عَنْ أَبِي قَتَادَةَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ
അബൂക്വതാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹുവിനു വേണ്ടി നീ വല്ലതും ഉപേക്ഷിച്ചാൽ അതിലും ഉത്തമമായത് അതുകാരണം അല്ലാഹു നിനക്ക് പകരം തരാതിരിക്കില്ല. (അഹ്‌മദ്: 21996)
ഒരു മുസ്‌ലിം അതിരാവിലെ എഴുന്നേറ്റത് മുതൽ രാത്രി കിടക്കുംവരെയും നിത്യജീവിതത്തിൽ പാലിക്കേണ്ടതായ കുറെ കാര്യങ്ങൾ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അതെല്ലാം ശരിയാം വിധം പ്രാവർത്തികമാക്കുന്ന വിശ്വാസിയുടെ പ്രതീക്ഷ അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവുമാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന ഒരു ഹദീസാണ് മുകളിൽ കൊടുത്തത്.
ദേഹേച്ഛകൾക്കെതിരായി പടവെട്ടി അല്ലാഹുവിന്റെ നിയമങ്ങൾ കാത്തുസൂക്ഷിക്കുന്നതിലൂടെയും നടപ്പിലാക്കുന്നതിലൂടെയും ലഭിക്കുക മഹത്തായ പ്രതിഫലമാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്‌നുൽ ക്വയ്യിം رحمه الله പറയുന്നു: “അല്ലാഹു ‘പകരം നൽകും’ എന്നു പറയുന്നത് വ്യത്യസ്ത രൂപങ്ങളിലാകാം. അതിൽ ഏറ്റവും പ്രധാനം (ആ പ്രവൃത്തി ചെയ്യുന്നതിലൂടെ) അല്ലാഹുവിനോടുള്ള സ്‌നേഹവും ഹൃദയത്തിനും മനസ്സിനും ലഭിക്കുന്ന സ്ഥൈര്യവും സമാധാനവും സംതൃപ്തിയുമാണ്’’ (അൽഫവാഇദ്)
വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനം അല്ലാഹു കൽപിച്ചത് ചെയ്യുന്നതിലൂടെയും വിരോധിച്ചതിൽനിന്നും വിട്ടുനിൽക്കുന്നതിലൂടെയും ലഭിക്കുന്ന മനഃസംതൃപ്തിയാണ്. സമ്പത്തും ശരീരവും അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുന്നതും സ്വഭാവം നന്നാക്കുന്നതും ദേഷ്യം അടക്കിവയ്ക്കുന്നതും എന്നിങ്ങനെ വലുതും ചെറുതുമായ ഏതൊരു സൽകർമവും പ്രതിഫലാർഹമാണ്.
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ كَظَمَ غَيْظًا وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ دَعَاهُ اللَّهُ عَلَى رُءُوسِ الْخَلاَئِقِ يَوْمَ الْقِيَامَةِ حَتَّى يُخَيِّرَهُ فِي أَىِّ الْحُورِ شَاءَ
സഹ്ല്‍ ബ്നു മുആദ് ബ്നു അനസ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താന്‍ ഉദ്ദേശിക്കുന്നത് നടപ്പിലാക്കുവാനുള്ള കഴിവും സാധ്യതയും ഉണ്ടായിട്ട് ആരാണോ തന്റെ കോപം ഒതുക്കി വെച്ചിരിക്കുന്നത്, അവസാന നാളില്‍ അവനെ അല്ലാഹു സൃഷ്ടികള്‍ക്കിടയില്‍ വെച്ച് വിളിക്കുകയും, അവന്‍ ഉദ്ദേശിക്കുന്ന സ്വ൪ഗീയ സുന്ദരികളെ തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. (ഇബ്നുമാജ:37/4326)
“ചില സൽകർമങ്ങൾക്ക് ഇഹലോകത്തുവച്ച് തന്നെ അല്ലാഹു ചില അനന്തരഫലങ്ങൾ നൽകിയേക്കാം. മുഹാജിറുകൾ ഇതിന് ഉദാഹരണമാണ്. അല്ലാഹുവിനുവേണ്ടി വീടും ജനിച്ച നാടും സമ്പത്തുമെല്ലാം ഉപേക്ഷിച്ച മുഹാജിറുകൾക്ക് പിൽക്കാലത്ത് അല്ലാഹു സമ്പത്ത് പകരമായി നൽകി. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അല്ലാഹു അവർക്ക് കീഴ്‌പെടുത്തിക്കൊടുത്തു’’ (ഇബ്‌നുൽ ക്വയ്യിം, റൗദത്തുൽ മുഹിബ്ബീൻ: 445).
അല്ലാഹു ‘പകരം നൽകുന്നത്’ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാൻ കഴിയുന്നതാകണമെന്നില്ല. വിശ്വാസദൃഢതയും അല്ലാഹുവിന്റെ വിധിയിലുള്ള സമ്പൂർണ തൃപ്തിയും പോലുള്ളത് നൽകിക്കൊണ്ടു മാകാം. ഇഹലോകത്തെ നേട്ടം മാത്രം ആഗ്രഹിച്ച് ജീവിക്കൽ പരലോകത്ത് കനത്ത നഷ്ടമാണ് വരുത്തിവയ്ക്കുക. അല്ലാഹു പറയുന്നു:
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا
ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്. (ഖു൪ആന്‍:17/18-30)
www.kanzululoom.com