നിന്റെ സഹോദരൻ രോഗിയാവുകയും നീ അവനെ സന്ദർശിക്കുകയും ചെയ്യുകയാണെങ്കിൽ, അവന്റെ സന്ദർശന മര്യാദകളെക്കുറിച്ച് നീ അശ്രദ്ധനാകരുത്. നിന്റെ സന്ദർശനം ഉപകാരപ്രദവും സന്തോഷം നൽകുന്നതുമാകാൻ വേണ്ടിയാണിത്. ആ മര്യാദകളിൽ ചിലത് താഴെ പറയുന്നവയാണ്:
• വസ്ത്രത്തിന്റെ വൃത്തി, നല്ല ശുചിത്വം, നല്ല സുഗന്ധം എന്നിവയോടു കൂടെയായിരിക്കുക. അതുവഴി നിന്നെ കാണുമ്പോൾ രോഗിയുടെ മനസ്സിന് സന്തോഷമുണ്ടാകും.
• അവനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി സുഗന്ധം അമിതമായി ഉപയോഗിക്കരുത്.
عَنِ ابْنِ عَبَّاسٍ قَالَ: كَانَ النَّبِيُّ صلى الله عليه وسلم إِذَا عَادَ الْمَرِيضَ جَلَسَ عِنْدَ رَأْسِهِ،
• ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: നബി ﷺ ഒരു രോഗിയെ സന്ദർശിച്ചാൽ അവന്റെ തലയുടെ അടുത്തായി ഇരിക്കുമായിരുന്നു. (അദബുൽ മുഫ്റദ്:536)
• അവന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നത് മര്യാദയാണ്. എന്നാൽ, അവന്റെ രോഗത്തെക്കുറിച്ച് വിശദമായി ചോദിച്ച് അറിയാൻ ശ്രമിക്കരുത്. ഒരുപക്ഷേ, അവൻ തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാവില്ല.
• അവനുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്. നബി ﷺ പറഞ്ഞു:
إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ
നിങ്ങൾ രോഗിയുടെയോ – അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെയോ – അടുത്ത് സന്നിഹിതരായാൽ നല്ലത് പറയുക. കാരണം, നിങ്ങൾ പറയുന്നതിന് മലക്കുകൾ ‘ആമീൻ’ പറയുന്നു. (മുസ്‌ലിം (919)
• നീ അവന് റുഖ്‌യ ചെയ്യുന്നത് നല്ലതാണ്. ഇത് നബിയിൽ ﷺ നിന്നുള്ള സുന്നത്തിനെ പിൻപറ്റലാണ്.
كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا مَرِضَ أَحَدٌ مِنْ أَهْلِهِ نَفَثَ عَلَيْهِ بِالْمُعَوِّذَاتِ
നബിയുടെ ﷺ കുടുംബത്തിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ അവിടുന്ന് മുഅവ്വിദാത്ത് (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്) ഓതി ഊതുമായിരുന്നു. (മുസ്‌ലിം:2192)
• രോഗിയെ സന്ദർശിക്കുന്നവൻ അവനിലേക്ക് മോശം വാർത്തകൾ എത്തിക്കാതിരിക്കുന്നത് നല്ലതാണ്. അവന്റെ മനസ്സിനെ വിഷമിപ്പിക്കാതിരിക്കാനും ദുഃഖിപ്പിക്കാതിരിക്കാനും വേണ്ടിയാണിത്. മറിച്ച്, തമാശകളും രസകരമായ കാര്യങ്ങളും ഇഷ്ടപ്പെടുന്ന സംസാരങ്ങളുമാണ് ആവശ്യമായത്.
• രോഗി നിർബന്ധിച്ചാലല്ലാതെ അവന്റെയടുത്ത് അധികനേരം ഇരിക്കാൻ പാടില്ല.
അവർ പറഞ്ഞിരിക്കുന്നു: രോഗിയെ സന്ദർശിക്കുന്നത് ഖത്വീബിന്റെ ഇരുത്തം പോലെയാണ് (ചുരുങ്ങിയതായിരിക്കണം).
ചിലർ പറഞ്ഞു: രോഗിയെ സന്ദർശിക്കുന്നതിന്റെ മര്യാദ എന്നത്, നീ (അവിടെ പ്രവേശിച്ച്) സലാം പറയുന്നവനാവുക എന്നതും, സലാം പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ യാത്ര പറയുന്നവനാവുക എന്നതുമാണ്.
മറ്റൊരാൾ പറഞ്ഞു: ഒന്നിടവിട്ട ദിവസങ്ങളിലുള്ള സന്ദർശനമാണ് ഉത്തമം, കണ്ണൊന്ന് ചിമ്മുന്നതുപോലെ അല്പനേരം ഇരിക്കുക. ചോദ്യങ്ങൾ കൊണ്ട് രോഗിയെ ബുദ്ധിമുട്ടിക്കരുത്, രണ്ട് വാക്കിൽ ചോദിക്കുന്നത് തന്നെ മതി നിനക്ക്.
ഇബ്നു അബ്ദിൽ ബർറ് رَحِمَهُ الله പറയുന്നു: ഏറ്റവും ശ്രേഷ്ഠമായ സന്ദർശനം ഏറ്റവും ലഘുവായതാണ്. സന്ദർശകൻ രോഗിയുടെയടുത്ത് അധികനേരം ഇരിക്കരുത്, അവൻ സന്തോഷിക്കുന്ന ഒരു കൂട്ടുകാരനാണെങ്കിൽ ഒഴികെ. (അൽ-കാഫീ ഫീ ഫിഖ്ഹി അഹ്ലിൽ മദീന :2/1142)
പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ യുടെ الأدب عنوان السعادة എന്ന കൃതിയിൽ നിന്നും
www.kanzululoom.com