മൂസാനബി عليه السلام യുടെ കയ്യാൽ ഒരാൾ കൊല്ലപ്പെട്ട സംഭവം

മൂസാ عليه السلام ജനനം മുതൽ ഫിർഔനിന്റെ കുടുംബത്തോടൊപ്പം കൊട്ടാരത്തിലാണ് താമസിച്ചത്. ഈജിപ്തിലെ പൂര്‍വ്വനിവാസികളായ ഖിബ്ത്തികള്‍ ഭരണകക്ഷിയുടെ ആളുകളായും ഇസ്രാഈല്യര്‍ അടിമകളായും അറിയപ്പെടുന്ന കാലം. മൂസാ عليه السلام യുടെ യുവത്വ കാലത്ത് അദ്ധഹത്തിന്റെ കൈയ്യാൽ ഒരു ഖിബ്ത്തി കൊല്ലപ്പെട്ട സംഭവം പ്രസിദ്ധമാണ്. സൂറ:ഖസസ് 14-22 ആയത്തുകളിലൂടെ ….

وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌. (ഖു൪ആന്‍:28/14)

{അങ്ങനെ അദ്ദേഹം-മൂസാ-ശക്തി പ്രാപിച്ചപ്പോൾ} ശക്തിയിലും ബുദ്ധിയിലും. അധികവും നാൽപതാമത്തെ വയസ്സിലായണ് അതുണ്ടാകുന്നത്. (പക്വത എത്തുകയും ചെയ്തു) അതായത്, ശാരീരിക ശക്തിയിലും പക്വതയിലും ജ്ഞാനത്തിലും പൂർണതയുടെ തലമെത്തിയപ്പോൾ. {അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി} അതായത്, ശരീഅത്തിന്റെ വിധികൾ അറിയാനും ജനങ്ങൾക്കിടയിൽ ന്യായം വിധിക്കാനുമുള്ള വിവേകവും വിപുലമായ അറിവും. {അപ്രകാരമാണ് സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്} അല്ലാഹുവിനെ ആരാധിച്ചും അവന്റെ സൃഷ്ടികളോട് ദയ കാണിച്ചും സൽകർമങ്ങൾ ചെയ്യുന്നവർക്ക് അതിനനുസരിച്ച് നാം പ്രതിഫലം നൽകുന്നു. അവരുടെ സൽകർമങ്ങൾക്കനുസരിച്ച് അറിവും ജ്ഞാനവും നൽകുകയും ചെയ്യുന്നു. ഇത് മൂസാനബി عليه السلام നന്മ ചെയ്യുന്നതിന്റെ പൂർണതയെ തെളിയിക്കുന്നു. (തഫ്സീറുസ്സഅ്ദി)

ഇസ്രാഈല്യരുടെ വാസസ്ഥലം പട്ടണത്തില്‍ നിന്നു അല്‍പം അകലെയായിരുന്നു. മൂസാ നബി عليه السلام ഒരിക്കല്‍ പട്ടണത്തില്‍ വന്നപ്പോഴാണ് യാദൃച്ഛികമായി ആ സംഭവമുണ്ടായത്. ആളുകൾ അധികമായി പുറത്തിറങ്ങാത്ത സമയത്താണ് അദ്ദേഹം പട്ടണത്തില്‍ പ്രവേശിച്ചത്. പട്ടണവാസികളുടെ ശ്രദ്ധ തിരിയാന്‍ ഇടയാകാത്ത ഒരവസരമായിരുന്നു അത്. അല്ലാഹു പറയുന്നു:

وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ

പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു (അവൻ കൊല്ലപ്പെട്ടു). മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:28/15)

ഒരു ഖിബ്ത്വിയും ബനൂഇസ്‌റാഈലുകാരനും പരസ്പരം ഏറ്റുമുട്ടുകയും തർക്കിക്കുകയും ചെയ്യുന്നതാണ് മൂസാ عليه السلام അവിടെ കണ്ടത്. മൂസ عليه السلام  ഇസ്രാഈല്യനാണെന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ട്. അല്ലെങ്കിൽ മൂസാ عليه السلام രാജകുടുംബത്തിൽ ഉയർന്ന സ്വാധീനം ചെലുത്തിയിരുന്നുവെന്നും  പ്രതീക്ഷയർപ്പിക്കാൻ പറ്റുന്ന ഒരു വ്യക്തിയായിരുന്നുവെന്നും അയാൾ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ  തന്റെ ശത്രുവിനെതിരെ സഹായിക്കാൻ ഇസ്രാഈല്യന്‍ മൂസാ عليه السلام യോട് സഹായം അര്‍ത്ഥിച്ചു. ഇസ്‌റാഈല്യന്റെ സഹായത്തിനുള്ള അഭ്യർഥനക്ക് മറുപടിയായി അദ്ദേഹം ശത്രുവിനെ ഇടിച്ചു. മൂസാ عليه السلام യുടെ ശക്തിയും ഇടിയുടെ പ്രഹരവും അയാൾ മരണപ്പെടാൻ ഇടയാക്കി. പിശാചിന്റെ  വ്യക്തമായ ശത്രുതയും ആളുകളെ വഴിതെറ്റിക്കാനുള്ള അവന്റെ താൽപര്യവും കാരണമാണ് ഇത് സംഭവിച്ചതെന്ന് മൂസാ عليه السلام പറയുകയും ഖേദിക്കുകയും ചെയ്തു.

ഇസ്തിആസ യെ കുറിച്ച് ചിലത്

ക്വുര്‍ആനും സുന്നത്തും പരിശോധിച്ചാല്‍ ഇസ്തിഗാസയുടെ രണ്ട് വിധം നമുക്ക് കാണാം. ഒന്ന് പ്രാര്‍ഥനയായതും മറ്റൊന്ന് പ്രാര്‍ഥനയല്ലാത്തതും.

മൂസാ നബി عليه السلام യോട് ഈ വ്യക്തി  സഹായമ൪ത്ഥിച്ച സംഭവം വിവരിക്കുമ്പോള്‍ ‘ഇസ്തിഗാസ’ എന്ന പദമാണ് വിശുദ്ധ ഖു൪ആന്‍ പ്രയോഗിച്ചിട്ടുള്ളത് (فَٱسْتَغَٰثَهُ). സൃഷ്ടികളുടെ കഴിവിൽപ്പെടതും ഭൗതികമായ മാർഗത്തിലുള്ളതുമാണ്.  ഇത്തരം സഹായങ്ങളും സഹായാഭ്യ൪ത്ഥനകളും അനുപേക്ഷണനീയവും അനുവദനീയവുമാണ്. സഹായം അഭ്യ൪ത്ഥിക്കപ്പെടുന്നവ൪ക്ക് സഹായിക്കാന്‍ സാധിക്കുന്നതുമാണിത്.

എന്നാൽ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ, അല്ലെങ്കില്‍ അഭൗതിക മാര്‍ഗത്തിലൂടെ സൃഷ്ടികളുടെ വിളിക്ക് ഉത്തരം നല്‍കുവാനും നന്മകളെ നല്‍കുവാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമേയുള്ളൂ. അത്തരം സഹായതേട്ടങ്ങൾക്കും ‘ഇസ്തിഗാസ’ എന്ന പദം വിശുദ്ധ ഖു൪ആനില്‍ വന്നിട്ടുണ്ട്.

ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)

ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള ‘ഇസ്തിഗാസ’ പ്രാ൪ത്ഥന എന്ന അ൪ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ സഹായതേട്ടമാണിത്. ഈ ‘ഇസ്തിഗാസ’ അല്ലാഹുവിനോട് മാത്രമ പാടുള്ളൂ. ഇത് അല്ലാഹു അല്ലാത്തവരോട് നടത്തിയാല്‍ ശി൪ക്ക് ആണ്. സഹായം അഭ്യ൪ത്ഥിക്കപ്പെടുന്നവ൪ക്ക് (അല്ലാഹു അല്ലാത്തവ൪ക്ക്) സഹായിക്കാന്‍ സാധിക്കാത്തതാണിത്.

തന്നിൽ സംഭവിച്ച അബദ്ധത്തിന് മൂസാ عليه السلام അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്തു.

قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:28/16)

‘ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ’ എന്നാണ് തേട്ടം. ഒരാൾ പരലോകത്ത് ശിക്ഷിക്കപ്പെടുന്നത് അവന്റെ പാപം കാരണത്താലായിരിക്കും. അഥവാ സ്വന്തം ദേഹത്തെ നരകത്തിന്റെ വിറകാക്കുന്നത് അവനവന്‍ ചെയ്ത പാപമാണ്. അപ്പോള്‍, ഒരാള്‍ പാപം ചെയ്താല്‍ അയാള്‍ നരക ശിക്ഷക്ക് അര്‍ഹനാകുമെങ്കില്‍, അത് സ്വദേഹത്തോടുള്ള വലിയ അക്രമം തന്നെയാണ്.

പാപികള്‍ പാപം പൊറുത്തുകിട്ടുന്നതിനായി ആദ്യം അല്ലാഹുവിന്റെ റസൂലിനോടാണ് ആവശ്യപ്പെടേണ്ടതെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇസ്ലാമി പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് പാപം പൊറുത്തുകിട്ടാനായി പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോടാണ് എന്നാണ്. മൂസാ عليه السلام യുടെ മുകളില്‍ ഉദ്ധരിച്ച പ്രാര്‍ഥന അതിന് തെളിവാണ്.

പാപങ്ങൾ വന്നാല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കാതെ അതില്‍ നിന്നും മടങ്ങണം. ഏത് പാപവും പൊറുക്കാന്‍ തേടിയാല്‍ പൊറുക്കുന്നവനാണ് നമ്മുടെ റബ്ബ്.

മേലില്‍ ഇത്തരം അബദ്ധത്തില്‍ കുടുങ്ങുകയില്ലെന്ന് മൂസാ عليه السلام ദൃഢനിശ്ചയവും ചെയ്തു.

قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല. (ഖു൪ആന്‍:28/17)

അല്ലാഹു അനുഗ്രഹം നൽകിയതിന്റെ നന്ദിയായി ഇത് മൂസാ عليه السلام ചെയ്ത കരാറാണ്. ഖിബ്തിയെ കൊന്നപോലെ ഒരു കുറ്റവാളിക്കും ഞാൻ സഹായം ചെയ്യില്ല. ഇതിൽനിന്ന് മനസ്സിലാകുന്നത്, അനുഗ്രങ്ങൾ ലഭിക്കുന്നത് ഒരടിമക്ക് നന്മ ചെയ്യാനും തിന്മ ഉപേക്ഷിക്കാനും പ്രേരണയാകണം എന്നാണ്. (തഫ്സീറുസ്സഅ്ദി)

ഇന്നലത്തെ സംഭവം മൂസാ عليه السلام യുടെ പക്കല്‍ കൈതെറ്റു വന്നുപോയതാണെങ്കിലും, അതൊരു കൊലപാതകമാണല്ലോ. എന്തൊക്കെയാണ് അതുമൂലം നേരിടാനിരിക്കുന്നതെന്നറിയാതെ അദ്ദേഹം ഭയത്തിലും, ആശങ്കയിലും കഴിയുകയാണ്. ഫിർഔൻ ഈ വിവരം അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നു ഭയം. ഇസ്‌റാഈല്യരിൽ മൂസാ عليه السلام അല്ലാതെ അത്തരമൊന്നു ചെയ്യാൻ ഒരാൾക്കും ധൈര്യമുണ്ടാകില്ല എന്നത് അറിയപ്പെട്ടതാണ്.  ഈ അവസരത്തിലാണ് വീണ്ടും അതേപോലെ വേറൊരു ഘട്ടവും അദ്ധേഹത്തെ അഭിമുഖീകരിക്കുന്നത്. തലേ ദിവസം സഹായത്തിനപേക്ഷിച്ചവന്‍ ഇന്നും അതാ വിളിച്ചു നിലവിളിക്കുന്നു! ഇന്ന് അവനും മറ്റൊരു ഖിബ്ത്തിയും കൂടി ശണ്ഠകൂടുകയാണ്. അല്ലാഹു പറയുന്നു:

فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ

അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു. (ഖു൪ആന്‍:28/18)

‘നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു’ എന്ന് ഇസ്റാഈല്യനോട് പറഞ്ഞെങ്കിലും അതില്‍ ഇടപെടാതെ മാറി നില്‍ക്കാന്‍ മൂസാ عليه السلام ക്ക് സാധിച്ചില്ല. അങ്ങനെ ഈ പ്രശ്‌നത്തിലും അദ്ദേഹം ഇടപെട്ടു.

فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسَۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ

എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല. (ഖു൪ആന്‍:28/19)

രണ്ടാളുടെയും ശത്രുവെന്ന് പറഞ്ഞതു ഖിബ്ത്തിയെ ഉദ്ദേശിച്ചാകുന്നു. ഖിബ്ത്തിയെ നിലക്കുനിര്‍ത്താൻതന്നെ മൂസാ عليه السلام നിശ്ചയിച്ചു. അപ്പോൾ ഖിബ്ത്തി പറഞ്ഞതാണ് ഇത്. ഇന്നലെ മറ്റേ ക്വിബ്ത്വി കൊല്ലപ്പെട്ടത് മൂസാ عليه السلام യുടെ കരങ്ങളാലാണെന്ന് അയാൾ ഊഹിച്ച് പറഞ്ഞതാകാം.

ഈ പറഞ്ഞത് ആ ഇസ്റാഈല്യന്‍ തന്നെയാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. തലേദിവസത്തെ ഘാതകന്‍ മൂസാ عليه السلام ആണെന്ന് മറ്റാരും അറിഞ്ഞിരുന്നില്ല, ‘നീ ഒരു ദുര്‍മ്മാര്‍ഗ്ഗി തന്നെ’ എന്നു ഇസ്രാഈലിയോടു കയര്‍ത്തുംകൊണ്ട് മൂസാ عليه السلام ഖിബ്ത്തിയുടെ നേരെ തിരിയാനുള്ള ശ്രമം കണ്ടപ്പോള്‍, അദ്ദേഹം തന്‍റെ നേര്‍ക്ക് തിരിയുവാനാണ് ഭാവമെന്ന് ഇസ്രാഈല്യൻ തെറ്റിദ്ധരിച്ചു പറഞ്ഞതാണ്.

ഏതായാലും ഈ വാക്കുമൂലം മൂസാ عليه السلام യുടെ മനസ്സില്‍ ഭീതി കൂടി. വിവരം നാട്ടില്‍ പരന്നതോടെ രാജകൊട്ടാരത്തില്‍ മൂസാ عليه السلام ക്ക് എതിരില്‍ ഗൂഢാലോചന നടന്നു. അപ്പോൾ ഗുണകാംക്ഷിയായ ഒരു മനുഷ്യനെ അല്ലാഹു നിശ്ചയിച്ചു. അവിടുത്തെ നേതാക്കളുടെ ഗൂഢാലോചന മൂസാ عليه السلام യെ അയാൾ അറിയിച്ചു. അല്ലാഹു പറയുന്നു:

وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّٰصِحِينَ

പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്‌) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:28/20)

മൂസാനബിയോടുള്ള ഗുണകാംക്ഷകൊണ്ടാണ് അദ്ദേഹം വന്നത്. മൂസാ عليه السلام ക്ക് വിവരം ലഭിക്കും മുമ്പ് അവർ അദ്ദേഹത്തെ അക്രമിക്കുമോ എന്ന ഭയം അയാളിലുണ്ടായി. താങ്കളെ കൊല്ലാൻ വേണ്ടി ഗൂഢാലോചന നടക്കുന്നുവെന്നും താങ്കൾ പട്ടണത്തിന് പുറത്തു പോയി രക്ഷപെടണമെന്നും അയാൾ മൂസാ عليه السلام യെ അറിയിച്ചു.

മൂസാ عليه السلام അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് കൊല്ലപ്പെടാതിരിക്കാൻ പട്ടണം വിട്ടുപോയി. ഫലസ്തീന്റെ തെക്കുഭാഗത്തുള്ള ഫിർഔനിന്റെ അധികാര പരിധിയിൽ പെടാത്ത മദ്‌യൻ എന്ന സ്ഥലം ഉദ്ദേശിച്ചാണ് അദ്ധേഹം പോയത്. അദ്ദേഹം അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്തു.

فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ‎

അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ. (ഖു൪ആന്‍:28/21)

ഭീതിയുള്ള സമയങ്ങളില്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കണം. ആരെങ്കിലും നമ്മെ കടന്നാക്രമിക്കുമെന്നോ മറ്റോ നമുക്ക് തോന്നുകയും നമുക്ക് പേടി പിടിപെടുകയും ചെയ്താല്‍ ആ ശത്രുവിനെതിരില്‍ അല്ലാഹുവിനോട് കാവല്‍ തേടാന്‍ നബിﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا خَافَ قَوْمًا قَالَ ‏ “‏ اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ ‏”‏ ‏.‏

നബിﷺ ഒരു സമൂഹത്തെ സംബന്ധിച്ച് ഭയം തോന്നിയാല്‍ ഇപ്രകാരം പറയും: അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു. (അബൂദാവൂദ്: 1537 – സ്വഹീഹ് അൽബാനി)

വിജയവും പരാജയവും തീരുമാനിക്കുന്നതും ആരുടെ തീരുമാനവും നടപ്പില്‍ വരുത്തുന്നതും അല്ലാഹുവാണല്ലോ. അതിനാല്‍ കാവല്‍ ചോദിക്കേണ്ടതും അല്ലാഹുവിനോടായിരിക്കണം. ഇതാണ് നമ്മുടെ പ്രതിരോധ മാര്‍ഗം. അല്ലാഹുവിനെക്കാളും വലിയ സഹായി മറ്റാരുമില്ല. ഭീതിയോടെ ജീവിക്കുന്നതിന് പകരം അല്ലാഹുവിനോട് കാവല്‍ തേടി ജീവിക്കുകയാണ് വിശ്വാസികള്‍ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്.

ആപത്തുകള്‍ നേരിട്ടേക്കാനിടയുള്ള സാഹചര്യങ്ങളില്‍ അവനവനാല്‍ കഴിയുന്ന രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും, അതോടൊപ്പം രക്ഷക്കുവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണമെന്നുള്ളതിന് ഇതില്‍ മാതൃകയുണ്ട്. ഒരു നിലക്ക് ഭവിഷ്യത്തിനെക്കുറിച്ച് മൂസാ عليه السلام നബിക്ക് ഭയപ്പാടുണ്ടായിരുന്നുവെങ്കിലും, അല്ലാഹുവിന്‍റെ സഹായത്തില്‍ അദ്ദേഹത്തിനു തികച്ചും പ്രതീക്ഷയുമുണ്ടായിരുന്നു എന്ന് അടുത്ത വചനത്തില്‍ നിന്നു വ്യക്തമാണ്. (അമാനി തഫ്സീര്‍)

وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ

മദ്‌യന്‍റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം. (ഖു൪ആന്‍:28/22)

മൂസാ عليه السلام യുടെ ചരിത്രം വിശദീകരിക്കുന്ന സൂറ:ഖസസ് 1-50 ആയത്തുകൾക്ക് ശേഷം, ഈ അത്ഭുതകരമായ കഥയിൽനിന്നും പഠിക്കേണ്ട പാഠങ്ങൾ ശൈഖ് നാസിര്‍ അസ്സഅദി رحمة الله തന്റെ തഫ്സീറിൽ വിശദീകരിക്കുന്നുണ്ട്. അതിൽ നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ടവ ഇവിടെ ചേര്‍ക്കുന്നു:

• അല്ലാഹു തന്റെ അടിമക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വലിയ അനുഗ്രഹവും സഹായവും എന്നത് ഭയത്തിന്റെയും വിപത്തിന്റെയും സമയത്ത് അവനെ ഉറപ്പിച്ചുനിറുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതൂമൂലം അവന് നല്ല വാക്കും നല്ല പ്രവൃത്തിയും സാധ്യമാകുന്നു. എന്നാൽ അസ്വസ്ഥതയും ഭയവും പിടികൂടിയവൻ; അവന്റെ ശ്രദ്ധ നഷ്ടപ്പെടുകയും ബുദ്ധി ദുർബലമാവുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ അവനൊരു പ്രയോജനവും അവനെക്കൊണ്ട് ഉണ്ടാവുകയില്ല.

• മുസ്‌ലിംകളുമായി കരാറും ഉടമ്പടിയുമുള്ള അവിശ്വാസിയെ വധിക്കുന്നത് പാടില്ലാത്തതാണ്. അവിശ്വാസിയായ ഖിബ്ത്വിയെ കൊന്നത് മൂസാ عليه السلام ഒരു കുറ്റമായി ഗണിച്ചു. അല്ലാഹുവോട് പശ്ചാത്തപിക്കുകയും ചെയ്തു.

• അന്യായമായി കൊല നടത്തുന്നവനെ സ്വേച്ഛാധിപതിയും നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവനുമായി കണക്കാക്കുന്നു.

• അന്യായമായി ആളുകളെ വധിക്കുകയും എന്നിട്ട് താൻ ഭൂമിയിൽ നന്മയുണ്ടാക്കാൻ ശ്രമിക്കുകയും ദുഷ്പ്രവൃത്തികളെ തടയുകയുമാണെന്ന് വാദിക്കുന്നത് ശുദ്ധ കളവാണ്. അവൻ കുഴപ്പക്കാരൻ തന്നെയാണ്. ഖിബ്ത്വിയുടെ വാക്ക് അല്ലാഹു പറയുന്നു:

إِن تُرِيدُ إِلَّا أَن تَكُونَ جَبَّارًا فِي الْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ الْمُصْلِحِينَ ‎

ഭൂമിയിൽ ഒരു സ്വേച്ഛാധിപതിയാകാനല്ലാതെ നീ ഉദ്ദേശിക്കുന്നില്ല. നന്മ വരുന്നവരിൽ ആയിത്തീരാൻ നീ ഉദ്ദേശിക്കുന്നുമില്ല. (28/19)

ഇവിടെ ഖിബ്തിയുടെ വാദം അംഗീകരിക്കുകയാണ്; നിഷേധിക്കുകയല്ല.

• ഒരാൾക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെ ഒരു താക്കീതായി അയാളെ അറിയിക്കുന്നത് ഒരു പരദൂഷണമല്ല. മറിച്ച് അത് നിർബന്ധമാണ്. അതാണ് ആ ഗുണകാംക്ഷിയായ മനുഷ്യൻ മൂസാനബിയോട് ചെയ്തത്.

• ഒരു സ്ഥലത്ത് താമസിക്കുന്നത് കൊല്ലപ്പെടാനും നശിക്കാനും കാരണമാകുമെന്ന് ഒരാൾ ഭയന്നാൽ സ്വയം നാശത്തിന് വിധേയനാകാതെ അവിടെനിന്ന് രക്ഷപ്പെടാവുന്നതാണ്; മൂസാ عليه السلام ചെയ്തതുപോലെ.

• ഒരാൾക്കു ദോഷകരമായ രണ്ടു കാര്യങ്ങൾ ഒരുമിച്ചുവരികയും രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയും ചെയ്താൽ രണ്ടിൽ ഏറ്റവും സുരക്ഷിതമായതും അപകടം കുറഞ്ഞതും അവൻ തിരഞ്ഞെടുക്കണം. അതാണ് മൂസാ عليه السلام ചെയ്തത്. ഈജിപ്തിൽ നിന്നാൽ കൊല്ലപ്പെട്ടേക്കാം. വിദൂര നാടുകളിലേക്ക് പോകാമെന്ന് വെച്ചാൽ വഴിയറിയുകയുമില്ല. തന്റെ നാഥനല്ലാതെ വഴി കാണിക്കാൻ ഒരു വഴികാട്ടിയില്ല. ഈ സന്ദർഭത്തിൽ ഏറ്റവും സുരക്ഷിതമായ കാര്യം, അതായത് നാടു വിടലാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

• ഒരു വിഷയത്തിൽ ഗവേഷണം നടത്തുകയും അഭിപ്രായം പറയുകയും ചെയ്യേണ്ടിവരുന്ന ഒരാൾക്ക് രണ്ടു വീക്ഷണങ്ങളിൽ ഒന്നിന് മുൻഗണന നൽകാൻ കഴിയാതെ വന്നാൽ ശരിയായതിലേക്ക് നയിക്കാൻ അല്ലാഹുവോട് തേടണം. അയാൾ ആത്മാർഥമായാണ് സത്യം അന്വേഷിക്കുന്നതെങ്കിൽ അങ്ങനെയുള്ള ഒരാളെ അല്ലാഹു നിരാശപ്പെടുത്തുകയില്ല. മദ്‌യനിലേക്ക് പുറപ്പെടുമ്പോൾ മൂസാ عليه السلام ഇതാണ് ചെയ്തത്.

عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ

എന്റെ രക്ഷിതാവ് എനിക്ക് ശരിയായ വഴി കാണിച്ചുതന്നേക്കാം. (28/22) (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *