സൂറ : ജുമുഅ 9-11ആയത്തുകളിലൂടെ …..
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)
സത്യവിശ്വാസികളോട് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും അതിലേക്ക് വിളിക്കപ്പെടുമ്പോള്‍ ധൃതിയിലും വേഗത്തിലും പോകാനും നിര്‍ദേശിക്കുന്നു. ഇവിടെ سعي (വേഗത) കൊണ്ട് ഉദ്ദേശിക്കുന്നത് അതിനു നല്‍കേണ്ട ഗൗരവവും ഒരു പ്രധാന പ്രവൃത്തിയുമാണെന്നതുമാണ്. ഓട്ടമല്ല ഉദ്ദേശ്യം. അത് നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ നിഷിദ്ധമാണ്.
{വ്യാപാരം ഒഴിവാക്കുകയും ചെയ്യുക} നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ കച്ചവടം ഉപേക്ഷിക്കുകയും ജുമുഅയിലേക്ക് പോവുകയും ചെയ്യണം. {അതാണ് നിങ്ങള്‍ക്കുത്തമം} കച്ചവടത്തില്‍ വ്യാപൃതരാകുന്നതിനെക്കാള്‍. അല്ലെങ്കില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഏറ്റവും പ്രബലമായ ഒരു നമസ്‌കാരം നഷ്ടപ്പെടുത്തുന്നതിനെക്കാള്‍ എന്നര്‍ഥം.
{നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍} അല്ലാഹുവിന്റെ അടുക്കലുള്ളത് ഉത്തമവും ശേഷിക്കുന്നതുമാണ്. ദീനിനെക്കാള്‍ ദുനിയാവിന് പ്രാധാന്യം നല്‍കുന്നവര്‍ യഥാര്‍ഥ നഷ്ടം സംഭവിച്ചവരാണ്. അവര്‍ ലാഭിച്ചെന്നു വിചാരിച്ചാലും ശരി.
فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍: 62/10)
നമസ്‌കാരസമയത്ത് നിശ്ചിത സമയം കച്ചവടം ഉപേക്ഷിക്കണമെന്നാണ് ഇവിടെ കല്‍പന. {അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും ചെയ്യുക} സമ്പാദ്യത്തിനും കച്ചവടത്തിനും വേണ്ടി. കച്ചവടത്തില്‍ നിരതരായവര്‍ അല്ലാഹുവിന്റെ സ്മരണയില്‍ അശ്രദ്ധരാവാന്‍ ഇടയുള്ളതുകൊണ്ടാണ് സ്മരണ അധികരിപ്പിക്കാന്‍ അല്ലാഹു കല്‍പിക്കുന്നത്.
തുടര്‍ന്ന് പറയുന്നു: {നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക} അതായത് നിങ്ങളുടെ നിറുത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലുമെല്ലാം. {നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം} വിജയത്തിന്റെ കാരണങ്ങളില്‍ ഏറ്റവുംവലുത് അല്ലാഹുവിന്റെ സ്മരണ തന്നെയാണ്.
وَإِذَا رَأَوْا۟ تِجَٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ
അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു. (ഖു൪ആന്‍: 62/11)
عَنْ جَابِرُ بْنُ عَبْدِ اللَّهِ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم إِذْ أَقْبَلَتْ عِيرٌ تَحْمِلُ طَعَامًا، فَالْتَفَتُوا إِلَيْهَا حَتَّى مَا بَقِيَ مَعَ النَّبِيِّ صلى الله عليه وسلم إِلاَّ اثْنَا عَشَرَ رَجُلاً، فَنَزَلَتْ هَذِهِ الآيَةُ {وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انْفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا}
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങള്‍ നബി ﷺ യോടൊപ്പം ഒരിക്കല്‍ (ജുമുഅ) നമസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരപദാര്‍ഥങ്ങള്‍ കയറ്റിക്കൊണ്ടുള്ള ഒരു വ്യാപാരസംഘം മദീനയില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളിവിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ട് പേര്‍ മാത്രമാണ് നബി ﷺ യോടൊപ്പം അവശേഷിച്ചത്. അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: {അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ് – 62/11} (ബുഖാരി:936)
{അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞു പോകുകയും} വിനോദത്തോടും കച്ചവടത്തോടുമുള്ള അതീവതാല്‍പര്യം കാരണം പള്ളിയില്‍നിന്ന് പുറത്തുപോവുകയും നന്മ ഉപേക്ഷിക്കുകയും ചെയ്യുന്നു. {നിന്ന നില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്} നീ ജനങ്ങളോട് ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ. വെള്ളിയഴ്ച ദിവസം നബി ﷺ ജനങ്ങളോട് ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ. ഒരു കച്ചവട സംഘം മദീനയിലെത്തി. പള്ളിയിലായിരിക്കെ ജനങ്ങളതു കേട്ടപ്പോള്‍ പള്ളിയില്‍നിന്നും പിരിഞ്ഞുപോയി. ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ നബി ﷺ യെ ഉപേക്ഷിച്ച് ധൃതികാണിച്ച് പിരിഞ്ഞുപോയി. ഒരിക്കലും പാടില്ലാത്തതാണത്. മര്യാദകേടുമാണ്. {നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത്} അല്ലാഹുവിന് ആരാധന ചെയ്യുന്നതില്‍ സ്വന്തത്തെ ഉറപ്പിച്ചുനിര്‍ത്തിയവര്‍ക്കും നന്മയില്‍ സ്ഥിരത കാണിച്ചവര്‍ക്കുമുള്ള പ്രതിഫലം. {വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു} ആ കച്ചവടം അവന് ചില നേട്ടങ്ങള്‍ നേടിക്കൊടുത്താലും ശരി. അത് അവസാനിക്കുന്നതും കുറഞ്ഞതും തന്നെയാണ്. പരലോകത്തെ നഷ്ടപ്പെടുത്തുന്നതും തന്നെയാണ്. എന്നാല്‍ അല്ലാഹുവിന് വിധേയമായി ജീവിക്കാനുള്ള ക്ഷമ ഉപജീവനത്തെ നഷ്ടപ്പെടുത്തുന്നതല്ല.
{അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു} അല്ലാഹുവിനെ സൂക്ഷിക്കുന്നവന് അവന്‍ വിചാരിക്കാത്ത വഴികളിലൂടെ ഉപജീവനം നല്‍കും.
ഈ വചനങ്ങളില്‍നിന്ന് ലഭിക്കുന്ന ചില പ്രയോജനങ്ങള്‍ ഇവയാണ്:
1.ജുമുഅ വിശ്വാസികളുടെമേല്‍ നിര്‍ബന്ധമായതും അതിലേക്ക് വേഗത്തില്‍ പോകലും അതിന് പ്രാധാന്യം നല്‍കലും അവരുടെ മേല്‍ ബാധ്യതയുമാണ്.
2.വെള്ളിയാഴ്ചകളില്‍ രണ്ട് ഖുത്വുബ നിര്‍ബന്ധമാണ്. അതില്‍ പങ്കെടുക്കല്‍ അനിവാര്യവുമാണ്. കാരണം الذكر (സ്മരണ) എന്നത് ഇവിടെ ഖുത്വുബയാണെന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്). അതിലേക്ക് വേഗത്തില്‍ പോകാന്‍ അല്ലാഹു കല്‍പിക്കുന്നു.
3.ജുമുഅക്ക് ബാങ്കുവിളി മതപരമായ ഒരു നിയമമാണ്. അതിന് കല്‍പിക്കുകയും ചെയ്തു.
4.വെള്ളിയാഴ്ച ബാങ്ക് വിളിച്ചതിനു ശേഷം വില്‍പനയും വാങ്ങലും നിഷിദ്ധമാണ്. കാരണം അത് നിര്‍ബന്ധത്തെ നഷ്ടപ്പെടുത്തുന്നതും അശ്രദ്ധമാക്കുന്നതുമാണ്. ഇതില്‍നിന്ന് മനസ്സിലാകുന്നത് അടിസ്ഥാനപരമായി അനുവദനീയമായ കാര്യങ്ങള്‍ പോലും ഒരു നിര്‍ബന്ധത്തെ നഷ്ടപ്പെടുത്തുന്നതാണെങ്കില്‍ ആ അവസ്ഥയില്‍ അത് അനുവദനീയമല്ല എന്നാണ്.
5.വെള്ളിയാഴ്ച ദിവസത്തെ രണ്ട് ഖുത്വുബകള്‍ക്കും വരണമെന്ന് കല്‍പിക്കുകയും പങ്കെടുക്കാതിരിക്കുന്നതിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. ആ രണ്ട് ഖുത്വുബയുടെ സന്ദര്‍ഭത്തിലും മൗനമായി ഇരിക്കല്‍ അനിവാര്യമാണ്.
6.മനസ്സ് വിനോദത്തിലും കച്ചവടങ്ങളിലും തിന്മകളിലും പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന സമയത്തും ഒരടിമ അല്ലാഹുവിനുള്ള ആരാധനക്ക് മുന്നോട്ടുവരേണ്ടത് നിര്‍ബന്ധമാണ്. തന്റെ ഇച്ഛയെക്കാള്‍ അല്ലാഹുവിന്റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കിയും പ്രതിഫലത്തില്‍ നിന്നും അല്ലാഹുവിന്റെ അടുക്കലുള്ളത് മനസ്സില്‍ ഓര്‍മിച്ചുമാവണം അത് ചെയ്യേണ്ടത്.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com