വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അത് പർവ്വതങ്ങളുടെ മേലാണ് അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കിൽ, അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്താൽ അവ വിനീതമാവുകയും പൊട്ടിപ്പിളരുകയും ചെയ്യുമായിരുന്നു എന്ന് അല്ലാഹു തന്നെ ഓർമ്മപ്പെടുത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴോ കേൾക്കുമ്പോഴോ നമ്മുടെ ഹൃദയങ്ങൾ ചലിക്കുന്നില്ല, കണ്ണുകൾ നനയുന്നില്ല, ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ല. എന്താണ് ഇതിന് കാരണം?
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ തന്റെ ‘അൽ-ഫവാഇദ്’ എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ തന്നെ ഈ വിഷയത്തെക്കുറിച്ച് “മഹത്തായ ഒരു നിയമം” (ഖാഇദ ജലീല) എന്ന തലക്കെട്ടിൽ വിശദീകരിക്കുന്നുണ്ട്. ഖുർആൻ കൊണ്ട് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം എന്ന് അദ്ദേഹം വിവരിക്കുന്നത് കാണുക:
إِذَا أَرَدْتَ الِانْتِفَاعَ بِالْقُرْآنِ فَاجْمَعْ قَلْبَكَ عِنْدَ تِلَاوَتِهِ وَسَمَاعِهِ ، وَأَلْقِ سَمْعَكَ ، وَاحْضُرْ حُضُورَ مَنْ يُخَاطِبُهُ بِهِ مَنْ تَكَلَّمَ بِهِ سُبْحَانَهُ مِنْهُ إِلَيْهِ
അതായത്: “താങ്കൾക്ക് ഖുർആൻ കൊണ്ട് പ്രയോജനം ലഭിക്കണമെന്നുണ്ടെങ്കിൽ, അത് പാരായണം ചെയ്യുമ്പോഴും കേൾക്കുമ്പോഴും താങ്കളുടെ ഹൃദയത്തെ (പൂർണ്ണമായും) ഒരുമിച്ച് കൂട്ടുക. താങ്കളുടെ കാതുകളെ അതിലേക്ക് സമർപ്പിക്കുക. ആരാണോ ഈ വചനം സംസാരിച്ചത് (അല്ലാഹു), അവൻ താങ്കളോട് നേരിട്ട് സംസാരിക്കുകയാണ് എന്ന ബോധത്തോടെ താങ്കളുടെ സാന്നിധ്യം അവിടെ ഉറപ്പുവരുത്തുക.”
തുടർന്ന് അദ്ദേഹം സൂറഃ ഖാഫിലെ 37 ാം വചനം ഉദ്ധരിച്ചുകൊണ്ട്, ഖുർആൻ സ്വാധീനം ചെലുത്താൻ ആവശ്യമായ നാല് ഘടകങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. അല്ലാഹു ﷻ പറയുന്നു:
إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ
ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഉല്‍ബോധനമുണ്ട്. (ഖു൪ആന്‍:50/37)
ഈ ആയത്തിനെ അടിസ്ഥാനമാക്കി, ഖുർആൻ കൊണ്ട് ഫലം ലഭിക്കാൻ നാല് കാര്യങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്ന് ഇമാം സമർത്ഥിക്കുന്നു:
1. സ്വാധീനശക്തിയുള്ള ഘടകം (അൽ-മുഅഥ്വിർ – المُؤَثِّر):
അത് ഖുർആനാണ്. ഖുർആനിന് സ്വതവേ തന്നെ വലിയ സ്വാധീനശക്തിയുണ്ട്. മരുഭൂമിയിലെ അറബികളെ സംസ്കാരത്തിന്റെ ഉന്നതിയിലെത്തിച്ചത് ഈ ഗ്രന്ഥമാണ്. അതിനാൽ സ്രോതസ്സിന്റെ കാര്യത്തിൽ യാതൊരു ന്യൂനതയുമില്ല.
2. സ്വീകരിക്കുന്ന ഇടം (അൽ-മഹല്ല് – الْمَحَلّ):
സ്വാധീനം ഫലപ്രദമാകണമെങ്കിൽ അത് സ്വീകരിക്കാൻ പാകത്തിലുള്ള ഒരു ഇടം ആവശ്യമാണ്. അതാണ് “ഹൃദയമുള്ളവൻ” (لِمَن كَانَ لَهُ قَلْبُ) എന്ന് ആയത്തിൽ പറഞ്ഞത്. ഇവിടെ ഹൃദയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘ജീവിച്ചിരിക്കുന്ന ഹൃദയം’ (القلب الحي) ആണ്. അല്ലാഹുവിനെക്കുറിച്ചുള്ള ബോധമില്ലാത്ത, മരിച്ച ഹൃദയങ്ങളിൽ ഖുർആൻ പ്രവേശിക്കുകയില്ല.
3. നിബന്ധന (അശ്ശർത്വ് – الشَّرْط):
ഹൃദയമുണ്ടായത് കൊണ്ട് മാത്രമായില്ല, അത് ഖുർആനിലേക്ക് തുറന്നുവെക്കണം. അതാണ് “കാതോർത്ത് കേൾക്കുക” (أَوْ أَلْقَى السَّمْعَ) എന്നത്. അതായത്, ശ്രദ്ധ പൂർണ്ണമായും ഖുർആനിലേക്ക് തിരിക്കണം. കേവലം ശബ്ദം കേൾക്കലല്ല, മറിച്ച് കാര്യഗൗരവത്തോടെയുള്ള ശ്രവണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
4. തടസ്സങ്ങൾ നീങ്ങൽ (ഇൻതിഫാഉൽ മാനിഅ് – انْتِفَاءُ الْمَانِع):
മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിലും, ഫലം ലഭിക്കുന്നതിന് തടസ്സമാകുന്ന വല്ലതും ഉണ്ടെങ്കിൽ കാര്യമില്ല. അതാണ് “അവൻ സാന്നിധ്യമുള്ളവനാണ് / സാക്ഷിയാണ്” (وَهُوَ شَهِيدٌ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഖുർആൻ ഓതുമ്പോൾ ഹൃദയം അശ്രദ്ധമാവുക (ഗഫ്‌ലത്ത്), ചിന്തകൾ മറ്റെവിടെയെങ്കിലും വ്യാപരിക്കുക എന്നിവ വലിയ തടസ്സമാണ്. ശരീരം കൊണ്ട് അവിടെ ഉണ്ടാവുകയും മനസ്സ് കൊണ്ട് അസാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ മാറണം. ഹൃദയം ഹാജറുണ്ടാകണം (ശാനഹിദുൽ ഖൽബ്).
ചുരുക്കത്തിൽ, മഴ പെയ്യുന്നുണ്ട് (ഖുർആൻ), ഭൂമി ഫലഭൂയിഷ്ഠമാണ് (ഹൃദയം). എന്നാൽ വിത്ത് മുളയ്ക്കാൻ തടസ്സമാകുന്ന കളകൾ (അശ്രദ്ധ) അവിടെയുണ്ടെങ്കിൽ കൃഷി നശിച്ചുപോകും.
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ ഓർമ്മപ്പെടുത്തുന്നത് ഇതാണ്: “സ്വാധീനിക്കുന്ന ഘടകമായ ഖുർആനും, സ്വീകരിക്കുന്ന ഇടമായ ജീവനുള്ള ഹൃദയവും, നിബന്ധനയായ ശ്രദ്ധയോടെയുള്ള കേൾവിയും ഒത്തുചേരുകയും, തടസ്സമായ അശ്രദ്ധ മാറുകയും ചെയ്താൽ മാത്രമേ ആഗ്രഹിച്ച ഫലം (ഹിദായത്ത്/ഉൽബോധനം) ലഭിക്കുകയുള്ളൂ.”
ഖുർആൻ പാരായണം ചെയ്യുമ്പോൾ കേവലം ചുണ്ടുകൾ ചലിപ്പിക്കുന്നതിന് പകരം, സർവ്വലോക രക്ഷിതാവായ അല്ലാഹു നമ്മോട് നേരിട്ട് സംസാരിക്കുകയാണ് എന്ന ചിന്തയോടെ, പൂർണ്ണമായ മനസ്സാന്നിധ്യത്തോടെ സമീപിച്ചാൽ അത് നമ്മുടെ ഹൃദയങ്ങളിൽ വസന്തം തീർക്കും, തീർച്ച.
മുഹമ്മദ് അമീൻ
www.kanzululoom.com