ഹൃദയകാഠിന്യം ഒരു ശിക്ഷയാണ്, എന്തുതരം ശിക്ഷ! ഒരു വിപത്താണ്, എന്തുതരം വിപത്ത്! അടിമ തന്റെ കൈകൾ കൊണ്ട് ചെയ്തതിന് പ്രതിഫലമായി നൽകപ്പെടുന്നതാണത്.
മാലിക് ബ്നു ദീനാർ رَحِمَهُ اللَّهُ പറഞ്ഞു: “ഹൃദയകാഠിന്യത്തേക്കാൾ വലിയൊരു ശിക്ഷ കൊണ്ട് ഒരടിമയും പരീക്ഷിക്കപ്പെട്ടിട്ടില്ല.” (അഹ്‌മദ് അസ്സുഹ്ദിൽ (259), ഇബ്നു അബിദ്ദുൻയാ അൽ-ഉഖൂബാത്തിൽ (67), അബൂ നുഐം അൽ-ഹിൽയയിൽ (6/287), ഇബ്നു അബ്ദിൽ ബർറ് ജാമിഉ ബയാനിൽ ഇൽമ് വ ഫള്ലിഹിയിൽ (1/646) ഉദ്ധരിച്ചത്).
ഹുദൈഫ അൽ-മർഅശി رَحِمَهُ اللَّهُ പറഞ്ഞു: “ഹൃദയകാഠിന്യത്തേക്കാൾ വലിയൊരു വിപത്ത് ഒരാൾക്കും ബാധിച്ചിട്ടില്ല.” (അബൂ നുഐം അൽ-ഹിൽയയിൽ (8/269) ഉദ്ധരിച്ചത്).
ഹൃദയം കഠിനമായവൻ തന്റെ ഹൃദയകാഠിന്യം അറിയാതിരിക്കുമ്പോൾ വിപത്ത് വർധിക്കുന്നു! അല്ലാഹുവാണ് സഹായം തേടപ്പെടേണ്ടവൻ.
അല്ലാഹു ഹൃദയം കഠിനമായവരെ ആക്ഷേപിച്ചുകൊണ്ട് പറഞ്ഞു:
ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً
പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. (ഖുർആൻ:2/74)
أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ
സത്യവിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. (ഖു൪ആന്‍:57/16)
അവൻ അവർക്ക് താക്കീത് നൽകി:
فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ
എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ. (ഖുർആൻ:39/22)
ഈ ആയത്തിൽ വഴികേടും ഹൃദയകാഠിന്യവും തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക.
ഹൃദയകാഠിന്യം എന്നാൽ അതിൽ നിന്ന് ലോലതയും, കാരുണ്യവും, ഭക്തിയും നഷ്ടപ്പെടലാണ്.
കഠിനമായ ഹൃദയം ഉണങ്ങിയതും, ഉറച്ചതും, കല്ലുപോലുള്ളതും, പരുഷവും, നിർദ്ദയവുമാണ്. അത് സത്യത്തെയോ സംസ്കരണത്തെയോ സ്വീകരിക്കുകയില്ല. ഉപദേശങ്ങൾ അതിൽ സ്വാധീനം ചെലുത്തുകയില്ല. അറിവ് കൊണ്ട് അതിന് പ്രയോജനം ലഭിക്കുകയില്ല. അത് ഉറച്ച ഭൂമി പോലെയാണ്; എത്ര മഴ പെയ്താലും, എത്ര വിത്ത് വിതച്ചാലും ഒന്നും മുളപ്പിക്കുകയില്ല!
ഹൃദയം ദുഷിച്ചാൽ ഉപദേശം പ്രയോജനം ചെയ്യില്ല, ഭൂമി ഉപ്പുമണ്ണായാൽ മഴ അതിന് ജീവൻ നൽകില്ല. (ഇബ്നു അബ്ദിൽ ബർറ് ജാമിഉ ബയാനിൽ ഇൽമ് വ ഫള്ലിഹിയിൽ (1/700) ഇത് ഇബ്നു ആയിശയിലേക്ക് ചേർത്ത് പറയുന്നു).
ഹൃദയം കഠിനമായാൽ അല്ലാഹുവിനെ ഭയന്ന് കരയുന്നതിൽ നിന്ന് കണ്ണ് വരണ്ടുപോകും. അവയവങ്ങൾ അവനെ അനുസരിക്കുന്നതിൽ മടി കാണിക്കും. അല്ലാഹുവിൽ നിന്ന് ഏറ്റവും അകന്ന ഹൃദയം കഠിനമായ ഹൃദയമാണ്!
മാലിക് ബ്നു ദീനാർ رَحِمَهُ اللَّهُ പറഞ്ഞു: “നാല് കാര്യങ്ങൾ ദുരിതത്തിന്റെ അടയാളമാണ്: ഹൃദയകാഠിന്യം, കണ്ണ് വരളൽ, ദീർഘമായ പ്രതീക്ഷ, ദുനിയാവിനോടുള്ള ആർത്തി.” (ഇബ്നുൽ അഅ്റാബി അസ്സുഹ്ദിൽ (47) ഉദ്ധരിച്ചത്).
ഹൃദയകാഠിന്യത്തിന് കാരണങ്ങൾ നിരവധിയാണ്:
അതിലൊന്ന്: അല്ലാഹുവുമായുള്ള കരാർ ലംഘിക്കലാണ്. അവൻ പറയുന്നു:
فَبِمَا نَقْضِهِم مِّيثَٰقَهُمْ لَعَنَّٰهُمْ وَجَعَلْنَا قُلُوبَهُمْ قَٰسِيَةً
അങ്ങനെ അവര്‍ കരാര്‍ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. (ഖു൪ആന്‍:5/13)
ഇബ്നു അഖീൽ അൽ-ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു: ഹൃദയത്തിൽ കാഠിന്യം അനുഭവിക്കുന്നവനേ, നീ ഒരു കരാർ ലംഘിച്ചിട്ടുണ്ടോ എന്ന് സൂക്ഷിക്കുക. കാരണം അല്ലാഹു പറയുന്നു: ‘അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി… (മജ്മൂഉ റസാഇൽ ഇബ്നു റജബ് 1/261).
അതിലൊന്ന്: അധികമായ സംസാരവും ചിരിയുമാണ്. തിർമിദിയിൽ നബി ﷺ പറഞ്ഞതായി വന്നിരിക്കുന്നു:
وَلاَ تُكْثِرِ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ
നീ അധികം ചിരിക്കരുത്. കാരണം അധികമായ ചിരി ഹൃദയത്തെ മരിപ്പിക്കും. (തിർമിദി 2305, ഇബ്നു മാജ 4193, അഹ്‌മദ് 8095).
അതിലൊന്ന്: അധികമായ ഭക്ഷണമാണ്, പ്രത്യേകിച്ചും അത് സംശയകരമായതോ ഹറാമായതോ ആണെങ്കിൽ.
ബിശ്രു ബ്നുൽ ഹാരിസ് رَحِمَهُ اللَّهُ പറഞ്ഞു: രണ്ട് കാര്യങ്ങൾ ഹൃദയത്തെ കഠിനമാക്കും: അധികമായ സംസാരം, അധികമായ ഭക്ഷണം. (അബൂ നുഐം അൽ-ഹിൽയയിൽ (8/305) ഉദ്ധരിച്ചത്).
ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ഹൃദയകാഠിന്യം നാല് കാര്യങ്ങളിൽ നിന്നാണ്, അവ ആവശ്യത്തിന്റെ പരിധി വിട്ടാൽ: ഭക്ഷണം, ഉറക്കം, സംസാരം, കൂടിക്കലരൽ. (അൽ-ഫവാഇദ് 97)
അതിലൊന്ന് – മറിച്ച്, അതിൽ ഏറ്റവും വലുത് – പാപങ്ങളാണ്. അല്ലാഹു പറയുന്നു:
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. (ഖു൪ആന്‍:83/14)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ” إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ : {كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, ഒരടിമ ഒരു പാപം ചെയ്താൽ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴും. അവൻ അത് ഉപേക്ഷിക്കുകയും, ഇസ്തിഗ്ഫാർ ചെയ്യുകയും, തൗബ ചെയ്യുകയും ചെയ്താൽ അവന്റെ ഹൃദയം മിനുക്കപ്പെടും. അവൻ വീണ്ടും പാപം ചെയ്താൽ അത് വർധിക്കും, അങ്ങനെ അത് അവന്റെ ഹൃദയത്തെ മൂടും. അതാണ് അല്ലാഹു പറഞ്ഞ ‘കറ’ (റാൻ). {അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. 83/14} (തിർമിദി 3334, ഇബ്നു മാജ 4244, അഹ്‌മദ് 7952).
സലഫുകളിൽ ചിലർ പറഞ്ഞു: “ഹൃദയത്തിൽ പാപങ്ങൾ കുറഞ്ഞാൽ അതിന്റെ കണ്ണുനീർ വേഗത്തിലാകും.” (മജ്മൂഉ റസാഇൽ ഇബ്നു റജബ് 1/262).
ഇതേ ആശയത്തിൽ ഇബ്നുൽ മുബാറക് رَحِمَهُ اللَّهُ പറയുന്നു: പാപങ്ങൾ ഹൃദയങ്ങളെ മരിപ്പിക്കുന്നത് ഞാൻ കണ്ടു, അതിൽ സ്ഥിരമായിരിക്കുന്നത് നിനക്ക് നിന്ദ്യത വരുത്തിവെക്കും. പാപങ്ങൾ ഉപേക്ഷിക്കുന്നത് ഹൃദയങ്ങളുടെ ജീവിതമാണ്, നിന്റെ ആത്മാവിന് നല്ലത് അതിനെ (പാപങ്ങളെ) ധിക്കരിക്കലാണ്. (ജാമിഉ ബയാനിൽ ഇൽമ് വ ഫള്ലിഹി 1/637).
എന്നാൽ കാഠിന്യം നീക്കുന്ന കാര്യങ്ങളും നിരവധിയാണ്:
അതിലൊന്ന്: അല്ലാഹുവിനെ അധികമായി സ്മരിക്കലാണ്. അതായത്, ഹൃദയവും നാവും ഒരുമിക്കുന്ന ദിക്ർ.
അല്ലാഹുവിന്റെ ദിക്ർ പോലെ ഹൃദയകാഠിന്യം ഉരുക്കിക്കളയുന്ന മറ്റൊന്നുമില്ല. തന്റെ റബ്ബിന്റെ ദിക്ർ കൊണ്ട് ഹൃദയത്തെ ചികിത്സിച്ചവൻ, അതിന്റെ ജീവിതവും ലോലതയും കണ്ടെത്തും.
ഒരാൾ ഹസനുൽ ബസ്വരിയോട് رَحِمَهُ اللَّهُ പറഞ്ഞു: “അബൂ സഈദ്, എന്റെ ഹൃദയകാഠിന്യത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പരാതിപ്പെടുന്നു!” അദ്ദേഹം പറഞ്ഞു: “ദിക്ർ കൊണ്ട് അതിനെ ഉരുക്കുക.” (റൗളത്തുൽ മുഹിബ്ബീൻ 167, അൽ-വാബിലു സ്സ്വയ്യിബ് 71).
കാരണം, ഹൃദയത്തിൽ അശ്രദ്ധ വർധിക്കുന്തോറും കാഠിന്യവും വർധിക്കും. അല്ലാഹുവിനെ സ്മരിക്കുമ്പോൾ, ഈയം തീയിൽ ഉരുകുന്നത് പോലെ ആ കാഠിന്യം ഉരുകിപ്പോകും.
ചില പണ്ഡിതന്മാർ പറഞ്ഞു: ഈ ഹൃദയങ്ങളെ ലോലമാക്കുന്നതിനും, സത്യത്തിലേക്ക് ശക്തമായി ആകർഷിക്കുന്നതിനും, ചിന്തിച്ചുകൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നതിനേക്കാൾ നല്ലതൊന്നും ഞങ്ങൾ കണ്ടിട്ടില്ല. (മജ്മൂഉ റസാഇൽ ഇബ്നു റജബ് 1/263).
ദിക്ർ കൊണ്ട് ഹൃദയകാഠിന്യം നീക്കുന്നതിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ ഈ വചനങ്ങളാണ്:
ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﺗَﻄْﻤَﺌِﻦُّ ﻗُﻠُﻮﺑُﻬُﻢ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ۗ ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ
അതായത് വിശ്വസിക്കുകയും അല്ലാഹുവിനെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവ൪. അറിയുക, അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (ഖു൪ആന്‍:13/28)
ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ
അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. (ഖു൪ആന്‍:39/23)
അതിലൊന്ന്: യത്തീമുകളോടും പാവങ്ങളോടും നന്മ ചെയ്യലാണ്.
أَنَّ رَجُلًا شَكَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَسْوَةَ قَلْبِهِ، فَقَالَ لَهُ: ” إِنْ أَرَدْتَ تَلْيِينَ قَلْبِكَ، فَأَطْعِمْ الْمِسْكِينَ، وَامْسَحْ رَأْسَ الْيَتِيمِ” .
ഒരാൾ റസൂലുള്ളാഹിയോട് ﷺ തന്റെ ഹൃദയകാഠിന്യത്തെക്കുറിച്ച് പരാതിപ്പെട്ടു. അവിടുന്ന് ﷺ പറഞ്ഞു: “നിന്റെ ഹൃദയം ലോലമാകാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, പാവപ്പെട്ടവന് ഭക്ഷണം നൽകുകയും യത്തീമിന്റെ തലയിൽ തടവുകയും ചെയ്യുക.” (അഹ്‌മദ് 7576).
ഒരാൾ ഇമാം അഹ്‌മദിനോട് رَحِمَهُ اللَّهُ ചോദിച്ചു: “എന്റെ ഹൃദയം എങ്ങനെ ലോലമാകും?” അദ്ദേഹം പറഞ്ഞു: “ഖബർസ്ഥാനിൽ പ്രവേശിക്കുക, യത്തീമിന്റെ തലയിൽ തടവുക.” (മജ്മൂഉ റസാഇൽ ഇബ്നു റജബ് 1/265).
അതിലൊന്ന്: മരണത്തെ അധികമായി ഓർക്കലാണ്. സഈദ് ബ്നു ജുബൈർ, റബീഅ് ബ്നു അബീ റാശിദ് തുടങ്ങിയ പല സലഫുകളും പറയുമായിരുന്നു: “ഒരു നിമിഷം മരണസ്മരണ ഞങ്ങളുടെ ഹൃദയങ്ങളെ വിട്ടുപിരിഞ്ഞാൽ ഞങ്ങളുടെ ഹൃദയങ്ങൾ ദുഷിച്ചുപോകുമായിരുന്നു.” (മജ്മൂഉ റസാഇൽ ഇബ്നു റജബ് 1/265).
അതിലൊന്ന്: ഖബർ സന്ദർശിക്കുകയും, അവിടത്തുകാരുടെ അവസ്ഥയെയും അവരുടെ പര്യവസാനത്തെയും കുറിച്ച് ചിന്തിക്കുകയുമാണ്. നബി ﷺ പറഞ്ഞു:
فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ
നിങ്ങൾ ഖബറുകൾ സന്ദർശിക്കുക. കാരണം അത് മരണത്തെ ഓർമ്മിപ്പിക്കും. (മുസ്‌ലിം: 976).
അവിടുന്ന് ﷺ പറഞ്ഞു:
– كنتُ نهيتُكم عن زيارَةِ القبورِ ألا فزورُوها ، فإِنَّها تُرِقُّ القلْبَ ، و تُدْمِعُ العينَ ، وتُذَكِّرُ الآخرةَ ، ولا تقولوا هُجْرًا
ഞാൻ നിങ്ങളെ ഖബർ സന്ദർശനത്തിൽ നിന്ന് വിലക്കിയിരുന്നു. പിന്നീട് എനിക്ക് തോന്നി, അത് ഹൃദയത്തെ ലോലമാക്കുകയും, കണ്ണിനെ കരയിപ്പിക്കുകയും, ആഖിറത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുമെന്ന്. അതിനാൽ നിങ്ങൾ അത് സന്ദർശിക്കുക, എന്നാൽ അനാവശ്യം പറയരുത്.” (അഹ്‌മദ് 13487)
പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ
قواعد في فقه القلوب ൽ നിന്നും എടുത്തത്.
www.kanzululoom.com