ഹൂഥികൾ എന്ന പേര് ഇന്ന് ലോകത്തിന് സുപരിചിതമാണ്. പശ്ചിമേഷ്യയെ കണ്ണീരിൽ കുളിപ്പിച്ച തെമ്മാടി രാഷ്ട്രമായ ഇസ്റാഈലിനെതിരെ ഒറ്റയ്ക്കും കൂട്ടായും നിർഭയരായി പ്രതികരിക്കുന്ന യെമനി ട്രൈബൽ ഓർഗനൈസേഷനായാണ് ഹൂഥികൾ അറിയപ്പെടുന്നത്. കേവലം ചെറുത്തുനിൽപ് പോരാളികൾ എന്നതിനപ്പുറം സൈദി വിഭാഗത്തിൽപെട്ട ഇവരുടെ വിശ്വാസവും പ്രമാണങ്ങളോടുള്ള സമീപനവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
യമൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശിയാ വിഭാഗത്തിലെ സായുധ മതരാഷ്ട്രവാദ സംഘമാണ് ഹൂഥികൾ. ഹൂഥി നേതാവ് ഹുസൈൻ ബിൻ ബദ്റുദ്ദീൻ ഹൂഥിയുടെ പേരിലേക്ക് ചേർത്തുകൊണ്ടാണ് ഈ സംഘം ഹൂഥികൾ എന്ന പേര് സ്വീകരിച്ചത്. വടക്കേ സ്വൻആഇലെ, സ്വൻആഅ് – സ്വഅ്ദ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ചരിത്ര ശേഷിപ്പുകൾ നിറഞ്ഞു നിൽക്കുന്ന പുരാതന നഗരമാണ് ഹൂഥ്. ഹുസൈൻ ബിൻ ബദ്റുദ്ദീൻ ഹൂഥിയുടെ പിതാമഹൻമാരിൽ ചിലർ വസിച്ചിരുന്നത് ഹൂഥ് നഗരത്തിലായതിനാൽ അവർ ഹൂഥികൾ എന്ന് വിളിക്കപ്പെട്ടു. പിന്നീട് വന്ന തലമുറകളും ആ പേര് സ്വീകരിച്ചതിന്റെ ഭാഗമായാണ് ഹുസൈൻ ബദ്റുദ്ദീനിന് ഹൂഥി എന്ന പേര് ലഭിക്കുന്നത്. തുടക്കത്തിൽ ‘തൻദ്വീമു ശബാബിൽ മുഅ്മിൻ’ എന്ന പേരിലാണ് ഈ സംഘം അറിയപ്പെട്ടിരുന്നത്.
ശിയാക്കളിലെ സൈദി വിഭാഗത്തിലെ തീവ്രവാദ വിഭാഗമാണ് ഹൂഥികൾ. ശിയാ വിഭാഗമായ ഇസ്നാ അശരി(ഇമാമി)കളിൽ പെട്ടവരല്ല അവരെങ്കിലും ഇമാമികളുടെ പല പിഴച്ച വിശ്വാസങ്ങളും വെച്ചുപുലർത്തുന്നു. നബിﷺയുടെ ഭരണപിൻഗാമി അലി رضى الله عنه ആണന്നും, ഖലീഫമാരായിരുന്ന അബൂബക്ർ, ഉമർ, ഉഥ്മാൻ رضى الله عنهم എന്നിവർ മതനിയമ പ്രകാരമുള്ള അധികാരികൾ ആയിരുന്നില്ല എന്നും, അലി رضى الله عنه മാത്രമാണ് ശറഇയായ ഇമാം എന്നും ഹൂഥികൾ വിശ്വസിക്കുന്നു. ഇതിന് പുറമെ എല്ലാ വർഷവും ദുൽഹജ്ജ് 18ന് ഗദീർ പെരുന്നാൾ ആഘോഷിക്കുന്നവരുമാണ് ഇക്കൂട്ടർ. വിടവാങ്ങൽ ഹജ്ജ് കഴിഞ്ഞ് നബിﷺയും സ്വഹാബിമാരും മദീനയിലേക്ക് തിരിച്ചു പോകുമ്പോൾ ജുഹ്ഫയുടെ അടുത്തുള്ള ഗദീർഖും എന്ന പ്രദേശത്ത് വെച്ച് ദുൽഹജ്ജ് 18ന് നബിﷺ നടത്തിയ ഒരു പ്രഭാഷണത്തെ ദുർവ്യാഖ്യാനിച്ച് അതിന്റെ വാർഷികാഘോഷം എന്ന നിലയിൽ എല്ലാ വർഷവും ശിയാക്കൾ കൊണ്ടാടുന്ന പെരുന്നാളാണ് ഗദീർ പെരുന്നാൾ. അബൂബക്ർ, ഉമർ, ഉഥ്മാൻ رضى الله عنهم മുതലായ തലമുതിർന്ന സ്വഹാബത്തിനെ പോലും ആക്ഷേപിക്കുന്നത് ഹൂഥികളിലെ ഇമാമി സ്വാധീനത്തിന്റെ മറ്റൊരു അടയാളമാണ്.
തങ്ങളുടെ ഇച്ഛക്കെതിരിൽ വരുന്ന നബിവചനങ്ങളെ നിരാകരിച്ചും ഹദീഥ് പണ്ഡിതൻമാരെ ചീത്ത വിളിച്ചും ഇമാമി ശിയാക്കളോടുള്ള കൂറ് പുലർത്തുന്നതിൽ ഹൂഥികളെ മുമ്പിൽ തന്നെ കാണാവുന്നതാണ്. ഹൂഥി യുവാക്കളുടെ ഇറാനുമായുള്ള ബന്ധം ഇമാമി ശിയാ സ്വാധീനം ഹൂഥികളിലേക്ക് കടന്നുവരാൻ കാരണമായിട്ടുണ്ട്. മുഹർറം 10ന് ഉസൈൻ رضى الله عنه വിന്റെ പേരിലുള്ള ദുഖാചരണം, ഒരു വേള അലി رضى الله عنه വിനോടും ഹുസൈൻ رضى الله عنه വിനോടും നേരിട്ട് പ്രാർഥിക്കുക തുടങ്ങിയ ഇമാമി ശിയാ ആചാരങ്ങളും ഹൂഥികളിൽ വ്യാപകമാണ്.
തങ്ങൾ പ്രവർത്തിക്കുന്നതല്ലാം മതസംരക്ഷണം ലക്ഷ്യം വെച്ചാണെന്ന് സ്വയം വിശ്വസിച്ചു പോരുന്നതിനാൽ ‘അൻസ്വാറുല്ലാഹ്’ (അല്ലാഹുവിന്റെ സഹായികൾ) എന്ന് സ്വയം പേരു സ്വീകരിച്ചു. നബികുടുംബത്തിന്റെ പേരിൽ കടന്നുവന്ന സംഘമാണ് ശിയാക്കൾ എന്നതിനാൽ തങ്ങളുടെ ശിയാ പാരമ്പര്യത്തെ വിളിച്ചറിയിക്കുക എന്ന അർഥത്തിൽ ‘അത്ബാഉ അഹ്ലുൽ ബൈത്ത്’ (നബികുടുംബത്തെ അനുധാവനം ചെയ്യുന്നവർ) എന്ന പേരിലും അവർ അറിയപ്പെടുന്നു. അതിന് പുറമെ ‘അൽ മുജാഹിദൂൻ’ (ധർമയുദ്ധം ചെയ്യുന്നവർ), ‘അൽ മസീറത്തുൽ ക്വുർആനിയ്യ’ (ക്വുർആൻ സഞ്ചാരം), ‘ജമാഅത്തുൽ ഹൂഥി’ (ഹൂഥി സംഘം), ‘ഹറകത്തുൽ ഹൂഥിയ്യ’ (ഹൂഥി മൂവ്മെന്റ്) എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു.
ഹൂഥികളുടെ ചരിത്രം
വടക്കൻ യമനിലെ സ്വഅദ പ്രവിശ്യയിൽനിന്നാണ് ഹൂഥികൾ ജന്മമെടുത്തത്. ശിയാക്കളിലെ സൈദിവിഭാഗത്തിന്റെ പ്രധാന കേന്ദ്രമാണ് സ്വഅദ പ്രവിശ്യ. ഹിജ്റ വർഷം 298ൽ മരണപ്പെട്ട സൈദികളുടെ പ്രഥമ ഇമാമായ അൽഹാദി യഹ്യ ബിൻ ഹുസൈനിന്റെ സ്വഅദയിലേക്കുള്ള കടന്നു വരവോടെയാണ് പ്രസ്തുത പ്രവിശ്യ സൈദികളുടെ ഈറ്റില്ലമാകുന്നത്. 1962 സെപ്തംബർ 26ന് പൊട്ടിപ്പുറപ്പെട്ട യമൻ വിപ്ലവവും അതിനെ തുടർന്ന് വന്ന രാഷ്ട്രീയ മാറ്റങ്ങളും സ്വഅദയിലും യമനിലെ മറ്റു പ്രവിശ്യകളിലും സൈദികളുടെ ആധിപത്യന് സാരമായ പരിക്കേൽപിച്ചു. പ്രത്യേകിച്ചും യമനിന്റെ തലസ്ഥാനമായ സൻആയിൽ നിന്നും അവർക്ക് പിൻവാങ്ങേണ്ടി വന്നു. അതിനു ശേഷമാണ് സഅദയിൽ നിന്നും സൈദി ജാറൂദി ശിയാസംഘമായ ഹൂഥികൾ രൂപം കൊള്ളുന്നത്. പിന്നീട് അവർ ശക്തി പ്രാപിക്കുകയും യമനിന്റെ തലസ്ഥാനമായ സ്വൻആഇന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളുടെയും മറ്റു നഗരങ്ങളുടെയും സൈനിക നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ എത്തി കാര്യങ്ങൾ.
1990കളിൽ സ്വഅദയിൽ രൂപീകൃതമായ ‘മുൻതദാ അശ്ശബാബിൽ മുഅ്മിൻ’ എന്ന കൂട്ടായ്മയിലൂടെയാണ് ഹൂഥികളുടെ പ്രവർത്തനം ആദ്യമായി ആരംഭിക്കുന്നത്. യുവാക്കളിൽ മതപാഠങ്ങൾ പകർന്നുനൽകിയും കായിക പ്രവർത്തനങ്ങളിൽ ദിശാബോധം നൽകിയും കൂട്ടായ്മ മുന്നോട്ടുപോയി. അക്കാലത്ത് യമൻ സർക്കാർ രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ ഉണ്ടാക്കാൻ നൽകിയ ഇളവുകളെ ഉപയോഗപ്പെടുത്തിയാണ് ‘ഹിസ്ബുൽ ഹക്ക്വ്’ (സത്യപ്രസ്ഥാനം) എന്ന പേരിൽ ശിയാക്കൾ ഒരു സംഘം രൂപീകരിക്കുന്നത്. ഹിസ്ബുൽ ഹക്ക്വിന്റെ സ്ഥാപക നേതാക്കളിൽ പ്രധാനിയും അതിന്റെ ഉപാധ്യക്ഷനും അൻസാറുല്ലാഹ് സംഘത്തിന്റെ അത്മീയ നേതാവുകൂടിയായിരുന്നു ബദ്റുദ്ദീൻ അൽഹൂഥി. കാലക്രമേണ അയാളുടെ മകൻ ഹുസൈൻ ബദ്റുദ്ദീൻ മുൻതദാ അശ്ശബാബിൽ മുഅ്മിൻ എന്ന കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന പല കേന്ദ്രങ്ങളുടെയും ആധിപത്യം ഏറ്റെടുത്തു. തന്റെ ചിന്തകളും വിശ്വാസങ്ങളും മുൻതദയിലെ യുവാക്കളിൽ പകർന്നുനൽകി യമൻ സർക്കാറിനെതിരിൽ സൈനികമായി പോരാടാൻ മാത്രം ശേഷിയുള്ള തീവ്ര സംഘത്തെ അയാൾ വിശ്വാസപരമായും കായികമായും വളർത്തിയെടുത്തു. അവർ ‘തൻദ്വീമുശ്ശബാബിൽ മുഅ്മിൻ’ (വിശ്വാസി യുവധാര) എന്ന പേരിൽ അറിയപ്പെട്ടു. സൈദി വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നത് കാരണത്താൻ അവർക്കു വേണ്ട സാമ്പത്തിക സഹായങ്ങൾ ഹിസ്ബുൽ ഹക്ക്വിൽനിന്നും ലഭിച്ചുകൊണ്ടിരുന്നു.
ഹുസൈൻ ഹൂഥിയുടെ പിതാവ് ബദ്റുദ്ദീൻ ഹൂഥി സൈദികളുടെ പ്രധാന വൈജ്ഞാനിക അവലംബ മായിരുന്നു. സൈദി പക്ഷപാതിത്വവും മുഅ്തസിലി വിശ്വാസവും സമന്വയിപ്പിച്ച് കൊണ്ടുള്ള ആദർശവൃക്തിത്വത്തിന്റെ ഉടമയായിരുന്നു അയാൾ. മുസ്ലിംകളുടെ പ്രഥമ ഖലീഫമാരായിരുന്ന അബൂബക്ർ, ഉമർ, ഉഥ്മാൻ رضى الله عنهم തുടങ്ങിയ, സ്വർഗം കൊണ്ട് തിരുദൂതർﷺ സന്തോഷ വാർത്ത അറിയിച്ച സ്വഹാബിവര്യൻമാർക്കെതിരിൽ ശകാരവർഷവും ശാപപ്രാർഥനകങ്ങളും നടത്തുന്ന ആളായിരുന്നു അയാൾ. വിശ്വാസികളുടെ മാതാവും നബിﷺയുടെ പ്രിയ പത്നിയുമായ ആഇശ رضى الله عنها യുടെ പേര് കേൾക്കുമ്പോൾ അവർക്കു വേണ്ടി അനുഗ്രഹ പ്രാർഥന (തർദ്വിയത്ത്) നടത്തുന്നത് വലിയ തെറ്റായി കണ്ടിരുന്ന വ്യക്തി കൂടിയായിരുന്നു അയാൾ. അതിനെല്ലാം പുറമെ സ്വഹാബികളിൽ ഭൂരിഭാഗം പേരും ആക്ഷേപാർഹരാണന്ന വിശ്വാസം നിലനിർത്തുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഇയാൾ. പ്രവാചകനിൽനിന്നും സ്വിരപ്പെട്ടു വന്ന മിക്കവാറും ഹദീഥുകളെ നിഷേധിക്കുകയും, ഹദീഥ് ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരൻമാരെയും അക്ഷേപിക്കുകയും ചെയ്ത അയാൾ ഇമാം ബുഖാരിയും മുസ്ലിമും ഭരണാധികാരികളെ തൃപ്തിപ്പെടുത്താനായി നബിﷺയുടെ പേരിൽ കളവുകൾ എഴുതിയുണ്ടാക്കിയവരാണ് എന്ന് പോലും ആരോപിച്ചു! പിതാവ് ബദ്റുദ്ദീനിൽനിന്നും അയാളുടെ മുഴുവൻ പിഴച്ച വാദങ്ങളും അനന്തരമായി സ്വീകരിച്ച് തീവ്ര സുന്നീ വിരോധവും ശിഈ പക്ഷപാതിത്വവും കൈമുതലാക്കി ഹുസൈൻ ഹൂഥി തന്റെ ദൗത്യം നിർവഹിച്ചുകൊണ്ടിരുന്നു.
സൈദികൾ പൊതുവെ ഹൂഥികളുടെ പല തീവ്ര നിലപാടുകളും ഇമാമി ശിയാ പ്രീണന പ്രവർത്തനങ്ങളം അംഗീകരിച്ചവരായിരുന്നില്ല. സൈദികളുടെ ഇടയിൽ ഇമാമുൽ ഇത്റ, മുഫ്തി അൽ യമനി വൽഇജാസ് എന്ന പേരിൽ പ്രസിദ്ധനായ മജ്ദുദ്ദീൻ അൽ മുഅയ്യിദി ഹൂഥികളുടെ നിലപാടുകൾക്കെതിരിൽ നിലകൊള്ളുകയും ഹിസ്ബുൽ ഹക്ക്വ് എന്ന സംഘത്തെ തന്റെ കൂടെ നിലനിർത്തുകയും ചെയ്തു. അത് കാരണത്താൽ 1992ൽ ബദറുദ്ദീൻ ഹൂഥിയും അയാളുടെ അനുകൂലികളും ഹിസ്ബുൽ ഹക്ക്വിൽനിന്നും രാജിവെച്ചു. ശേഷം മകൻ ഹൂസൈൻ ഹൂഥി നേതൃത്വം നൽകുന്ന തൻദ്വീമുശബാബിൽ മുഅ്മിനിന്റെ ഭാഗമായി അയാളും അയാളുടെ അനുകൂലികളും മാറി. സഅദയിലെ ഹാശിമി കുടുംബത്തിലെ യുവാക്കളെയും മറ്റു ഗോത്രവർഗ വിഭാഗത്തിലെ യുവാക്കളെയും സ്വാധീനിച്ച് തങ്ങളുടെ കൂടെ നിർത്താൻ ഹൂഥികൾക്ക് സാധിച്ചു. പിന്നീട് ഹുസൈൻ ഹൂഥി തന്റെ സംഘടന അതിന്റെ സിരാകേന്ദ്രമായ സഅദയിൽ നിന്നും യമനിലെ മറ്റു പ്രവിശ്യകളിലേക്ക് കൂടി വ്യാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി സ്വൻആഅ്, അമ്രാൻ, ഹജ്ജ, മഹ്വീത് തുടങ്ങിയ യമനി പ്രവിശ്യകളിൽ തന്റെ സംഘത്തിന് ശാഖകൾ സ്ഥാപിച്ചു. അവിടെ മതപഠനമെന്ന വ്യാജേന പള്ളികളും മറ്റു സംരംഭങ്ങളും കേന്ദ്രീകരിച്ച് തങ്ങളുടെ തീവ്രചിന്താഗതികളും ആശയങ്ങളും യുവാക്കളിലേക്ക് വ്യവസ്ഥാപിതമായി പകർന്ന് നൽകുകയും തങ്ങളുടെ കൂടെ അവരെ നിർത്തുകയും ചെയ്തു.
ഈയിടക്ക് സ്വഅദ കേന്ദ്രീകരിച്ച് തൻദ്വീമുശ്ശബാബിൽ മുഅ്മിൻ ‘ഗദീർ പെരുന്നാളി’ന്റെ ദിനത്തിൽ പ്രത്യേകം ആഘോഷങ്ങൾ സംഘടിപ്പിച്ചു തുടങ്ങി. അലി رضى الله عنه വിനെ ഖലീഫയാക്കുക എന്ന നബിﷺയുടെ വസ്വിയത്ത് നടപ്പിലാക്കാത്ത ചതിയൻമാരായി സ്വഹാബത്തിനെ ആക്ഷേപിച്ച് പാട്ടുകളും പ്രസംഗങ്ങളുമെല്ലാം ആ പെരുന്നാളാഘോഷത്തിന്റെ പേരിൽ അവർ നടപ്പിലാക്കി. അതിനു പുറമെ തങ്ങളുടെ സംഘബലവും ആയുധശക്തിയുമെല്ലാം ജനങ്ങൾക്കിടയിൽ പ്രകടിപ്പിക്കാനുള്ള ദിനമായി അതിനെ അവർ ഉപയോഗപ്പെടുത്തി.
ഹൂഥി അനുകൂല കുടുംബങ്ങളും ഗോത്രങ്ങളും അത് മൊത്തത്തിൽ ഏറ്റെടുക്കുകയും യമനിലെ മറ്റു പ്രവിശ്യകളിലേക്കും അത് വ്യാപിപ്പിക്കുകയും ചെയ്തു. ചുരുക്കത്തിൽ ദുൽഹജ്ജ് 18 ഹൂഥികളുടെ ആയുധ, സംഘബലം കാണിക്കാനും അവരിലേക്ക് ആളുകളെ ക്ഷണിക്കാനുമുള്ള പ്രത്യേക ദിനമായി മാറി. അതിനെല്ലാം പുറമെ അവരുടെ ക്യാമ്പുകളിൾ ഖുമൈനി വിപ്ലവത്തെ അടിസ്ഥനപ്പെടുത്തി നിർമിച്ച സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ച് യുവാക്കളിൽ കൂടുതൽ ആവേശം പകർന്നുനൽകുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാൽ ഹൂഥികൾ തങ്ങളെ ഒരു ദേശീയ രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനമായാണ് പരിചയപ്പെടുത്തുന്നത്. യമനിനെ ബാഹ്യ ഇടപെടലുകളിൽനിന്ന് രക്ഷിക്കുക, സമൃദ്ധി, സുരക്ഷ, സ്ഥിരത മുതലായവ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ അവകാശപ്പെടുന്നു. നാട്ടിലെ രാഷ്ട്രീയ, സൈനിക, ഗോത്ര നേതാക്കൻമാരെ തങ്ങളിലേക്ക് അടുപ്പിക്കാനും തങ്ങൾക്കിടയിലെ വിഭാഗീയതകൾ മറച്ചുവെച്ചു പ്രവർത്തിക്കാനും സമർഥരാണ് ഇക്കൂട്ടർ.
ഹൂഥികളും അവരുടെ വിശ്വാസ-ആചാരങ്ങളും
1) അല്ലാഹുവിന്റെ ആരാധ്യതയിലുള്ള ഏകത്വം:
അല്ലാഹുവിന്റെ ആരാധ്യതയിലുള്ള ഏകത്വത്തിൽ ഹൂഥികൾ പിന്തുടരുന്നത് ക്വബ്റാരാധകരുടെ വഴിയാണ്. ക്വബ്ർ പൂജ ശക്തിപ്പെടുത്താനായി കൃതികൾ രചിച്ച വ്യക്തിയാണ് ബദ്റുദ്ദീൻ ഹൂഥി. ‘അൽ ഈജാസ് ഫീ റദ്ദി അലാ ഫതാവൽ ഹിജാസ്’ എന്ന ഗ്രന്ഥം അതിൽ പ്രസിദ്ധമാണ്. ക്വബ്റുമായി ബന്ധപ്പെട്ട പല അന്ധവിശ്വാസങ്ങൾക്കും മതപരിവേഷം നൽകാൻ ഗ്രന്ഥകാരൻ ഈ കൃതിയിലൂടെ ശ്രമിക്കുന്നുണ്ട്. മഹാനായ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് رحمه الله യുടെ ‘കശ്ഫുശ്ശുബ്ഹാത്ത്’ എന്ന ലഘു കൃതിക്ക് ‘അൽ ജവാബുൽ വജീസ്’ എന്ന പേരിൽ ബദ്റുദ്ദീൻ ഹൂഥി മറുപടി എഴുതിയിട്ടുണ്ട്. ക്വബ്റിന്റെ മുകളിലുള്ള മണ്ണുകൊണ്ട് ബറകത്തെടുക്കുന്നതിനെ കുറിച്ച് ഇയാൾ പറയുന്നത് കാണുക: “മണ്ണുകൊണ്ട് ലേപനം ചെയ്യുന്നത് ചെയ്യുന്നവന്റെ ഉദ്ദേശ്യമനുസരിച്ച് ചൊറിക്കും അതുപോലുള്ള രോഗങ്ങൾക്കുള്ള ശമനമാണ്. അത് ശിർക്കല്ല’ (സിയാറത്തുൽ ക്വുബൂർ, ശുബ്ഹാതുൻ വ റുദൂദ്- ബദ്റുദ്ദീൻ അൽഹൂഥി, പേജ് 11).
മരിച്ചവരോട് പ്രാർഥിക്കുന്ന വിഷയത്തിൽ ബദ്റുദ്ദീൻ ഹൂഥി തന്നെ പറയുന്നത് കാണുക: “മരിച്ചവരോടും മറഞ്ഞവരോടുമുള്ള പ്രാർഥന പൊതുവിലോ നിരുപാധികമോ ശിർക്കാവുകയില്ല’ (അൽ ഈജാസ് ഫി റദ്ദി അലാ ഫതാവൽ ഹിജാസ്, പേജ് 108-109).
2) അല്ലാഹുവിന്റെ നാമഗുണ വിശേഷണത്തിലെ വിശ്വാസം:
അല്ലാഹുവിന് സ്വിഫത്തുകൾ (വിശേഷണങ്ങൾ) ഉണ്ടെന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണ് എന്ന അഹ്ലുൽ കലാമിന്റെ വിശ്വാസമാണ് ഹൂഥികൾ നിലനിർത്തി പ്പോരുന്നത്. അഹ്ലുസ്സുന്നയുടെ വിശ്വാസത്തെ നിരൂപണം ചെയ്ത് സുന്നികൾ അല്ലാഹുവിന് അവയവങ്ങൾ സ്ഥാപിച്ച മുജസ്സിമികളാണെന്നാണ് ഹൂഥികൾ സമൂഹത്തിൽ പ്രചരിപ്പിക്കാറുള്ളത്. ബദ്റുദ്ദീൻ ഹൂഥി പറയുന്നത് കാണുക:
“അവരുടെ വിവരക്കേടിന്റെ ഭാഗമായി അല്ലാഹുവിന് അവയവങ്ങൾ ഉണ്ടെന്നും സൃഷ്ടികളോട് സാദൃശ്യമുള്ളവനാണന്നും അവർ സ്ഥാപിക്കുന്നു. സൃഷ്ടികളോട് സാദൃശ്യമുള്ളവനാണ് അല്ലാഹു എന്നാണ് അവരുടെ വിശ്വാസം. സൃഷ്ടികളെപ്പോലെ അവരുടെ റബ്ബിന് അവയവങ്ങളും രൂപവും ഘടനയുമുണ്ടെന്നാണ് അവർ കരുതുന്നത്. അവർ ആരാധിക്കുന്നത് അവർ രൂപകൽപന ചെയ്തിട്ടുള്ള ഒരു രൂപത്തെയും അവരുടെ മനസ്സുകളിൽ ധരിച്ചുവച്ചിട്ടുള്ള ധാരണകളെയുമാണ്. അവയെ അവർ അല്ലാഹു എന്ന് നാമകരണം ചെയ്യുന്നു. അവർ പറഞ്ഞുണ്ടാക്കിയതിനല്ലാം ഉപരിയാണ് അവൻ. അവൻ എത്ര പരിശുദ്ധൻ! അല്ലാഹുവാണെന്ന് അവർ ജൽപിക്കുന്നത് അല്ലാഹു അല്ലാത്തവനെയാണ്. അതുകാരണമായി അറിവില്ലാതെ അവർ ശിർക്ക് (ബഹുദൈവാരാധന) ചെയ്യുന്നു’’ (അൽ ഗാറത്തുസ്സരീഅ, പേജ് 547, 548).
നോക്കൂ, അഹ്ലുസ്സുന്നയുടെ പേരിൽ ഇവർ പടച്ചുവിടുന്ന വ്യാജ പ്രചരണങ്ങൾ! സുന്നികൾ പ്രമാണമായി കാണുന്ന സ്വിഹാഹുകൾ (സഹീഹായ ഹദീഥുകൾ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ), സുനനുകൾ (കർമശാസ്ത്ര അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങൾ) എന്നിവയെ വിമർശിച്ചുകൊണ്ട് ബദ്റുദ്ദീൻ ഹൂഥി തട്ടിവിടുന്നത് കാണുക: “ചുരുക്കത്തിൽ സിഹാഹുകളിൽ ഉൾക്കൊള്ളുന്ന വചനങ്ങളിൽ അല്ലാഹുവിന് ശരീരമുണ്ട്, അവന് നിലനിൽക്കുന്ന സ്ഥലമുണ്ട്, അവൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുന്നു, ചിരി പോലുള്ള (വിശേഷണങ്ങൾ സ്ഥാപിച്ച്) അല്ലാഹുവിന് ഉണ്ടാകാൻ പാടില്ലാത്ത മാറ്റങ്ങൾ അവന് ഉണ്ടാക്കുന്നു
മുതലായ ഭീമാബദ്ധങ്ങൾ ഉണ്ട്. എത്രത്തോളം, അല്ലാഹു അവന്റെ കാലുകളെ നരകത്തിൽ പ്രവേശിപ്പിക്കുമെന്നും നരകം പരസ്പരം ചുരുണ്ടുകൂടി മതി, മതി എന്ന് പറയും (എന്നല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നു)’’ (അൽഗാറതുശ്ശരീഅ, പേജ് 20).
നബിﷺയിൽനിന്നും സ്ഥിരപ്പെട്ടു വന്ന ഹദീഥുകളിലൂടെ അല്ലാഹുവിന്റെ വിശേഷണങ്ങൾ രേഖപ്പെടുത്തിയതിനെ തന്റെ മുഅ്തസിലി ബുദ്ധികൊണ്ട് വ്യാഖ്യാനിച്ച് അല്ലാഹുവിന് ശരീരമുണ്ട് എന്ന് വാദിക്കുന്നവരാണ് അഹ്ലുസ്സുന്നയുടെ ആളുകൾ എന്ന് ഇവർ ആരോപിക്കുന്നു. അല്ലാഹുവിന് അവന്റെ മഹത്ത്വത്തിന് അനുയോജ്യമായ ഉന്നതി, ഇറക്കം, വേഗത്തിൽ വരവ്, ചിരി, സന്തോഷം, ദേഷ്യം, കൈകൾ, കാലുകൾ മുതലായ സ്വിഫതുകൾ ഉണ്ടെന്നത് സ്വഹാബത്ത് മുതൽ ആധുനിക ലോകത്തുള്ള മുഴുവൻ അഹ്ലുസ്സുന്നയുടെ പണ്ഡിതരും ഒരു തർക്കവുമില്ലാതെ വിശ്വസിച്ച് പോരുന്ന കാര്യമാണ്. വഴി പിഴച്ച പുത്തൻവാദികൾ മാത്രമാണ് ഈ വിഷയത്തിൽ അബദ്ധത്തിൽ അകപ്പെട്ടത്. തങ്ങളുടെ അബദ്ധങ്ങള സുബദ്ധമായി മനസ്സിലാക്കി യഥാർഥ വിശ്വാസികളെ പരിഹസിക്കുന്ന ഇത്തരം ആളുകളെ നേർമാർഗത്തിലേക്ക് ക്ഷണിക്കുകയും അല്ലാഹു സൻമാർഗ പാതയിൽ നയിക്കട്ടെ എന്ന് പ്രാർഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യലാണ് നമ്മുടെ ദൗത്യം.
ഹൂഥികൾ അല്ലാഹുവിന്റെ വിശേഷണങ്ങളെ മൂന്നായി വിഭജിക്കുന്നതായി കാണാം: 1) സ്വിഫാതു ഫിഅ്ൽ. 2) സ്വിഫാതു ദാത്ത്. 3) സ്വിഫാതു ദാതിയ്യാത്ത്.
അല്ലാഹു ഒരു കാര്യം പ്രവർത്തിക്കുന്ന ഘട്ടത്തിൽ മാത്രം അല്ലാഹുവിലേക്ക് ചേർത്തിപ്പറയാൻ പറ്റുന്നതും അല്ലാത്ത ഘട്ടത്തിൽ അല്ലാഹുവിനെ തൊട്ട് നിരാകരിക്കുകയും ചെയ്യപ്പെടേണ്ട അല്ലാഹുവിന്റെ വിശേഷണങ്ങളാണ് സ്വിഫാതു ഫിഅ്ൽ. സ്രഷ്ടാവ് (അൽഖാലിക്ക്), ഉപജീവനം നൽകുന്നവൻ (അർറാസിക്ക്), ജീവിപ്പിക്കുന്നവൻ (അൽമുഹ്യി), മരിപ്പിക്കുന്നവൻ (അൽമുമീത്ത്) തുടങ്ങിയ വിശേഷണങ്ങളെല്ലാം ഈ ഇനത്തിൽ പെട്ടതാണ്. അവയുടെ കർത്താവ് അല്ലാഹു ആകുന്ന ഘട്ടത്തിൽ മാത്രമെ -മരിപ്പിക്കുമ്പോൾ മാത്രം, അല്ലെങ്കിൽ ജനിപ്പിക്കുമ്പോൾ മാത്രം- ആ വിശേഷണങ്ങൾ അവനിലേക്ക് ചേർത്തിപ്പറയാൻ പാടുള്ളൂ എന്നാണ് ഇവർ വാദിക്കുന്നത്.
അല്ലാഹുവിന്റെ സത്തയിൽ നിലനിൽക്കുന്ന കഴിവ് (അൽക്വുദ്റത്ത്), അറിവ് (അൽഇൽമ്), ജീവൻ (അൽഹയാത്ത്), കേൾവി (അസ്സംഅ്), കാഴ്ച (അൽബസ്വർ) മുതലായ സ്വിഫത്തുകളാണ് സിഫാതു ദാത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാൽ അല്ലാഹുവിന്റെ ദാത്തിൽ അന്തർലീനവും അതിൽനിന്നും വേർപ്പെടുത്താൻ കഴിയാത്തതുമായ വിശേഷണങ്ങളും അല്ലാഹുവിന് ഉണ്ട്. അവയാണ് സ്വിഫാതു ദാത്തിയ്യത്ത് എന്നത് കൊണ്ട് അർഥമാക്കുന്നത്. അങ്ങനെ വരുമ്പോൾ ആ വിശേഷണങ്ങൾ തന്നെയാണ് അല്ലാഹുവിന്റെ ദാത്ത്, അതല്ലാത്ത വേറെ ഒരു അല്ലാഹു ഇല്ല…’’ (അൽ ക്വൗലുസ്സദീദ് ശർഹു മൻദൂമത്തി ഹിദായത്തി റഷീദ് – ഹുസൈൻ യഹ്യാ അൽഹൂതി, പേജ് 56, 57).
മുഹമ്മദ് ബദ്റുദ്ദീൻ തന്റെ പിതാവിൽനിന്നും ഉദ്ധരിക്കുന്നത് കാണുക: لا يكلِّمهم اللّه എന്നത് അല്ലാഹുവിന്റെ കോപത്തെയും المبسوطتان എന്നത് അല്ലാഹുവിന്റെ ഔദാര്യത്തെയും استوی علی العرش എന്നത് സൃഷ്ടികളുടെ മേൽ അല്ലാഹുവിനുള്ള ആധിപത്യത്തെവും അറിയിക്കുന്ന അലങ്കാര പ്രയോഗങ്ങളാണ്’’ (അൽബയാൻ ലി മുഫ്റദാത്തി അൽഫാദിൽ ക്വുർആൻ, പേജ് 56, 69, 91).
അല്ലാഹു തനിക്ക് ഉണ്ട് എന്ന് വിശുദ്ധ ക്വുർആനിലൂടെ വ്യക്തമാക്കിയ, അവന്റെ വിശേഷണങ്ങളെ വ്യാഖ്യാനിക്കുക എന്ന വ്യാജേന നിഷേധിക്കുന്ന ആളുകളാണ് ഇവർ എന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്?
അല്ലാഹുവിന്റെ സ്വിഫത്തുകൾ നിഷേധിക്കുന്നതിന്റെ ഒരു ഉദാഹരണം കൂടി കാണുക: ഹുസൈൻ ഹൂഥി പറയുന്നു: “നമ്മുടെ വിശ്വാസത്തിൽ നമ്മൾ പറയുന്നത് ഇതാണ്: മറ്റുള്ളവർ പറയുന്നത് പോലെ അല്ലാഹുവിന് മുഖമുണ്ടെന്ന് നാം പറയുകയില്ല. മറ്റുള്ളവർ പറയുന്നത് പോലെ അല്ലാഹുവിന് കണ്ണുണ്ടെന്ന് നാം പറയുകയില്ല. ഇവയെല്ലാം നമുക്കായി സൃഷ്ടിച്ച അടയാളങ്ങളാണ്. നാം അപൂർണരും… അല്ലാഹു അവന് ഉണ്ടെന്ന് പറഞ്ഞ മുഖത്തിന്റെ രൂപം എന്തെന്ന് എനിക്ക് അറിയില്ല. അത് ഉെണ്ടന്ന് അറിയാം എന്ന് അല്ലാഹുവിന്റെ കാര്യത്തിൽ വിശ്വസിക്കലല്ല അവനെ പരിശുദ്ധനാക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. അങ്ങനെയെങ്കിൽ അത് പുതുതായി ഉണ്ടായതാണ് എന്നതിന്റെ അടയാളമാണ്. അല്ലാഹുവിൽ പുതുതായി ഒരു കാര്യം ഉണ്ടാവുക എന്നത് അവന്റെ അപൂർണതയെ ആണ് അറിയിക്കുന്നത്. ഈ കാര്യങ്ങൾ അല്ലാഹുവിന് ഉണ്ടെന്ന് പറയുന്നവൻ അവനെക്കാൾ സമ്പൂർണനാണ്. അങ്ങനെ വരുമ്പോൾ അവൻ ഒരു ആരാധ്യനോ സ്രഷ്ടാവോ അല്ല “ (മഅ്രിഫത്തുല്ലാഹ് – അദ്മത്തുല്ലാഹ്, പേജ് 6,7).
3 ക്വുർആനും ഹൂഥി വിശ്വാസവും
ക്വുർആൻ അല്ലാഹുവിന്റെ കലാമും സൃഷ്ടിയുമാണ് എന്നാണ് ഹൂഥികൾ വിശ്വസിച്ച് പോരുന്നത്. ഹുസൈൻ ഹൂഥി പറയുന്നത് കാണുക: “ക്വുർആൻ അല്ലാഹുവിന്റെ കലാമും സൃഷ്ടിയുമാണ്. കാരണം അല്ലാഹുവിന്റെ സംസാരം അവന്റെ പുതിയ പ്രവർത്തനമാണല്ലോ. എല്ലാ പ്രവർത്തനങ്ങളും ഉണ്ടാവുക എന്നത് അനിവാര്യമാണ്. അല്ലെങ്കിൽ പ്രപഞ്ചം മുമ്പേ ഉള്ളതാണ് എന്ന് പറയേണ്ടിവരും…’’ (അൽ ഖൗലുസ്സദീദ്, പേജ് 86).
ക്വുർആൻ അല്ലാഹുവിന്റെ സംസാരമാണ് സൃഷ്ടിയല്ല എന്ന് ഇമാം അഹ്മദ് ബിൻ ഹമ്പൽ رحمه الله പ്രമാണബദ്ധമായി സ്ഥാപിച്ചതിനെ നിരൂപണം ചെയ്യുക എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ ഹുസൈൻ ഹൂഥി രചിച്ചിട്ടുണ്ട്. പ്രമാണങ്ങൾക്കും ബുദ്ധിക്കും പ്രകൃതിക്കും നിരക്കാത്ത കുറെ അബദ്ധവാദങ്ങൾ കുമിഞ്ഞ് കൂടിയതാണ് ആ മറുപടിയെന്ന് ബുദ്ധിയുള്ള, പ്രമാണം അറിയുന്ന ഏതൊരാൾക്കും മനസ്സിലാകും.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെയും അവന്റെ സ്വിഫാത്തുകളെയും പ്രപഞ്ചത്തെ നോക്കിക്കാണുന്ന വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുകയും, അതിനായി ചില തത്ത്വങ്ങൾ എഴുതിത്തയ്യാറാക്കി, അതിൽ പിഴവ് വരില്ലെന്നു വാദിക്കുകയും അതിനെതിരിൽ പ്രമാണങ്ങളിൽ വല്ലതും വന്നാൽ ഉണ്ടാക്കിവച്ച സിദ്ധാന്തങ്ങൾക്ക് അനുഗുണമായി വ്യാഖ്യാനിച്ച് പ്രമാണങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന പിഴച്ച കക്ഷികളുടെ പിൻഗാമികളാണ് ഹൂഥികൾ എന്നതിന്റെ നേർചിത്രങ്ങളാണ് അവരുടെ വിശ്വാസ ഗ്രന്ഥങ്ങൾ എന്നത് സൂചിപ്പിക്കാതെ നിർവാഹമില്ല.
അലി رضى الله عنه വിന്റെ ഖിലാഫത്തിന്റെ വിഷയത്തിൽ അനീതി കടന്നുകൂടി എന്ന് വാദിക്കുന്നത് പോലെ ക്വൂർആൻ ക്രോഡീകരണത്തിലും അനീതി കടന്നുകൂടിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഹൂഥികൾ. ആ ആരോപണം നബിﷺയുടെ ഖലീഫമാരായ അബൂബക്ർ, ഉമർ, ഉഥ്മാൻ رضى الله عنهم എന്നിവരിൽ മാത്രം പരിമിതപ്പെടുന്നില്ല; യാഥാർഥ വിശ്വാസി സമൂഹം മുഴുവൻ ആരോപണ വിധേയരാണെന്നതാണ് വാസ്തവം.
ഹുസൈൻ ഹൂഥി പറയുന്നു: “നബിയെയും നബികുടുംബത്തെയും നാം നോക്കിക്കാണുമ്പോൾ അലി ക്വുർആനിനൊപ്പവും കുർആൻ അലിക്കൊപ്പവുമാണ്. അതുകൊണ്ട് അലി പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിൽ ക്വുർആനിൽനിന്നും അദ്ദേഹത്തിന്റെ കൂടെ കാര്യങ്ങൾ പുറത്താക്കപ്പെടൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാം. കാരണം അലി ക്വുർആനിന്റെ ആത്മ മിത്രമാണ്. അലി പുറത്താക്കപ്പെട്ടിട്ടും ക്വുർആൻ യഥാവിധി നിലനിൽക്കുന്നു എന്നും അത് ജീവിച്ചുകൊണ്ടിരിക്കുന്നുവെന്നും സങ്കൽപിക്കുക അസാധ്യമാണ്. അപ്രകാരം നാം പറയുന്നുവെങ്കിൽ നമ്മളെല്ലാം കളവു പറയുന്നവരാണ്’’ (ദിക്റാ ഇസ്തിശ്ഹാദുൽ ഇമാം അലി, പേജ് 2).
എന്തുമാത്രം ദുഷിച്ച ചിന്തകളാണ് ഇവർ വിശുദ്ധ ക്വുർആനിനെ കുറിച്ചും സ്വഹാബത്തിനെ കുറിച്ചും വെച്ചുപുലർത്തുന്നത്! ഇത്തരം ആശയങ്ങളുടെ വിഷ വിത്തുക്കളാണ് അവരുടെ പള്ളിക്കൂടങ്ങളിൽ അവർ വിളയിച്ചെടുക്കുന്നത്. അവരിൽനിന്നും യഥാർഥ ഇസ്ലാമിനും മുസ്ലിംകൾക്കും എങ്ങനെ ഗുണം പ്രതീക്ഷിക്കാൻ കഴിയും? എന്നിട്ടും കഥയറിയാത്ത പലരും ഇവരെ ഇസ്ലാമിക വിമോചക സംഘമായി പരിചയപ്പെടുത്തികൊണ്ടിരിക്കുന്നു!
4) ഹദീഥുകളും ഹൂഥികളും
മുസ്ലിംലോകം ഒന്നടങ്കം അംഗീകരിക്കുന്ന വിശുദ്ധ ക്വുർആനിനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അംഗീകരിക്കാത്തവർ നബിവചനങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്നതിൽ അത്ഭുതപ്പൈടാനില്ല. പിഴച്ച കക്ഷികളുടെ പൊതുസ്വഭാവമാണ് നബിചര്യയെ നിരാകരിക്കൽ. ഹൂഥികളും ഹദീഥ്നിഷേധം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. അഹ്ലുസ്സുന്നയുടെ പണ്ഡിതർ അംഗീകരിച്ചു പോരുന്ന നബിവചനങ്ങളെയോ ഹദീഥ് പണ്ഡിതൻമാരെയോ ഇവർ സ്വീകരിക്കുന്നില്ല.
ഹദീഥ് രംഗത്ത് അമീറുൽ മുഅ്മിനീൻ എന്ന അപരനാമം ലഭിച്ച ഇമാം ബുഖാരി, മുസ്ലിം തുടങ്ങിയ പണ്ഡിതന്മാരെ കുറിച്ച് ഹൂഥികളുടെ നേതാവായ ബദ്റുദ്ദീൻ അൽഹൂഥി പറയുന്നത് കാണുക: “സൈദികളും ഇമാമികളും മറ്റുള്ള വിഭാഗങ്ങളുമെല്ലാം ഇബ്ന് ഹസ്മിന്റെ അസ്ഹാബുകളായ ബുഖാരി, മുസ്ലിം, അതോടൊപ്പം തന്നെ അവരോട് യോജിച്ചു പോരുന്നവർ എന്നിവരുടെയൊന്നും നിവേദനങ്ങൾ പരിഗണിക്കുവാൻ പാടില്ല എന്നതിൽ ഏകാഭിപ്രായക്കാരാണ്. അവരുടെ ഗ്രന്ഥങ്ങൾ ശിയാക്കൾക്കിടയിൽ ഒരു അവലംബമായിരുന്നെങ്കിൽ ബുഖാരിയുടെയും മുസ്ലിമിന്റെയും കൂട്ടാളികൾക്കിടയിൽ ഉള്ളതുപോലെ ശിയാക്കൾക്കിടയിലും പ്രചാരത്തിലുള്ള നിരവധി പ്രശസ്തമായ ഗ്രന്ഥങ്ങളുടെ പദവി അവക്ക് ലഭിക്കുമായിരുന്നു’’ (തഹ്രീറുൽ അഫ്കാർ, പേജ് 56).
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ കുറിച്ച് ബദ്റുദ്ദീൻ അൽഹൂഥി പറയുന്നത് കാണുക: “നമ്മുടെയടുക്കൽ ദുർബലനാണ്. അദ്ദേഹത്തെ തെളിവുദ്ധരിക്കൽ നമ്മുടെയടുക്കൽ ശരിയാവുകയില്ല…’’ (തഹ്രീറുൽ അഫ്കാർ പേ:128)
അബുദുല്ലാഹ് ബിൻ അൽഹാദീ എന്ന ശിയാ പണ്ഡിതനിൽ നിന്നും ബദ്റുദ്ദീൻ അൽഹൂഥി ഉദ്ധരിക്കുന്നത് കാണുക: “അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീഥുകൾ അദ്ദേഹത്തിന്റെ പക്കൽ നിന്നുള്ളതാണ്. അദ്ദേഹം ഇസ്ലാമിൽ പിൽക്കാലക്കാരനാണ്. അദ്ദേഹത്തിന്റെ പക്കൽ നബിയിലേക്ക് ചേർത്തിപ്പറയാവുന്ന ഒന്നുമില്ല. അദ്ദേഹത്തിന്റെ വാക്കുകളുടെ വിധി നമ്മുടെ പക്കൽ മരീചികയുടെ വിധി പോലെയാണ്. അദ്ദേഹം വിശ്വാസികളുടെ നേതാവും നീതിമാന്മാരുടെ നായകനുമായ അലി رضى الله عنه വിൽ നിന്നും വേർപ്പെട്ട് മുആവിയുടെ കൂടെ നിന്ന് പ്രവർത്തിച്ച ആളാണ്. വിവരദോഷികളല്ലാതെ അത് അറിയാതെ പോവുകയില്ല. മാത്രമല്ല അദ്ദേഹത്തിന്റെ വിശ്വസ്തതയെ നമ്മുടെ ഇമാമുമാർ ചോദ്യം ചെയ്തിട്ടുമുണ്ട്’’ (തഹ്രീറുൽ അഫ്കാർ, പേജ് 135).
നബിﷺയിൽ നിന്നും ഏറ്റവും കൂടുതൽ ഹദീഥുകൾ ഉദ്ധരിച്ച അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ വിമർശിക്കലും അദ്ദേഹത്തെ വെറുക്കലും അയാളുടെ ഈമാൻ ശരിയല്ല എന്നു പറയുന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനും അദ്ദേഹത്തിന്റെ മാതാവിനും വേണ്ടി നബിﷺ അല്ലാഹുവോട് ഇപ്രകാരം പ്രാർഥിച്ചതായി കാണാം: “അല്ലാഹുവേ, നിന്റെ ഈ ദാസനെയും (അബൂഹുറൈറ رَضِيَ اللَّهُ عَنْهُ) അദ്ദേഹത്തിന്റെ മാതാവിനെയും നിന്റെ അടിമകളിൽനിന്നുള്ള വിശ്വാസികൾക്ക് നീ പ്രിയങ്കരന്മാരാക്കിത്തീർക്കണേ.’’
വിശ്വാസികൾക്ക് മാത്രമെ അദ്ദേഹത്തെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.
ഇവിടെ അവസാനിക്കുന്നില്ല ഇവരുടെ പിഴച്ച വാദങ്ങളും വിശ്വാസങ്ങളും. ഹൂഥികൾ മഹത്ത്വവൽക്കരിക്കപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ അവരുടെ യഥാർഥ നിറം സമൂഹം തിരിച്ചറിയേണ്ടതുണ്ട് എന്ന ബോധ്യമാണ് ഈ ലേഖനമെഴുതാൻ പ്രചോദനം.
ശബീബ് സ്വലാഹി
www.kanzululoom.com