ഫിത്‌ന ഖുര്‍ആനിൽ

‘ഫിത്‌ന’ (الفِتْنَة) എന്ന വാക്ക് പല അര്‍ത്ഥങ്ങളും വരുന്ന ഒരുപദമത്രെ. ‘(സ്വര്‍ണം മുതലായ ലോഹങ്ങള്‍) തീയില്‍ കാട്ടി ഉരുക്കുക, വഴിപിഴപ്പിക്കുക, ഭ്രാന്ത്, ആപത്ത്, പരീക്ഷണം, സ്വാഭിപ്രായത്തില്‍ സംതൃപ്തി അടയുക, സമ്പത്തും സന്തതികളും, ആദര്‍ശത്തിലെ ഭിന്നിപ്പ്, പാപം, അവിശ്വാസം, അപമാനം, ശിക്ഷ, മര്‍ദ്ദനം’എന്നീ അര്‍ത്ഥങ്ങളെല്ലാം സന്ദര്‍ഭമനുസരിച്ച് ആ പദത്തിന് വരും. (അമാനി തഫ്സീര്‍:2/191)

വിശുദ്ധ ഖുര്‍ആനിൽ ‘ഫിത്‌ന’ എന്ന് പരാമര്‍ശിച്ചിട്ടുള്ള ചില ആയത്തുകളിലൂടെ ….

ഒന്ന്

وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് ഇസ്രായീല്യര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു ഫിത്‌ന മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല ….. (ഖു൪ആന്‍:2/102)

ഇവിടെ ഫിത്‌ന എന്നാൽ പരീക്ഷണം എന്നാണ്.

മനുഷ്യർക്ക്‌ പരീക്ഷണമായിക്കൊണ്ട്‌ അല്ലാഹു നിയോഗിച്ച രണ്ട്‌ മലക്കുകൾ (ഹാറൂത്തും മാറൂത്തും) സിഹ്റ് പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആയത്തിലെ പരാമര്‍ശം.

അതേ, അവര്‍ ജനങ്ങള്‍ക്ക് ചിലതെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. പക്ഷേ, ഇത് പഠിച്ചു പ്രയോഗിക്കുവാനുള്ളതല്ല, അങ്ങിനെ ചെയ്താല്‍ നീ അവിശ്വാസിയാകുവാന്‍ ഇടവരും, അത് സൂക്ഷിക്കണം. നല്ലവരെയും ദുഷിച്ചവരെയും വേര്‍തിരിക്കുവാനുള്ള ഒരു പരീക്ഷണമായി നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഞങ്ങള്‍. അത്‌കൊണ്ട് നീ വഞ്ചിതനാകരുത് എന്നൊക്കെ ഉപദേശിച്ചു കൊണ്ടായിരുന്നു അവര്‍ ജനങ്ങള്‍ക്ക് അത് പഠിപ്പിച്ചിരുന്നത്. (അമാനി തഫ്സീര്‍)

രണ്ട്

وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

ഒരു ഫിത്‌ന വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/25)

ഇവിടെ ഫിത്‌ന എന്നാൽ പരീക്ഷണം, ശിക്ഷ എന്നാണ്.

ഒരു വ്യക്തിയുടെയോ, വിഭാഗത്തിന്റെയോ വാക്കിലോ പ്രവൃത്തിയിലോ വന്നുപോകുന്ന പാകപ്പിഴവു നിമിത്തം ഒരു കുടുംബമോ, സമൂഹമോ, ഒരു രാഷ്ട്രം തന്നെയോ ആപത്തിലും കുഴപ്പത്തിലും അകപ്പെട്ടേക്കും. അതുപോലെത്തന്നെ, ഒരു ജനതയിലെ ചില പരീക്ഷണങ്ങള്‍ക്കു വിധേയരാകുന്നു. ഈ അവസരത്തില്‍ ആ സമൂഹത്തിലെ നിരപരാധികളായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അപരാധികള്‍ മാത്രം ആ ശിക്ഷണ പരീക്ഷണങ്ങള്‍ക്കു വിധേയരായിരിക്കയില്ല. അതുകൊണ്ടു അത്തരം പൊതുവായ ഭവിഷ്യത്തുകള്‍ക്കു കാരണമാകത്തക്ക അക്രമങ്ങളെ എല്ലാവരും സൂക്ഷിക്കണമെന്നും, അത്തരം അക്രമകാരികളെ കഴിവതും തടയുവാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും, ഇല്ലാത്ത പക്ഷം, ആപത്തു വരുമ്പോള്‍ അതു കൂട്ടത്തോടെ ബാധിച്ചേക്കുമെന്നും അല്ലാഹു സത്യവിശ്വാസികളെ താക്കീതു ചെയ്യുന്നു. (അമാനി തഫ്സീര്‍)

മൂന്ന്

وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു ഫിത്‌നയാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/28)

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു ഫിത്‌ന മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. (ഖു൪ആന്‍:64/15)

ഇവിടെ ഫിത്‌ന എന്നാൽ പരീക്ഷണം എന്നാണ്.

അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്കു കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അതു രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ വയ്യ. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിനു പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. (അമാനി തഫ്സീര്‍:64/15)

നാല്

وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِى ٱلْأَرْضِ وَفَسَادٌ كَبِيرٌ

സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ ഫിത്‌നയും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്‌. (ഖു൪ആന്‍:8/73)

ഇവിടെ ഫിത്‌ന എന്നാൽ കുഴപ്പം എന്നാണ്.

നിങ്ങള്‍ പരസ്പരം ബന്ധുമിത്രങ്ങളായി വര്‍ത്തിക്കുക, തമ്മതമ്മില്‍ സഹായ സഹകരണം ചെയ്യുക, അവിശ്വാസികളെ മിത്രങ്ങളാക്കാതിരിക്കുക. കരാറു വ്യവസ്ഥകള്‍ക്കു ലംഘനം വരുത്താതിരിക്കുക മുതലായി മേല്‍ പ്രസ്താവിച്ച തത്വങ്ങള്‍ ശരിക്കും നിങ്ങള്‍ പ്രാവര്‍ത്തികമാക്കാത്ത പക്ഷം, അതു ഇസ്ലാമിനും നിങ്ങള്‍ക്കും വമ്പിച്ച അനര്‍ത്ഥവും ആപത്തും വരുത്തിത്തീര്‍ക്കുമെന്നു നിങ്ങള്‍ സദാ ഓര്‍മ്മവെക്കണമെന്നു സാരം. (അമാനി തഫ്സീര്‍)

അഞ്ച്

وَقَالَ مُوسَىٰ يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ ‎﴿٨٤﴾‏ فَقَالُوا۟ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ ٱلظَّٰلِمِينَ ‎﴿٨٥﴾

മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍.  അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ജനതക്ക് ഞങ്ങളെ ഫിത്‌നയാക്കരുതേ. (ഖു൪ആന്‍:10/74-75)

ഇവിടെ ഫിത്‌ന എന്നാൽ പരീക്ഷണം എന്നാണ്.

ഞങ്ങളുടെ ദുരവസ്ഥ കണ്ടിട്ട് നീതിക്കും സത്യത്തിനും വിലകൽപിക്കാത്ത ജനങ്ങൾ ഇസ്ലാം നിമിത്തമാണ് ഞങ്ങൾ ഇങ്ങനെയായതെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ഇസ്‌ലാമിൽ നിന്നും അവർ അകന്ന് പോകാൻ തക്ക വിഷമസ്ഥിതിയിൽ ഞങ്ങളെ ആക്കരുതേ എന്ന് സാരം. (ഉമര്‍ മൗലവി: ഓര്‍മ്മകളുടെ തീരത്ത്, പേജ്:493)

ആറ്

وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌ لَّكُمْ وَمَتَٰعٌ إِلَىٰ حِينٍ

എനിക്കറിഞ്ഞ് കൂടാ, ഇത് ഒരു വേള നിങ്ങള്‍ക്കൊരു ഫിത്‌നയും, അല്‍പസമയത്തേക്ക് മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം. (ഖു൪ആന്‍:21/111)

ഇവിടെ ഫിത്‌ന എന്നാൽ പരീക്ഷണം എന്നാണ്.

