മനുഷ്യന്റെ ശരീരം (الجسد), ആത്മാവ് (الروح) എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതായത്, മനുഷ്യന്‍ തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ മാംസ കഷ്ണമായി കഴിച്ചുകൂട്ടുമ്പോള്‍ അവിടെ വെച്ചാണ് അല്ലാഹു നിയോഗിച്ച ഒരു മലക്ക് ആ ശരീരത്തിലേക്ക് ആത്മാവിനെ ഊതുന്നത്. അപ്പോഴാണ് അത് ഒരു ജീവനുള്ള മനുഷ്യ കുഞ്ഞായി മാറുന്നത്. ഈ ശരീരത്തില്‍ നിന്ന് ആത്മാവ് വേ൪പിരിയുന്നതിനാണ് മരണം എന്ന് പറയുന്നത്. ‘ജസദ്’ ഭൂമിയില്‍ നിന്നുള്ളതാണെങ്കില്‍ ‘റൂഹ്’ ആകാശത്ത് നിന്നുള്ളതാണ്. ജസദിനും റൂഹിനും ഭക്ഷണം കൊടുക്കേണ്ടതുണ്ട്. ജസദിനുള്ള ഭക്ഷണം ഭൂമിയില്‍ നിന്നുള്ളതാണെങ്കില്‍ റൂഹിന്റെ ഭക്ഷണം ആകാശത്ത് നിന്നാണുള്ളത്. അഥവാ വഹ്’യിന്റെ അടിസ്ഥാനത്തിലുള്ള ഇല്‍മ് (അറിവ്), അതനുസരിച്ചുള്ള പ്രവ൪ത്തനം, തഖ്‌വ എന്നിവയാണ് റൂഹിന്റെ പോഷണത്തിന് വേണ്ടത്.
മനുഷ്യന്റെ ശരീരത്തോടും ആത്മാവിനോടും ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ് നഫ്സ് (النفس). ഇതിനെ ‘മനസ്’ എന്ന് സാമാന്യമായി പറയാം. ഒരാളുടെ ‘നഫ്സ്’ അവന്റെ ജസദിനോട് ചേ൪ന്നു നില്‍ക്കുന്നു. ഒരു മനുഷ്യന്റെ വിജയ-പരാജയം അവന്റെ നഫ്സുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഥവാ നഫ്സിനെ തസ്കിയത്ത് ചെയ്തവന്‍ വിജയിച്ചു. നഫ്സിനെ തദ്സിയത്ത് (കളങ്കപ്പെടുത്തല്‍) ചെയ്തവന്‍ പരാജയപ്പെട്ടു. നഫ്സിന്റെ തസ്കിയത്തും തദ്സിയത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ഖു൪ആനിന്റെ ശ്രദ്ധയമായ ഒരു പരാമ൪ശം കാണുക:
وَنَفْسٍ وَمَا سَوَّىٰهَا – فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا – قَدْ أَفْلَحَ مَن زَكَّىٰهَا – وَقَدْ خَابَ مَن دَسَّىٰهَا
നഫ്സിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (നഫ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ (നഫ്സിനെ) കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖു൪ആന്‍:91/7-10)
വിശുദ്ധ ഖുര്‍ആന്‍ മൂന്ന് തരം നഫ്സുകളെ കുറിച്ചു പരാമ൪ശിച്ചിട്ടുള്ളതായി കാണാം.
ഒന്ന് : തിന്മകളിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ് (ٱلنَفْسٌ أمَّارَة بِٱلسُّوٓءِ )
وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:12/53)
[النفس الأمارة بالسوء] التي يغلب عليها اتباع هواها بفعل الذنوب والمعاصي
തിന്മകളിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ് : അത് അതിന്റെ ദേഹേച്ഛയെ പിന്‍പറ്റിയും പാപങ്ങള്‍ പ്രവ൪ത്തിച്ചും അല്ലാഹുവിനെ ധിക്കരിച്ചും അതിനെ അതിജയിക്കും. (ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) – മജ്മൂഅ്)
ഈ മനസ്സിന്റെ ഉടമകള്‍ പാപങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. അവ൪ അതില്‍ മുഴുകി ജീവിക്കുന്നു. പാപങ്ങള്‍ പ്രവ൪ത്തിക്കുന്നതില്‍ അവ൪ക്ക് യാതൊരു മനസ്താപവുമില്ല. രണ്ട് ശഹാദത്തുകള്‍ അംഗീകരിച്ച്, അത് പ്രഖ്യാപിച്ച് ഇസ്ലാമില്‍ പ്രവേശിച്ച ശേഷം യാതൊരു മനസ്താപവുമില്ലാതെ ഒരാൾ തിന്‍മകള്‍ പ്രവ൪ത്തിക്കുകയും അല്ലാഹുവിന്റെയും അവന്റെ റസൂല്‍ ﷺ യുടെയും കല്‍പ്പനകള്‍ക്ക് നിരന്തരം എതിര് പ്രവ൪ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ അവൻ ഈ നഫ്സിന്റെ ഉടമയായിരിക്കുന്നുവെന്ന സത്യം തിരിച്ചറിയുക.
രണ്ട് : കുറ്റപ്പെടുത്തുന്ന മനസ്സ് (ٱلنَفْسٌ لَوَّامَة )
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു. (ഖു൪ആന്‍:75/2)
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറയുന്നു:
هي تلك النفس التي لا تثبت على حال واحدة فهي كثيرة التردد والتقلب والتلون وهي من أعظم آيات الله
ഇത് ഒരേ അവസ്ഥയിലായിരിക്കുകയില്ല. ധാരാളമായി മാറിമറിഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണത്. (അ൪റൂഹ്)
ഈ മനസ്സിന്റെ ഉടമകള്‍ ഒന്നാമത്തെ വിഭാഗത്തെ പോലെയല്ല.തെറ്റ് ചെയ്യുന്നതിലും തിന്മ ചിന്തിക്കുന്നതിലും ദുരുദ്ദേശ്യങ്ങള്‍ പുലര്‍ത്തുന്നതിലും ഖേദിക്കുകയും അതിന്റെ പേരില്‍ സ്വന്തത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന മനസ്സാണിത്. ഒരു തെറ്റായ കാര്യം ചെയ്യുമ്പോള്‍ അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തുന്നു. അത് അരുതാത്തതാണെന്ന് അവന്റെ മനസ്സ് അവനോട് മന്ത്രിക്കും. അതേപോലെ ഒരു നന്മ ചെയ്തശേഷം അതിനേക്കാള്‍ നന്നാകുമായിരുന്ന മറ്റൊന്ന് ചെയ്യാത്തതിനെപറ്റി മനസ്സില്‍ ആക്ഷേപം ഉയരുന്നു. ഒരു സത്യവിശ്വാസി ഈ മനസ്സിന്റെയെങ്കിലും ഉടമയായിരിക്കണം. അതല്ലാതെ ഒന്നാമത്തെ വിഭാഗം മനസ്സിന്റെ ഉടമയായാല്‍ അത് അവന്റെ നാശമാണ്.
قال الحسن البصري: إن المؤمن لا تراه إلا يلوم نفسه دائمًا، يقول: ما أردت بهذا؟ لم فعلت هذا؟ كان غير هذا أولى، أو نحو هذا من الكلام
ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ മനസ്സ് അവനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലായിരുന്നു, ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്തത്, ഇത് നല്ലതായിരുന്നോ, തുടങ്ങിയ വാക്കുകള്‍ അവനോട് മന്ത്രിച്ചു കൊണ്ടേയിരിക്കും.
മൂന്ന് : സമാധാനമടഞ്ഞ മനസ്സ് (نَفْسٌ مُطْمَئِنَّة )
يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ – ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً – فَٱدْخُلِى فِى عِبَٰدِى – وَٱدْخُلِى جَنَّتِى
ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (ഖു൪ആന്‍:89/27-28)
ഏറ്റവും ഉന്നതമായ മനസ്സാണിത്. തെറ്റുകുറ്റങ്ങള്‍ വര്‍ജ്ജിക്കുന്നതിലും നേ൪വഴിയില്‍ സഞ്ചരിക്കുന്നതിലും സംതൃപ്തി അനുഭവിക്കുന്ന മനസ്സാണിത്. സൃഷ്ടിച്ച് സംരക്ഷിച്ച് വരുന്ന അല്ലാഹുവില്‍ വിശ്വസിച്ചും, അവന്റെ മഹത്വങ്ങളും ഗുണങ്ങളും മനസ്സിലാക്കിയും, അവനെ മാത്രം ആരാധിച്ചും, അവനോട് മാത്രം സഹായമര്‍ത്ഥിച്ചും, അവന്റെ വിധിവിലക്കുകളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ചും, സന്തോഷത്തില്‍ നന്ദിയും സന്താപത്തില്‍ ക്ഷമയും സ്വീകരിച്ചു കൊണ്ട് ഐഹിക ജീവിതം നയിച്ച ശുദ്ധാത്മാക്കള്‍ ഈ മനസ്സിന്റെ അടിമകളാണ്. ഭയമോ, വ്യസനമോ, ആശങ്കയോ, നിരാശയോ, മോഹഭംഗമോ ഒന്നും അവരെ ബാധിക്കുന്നതല്ല. അവ൪ക്കാകുന്നു അല്ലാഹുവിന്റെ തൃപ്തിയും സ്വ൪ഗവുമുള്ളത്.
ٱلنَفْسٌ أمَّارَة بِٱلسُّوٓءِ തസ്കിയത്തിന് മുമ്പുള്ള നഫ്സാണ്.
ٱلنَفْسٌ لَوَّامَة തസ്കിയത്ത് നടന്നുകൊണ്ടിരിക്കുന്ന നഫ്സാണ്.
النَّفُوسُ الْمُطْمَئِنَّةُ തസ്കിയത്ത് കഴിഞ്ഞതിന് ശേഷമുള്ള നഫ്സാണ്
ഓരോ സത്യവിശ്വാസിയും النَّفُوسُ الْمُطْمَئِنَّةُ യുടെ ഉടമയാകുന്നതിന് വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. അതിന് വേണ്ടി നഫ്സിനെ പരിശീലിപ്പിക്കണം. നഫ്സിനോട് ജിഹാദ് ചെയ്യണം.
നഫ്സിനെ പരിശീലിപ്പിക്കുന്നതിന്റെയും അതിനോട് ജിഹാദ് ചെയ്യുന്നതിന്റെയും ആവശ്യകത
മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും കൊണ്ടു പോകുന്നതിന് ശൈത്വാന്‍ കഠിനമായി പരിശ്രമിക്കും. ശൈത്വാന്‍ നഫ്സിനോട് പുതിയ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ നഫ്സ് ഇല്‍മിന്റെയും തഖ്‌വയുടെയും നഫ്സാണെങ്കില്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറും.
പുതിയ പാപം ചെയ്യാന്‍ നഫ്സ് താല്‍പ്പര്യം കാണിക്കുന്നില്ലെങ്കില്‍ ശൈത്വാന്‍ നഫ്സിനോട് പഴയ പാപത്തെ കുറിച്ച് ഓ൪മ്മിപ്പിക്കും. അതിന്റെ ആസ്വാദനം ഇട്ടുകൊടുക്കും. അങ്ങനെ നഫ്സ് അതിനെ ഇഷ്ടപ്പെടും. അത് പ്രവ൪ത്തിക്കുന്നതിന് ജസദിനെ പ്രേരിപ്പിക്കും. ധാരാളം സത്യവിശ്വാസികള്‍ കാലിടറി വീഴുന്നത് ഇവിടെയാണ്. അവിഹിത ബന്ധങ്ങള്‍ അവസാനിപ്പിച്ചവരിലും അശ്ലീലതകള്‍ കാണുകയും ചിന്തിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നത് അവസാനിപ്പിച്ച് സംശുദ്ധ ജീവിതം ആരംഭിച്ചവരിലുമുള്ള പലരും അങ്ങനെ അതിലേക്ക് മടങ്ങുന്നു. നഫ്സിന്റെ തസ്കിയത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നവ൪ക്ക് മാത്രമാണ് ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്.
സല്‍കർമ്മങ്ങൾ ചെയ്യുന്നതില്‍ നിന്നും അഥവാ അല്ലാഹുവിനുള്ള അനുസരണത്തില്‍ നിന്നും ശൈത്വാന്‍ മനുഷ്യനെ തടയും. കാരണം സല്‍കർമ്മങ്ങൾ തിന്‍മകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള പരിചയാണ്. സല്‍കർമ്മങ്ങളില്‍ നിന്നും ഒരാള്‍ അകന്നാല്‍ മാത്രമേ, തിന്‍മകളിലേക്കും പാപങ്ങളിലേക്കും അടുക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നഫ്സ് ഇല്‍മിന്റെയും തഖ്‌വയുടെയും നഫ്സാണെങ്കില്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറും.
മറ്റ് ചിലപ്പോള്‍ ശൈത്വാന്‍ ഒരാളില്‍, അയാള്‍ക്ക് ‘രിയാഅ്’ ഉണ്ടെന്ന് തോന്നിപ്പിക്കും. മറ്റ് ചിലപ്പോള്‍ താന്‍ എല്ലാം തികഞ്ഞവനാണെന്ന് തോന്നിപ്പിക്കും. ഇവിടെയെല്ലാം നഫ്സിന്റെ നിലപാട് അനുസരിച്ചിട്ടാണ് കാര്യങ്ങളുടെ പര്യവസാനം.
നഫ്സിന്റെ തസ്കിയത്തിന്റെ ആവശ്യകത മേല്‍ വിവരിച്ചതില്‍ നിന്നും വ്യക്തമാണ്. നഫ്സ് തിന്‍മക്ക് പ്രേരിപ്പിക്കും. റൂഹ് നന്‍മക്കാണ് പ്രേരിപ്പിക്കുന്നത്. ഇവ രണ്ടും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പരിണാമമാണ് നന്‍മയും തിന്‍മയും. അതുകൊണ്ട് റൂഹിനെ ശക്തിപ്പെടുത്തണം. അതിനായി റൂഹിന് ഇല്‍മ് നല്‍കണം. റൂഹിന് ഇല്‍മ് ഉണ്ടെങ്കില്‍ അത് ശരീരത്തോട് നന്‍മക്ക് പ്രേരിപ്പിക്കും. റൂഹ് ദു൪ബലവും നഫ്സ് ശക്തമാവുമാണെങ്കിലോ അത് തിന്‍മക്ക് പ്രേരിപ്പിക്കും.
ശൈത്വാന്‍ മനുഷ്യനെ തിന്‍മക്ക് തുടക്കം കുറിപ്പിക്കുകയും ശേഷം പിന്‍മാറുകയും ചെയ്യുന്നു.
ﻭَﻗَﺎﻝَ ٱﻟﺸَّﻴْﻄَٰﻦُ ﻟَﻤَّﺎ ﻗُﻀِﻰَ ٱﻷَْﻣْﺮُ ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻋَﺪَﻛُﻢْ ﻭَﻋْﺪَ ٱﻟْﺤَﻖِّ ﻭَﻭَﻋَﺪﺗُّﻜُﻢْ ﻓَﺄَﺧْﻠَﻔْﺘُﻜُﻢْ ۖ ﻭَﻣَﺎ ﻛَﺎﻥَ ﻟِﻰَ ﻋَﻠَﻴْﻜُﻢ ﻣِّﻦ ﺳُﻠْﻄَٰﻦٍ ﺇِﻻَّٓ ﺃَﻥ ﺩَﻋَﻮْﺗُﻜُﻢْ ﻓَﭑﺳْﺘَﺠَﺒْﺘُﻢْ ﻟِﻰ ۖ ﻓَﻼَ ﺗَﻠُﻮﻣُﻮﻧِﻰ ﻭَﻟُﻮﻣُﻮٓا۟ ﺃَﻧﻔُﺴَﻜُﻢ ۖ ﻣَّﺎٓ ﺃَﻧَﺎ۠ ﺑِﻤُﺼْﺮِﺧِﻜُﻢْ ﻭَﻣَﺎٓ ﺃَﻧﺘُﻢ ﺑِﻤُﺼْﺮِﺧِﻰَّ ۖ ﺇِﻧِّﻰ ﻛَﻔَﺮْﺕُ ﺑِﻤَﺎٓ ﺃَﺷْﺮَﻛْﺘُﻤُﻮﻥِ ﻣِﻦ ﻗَﺒْﻞُ ۗ ﺇِﻥَّ ٱﻟﻈَّٰﻠِﻤِﻴﻦَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ
കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (ഖു൪ആന്‍: 14/22)
തിന്‍മക്ക് തുടക്കം കുറിപ്പിച്ചിട്ട്, പിന്നീട് ശൈത്വാന്‍ പിന്‍മാറിയാലും മനുഷ്യന്റെ നഫ്സ് അവന്റെ ജസദിനോട് അതിന് വേണ്ടി പ്രേരിപ്പിക്കും. ഉദാഹരണത്തിന്, അന്യസ്ത്രീയെതൊട്ട് കണ്ണ് താഴ്ത്തുവാന്‍ അല്ലാഹു പുരുഷന്‍മാരോട് കല്‍പ്പിച്ചു. എന്നാല്‍ അന്യസ്ത്രീയെ നോക്കാന്‍ ശൈത്വാന്‍ പുരുഷന് പ്രേരണ നല്‍കുന്നു. അതിന് ശേഷം അവന്‍ പിന്‍മാറിയാലും നഫ്സ് ആ രംഗങ്ങള്‍ ഓ൪മ്മിക്കുകയും ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യും. ആ തിന്‍മക്കായി നഫ്സ്, ജസദിനെ പ്രേരിപ്പിച്ച് കൊണ്ടിരിക്കും. ചിലപ്പോള്‍ മനുഷ്യനെ വ്യഭിചാരത്തില്‍ വരെ കൊണ്ടുചെന്നെത്തിച്ചേക്കാം. അങ്ങനെ ഒരു നോട്ടം വന്‍പാപത്തിലെത്തിക്കുന്നു.
നഫ്സും ഇച്ഛയും
عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ
ഉസാമ ഇബ്‌നു സെയ്ദ്(റ) വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പുരുഷന് സ്ത്രീകളെക്കാള്‍ വിനയായ ഒരു ഫിത്‌നയും ഞാന്‍ എന്റെ കാലശേഷം വിട്ടേച്ചിട്ടില്ല. (ബുഖാരി: 5096)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ
അബൂഹുറൈറയില്‍ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു. (ബുഖാരി:6487)
عَنْ أَبِي بَرْزَةَ، عَنِ النَّبِي صلى الله عليه وسلم قَالَ: إِنَّما أَخْشَى عَلَيْكُمْ شَهَوَاتِ الْغَىِّ في بُطُونِكُمْ، وَفُرُوجِكُمْ، وَمُضِلاَّتِ الْهَوَى
അബൂബ൪സയില്‍ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് നിങ്ങള്‍ ദേഹേച്ഛകള്‍ക്ക് അടിമപ്പെടുന്നതിനെയാണ്.
ദേഹേച്ഛകളില്‍ നിന്നു നഫ്സിനെ തടഞ്ഞു നി൪ത്തണമെങ്കില്‍ റൂഹിനെ ശക്തിപ്പെടുത്തണം. അതിനായി റൂഹിന് നല്‍കേണ്ടത് ഇല്‍മാണ്. റൂഹിന് കൊടുക്കേണ്ടത് കൊടുക്കാത്തതുകൊണ്ടാണ് നഫ്സ് ശക്തിപ്പെടുന്നത്. തന്റെ ഭക്ഷണം, ഉറക്കം, ആസ്വാദനം, വിശ്രമം എന്നിവ നഫ്സ് ആഗ്രഹിക്കുന്ന അത്രയും അളവിൽ പൂർത്തികരിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. കാരണം അതൊക്കെ നഫ്സ് ശക്തിപ്പെടുന്നതിനുള്ള കാരണങ്ങളാണ്. അതോടൊപ്പം നഫ്സിനെ പരിശീലിപ്പിക്കുകയും ചെയ്യണം. അതിനോട് ജിഹാദ് ചെയ്യണം.
നഫ്സിനോടുള്ള ജിഹാദ്
ഇസ്ലാമിലെ കർമ്മങ്ങളിൽ മഹത്തരവും ശ്രേഷ്ഠവുമായ കർമ്മമാണ് ജിഹാദ്. കഠിനപ്രയത്നം, ത്യാഗപരിശ്രമം എന്നൊക്കെയാണ് ജിഹാദ് എന്നതിന്റെ അ൪ത്ഥം. ഇസ്ലാമിൽ ജിഹാദ് നാല് രീതിയിലാണുള്ളതെന്ന് ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) സാദുല്‍ മആദില്‍ വിവരിച്ചിട്ടുള്ളതായി കാണാം.
ഒന്ന് : സ്വന്തത്തോടുള്ള ജിഹാദ് (جهاد النفس)
രണ്ട് : പിശാചിനോടുള്ള ജിഹാദ് (جهاد الشيطان)
മൂന്ന് : സത്യനിഷേധികളോടും കപടവിശ്വാസികളോടുമുള്ള ജിഹാദ് (جهاد الكفار والمنافقين)
നാല് : തിന്മയുടെയും ബിദ്അത്തിന്റേയും വക്താക്കളോടുള്ള ജിഹാദ് (جهاد أرباب الظلم والمنكرات والبدع)
ജിഹാദിന്റെ ഇനങ്ങളിൽ ഒരു മനുഷ്യൻ ഒന്നാമതായി ചെയ്യേണ്ട ജിഹാദാണ് സ്വന്തത്തോടുള്ള ജിഹാദ്. അതായത് : അല്ലാഹുവിനുള്ള അനുസരണത്തിന് വേണ്ടി സ്വന്തം നഫ്സിനെ പരിശീലിപ്പിച്ചെടുക്കുക. അതിന് വേണ്ടി കഠിനമായി പ്രയത്നിക്കുക. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ് ഒരാള്‍ സ്വന്തത്തോട് ജിഹാദ് ചെയ്യുന്നത്. എല്ലാ ജിഹാദുകളുടെയും അടിസ്ഥാനമാണ് സ്വന്തത്തോടുള്ള ജിഹാദ്.
عن فضالة بن عبيد عَنِ النَّبِي صلى الله عليه وسلم قَالَ: المجاهِدُ من جاهَدَ نَفسَه في اللَّهِ
ഫളാലത്ത് ബ്നു ഉബൈദ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തിൽ നഫ്സിനോട് ജിഹാദ് ചെയ്യുന്നവനാണ് മുജാഹിദ് (സ്വഹീഹുല്‍ ജാമിഅ്:6679)
أي: قهر نفسه الأمارة بالسوء على ما فيه رضا الله من فعل الطاعة وتجنب المعصية ، وجهادها أصل كل جهاد ، فإنه ما لم يجاهدها لم يمكنه جهاد العدو الخارج .
അതായത് : അല്ലാഹുവിന്റെ തൃപ്തി നേടുന്നതിന് വേണ്ടി, അല്ലാഹുവിനെ അനുസരിച്ചുകൊണ്ട്, നഫ്സിനെ തിന്‍മകളെ പ്രേരിപ്പിക്കുന്നതില്‍ നിന്നും നിയന്ത്രിച്ചു കൊണ്ടു വരിക. എല്ലാ ജിഹാദിന്റെയും അടിസ്ഥാനം ഈ ജിഹാദാണ്. ഇത് ഒരുവന് സാധിച്ചില്ലെങ്കില്‍ പുറത്തുള്ള ഒരു ശത്രുവിനോട് ജിഹാദ് ചെയ്യാന്‍ സാധിക്കുകയില്ല.
قال مَالك بن دينَار – رحمه الله : جَاهِدوا أهواءكم كَمَا تُجاهِدون أعدائكم
മാലിക് ബ്നു ദീനാ൪ (റഹി) പറഞ്ഞു; നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളോട് ജിഹാദ് ചെയ്യുന്നപോലെ നിങ്ങളുടെ ഇച്ഛകളോട് ജിഹാദ് ചെയ്യുക. [ الكامل في اللغة والأدب (١٨٧)]
وقال ابن القيم: قال رجل للحسن البصري رحمه الله تعالى: يا أبا سعيد أي الجهاد أفضل ؟ قال: جهادك هواك
ഹസനുൽ ബസ്വരി (റഹി) യോട് ഒരാൾ ചോദിച്ചു; അബൂസഈദ്, ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഏതാണ്? അദ്ദേഹം പറഞ്ഞു; നിന്റെ ഇച്ഛകളോട് നീ ചെയ്യുന്ന ജിഹാദ്.(സാദുല്‍ മആദ്)
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമീയ (റഹി) പറഞ്ഞു; മുസ്ലിം അല്ലാഹുവിനെ ഭയപ്പെടുകയും ഇച്ഛകളിൽ നിന്ന് സ്വന്തത്തെ വിലക്കുകയും വേണം. നഫ്സിന്റെ ഇച്ഛകൾക്ക് ശിക്ഷയില്ല. അതിനെ പിൻപറ്റുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ശിക്ഷ ലഭിക്കുക. നഫ്സ് കൊതിക്കുമ്പോൾ അവൻ അതിനെ വിലക്കണം. അത് ഇബാദത്തിലൂടെയും സൽകർമ്മങ്ങളിലൂടെയുമാണ് സാധ്യമാവുക.
قال ابن تيمية : جهاد النفس والهوى أصل جهاد الكفار والمنافقين ، فإنه لا يقدر على جهادهم حتى يجاهد نفسه وهواه أولا حتى يخرج إليهم
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമീയ (റഹി) പറഞ്ഞു: നഫ്സിനോടും ഇച്ഛകളോടുമുള്ള ജിഹാദ്, കാഫിറുകളോടും മുനാഫിഖുകളോടുമുള്ള ജിഹാദിന്റെ അടിസ്ഥാനമാണ്. ഒരാള്‍ തന്റെ നഫ്സിനോടും ഇച്ഛകളോടും ജിഹാദ് ചെയ്ത് കീഴ്പ്പെടുത്തിയാലല്ലാതെ കാഫിറുകളോടും മുനാഫിഖുകളോടുമുള്ള ജിഹാദിന് പുറപ്പെടാന്‍ കഴിയുകയില്ല
ഇച്ഛകളോട് പൊരുതാനുളള മാർഗങ്ങൾ പണ്ഢിതന്‍മാര്‍ വിവരിക്കുന്നുണ്ട്. അവയില്‍ ചിലത് കാണുക:
ഒന്ന്: ഈ നൈമിഷികമായ ഇച്ഛകൾക്ക് വേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടത് എന്ന ചിന്ത.
രണ്ട്: ഇച്ഛകളുടെ ഐഹികവും പാരത്രികവുമായ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിക്കുക.
മൂന്ന്: ഇച്ഛകൾക്ക് അടിമപ്പെട്ടു പോയവരെക്കുറിച്ച് ചിന്തിക്കുകയും അവരുടെ സ്ഥാനത്ത് നമ്മെ സങ്കൽപ്പിക്കുകയും ചെയ്യുക.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ – فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ, (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.(ഖു൪ആന്‍: 79/40-41)
സ്വന്തത്തോടുള്ള ജിഹാദിന് തന്നെയും നാല് ഘട്ടങ്ങളാണുള്ളതെന്ന് ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) തുട൪ന്ന് വിവരിച്ചിട്ടുള്ളതായും കാണാം.
ഒന്ന് : നേർമാർഗത്തെ കുറിച്ച് അറിവ് നേടുന്നതിൽ കഠിനമായി പ്രയത്നിക്കുക.( أن يجاهدها على تعلم الهدى)
രണ്ട് : അറിവിന് ശേഷം അതനുസരിച്ച് പ്രവർത്തിക്കുക. (أن يجاهدها على العمل به بعد علمهوالمعاصي)
മൂന്ന് : അല്ലാഹു ഇറക്കിയ രീതിയിൽ ആ നേർമാർഗത്തിലേക്ക് ക്ഷണിക്കുക.(أن يجاهدها على الدعوة إليه)
നാല് : അല്ലാഹുവിന് വേണ്ടി ഇതിൽ ക്ഷമയോടെ ഉറച്ച് നിൽക്കുക.( أن يجاهدها على الصبر على مشاق الدعوة إلى الله وأذى الخلق)
kanzululoom.com
3 Responses
അറിവ് അന്വേഷിക്കുന്നവർക്ക് വളരെ സഹായകരമാണ് ഈ ബ്ലോഗ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ… ആമീൻ
جزاك الله خيرا
Jazakallahu khairan……kure kaalam anweshichu nadanna choduangalkk utharam labhichu….
الحمد لله ثم الحمد لله ثم الحمد لله
ഏറെ കാലമായി ഞാൻ അന്വേഷിച്ചു നടന്ന അറിവിന്റെ ഒരു പവിഴമാല ഞാൻ ഇവിടെ കണ്ടെത്തിയിരിക്കുന്നു..جزاك الله خيرا ❤❤❤❤❤