്കും ചെയ്യാവുന്നതാണ്. സകാത്തുൽ ഫിത്വ്ർ അന്വേഷിച്ചു കൊണ്ട് സാധുജനങ്ങൾ പണക്കാരുടെ തിണ്ണകളിൽ കയറിയിറങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ല. അവരെ കണ്ടെത്തി അങ്ങോട്ട് എത്തിച്ച് കൊടുക്കണം.
താന്‍ താമസിക്കുന്ന സ്ഥലത്ത് ഫിത്വ്ര്‍ സകാത്ത് ശേഖരിക്കുവാനും വിതരണം ചെയ്യുവാനും സംവിധാനമുണ്ടെങ്കില്‍ അതില്‍ പങ്കാളികളാകാം. ഫിത്വ് ർ സകാത്ത് പണമായി നേരിട്ട് അതിന്റെ ഉപയോക്താക്കൾക്ക് നൽകാൻ പാടില്ല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ അവരിലേക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള വിശ്വസ്തരായ ഏജൻസികൾ ഉണ്ടെങ്കിൽ അവരെ ഭക്ഷ്യവസ്തുക്കളായോ പണമായോ എൽപ്പിക്കുന്നതിനു വിരോധമില്ല. അത്തരം ഏജൻസികൾക്ക് സമൂഹത്തിലെ അഗതികളെ കുറിച്ചും സകാത്തുൽ ഫിത്വ്റിനു അർഹരായ ആളുകളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ ഉണ്ടെങ്കിൽ സകാത്തുൽ ഫിത്വ്ർ ഭക്ഷണമായി അർഹരിലേക്ക് എത്തിക്കുവാൻ അത് വഴി സാധിച്ചേക്കാം.
ഫിത്വ് ർ സകാത്ത് സൂക്ഷിക്കാൻ നബി ﷺ അബൂഹുറൈറ (റ) വിനെ ഉത്തരവാദപ്പെടുത്തിയിരുന്നതായി ഹദീസുകളിൽ കാണാം. അദ്ദേഹം പറയുന്നു: റമദാനിലെ സകാത്തിന്റെ (സകാത്തുൽ ഫിത്റിന്റെ) സൂക്ഷിപ്പിന് വേണ്ടി അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ ഉത്തരവാദപ്പെടുത്തി.
ഇബ്നു ഉമർ (റ)വിന്റെ ചര്യയിൽ ഫിത്വ് ർ സകാത്തിന്റെ ഉദ്യോഗസ്ഥൻ തയ്യാറാവുന്നതെപ്പോഴാണോ അപ്പോൾ അദ്ദേഹം ഫിത്വ്ർ സകാത്ത് ഏൽപ്പിച്ചിരുന്നുവെന്ന് കാണാം.
ജനങ്ങളിൽ നിന്ന് സകാത്തുൽ ഫിത്റിന്റെ വിഹിതം പണമായി സ്വീകരിക്കുകയും, അത് അർഹരിലേക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംഘടിത സംവിധാനങ്ങളുടെ വിധി എന്താണ്?
ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്വയിൽ ഇപ്രകാരം കാണാം:
وبعد دراسة اللجنة للاستفتاء أجابت بأنه لا مانع من قيام جمعية البر بتوزيع زكاة الفطر من رمضان بالوكالة عمن يطلب منها ذلك
ഈ വിഷയത്തെ പഠന വിധേയമാക്കിയ ശേഷം ‘ലജ്ന’ക്ക് നൽകാനുള്ള മറുപടി; റമദ്വാനിലെ സകാത്തുൽ ഫിത്റിന്റെ വിഹിതം പണമായി സംഘടിത സംവിധാനങ്ങളെ ഏൽപ്പിക്കുകയും, അവർ അത് അർഹരിലേക്ക് ഭക്ഷണമായി എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന രീതിക്ക് തടസ്സമൊന്നുമില്ല എന്നാണ്. (ലജ്നത്തുദ്ദാഇമ)
ശൈഖ് സുലൈമാൻ റുഹൈലി (ഹഫിള്വഹുല്ലാഹ്) പറയുന്നു: സംഘടിത സംവിധാനങ്ങൾക്ക് സകാത്തുൽ ഫിത്റിന്റെ വിഹിതം പണമായി നൽകുകയും, അവർ അത് അർഹരായ ആളുകൾക്ക് ഭക്ഷ്യവസ്തുവായി വിതരണം നടത്തുകയും ചെയ്യുന്നതിന് പ്രശ്നമൊന്നുമില്ല. അത് അനുവദനീയമാണ്. ഇവിടെ അർഹരായ ആളുകളിലേക്ക് സകാത്തുൽ ഫിത്ർ എത്തിക്കാൻ സംഘടിത സംവിധാനങ്ങളെ ഏൽപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. എന്നാൽ, സകാത്തുൽ ഫിത്റിന്റെ അവകാശിയായ ഫക്വീറിന്റെ കയ്യിൽ ഒരു പത്ത് രിയാൽ കൊടുത്തിട്ട്, ‘ഇത് സകാത്തുൽ ഫിത്റാണ്’ എന്ന് പറയുന്ന രീതിയാണ് വിലക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ നൽകുന്നത് സകാത്തുൽ ഫിത്റായി പരിഗണിക്കുന്നതല്ല. കാരണം, ഒരു സ്വാഅ് (2.5-3 Kg) ഭക്ഷ്യ വസ്തുവാണ് നബിﷺ സകാത്തുൽ ഫിത്റായി നിർബന്ധമാക്കിയിട്ടുള്ളത്. (ബുഖാരി: 1503) ഒരാൾ പത്ത് റിയാൽ കൊടുത്താൽ അത് നബിﷺ നിർബന്ധമാക്കിയ ഒരു സ്വാഇന് പകരമാവില്ല. അത് 10 രിയാലാണ്. ഒരു സ്വാഅല്ല. അല്ലാഹുവാണേ ഇനിയൊരാൾ 1000 രിയാൽ കൊടുത്താലും അത് ഒരു നബിﷺ നിർബന്ധമാക്കിയ ഒരു സ്വാഇന് പകരമാവില്ല. (https://youtu.be/TTlWUh1fwqA)
ഫിത്വ് ർ സകാത്ത് നിശ്ചയിക്കപ്പെട്ടത് എന്തിന്
നോമ്പുകാരന് തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും പ്രായശ്ചിത്തവും ശുദ്ധീകരണവുമാണ് ഫിത്വ്൪ സകാത്ത്. അതേപോലെ ദരിദ്രര്‍ക്ക് ആശ്വാസവുമാണ് ഫിത്വ്ർ സകാത്ത്. പെരുന്നാള്‍ ദിവസം ഭക്ഷണം അന്വേഷിച്ചു നടക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത അവസ്ഥ ഫിത്വ്ർ സകാത്തിലൂടെ സംജാതമാകുന്നു.
عَنِ ابْنِ عَبَّاسٍ، قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ‘നോമ്പുകാരനില്‍ വന്നിരിക്കുന്ന ചെറിയ വീഴ്ചകളെയും ചെറിയ പാപങ്ങളെയും ശുദ്ധീകരിക്കുവാനും സാധുക്കള്‍ക്ക് ഭക്ഷണമായും പ്രവാചകന്‍ ﷺ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കി. (അബൂദാവൂദ്: 1609 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
റമദാനിലെ നോമ്പും രാത്രി നമസ്‌കാരവും സൗകര്യപ്രദമായ സൽപ്രവൃത്തികളും പൂർണമാക്കുന്നതിലൂടെ ഒരു ദാസന് അല്ലാഹു അരുളിയ അനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കലുമാണ് സ്വകാത്തുൽ ഫിത്വ‌്ർ നൽകുന്നതിലുള്ളത്.
നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അല്ലാഹുവിനോടുള്ള നന്ദിയും ഫിത്വ്ർ സകാത്തിന്റെ ലക്ഷ്യങ്ങളിൽ പണ്ഢിതൻമാർ എണ്ണിയിട്ടുണ്ട്.
kanzululoom.com