നിങ്ങളുടെ ആക്രമങ്ങൾക്ക് ഉടനടി ശിക്ഷ നൽകാതെ നീട്ടിവെച്ചിരിക്കുന്നത് ഒരു പരീക്ഷണമായിരിക്കാം. ഖേദിച്ച് മടങ്ങി മര്യാദ പാലിക്കാനും നീതി പുലർത്താനും നിങ്ങൾക്ക് അവസരം നൽകുകയാണ് ചെയ്യുന്നത്. (ഉമര്‍ മൗലവി: ഓര്‍മ്മകളുടെ തീരത്ത്, പേജ്:494)

ഏഴ്

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ‎﴿٥٢﴾‏ لِّيَجْعَلَ مَا يُلْقِى ٱلشَّيْطَٰنُ فِتْنَةً لِّلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ ٱلظَّٰلِمِينَ لَفِى شِقَاقِۭ بَعِيدٍ ‎﴿٥٣﴾ وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ‎﴿٥٤﴾‏

നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ ശൈത്വാൻ (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ ശൈത്വാൻ ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. ആ ശൈത്വാൻ കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു ഫിത്‌നയാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്‌) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു. വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു. (ഖു൪ആന്‍:22/52-53)

ഇവിടെ ഫിത്‌ന എന്നാൽ പരീക്ഷണം, കുഴപ്പം എന്നാണ്.

നബിമാർ ജനങ്ങളിൽ സത്യപ്രബോധനം നടത്തുന്ന അവസരങ്ങളിലെല്ലാം തന്നെ, പിശാച് അവന്റെ വകയായി പല ദുർബോധനങ്ങളും അതിൽ കടത്തികൂട്ടി ദുഷ്പ്രചാരം ചെയ്ത് പ്രതിബന്ധം ഉണ്ടാക്കിക്കൊണ്ടിരിക്കുക പതിവാണ്. നബിമാരുടെ ശത്രുക്കളായ ജനങ്ങൾ അത് ഏറ്റ് പാടുകയും അതുവഴി ജനങ്ങളിൽ ആശയകുഴപ്പമുണ്ടാക്കി സത്യത്തിൽനിന്ന് പിൻതിരിപ്പിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ‘ജാലവിദ്യയാണ്’, കവിതയാണ്, കെട്ടുകഥയാണ്, ഊഹാപോഹമാണ്, യുക്തിഹീനമാണ്, അശാസ്‌ത്രീയമാണ്’ എന്നിങ്ങിനെയുള്ള വിവിധ ആരോപണങ്ങൾ പുറപ്പെടുവിക്കും. പൊതുജനങ്ങളെ കബളിപ്പിക്കുന്ന പല ദുർന്യായങ്ങളും അവർ പറഞ്ഞു പരത്തും. ഈ പിശാചുക്കളെ അല്ലാഹു പെട്ടെന്ന് പിടിച്ചു ശിക്ഷിക്കാതെ വിടുന്നത് നബിമാരുടെ പ്രബോധനങ്ങൾ സത്യമല്ലാത്തതുകൊണ്ടല്ല. സത്യത്തെ അല്ലാഹു വിജയിപ്പിക്കുകതന്നെ ചെയ്യും. പക്ഷേ, അതിൽ ചില രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ട്. സത്യം സ്വീകരിക്കുവാനും, അന്വേഷിച്ചറിയുവാനും തയ്യാറില്ലാത്ത ദുഷ്ടമനസ്ഥിതിയും, ധിക്കാര ബുദ്ധിയുമുള്ളവർക്ക് അതൊരു പരീക്ഷണമാകുന്നു. അതേസമയത്ത്, അറിവും, ബോധവുമുള്ള സത്യാന്വേഷികൾക്ക് അസത്യത്തിൽ നിന്ന് സത്യത്തെ ശരിക്കും തിരിച്ചറിഞ്ഞ്ആ സ്വദിക്കുവാനുള്ള ഒരവസരവുമാണത്. അല്ലാഹു അവരെ അതിനു സഹായിക്കുകയും ചെയ്യും. പിശാചുക്കളുടെ പ്രവർത്തനം എത്രകണ്ടു ബലപ്പെട്ടതാണോ അത്രകണ്ട്, സത്യത്തിന്റെ കക്ഷിയും സംശുദ്ധരായിത്തീരുകയും, ശക്തിപ്പെടുകയും ചെയ്യും. അങ്ങനെ, പിശാചിന്റെ കക്ഷിയുടെ തിന്മയും, നബിമാരുടെ കക്ഷികളുടെ നന്മയും വർദ്ധിക്കുന്നു. (അമാനി തഫ്സീര്‍)

എട്ട്

وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَٰتِلُوكُمْ فِيهِ ۖ فَإِن قَٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَٰفِرِينَ

അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) ഫിത്‌ന കൊലയേക്കാള്‍ കഠിനമായിട്ടുള്ളതാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്‌) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (ഖു൪ആന്‍:2/191)

മനുഷ്യന്‍ കൊല്ലപ്പെടുന്ന കാര്യം ഒരു കഠിനകൃത്യം തന്നെ. എന്നാല്‍, ഫിത്‌നയുടെ കാര്യം അതിലും ഭയങ്കരമാണ്. അതുകൊണ്ട് കൂടുതല്‍ ആപല്‍ക്കരമായ അക്കാര്യം ഇല്ലാതാക്കുവാന്‍ വേണ്ടിയാണ് ശത്രുക്കളോട് യുദ്ധം ചെയ്യുവാനും, അവരെ കൊലപ്പെടുത്തുവാനും കല്‍പിക്കുന്നത് എന്ന് താല്‍പര്യം. (അമാനി തഫ്സീര്‍)

ഇവിടെ ഫിത്‌ന എന്നാൽ ശിര്‍ക് എന്നാണ്.

يعني شركهم بالله عز وجل أشد وأعظم من قتلكم إياهم في الحرم والإحرام.

അതായത്, അവര്‍ അല്ലാഹുവിൽ പങ്ക് ചേര്‍ക്കുന്നത്, നിങ്ങൾ അവരെ ഹറമിലും ഇഹ്റാമിലും കൊലപ്പെടുത്തുന്നതിനേക്കാൾ കഠിനവും ഗൗരവവുമുള്ളതാണ് അത്. (ബഗ്‌വി)

قال أبو العالية ، ومجاهد ، وسعيد بن جبير ، وعكرمة ، والحسن ، وقتادة ، والضحاك ، والربيع بن أنس في قوله : ( والفتنة أشد من القتل ) يقول : الشرك أشد من القتل .

(മുൻഗാമികളായ) അബുൽ ആലിയ, മുജാഹിദ്, സഈദ് ബിൻ ജുബൈർ, ഇക്രിമ, ഹസൻ, ഖതാദ, ളഹാക്ക്, റബീഅ എന്നിവരൊക്കെ പറഞ്ഞു: ശിർക്കാണ് കൊലയേക്കാൾ ഗൗരവം. (ഇബ്നുകസീര്‍)

قال أبو جعفر: يعني تعالى ذكره بقوله: ” والفتنة أشد من القتل “، والشرك بالله أشدُّ من القتل.

അല്ലാഹുവിൽ പങ്ക് ചേര്‍ക്കുന്നത് കൊലയേക്കാള്‍ കഠിനമാകുന്നു. (ത്വബ്‌രി)

മുശ്‌രിക്കുകളുടെ അവിശ്വാസവും, അതിനെത്തുടര്‍ന്ന് സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും എതിരെ അവര്‍ അഴിച്ചുവിടുന്ന അക്രമ മര്‍ദ്ദനങ്ങളും നോക്കുമ്പോള്‍, യുദ്ധം നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവയെക്കാള്‍ ലഘുവാണെന്നാണ് മൊത്തത്തില്‍ അവയുടെ രത്‌നച്ചുരുക്കം. (അമാനി തഫ്സീര്‍)

ഒമ്പത്

وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّٰلِمِينَ

ഫിത്‌ന ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല. (ഖു൪ആന്‍:2/193)

ഇവിടെ ഫിത്‌ന എന്നാൽ ശിര്‍ക്, പീഢനം എന്നാണ്.

{‏وَقَاتِلُوهُمْ حَتَّى لا تَكُونَ فِتْنَةٌ‏}‏ أي‏:‏ شرك وصد عن سبيل اللّه، ويذعنوا لأحكام الإسلام،

{ഫിത്‌ന ഇല്ലാതാവുന്നത് വരെ നിങ്ങളവരോട് യുദ്ധം ചെയ്യുക} ശിര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കലോ ഇല്ലാതിരിക്കുകയും, അവർ ഇസ്ലാമിന്റെ വിധികൾക്ക് കീഴടങ്ങുന്നത് വരെയും. (തഫ്സീറുസ്സഅ്ദി)

وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌ

ഫിത്‌ന ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌. (ഖു൪ആന്‍:8/39)

സ്വഹാബികളുടെ കാലത്ത് നടന്ന ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കെടുക്കാതിരുന്ന ഇബ്‌നുഉമര്‍ رَضِيَ اللَّهُ عَنْهُ വിനോട് അതിനെപ്പറ്റി ചിലര്‍ ചോദിക്കുകയും, അദ്ദേഹം അവരോട് മറുപടി പറയുകയും ചെയ്തതായി ഇമാം ബുഖാരി رحمه الله ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ (ഫിത്‌ന ഉണ്ടാകാതിരിക്കുന്നതുവരെ യുദ്ധം ചെയ്യുവിന്‍) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ എന്ന് ചോദ്യകര്‍ത്താവ് ചോദിച്ചതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞുകാണാം:

قَاتَلْنَا حَتَّى لَمْ تَكُنْ فِتْنَةٌ، وَكَانَ الدِّينُ لِلَّهِ، وَأَنْتُمْ تُرِيدُونَ أَنْ تُقَاتِلُوا حَتَّى تَكُونَ فِتْنَةٌ، وَيَكُونَ الدِّينُ لِغَيْرِ اللَّهِ‏.‏

‘ഫിത്‌ന ഇല്ലാതാകുകയും, മതം അല്ലാഹുവിനായിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്തിരിക്കുന്നു. നിങ്ങള്‍ ഫിത്‌ന ഉണ്ടാകുകയും മതം അല്ലാഹുവിന് അല്ലാതിരിക്കുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്. (ബുഖാരി:4513)

മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമാണുള്ളത്:

فَعَلْنَا عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَ الإِسْلاَمُ قَلِيلاً، فَكَانَ الرَّجُلُ يُفْتَنُ فِي دِينِهِ إِمَّا قَتَلُوهُ، وَإِمَّا يُعَذِّبُوهُ، حَتَّى كَثُرَ الإِسْلاَمُ فَلَمْ تَكُنْ فِتْنَةٌ‏.‏

അതെ, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലത്ത് ഞങ്ങള്‍ അങ്ങനെചെയ്തിട്ടുണ്ട്. അന്ന് ഇസ്‌ലാം (മുസ്‌ലിംകള്‍) അല്‍പമായിരുന്നു. അതിനാല്‍, മനുഷ്യന്‍തന്‍റെ മത കാര്യത്തില്‍ ഫിത്‌നക്ക് (പരീക്ഷണത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകില്‍ അവന്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ മര്‍ദ്ദിക്കപ്പെടും. അങ്ങനെ, ഇസ്‌ലാം (മുസ്‌ലിംകള്‍) വര്‍ദ്ധിച്ചു, അപ്പോള്‍ ഫിത്‌ന ഇല്ലാതായി….’ (ബുഖാരി:4516)

പത്ത്

يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ ‎﴿١٢﴾‏ يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ ‎﴿١٣﴾‏ ذُوقُوا۟ فِتْنَتَكُمْ هَٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ ‎﴿١٤﴾

ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു. നരകാഗ്നിയില്‍ അവര്‍ ഫിത്‌നക്ക് വിധേയരാകുന്ന ദിവസമത്രെ അത്‌. (അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള ഫിത്‌ന നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌. (ഖു൪ആന്‍:51/14)

ഇവിടെ ഫിത്‌ന എന്നാൽ ശിക്ഷ എന്നാണ്.

{ذُوقُوا فِتْنَتَكُمْ}- أي: العذاب والنار، الذي هو أثر ما افتتنوا به، من الابتلاء الذي صيرهم إلى الكفر، والضلال،

{നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ചുകൊള്ളുക} അതായത് ശിക്ഷയും നരകവും. വഴികേടിലേക്കും നരകത്തിലേക്കും അവരെ എത്തിച്ച പരീക്ഷണങ്ങളില്‍ അവര്‍ പരാജയപ്പെട്ടതിന്റെ ഫലമാണത്. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *