ക്വുര്‍ആനിന്റെ കൈമാറ്റം: വാമൊഴിയും വരമൊഴിയും

അല്ലാഹുവിന്റെ വചനമാണ് ക്വുര്‍ആന്‍. അതിന്റെ സംരക്ഷണം അല്ലാഹു തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. എങ്ങനെയാണ് അന്ത്യനാള്‍ വരെ ക്വുര്‍ആന്‍ അല്ലാഹു സംരക്ഷിക്കുന്നത്? ലോകര്‍ക്ക് മുഴുവന്‍ മാര്‍ഗദര്‍ശകമായ ആ പരിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണവും ക്രോഡീകരണവും സംരക്ഷണരീതിയുംഎപ്രകാരമാണ്? ഏത് രീതിയിലാണ് ക്വുര്‍ആന്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്?

എന്താണ് ക്വുര്‍ആന്‍ എന്ന ചോദ്യത്തിന് നല്‍കാവുന്ന സംക്ഷിപ്തവും തൃപ്തികരവും ഒപ്പം പ്രാമാണികവുമായ നിര്‍വചനമായി ക്വുര്‍ആന്‍ ശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കിയിട്ടുള്ളതും പൊതുവെ സ്വീകരിക്കപ്പെടുന്നതും ഇതാണ്:

”മുഹമ്മദ് നബി ﷺ ക്ക് അവതരിച്ച, തീര്‍ത്തും അമാനുഷികമായ, ദൈവികമായ, വചനങ്ങളുടെ പാരായണം ആരാധനയാവുന്ന, സംഘമായുള്ള നിവേദനങ്ങളിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെട്ട, ഏറ്റവും ചെറിയ അധ്യായം കൊണ്ട് പോലും മാനവരാശിയെ വെല്ലുവിളിക്കുന്ന അല്ലാഹുവിന്റെ വചനങ്ങളാകുന്നു വിശുദ്ധ ക്വുര്‍ആന്‍.”

‘അല്ലാഹുവിന്റെ വചനം’ എന്നതില്‍ നിന്ന് മനുഷ്യരുടെയും മറ്റു സൃഷ്ടികളുടെയും സംസാരങ്ങളില്‍ നിന്ന് തീര്‍ത്തും പുറത്തുള്ളതാണ് ക്വുര്‍ആന്‍ എന്ന് മനസ്സിലാക്കാം.

‘മുഹമ്മദ് നബി ﷺ യുടെ മേല്‍’ എന്നത് തൗറാത്ത്, ഇഞ്ചീല്‍ തുടങ്ങിയ മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്ന് ക്വുര്‍ആനിനെ വേര്‍തിരിക്കുന്നതാകുന്നു.

‘പാരായണം ആരാധനയാവുന്നത്’ എന്ന് പറഞ്ഞതിലൂടെ ക്വുദ്‌സിയായ ഹദീഥുകളും മറ്റും ഇതില്‍ നിന്ന് ഒഴിവാകുന്നു.

ഈ നിര്‍വചനത്തിലേക്ക് വിരല്‍ചൂണ്ടുന്ന ചിലസൂക്തങ്ങള്‍ കാണുക:

إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ‎﴿٤١﴾‏ لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ‎﴿٤٢﴾

തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍:41/41-42)

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. (മുഹമ്മദ് നബിയേ)നിന്റെ ഹൃദയത്തിലാണ് (അത് ഇറക്കി തന്നിട്ടുള്ളത്). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്‌). (ഖു൪ആന്‍ :26/192-195)

وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ ‎

നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനിനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌). (ഖുര്‍ആന്‍: 2/23)

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَ لَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഖുര്‍ആന്‍:17/88)

വിശുദ്ധ ക്വുര്‍ആനിന് 50ല്‍ പരം നാമങ്ങളും വിശേഷണങ്ങളും ക്വുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും പണ്ഡിതന്മാര്‍ നിര്‍ധാരണം ചെയ്തിട്ടുണ്ട്. ഓരോ നാമങ്ങളും വിശേഷണങ്ങളും ക്വുര്‍ആനിന് മനുഷ്യജീവിതത്തില്‍ നിര്‍വഹിക്കാനുള്ള ദൗത്യത്തെ സൂചിപ്പിക്കുന്നവയാണെന്ന് കാണാം.

ക്വുര്‍ആനിന്റെ അവതരണ ഘട്ടങ്ങള്‍

വിശുദ്ധ ക്വുര്‍ആനിന് മൂന്ന് വ്യത്യസ്ത അവതരണഘട്ടങ്ങളുണ്ടെന്നാണ് ഈ രംഗത്തുള്ള പണ്ഡിതരും ഗവേഷകരും നരീക്ഷിക്കുന്നത്. അവ ഇപ്രകാരമാണ്:

ഒന്ന്: അല്ലാഹുവിന്റെ സത്തയില്‍നിന്ന് സംരക്ഷിത ഫലകത്തിലേക്കുള്ള അവതരണം.

بَلْ هُوَ قُرْءَانٌ مَّجِيدٌ ‎﴿٢١﴾‏ فِى لَوْحٍ مَّحْفُوظِۭ ‎﴿٢٢﴾‏

അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്. (ഖു൪ആന്‍:85/21-22)

അല്ലാഹുവിന് മാത്രം അറിയാവുന്ന രീതിയിയലും സമയത്തും അത് സംഭവിച്ചു. അത്രമാത്രമെ നമുക്കറിയുകയുള്ളൂ.

രണ്ട്: സംരക്ഷിത ഫലകത്തില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കുള്ള അവതരണം.

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. (ഖു൪ആന്‍ :44/3)

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍ :97/1)

ഈ അവതരണം ക്വുര്‍ആന്‍ മുഴുവനായും ഒന്നിച്ചുള്ള രണ്ടാം ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പണ്ഡിതന്മാര്‍ വിവക്ഷിക്കുന്നത്. അതിന് തെളിവായി ഇമാം നസാഈ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് ഉദ്ധരിക്കുന്ന വാക്കുകളാണ് ഇതിനോട് ചേര്‍ന്ന് പറയാറുള്ളത്. അത് ഇപ്രകാരമാണ്:

عن ابن عباس رَضِيَ اللَّهُ عَنْهُ قال : أنزل القرآن جملة إلى سماء الدنيا في ليلة القدر ، ثم نزل بعد ذلك في عشرين سنة ، قال : ( ولا يأتونك بمثل إلا جئناك بالحق وأحسن تفسيرا ) ، وقوله ( وقرآنا فرقناه لتقرأه على الناس على مكث ونزلناه تنزيلا ) [ الإسراء : 106 ] .

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ”നിര്‍ണയത്തിന്റെ രാത്രിയില്‍ ക്വുര്‍ആന്‍ മൊത്തമായി ഒന്നാനാകാശത്തിലേക്ക് ഇറങ്ങി. പിന്നീട് ഇരുപതോളം വര്‍ഷങ്ങളിലായി അതിന് ശേഷം അവതരിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം സൂറഃ അല്‍ഫുര്‍ക്വാനിലെ 33ാം വചനം പാരായണം ചെയ്തു: ‘അവര്‍ ഏതൊരു പ്രശ്‌നവും കൊണ്ട് നിന്റെ അടുത്ത് വരികയാണെങ്കിലും അതിന്റെ യാഥാര്‍ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ട് വന്ന് തരാതിരിക്കില്ല.’ കൂടാതെ സൂറഃ അല്‍ഇസ്‌റാഇലെ 106 ാം വചനവും അദ്ദേഹം ഓതി: ‘നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ക്വുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.” (നസാഇ)

മൂന്ന്: ഒന്നാനാകാശത്ത് നിന്ന് നബി ﷺ യുടെ ഹൃദയത്തിലേക്ക് അല്ലാഹുവിന്റെ കല്‍പനപ്രകാരം 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്‍പാല്‍പമായി ജിബ്‌രീല്‍ عليه السلام മുഖേന അവതരിച്ചത്.

ഒന്നിച്ച് ഒറ്റത്തവണയായി നല്‍കാതെ വിശുദ്ധക്വുര്‍ആന്‍ നീണ്ട 23 വര്‍ഷങ്ങളെടുത്ത് അല്‍പാല്‍പമായി അവതരിച്ചതിലെ യുക്തി ശ്രദ്ധേയമാണ്. അത് നിമിത്തം താഴെ പറയുന്ന കാര്യങ്ങള്‍ സാധ്യമായി:

1. പ്രവാചകന്റെ മനസ്സിനും ഹൃദയത്തിനും സ്ഥൈര്യവും ഉറപ്പും ലഭിച്ചു. അല്ലാഹു പറയുന്നു:

وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَٰهُ تَرْتِيلًا

സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത്‌കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍: 25/32)

2. പാരായണവും മനനവും ആശയഗ്രാഹ്യതയും അവര്‍ക്ക് എളുപ്പമായി. അറബ് സമൂഹം അധികവും നിരക്ഷരരായിരുന്നു.

3. സംഭവങ്ങളോടും പ്രശ്‌നങ്ങളോടുമുള്ള നിലപാടുകള്‍ വ്യക്തമാക്കി പ്രബോധനം മുന്നോട്ട് നീങ്ങാനും ഇസ്‌ലാമിക വിധിവിലക്കുകള്‍ പടിപടിയായി ശീലിച്ചുവരാനും തന്മൂലം കഴിഞ്ഞു.

4. ക്വുര്‍ആനിന്റെ വെല്ലുവിളിയും അമാനുഷികതയും കൂടുതല്‍ കൂടുതല്‍ ശക്തമാവുകയും ശത്രുക്കള്‍ ദുര്‍ബലരാണെന്ന് അവര്‍ക്ക് സ്വന്തവും പൊതുസമൂഹത്തിന് മൊത്തത്തിലും ആവര്‍ത്തിച്ച് ബോധ്യപ്പെട്ട് കൊണ്ടിരുന്നു.

5. പ്രവാചകന്‍ ﷺ ക്ക് ക്ഷമയും ആശ്വാസവും നല്‍കി, പരിപാലിച്ചും പരിഗണിച്ചും പ്രബോധനം മുന്നോട്ട് കൊണ്ടുപോകുവാനും വിശ്വാസികള്‍ക്ക് മനോധൈര്യവും കരളുറപ്പും അതിലൂടെ കാലുറപ്പും നേടി ശക്തരാവാനും അതുവഴി സാധ്യമായി.

6. നീണ്ട കാലയളവിലൂടെ അവതരിപ്പിച്ചതായിട്ടും വൈരുധ്യങ്ങളോ അവ്യക്തതയോ അപ്രസക്തതയോ കടന്നുകൂടാതെ സംരക്ഷിക്കപ്പെട്ടതില്‍ നിന്നും വിശുദ്ധ ക്വുര്‍ആന്‍ തീര്‍ത്തും അല്ലാഹുവിന്റെ വചനമാണെന്ന് അനിഷേധ്യമായി തെളിയാന്‍ സാധിച്ചു.

അവതരണ രീതി

‘രഹസ്യമായി വിവരമറിയിക്കുക’ എന്ന അര്‍ഥത്തിലുള്ള ‘വഹ്‌യ്’ എന്ന ദൈവിക സംവിധാനം മുഖേനയാണ് ക്വുര്‍ആന്‍ അവതരണം പൂര്‍ണമായും നടന്നത്. മലക്കുകളുടെ നേതാവായ ജിബ്‌രീല്‍ عليه السلام നാണ് ആ മഹാദൗത്യം നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം അല്ലാഹു നല്‍കിയത്. പ്രവാചകന്‍മാര്‍ക്ക് അല്ലാഹു നല്‍കുന്ന ദിവ്യസന്ദേശത്തിനാണ് സാങ്കേതികമായി ‘വഹ്‌യ്’ എന്ന് പറയുന്നത്.

മുഹമ്മദ് നബി ﷺ ക്ക് പ്രധാനമായും രണ്ട് രീതിയിലാണ് ‘വഹ്‌യ്’ ലഭിച്ചിട്ടുള്ളത്.

ഒന്ന്: ഒരു മണിയടിക്കുന്ന ശബ്ദം പോലെ അനുഭവപ്പെടുക. മറ്റൊന്ന്; ജിബ്‌രീല്‍ عليه السلام മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് പാരായണം ചെയ്ത് നല്‍കുകയും നബി ﷺ അത് മനഃപാഠമാക്കി ഉള്‍ക്കൊള്ളുകയും ചെയ്യുക. ഒരിക്കല്‍ ഹാരിസ്ബ്‌നു ഹിശാം നബി ﷺ യോട് ഇതേപറ്റി ചോദിച്ചപ്പോഴുള്ള നബി ﷺ യുടെ പ്രതികരണം ആഇശ رَضِيَ اللَّهُ عَنْها ഉദ്ധരിക്കുന്നതായി ബുഖാരി رحمة الله നിവേദനം ചെയ്യുന്നുണ്ട്. നബി ﷺ പറഞ്ഞു:

 ”ചിലപ്പോല്‍ എനിക്ക് ഒരു മണിയടി ശബ്ദം പോലെ വരികയും ജിബ്‌രീല്‍ എന്റെ ഹൃദയത്തില്‍ ഇട്ടുതരുന്നത് ഞാന്‍ നന്നായി ഉള്‍ക്കൊള്ളുകയും ചെയ്യും. അതാണ് എനിക്ക് ഏറ്റവും പ്രയാസമേറിയത്. വാഹനപ്പുറത്താണെങ്കില്‍ ഭാരം നിമിത്തം വാഹനം നിലംപതിക്കും. മറ്റ് ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞുതരികയും ഞാനത് ഉള്‍ക്കൊള്ളുകയും ചെയ്യും” (ബുഖാരി)

ക്വുര്‍ആനിന്റെ കൈമാറ്റം: വാമൊഴിയും വരമൊഴിയും

വിശുദ്ധ കുര്‍ആനിന്റെ സൂക്തങ്ങള്‍ അല്ലാഹുവില്‍ നിന്ന് റസൂല്‍ തിരുമേനി ﷺ ക്ക് ഏത് വിധമാണ് ലഭിക്കുന്നതെന്നാണ് മുകളിൽ നാം വിശദമാക്കിയത്. ഇങ്ങനെ ലഭിക്കുന്ന സൂക്തങ്ങള്‍ രണ്ട് രീതിയിലും വാമൊഴിയായും വരമൊഴിയായും സ്വഹാബികള്‍ ഏറ്റെടുക്കുക എന്നതാണ് പതിവു രീതി. ഈ രണ്ട് അവലംബനീയ മാര്‍ഗത്തിലൂടെയും വിശുദ്ധക്വുര്‍ആന്‍ അത് അവതരിച്ച അതേ രൂപത്തില്‍ മനുഷ്യകുലത്തിന് അവര്‍ പകര്‍ന്നു നല്‍കി.

വരമൊഴിയും ക്രോഡീകരണവും

ഘട്ടം 1: അവതരണമുണ്ടാകുന്ന മുറക്ക് തന്നെ തല്‍സമയം പ്രവാചകന്‍ ﷺ നിശ്ചയിച്ച ആളുകള്‍ അവയെല്ലാം അവിടെ ലഭ്യമായതും പതിവുള്ളതുമായ മാര്‍ഗത്തില്‍ എല്ലിന്‍ കഷ്ണങ്ങളിലും തൊലികളിലും എഴുതി വെച്ചു. ‘വഹ്‌യ്’ എഴുത്തുകാരില്‍ പ്രമുഖനായ സ്വഹാബി സൈദ്ബ്‌നു സാബിത് رَضِيَ اللَّهُ عَنْهُ പറയുന്നു:

كنت أكتب الوحي عند رسول الله صلى الله عليه وسلم وهو يملي عليّ، فإذا فرغت قال: اقرأه، فأقرؤه، فإن كان فيه سقط أقامه، ثم أخرج به إلى الناس

ഞാന്‍ നബി ﷺ യുടെ സാന്നിധ്യത്തില്‍ വെച്ച് ‘വഹ്‌യ്’ എഴുതുന്നവനായിരുന്നു. നബി ﷺ എനിക്ക് ചൊല്ലിപ്പറഞ്ഞു തരും. ഞാന്‍ എഴുത്തില്‍ നിന്ന് വിരമിച്ചാല്‍ അദ്ദേഹം പറയും: ‘വായിക്കൂ.’ ഞാന്‍ അദ്ദേഹത്തിന് (എഴുതിയ ഭാഗം) വായിച്ച് കേള്‍പിക്കും. വല്ലതും വിട്ട് പോയതുണ്ടെങ്കില്‍ നേരെയാക്കും. എന്നിട്ട് അതുമായി ജനങ്ങളിലേക്ക് പുറപ്പെട്ടു ചെല്ലും. (ത്വബ്‌റാനി)

ഘട്ടം 2: ഇങ്ങനെ വ്യത്യസ്തമായ ഫലകങ്ങളിലും മറ്റും രേഖപ്പെടുത്തിയ സൂക്തങ്ങളെയും അധ്യായങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഒരു ഗ്രന്ഥരൂപത്തിലേക്ക് മാറ്റി എഴുതി സൂക്ഷിക്കുന്ന സന്ദര്‍ഭം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീക്വ് رَضِيَ اللَّهُ عَنْهُ വിന്റെ കാലത്ത് ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ ആവശ്യപ്രകാരം ഉണ്ടാവുകയും സൈദുബ്‌നു സാബിത് رَضِيَ اللَّهُ عَنْهُ ന്റെ നേതൃത്വത്തില്‍ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഘട്ടം 3: ഉഥ്മാനുബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെ കാലഘട്ടമായപ്പോഴേക്കും ഇസ്‌ലാമിക സാമ്രാജ്യം അറേബ്യന്‍ ഉപദ്വീപിന് പുറത്തേക്ക് വ്യാപിക്കുകയും അന്യഭാഷാദേശരാഷ്ട്രങ്ങള്‍ ഇസ്‌ലാമിന് കീഴില്‍ വരികയും അനറബികളുടെ ക്വുര്‍ആന്‍ പാരായണ ശബ്ദത്തില്‍ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തത് നിമിത്തം വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ക്വുറൈശീ ശബ്ദത്തില്‍ തന്നെ എല്ലായിടത്തും ലഭ്യമാകുന്നതിന് വേണ്ടി അബൂബക്കര്‍ സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْهُ വിന്റെ കാലത്ത് ക്രോഡീകരിച്ച മുസ്വ്ഹഫിന്റെ പ്രതികള്‍ കൂടുതല്‍ ഉണ്ടാക്കി എല്ലാ ഭരണപ്രദേശങ്ങളിലും എത്തിക്കുകയും അതല്ലാത്തതെല്ലാം പിന്‍വലിക്കുകയും ചെയ്യാന്‍ മൂന്നാം ഖലീഫ ഉഥ്മാനുബ്‌നു അഫ്ഫാന്‍ رَضِيَ اللَّهُ عَنْهُ ഉത്തരവിടുകയും പ്രസ്തുത ദൗത്യത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു. പ്രസ്തുത കോപ്പികളോടൊപ്പം തദനുസൃതമായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന വിദഗ്ധ ഓത്തുകാരെയും എല്ലാ പ്രദേശങ്ങളിലേക്കും നിയോഗിച്ചയച്ചു.

ഘട്ടം 4: എഴുത്ത് ഉപകരണങ്ങളും എഴുത്ത് രീതികളും ലിപി മാറ്റങ്ങളും വളര്‍ന്നു വന്നതോടുകൂടി ഇസ്‌ലാമികലോകത്ത് ക്വുര്‍ആനിന്റെ പ്രതികള്‍ സുഗമമായി പ്രചാരത്തിലാവുകയും അറബികള്‍ക്കും അനറബികള്‍ക്കും ഒരുപോലെ അവലംബിക്കാവുന്ന രീതിയില്‍ കുത്തും പുള്ളികളും നിലവില്‍ വരികയും ചെയ്തു. ഉഥ്മാന്‍ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തെ ക്വുര്‍ആന്‍ പ്രതി അവലംബിച്ചുകൊണ്ടുള്ള ക്വുര്‍ആനിന്റെ എഴുത്ത് രൂപങ്ങള്‍ കൈയെഴുത്തായും പിന്നീട് പ്രിന്റ് രൂപത്തിലും ഇന്ന് ഡിജിറ്റല്‍ രൂപത്തിലും മനുഷ്യകുലത്തിന് ലഭ്യമായി.

വാമൊഴിയുടെ കൈമാറ്റം

പ്രവാചകന്‍ ﷺ തന്റെ സമുദായത്തിന് അല്ലാഹുവിന്റെ വേദഗ്രന്ഥം കൈമാറിയ രീതിയില്‍ ഏറ്റവും കൂടുതല്‍ അവലംബിച്ചത് വാമൊഴിയാണ്. നബി ﷺ യുടെ വിശുദ്ധവായില്‍ നിന്ന് നേരിട്ട് കേള്‍ക്കുകയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാരായണം ചെയ്ത് കേള്‍പിക്കുകയും അങ്ങനെ നബി ﷺ അവ സ്ഥിരീകരിക്കുകയും ചെയ്തതാണ് രണ്ടാമത്തെ ഈ രീതി. പ്രസ്തുത രീതിയില്‍ തന്നെ സ്വഹാബികള്‍ പരസ്പരം കൈമാറുകയും തുടര്‍ തലമുറക്ക് ഓതി പഠിപ്പിക്കുകയും ചെയ്തു. ഇപ്രകാരമാണ് വിശുദ്ധ ക്വുര്‍ആന്‍ ഇന്ന് നമ്മുടെ കൈകളിലെത്തിയത്.

ക്വുര്‍ആനിന്റെ സംരക്ഷണം

മുകളില്‍ നാം വിവരിച്ച രണ്ടു രീതികളുടെ നിലയ്ക്കാത്ത തുടര്‍ച്ച, ക്വുര്‍ആന്‍ അവതരിച്ച അതേരീതിയില്‍ തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടുകയും എല്ലാവര്‍ക്കും ഒരു പോലെ പ്രാപ്യമാവുകയും ചെയ്തത് അല്ലാഹുവിന്റെ പ്രേത്യകമായ സംരക്ഷണം ക്വുര്‍ആനിന്നു ലഭിച്ചത് മൂലമാണ്. വാമൊഴിയും (മനനവും) വരമൊഴിയും (ഗ്രന്ഥരൂപം) ഒരുപോലെ നിലനിര്‍ത്തപ്പെടുന്ന ഏകഗ്രന്ഥം ഇന്നും എന്നും ലോകത്ത് ക്വുര്‍ആന്‍ മാത്രമാണ്. അറബ് ലോകവുമായുള്ള ബന്ധം അറ്റുപോവുകയോ ഇസ്‌ലാമിക ലോകങ്ങള്‍ തമ്മില്‍ പൂര്‍ണമായി വേറിട്ട് പോവുകയോ ചെയ്യുന്ന ഒരവസ്ഥ ഉണ്ടായാല്‍, അല്ലെങ്കില്‍ ഒരു ക്രൂരരനായ സ്വേഛാധിപതി ക്വുര്‍ആനിന്റെ മുഴുവന്‍ പ്രതികളും നശിപ്പിച്ചാലും ക്വുര്‍ആന്‍ നഷ്ടപ്പെട്ടുപോകാതെ വീണ്ടെടുക്കുവാന്‍ കഴിയുമാറ് മുസ്‌ലിംകള്‍ ജീവിക്കുന്നിടങ്ങളിലെല്ലാം ഒരേ ശബ്ദലിപി രൂപത്തില്‍ മനഃപാഠം ആക്കിയവര്‍ എല്ലാ കാലത്തും ഉണ്ടെന്നത് ക്വുര്‍ആനിന്നു മാത്രം അവകാശപ്പെട്ടതാണ്. കൂടാതെ അബൂബക്കര്‍ സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തെ ക്രോഡീകരണവും ഉഥ്മാന്‍ رَضِيَ اللَّهُ عَنْهُ ന്റെ കാലത്തുള്ള കോപ്പി വിതരണവും ക്വുര്‍ആനില്‍ ഭിന്നിപ്പുണ്ടായേക്കാന്‍ ഇടയുള്ള എല്ലാ മാര്‍ഗങ്ങളെയും കൊട്ടിയടച്ചു. അങ്ങനെ അല്ലാഹുവിന്റെ വാഗ്ദത്തം മറ്റേതിലുമെന്ന പോലെ ക്വുര്‍ആനിന്റെ വിഷയത്തിലും നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. (ഖു൪ആന്‍:15/9)

ക്വുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ കാരണങ്ങള്‍

പരിശുദ്ധ ക്വുര്‍ആന്‍ അറബിഭാഷ അറിയുന്നതുകൊണ്ട് മാത്രം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഒരു ആയത്ത് അത് അവതരിച്ചതിന്റെ കാരണം അല്ലെങ്കില്‍ എന്തെങ്കിലും സംഭവം അല്ലെങ്കില്‍ വല്ല ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്നിവയെ ആസ്പദമാക്കി ആയത്തുകള്‍ അവതീര്‍ണമാകുന്നു. ഇതിനാണ് ‘അസ്ബാബുന്നുസൂല്‍’ എന്ന് പറയുക.

പരിശുദ്ധ ക്വുര്‍ആന്‍ സൂക്തങ്ങളെ പണ്ഡിതന്‍മാര്‍ രണ്ട് ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു:

1. എല്ലാവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനാവശ്യമായവ.

2. എന്തെങ്കിലും കാരണങ്ങളാല്‍ അവതരിച്ചത്.

രണ്ടാമത്തേതാണ് അദ്ധ്യായവുമായി ബന്ധപ്പെട്ടത്. ഒരു ആയത്തിന്റെ അവതരണത്തിന് കാരണമായ സംഭവങ്ങള്‍ പലതാണ്. ഉദാഹരണമായി സൂറത്തുല്‍ ബക്വറയില്‍ ആദംനബി عليه السلام യുടെ കഥ, അതുപോലെ റൂഹിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിനുള്ള മറുപടി. ഇങ്ങനെ സാന്ദര്‍ഭികമായും ആവശ്യത്തിനനുസരിച്ചും പല സന്ദര്‍ഭങ്ങിലായി അവതരിച്ചവയ്ക്ക് ഓരോ പശ്ചാത്തലമുണ്ടാകും.

എന്താണ് പരിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്ന ഒരാള്‍ അസ്ബാബുന്നുസൂല്‍ അറിഞ്ഞിരിക്കേണ്ട ആവശ്യം, അത്‌കൊണ്ട് എന്താണ് പ്രയോജനം എന്ന് പല രീതിയില്‍ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.

1. പരിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളുടെ അര്‍ഥവും ഉദ്ദേശവും മനസ്സിലാക്കാനും അവയിലെ നിയമങ്ങളെക്കുറിച്ച് ഉണ്ടാകുന്ന സംശയങ്ങള്‍ ഇല്ലാതാക്കാനും ഉപകരിക്കും.

2. ഓരോ കാര്യത്തിലും അല്ലാഹു കൈക്കൊണ്ട രീതികളും മാര്‍ഗങ്ങളും മനസ്സിലാക്കിക്കൊണ്ട് തീരുമാനമെടുക്കാന്‍ സാധിക്കും.

3. ഒരു ആയത്തില്‍ പറഞ്ഞ കാര്യം അതില്‍ പ്രതിപാദിച്ചവര്‍ക്കേ ബാധകമാകൂ എന്ന തെറ്റിദ്ധാരണ നീക്കാന്‍ സാധിക്കും.

4. സന്ദര്‍ഭങ്ങളും വിധികളും സംഭവങ്ങളും എല്ലാം വ്യക്തമായി ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ അത് പ്രതിഫലനമുണ്ടാക്കും.

5. ഒരു ആയത്തില്‍ പറഞ്ഞ പ്രത്യേക വ്യക്തിയെ മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ മറ്റുള്ളവരെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ ഇടവരില്ല.

ചുരുക്കത്തില്‍ അസ്ബാബുന്നുസൂല്‍ മനസ്സിലാക്കേണ്ടത് പരിശുദ്ധ ക്വുര്‍ആന്‍ വിജ്ഞാന നിയമങ്ങളില്‍ വളരെ പ്രധാനമാണ്. എന്നാല്‍ അസ്ബാബുന്നുസൂലിന്റെ പേരില്‍ പല തഫ്‌സീറുകളിലും അനാവശ്യവും അടിസ്ഥാനരഹിതങ്ങളുമായ പല കഥകളും സംഭവങ്ങളും സ്ഥലംപിടിച്ചിട്ടുണ്ട്. അതില്‍ വളരെ കുറച്ച് മാത്രമെ സത്യമുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.

ക്വുര്‍ആനിന്റെ ആശയവും വിധിവിലക്കുകളും കൃത്യവും വ്യക്തവുമായി മനസ്സിലാക്കാന്‍ ഏറെ സഹായകമാകുന്ന വിജ്ഞാന ശാഖയാണ് അവതരണ കാരണങ്ങളെക്കുറിച്ചുള്ള അറിവ്. പക്ഷേ, അവ സ്വീകാര്യമായ ഹദീഥുകളില്‍ നിന്നും സ്വഹാബികളുടെ സാക്ഷ്യത്തില്‍ നിന്നും മാത്രെമെ അറിയാന്‍ കഴിയുകയുള്ളൂ. ബുദ്ധിപരമായ ഗവേഷണത്തിലൂടെ നമുക്ക് സംഭവങ്ങളെയോ വ്യക്തികളെയോ കൂട്ടിയണക്കി അവതരണകാരണമായേക്കാമെന്ന നിഗമനത്തിലെത്താവുന്നതല്ല. മാത്രവുമല്ല പൂര്‍വികര്‍ ഈ മേഖലയില്‍ അധികമായ ജാഗ്രത പുലര്‍ത്തിയിരുന്നു. കാരണം സ്വീകാര്യമായ തെളിവിന്റെ അടിസ്ഥാനത്തിലല്ലാത്ത ഉദ്ധരണികള്‍ നബിയു ﷺ ടെ മേല്‍ കളവ് കെട്ടിപ്പറയുന്ന ഇനത്തില്‍ അവര്‍ പെടുത്തിയിരുന്നു. മുഹമ്മദ്ബ്‌നുസിരില്‍ പറയുകയാണ്: ‘ഞാന്‍ ഉബൈദ്ബ്‌നു അംറിനോട് (താബിഉകളില്‍ പ്രമുഖന്‍) ക്വുര്‍ആനിലെ ഒരു സൂക്തത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; ‘അല്ലാഹുവിനെ സൂക്ഷിക്കുക, ശരിയായത് മാത്രം – ഉറപ്പുള്ളത് – പറയുക. ആരുടെ വിഷയത്തിലാണ് ക്വുര്‍ആന്‍ അവതരിച്ചതെന്നറിയുന്നവരെല്ലാം പോയിക്കഴിഞ്ഞു (മരിച്ചുതീര്‍ന്നു).”

എന്നാല്‍ സ്വഹാബികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ മനസ്സിലാക്കുകയും ശ്രദ്ധപുലര്‍ത്തുകയും ചെയ്തിരുന്നുവെന്നത് തന്നെ ക്വുര്‍ആന്‍ പഠനത്തില്‍ ഈ വിഷയത്തിന്റെ പ്രാധാന്യം തരുന്നു. ഇമാം ബുഖാരി رحمة الله ഇബ്‌നുമസ്ഊദ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് ഉദ്ധരിക്കുന്നു:

قَالَ عَبْدُ اللَّهِ ـ رضى الله عنه ـ وَاللَّهِ الَّذِي لاَ إِلَهَ غَيْرُهُ مَا أُنْزِلَتْ سُورَةٌ مِنْ كِتَابِ اللَّهِ إِلاَّ أَنَا أَعْلَمُ أَيْنَ أُنْزِلَتْ وَلاَ أُنْزِلَتْ آيَةٌ مِنْ كِتَابِ اللَّهِ إِلاَّ أَنَا أَعْلَمُ فِيمَ أُنْزِلَتْ، وَلَوْ أَعْلَمُ أَحَدًا أَعْلَمَ مِنِّي بِكِتَابِ اللَّهِ تُبَلِّغُهُ الإِبِلُ لَرَكِبْتُ إِلَيْهِ‏.‏

ഇബ്‌നുമസ്ഊദ് رَضِيَ اللَّهُ പറഞ്ഞു; അല്ലാഹുവാണേ സത്യം, അവനല്ലാതെ മറ്റൊരാരാധ്യനില്ല, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അവതരിച്ച ഒരു അധ്യായവും ഇല്ല, അത് എവിടെയാണ് അവതരിച്ചതെന്നെനിക്കറിയാത്തതായി. ഒരു സൂക്തം അവതരിച്ചിട്ടില്ല; അത് ആരുടെ വിഷയത്തിലാണ് അവതരിച്ചതെന്നെനിക്കറിഞ്ഞിട്ടല്ലാതെ. എന്നെക്കാളും കൂടുതല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് അറിയുന്നവരുണ്ടെന്നു ഞാനറിഞ്ഞാല്‍ വാഹനം തയ്യാറാക്കി ഞാന്‍ അവരുടെ അടുത്ത് എത്തുമായിരുന്നു. (ബുഖാരി:5002)

രണ്ട് രീതിയില്‍ ക്വുര്‍ആന്‍ വിവരണങ്ങളില്‍ അവതരണ കാരണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒന്ന്: ഖണ്ഡിതമായി ഇന്ന വിഷയത്തിലാണ് ഈ സൂക്തം / അധ്യായം അവതരിച്ചിട്ടുള്ളതെന്ന് പറയുക. ഉദാ: സൂറഃ അല്‍മുജാദലയിലെ 1 മുതല്‍ 4 വരെയുള്ള വചനങ്ങളുടെ അവതരണം. ഇമാം ബുഖാരി رحمة الله യും ഇമാം മുസ്‌ലിം رحمة الله യും ഉദ്ധരിക്കുന്ന ഹദീഥില്‍ വന്ന പ്രകാരം ഖൗല ബിന്‍ത് ഥഅ്‌ലബ رَضِيَ اللَّهُ عَنْها യെ ഭര്‍ത്താവായ ഔസ്ബ്‌നു സ്വാമിത്ത് رَضِيَ اللَّهُ عَنْهُ വിവാഹമോചനത്തിന്റെ ജാഹിലിയ്യ രീതി മുഖേന വിവാഹമോചനം ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ നബി ﷺ യുടെ സന്നിധിയില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഔസ് എന്റെ യുവത്വം മുഴുവന്‍ തിന്നുതീര്‍ത്ത് ഈ വാര്‍ധക്യത്തില്‍ എന്നെ വിവാഹമോനം ചെയ്തിരിക്കുന്നു. ഞാന്‍ താങ്കളോട് ഈവിഷയത്തില്‍ പരാതിപ്പെടുകയാണ്.’ ഇത് കഴിഞ്ഞപ്പോഴാണ് ത്വലാക്വിന്റെ ഇസ്‌ലാമിക വിധികള്‍ വ്യക്തമാക്കുന്ന ഈ വചനങ്ങള്‍ അവതരിച്ചത്:

قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ

(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌. (ഖുർആൻ:58/1)

ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمْ ۖ إِنْ أُمَّهَٰتُهُمْ إِلَّا ٱلَّٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ ٱلْقَوْلِ وَزُورًا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ

നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്‌. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്‌. (ഖുർആൻ:58/2)

وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ‎

തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖുർആൻ:58/3)

فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌ

ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും (അത്‌) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്‌. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌. (ഖുർആൻ:58/4)

ചിലപ്പോള്‍ അവതരിക്കപ്പെട്ട ആയത്തുകളെ കുറിച്ച് മുമ്പുണ്ടായ ഏതെങ്കിലും ഒരു വിഷയത്തെ ബന്ധപ്പെടുത്തുന്നതാണെന്ന് നിവേദകന്‍ വിചാരിക്കുക. ഉദാഹണത്തിന് സുബൈര്‍ رَضِيَ اللَّهُ عَنْهُ വും ഒരു അന്‍സ്വാരിയുമായി വെള്ളച്ചാലിന്റെ വിഷയത്തില്‍ ഉണ്ടായ തര്‍ക്കവും അതില്‍ നബി ﷺ പറഞ്ഞ വിധിതീര്‍പ്പില്‍ അനിഷ്ടം തോന്നിയ അന്‍സ്വാരിയുടെ പ്രതികരണവും. ഇത് ഉദ്ധരിച്ചുകൊണ്ട് സുബൈര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു:

قال الزبير : فما أحسب هذه الآية إلا نزلت في ذلك : ( فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا ‎) الآية .

സുബൈര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാന്‍ വിചാരിക്കുന്നത് സൂറത്തുന്നിസാഇലെ 65 ാം വചനം അവതരിച്ചത് ഈ സംഭവത്തിനെ കുറിച്ചാണെന്നാണ്: {ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല 4/65} (ഇബ്നുകസീര്‍)

ഈ രണ്ട് രീതിയിലാണെങ്കിലും ക്വുര്‍ആനും അതിന്റെ വിധിവിലക്കുകളും കൂടുതല്‍ തെളിമയോടെ ഉള്‍ക്കൊള്ളാന്‍ അവതരണകാരണങ്ങളെ കുറിച്ചുള്ള അറിവ് സഹായിക്കുന്നു.

 

അഷ്‌റഫ് എകരൂല്‍

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *