സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ‎﴿٨﴾‏ لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ‎﴿٩﴾‏

തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി. (ഖു൪ആന്‍:48/8-9)

إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായിട്ടു وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതുകാരനായും. لِّتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍വേണ്ടി وَرَسُولِهِ بِاللَّـهِ അല്ലാഹുവിലും അവന്റെ റസൂലിലും وَتُعَزِّرُوهُ അവനെ സഹായിക്കുവാനും,  وَتُوَقِّرُوهُ ആദരിക്കുവാനും وَتُسَبِّحُوهُ അവന് തസ്ബീഹു ചെയ്യുവാനും بُكْرَةً രാവിലെ, നേരത്തെ وَأَصِيلًا വൈകുന്നേരവും, വൈകിയിട്ടും

വിശദീകരണം

{തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നു} പരിശുദ്ധനായ പ്രവാചകരെ {സാക്ഷിയായി} സമുദായത്തിന് ഒരു സാക്ഷിയായി അയച്ചിരിക്കുന്നു.

“അല്ലാഹുവിന്റെ ഏകത്വത്തിന് സാക്ഷ്യം വഹിക്കാൻ; അവർ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളുടേയും സത്യവും അസത്യവുമായ വിവിധ വിഷയങ്ങളുടെ സാക്ഷിയായും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളുടേയും സാക്ഷിയായും അദ്ദേഹത്തെ അയച്ചിരിക്കുന്നു. എല്ലാനിലക്കുമുള്ള പൂര്‍ണത അവനു മാത്രമാണെന്നതിനും സാക്ഷിയായി.”

{സന്തോഷവാര്‍ത്ത നല്കുന്നവനായും} നിന്നെയും അല്ലാഹുവിനെയും അനുസരിക്കുന്നവര്‍ക്ക് മതപരവും ഭൗതികവും പാരത്രികവുമായ പ്രതിഫലമുണ്ടെന്ന് പറഞ്ഞിടത്ത് അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവർക്ക് ഇഹത്തിലും പരത്തിലും ശിക്ഷയെപ്പറ്റിയുള്ള {താക്കീതുകാരനായും}. പെട്ടെന്നോ പിന്നീടോ ശിക്ഷ ലഭിക്കും, അല്ലാഹുവിനോട് എതിര് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീത്.

താക്കീതിന്റെയും സന്തോഷവാര്‍ത്തയുടെയും പൂര്‍ണത സന്തോഷവും ശിക്ഷയും ലഭിക്കുന്ന സര്‍വ സ്വഭാവ കര്‍മങ്ങളും വിശദീകരിച്ചു നല്‍കലാണ്. പ്രവാചകന്‍ നന്മയും തിന്മയും സൗഭാഗ്യവും ദൗര്‍ഭാഗ്യവും അസത്യത്തില്‍ നിന്ന് സത്യത്തെയും വ്യക്തമാക്കിക്കൊടുക്കുന്നു. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്:

{അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും} നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളുമായിട്ടാണ് നാം അദ്ദേഹത്തെ അയച്ചത് എന്നതിനാലും അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്നതിനാലും അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം ശരിയായി നിര്‍വഹിക്കണം. എല്ലാ കാര്യങ്ങളിലും അവരെ രണ്ടുപേരെയും നിങ്ങള്‍ അനുസരിക്കല്‍ ആ വിശ്വാസത്തിന്റെ അനിവാര്യതയാണ്.

{നിങ്ങള്‍ സഹായിക്കുവാനും} അതായത് പ്രവാചകനെ സഹായിക്കുവാനും

{ആദരിക്കുവാനും} അദ്ദേഹത്തെ മഹത്വപ്പെടുത്തുകയും ബഹുമാനിക്കുകയും അദ്ദേഹത്തിന് അവകാശങ്ങൾ വകവെച്ചു കൊടുക്കുകയും വേണം. കാരണം നിങ്ങൾ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് നിങ്ങളോട് വലിയ കാരുണ്യം ഉള്ളതുപോലെത്തന്നെ.

{അവന്റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി} അതായത്, അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍. {രാവിലെയും വൈകുന്നേരവും} പകലിന്റെയും രാത്രിയുടെയും തുടക്കത്തില്‍.

അല്ലാഹുവിനും റസൂലിനും ഒന്നിച്ച് നല്‍കേണ്ട ബാധ്യതയായി ഇവിടെ പരാമര്‍ശിച്ചത് അവരില്‍ രണ്ട് പേരിലുമുള്ള വിശ്വാസമാണ്.

പ്രവാചകന് മാത്രം പ്രത്യേകമായി പറഞ്ഞ അവകാശം സഹായിക്കലും ആദരിക്കലുമാണ്.

അല്ലാഹുവിന് മാത്രം പ്രത്യേകമായി പറഞ്ഞത് അവനെ പ്രകീര്‍ത്തിക്കലും നമസ്‌കാരം പോലുള്ളതുകൊണ്ട് പരിശുദ്ധപ്പെടുത്തലുമാണ്.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

 

Similar Posts

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

ഇഹലോകവും പരലോകവും

അല്ലാഹുവിന്റെ മാർഗത്തിൽ പ്രവര്‍ത്തിച്ചാൽ

ആകാശ ഭൂമികളുടെ അധികാരം

വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം

Read Now >

പ്രതിസന്ധികൾക്ക് പിന്നിൽ

Read Now >