നഖം വെട്ടൽ : ഇസ്ലാമിക മര്യാദകൾ

മനുഷ്യ ശരീരത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് നഖം. നഖത്തിന്റെ വിഷയത്തിൽ പൊതുവെ ആളുകൾ വ്യത്യസ്ത തരക്കാരാണ്. ചിലർ നഖം വെട്ടി ഒതുക്കാതെ നീട്ടി വളർത്തും. ചിലർ  അത് എപ്പോഴെങ്കിലുമൊക്കെ വെട്ടുന്നവരായിരിക്കും.   മറ്റ് ചിലരാകട്ടെ നഖം കൃത്യമായി വെട്ടി പരിപാലിക്കും. ഈ വിഷയത്തിൽ ഇസ്ലാം കൃത്യമായ മാർഗ ദർശനം നൽകുന്നുണ്ട്.

മനുഷ്യരെല്ലാം വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇസ്‌ലാം അതിനെ ഒരു നിര്‍ബന്ധ കര്‍മ്മമായി അവതരിപ്പിക്കുന്നു. വ്യക്തിശുചിത്വം എല്ലാ അവസരങ്ങളിലും അഭികാമ്യമാണ്. നമ്മുടെ ആരോഗ്യവും നഖവും തമ്മിൽ വലിയ ബന്ധമുണ്ട്. ശരീരത്തിൽ പ്രവേശിക്കുന്ന കീടാണുക്കളുടെ പ്രധാന വാഹകരാണ്  നഖങ്ങള്‍. അത് മുറിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതം തന്നെയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നീണ്ടതും അഴുക്കുകള്‍ ഇരിക്കാന്‍ സാധ്യതയുള്ളതുമായ നഖം സത്യവിശ്വാസിക്ക് യോജിച്ചതല്ല.

ഒന്നാമതായി, നഖം നീട്ടി വളർത്താൻ സത്യവിശ്വാസികൾക്ക് പാടുള്ളതല്ലെന്നും നഖം വെട്ടൽ ശുദ്ധപ്രകൃതിയുടെ ഭാഗമാണെന്നും മനസ്സിലാക്കുക. പ്രവാചകന്‍മാരുടെ ചര്യകളായി അറിയപ്പെടുന്ന ചില കാര്യങ്ങൾക്കാണ്  ശുദ്ധപ്രകൃതി ചര്യകള്‍ എന്ന് പറയുന്നത്.

عَنْ أَبِي هُرَيْرَةَ، رِوَايَةً ‏:‏ الْفِطْرَةُ خَمْسٌ ـ أَوْ خَمْسٌ مِنَ الْفِطْرَةِ ـ الْخِتَانُ، وَالاِسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഞ്ച് കാര്യങ്ങള്‍ ശുദ്ധപ്രകൃതിയില്‍ പെട്ടതാണ്. ചേലാകര്‍മം ചെയ്യല്‍, ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യല്‍, കക്ഷം പറിക്കല്‍, നഖം വെട്ടല്‍, മീശവെട്ടി ചെറുതാക്കല്‍ എന്നിവയാണവ. (ബുഖാരി:5889)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ‏”‏ ‏.‏ قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ ‏.‏ زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِي الاِسْتِنْجَاءَ ‏.‏

ആയിശയില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: പത്ത് കാര്യങ്ങള്‍ ശുദ്ധപ്രകൃതിയില്‍ പെട്ടതാണ്. മീശ വെട്ടുക. താടി വളര്‍ത്തുക. പല്ല് തേക്കുക. (വുളുവില്‍) മൂക്കില്‍ വെള്ളം കയറ്റുക. നഖം വെട്ടുക. ബറാജിം കഴുകുക. കക്ഷം പറിക്കുക. ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക. ശൗച്യം ചെയ്യുക. റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത്‌ ഞാന്‍ മറന്നുപോയി. അത്‌ വായ കഴുകലായേക്കാം. (മുസ്ലിം:261)

قال الإمام النووي : تقليم الأظفار مجمع على أنه سنة , وسواء فيه الرجل والمرأة واليدان والرجلان

ഇമാം നവവി (റഹി) പറഞ്ഞു: നഖം വെട്ടല്‍ സുന്നത്താണെന്നതിന് ഇജ്മാഅ് ഉണ്ട്. ഇക്കാര്യത്തിൽ സ്ത്രീയും പുരുഷനും രണ്ട് കൈയ്യും രണ്ട് കാലും തുല്ല്യമാണ്. (അൽമജ്മൂഅ്)

ഇബ്നു അബ്ദിൽ ബർറ്(റഹി) പറഞ്ഞു: നഖം വെട്ടി ചെറുതാക്കുന്നത് സുന്നത്താണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. (ഇസ്തിദ്കാർ:8/336)

قال الشيخ ابن باز رحمه الله : تطويل الأظافر خلاف السنة

ശൈഖ് ഇബ്നു ബാസ്(റഹി) പറഞ്ഞു: നഖം നീട്ടിവളർത്തൽ സുന്നത്തിന് എതിരാണ്. (മജ്മൂഉൽ ഫതാവാ ഇബ്നുബാസ്:10/49)

രണ്ടാമതായി, നഖം വെട്ടുന്നത് എപ്പോഴെങ്കിലുമല്ല, അത് യഥാസമയം നിർവ്വഹിക്കേണ്ടതാണെന്നും മനസ്സിലാക്കുക. ഓരോരുത്തർക്കും നഖം വളരുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചിലർക്ക് വേഗം വളരും, മറ്റ് ചിലർക്ക് മെല്ലെയായിരിക്കും വളരുന്നത്. പ്രായ വ്യത്യാസത്തിനനുസരിച്ചും അതിന് ഏറ്റകുറച്ചിലുകളുണ്ടാകും. നഖം വളരുന്നതിനനുസരിച്ച് അത് വെട്ടി നീക്കുക. നഖം വെട്ടാതെ നാൽപത് ദിവസം കടന്നുപോകരുത്. അഥവാ നാല്പത് ദിവസത്തില്‍ ഒരിക്കലെങ്കിലും നഖം വെട്ടേണ്ടതാണ്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ أَنَسٌ وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً ‏.

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മീശവെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം നീക്കല്‍ തുടങ്ങി കാര്യങ്ങള്‍ 40 രാത്രികളിലധികം വിട്ടേക്കരുത് എന്ന് നബി ﷺ  ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നു. (മുസ്ലിം:258)

ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്വയിൽ ഇപ്രകാരം കാണാം:

لا يجوز تطويل الأظافر ؛ لأن هذا مخالف لسنن الفطرة التي حث عليها النبي صلى الله عليه وسلم ومنها (قص الأظافر) فالواجب في تقليم الأظفار ونتف الإبط وحلق العانة وقص الشارب ، أن لا يترك شيء من ذلك أكثر من أربعين ليلة .

നഖം നീട്ടൽ അനുവദനീയമല്ല. കാരണം നബി ﷺ പ്രോൽസാഹിപ്പിച്ചിട്ടുള്ള ഫിത്വറത്തിൽ പെട്ട സുന്നത്തായ കാര്യങ്ങൾക്ക് എതിരാണ് അത്. അതിൽ (ഫിത്വറത്തിൽ) പെട്ടതാണ് നഖം വെട്ടല്‍. നഖം വെട്ടല്‍, കക്ഷം പറിക്കല്‍, ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യല്‍, മീശവെട്ടി ചെറുതാക്കല്‍ എന്നിവ നാൽപത് ദിവസത്തിൽ അധികം വിടാതിരിക്കുക എന്നത് നിർബന്ധമാണ്. (ലജ്നത്തുദ്ദാഇമ)

قال الشيخ ابن باز رحمه الله : تطويل الأظافر خلاف السنة ، ولا يجوز أن تترك أكثر من أربعين ليلة ، وتطويلها فيه تشبه بالبهائم وبعض الكفرة

ശൈഖ് ഇബ്നു ബാസ്(റഹി) പറഞ്ഞു: നഖം നീട്ടിവളർത്തൽ സുന്നത്തിന് എതിരാണ്. (അത് വെട്ടാതെ) നാൽപത് ദിവസത്തിൽ അധികം വിടുന്നത്  അനുവദനീയമല്ല. അത് നീട്ടുന്നത് മൃഗങ്ങളോടും ചില അവിശ്വാസികളോടുമുള്ള സാദൃശ്യപ്പെടലുമാണ്. (മജ്മൂഉൽ ഫതാവാ ഇബ്നുബാസ്:10/49)

ചില സ്ത്രീകൾ ഭംഗിക്ക് വേണ്ടി നഖം മുറിക്കാതെ നാൽപത് ദിവസത്തിൽ അധികം വിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശൈഖ് ഇബ്നു ബാസ്(റഹി) പറഞ്ഞു:

هذا لا يجوز ، إذا أتمت أربعين وجب قلمها

അത്, അനുവദനീയമല്ല. നാൽപത് ദിവസം പൂർത്തിയായാൽ നഖം മുറിക്കൽ വാജിബ് ആകുന്നു.

മൂന്നാമതായി, നഖം വെട്ടുന്നതിന് പ്രത്യേക ദിവസമോ സമയമോ പുണ്യകരമാണെന്നത് സ്ഥിരപ്പെട്ട് വന്നിട്ടില്ല. ആഴ്ചയിലെ ഏത് ദിവസമോ ഏത് സമയമോ രാത്രിയോ പകലോ അത് ചെയ്യാവുന്നതാണ്. വെള്ളിയാഴ്‌ച നഖം വെട്ടുന്നത് സുന്നത്താണെന്നതിന് തെളിവൊന്നുമില്ല.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിളഹുല്ലാഹ്) പറയുന്നു: ഇതൊക്കെ വെള്ളിയാഴ്ച ചെയ്യുന്നതിൽ പ്രത്യേകതയൊന്നുമില്ല. അതൊക്കെ വളർന്നിട്ടുണ്ടെങ്കിൽ നീക്കം ചെയ്യലാണ് പ്രധാനം. നീണ്ട് വളരുന്നത്‌ വരെ അവയെ വിട്ടുകളയരുത്. പരാമധി പോയാൽ 40 ദിവസം വരെയാകാം. നഖം വെട്ടാനുള്ള പരമാവധി സമയമായി 40 ദിവസം ഞങ്ങൾക്ക് നിശ്ചയിച്ച് തന്നിരിക്കുന്നുവെന്ന് അനസ്(റ) ന്റെ ഹദീസിൽ കാണാം. ഇനിയൊരാൾ എല്ലാ ആഴ്ചയും നഖം മുറിക്കുന്നുവെങ്കിൽ, അത് ഏറ്റവും നല്ല കാര്യമാണ്. പക്ഷേ, അതിന് വെള്ളിയാഴ്ചയെന്നോ വേറെ ദിവസമെന്നോ പ്രത്യേകതയില്ല. ഏത് ദിവസമാണോ കഴിയുക, അന്ന് ചെയ്യാവുന്നതാണ്.

എന്നാൽ വെള്ളിയാഴ്ച നഖം മുറിക്കൽ വിരോധിക്കപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച വൃത്തിയാകുന്നതിന് കൂടുതൽ പ്രാധാന്യമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് നഖം മുറിക്കാവുന്നതാണ്.

قال ابن حجررحمه الله : لكن لا يمنع من التفقد يوم الجمعة، فإن المبالغة في التنظف فيه مشروع.

ഇമാം ഇബ്നു ഹജർ അസ്ഖലാനി(റഹി) പറഞ്ഞു: എന്നാൽ വെള്ളിയാഴ്ച നഖം മുറിക്കൽ വിരോധമില്ല, (കാരണം) അന്ന് വൃത്തിയാകുന്നതിനെ കുറിച്ച് പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

قال القرطبي في المفهم: ذكر الأربعين تحديد لأكثر المدة، ولا يمنع تفقد ذلك من الجمعة إلى الجمعة، والضابط في ذلك الاحتياج.

ഇമാം ഖുർത്വുബി(റഹി) പറഞ്ഞു: നാൽപ്പത് (ദിവസം) എന്നത് കൂടിയാൽ എന്നതിന്റെ പരിധിയാണ്. ഓരോ വെള്ളിയാഴ്ചയും അത് ചെയ്യുന്നതിന് വിരോധമില്ല. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് (വളരുന്നതിനനുസരിച്ച്) അത് വെട്ടുക എന്നതാണ് കൃത്യമായ കണക്ക്.

നാലാമതായി, കൈയ്യിലെ നഖം വെട്ടുമ്പോൾ വലത് കൈയ്യിനേയും കാലിലെ നഖം വെട്ടുമ്പോൾ വലത് കാലിനേയും മുന്തിക്കാവുന്നതാണ്. കാരണം നബി ﷺ പൊതുവെ, വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.

عَنْ عَائِشَةَ، قَالَتْ إِنْ كَانَ رَسُولُ اللَّهِ صلى الله عليه وسلم لَيُحِبُّ التَّيَمُّنَ فِي طُهُورِهِ إِذَا تَطَهَّرَ وَفِي تَرَجُّلِهِ إِذَا تَرَجَّلَ وَفِي انْتِعَالِهِ إِذَا انْتَعَلَ

ആയിശയില്‍(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ  ﷺ ശുദ്ധീകരണ്ത്തിലും മുടി ചീകുമ്പോഴും, ചെരുപ്പ് ധരിക്കുമ്പോഴുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെടുമായിരുന്നു. (മുസ്ലിം:268)

എന്നാൽ കൈ-കാലുകളിൽ ഇന്ന വിരലിൽ നിന്ന് തുടങ്ങണമെന്നോ, ഇന്ന വിരലിൽ അവസാനിപ്പിക്കണമെന്നോ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഏത് വിരലിൽ നിന്ന് ആരംഭിക്കുകയോ ഏത് വിരലിൽ അവസാനിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

ഹാഫിള് ഇബ്നു ഹജർ( റഹി) പറയുന്നു: നഖം വെട്ടുന്നതിന്റെ ക്രമം വിവരിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. (ഫത്ഹുൽ ബാരി:10/345)

അഞ്ചാമതായി, ജനാബത്തുകാരനോ ആർത്തവകാരിക്കോ പ്രസവ രക്തമുള്ളവൾക്കോ നഖം മുറിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. അത്തരക്കാർക്ക് മുടി മുറിക്കാനോ നഖം വെട്ടാനോ പാടില്ലെന്നത് തെറ്റായ ധാരണയാണ്. ദീനിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല.

ശൈഖ് ഇബ്നുബാസ് (റഹി) പറയുന്നു: ജനാബത്തിന്റെ (വലിയ അശുദ്ധിയുടെ) സമയത്ത് പുരുഷൻ നഖം വെട്ടുന്നതിനോ, കക്ഷരോമവും ഗുഹ്യരോമവുമെല്ലാം നീക്കം ചെയ്യുന്നതിനോ വിരോധമൊന്നുമില്ല. അതുപോലെ തന്നെയാണ് ആർത്തവകാരിയും പ്രസവരക്തമുള്ളവളും. അവർക്കും ഇതൊക്കെ അനുവദനീയമാണ്. ഈ കാര്യങ്ങളൊന്നും നിർവഹിക്കാൻ ശുദ്ധി ഒരു നിബന്ധനയല്ല.

ആർത്തവ സമയത്ത് മുടി ചീകുന്നതും, നഖം മുറിക്കുന്നതും തെറ്റാണോയെന്ന ചോദ്യത്തിന് ശൈഖ് ഇബ്നുബാസ് (റഹി) പറയുന്നത് കാണുക:

لا بأس من قص الأظافر، والمشط في أثناء الدورة، لا حرج فيه، وكذلك في النفاس، كل هذا لا حرج فيه، الحمد لله

ആർത്തവ സമയത്ത്  നഖം മുറിക്കുന്നതിലും  മുടി ചീകുന്നതിലും ഒരു പ്രശ്നവുമില്ല. പ്രസവ രക്തമുള്ള അവസരത്തിലും അങ്ങനെ തന്നെയാണ്. അതിനൊന്നും ഒരു പ്രശ്നവുമില്ല. (نور على الدرب السؤال السابع من الشريط رقم (414)

ആറാമതായി, മുറിച്ചെടുത്ത നഖം ഒഴിവാക്കുക. അത് പിന്നെയും കൈകാര്യം ചെയ്യുന്നത് കിടാണുക്കൾ  ശരീരത്തിൽ പ്രവേശിക്കുന്നതിന് കാരണമായേക്കാം. മുറിച്ചെടുത്ത നഖം കുഴിച്ചിടുന്നതാണ് നല്ലത്. എന്നാൽ അത് സുന്നത്താണെന്ന് കരുതാൻ പാടുള്ളതല്ല.

ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്വയിൽ ഇപ്രകാരം കാണാം:

يشرع تقليم الأظافر ، لأن إزالتها من خصال الفطرة ولا حرج في رميها ولا يجب دفنها فإن ألقاها في الزبالة أو دفنها فلا بأس بذلك

നഖം മുറിക്കൽ ശറഅ് ആക്കപ്പെട്ട കാര്യമാണ്. അത് ശുദ്ധപ്രകൃതിയുടെ ഭാഗമാണ്. അത് എറിഞ്ഞ് ഒഴിവാക്കുന്നതുകൊണ്ട് കുഴപ്പമില്ല. അത് കുഴിച്ചു മൂടൽ നിർബന്ധവുമില്ല. അത് വേസ്റ്റ് പാത്രത്തിൽ നിക്ഷേപിക്കുകയോ (ഉടൻ) കുഴിച്ചു മൂടുകയോ ചെയ്യുന്നതുകൊണ്ടെന്നും കുഴപ്പമില്ല. (ലജ്നത്തുദ്ദാഇമ:5/174)

ശൈഖ് സുലൈമാൻ റുഹൈലി (ഹഫിളഹുല്ലാഹ്) പറയുന്നു: രാത്രിയിലോ പകലിലോ നഖം മുറിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. രണ്ട് സമയത്തും അനുവദനീയമാണ്. നഖം മുറിച്ചതിനു ശേഷം കുഴിച്ചിടൽ സുന്നത്തായി സ്ഥിരപ്പെട്ടിട്ടില്ല. നബി ﷺ മുടിയും നഖവും കുഴിച്ചിടാൻ കൽപ്പിച്ചതായി ഇമാം ബൈഹഖി(റഹി)യും മറ്റു ചിലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ആ ഹദീസ് ദുർബലമാണ്. ഇബ്നു ഉമർ(റ) നഖം കുഴിച്ചുമൂടിയിരുന്നുവെന്ന് ഇമാം അഹ്മദ്(റഹി) പറയുന്നു.ഒരാൾ നഖവും മുടിയും കുഴിച്ചിടുന്നത് നല്ല കാര്യമാണ്. കാരണം, മാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നഖവും മുടിയുമാണ്. അത്കൊണ്ട്, അവ കുഴിച്ച് മൂടൽ നല്ലൊരു ചര്യയാണ്. എന്നാൽ, അത് സുന്നത്താണെന്ന് നമ്മൾ പറയില്ല.

നഖം വെട്ടിയാൽ വുള്വൂഅ് മുറിയുമോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: ഇല്ല. നഖം വെട്ടിയാൽ വുള്വൂഅ് മുറിയുകയില്ല. അതിന് വുള്വൂഉമായി ഒരു ബന്ധവുമില്ല. വുള്വൂഅ് എടുത്തതിന് ശേഷം ഒരാൾ നഖം വെട്ടിയാൽ, പ്രശ്നമൊന്നുമില്ല. അത് അയാളുടെ വുള്വൂഇനെ ബാധിക്കുകയില്ല. (https://youtu.be/27X8TEH_Ozk)

നഖം കടിക്കുന്നതിന്റെ വിധി

ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു: നഖം കടിക്കുക എന്നത് ഒരു ചീത്ത ശീലമാണ്. അത് ഹറാമാണെന്നോ ഹലാലാണെന്നോ നമ്മൾ പറയുകയില്ല. എന്നാൽ, അതൊരു മോശം ശീലമാണ്. ആ ശീലം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇവിടെ ഹലാലിന്റെയും ഹറാമിന്റെയും വിഷയം വരുന്നില്ല. എന്നാലിനി, നഖം കടിക്കുന്നത് കൊണ്ട് ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിൽ- അഥവാ, നഖമോ തൊലിയോ ഒക്കെ വയറ്റിലേക്ക് ഇറങ്ങിപ്പോയി എന്തെങ്കിലും സംഭവിക്കുമെങ്കിൽ ആ നഖംകടി പ്രശ്നമാണ്. കാരണം, ഒരാൾക്കും തന്നെ സ്വശരീരത്തെ ഉപദ്രവിക്കാനുള്ള അനുവാദമില്ല. എന്നാൽ സാധാരണയായി, ഒരാൾ വായിൽ വിരൽ വെക്കുകയും അത് കടിക്കുകയുമൊക്കെ ചെയ്യുന്നത് കൊണ്ട് വലിയ ഉപദ്രവമൊന്നും ഉണ്ടാകാറില്ല. എന്നാലും അത് ഒഴിവാക്കുകയാണ് വേണ്ടത്. കാരണം, അതൊരു ദുശ്ശീലം തന്നെയാണ്. (https://youtu.be/r0OyAZNEbb4)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *