ആദ്യത്തെ സൃഷ്ടി പ്രവാചക പ്രകാശമോ?

ഗിൽഗമെഷിൻ്റെ ഇതിഹാസ കഥകളെക്കാൾ വലിയ കള്ളക്കഥകളുടെ കേദാരമാണ് സമസ്ത അധീനപ്പെടുത്തിയിട്ടുള്ളത്. പടച്ചവൻ്റെയും പ്രവാചകൻ്റെയും സ്വഹാബിമാരുടെയുമൊക്കെ പേരിലുള്ള ഇല്ലാക്കഥകൾ അതിലുണ്ട്. മതത്തിൻ്റെ പേരിൽ വ്യാജ കഥകൾ മെനയുന്നവരുടെ പരലോകത്തെ സ്ഥാനം ഹദീഥുകളിൽ രേഖപ്പെടുത്തപ്പെട്ടതാണ്.

പ്രമാണങ്ങൾ പഠിപ്പിച്ചതിൽ എവിടെയും കാണാൻ കഴിയാത്തതും എന്നാൽ ലോകത്തുടനീളം പ്രചരിപ്പിക്കപ്പെട്ടതുമായ അസത്യമാണ് അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തെത് മുഹമ്മദ് നബിﷺയുടെ പ്രകാശമാണ്, അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ അല്ലാഹു ലോകം തന്നെ പടക്കുമായിരുന്നില്ല എന്നത്.

മറ്റു പല അന്ധവിശ്വാസങ്ങളെയും പോലെ ഇതിന്റെയും നിർമാതാക്കൾ ശിയാക്കളാണ്; സൂഫികൾ അത് പ്രചരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു. നിർമിതവും ദുർബലവും പ്രമാണവിരുദ്ധവുമായ ചില റിപ്പോർട്ടുകൾ മാത്രമാണ് ഇതിനുള്ള രേഖകളായി ഇവരുടെ കൈവശമുള്ളത്.

അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ ഈ വാദങ്ങളുടെ വേരറുക്കുന്ന മറുപടികൾ ഓരോ കാലഘട്ടത്തിലും നൽകിവന്നിട്ടുമുണ്ട്.

ശിയാ പണ്ഡിതനായ മജ്‌ലിസിയുടെ ‘ബിഹാറുൽ അൻവാർ’ എന്ന ഗ്രന്ഥത്തിൽ ഇത് മുഖ്യ ചർച്ചയായിട്ടുണ്ട്. ‘ഉസ്വൂലുൽ കാഫി,’ ‘തഫ്‌സീറുൽ കുമ്മി’ തുടങ്ങിയവയിലും ഇത് കാണാം. സൂഫി നേതാക്കളായ ഇബ്‌നു അറബിയുടെ ‘അൽഫുതൂഹാത്തുൽ മക്കിയ്യ’യിലും അബ്ദുൽ കരീം അൽ ജിയലിയുടെ ‘അൽഇൻസാനുൽ കാമിൽ’ എന്നതിലും ഈ കള്ളം എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

ആദർശ രംഗത്ത് ശിയാ-സൂഫി വിഭാഗങ്ങളോട് കടമയും കടപ്പാടും കാത്ത് സൂക്ഷിക്കുന്ന സമസ്തക്കാർ ഈ വ്യാജം ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുവാൻ മൽസരിക്കുകയാണ്.

സമസ്തയുടെ പ്രസിദ്ധീകരണത്തിൽ എഴുതിയത് കാണുക: “അല്ലാഹു അവന്റെ സൃഷ്ടികളിൽ ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ഈ ലോകത്തുവെച്ചുതന്നെ അവന്റെ ലിഖാഅ് (ദർശനസൗഭാഗ്യം) നൽകി അനുഗ്രഹിക്കുകയും ചെയ്തവരാണ് അവിടുന്ന്. അവന്റെ ആദ്യ സൃഷ്ടി അവിടുത്തെ നൂർ (ചൈതന്യം) ആയിരുന്നു’’ (സുന്നിവോയ്‌സ്, 2025 ആഗസ്ത് 16-31/പേജ് 8).

“അല്ലാഹു സുബ്ഹാനഹു വതആല പ്രഥമമായി സൃഷ്ടിച്ചത് തിരുനബിﷺ ഒളിവാണെന്ന വസ്തുത മുസ്‌ലിം സമൂഹത്തിൽ തർക്കമില്ലാതെ സ്വീകരിക്കപ്പെട്ടു വന്നിരുന്നതുമാണ്. പുത്തനാശയക്കാരുടെ രംഗപ്രവേശത്തോടെയാണ് ഈ പരമസത്യം നിഷേധിക്കപ്പെട്ടുതുടങ്ങിയത്’’ (സുന്നിഅഫ്കാർ 2025 സെപ്തംബർ 1-30/പേജ് 54).

അല്ലാഹു സമ്പൂർണമാക്കിത്തന്ന മതത്തിന്റെ അടിസ്ഥാനങ്ങളെ സംബന്ധിച്ച സാമാന്യവിവരം ഇവർക്കുണ്ടെങ്കിൽ അപകടം പിടിച്ച ഈ വിശ്വാസം ഏറ്റുപാടാൻ ഇവർ മുതിരില്ലായിരുന്നു. സത്യത്തെ അംഗീകരിക്കുന്നതും അസത്യത്തെ അവഗണിക്കുന്നതുമാണ് ഇവരുടെ ദൃഷ്ടിയിൽ പുത്തൻ വാദം!

കളങ്കമറ്റ പരമ്പരയിലൂടെ നബിﷺ വരെ എത്തുന്ന ഒരു ഹദീസ് ഈ വിഷയത്തിൽ ഉദ്ധരിക്കാനോ, അഹ്‌ലുസ്സുന്ന വൽജമാഅയുടെ ഇജ്മാഅ് ഉണ്ടെന്നു പറയാനോ ഇന്നുവരെ ഇവർക്കാർക്കും കഴിഞ്ഞിട്ടുമില്ല.

ഈ വാദം ശിയാക്കളുടെ സൃഷ്ടിയാണെന്നതിന് ധാരാളം തെളിവുകളുണ്ട്. ഒന്നു മാത്രം കാണുക:

അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: അലിയും ഞാനും പ്രകാശത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്, അല്ലാഹു ആദമിനെ സൃഷ്ടിക്കുന്നതിന് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ സിംഹാസനത്തിന്റെ വലതുവശത്തായിരുന്നു. പിന്നീട് അല്ലാഹു ആദമിനെ സൃഷ്ടിച്ചു, എന്നിട്ട് ഞങ്ങളെ മനുഷ്യരുടെ മുതുകകളിലാക്കി മാറ്റി. പിന്നീട് ഞങ്ങൾ അബ്ദുൽ മുത്ത്വലിബിന്റെ മുതുകിൽ ആക്കപ്പെട്ടു. പിന്നീട് അല്ലാഹു അവന്റെ പേരിൽ നിന്നും ഞങ്ങളുടെ പേര് ഉൽഭവിപ്പിച്ചു. അല്ലാഹു മഹ്‌മൂദ് ആണ്, ഞാൻ മുഹമ്മദും. അല്ലാഹു ‘അഅ്‌ല’(അത്യുന്നതൻ)യാണ്, അലിയാകട്ടെ അലിയ്യും (ഉന്നതൻ).

(ഇബ്‌നുൽ ജൗസി അൽമൗദൂആത്തിൽ ഉൾപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു: ഇത് ജഅ്ഫർ ഇബ്‌നു അഹ്‌മദ് ഇബ്‌നു അലി അൽഗാഫിക്വി കെട്ടിച്ചമച്ചതാണ്, അദ്ദേഹം ഹദീസ് കെട്ടിച്ചമച്ചമക്കുന്ന റാഫിദിയായിരുന്നു. ഇബ്‌നു അദിയ്യ് പറഞ്ഞു: അദ്ദേഹം കെട്ടിച്ചമയ്ക്കുന്നയാളാണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഇമാം ശൗകാനി പറഞ്ഞു: ജഅ്ഫർ ഇത് കെട്ടിച്ചമച്ചതാണ്).

ഇതിൽ അലിയും ഞാനും പ്രകാശത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഭാഗം ശ്രദ്ധിച്ചാൽ തന്നെ ശിയാക്കളുടെ അജണ്ട വ്യക്തമാകും.

പ്രഥമസൃഷ്ടി പ്രമാണങ്ങളിൽ

പണ്ഡിത ലോകത്ത് ഏറെ ചർച്ചയായിട്ടുള്ള ഒന്നാണിത്. കേവല അഭിപ്രായ പ്രകടനങ്ങൾക്കപ്പുറം പ്രബലമായ തെളിവുകൾ മുൻനിർത്തി അവർ നടത്തിയ വിശകലനങ്ങളുടെ ചുരുക്കം പ്രമാണങ്ങളോടൊ പ്പം സഞ്ചരിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.

عن عبادة بن الصامت، قال: سمعت رسول الله صلى الله عليه وسلم يقول: إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ

ഉബാദത്ത് ഇബ്‌നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ് ….. (തിർമുദി:3319)

عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ كَانَ اللَّهُ وَلَمْ يَكُنْ شَىْءٌ غَيْرُهُ، وَكَانَ عَرْشُهُ عَلَى الْمَاءِ، وَكَتَبَ فِي الذِّكْرِ كُلَّ شَىْءٍ، وَخَلَقَ السَّمَوَاتِ وَالأَرْضَ ‏

ഇംറാൻ ഇബ്നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: : അല്ലാഹു ഉള്ളവനായിരുന്നു, അവന് പുറമെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്റെ അർശ് വെള്ളത്തിന്മേലായിരുന്നു. അല്ലാഹു എല്ലാം അവന്റെ രേഖയിൽ എഴുതിയിട്ടുണ്ട്. അവൻ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു. (ബുഖാരി:3191)

ഈ രണ്ട് ഹദീസുകൾ പരസ്പര വിരുദ്ധമായതോ ഏകോപിപ്പിക്കാൻ പറ്റാത്തതോ അല്ല. ഇബ്‌നു തൈമിയ്യ رحمه الله തന്റെ ‘മജ്മൂഉൽ ഫതാവ,’ ‘സ്വഫ്ദിയ്യ’ എന്നീ ഗ്രന്ഥങ്ങളിലും ഇബ്‌നുൽ ക്വയ്യിം رحمه الله തന്റെ ‘അന്നൂനിയ്യ’ എന്ന ഗ്രന്ഥത്തിലും ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പല പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

“സൃഷ്ടികളിൽ ആദ്യത്തെത് അർശും അതിന്റെ കൂടെ വെള്ളവുമാണ്. പേനയാണ് ആദ്യത്തെത് എന്നത് മൊത്തത്തിലല്ല. മറിച്ച് ലോകത്തിലെ വിധികൾ എഴുതാൻ ആദ്യം സൃഷ്ടിച്ചത് എന്ന അർഥത്തിലും അർശിനും വെള്ളത്തിനും ശേഷമുള്ള ആദ്യ സൃഷ്ടി എന്നതിലേക്ക് ചേർത്തുമാണ്.’’

സത്യസന്ധമായ ഇത്തരം സമീപനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയാണ് പുരോഹിതന്മാർ. കഴമ്പില്ലാത്ത ന്യായീകരണങ്ങൾ മാത്രമാണ് അവർക്കുള്ളത്.

“ഇവയെല്ലാം ചേർത്ത് വെച്ച് നിരൂപിച്ച ശേഷം നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചത് ഇപ്രകാരമാണ്. എല്ലാ വസ്തുക്കൾക്കും മുമ്പേ പ്രഥമമായി സൃഷ്ടിച്ചത് തിരുനബിയുടെ ഒളിവാണെന്ന ഹദീസിലുള്ളതാണ് നിരുപാധികമായ പ്രഥമ സൃഷ്ടി. അതായത് അതാണ് ഹഖീഖത്ത്. മറ്റെല്ലാം സോപാധികവും ആപേക്ഷികവുമാണ്’’ (മൻഖൂസ് മൗലിദ് വ്യാഖ്യാനം/ജലീൽ സഖാഫി പുല്ലാര/പേജ് 34).

ഇങ്ങനെയൊരു മറുപടി ഏതായിരുന്നാലും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുനിന്ന് എവിടെയും കാണുന്നില്ല. അപ്പോൾ ‘നമ്മുടെ ഇമാമുകൾ’ എന്നതിന്റെ വിവക്ഷ ശിയാ-സൂഫി ഇമാമുകൾ എന്നായിരിക്കാനേ തരമുള്ളൂ.

പ്രവാചക സൃഷ്ടിപ്പ് പ്രകാശത്തിൽ നിന്നോ?

നബിﷺ സൃഷ്ടികളിൽ ഉത്തമരും ഉന്നത സ്ഥാനമുള്ളവരുമാണ്. മണ്ണിൽനിന്ന് സൃഷ്ടിക്കപ്പെട്ട ആദം നബിﷺയുടെ സന്താന പരമ്പരയിൽ തന്നെയാണ് മുഹമ്മദ് നബിﷺയുമുള്ളത്. അല്ലാഹു പറയുന്നു:

وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ

അല്ലാഹു നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി. (ഖു൪ആന്‍:35/11)

ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദം സൃഷ്ടിക്കപ്പെട്ടത് മണ്ണിൽനിന്നാണ്. (മുസ്‌ലിം)

മനുഷ്യ പ്രകൃതമായ ജീവിത രീതിതന്നെയായിരുന്നു നബി ﷺയുടെത്. ക്വുർആൻ പറയുന്നു:

قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا

(നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ? (ഖു൪ആന്‍:17/93)

ഇസ്‌ലാമിക പ്രമാണങ്ങൾ പറഞ്ഞതിലപ്പുറം നാം വിശ്വസിക്കേണ്ടതുണ്ടോ? ആയിരക്കണക്കായ സ്വഹാബിമാരും പിന്നീട് വന്ന ഉത്തമ തലമുറകളിലും പെട്ട ആർക്കെങ്കിലും ഇങ്ങനെയൊരു തല തിരിഞ്ഞ ഈ വാദം ഉണ്ടായിരുന്നോ? അല്ലാഹുവിന്റെയും നബിﷺയുടെയും മേൽ വമ്പിച്ച കളവ് ആരോപിക്കുകയല്ലേ ഇവർ ചെയ്യുന്നത്?

هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

അവിടെവെച്ച് ഓരോ ആത്മാവും അത് മുന്‍കൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് അവര്‍ മടക്കപ്പെടുകയും, അവര്‍ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:10/30)

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഹദീസോ?

മഹാനായ ജാബിർ رَضِيَ اللَّهُ عَنْهُ വിനെ പ്രതിയാക്കി, നബിﷺ പറഞ്ഞു എന്ന നിലയ്ക്ക് ഇവർ കൊണ്ടു നടക്കുന്ന പൊള്ളയായൊരു ഉദ്ധരണിയുണ്ട്. അതിന്റെ തുടക്കം ഇപ്രകാരമാണ്:

“ഞാനൊരിക്കൽ നബിﷺയോട് ചോദിച്ചു: ‘വസ്തുക്കൾക്കെല്ലാം മുമ്പായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തിനെയാണെന്ന് അങ്ങ് എനിക്ക് പറഞ്ഞുതന്നാലും.’ നബിﷺ പറഞ്ഞു: ‘ഓ ജാബിർ, എല്ലാ വസ്തുക്കൾക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ ഒളിവിനെയാണ്. അല്ലാഹുവിന്റെ ദിവ്യവെളിച്ചത്തിൽ നിന്നാണ് ഇതിനെ സൃഷ്ടിച്ചത്…’’ (സുന്നിഅഫ്കാർ 2025 സെപ്തംബർ 1-30/പേജ് 55).

എത്ര കൊടിയ അപരാധമാണിവർ ചെയ്യുന്നത്! ആധികാരികമായ ഒറ്റ ഹദീസ് ഗ്രന്ഥങ്ങളിലും വിശ്വാസയോഗ്യമായ നിലയ്ക്ക് ഇങ്ങനെയൊരു ഹദീസില്ല. ഇമാം ഇബ്‌നുൽ ജൗസി رحمة الله ‘അൽ മൗളൂആത്ത്’ (കെട്ടിച്ചമച്ചവ) എന്ന ഗ്രന്ഥത്തിലാണ് ഇത് ഉൾപ്പെടുത്തിയത്.

ഇബ്‌നു തൈമിയ്യ رحمة الله ഫതാവയിൽ പറഞ്ഞു: “ഇങ്ങനെയുള്ളത് നിർമിതവും കള്ളത്തരവുമായ വരിൽ നിന്നാണ് ഉദ്ധരിച്ച് വരിക എന്നതിൽ അഹ്‌ലുൽ ഹദീസിന്റെ ഏകോപനമുള്ളതാണ്.’’

ഇമാം സുയൂത്വി رحمة الله തന്റെ ‘അൽഹാവി’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ചോദ്യത്തിൽ പറയപ്പെട്ട ഈ ഹദീസ് അവലംബിക്കാവുന്ന പരമ്പര ഇല്ലാത്തതാണ്.’’

ഇതൊന്നും മുഖവിലക്കെടുക്കാതെ മുസ്‌ലിയാക്കന്മാർ പറയുന്നത് നോക്കൂ: “പ്രമുഖ സ്വഹാബി ജാബിർ(റ)ൽ നിന്ന് മുഹമ്മദുബ്‌നുൽ മുൻകദിർ (റ) അവരിൽ നിന്നു മഅ്മർ (റ) എന്നിവരാണ് ഹാഫിള് അബ്ദുറസാഖിനു ഈ ഹദീസ് കിട്ടിയ സനദ്. ഈ സനദിനു വല്ല ന്യൂനതകളും ചൂണ്ടിക്കാട്ടാൻ ഒരാൾക്കും കഴിയില്ല. ഈ ഹദീസിന്റെ വെളിച്ചത്തിലും മറ്റും പ്രഥമ സൃഷ്ടി തിരുനബിﷺയുടെ ഒളിവാണെന്നു വിശ്വസിക്കുന്ന സത്യവിശ്വാസികളെ വിമർശിക്കാൻ ബിദഇകൾക്ക് അധികാരമില്ല. സുന്നികളെ ആക്ഷേപിക്കുന്ന വഹാബികൾ അക്രമമാണ് കാണിക്കുന്നത്’’ (മൻഖൂസ് മൗലിദ് വ്യാഖ്യാനം/പേജ് 32,33).

പൂർണമായും വ്യാജമെന്ന് തെളിയിക്കപ്പെട്ടതിൽ നിന്ന് എന്ത് ന്യൂനതയാണിനി കണ്ടെത്തേണ്ടത്?

മുസ്വന്നഫ് അബ്ദുറസാഖ്; പഴയതും പുതിയതും

“പ്രഥമ സൃഷ്ടി നബിﷺയുടെ ഒളിവാണെന്നറിയിക്കുന്ന ഹദീസ് ഹാഫിള് അബ്ദുർറസാഖ് رحمة الله (മരണം ഹി:211) തന്റെ അൽമുസ്വന്നഫ് എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ പതിനെട്ടാം നമ്പർ ഹദീസായി പഴയ പതിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ സനദ് (നിവേദക പരമ്പര) വളരെ പ്രാമാണികവും പ്രബലവുമാണ്’’ (സുന്നിവോയ്‌സ് 2025 സെപ്തംബർ1-30/പേജ് 55).

പ്രമുഖ ഹദീസ് പണ്ഡിതനും നിരവധി പ്രഗത്ഭരായ ഇമാമുമാരുടെ ഉസ്താദുമായ പൂർവകാല ഇമാമാണ് ഹിജ്‌റ 211 ൽ മരണപ്പെട്ട അബ്ദുർറസാഖ് അസ്സ്വൻആനി رحمة الله. ഇദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമാണ് ‘മുസ്വന്നഫ് അബ്ദുർറസാഖ്.’

ബാഗ്ദാദിൽനിന്ന് കണ്ടെടുത്തു എന്നവകാശപ്പെടുന്ന മുസ്വന്നഫിന്റെ പഴയ പ്രതി ഇന്ത്യൻ ലിപിയിലാണ്. അതിലെ ഒന്നാമത്തെ ഹദീസിലെ പല പദങ്ങളും നബിﷺയുടെ കാലത്ത് ഉപയോഗത്തിലില്ലാത്തതാണ്. ഇമാമിലേക്ക് ചേർക്കപ്പെട്ടതായി ഇതിൽ കാണുന്ന പല സ്വലാത്തുകളും പ്രധാന സൂഫിയായ ജസൂലിയുടെ ‘ദലാഇലുൽ ഖൈറാത്തി’ൽ നിന്ന് എടുക്കപ്പെട്ടതാണ്. ഇങ്ങനെ അദ്ദേഹത്തിന്റെ പേരിൽ കൃത്രിമമായി കിതാബ് തട്ടിക്കൂട്ടിയവർ മുസ്വന്നഫ് ഇബ്‌നു അബീശൈബ എന്ന മറ്റൊരു ഗ്രന്ഥത്തിൽനിന്ന് ഹദീസുകൾ പകർത്തി അതിന്റെ പരമ്പര ഇമാമിലേക്ക് ചേർത്ത് വെച്ചു. ഇങ്ങനെയുള്ളൊരു ഗ്രന്ഥത്തെ കള്ളത്തരത്തിലൂടെ നിർമിച്ചെടുത്ത കൃതി എന്ന് മാത്രമെ വിശേഷിപ്പിക്കാവൂ! വഹ്‌യാകുന്ന പ്രമാണങ്ങളിൽ തിരിമറി കാണിക്കുന്ന ഇവർക്ക് ഇതൊന്നും പ്രശ്‌നമുള്ളതല്ല. ഇമാമിന്റെ പഴയതും പുതിയതുമായ പതിപ്പുകളിൽ എവിടെയും ഇത് കാണുക സാധ്യമല്ല. മുസ്വന്നഫിന്റെ പഴയ പതിപ്പിനോടുള്ള ഇവരുടെ ഭ്രമം വ്യക്തമാക്കുന്നത് കാണുക:

“ഇന്നു കാണുന്ന അൽമുസ്വന്നഫിന്റെ പതിപ്പിൽ പ്രസ്തുത ഹദീസ് കാണുന്നില്ലെന്നു പറഞ്ഞു ഇതു വ്യാജ നിർമ്മിതമാണെന്നു വാദിക്കുന്ന പുത്തൻവാദികളുണ്ട്. അവർ അൽമുസ്വന്നഫിന്റെ പഴയ പതിപ്പ് കാണാത്തവരോ കണ്ടില്ലെന്നു നടിക്കുന്നവരോ ആണ്’’ (മൻഖൂസ് മൗലിദ് വ്യാഖ്യാനം/പേജ് 31).

പ്രമാണങ്ങളെ കൈയൊഴിഞ്ഞ് കെട്ടിച്ചമച്ചതിന്റെ പിന്നാലെ പോകുന്നവരെ ഓർമിപ്പിക്കാനുള്ളത് അല്ലാഹുവിന്റെ വചനമാണ്:

مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارَۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

തൗറാത്ത് സ്വീകരിക്കാൻ ചുമതല ഏൽപിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയുടെത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല. (ഖു൪ആന്‍:62/5)

ഇബ്‌നു തൈമിയ്യയുടെ പേരിലും ആരോപണം!

പിഴച്ച ഈ വാദത്തിന് ശൈഖുൽ ഇസ്‌ലാം رحمه الله യുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് കാണുക:

“ബിദ്അത്തുകാരുടെ ആശയ സ്രോതസ്സായ ഇബ്‌നു തൈമിയ്യ തവസ്സുൽ ഹദീസ് രേഖപ്പെടുത്തിയ ശേഷം ഇത്രകൂടി എഴുതി: ആദമേ, മുഹമ്മദ് നബിﷺ നിങ്ങളുടെ സന്താനങ്ങളിലെ അവസാന പ്രവാചകനാണ്. ആ മുഹമ്മദ്ﷺ ഇല്ലായിരുന്നുവെങ്കിൽ താങ്കളെ സൃഷ്ടിക്കുമായിരുന്നില്ല. ഈ ഹദീസും അതിനു മുമ്പുള്ളതും സ്വഹീഹായ ഹദീസുകൾക്കുള്ള വ്യാഖ്യാനം പോലെയാണ്’’ (സുന്നിവോയ്‌സ് 2025 ആഗസ്ത് 16-31/പേജ് 23).

വാസ്തവത്തിൽ ഈ വിഷയത്തിൽ ഇബ്‌നു തൈമിയ്യ رحمه الله യുടെ നിലപാടെന്താണ്? ഇതിനെ കുറിച്ചുള്ള ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും കാണുമ്പോൾ സമസ്തക്കാരുടെ തട്ടിപ്പ് വ്യക്തമാകും.

ചോദ്യം: ‘നിങ്ങൾ ഇല്ലായിരുന്നെങ്കിൽ അല്ലാഹു അർശോ കുർസിയ്യോ ഭൂമിയോ ആകാശമോ സൂര്യനോ ചന്ദ്രനോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ സൃഷ്ടിക്കുമായിരുന്നില്ല’ എന്ന് ചിലർ പറയുന്നു, ഈ ഹദീസ് ശരിയാണോ അല്ലയോ?

ഉത്തരം: നബിﷺ ആദം സന്തതികളുടെ നേതാവാണ്, സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരും ആദരണീയരുമാണ്. അല്ലാഹു അദ്ദേഹത്തിനുവേണ്ടിയാണ് ലോകം സൃഷ്ടിച്ചതെന്ന് പറയുന്നവർ അദ്ദേഹം ഇല്ലായിരുന്നെങ്കിൽ, അവൻ അർശോ കുർസിയ്യോ ആകാശമോ ഭൂമിയോ സൂര്യനോ ചന്ദ്രനോ സൃഷ്ടിക്കുമായിരുന്നില്ല എന്നാണ് വാദിക്കുന്നത്. എന്നാൽ ഇത് പ്രവാചകനിൽ നിന്ന് ആധികാരികമോ ദുർബലമോ ആയ നിലക്ക് ഹദീസായി കാണുന്നില്ല. ഹദീസ് പണ്ഡിതന്മാരിൽ ആരും തന്നെ പ്രവാചകനിൽനിന്ന് ഇത് കൈമാറിയിട്ടില്ല. ഇത് സ്വഹാബികളിൽനിന്ന് പോലും അറിയപ്പെട്ടിട്ടില്ല. പറഞ്ഞതാരെന്ന് പോലും അറിയാത്തൊരു വാക്കാണിത്. (മജ്മൂഉൽ ഫതാവ)

മുസ്‌ലിയാക്കന്മാരുടെ കുത്സിത ശ്രമങ്ങൾ പണ്ഡിതന്മാരുടെ നിലപാടുകൾക്ക് മുമ്പിൽ വിജയിക്കുകയില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയട്ടെ.

സൂറത്തുൽ അഹ്‌സാബിലെ وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا (അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്) എന്ന വചനം മറയാക്കി ശർറഫൽ അനാം മൗലിദിലെ വികല വാദത്തെ പ്രാമാണികമാക്കാൻ ശ്രമിക്കുന്നത് കാണുക:

ശർറഫൽ അനാം മൗലിദിന്റെ വ്യാഖ്യാനമായ ഫത്ഹുസ്സ്വമദിൽ തിരുനബിﷺയുടെ ഒളിവിനെക്കുറിച്ചു പറഞ്ഞതിങ്ങനെ:

“നബിയുടെ ഒളിവ് എന്നതിന്റെ ഉദേശ്യം അല്ലാഹു സൃഷ്ടിച്ച ഒരു സത്തയാണ്. അല്ലാഹുവിനല്ലാതെ ഈ സത്തയുടെ യാഥാർഥ്യമെന്തന്നറിയുകയില്ല. അല്ലാതെ ഇരുട്ടിനെതിരായ പ്രകാശം എന്നർഥമല്ല. തിരുനബിﷺയുടെ പ്രകാശത്തെ കുറിച്ച് ഖുർആൻ പ്രസ്താവിച്ചത് ഇങ്ങനെയാണ്’’ (സുന്നിഅഫ്കാർ/പേജ് 57).

അഹ്‌സാബിലെ 45, 46 ആയത്തുകൾ കാണുക:

يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ‎﴿٤٥﴾‏ وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا ‎﴿٤٦﴾‏

നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്. (ഖുർആൻ:33/45-46)

സന്തോഷവാർത്ത അറിയിക്കുന്നവൻ, താക്കീതുകാരൻ, അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ, പ്രകാശം നൽകുന്ന വിളക്ക് എന്നിങ്ങനെയാണ് ഈ ആയത്തുകളിൽ അല്ലാഹു അവന്റെ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘പ്രകാശം നൽകുന്ന വിളക്ക്’ എന്നു വിശേഷിപ്പിച്ചതിൽനിന്നും ആദ്യം സൃഷ്ടിക്കപ്പെട്ടത് നബിﷺയുടെ പ്രകാശമാമെന്നോ അദ്ദേഹത്തിന്റെ സവിശേഷമായ സത്തയെ ആണെന്നോ മനസ്സിലാക്കാൻ വകതിരിവുള്ളവർക്ക് കഴിയില്ല.

ആയത്തിലെ ‘പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്’ എന്നതിനെ വിശദീകരിച്ച് ഇബ്‌നു കസീർ رحمه الله പറയുന്നു:

وأمرك ظاهر فيما جئت به من الحق ، كالشمس في إشراقها وإضاءتها ، لا يجحدها إلا معاند .

നീ കൊണ്ടുവന്ന സത്യത്തിൽ നിന്ന് കാര്യം വ്യക്തമാണ്; സൂര്യൻ അതിന്റെ തിളക്കത്തിലും പ്രകാശത്തിലും തിളങ്ങുന്നതുപോലെ. ശാഠ്യക്കാരല്ലാതെ മറ്റാരും അതിനെ നിഷേധിക്കുന്നില്ല. (ഇബ്നുകസീര്‍)

അജ്ഞതയും അസത്യവും ദുരാചാരവും നിറഞ്ഞ് ഇരുൾമൂടിയ ലോകത്തിനു ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സദാചാരത്തിന്റെയും വെളിച്ചം നൽകുന്നതിനു വേണ്ടി ഹിറാ ഗുഹയിൽനിന്ന് ഉദയം ചെയ്ത് ലോകമാകമാനം പ്രഭപരത്തിയ വിളക്കാണ് നബിﷺ.

ഒളിവ് ആയാലും സത്തയായാലും അല്ലാഹു ആദ്യം പടച്ചത് മുഹമ്മദി നബിﷺയെ അല്ല എന്നാണ് പ്രമാണം പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മഹത്ത്വം സൂചിപ്പിക്കാൻ വേണ്ടി ഇത്തരം വ്യാജ റിപ്പോർട്ടുകളെ ആശ്രയിക്കേണ്ട ആവശ്യം മുസ്‌ലിംകൾക്കില്ല. അല്ലാതെ തന്നെ അവിടുന്ന് മഹോന്നതനാണെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കുന്നു.

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ

നീ പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുകയും അവനോട് നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ. ശിർക്ക് ചെയ്യുന്നവർക്കാകുന്നു നാശം. (ഖുർആൻ:41/6)

 

മൂസ സ്വലാഹി കാര

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *