ഖുർആനിലും സുന്നത്തിലും അല്ലാഹുവിനോടും മുഹമ്മദ് നബി ﷺ യോടുള്ള ഇഷ്ടത്തെ സൂചിപ്പിക്കാൻ മുഹബ്ബത്ത് പോലുള്ള പദങ്ങളാണ് സ്ഥിരപ്പെട്ടിട്ടുള്ളത്.
ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ (ഹുബ്ബ്) എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. ഒന്ന്) മറ്റാരോടുമുള്ളതിനേക്കാള്‍ ഹുബ്ബ് (ഇഷ്ടം) അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുക, രണ്ട്) മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, മൂന്ന്) ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി:16)
قال شيخ الإسلام ابن تيمية رحمه الله : فطريقة السلف والأئمة أنهم يراعون المعاني الصحيحة المعلومة بالشرع والعقل، ويراعون أيضا الألفاظ الشرعية فيعبرون بها ما وجدوا إلى ذلك سبيلا.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:മതപ്രമാണങ്ങൾ കൊണ്ടും ബുദ്ധിപരമായും അറിയപ്പെട്ട ശരിയായ ആശയങ്ങൾ തിരഞ്ഞെടുക്കാൻ സലഫുകൾ ശ്രദ്ധിച്ചിരുന്നത് പോലെ ശറഇൽ (ഖുർആൻ കൊണ്ടോ സുന്നത്ത് കൊണ്ടോ) സ്ഥിരപ്പെട്ട പദങ്ങളായിരിക്കാനും അവർ ശ്രദ്ധിക്കുകയും, പറ്റുന്നിടത്തോളം അങ്ങനെയുള്ള പദങ്ങൾ തന്നെ അവർ പ്രയോഗിക്കുകയും ചെയ്തിരുന്നു. (درء تعارض العقل والنقل (١/١٤٥))
ഇഷ്ഖ് എന്ന പദം നബി ﷺ യെ ക്കുറിച്ച് ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടിട്ടില്ല. പിൽക്കാലത്ത് സ്വൂഫികളാണ് അത്തരത്തിലുള്ള പ്രയോഗങ്ങൾ ഉപയോഗിച്ച് വരുന്നത്. ശഹ്‌വത്ത്’ അഥവാ മോഹത്തോട് കൂടിയ, സാധാരണ ഗതിയിൽ സ്ത്രീക്കും പുരുഷനും ഇടയിലുണ്ടാകുന്ന സ്നേഹത്തിനാണ് പൊതുവേ ഇഷ്ഖ് എന്ന പദം ഉപയോഗിക്കുക.
قالَ ابن الجوزي رحمه الله : العشق عند أهل اللغة لا يكون إلا لما ينكح.
ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ പറയുന്നു: ഇഷ്ഖ് എന്നത് ഭാഷാ പണ്ഡിതന്മാരുടെ അടുക്കൽ വൈവാഹിക രീതിയിലുള്ള സ്നേഹത്തിന് മാത്രമാണ് പ്രയോഗിക്കുക. (തല്‍ബീസ് ഇബ്ലീസ്)
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: എനിക്ക് അല്ലാഹുവിനോട് ഇഷ്ഖ് ആണെന്ന് പറയാൻ പാടില്ല. അതനുവദനീയമല്ല. ‘അല്ലാഹുവിനോട് മഹബ്ബത്താണ്’ എന്നാണ് പറയേണ്ടത്. പ്രണയമോ കാമമോ ചേർന്ന സ്നേഹത്തിനാണ് ഇഷ്ഖ് എന്ന് പറയുക. ആണിന് പെണ്ണിനോടുള്ളത് പോലെ. എനിക്ക് അല്ലാഹുവിനോട് ഹുബ്ബാണെന്ന് പറയാം. എന്നാൽ, ഞാൻ അല്ലാഹുവിൻ്റെ ആഷിക്വാണെന്ന് പറയരുത്. സൂഫിയാക്കളാണ് ഇങ്ങനെ പറയാറുള്ളത്. പ്രണയത്തോട് കൂടിയുള്ള സ്നേഹമാണ് ഇഷ്ഖ്. അത് അല്ലാഹുവിനോട് ശരിയാവില്ല. മാത്രമല്ല, അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹത്തിന് ഇഷ്ഖ് എന്ന പ്രയോഗം ക്വുർആനിലും സുന്നത്തിലും വന്നിട്ടില്ല. മറിച്ച്, മഹബ്ബത്ത് എന്നാണ് അവ രണ്ടിലുമുള്ളത്. (https://youtu.be/DO2AbdputDg)
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹത്തിന് ഹുബ്ബ് എന്ന പ്രയോഗമാണ് ക്വുർആനിലും സുന്നത്തിലും വന്നിട്ടുള്ളത്. ആണിനും പെണ്ണിനുമിടയിലുള്ളതിനാണ് ഇഷ്ഖ് എന്ന് പറയുക. ഭാര്യയോടും കാമുകിയോടുമൊക്കെ ഉള്ളതാണ് ഇഷ്ഖ്. എനിക്ക് അല്ലാഹുവിനോട് ഇഷ്ഖ് ആണെന്ന് പറയൽ അനുവദനീയമല്ല. അല്ലാഹുവിനോട് ഹുബ്ബാണെന്നാണ് പറയേണ്ടത്. അതുപോലെ തന്നെ, നബിﷺയോടും ഹുബ്ബാണെന്നാണ് പറയേണ്ടത്. അല്ലാഹുവിന്റെയും വിശ്വാസികളുടെയും ഇടയിലുള്ളതും ഹുബ്ബാണ്. ചുരുക്കത്തിൽ, അല്ലാഹുവിനോടും റസൂൽﷺയോടും എനിക്ക് ഹുബ്ബാണെന്നാണ് പറയേണ്ടത്. അതാണ് ദീൻ പഠിപ്പിച്ച പ്രയോഗം. (https://youtu.be/fVyGvuTpDLI)
ശൈഖ് മശ്ഹൂർ ബിൻ ഹസൻ ആലു സൽമാൻ حَفِظَهُ اللَّهُ പറയുന്നു: ഞാൻ റസൂൽﷺയുടെ ആശിഖ് ആണെന്ന് പറയാൻ പാടില്ല. ആ വാചകം കൊണ്ട് നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിലും, അതൊരിക്കലും ശരിയല്ല. (https://youtu.be/pm73-MeCXYI)
www.kanzululoom.com