പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത ഈ ഓർമ്മപ്പെടുത്തൽ, മര്യാദയുള്ളവന് ഒരു പ്രോത്സാഹനവും ബുദ്ധിയുള്ളവന് ഒരു ഉണർത്തലുമായിരിക്കും.
മറ്റുള്ളവരുമായി ഉപയോഗിക്കാൻ നല്ലതായ ചില പൊതുവായ മര്യാദകളുമുണ്ട്, അവയിൽ ചിലത്:
• ആരെങ്കിലും തന്റെ പെരുമാറ്റം നേരെയാക്കാനും ഇടപാടുകൾ നന്നാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ശ്രേഷ്ഠതയും ദീനും സ്വഭാവവുമുള്ളവരുമായി സഹവസിക്കട്ടെ. കാരണം, കൂട്ടുകാരൻ സ്വാധീനിക്കുന്നവനാണ്.
• അവൻ ബുദ്ധിയും വിവേകവുമുള്ളവരുമായി കൂടിയാലോചന നടത്തട്ടെ. അപ്പോൾ അവന് നേർവഴിയോ അതിനോട് അടുത്ത കാര്യങ്ങളോ നഷ്ടപ്പെടുകയില്ല. കാരണം, ബുദ്ധിയുള്ളവനുമായി നീ കൂടിയാലോചന നടത്തിയാൽ, അവൻ നിനക്ക് അവന്റെ ബുദ്ധിയുടെ സത്തും, അവന്റെ അഭിപ്രായത്തിന്റെ തെളിമയും, അവന്റെ കാഴ്ചപ്പാടിന്റെ ആത്മാർത്ഥതയും നൽകും.
ഒരു ദിവസം നിനക്കൊരു വിപത്ത് വന്നാൽ മറ്റൊരാളോട് കൂടിയാലോചന നടത്തുക, നീ കൂടിയാലോചന നടത്തുന്നവരുടെ കൂട്ടത്തിലാണെങ്കിലും. കണ്ണ് അടുത്തതും അകലെയുള്ളതും നേരിട്ട് കാണുന്നു, എന്നാൽ കണ്ണാടിയിലല്ലാതെ അതിന് സ്വയം കാണാനാവില്ല.
ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “ഒറ്റപ്പെട്ട അഭിപ്രായം കൊണ്ട് കാര്യങ്ങൾ നേടാനാവില്ല. അതിനാൽ, കഠിനാധ്വാനം ചെയ്യുന്നവൻ വിശ്രമിക്കുന്നവന്റെയും, തിരക്കുള്ളവൻ ഒഴിവുള്ളവന്റെയും സഹായം തേടട്ടെ.”
• നിന്റെ മുകളിലുള്ളവരെ ബഹുമാനിക്കാനും, നിന്റെ താഴെയുള്ളവരോട് സൗമ്യത കാണിക്കാനും, നിന്റെ സമപ്രായക്കാരോട് നല്ലരീതിയിൽ പെരുമാറാനും നീ ശ്രദ്ധിക്കുക.
• അഹങ്കാരി പ്രശംസിക്കപ്പെടുന്നവനായും, കോപിഷ്ഠൻ സന്തോഷവാനായും, അത്യാഗ്രഹി ധനികനായും, മുഷിപ്പൻ സ്വഭാവമുള്ളവൻ കൂട്ടുകാരുള്ളവനായും കാണപ്പെടുകയില്ലെന്ന് നീ അറിയുക.
• അറിവില്ലാത്ത വിഡ്ഢിയുമായി സഹവസിക്കുന്നത് സൂക്ഷിക്കുക. അവൻ അവന്റെ സ്വന്തം ശത്രുവാണ്, പിന്നെങ്ങനെ മറ്റൊരാളുടെ മിത്രമാകും?!
• പറയാത്തത് ചെയ്യുന്നതാണ്, ചെയ്യാത്തത് പറയുന്നതിനേക്കാൾ നിന്നോട് അടുത്തതെന്ന് ജനങ്ങൾ നിന്നെക്കുറിച്ച് അറിയട്ടെ.
• നിനക്ക് ഒഴികഴിവ് കണ്ടെത്താൻ ഇഷ്ടപ്പെടുന്നവനോടല്ലാതെ ഒഴികഴിവ് പറയാൻ നീ ആഗ്രഹിക്കരുത്. ആരെങ്കിലും നിന്നോട് ഒഴികഴിവ് പറഞ്ഞാൽ, പ്രസന്നമായ മുഖത്തോടെ അവനെ സ്വീകരിക്കുക. (ബന്ധം മുറിക്കുന്നത് ഒരു നേട്ടമായി കണക്കാക്കപ്പെടുന്നവനൊഴികെ!).
• നിനക്ക് ഒരാളുടെ മേൽ എന്തെങ്കിലും സഹായം ചെയ്യാനോ ഒരു നന്മ ചെയ്യാനോ സാധിച്ചാൽ, അത് മറച്ചുവെച്ചുകൊണ്ട് അതിനെ സജീവമാക്കാനും, അതിനെ നിസ്സാരമായി കാണുന്നതിലൂടെ അതിനെ മഹത്തരമാക്കാനും നീ ശ്രമിക്കുക.
• സദസ്സിലും, സ്ഥാനത്തും, സംസാരത്തിലുമെല്ലാം നിന്റെ സ്ഥാനത്തേക്കാൾ ഒരു പടി താഴെ സ്വയം നിൽക്കാൻ നിനക്ക് സാധിക്കുമെങ്കിൽ, അപ്രകാരം ചെയ്യുക.
