قال حماد بن زيد – رحمه الله – :قيل لأيوب السختياني :العلم اليوم أكثر أم أقل ؟فقال أيوب :الكلام اليوم أكثر. والعلم كان قبل اليوم أكثر .
ഹമ്മാദ് ബ്നു സൈദ് رَحِمَهُ اللَّهُ പറഞ്ഞു: (താബിഈയായ) അയ്യൂബ് അസ്സഗ്തിയാനി رَحِمَهُ اللَّهُ ചോദിക്കപെട്ടു: അറിവ് (العلم) ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതലാണോ അതോ ഏറ്റവും കുറവാണോ? അയൂബ് അസ്സഗ്തിയാനി رَحِمَهُ اللَّهُ പറഞ്ഞു: ഇന്ന് സംസാരമാണ് ഏറ്റവും കൂടുതൽ. അറിവ് ഇതിന് മുമ്പുള്ള കാലത്തായിരുന്നു വളരെ കൂടുതൽ.【 المعرفة والتاريخ ( ٢٣٢/٢) 】
രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്, 1400 വര്‍ഷം മുമ്പാണ് ഇത് പറയുന്നത്. രണ്ട്, എന്താണ് അറിവ് എന്നത്?
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അറിവിനെയും (العلم) സംസാരത്തെയും (الكلام) വേർതിരിച്ചറിയുന്നവനാണ് അറിവിൽ അടിയുറച്ചവൻ. പുസ്തകങ്ങൾ വളരെ കൂടുതലാണ്, സംസാരവും തർക്കങ്ങളും ബൗദ്ധിക കഴിവുകളും ഏറെയുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗത്തിൽ നിന്നും അറിവ് തികച്ചും അകന്നാണ് നിൽക്കുന്നത്. അല്ലാഹുവിങ്കൽ നിന്ന് നബി ﷺ കൊണ്ടുവന്നതാണ് യഥാർത്ഥ അറിവ്. അല്ലാഹു പറയുന്നു:
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ
ഇനി നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവന്റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍. (ഖു൪ആന്‍:3/61)
അല്ലാഹു പറയുന്നു:
وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ
നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ (ഖു൪ആന്‍:1/120)
(ഖുർആനിനെക്കുറിച്ച്) അല്ലാഹു പറയുന്നു:
أَنزَلَهُۥ بِعِلْمِهِۦ
അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. (ഖു൪ആന്‍:4/166)
ഈ അറിവിൽ നിന്ന് കാലം കുറെ അകന്നപ്പോൾ, പലരുടെയും അവസ്ഥ ഇങ്ങനെയായിത്തീർന്നു: അവർ തങ്ങളുടെ ചിന്തകളിൽ വരുന്ന വെറും തോന്നലുകളെയും മനസ്സിനു തോന്നുന്ന ആശയങ്ങളെയും അഭിപ്രായങ്ങളെയും അറിവായി സ്വീകരിച്ചു. അവയെക്കുറിച്ച് പുസ്തകങ്ങൾ രചിച്ചു, അതിനായി തങ്ങളുടെ ഊർജ്ജം ചെലവഴിച്ചു, തങ്ങളുടെ സമയം പാഴാക്കി. കടലാസുകളിൽ മഷി നിറയ്ക്കുകയും ഹൃദയങ്ങളിൽ കറുപ്പ് (അജ്ഞതയും പാപവും) പടർത്തുകയും ചെയ്തു. ഖുർആനിലും സുന്നത്തിലും യാതൊരു അറിവുമില്ലെന്നും, അവയിലെ തെളിവുകൾ വെറും വാചികമായതുകൊണ്ട് (അവയൊന്നും) യഥാർത്ഥ അറിവോ ഉറപ്പോ നൽകുന്നില്ലെന്നും അവരിൽ പലരും പരസ്യമായി പ്രഖ്യാപിക്കുന്ന അവസ്ഥയിലെത്തി. പിശാച് അവരിലൂടെ ഈ വാക്ക് ഉറക്കെ വിളിച്ച് പറയുകയും അവർക്കിടയിൽ അത് പ്രചരിപ്പിക്കുകയും ചെയ്തു. ഒടുവിൽ ദൂരെയുള്ളവർക്കും അടുത്തുള്ളവർക്കും അത് കേൾക്കാൻ സാധിച്ചു. അങ്ങനെ, പാമ്പ് തന്റെ തൊലിയിൽ നിന്ന് പുറത്തുകടക്കുന്നതുപോലെയും, മനുഷ്യൻ വസ്ത്രം അഴിച്ചുവെക്കുന്നതുപോലെയും അവരുടെ ഹൃദയങ്ങളിൽ നിന്ന് അറിവും ഈമാനും (വിശ്വാസം) പൂർണ്ണമായും കൊഴിഞ്ഞുപോയി. (الفوائد لابن القيم ص151-152)
www.kanzululoom.com