റമദാൻ മാസത്തിന്റെ ആഗമനം, നാം അതിനെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ വരവേൽക്കേണ്ടതുണ്ടെന്ന് നമ്മോട് ആവശ്യപ്പെടുന്നു. റമദാനിനെ സ്വീകരിക്കുന്നതിൽ ഒരു വ്യക്തിക്ക് ഉപകാരം ലഭിക്കുന്നത് പ്രധാനമായും നാല് അടിസ്ഥാന കാര്യങ്ങളെ (അസ്വ്ലുകൾ) കേന്ദ്രീകരിച്ചാണുളളത്.
ഒന്നാമത്തെ അടിസ്ഥാനം: റമദാനിന് മുമ്പുള്ള പ്രാർത്ഥന (ദുആ)
അല്ലാഹു ﷻ പറയുന്നു:
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഖുർആൻ:40/60)
നബി ﷺ പറഞ്ഞു:
الدُّعَاءُ هُوَ الْعِبَادَةُ
പ്രാർത്ഥന, അത് തന്നെയാണ് ആരാധന. (തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ)
റമദാനിനെ വരവേൽക്കുന്ന വിഷയത്തിൽ പ്രയോജനകരമായ പ്രാർത്ഥന മൂന്ന് തരത്തിലുണ്ട്:
റമദാൻ മാസത്തെ പ്രാപിക്കുവാനുള്ള പ്രാർത്ഥന:
അടിമ തന്റെ രക്ഷിതാവിനോട് തന്നെ റമദാനിൽ എത്തിക്കേണമേ എന്ന് പ്രാർത്ഥിക്കുക. അവൻ അല്ലാഹുവിനോട് ഇപ്രകാരം ചോദിക്കുന്നു:
اللَّهُمَّ بَلِّغْنَا رَمَضَانَ
അല്ലാഹുമ്മ ബല്ലിഗ്നാ റമദാൻ
അല്ലാഹുവേ, ഞങ്ങളെ നീ റമദാനിൽ എത്തിക്കേണമേ.”
സൽക്കർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് ലഭിക്കുന്നതിനുള്ള പ്രാർത്ഥന:
റമദാനിൽ സൽക്കർമ്മങ്ങൾ ചെയ്യാൻ ഉതകുന്ന രൂപത്തിൽ തനിക്ക് വിജയം നൽകണേ എന്ന് അടിമ റബ്ബിനോട് തേടുന്നു. അവൻ പ്രാർത്ഥിക്കുന്നു:
اللَّهُمَّ أَعِنَّا فِيهِ عَلَى الصِّيَامِ وَالْقِيَامِ، وَمَا تُحِبُّ مِنْ سَائِرِ الْأَعْمَالِ
അല്ലാഹുമ്മ അഇന്നാ ഫീഹി അല-സ്സിയാമി വൽ-ഖിയാമി, വമാ തുഹിബ്ബു മിൻ സാഇരിൽ അഅ്മാൽ
അല്ലാഹുവേ, അതിൽ നോമ്പ് നോൽക്കാനും നമസ്കരിക്കാനും നീ ഇഷ്ടപ്പെടുന്ന മറ്റ് സൽക്കർമ്മങ്ങൾ ചെയ്യാനും ഞങ്ങളെ നീ സഹായിക്കേണമേ.”
കർമ്മങ്ങൾ സ്വീകരിക്കപ്പെടുവാനും നരകമോചനം ലഭിക്കുവാനുമുള്ള പ്രാർത്ഥന:
തന്നെ സൽക്കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്നും, നരകത്തിൽ നിന്നുള്ള മോചനം നൽകി പര്യവസാനിപ്പിക്കണമെന്നും അടിമ തന്റെ രക്ഷിതാവിനോട് തേടുന്നു. അവൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു:
اللَّهُمَّ اجْعَلْنَا فِي رَمَضَانَ مِنَ الْمُتَقَبَّلِينَ، وَاخْتِمْ لَنَا بِالْعِتْقِ مِنَ النِّيرَانِ
അല്ലാഹുമ്മ ജ്അൽനാ ഫീ റമദാന മിനൽ-മുതഖബ്ബലീൻ, വഖ്തിം ലനാ ബിൽ-ഇത്ഖി മിന-ന്നീറാൻ
അല്ലാഹുവേ, റമദാനിൽ ഞങ്ങളെ നീ സൽക്കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നവരിൽ ഉൾപ്പെടുത്തുകയും, നരകമോചനം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ.”
രണ്ടാമത്തെ അടിസ്ഥാനം: സൽക്കർമ്മങ്ങൾ ചെയ്യണമെന്ന നിർമലമായ നിയ്യത്തോടുകൂടി (ഉദ്ദേശ്യം) റമദാനിനെ സ്വീകരിക്കുക
റമദാനിൽ താൻ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുമെന്ന് അടിമ തന്റെ ഹൃദയത്തിൽ ഉറപ്പിക്കുക. അല്ലാഹു ﷻ പറയുന്നു:
قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
പറയുക: നിങ്ങളുടെ മതകാര്യത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖുർആൻ:49/16)
നബി ﷺ പറഞ്ഞു:
إِنَّمَا الْأَعْمَالُ بِالنِّيَّاتِ
തീർച്ചയായും പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങൾക്കനുസരിച്ചാണ്. (ബുഖാരി, മുസ്ലിം)
ഇമാം അഹ്മദ് رَحِمَهُ اللَّهُ തന്റെ മകൻ അബ്ദുല്ലാഹിനോട് ഇപ്രകാരം പറയാറുണ്ടായിരുന്നു:
يَا عَبْدَ اللَّهِ، انْوِ الْخَيْرَ؛ فَإِنَّكَ وَإِنْ لَمْ تَعْمَلْ، فَنِيَّةُ الْخَيْرِ لَكَ عَمَلٌ
ഹേ അബ്ദുല്ലാഹ്, നീ നന്മ ചെയ്യാൻ ഉദ്ദേശിക്കുക; കാരണം നീ പ്രവർത്തിച്ചില്ലെങ്കിൽ പോലും നന്മ ചെയ്യാനുള്ള നിയ്യത്ത് നിനക്ക് ഒരു കർമ്മമായി (രേഖപ്പെടുത്തപ്പെടും).
റമദാനിനെ വരവേൽക്കുന്നതിലെ പ്രയോജനകരമായ നിയ്യത്ത് രണ്ട് വിധത്തിലുണ്ട്:
പൊതുവായ നിയ്യത്ത് (നിയ്യത്ത് മുജ്മല): ഈ മാസത്തിൽ ധാരാളം നന്മകൾ അധികരിപ്പിക്കുമെന്ന് കരുതുക.
വിശദമായ നിയ്യത്ത് (നിയ്യത്ത് മുഫസ്വല): നോമ്പ്, നമസ്കാരം, ഖുർആൻ പാരായണം, ദാനധർമ്മം, നന്മ ചെയ്യൽ എന്നിങ്ങനെ താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കർമ്മങ്ങളെ അടിമ തന്റെ ഹൃദയത്തിൽ കൃത്യമായി നിർണ്ണയിച്ചു ഉറപ്പിക്കുക.
മൂന്നാമത്തെ അടിസ്ഥാനം: സൽക്കർമ്മങ്ങളുടെ ഗുണം തനിക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന ബോധ്യം നൽകിക്കൊണ്ട് അടിമ തന്നെത്തന്നെ സജ്ജമാക്കുക
അതിൽ ചെയ്യുന്ന സൽക്കർമ്മങ്ങളുടെ പ്രയോജനം തനിക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് മനസ്സിനെ ബോധ്യപ്പെടുത്തുക. അതിനാൽ അല്ലാഹു ﷻ അവന് നൽകിയ വിശാലമായ സൗകര്യങ്ങളും, ആയുസ്സും, അവശേഷിക്കുന്ന ശാരീരിക ശേഷിയും സൽക്കർമ്മങ്ങളിൽ ഉപയോഗപ്പെടുത്താൻ അവൻ ശ്രദ്ധിക്കണം.
താഴെ പറയുന്ന അല്ലാഹുവിന്റെ വചനങ്ങൾ അതിലേക്ക് അവനെ പ്രചോദിപ്പിക്കുന്നു:
مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ
വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അത് അവന് തന്നെയാകുന്നു ഗുണകരമാകുന്നത്; വല്ലവനും തിന്മപ്രവര്ത്തിച്ചാല് അതിന്റെ ദോഷവും അവന് തന്നെ. (ഖുർആൻ:41/46)
فَمَنْ أَبْصَرَ فَلِنَفْسِهِ ۖ وَمَنْ عَمِيَ فَعَلَيْهَا
ആകയാൽ വല്ലവനും (സത്യം) കണ്ടറിഞ്ഞാൽ അത് അവന് തന്നെ ഗുണകരമാണ്. വല്ലവനും അന്ധത നടിച്ചാൽ അത് അവന് തന്നെ ദോഷകരമാണ്. (ഖുർആൻ:6/104)
قَدْ أَفْلَحَ مَن زَكَّىٰهَا ﴿٩﴾ وَقَدْ خَابَ مَن دَسَّىٰهَا ﴿١٠﴾
തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന് വിജയം വരിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്തു. (ഖു൪ആന്‍: 91/9-10)
مَّنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا
വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന് നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന് വഴിപിഴച്ചു പോകുന്നത്. (ഖു൪ആന്‍: 17/15)
അല്ലാഹു അനുഗ്രഹിക്കട്ടെ, നിങ്ങൾ മനസ്സിലാക്കുക: നന്മ ചെയ്യുന്നത് തനിക്ക് തന്നെയാണ് ഗുണകരമാവുക എന്നും, തിന്മ പ്രവർത്തിച്ചാൽ അതിന്റെ ദോഷം തനിക്ക് തന്നെയാണെന്നും ബോധ്യപ്പെടുത്തിക്കൊണ്ട് അടിമ ഉറച്ച തീരുമാനമെടുത്താൽ, റമദാനിലെ സമയങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ അത് അവനെ പ്രേരിപ്പിക്കും. ആ നിയ്യത്ത് അവനെ തിന്മകളിൽ നിന്ന് തടയുന്ന ശക്തമായ ഒരു കോട്ടയായി മാറുകയും ചെയ്യും.
നാലാമത്തെ അടിസ്ഥാനം: നോമ്പിന്റെ വിധികൾ മനസ്സിലാക്കിക്കൊണ്ട് റമദാനിനായി തയ്യാറെടുക്കുക
അല്ലാഹു ﷻ പറയുന്നു:
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ
സദ്വൃത്തനായിക്കൊണ്ട് (മുഹ്സിൻ) തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും… ചെയ്തവനെക്കാള്‍ ഉത്തമമതക്കാരന്‍ ആരുണ്ട്? (ഖു൪ആന്‍: 4/125)
അതായത്, ആത്മാർത്ഥമായി അല്ലാഹുവിന് കീഴ്പ്പെടുകയും, തന്റെ മതകാര്യങ്ങളിൽ ‘മുഹ്സിൻ’ (നന്മ ചെയ്യുന്നവൻ) ആവുകയും ചെയ്തവനേക്കാൾ ഉത്തമമായ മതമുള്ളവനായി ആരുമില്ല. മതകാര്യങ്ങളിലെ ‘ഇഹ്സാൻ’ (നന്മ) എന്നത് നബി ﷺ യുടെ ചര്യക്ക് (സുന്നത്ത്) അനുസൃതമായി വഴിനടക്കലാണ്.
റമദാനിലേക്ക് പ്രവേശിക്കുന്നവൻ റമദാനിലെ മതപരമായ വിധികൾ (ശർഈ അഹ്കാമുകൾ) സ്വയം പഠിക്കേണ്ടതുണ്ട്. അവൻ നോമ്പുമായും മറ്റും ബന്ധപ്പെട്ട വിധികൾ പഠിക്കണം. അങ്ങനെ പ്രവർത്തിക്കുമ്പോൾ അവന്റെ കർമ്മം ശരിയായ രൂപത്തിലാകും. കാരണം, ഒരു അടിമ തനിക്ക് നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട അറിവ് നേടിയിരിക്കൽ നിർബന്ധമാണ്. ആർക്കാണോ റമദാൻ നോമ്പ് നിർബന്ധമായിട്ടുള്ളത്, അവന് നോമ്പുമായി ബന്ധപ്പെട്ട വിധികൾ പഠിക്കലും നിർബന്ധമാണ്.
ശൈഖ് സ്വാലിഹ് അൽ ഉസ്വൈമി حَفِظَهُ اللَّهُ
വിവര്‍ത്തനം : മുഹമ്മദ് അമീൻ
www.kanzululoom.com