• ഗൗരവമുള്ളവനും ദൃഢനിശ്ചയമുള്ളവനുമായിരിക്കുക.
• നിന്റെ മേൽ കാര്യങ്ങൾ കുന്നുകൂടുമ്പോൾ, അതിൽ നിന്ന് ഒഴിഞ്ഞുമാറിയും ഓരോ ദിവസവും അതിനെ നീട്ടിവെച്ചും ആശ്വാസം കണ്ടെത്താൻ ശ്രമിക്കരുത്. കാരണം, അത് പൂർത്തിയാക്കുന്നതിലല്ലാതെ നിനക്ക് ആശ്വാസമില്ല.
• ഏറ്റവും പ്രധാനപ്പെട്ടതിൽ നിന്ന് തുടങ്ങുക, പിന്നെ അതിന് ശേഷമുള്ളത്. അപ്രധാനമായ കാര്യങ്ങളിൽ മുഴുകുന്നത് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ദോഷകരമാണെന്ന് നീ അറിയുക. മതിയായ കാര്യത്തിൽ പ്രയാസപ്പെടുന്നവൻ, ഏൽപ്പിക്കപ്പെട്ട കാര്യം നഷ്ടപ്പെടുത്തും.
• വിവേകികൾ പറഞ്ഞു: “ആരെങ്കിലും തന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും, തന്റെ പ്രവൃത്തികളിൽ ദൃഢനിശ്ചയം കാണിക്കുകയും, തന്റെ വിധികളിൽ നീതി പാലിക്കുകയും, തന്റെ സമൃദ്ധിയിലും ദാരിദ്ര്യത്തിലും മിതത്വം പാലിക്കുകയും ചെയ്താൽ, അവന് പൂർണ്ണമായ നന്മ നൽകപ്പെട്ടിരിക്കുന്നു.”
• ഒരേ സമയം ജനങ്ങളിലേക്ക് ആവശ്യക്കാരനാകാനും അവരിൽ നിന്ന് ഐശ്വര്യവാനാകാനും നിനക്ക് സാധിക്കുമെങ്കിൽ, അപ്രകാരം ചെയ്യുക.
ജനങ്ങളിലേക്കുള്ള നിന്റെ ആവശ്യം, നിന്റെ സൗമ്യമായ വാക്കും നല്ല പെരുമാറ്റവുമാണ്.
അവരിൽ നിന്നുള്ള നിന്റെ ഐശ്വര്യം, നിന്റെ പ്രതാപം നിലനിർത്തിക്കൊണ്ടും അവരോട് ആവശ്യപ്പെടാതിരുന്നുകൊണ്ടുമാണ്.
• ശ്രേഷ്ഠരായവരെ പിൻപറ്റാനും, ബുദ്ധിയും കുലീനതയുമുള്ളവരെ മാതൃകയാക്കാനും നീ ശ്രദ്ധിക്കുക. കുറവും അറിവില്ലായ്മയുമുള്ളവരുടെ വിഡ്ഢിത്തങ്ങൾ ഒഴിവാക്കുക. അതുവഴി നീ നല്ല സ്വഭാവങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടുകയും, ശ്രേഷ്ഠതയുടെ രംഗത്ത് മുന്നേറുകയും ചെയ്യും.
• ‘തഗാഫുൽ’ (التغافل) ഒരു ശ്രേഷ്ഠമായ സ്വഭാവമാണ്. അതായത്, ശറഇനോട് എതിരാകാത്ത പക്ഷം സഹോദരന്മാരുടെ വീഴ്ചകളെ കണ്ടില്ലെന്ന് നടിക്കുക.
• അക്ഥം ബ്നു സൈഫി رَحِمَهُ الله പറഞ്ഞു: കർശനമാക്കുന്നവൻ ആളുകളെ അകറ്റും, വിട്ടുവീഴ്ച ചെയ്യുന്നവൻ ഇണക്കിച്ചേർക്കും. സന്തോഷം അശ്രദ്ധയോടെ വിട്ടുകളയലിലാണ് (മറ്റുള്ളവരുടെ കുറവുകൾ കണ്ടില്ലെന്ന് നടിക്കുന്നതിലാണ്). (ബഹ്ജതുൽ മജാലിസ്:664, അദബുദ്ദുൻയാ വദ്ദീൻ:180)
• ബൈഹഖി رَحِمَهُ الله ഉസ്മാൻ ബ്നു സാഇദ رَحِمَهُ الله യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “സൗഖ്യം പത്ത് ഭാഗങ്ങളാണ്, അതിൽ ഒമ്പതും അശ്രദ്ധയോടെ വിട്ടുകളയലിലാണ്.” അദ്ദേഹം പറഞ്ഞു: “ഞാനിത് അഹ്മദ് ബ്നു ഹൻബലിനോട് رَحِمَهُ الله പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘സൗഖ്യം പത്ത് ഭാഗങ്ങളാണ്, അതെല്ലാം അശ്രദ്ധയോടെ വിട്ടുകളയലിലാണ്!'” (ശുഅബുൽ ഈമാൻ (10/575)).
തന്റെ കൂട്ടുകാരന്റെ വീഴ്ചകളിൽ നിന്ന് കണ്ണടക്കാത്തവൻ, അവനോട് നീരസമുള്ളവനായിത്തന്നെ മരണപ്പെടും. എല്ലാ വീഴ്ചകളും പരിശോധിച്ച് നടക്കുന്നവൻ, അത് കണ്ടെത്തുക തന്നെ ചെയ്യും, എന്നാൽ കാലം അവനൊരു കൂട്ടുകാരനെയും നൽകുകയില്ല.
• വിട്ടുവീഴ്ച ഒരു ഉന്നതമായ സ്വഭാവമാണ്, അത് ആത്മാവിന്റെ ഔന്നത്യത്തിന്റെ തെളിവാണ്.
വിട്ടുവീഴ്ച ചെയ്യുക, നിന്റെ അവകാശം മുഴുവൻ നേടിയെടുക്കരുത്, ബാക്കി വെക്കുക, ഒരു മാന്യനും മുഴുവനായി നേടിയെടുത്തിട്ടില്ല.
• നീ അഹങ്കാരിയായിരിക്കെ നൽകുകയോ, മുഖം കറുപ്പിച്ചിരിക്കെ കൊടുക്കുകയോ ചെയ്യുന്നത് സൂക്ഷിക്കുക.
പ്രസന്നമല്ലാത്ത മുഖത്തോടെ നൽകുന്നതിനേക്കാൾ, നൽകാതിരിക്കുകയും പ്രസന്നമായ മുഖം കാണിക്കുകയും ചെയ്യുന്നതാണ് നല്ലത്.
• വാഗ്ദാനം ചെയ്ത ശേഷം തടഞ്ഞുവെക്കുന്നത് നിന്ദ്യമായ പെരുമാറ്റമാണ്, അത് ഒഴിവാക്കുക.
അവർ പറഞ്ഞു: ഏറ്റവും മോശം വാക്ക്, ‘ശരി’ എന്ന് പറഞ്ഞതിന് ശേഷമുള്ള ‘ഇല്ല’ എന്നതാണ്!
ആവശ്യപ്പെട്ട കാര്യത്തിന് ‘ഇല്ല’ എന്ന് പറഞ്ഞവൻ, അവൻ അക്രമം ചെയ്തിട്ടില്ല. അക്രമി എന്നാൽ, ‘ശരി (അതെ)’ എന്ന് പറഞ്ഞതിന് ശേഷം ‘ഇല്ല’ എന്ന് പറയുന്നവനാണ്.
• പാപത്തിന്റെ പേരിൽ നിന്നെ അഹങ്കാരം പിടികൂടുകയും സത്യത്തിൽ നിന്ന് നീ അഹങ്കരിക്കുകയും ചെയ്യുന്നത് സൂക്ഷിക്കുക.
• അസത്യത്തിൽ തുടരുന്നതിനേക്കാൾ നല്ലത് സത്യത്തിലേക്ക് മടങ്ങുന്നതാണ്.
• വീഴ്ചയിൽ നിന്ന് പിന്മാറുന്നത് പ്രശംസനീയമാണ്, നിന്ദ്യമായ കാര്യമല്ല.
• നീ തെറ്റ് ചെയ്തവനോട് മാപ്പ് ചോദിക്കുന്നത് മുറിവുകൾക്കുള്ള മരുന്നാണ്. അത് മാന്യന്മാർക്കല്ലാതെ സാധിക്കുകയില്ല.
വാക്കുകൊണ്ട് മുറിവേൽപ്പിച്ചത് സൗമ്യതകൊണ്ട് ചികിത്സിക്കുക, ഒരാളുടെ നല്ല വാക്ക് അവന്റെ സംസാരത്തിന്റെ ചികിത്സയാണ്.
• നീതി ഒരു അമൂല്യമായ സ്വഭാവമാണ്. അതിനാൽ, കാര്യങ്ങളെ അതിന്റെ സ്ഥാനത്ത് വെക്കുക, അതിൽ അതിര് കവിയുകയോ കുറവ് വരുത്തുകയോ ചെയ്യാതെ.
• നിന്റെ തൃപ്തി നിന്നെ അസത്യത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനും, നിന്റെ ദേഷ്യം നിന്നെ സത്യത്തിൽ നിന്ന് പുറത്താക്കാതിരിക്കാനും നീ ജാഗ്രത പുലർത്തുക.
ഒരു പിതാവ് മകന് നൽകുന്ന ഉപദേശം – ഖത്വാബ് ബ്നുൽ മുഅല്ലയുടെ വസ്വിയ്യത്ത്
പ്രശംസനീയമായ മര്യാദകളുടെ മുത്തുകൾ ഉൾക്കൊള്ളുന്ന അത്ഭുതകരമായ വസ്വിയ്യത്തുകളിൽ ഒന്നാണ് ഖത്വാബ് ബ്നുൽ മുഅല്ല അൽ-മഖ്സൂമി അദ്ദിമശ്ഖി رَحِمَهُ الله – അദ്ദേഹം വിവേകിയും നല്ല അഭിപ്രായമുള്ളയാളുമായിരുന്നു – തന്റെ മകന് നൽകിയ വസ്വിയ്യത്ത്.
ഇബ്നു ഹിബ്ബാൻ رَحِمَهُ الله തന്റെ ‘റൗദത്തുൽ ഉഖലാഅ് വ നുസ്ഹത്തുൽ ഫുദലാഅ്’ എന്ന ഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അസാകിർ رَحِمَهُ الله ‘താരീഖു ദിമശ്ഖിൽ’ (16/456) പറയുന്നു: “ഖത്വാബ് ബ്നുൽ മുഅല്ല അദ്ദിമശ്ഖി, അദ്ദേഹം സാഹിത്യകാരനും വിവേകിയുമായിരുന്നു. അദ്ദേഹം തന്റെ മകന് നല്ലൊരു വസ്വിയ്യത്ത് നൽകി, അത് അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.” ആ വസ്വിയ്യത്തിന്റെ തുടക്കത്തിൽ അദ്ദേഹം رَحِمَهُ الله പറഞ്ഞു: “എന്റെ പൊന്നുമോനേ, നീ അല്ലാഹുവിനോട് തഖ്വ പുലർത്തുകയും അവനെ അനുസരിക്കുകയും ചെയ്യുക. അവന്റെ സുന്നത്തും അടയാളങ്ങളും പിൻപറ്റിക്കൊണ്ട് അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുക. അതുവഴി നിന്റെ ന്യൂനതകൾ ശരിയാകുകയും നിന്റെ കണ്ണ് കുളിർക്കുകയും ചെയ്യും. കാരണം, അല്ലാഹുവിൽ നിന്ന് ഒന്നും മറഞ്ഞിരിക്കുകയില്ല. ഞാൻ നിനക്ക് ഒരു അടയാളം നൽകുകയും ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. നീയത് മനഃപാഠമാക്കുകയും ഉൾക്കൊള്ളുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ, രാജാക്കന്മാരുടെ കണ്ണുകളിൽ നീ നിറഞ്ഞുനിൽക്കും (അവർ നിന്നെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും), ദുർഘട സ്വഭാവക്കാർ പോലും നിനക്ക് കീഴ്പ്പെടും. നീ എപ്പോഴും ആദരണീയനും ആളുകൾ ആശ്രയിക്കുന്നവനുമായി തുടരും. ജനങ്ങൾ നിന്റെ ആവശ്യക്കാരാവുകയും, നിന്റെ കയ്യിലുള്ളതിനെ (വിവേകത്തെയും സ്വഭാവത്തെയും) ആഗ്രഹിക്കുകയും ചെയ്യും. അതുകൊണ്ട്, നിന്റെ പിതാവിനെ അനുസരിക്കുക, നിന്റെ പിതാവിന്റെ ഈ ഉപദേശത്തിൽ നീ സംതൃപ്തനാവുക (ഇത് മുറുകെ പിടിക്കുക). അതിനായി നിന്റെ മനസ്സിനെ നീ ഒഴിച്ചിടുക, നിന്റെ ഹൃദയത്തെയും ബുദ്ധിയെയും അതുകൊണ്ട് വ്യാപൃതമാക്കുക.” ഇപ്രകാരമാണ് ബുദ്ധിമാന്മാർ; അവർ മക്കളെ മര്യാദ പഠിപ്പിക്കുന്നതിലും ഇടക്കിടെ വസ്വിയ്യത്ത് നൽകി അവരെ പരിപാലിക്കുന്നതിലും ഏറ്റവും താല്പര്യമുള്ളവരായിരിക്കും. അല്ലാത്തപക്ഷം, അവരെ അവഗണിക്കുകയും കയറൂരി വിടുകയും ചെയ്യുന്നത് ധാരാളം തിന്മകൾക്ക് കാരണമാകും.
യഥാർത്ഥത്തിൽ, ആ ഉപദേശം അതിന്റെ ഘടനയിൽ വളരെ സുന്ദരവും, അർത്ഥത്തിൽ അതിസമ്പൂർണ്ണവുമാണ്. അതുകൊണ്ട്, അതിലെ മുത്തുകളിൽ നിന്നുള്ള ചില വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടും, അതിലെ സൂക്ഷ്മമായ ആശയങ്ങളിൽ നിന്ന് മനോഹരമായ ഭാഗങ്ങൾ തിരഞ്ഞെടുത്തുകൊണ്ടും ഈ സന്ദർഭത്തെ അലങ്കരിക്കുന്നത് വളരെ ഉചിതമാണ്
അദ്ദേഹം رَحِمَهُ الله പറഞ്ഞു:
അനാവശ്യ സംസാരം, അമിതമായ ചിരിയും തമാശയും, സഹോദരന്മാരുമായുള്ള കളിയും നീ സൂക്ഷിക്കുക. കാരണം, അത് പ്രൗഢി ഇല്ലാതാക്കുകയും വിദ്വേഷം ഉണ്ടാക്കുകയും ചെയ്യും. നീ ഗൗരവവും ഗാംഭീര്യവും മുറുകെ പിടിക്കുക. എന്നാൽ, നിന്നിൽ നിന്ന് പ്രകടമാവുന്ന അഹങ്കാരമായോ, നിന്നെക്കുറിച്ച് ഉദ്ധരിക്കപ്പെടുന്ന പൊങ്ങച്ചമായോ അത് മാറരുത്..
നിന്റെ മിത്രത്തെയും ശത്രുവിനെയും സംതൃപ്തമായ മുഖത്തോടെയും ഉപദ്രവം തടഞ്ഞുകൊണ്ടും കണ്ടുമുട്ടുക, അവരോട് താഴ്മയോ അവരെ ഭയമോ ഇല്ലാതെ.
നിന്റെ എല്ലാ കാര്യങ്ങളിലും നീ മധ്യമനിലപാട് സ്വീകരിക്കുക. കാര്യങ്ങളിൽ ഉത്തമം അതിന്റെ മധ്യമനിലപാടാണ്.
സംസാരം കുറക്കുക, സലാം വ്യാപിപ്പിക്കുക, ഉറച്ച കാൽവെപ്പുകളോടെ നടക്കുക. കാലുകൾ വീശി നടക്കരുത്, നിന്റെ വസ്ത്രത്തിന്റെ താഴ്ഭാഗം വലിച്ചിഴക്കരുത്, നിന്റെ കഴുത്തോ മേൽവസ്ത്രമോ തിരിച്ചുകളയരുത്, തോളുകൾക്ക് മുകളിലൂടെ തിരിഞ്ഞുനോക്കുകയുമരുത്.
അധികം തിരിഞ്ഞുനോക്കരുത്, കൂട്ടംകൂടി നിൽക്കുന്നിടത്ത് നിൽക്കരുത്. അങ്ങാടിയെ സദസ്സാക്കുകയോ കടകളെ സംസാരവേദിയാക്കുകയോ ചെയ്യരുത്.
അധികം തർക്കിക്കരുത്, വിഡ്ഢികളുമായി കലഹിക്കരുത്.
സംസാരിക്കുകയാണെങ്കിൽ ചുരുക്കുക, തമാശ പറയുകയാണെങ്കിൽ പരിധി വിടരുത്. ഇരിക്കുകയാണെങ്കിൽ ചമ്രം പടിഞ്ഞിരിക്കുക.
വിരലുകൾ കോർക്കുന്നതും ഞൊട്ടയിടുന്നതും, താടിയിലും മോതിരത്തിലും വാളിന്റെ അറ്റത്തും കളിക്കുന്നതും സൂക്ഷിക്കുക. പല്ലിട കുത്തുന്നതും, മൂക്കിൽ കൈയിടുന്നതും, ഈച്ചയെ അധികമായി ആട്ടുന്നതും, അധികമായി കോട്ടുവായിടുന്നതും നിവരുന്നതും, അതുപോലുള്ള ആളുകൾ നിസ്സാരമായി കാണുകയും നിന്നെ ആക്ഷേപിക്കാൻ കാരണമാവുകയും ചെയ്യുന്ന കാര്യങ്ങളും ഉപേക്ഷിക്കുക.
നിന്റെ സദസ്സ് ശാന്തവും നിന്റെ സംസാരം ചിട്ടയുള്ളതുമായിരിക്കട്ടെ. നിന്നോട് സംസാരിക്കുന്നവന്റെ നല്ല സംസാരം ശ്രദ്ധയോടെ കേൾക്കുക, അതിൽ അത്ഭുതം പ്രകടിപ്പിക്കുകയോ ആവർത്തിക്കാൻ ആവശ്യപ്പെടുകയോ ചെയ്യരുത്. തമാശകളിൽ നിന്നും പൊട്ടിച്ചിരികളിൽ നിന്നും കഥകളിൽ നിന്നും കണ്ണടക്കുക.
നിന്റെ മകനെയോ അടിമസ്ത്രീയെയോ കുതിരയെയോ വാളിനെയോ കുറിച്ചുള്ള നിന്റെ മതിപ്പ് മറ്റുള്ളവരോട് പറയരുത്.
ആവശ്യങ്ങളിൽ നിർബന്ധം പിടിക്കരുത്, അപേക്ഷകളിൽ താഴ്മ കാണിക്കരുത്. നിന്റെ ഭാര്യയെയോ മക്കളെയോ നിന്റെ സമ്പത്തിന്റെ കണക്ക് അറിയിക്കരുത്, പിന്നെയാണോ മറ്റുള്ളവരെ. അവർക്കത് കുറവാണെന്ന് തോന്നിയാൽ അവർ നിന്നെ നിസ്സാരമാക്കും. അത് കൂടുതലാണെങ്കിൽ, അതുകൊണ്ട് നിനക്ക് അവരുടെ തൃപ്തി നേടാനാവില്ല. കാർക്കശ്യമില്ലാതെ അവരെ ഭയപ്പെടുത്തുക, ബലഹീനതയില്ലാതെ അവരോട് സൗമ്യത കാണിക്കുക.
കൈകൊണ്ട് അധികം ആംഗ്യം കാണിക്കരുത്, മുട്ടുകാലിൽ ഊന്നിനിൽക്കരുത്. മുഖം ചുവക്കുന്നതും നെറ്റി വിയർക്കുന്നതും സൂക്ഷിക്കുക.
നിന്നോട് ആരെങ്കിലും വിഡ്ഢിത്തം പറഞ്ഞാൽ സഹിക്കുക. നിന്റെ ദേഷ്യം അടങ്ങിയാൽ സംസാരിക്കുക.
നിന്റെ അഭിമാനം സംരക്ഷിക്കുക, അനാവശ്യ കാര്യങ്ങൾ നിന്നിൽ നിന്ന് ഒഴിവാക്കുക.
നീ ഭീഷണിപ്പെടുത്തിയാൽ അത് നടപ്പാക്കുക, സംസാരിച്ചാൽ സത്യം പറയുക. ബധിരനോട് സംസാരിക്കുന്നതുപോലെ ശബ്ദമുയർത്തരുത്, ഊമൻ സംസാരിക്കുന്നതുപോലെ ശബ്ദം താഴ്ത്തരുത്.
സ്വീകാര്യമായ സംസാരത്തിലൂടെ നല്ല വാക്കുകൾ തിരഞ്ഞെടുക്കുക. കേട്ടറിഞ്ഞ കാര്യമാണ് സംസാരിക്കുന്നതെങ്കിൽ അതിന്റെ ഉറവിടത്തിലേക്ക് ചേർത്ത് പറയുക.
ഹൃദയങ്ങൾ വെറുക്കുന്നതും തൊലി വിറക്കുന്നതുമായ (അതായത്, തൊലി വിറയ്ക്കാൻ കാരണമാകുന്ന) അസംബന്ധ വാർത്തകൾ പറയരുത്.
‘അതെ അതെ’, ‘ഇല്ല ഇല്ല’, ‘വേഗം വേഗം’ എന്നിങ്ങനെയുള്ള വാക്കുകൾ ആവർത്തിക്കുന്നത് സൂക്ഷിക്കുക.
ഒരു ഭക്ഷണ ഉരുളയുടെ പകുതി കടിച്ച ശേഷം, (കറിയിലോ മറ്റോ) പുരണ്ടത് അതിന്റെ ബാക്കി ഭാഗം (പൊതുവായ പാത്രത്തിലേക്ക്) തിരികെ വെക്കരുത്. അത് വെറുക്കപ്പെട്ട കാര്യമാണ്.
നിന്റെ മുന്നിൽ വെച്ച ഭക്ഷണത്തിൽ സുർക്കയോ, മസാലയോ, തേനോ കുറവാണെന്ന് പറഞ്ഞ് ആക്ഷേപിക്കരുത്. (മേഘം നിസ്സാര കാര്യങ്ങളിൽ നിന്ന് ഉയർന്നതുകൊണ്ടാണ് അതിന് പ്രൗഢിയുണ്ടായത്; അതുപോലെ നിനക്ക് ആവശ്യമില്ലാത്തതോ നിനക്ക് യോജിക്കാത്തതോ ആയ സംസാരത്തിൽ നിന്ന് നീയും ഉയരണം).
പിശുക്കനെപ്പോലെ പിടിച്ചുവെക്കുകയോ, വിഡ്ഢിയായ വഞ്ചിതനെപ്പോലെ ധൂർത്തടിക്കുകയോ ചെയ്യരുത്.
നിന്റെ സമ്പത്തിലുള്ള നിർബന്ധ ബാധ്യതകളും, കൂട്ടുകാരനോടുള്ള ആദരവും അറിയുക. ജനങ്ങളിൽ നിന്ന് ഐശ്വര്യവാനാകുക, അവർ നിന്നെ ആശ്രയിക്കും.
അത്യാഗ്രഹം ദുശ്ശീലങ്ങളിലേക്ക് (അഥവാ, പോരായ്മയിലേക്കും ആക്ഷേപത്തിലേക്കും) നയിക്കുമെന്ന് അറിയുക. പറയപ്പെട്ടതുപോലെ, ആഗ്രഹം കഴുത്തൊടിക്കും” (അടിമയാക്കും)
മാന്യത പുലർത്തുന്നത് വലിയൊരു സമ്പത്തും ശ്രേഷ്ഠമായ സ്വഭാവവുമാണ്.
ഒരാൾ തന്റെ സ്ഥാനം അറിയുന്നത് അവന്റെ പ്രശസ്തി വർദ്ധിപ്പിക്കും (മറ്റൊരു റിപ്പോർട്ടിൽ: അവന്റെ പ്രതാപം വർദ്ധിപ്പിക്കും). സ്ഥാനം വിട്ട് പെരുമാറുന്നവൻ ആഴമുള്ള ഗർത്തത്തിൽ വീഴും.
സത്യം അലങ്കാരമാണ്, കളവ് വിരൂപമാണ്. ഉടമക്ക് വേഗത്തിൽ നാശം വരുത്തുന്ന സത്യം, പറയുന്നവന് രക്ഷ നൽകുന്ന കളവിനേക്കാൾ നല്ല പര്യവസാനമുള്ളതാണ്.
വിഡ്ഢിയുമായി ചങ്ങാത്തം കൂടുന്നതിനേക്കാൾ നല്ലത് സഹനശീലനുമായി ശത്രുതയിലാകുന്നതാണ്. ഔദാര്യത്തോടെ നീചനുമായി സഹവസിക്കുന്നതിനേക്കാൾ നല്ലത് അപമാനത്തോടെ മാന്യനുമായി സഹവസിക്കുന്നതാണ്.
ബുദ്ധിയുള്ളവരുമായി സാദൃശ്യപ്പെടുക, നീ അവരിൽ പെട്ടവനാകും. ആദരവിന് വേണ്ടി പരിശ്രമിക്കുക, നീയത് നേടും. ഓരോ മനുഷ്യനും അവൻ സ്വയം വെച്ച സ്ഥാനത്താണെന്ന് അറിയുക. നിർമ്മാതാവ് അവന്റെ നിർമ്മാണത്തിലേക്കും, മനുഷ്യൻ അവന്റെ കൂട്ടുകാരനിലേക്കും ചേർക്കപ്പെടുന്നു.
ചീത്ത കൂട്ടുകാരെ സൂക്ഷിക്കുക. അവർ കൂടെയുള്ളവരെ വഞ്ചിക്കുകയും, ചങ്ങാത്തം കൂടിയവരെ ദുഃഖിപ്പിക്കുകയും ചെയ്യും. അവരുമായുള്ള സാമീപ്യം ചൊറിയേക്കാൾ പകരുന്നതാണ്. അവരെ ഉപേക്ഷിക്കുന്നത് മര്യാദയുടെ പൂർത്തീകരണമാണ്.
അഭയം തേടിയവനെ കൈവിടുന്നത് നീചത്വമാണ്. എടുത്തുചാട്ടം അപലക്ഷണമാണ്, മോശം ആസൂത്രണം ബലഹീനതയാണ്.
സഹോദരങ്ങൾ രണ്ടുതരമുണ്ട്: വിപത്തിൽ നിന്നെ സംരക്ഷിക്കുന്നവനും, സന്തോഷത്തിൽ നിന്റെ കൂടെയുള്ളവനും. വിപത്തിലെ കൂട്ടുകാരനെ സംരക്ഷിക്കുക, സന്തോഷത്തിലെ കൂട്ടുകാരനെ ഒഴിവാക്കുക, കാരണം അവൻ ഏറ്റവും വലിയ ശത്രുവാണ്.
തന്നിഷ്ടം പിൻപറ്റുന്നവൻ നാശത്തിലേക്ക് ചായും.
നിന്റെ അഭിമാനത്തേക്കാൾ നിന്റെ സമ്പത്തിനെ വലുതാക്കരുത്. അധികം സംസാരിച്ച് ജനങ്ങളെ ഭാരപ്പെടുത്തരുത്. നിന്റെ കൂടെയിരിക്കുന്നവന് പ്രസന്നതയും, കണ്ടുമുട്ടുന്നവന് സ്വീകാര്യതയും നൽകുക.
അടുപ്പം കാണിക്കുന്നവനും പ്രതാപമുള്ളവനുമായിരിക്കുക. നിന്റെ അവസരങ്ങൾ ഉപയോഗപ്പെടുത്തുക, നിന്റെ ആവശ്യങ്ങളിൽ സൗമ്യത കാണിക്കുക, നിന്റെ നീക്കങ്ങളിൽ ഉറച്ചുനിൽക്കുക. ഓരോ കാലത്തിനും അതിന്റേതായ വസ്ത്രം ധരിക്കുക, ഓരോ ജനതയോടും അവരുടെ രൂപത്തിൽ പെരുമാറുക.
പരലോകത്ത് നിന്നെ ആക്ഷേപത്തിന് വിധേയമാക്കുന്ന കാര്യങ്ങൾ സൂക്ഷിക്കുക. ഒരു കാര്യത്തിന്റെ അനന്തരഫലം നോക്കാതെ അതിൽ തിടുക്കം കാണിക്കരുത്. അതിന്റെ ഉറവിടം കാണാതെ മറുപടി നൽകരുത്.
നീചനുമായുള്ള നിന്റെ തർക്കം അവന് നിന്നിൽ ആഗ്രഹം ജനിപ്പിക്കും. തന്റെ അഭിമാനം സംരക്ഷിക്കുന്നവനെ ജനങ്ങൾ ആദരിക്കും. വിഡ്ഢി നിന്നെ ആക്ഷേപിക്കുന്നത് അവൻ നിന്നെ പ്രശംസിക്കുന്നതിനേക്കാൾ നല്ലതാണ്.
സത്യം അറിയുന്നത് സത്യസന്ധതയുടെ സ്വഭാവങ്ങളിൽ പെട്ടതാണ്.
നല്ല കൂട്ടുകാരൻ സഹോദര പുത്രനെപ്പോലെയാണ്.
വിഡ്ഢിത്തം ചികിത്സയില്ലാത്ത രോഗമാണ്. സഹനം നല്ലൊരു മന്ത്രിയാണ്. ദീൻ ഏറ്റവും നല്ല അലങ്കാരമാണ്. മോശമായി പെരുമാറുന്നത് (മറ്റൊരു റിപ്പോർട്ടിൽ: മറ്റൊരാളുടെ ദുരിതത്തിൽ സന്തോഷിക്കുന്നത്) വിഡ്ഢിത്തമാണ്. ലഹരിയിലായവൻ പിശാചാണ്, അവന്റെ സംസാരം അർത്ഥശൂന്യമാണ്. കവിത സിഹ്റിന്റെ ഭാഗമാണ്. ഭീഷണി മോശം വാക്കാണ് (അതായത്, മോശവും നിന്ദ്യവുമായ സംസാരം). പിശുക്ക് ദുരിതമാണ്, ധീരത നിലനിൽപ്പാണ്. സമ്മാനം ശ്രേഷ്ഠമായ (أي النفيسة – അമൂല്യമായ) സ്വഭാവങ്ങളിൽ പെട്ടതാണ്, അത് സ്നേഹം വളർത്തും.
ആദ്യം നന്മ ചെയ്യുന്നവന്റെ നന്മ കടമായിത്തീരും. ചോദിക്കാതെ ആദ്യം ചെയ്യുന്നതാണ് നന്മ.
ശീലം ഒരു പതിവായ സ്വഭാവമാണ്. നല്ലതാണെങ്കിൽ നല്ലത്, ചീത്തയാണെങ്കിൽ ചീത്ത. ഒരു കെട്ടഴിക്കുന്നവൻ വിദ്വേഷം സഹിക്കേണ്ടി വരും.
പുരുഷന്മാരിൽ മോശപ്പെട്ടവൻ അധികം ഒഴികഴിവ് പറയുന്നവനാണ്. നല്ലരീതിയിൽ കണ്ടുമുട്ടുന്നത് വിദ്വേഷം ഇല്ലാതാക്കും. സൗമ്യമായ സംസാരം മാന്യന്മാരുടെ സ്വഭാവമാണ്.
എന്റെ പൊന്നുമോനേ, അല്ലാഹു നിന്നെ സന്മാർഗ്ഗം പിൻപറ്റുന്നവരുടെയും, തഖ്വയിൽ തുടരുന്നവരുടെയും, കോപം വെടിയുന്നവരുടെയും, തൃപ്തി ഇഷ്ടപ്പെടുന്നവരുടെയും കൂട്ടത്തിൽ ആക്കട്ടെ. അല്ലാഹുവാണ് നിന്റെ മേൽ എന്റെ പ്രതിനിധി, നിന്റെ കാര്യങ്ങൾ ഏറ്റെടുക്കുന്നവൻ. ഉന്നതനും മഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല
ഉപസംഹാരം… മൂന്ന് വസ്വിയ്യത്തുകൾ
അതിന് ശേഷം… അല്ലാഹു നിന്നെ പരിപാലിക്കട്ടെ, ഞാൻ നിനക്ക് മൂന്ന് വസ്വിയ്യത്തുകൾ നൽകുന്നു:
ഒന്നാമത്തേത്: നീ പഠിച്ച നല്ല മര്യാദകളും മധുരമായ സ്വഭാവങ്ങളും സ്വയം മുറുകെ പിടിക്കുക. താമസിക്കുകയോ മടിക്കുകയോ ചെയ്യാതെ അതിലേക്ക് മുന്നേറുക. കാരണം, അതുവഴി നിന്റെ ജീവിതം കൂടുതൽ സന്തോഷകരവും പ്രകാശപൂരിതവുമാകും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ, നിനക്ക് വലിയ പ്രതിഫലവും മറ്റുള്ളവർക്കിടയിൽ നല്ല പേരും ലഭിക്കും.
നീ അവ മുറുകെ പിടിക്കാൻ സ്വയം പരിശീലിപ്പിക്കുകയും, ക്ഷമിക്കുകയും, സ്ഥിരത കാണിക്കുകയും ചെയ്താൽ, മര്യാദകൾ നിനക്ക് ഉറച്ച ഒരു സ്വഭാവഗുണവും സ്ഥിരമായ ഒരു ശീലവുമായി മാറുമെന്ന് നീ അറിയുക. അവർ പറഞ്ഞതുപോലെ, അധികമായ പരിശീലനം കഴിവില്ലാത്തവനെ കഴിവുള്ളവനാക്കി മാറ്റും.
നീ മര്യാദയെ ഒരു പഠനവിഷയമായി സ്വീകരിക്കുകയും അതിന്റെ തണലിലും ഗ്രന്ഥങ്ങളിലും വിഹരിക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു! (ഈ വിഷയത്തിൽ ധാരാളം ഗ്രന്ഥങ്ങളുണ്ട്: ബുഖാരിയുടെ ‘അൽ-അദബുൽ മുഫ്റദ്’, ഇബ്നു മുഫ്ലിഹിന്റെ ‘അൽ-ആദാബു ശ്ശർഇയ്യ’, അസ്സഫാരീനിയുടെ ‘ഗിദാഉൽ അൽബാബ് ശർഹ് മൻളൂമത്തിൽ ആദാബ്’, ഇബ്നു ഹിബ്ബാന്റെ ‘റൗദത്തുൽ ഉഖലാഅ്’, ഇബ്നു അബ്ദിൽ ബർറിന്റെ ‘ബഹ്ജതുൽ മജാലിസ്’, അൽ-മാവർദിയുടെ ‘അദബുദ്ദുൻയാ വദ്ദീൻ’, ഇബ്നു ഹസമിന്റെ ‘അൽ-അഖ്ലാഖു വസ്സിയർ’, അൽ-ഖറാഇത്വിയുടെ ‘മകാരിമുൽ അഖ്ലാഖ്’ തുടങ്ങി ധാരാളം. അൽഹംദുലില്ലാഹ്, പുതിയ ഗ്രന്ഥങ്ങളും ധാരാളമുണ്ട്.)
രണ്ടാമത്തെ വസ്വിയ്യത്ത്: മര്യാദ ഉപയോഗിക്കലും ഉന്നതമായ രീതിയിൽ പെരുമാറലും എല്ലാ ജനങ്ങളോടും നിന്നിൽ നിന്ന് ആവശ്യമാണെങ്കിൽ, അത് അടുത്ത ബന്ധുക്കളോട് കൂടുതൽ ഉറപ്പിക്കേണ്ടതാണ്. പ്രത്യേകിച്ചും മാതാപിതാക്കൾ, ഭാര്യ, മക്കൾ, മറ്റ് കുടുംബക്കാർ എന്നിവരോട്. എത്ര മോശപ്പെട്ടവനാണ് ആ മനുഷ്യൻ; അവന്റെ നന്മ അകന്നവർക്കും, അവന്റെ തിന്മ അടുത്തവർക്കുമാണ്!
മൂന്നാമത്തെ വസ്വിയ്യത്ത്: മക്കളെ മര്യാദ പഠിപ്പിക്കുന്നതിലും, ശ്രേഷ്ഠമായ ഗുണങ്ങളിലും ഉന്നതമായ പെരുമാറ്റത്തിലും അവരെ വളർത്തുന്നതിലും അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം, ഇതാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനവും, അവരിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്പാദ്യവും.
അതിനാൽ, നിന്റെ മക്കളെ മര്യാദ പഠിപ്പിക്കുന്നതിൽ ക്ഷമിക്കുക. അവരുടെ ചെറുപ്പകാലം ഉപയോഗപ്പെടുത്തുക. ചെറിയവന്റെ മര്യാദയുടെ കാര്യത്തിൽ നീ അശ്രദ്ധനാകരുത്, അവൻ വേദന കൊണ്ട് കരഞ്ഞാലും. വലിയവനെ അവന്റെ പാട്ടിന് വിട്ടേക്കുക. കാരണം, പ്രായമായവനെ മര്യാദ പഠിപ്പിക്കൽ പ്രയാസകരമാണ്.
കവി പാടി:
ചില്ലകൾ നീ നേരെയാക്കിയാൽ അത് നേരെയാകും, തടി നീ നേരെയാക്കാൻ ശ്രമിച്ചാൽ അത് വളയുകയില്ല.
പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ യുടെ الأدب عنوان السعادة എന്ന കൃതിയിൽ നിന്നും
www.kanzululoom.com